നിറുത്താതെ ഒഴുകുന്ന
മുറിവിൽനിന്നും
ഉടലൊരു നീരുറവയാകുമ്പോൾ
നെറുകയിൽ തുടങ്ങി
അടിവയറോളം ഒരു ചുവപ്പിന്റെ
അടയാളമിട്ടവരാണ്..
തൊണ്ടയോളം വന്നിട്ടും
വെറുതെ വിഴുങ്ങിക്കളയുന്ന
കരച്ചിലിന്റെ പാതിയുള്ളവരാണ്..
ലോകം കറുപ്പു പുതച്ച് ഉറങ്ങുമ്പോൾ
ഉണർന്നിരുന്ന് എറ്റവും ചൂടുള്ളൊരു
നട്ടുച്ചയെ വയറ്റിൽ പൊത്തിപ്പിടിച്ച്
ഉറങ്ങാതിരിക്കുന്നവരാണ്..
പൂജിക്കാൻ പൂവിറുക്കാതെ
സ്വയം പൂവണിയുന്നവരാണ്..
പ്രണയവും
പറുദീസയും
പ്രാർത്ഥനയും
പടിയിറക്കിവിടുന്നവരാണ്..
തിരസ്കരിക്കപ്പെടുന്ന
ചോരപ്പൊട്ടുകളാണ്..
അതെ
ഞങ്ങൾക്ക് മാത്രം
അറിയാവുന്ന ചുവപ്പുകളുണ്ട്..
Comments
ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതും. നവ മാധ്യമങ്ങളില്‍ സജീവമായ ജിലു ദുബായില്‍ ആണ് താമസം.