പൂമുഖം LITERATUREകഥ ഉടല്‍ദാനം

ഉടല്‍ദാനം

ണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിലേക്കാണയാൾ കണ്ണു തുറന്നത്. ചുറ്റിലും നിൽക്കുന്ന വെളുത്ത വസ്ത്രധാരികളെ അവ്യക്തമായി കണ്ട്, താനിപ്പോഴും സ്വപ്നത്തിനുള്ളിൽ കുടുങ്ങികിടക്കുകയാണോയെന്നു സംശയിച്ചു. കരഘോഷം കേട്ട് ചുറ്റും നോക്കിയ അയാൾ ആരോടെന്നില്ലാതെയൊരു വാക്കുച്ചരിച്ചു – ഒരു പെൺകുട്ടിയുടെ പേര്‌. വെളുത്തരൂപങ്ങളിലൊന്ന് അരികിലേക്ക് വന്നു പതിഞ്ഞ ശബ്ദത്തിൽ അയാളോട് വിശ്രമിക്കാനുപദേശിച്ചു. അവനീഷ് വീണ്ടും മയക്കത്തിലേക്കാഴ്ന്നു പോയി.

‘ഫുൾ ബോഡി ട്രാൻസ്പ്ലാന്റ് എന്ന procedure അപൂർവ്വമല്ലെന്ന് മിസ്സിസ് നിർമ്മലയ്ക്കറിയാമല്ലോ. പത്തു വർഷങ്ങൾക്ക് മുൻപാണ്‌ ഇത്തരത്തിലൊരു സർജറി ആദ്യമായി ലോകത്ത് ചെയ്തത്. അതിൽ നിന്നും മെഡിക്കൽ സയൻസ് ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. വിജയസാദ്ധ്യതയെ കുറിച്ചും, ഈ procedure ന്റെ complexity യെ കുറിച്ചുമൊക്കെ ഞാനും എന്റെ ടീമും രണ്ടാഴ്ച്ച മുൻപെ വിശദീകരിച്ചു തന്നതാണ്‌. ഇനി.. തീരുമാനമെടുക്കേണ്ടത് നിർമ്മലയാണ്‌’
മൂന്നു മാസങ്ങൾക്ക് മുൻപാണ്‌, ഒരു കൂട്ടം മെഡിക്കൽ വിദഗ്ദ്ധർക്കൊപ്പം അടച്ചിട്ട മുറിയിൽ ഇരിക്കുമ്പോൾ ഡോക്ടർ സജീവൻ നിർമ്മലയോടിങ്ങനെ പറഞ്ഞത്. ഇത്രയും പറഞ്ഞ ശേഷം നരച്ച താടിയിൽ ഒന്നുഴിഞ്ഞു കൊണ്ട് അയാൾ നിർമ്മലയുടെ പ്രതികരണത്തിനായി കാത്തു. നിർമ്മല ഒന്നുമുരിയാടാതെ തലകുനിച്ചിരുന്നു. മുന്നിലിരുന്നവരുടെ നേർക്ക് നോക്കാൻ കൂടിയവൾ ഭയന്നു. അവളുടെ വിറയ്ക്കുന്ന വിരലുകളിലേക്ക് നോക്കി കൊണ്ട് സജീവൻ തുടർന്നു,
‘എനിക്ക് നിങ്ങളുടെ anxiety യും confusion ഉം മനസ്സിലാക്കാം. നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടികളും ഞങ്ങൾ തന്നു കഴിഞ്ഞു. നിർമ്മല.. പെട്ടെന്നൊരു തീരുമാനത്തിലെത്തണമെന്നു പറയുന്നില്ല. പക്ഷെ എത്രയും നേരത്തെ ഒരു തീരുമാനം അറിയിച്ചാൽ, അത്രയും നേരത്തെ സർജറിക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്താൻ കഴിയും. ഇത്രയും മാച്ചിംഗ് ആയ മറ്റൊരു ബോഡി ഇനി ഒരിക്കലും കിട്ടിയില്ലെന്നും വരാം.’
അവളുടെ നനഞ്ഞ കാഴ്ച്ചയ്ക്കുള്ളിൽ അവനീഷ് ഒരവ്യക്തരൂപമായി നിറഞ്ഞു.

തീരുമാനത്തിലേക്കൊരോ ചുവട് വെയ്ക്കുമ്പോഴും ഇരുവശത്ത് നിന്നും ഭയത്തിന്റെ കൈകൾ പിന്തിരിപ്പിക്കാൻ നിരന്തരശ്രമം നടത്തുന്നതവളറിഞ്ഞു.
‘ഒരു പക്ഷെ അവനീഷ് രക്ഷപെട്ടേക്കാം. വെറും രണ്ടു മാർഗ്ഗങ്ങൾ. ജീവിതകാലം മുഴുക്കെയും തളർന്നു കിടക്കയിൽ പരസഹായത്തിന്റെ തടവിൽ കഴിയുക..അല്ലെങ്കിൽ ഒരു അവസാനശ്രമമെന്ന നിലയിൽ മറ്റൊരു ശരീരം സ്വീകരിച്ചു കൊണ്ട് പുതിയൊരു ജീവിതമാരംഭിക്കുക. പരാജയപ്പെട്ടാൽ.. ആ ശബ്ദം ഇനിയൊരിക്കലും കേൾക്കാനാവില്ല. പിന്നൊരിക്കലും ആ മുഖം കാണാനാകില്ല.’

അവനീഷ്..അവനീഷിന്റെ കണ്ണുകളിൽ ഭയത്തിന്റെ ഒരു കണിക പോലും കാണുന്നില്ല. ഒരു പക്ഷെ ആ ഒരു ഘട്ടം വളരെ മുന്നെ താണ്ടി കഴിഞ്ഞിട്ടുണ്ടാകും.
തലേ ദിവസം അവനീഷിന്റെ കിടക്കയ്ക്കരികിൽ ഇരിക്കുമ്പോൾ അയാൾ പറഞ്ഞതവളോർത്തു.
‘നിമ്മി, ഞാനിങ്ങനെ മരിക്കും വരെ അനക്കമില്ലാതെ കിടക്കുന്നതിലും ഭേദമല്ലെ ഒരവസാന പരീക്ഷണത്തിനു ശ്രമിക്കുന്നത്?..എന്നെ പോലെ എത്രയോ പേർ ഇതുപോലെ മരിച്ചു ജീവിക്കുന്നുണ്ട്..ഇതുപോലെ എല്ലാംകൊണ്ടും മാച്ചായ ഒരു ബോഡി ഇനി കിട്ടുമെന്നു തോന്നുന്നുണ്ടോ?. ഏതിനെയെങ്കിലും എപ്പോഴെങ്കിലും ഒന്നു വിശ്വസിക്കണം. ഒരുപക്ഷെ.. ഞാൻ പറയുന്നതൊന്നും നിമ്മിക്ക് മനസ്സിലാവണമെന്നില്ല..പക്ഷെ..’
നിമ്മി അവനീഷിന്റെ കണ്ണിൽ തന്നെ നോക്കിയിരുന്നു.
‘എത്ര കാലം നീയെന്നെ ഇങ്ങനെ നോക്കും?..ഒരു വർഷം? അഞ്ചു വർഷം?..പത്തു വർഷം?..കുറേനാൾ കഴിയുമ്പോൾ നിനക്ക് പോലും ഞാനൊരു ശല്യമാകും..സഹതപിച്ചു കൊണ്ടു തന്നെ നീയെന്നെ വെറുക്കാൻ തുടങ്ങും..ഓരോ നിമിഷവും നീ തീ തിന്നുന്നത് ഞാൻ കാണുന്നുണ്ട്…ഇനി എനിക്കെന്തെങ്കിലും സംഭവിച്ചാൽ തന്നെ..നിമ്മി, നീ ചെറുപ്പമാണ്‌..നിനക്ക്..ഒരിക്കൽ കൂടി..’
അപ്പോഴേക്കും അവനീഷിന്റെ വാപൊത്തി കഴിഞ്ഞിരുന്നു അവൾ. ശബ്ദമില്ലാതെ വിതുമ്പുമ്പോൾ അവനീഷിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. നിർമ്മല മുറിക്ക് പുറത്തേക്കോടി പോയി. മിന്നുവിനു ഒന്നും മനസ്സിലായിട്ടുണ്ടായിരുന്നില്ല. അവൾ അച്ഛൻ കരയുന്നത് ആദ്യമായിട്ടാണ്‌ കാണുന്നത്. അവളും കരയാൻ തുടങ്ങി. മിന്നുവിനെ തന്നോട് ചേർത്ത് ആശ്വസിപ്പിക്കണമെന്നയാൾക്ക് ആഗ്രമുണ്ടായിരുന്നു. തന്റെ കൈകൾ തന്നോട് പിണങ്ങിയിരിക്കുന്നു..ചെറുവിരൽ പോലുമനക്കാനാവാതെ.. ഇനി എന്നാണ്‌ തനിക്ക് മിന്നുവിനെ കൈകൾ കൊണ്ട് ചേർത്തുവെയ്ക്കാനാവുക?.

മൂന്നാമത്തെ കൂടിക്കാഴ്ച്ചയിലാണ്‌ നിർമ്മല സമ്മതപത്രം ഒപ്പിട്ടു കൊടുത്തത്. താൻ ചെയ്യുന്നത് ശരിയാണെന്നൊ, തെറ്റാണെന്നൊ അറിയാൻ കഴിയാത്തൊരു മാനസികാവസ്ഥയിലായിരുന്നു അവൾ. അവനീഷിനെ എന്നന്നേയ്ക്കുമായി നഷ്ടപ്പെടുത്തുന്ന ഒരു ഉടമ്പടിയിലാണൊ താൻ ഒപ്പു വെച്ചത്?. സമയത്തിലൂടെ സഞ്ചരിച്ച്, അവനീഷിനെന്താകും സംഭവിക്കുക എന്നറിയാൻ കഴിഞ്ഞിരുന്നെങ്കിൽ..അവൾ പലവട്ടം മോഹിച്ചു.

ആഴ്ച്ചകൾക്ക് ശേഷം, ഒരു ഉറക്കത്തിൽ നിന്നുണരും പോലെ അവനീഷ് കണ്ണു തുറക്കുമ്പോൾ നിമ്മി അടുക്കൽ തന്നെയുണ്ടായിരുന്നു. അവനീഷ് ‘മിന്നു’ എന്നു വിളിച്ച് കണ്ണുകൾ കൊണ്ട് ചുറ്റിലും പരതുമ്പോൾ, നിമ്മി അയാളുടെ അടുക്കലേക്ക് മുഖം ചേർത്ത് പതിയെ പറഞ്ഞു,
‘മിന്നു വന്നിട്ടില്ല അവി… അവൾ പിന്നീട് വരും’.
സജീവൻ മുന്നോട്ട് വന്ന്, വിശ്രമിക്കാൻ ഉപദേശിച്ചു.
ഡോക്ടർമാർ വേണ്ട നിർദ്ദേശങ്ങൾ കൊടുത്തിരുന്നു.
‘അധികം സംസാരിക്കരുത്’
‘ശരീരമനങ്ങാൻ ഇടയാക്കരുത്’
‘ഉദ്വേഗമുണർത്തുന്ന വാർത്തകൾ കേൾപ്പിക്കരുത്’
അങ്ങനെ പലതും. അവൾ അതെല്ലാം ശ്രദ്ധയോടെ ചേർത്തു വെച്ചു.

അവനീഷിന്റെ പുരോഗതി ഡോക്ടർമാർ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു, ഹൃദയതാളം, അവയവങ്ങളുടെ പ്രവർത്തനം, കൈകാലുകളുടെ ചലനം, പ്രതികരണം അങ്ങനെ പലതും. ഞരമ്പുകളും മാംസപേശികളും തലച്ചോറിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. അവനീഷ് തന്റെ ഉടലിലേക്ക് നോക്കാൻ ഒരേസമയം ഭയപ്പെടുകയും, കാണുവാനുള്ള ജിജ്ഞാസയടക്കി സന്തോഷിക്കുകയും ചെയ്തു. തനിക്ക് വീണ്ടും നടക്കാൻ കഴിയും! വീണ്ടും മിന്നുവിനെ ചേർത്തുമ്മവെയ്ക്കാൻ കഴിയും!. തന്റെ ഉടലിന്റെ ഉടമ. അയാളുടെ പേരു മാത്രമറിയാം – ജൂഡ് ആന്റണി.

ജൂഡ് – നിന്നെ ഞാൻ മറക്കുകയില്ല. മറക്കാൻ കഴിയുകയില്ല. എന്റെയൊപ്പം ഇനി നീയും ജീവിക്കാൻ പോകുന്നു. എനിക്കു വേണ്ടി നിന്റെ ഹൃദയം മിടിക്കാൻ പോകുന്നു. എനിക്കു വേണ്ടി നീ നടക്കുകയും, എനിക്കു വേണ്ടി നീ ദാഹിക്കുകയും, വിശക്കുകയും ചെയ്യും. ഇനി നീയും ഞാനും എന്നൊന്നില്ല. നമ്മൾ മാത്രം.

അവനീഷ് തന്റെ കൈകളിലേക്ക് നോക്കി. പുതിയ കൈകൾക്ക് ശക്തിയുണ്ട്. ഉറച്ച പേശികളുണ്ട്. താനിങ്ങനെയൊന്നുമായിരുന്നില്ല. ഒരിക്കലും വ്യായാമങ്ങൾ ചെയ്തിരുന്നില്ല. അതിനു താത്പര്യമോ സമയമോ ഇല്ലായിരുന്നു. അയാൾ കൈത്തണ്ടയിലെന്തോ കണ്ടു കൈയ്യുയർത്തി നോക്കി. കൈത്തണ്ടയിലെന്തോ പച്ചകുത്തിയിരിക്കുന്നു. സൂക്ഷിച്ചു നോക്കുമ്പോൾ കണ്ടു – ഒരു ക്രൂശിതരൂപം. അവിശ്വാസിയായ തനിക്ക്… ആരോടാണ്‌ താൻ നന്ദി പറയേണ്ടത്?. അവനീഷ് കണ്ണുകളടച്ചു കിടന്നു.

ഒരോ ദിവസവും അവനീഷ് തന്റെ സ്വന്തം ശരീരത്തെ കൂടുതലറിയാൻ ശ്രമിച്ചു കൊണ്ടിരുന്നു. ആദ്യമായിട്ടായിരുന്നു അയാൾ സ്വന്തം ശരീരത്തെ കുറിച്ച് ഇത്രയും ബോധവാനാകുന്നത്. ഒരു സമ്മാനപ്പൊതി തുറന്നു നോക്കുന്ന കൗതുകമാണ്‌ ശരീരത്തിന്റെ ഒരോ ഭാഗത്തും കണ്ണോടിക്കുമ്പോൾ. മറ്റാരുടെയോ ശരീരത്തിൽ സ്പർശിക്കുന്നത് പോലെയായിരുന്നു തുടക്കത്തിൽ. സ്വന്തം നഗ്നശരീരത്തിൽ നോക്കുവാൻ കൂടി അയാൾക്ക് ലജ്ജ തോന്നി. കുളിമുറിയിലെ കണ്ണാടി പകർത്തിയ ശരീരത്തിലേക്ക് അയാൾ കൗതുകത്തോടെ നോക്കി നിന്നു.
ജൂഡ്, നിന്റെ ശരീരത്തിലേക്ക് ഇങ്ങനെ നോക്കുന്നതിൽ ക്ഷമിക്കൂ. ഇപ്പോൾ നിന്റെ ശരീരം എന്റേതു കൂടിയാണ്‌.
അയാൾ നെഞ്ചിലെ രോമക്കാടിലൂടെ വിരലോടിച്ചു. ഉറച്ച പേശികളിലൂടെ കണ്ണോടിച്ചു. നീണ്ടു തുടങ്ങിയ വിരൽ നഖങ്ങൾ മുറിച്ചു കളഞ്ഞു. കൈപ്പത്തി നോക്കി അയാൾ കുറേ നേരമിരുന്നു. ഈ രേഖകൾ..എന്താണിതു പറയുന്നത്?. ഇതിൽ ആയുർരേഖ മുറിഞ്ഞു പോയിട്ടുണ്ടാവും. അതോ മുറിഞ്ഞു പോയത് തന്റെ കൈപ്പത്തിയിലെ രേഖ ആയിരിക്കുമോ?.
കാൽമുട്ടിനു താഴെയായും, ഇടതു പിൻചുമലിലുമായി ചില പഴയ മുറിപ്പാടുകൾ കാണുന്നുണ്ട്. ഒരോ മുറിവിനും ഒരു കഥ പറയാനുണ്ടാകും. പക്ഷെ തനിക്ക് തന്റെ കഥ മാത്രമേ അറിയാവൂ. ഈ ശരീരത്തിലെ കലകളുടെ പിന്നിൽ ഒരായിരം ഓർമ്മകൾ ഒളിച്ചിരിക്കുന്നുണ്ട്.
ജൂഡ്, നിന്റെ വിലപിടിച്ച ഓർമ്മകൾ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. ഒരു വാക്ക് മാത്രം നിനക്ക് തരാം – നിന്റെ ശരീരത്തിൽ ഇനി ഒരു പോറൽ കൂടി വീഴാതെ ഞാൻ സൂക്ഷിക്കും. അവനീഷ് പ്രതിബിംബത്തിലെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി നിന്നു.
താൻ എന്തൊക്കെയാണീ പറയുന്നത്?
എന്തൊക്കെയാണ്‌ ചിന്തിച്ചു കൂട്ടുന്നത്?
തന്റെ തന്നെ ഭാഗമായി മറ്റൊരു മനുഷ്യൻ എപ്പോഴും ഒപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു!.
നൂറ്റാണ്ടുകൾ പഴക്കമേറിയതും, ഇതുവരെ ഉത്തരം കിട്ടാത്തതും, മനുഷ്യവർഗ്ഗത്തിനു ഏറ്റവും പരിചിതവുമായ ആ ചോദ്യം അയാളപ്പോൾ സ്വയം ചോദിച്ചു,
‘ഞാൻ ആരാണ്‌?’

മരുന്നുകൾ കൊണ്ട് മാത്രമായിരുന്നില്ല ചികിത്സ. മാനസികമായി മറ്റൊരു ശരീരത്തിനോട് താദാത്മ്യം പ്രാപിക്കാൻ ആഴ്ച്ചകൾ പോര, മാസങ്ങൾ തന്നെ വേണ്ടി വരുമെന്നു വിദഗ്ധർ ഉപദേശിച്ചിരുന്നു. സ്പർശനത്തിലൂടെ ആവുംവിധം ശരീരത്തിനെ പരിചയപ്പെടുക എന്നതായിരുന്നു ആദ്യത്തെ ഘട്ടം. മറ്റൊരു ശരീരത്തിനെയാണ്‌ താൻ സ്പർശിക്കുന്നത് എന്ന തോന്നൽ ഉരിഞ്ഞു പോകും വരെ അതു തുടരുക തന്നെ വേണം.

നിർമ്മല വരുമ്പോഴൊക്കെയും അയാൾ സ്വന്തം ശരീരം ആവും വിധം മൂടിയൊളിപ്പിക്കാൻ ശ്രമിച്ചു. എന്തിനാണങ്ങനെ ചെയ്യുന്നതെന്നയാൾക്ക് നിശ്ചയമുണ്ടായിരുന്നില്ല. തന്റെ ശരീരത്തിലേക്ക് നോക്കുവാൻ അവൾക്ക് അനുവാദം കൊടുക്കാനയാൾ വിസമ്മതിച്ചു. തന്റെ മുഖം മാത്രമാണിപ്പോഴുമവളുടെ കണ്ണുകൾക്ക് പരിചയം. നിമ്മി ഒരു പക്ഷെ തന്റെ ശരീരം കണ്ടാൽ..പറയാനാകില്ല. അവളുടെ കണ്ണുകൾക്ക് പരിചയമില്ലാത്തതു കൊണ്ട്..ചിലപ്പോൾ..
ഒരു പ്രാവശ്യം നിമ്മി അടുത്തേക്ക് വന്നപ്പോൾ കൈപ്പത്തി ഉയത്തി കാണിച്ചു കൊണ്ടയാൾ ഉത്സാഹപൂർവ്വം പറഞ്ഞു,
‘നോക്ക് നിമ്മി..ഇനി ഇതാണെന്റെ കൈ. നിനക്ക് ഇതു കാണുമ്പോൾ എന്താണ്‌ തോന്നുന്നത്?. ആദ്യമൊക്കെ എനിക്ക് എന്റെ കൈകൾ കൊണ്ട് തന്നെ എന്റെ മുഖത്ത് തൊടാൻ ഒരു വല്ലായ്മ ഉണ്ടായിരുന്നു..ഇപ്പോഴതൊക്കെ മാറി. ഞാൻ നിന്നെ ഒന്നു തൊട്ടു നോക്കട്ടെ! എത്ര നാളായി..’
അയാൾ നിമ്മിയുടെ കൈയ്യിൽ തൊട്ടതും അവൾ ഷോക്കടിച്ചതു പോലെ കൈ വലിച്ചു.
‘നിമ്മി..ഇതു ഞാൻ തന്നെയാണ്‌..നീ എന്റെ മുഖത്തേക്ക് നോക്കു..നിന്റെ പഴയ..അവി തന്നെ..’
അവൾ അപ്പോഴും ആ കൈപ്പത്തിയിലേക്ക് തന്നെ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു, ഏതോ വിചിത്രജീവിയെ കണ്ടതു പോലെ. അപ്പോഴയാൾ കണ്ടു, അവളുടെ കണ്ണിൽ ഒരു നിലവിളി കുടുങ്ങികിടക്കുന്നത്.
സമീപം നിന്ന മിന്നു അയാളുടെ മൂടിപ്പുതച്ച ശരീരത്തിലൂടെ കണ്ണോടിക്കുകയായിരുന്നു ആ നേരമത്രയും.
അവനീഷിനു മിന്നുവിനേ ചേർത്തു പിടിക്കണമെന്നുണ്ടായിരുന്നു, പക്ഷെ അവൾ..ഇനി അവളും..
അയാൾ മിന്നുവിനോട് പറഞ്ഞു,
‘ഇനി അച്ഛനു മിന്നൂന്റെ ഒപ്പം പഴേ പോലെ കളിക്കാൻ വരാലോ..മോൾക്ക് സന്തോഷായില്ലെ?‘
അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.

നിമ്മി സന്ദർശനം കഴിഞ്ഞു പോയപ്പോൾ അവനീഷ് വീണ്ടും ചിന്തയിലേക്ക് മുങ്ങാംകുഴിയിട്ടു. പരകായപ്രവേശത്തെ കുറിച്ച് കഥകളിൽ വായിച്ചിട്ടുണ്ട്. ഇപ്പോൾ തനിക്ക് സംഭവിച്ചിരിക്കുന്നത് അതാണ്‌. അറ്റു പോയ ശിരസ്സ് ചേർത്തു വെച്ച കഥകൾ വായിച്ച് കഥാകാരന്റെ ഭാവനയെ പരിഹസിച്ചിട്ടുണ്ട്. എന്നാൽ ശരിക്കും താനിപ്പോൾ ഒരു കെട്ടുകഥയുടെ ഭാഗമാണ്‌. തനിക്ക് പോലും വിശ്വസിക്കാൻ കഴിയാത്ത ഒരു കെട്ടുകഥയിലെ കഥാപാത്രം.

ഒഴിവുവേളകളിൽ കൈത്തണ്ടയിലെ ക്രൂശിതരൂപത്തിലേക്ക് തന്നെ അയാൾ നോക്കിയിരുന്നു. നിമ്മി ഇതുവരെ ഇതു കണ്ടില്ല. താൻ ഒരിക്കലും ഒരു വിശ്വാസിയായിരുന്നില്ല. എന്നിട്ടിപ്പോൾ തനിക്ക് ഒരു വിശ്വാസിയുടെ ശരീരത്തെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു!. എത്ര വിചിത്രമായ വിധി!. ജൂഡിന്റെ മുഖം എങ്ങനെ ആയിരിക്കും?. ഇതു വരെ അതു കാണാൻ ഡോക്ടർമാർ അനുവദിച്ചിരുന്നില്ല. അവനീഷിനു ജൂഡുമായി ഒരു മാനസിക അടുപ്പമുണ്ടാവാൻ പാടില്ല, അതു അവനീഷിന്റെ മനസ്സിനെ എങ്ങനെ ബാധിക്കുമെന്നു പ്രവചിക്കാൻ കഴിയില്ല എന്നൊക്കെയാണ്‌ കാരണങ്ങളായി അവർ മുന്നോട്ട് വെച്ചത്. അനിശ്ചിതത്വമുള്ള കാര്യങ്ങൾ പരീക്ഷിക്കുന്നത് അപകടമാണെന്ന് സ്വയം ബോദ്ധ്യം തോന്നിയത് കൊണ്ട് അവനീഷ് ഉപദേശങ്ങൾ അതു പോലെ തന്നെ സ്വീകരിച്ചു. നിമ്മിയെ കുറിച്ചും, മിന്നുവിനെ കുറിച്ചും കൂടുതൽ ഓർക്കുമ്പോൾ അയാൾ കൂടുതൽ അസ്വസ്ഥനായിക്കൊണ്ടിരുന്നു. എന്തോ അസുഖകരമായതു സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ. എന്താണത്‌?

ഏതാനും ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ അവനീഷ് പുതിയ ശരീരത്തിൽ നടന്നു തുടങ്ങിയിരുന്നു. കൈകളുടേയും കാലുകളുടേയും നിയന്ത്രണം സ്വന്തം അധീനതയിലായിരിക്കുന്നു. ഇപ്പോൾ താൻ അപൂർണ്ണനല്ല എന്നു സ്വയം ബോദ്ധ്യപ്പെടുത്താനയാൾക്ക്‌ കഴിഞ്ഞിരിക്കുന്നു. പരിശോധനകളും ടെസ്റ്റുകളും തുടർന്നു. സജീവൻ ദിവസവും സന്ദർശിച്ച് ശരീരത്തിന്റെ വിവിധതാളങ്ങൾ പരിശോധിച്ചു തീർച്ചപ്പെടുത്തി.
‘അവനീഷ്, നിങ്ങൾ ശരിക്കും ഞങ്ങളെ കൂടി അത്ഭുതപ്പെടുത്തിക്കളഞ്ഞിരിക്കുന്നു!. നിങ്ങളുടെ ശരീരം വളരെ പോസിറ്റീവായിട്ടാണ്‌ റെസ്പോണ്ട് ചെയ്യുന്നത്. യൂ ആർ എ ലക്കി മാൻ!’ പതിയെ തോളിൽ തട്ടി അഭിനന്ദനം പറഞ്ഞ് സജീവൻ പുറത്തേക്ക് പോകുമ്പോൾ അവനീഷ്, സജീവൻ പറഞ്ഞ അവസാന വാചകം സ്വയം ഉരുവിട്ടു തുടങ്ങിയിരുന്നു.
‘യൂ ആർ എ ലക്കി മാൻ..’
ശരിക്കും താൻ അത്രയ്ക്കും ഭാഗ്യവാനാണോ?. അറിയില്ല.
ജൂഡ്.. നീ ഇതു കേൾക്കുന്നുണ്ടോ?. ഞാൻ ഭാഗ്യവാനാണെന്ന്..പക്ഷെ സത്യത്തിൽ ഭാഗ്യവാൻ ആരാണ്‌? ഞാനോ നീയോ?

വീട്ടിലേക്ക് വരുമ്പോൾ ബന്ധുമിത്രാദികൾ അയാൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. അയാൾ നടന്ന് പടികൾ കയറുന്നത് അവർ അമ്പരപ്പോടെ നോക്കി നിന്നു. അവനീഷ് അപ്പോഴെല്ലാം ഓർത്തത് മറ്റൊന്നായിരുന്നു. ഇവരെല്ലാം എങ്ങനെയാണ്‌ തന്നെ ഇതുവരെ കണ്ടിരുന്നത്?. എല്ലാവരും തന്റെ കൈകളിലും കാലുകളിലും നോക്കുന്നു..കാഴ്ച്ചക്കാർക്ക് കാണേണ്ടത് തന്റെ പുതിയ ശരീരമാണ്‌. അല്ലാതെ തന്നെയല്ല..ശരിക്കും താൻ വെറുമൊരു മുഖം മാത്രമായിരുന്നോ?. മിന്നു പോലും തന്റെ കൈകളിലേക്ക് തുറിച്ചു നോക്കുന്നു. അയാൾ വിളറിയ മുഖത്തോടെ അകത്തേക്ക് കയറി.

ഒരു അജ്ഞാതവാസമാണ്‌ തനിക്കാവശ്യം. എല്ലാവരും ഒരു കൗതുകവസ്തുവിനെ നോക്കുന്നതു പോലെയാണ്‌ തന്റെ നേർക്ക് നോക്കുന്നത്. സന്ദർശകരെ പലതും പറഞ്ഞ് ഒഴിവാക്കാൻ തീരുമാനമെടുത്തത് അങ്ങനെയാണ്‌. അയാൾ വീടിന്റെ രണ്ടാം നിലയിലേക്ക് നടന്നു. അപകടത്തിനു ശേഷം ഇതാദ്യമായാണ്‌ മുകളിലത്തെ മുറിയിലേക്ക് പോകുന്നത്. തന്റെ പുസ്തകങ്ങൾ..സിഡികൾ..പല രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ശേഖരിച്ച കാഴ്ച്ചവസ്തുക്കൾ. അവയിലൂടെ വീണ്ടും കണ്ണോടിച്ചപ്പോൾ അയാളുടെ കണ്ണു നിറഞ്ഞു. നിസ്സാരമായ കാര്യങ്ങൾ പോലും നഷ്ടപ്പെട്ടു എന്നറിഞ്ഞ ശേഷം തിരിച്ചു കിട്ടുമ്പോൾ താനെത്ര മാത്രം സന്തോഷിക്കുന്നു എന്ന സത്യം അയാൾ ഒരോ വസ്തുവിലൂടെ കണ്ണോടിക്കുമ്പോഴും തിരിച്ചറിഞ്ഞു.

വീട്ടിൽ വന്നു കയറിയശേഷം ഉറക്കം ശരിയാകുന്നില്ല എന്നയാൾക്ക് തോന്നിത്തുടങ്ങിയിരുന്നു. മിന്നു എത്ര സുഖമായിട്ടാണ്‌ ഉറങ്ങുന്നത്!. ചിലപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം നല്ല ഒരു ഉറക്കം ലഭിക്കുക എന്നതായിരിക്കും..
ഒരു രാത്രി, വിയർത്ത ശരീരവുമായി അയാൾ എഴുന്നേറ്റിരുന്നു. എന്തോ ശബ്ദം കേട്ടാണ്‌ നിമ്മി ഉണർന്നത്.
‘എന്താ..എന്തു പറ്റി?..ദാഹിക്കുന്നോ? വെള്ളം വേണോ?’
‘വേണ്ട..എന്തൊ..ഒരു വല്ലാത്ത സ്വപ്നം..ഒന്നുമില്ല..’
അങ്ങനെ പറഞ്ഞു കിടന്നെങ്കിലും ആ രാത്രി മുഴുവൻ കബന്ധങ്ങൾ തനിക്ക് പിന്നാലെ വരുന്നതായി വീണ്ടും സ്വപ്നം കാണുമോ എന്നയാൾ ഭയന്നു. ഇതേ സ്വപ്നം.. മുൻപെപ്പോഴോ കണ്ടിരുന്നുവോ?. എപ്പോഴാണത്?. ആശുപത്രിയിലാവുന്നതിനു മുൻപ്?..ആരോ തനിക്കെന്തോ മുന്നറിയിപ്പ് തരാൻ ശ്രമിച്ചിരുന്നോ?. അതോ എല്ലാം തനിക്ക് വെറുതെ തോന്നുന്നതോ?. കെട്ടുപിണഞ്ഞു പോയ ചിന്തകളഴിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടാണയാൾ ഉറക്കത്തിലേക്ക് തിരിച്ചുപോയത്.

ഒരു ദിവസം കുളിമുറിയിൽ നിന്നിറങ്ങുമ്പോൾ അവനീഷ് ഭയത്തോടെ ഓർത്തു, ഓ! മുറി ലോക്ക് ചെയ്യാൻ വിട്ടു പോയിരിക്കുന്നു!. തന്റെ ശരീരം ഇവിടെ ഇതുവരേയും ആരും കണ്ടിട്ടില്ല. വാതിലടയ്ക്കാനുള്ള വെപ്രാളത്തിൽ ടൗവ്വൽ മാത്രം ധരിച്ച് നടക്കുമ്പോൾ കണ്ടു, മിന്നു പകച്ചു നോക്കി നിൽക്കുന്നത്. അവൾ ഭയപ്പെടാൻ പാടില്ല.
‘മോളെ..ഇതു മോൾടെ അച്ഛനല്ലെ?..എന്തിനാ പേടിക്കുന്നത്‌?’
അവൾ ഭയന്ന് അമ്മയുടെ അടുത്തേക്കോടി പോയി.
നിമ്മിക്ക് എന്തു പറഞ്ഞ് അവളെ സമാധാനിപ്പിക്കണമെന്നറിയില്ല.
‘നമ്മുടെ അച്ഛനല്ലെ?..മോളെന്തിനാ പേടിക്കുന്നത്..’ അവൾ മിന്നുവിനെ സമാധാനിപ്പിക്കാൻ ഒരു ദുർബ്ബല ശ്രമം നടത്തി.
അവനീഷ് നിമ്മിയെ തന്നെ നോക്കി നിന്നു. തിരിച്ചു വന്ന ശേഷം ഇതുവരേയ്ക്കും ശാരീരികബന്ധം പുലർത്തിയിട്ടില്ല. തൊടുമ്പോൾ മറ്റാരെയോ തൊടുന്നത് പോലെയാണവൾക്കിപ്പോഴും. ഒരു പ്രാവശ്യം അവളെ നെഞ്ചോട് ചേർത്തതാണ്‌. നെഞ്ചിലെ കറുത്തു ചുരുണ്ട രോമം കണ്ട് അവൾ തന്നെ തള്ളിമാറ്റിയതയാളോർത്തു. തനിക്ക് ശരിക്കും എല്ലാം ലഭിക്കുകയാണോ നഷ്ടപ്പെടുകയാണൊ ചെയ്തിരിക്കുന്നത്?. നേട്ടത്തിന്റേയും നഷ്ടത്തിന്റേയും അളവുകോലുകൾ എത്ര വിചിത്രമാണ്‌. ഭാഗ്യത്തിന്റെയും നിർഭാഗ്യത്തിന്റെയും നിർവ്വചനങ്ങൾ തന്നെ നോക്കി പരിഹസിക്കുകയാവും..

ഇപ്പോൾ പുസ്തകങ്ങളിലൂടെയാണ്‌ അവനീഷ് യാത്ര ചെയ്യുന്നത്. ഒരു ദീർഘദൂരയാത്രയ്ക്കായി അയാൾ മനസ്സൊരുക്കി. തനിക്ക് തന്നെ അന്വേഷിച്ചു കണ്ടുപിടിക്കണം. നിമ്മിക്കൊരുപക്ഷെ ഇതു പറഞ്ഞാൽ മനസ്സിലാകുമോ എന്നറിയില്ല. മാറ്റം തനിക്ക് മാത്രമല്ല..ചുറ്റിലുമുള്ളവരും മാറി പോയിരിക്കുന്നു..എല്ലാ മാറ്റങ്ങൾക്കും സമയത്തിന്റെ ഒരു സഹായം വേണം. ഒരിക്കൽ നിമ്മിക്ക്..തന്നെ..തന്റെ ശരീരത്തിനെ..പഴയതു പോലെ മനസ്സിലാക്കാൻ കഴിയും. അവൾക്ക് തന്നോടുള്ള സ്നേഹത്തിൽ കടുകുമണിയോളം പോലും കുറവ് വന്നിട്ടില്ല..പക്ഷെ..

അവസാനമില്ലാത്ത ആലോചനകൾ അലോസരപ്പെടുത്തിയ ഒരു രാത്രി അയാൾ നിമ്മിയോട് തന്റെയാഗ്രഹം പറഞ്ഞു. ഒരു യാത്ര. ഒന്നു വിട്ടു നില്ക്കാം. തിരികെ വരുമ്പോഴേക്കും നിമ്മിക്കെല്ലാം ഒന്നു കൂടി ചിന്തിക്കാൻ സമയം കിട്ടും. അയാൾ തന്റെ കഴുത്തിലെ പാടിലൂടെ വിരലോടിച്ചു കൊണ്ടു പറഞ്ഞു,
‘ഇതിനു മുകളിലേക്ക് മാത്രമല്ല ഞാൻ എന്ന് നിമ്മിക്കൊരിക്കൽ മനസ്സിലാകും. എന്റെ ഭാഗമായ എല്ലാം സ്വീകരിക്കാൻ നിമ്മിക്ക് കഴിയും എന്നെനിക്കുറപ്പുണ്ട്..നിന്നെ തൊടുമ്പോൾ ഞാൻ തന്നെയാണ്‌ നിന്നെ തൊടുന്നതെന്ന് നിനക്ക് തോന്നുന്ന ഒരു സമയത്തിനു വേണ്ടി ഞാൻ കാത്തിരിക്കാം..തത്ക്കാലം എനിക്കൊന്നു മാറി നില്ക്കണം..’

യാത്രയുടെ ദിവസവും, സമയവുമെല്ലാം അവനീഷ് നിശ്ചയിച്ചുറപ്പിച്ചു. വസ്ത്രങ്ങൾ, പുസ്തകങ്ങൾ, അവശ്യസാധനങ്ങൾ എല്ലാം പെട്ടിയിൽ നിറച്ചു. ജനൽപാളികളിൽ മഴത്തുള്ളികൾ പാറി വീണ ശബ്ദം കേട്ടു അവനീഷ് പുറത്തേക്ക് നോക്കി നിന്നു. യാത്ര മുടങ്ങുകയില്ല. താമസം നേരിടുമായിരിക്കും. തീരുമാനിച്ചുറപ്പിച്ചതാണത്. മഴ പെയ്യുന്നത് ശുഭലക്ഷണമെന്നാരോ പറഞ്ഞതോർത്തു. എന്താണ്‌ ശുഭം? എന്താണശുഭം?.
അയാൾ പലതുമോർത്ത് സോഫയിൽ ചെന്നിരുന്ന് പിന്നിലേക്ക് തല ചായ്ച്ചു.
കണ്ണടച്ച് മഴശബ്ദം ശ്രദ്ധിക്കുമ്പോഴാണ്‌ കോളിംഗ്ബെൽ ശബ്ദിച്ചത്. സാവധാനമെഴുന്നേറ്റ് ചെന്ന് വാതിൽ തുറക്കുമ്പോൾ അവിടെ ഒരു യുവതി നിൽക്കുന്നത് കണ്ടു. അവൾ ഉയർത്തിപിടിച്ച കുടയിൽ നിന്നും മഴത്തുള്ളികൾ ഇറ്റിറ്റു വീണുകൊണ്ടിരുന്നു. അവൾ മുഖം പാതിയോളം മൂടും വിധമൊരു കറുത്ത കണ്ണാടി ധരിച്ചിട്ടുണ്ട്. നീണ്ടു മെലിഞ്ഞ അവൾ ഫ്രോക്ക് പോലുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. നിമ്മിയും അപ്പോഴേക്കും വാതിലിനടുത്തേക്ക് വന്നിരുന്നു.
അവനീഷിനു അതാരാണെന്ന് മനസ്സിലായില്ല.
ആരാണെന്ന് ചോദിക്കുന്നതിനു മുൻപെ അവൾ ചോദിച്ചു,
‘അവനീഷ്‌..അല്ലെ?’
‘ആരാണ്‌?…എനിക്ക്.. മനസ്സിലായില്ല..’
കറുത്ത കണ്ണാടി മാറ്റിക്കൊണ്ടവൾ സാവധാനം പറഞ്ഞു,
‘ഞാൻ..ആഷ്‌ലി..എന്നെ..നിങ്ങൾക്ക്.. പരിചയമുണ്ടാവില്ല..ഞാൻ വന്നത്… അവനീഷിനെ ഒന്നു കാണാനാണ്‌..’
അവനീഷ് അവളുടെ ചുവന്ന് കലങ്ങിയ കണ്ണുകൾ അപ്പോഴാണ്‌ ശ്രദ്ധിച്ചത്.
അവൾ തുടർന്നു,
‘ഞാൻ..ഞാൻ ജൂഡിന്റെ..ഫ്രണ്ടാണ്‌..‘
അവനീഷ് കുറച്ച് നേരം അവളെ തന്നെ നോക്കിയ ശേഷം ’അകത്തേക്ക് വരൂ‘ എന്നു പറഞ്ഞു നടന്നു. നിമ്മി ഒന്നും പറയാതെ ആഷ്‌ലിയെ തന്നെ നോക്കി നില്ക്കുകയായിരുന്നു..
സോഫയിൽ ഇരിക്കുമ്പോൾ ആഷ്‌ലി അവനീഷിനെ മുഴുവനായി നോക്കുകയായിരുന്നു.
’കുടിക്കാൻ എന്തെങ്കിലും?‘
’നോ..ഞാനിവിടെ അധികനേരം നില്ക്കുന്നില്ല..സത്യത്തിൽ.. ഞാൻ.. എന്തിനാണിവിടെ വന്നതെന്നു കൂടി..പെട്ടെന്ന് കാണണമെന്നു തോന്നിയപ്പോൾ..‘
’ജൂഡിന്റെ ഫ്രണ്ട് എന്നല്ലെ പറഞ്ഞത്?..ജൂഡ്..എങ്ങനെ ഉള്ള ആളായിരുന്നു?‘
എന്തോ ഓർത്ത് ചിരിച്ചു കൊണ്ടവൾ പറഞ്ഞു,
’ജൂഡ്..ശരിക്കും നല്ല ജോളി ടൈപ്പ് ആയിരുന്നു..അവൻ..എല്ലാർക്കും പ്രിയപ്പെട്ടവനായിരുന്നു..എല്ലാർക്കും..‘ അതു പറഞ്ഞു അവൾ മുഖം കുനിച്ചിരുന്നു.
പിന്നീട് കൈവശമുണ്ടായിരുന്ന ബാഗ് തുറന്ന് എന്തോ ഒന്നെടുത്തു.
അവനീഷിന്റെ നേർക്ക് നീട്ടി അവൾ കൈ വിടർത്തി. ഒരു ചെറിയ മോതിരമായിരുന്നു അത്.
’ഇതാണവൻ എനിക്ക് അവസാനമായി തന്നത്..എന്റെ മുന്നിൽ മുട്ടുകുത്തി നിന്ന്..ഞാൻ അവനെ മാത്രമെ..അവൻ എന്റേതു മാത്രമായിരുന്നു..‘ അതു പറയുമ്പോൾ അവൾ മുഖം തരാതെ കുനിച്ചു.
അവനീഷ് എന്തു പറയണമെന്നറിയാതെ, അവളെ നോക്കണമോ വേണ്ടയോ എന്നറിയാതെ ഇരുന്നു.
പെട്ടെന്നവൾ എഴുന്നേറ്റ് നിന്നു പറഞ്ഞു,
’തെറ്റാണ്‌..ഇവിടെ വന്നത് തെറ്റ്..എന്റെ ജൂഡ്..ഞാൻ പോകട്ടെ..‘
അവൾ അവനീഷിന്റെ ഇടതു കൈയ്യിൽ പതിയെ പിടിച്ചുയർത്തി.
പച്ച കുത്തിയ ക്രൂശിതരൂപത്തിലേക്ക് തന്നെ നോക്കി നിന്നു. പിന്നീട് ഇരുകൈകളും കൊണ്ട് അവനീഷിന്റെ കൈകളെ ചേർത്തു പിടിച്ചു കണ്ണടച്ചു ഒരു നിമിഷം നിന്നു.
അവനീഷിനു കൈകൾ വലിച്ചെടുക്കണമെന്നുണ്ടായിരുന്നു..പക്ഷെ കഴിഞ്ഞില്ല.
കൈകൾ വിടർത്തിക്കൊണ്ടവൾ പറഞ്ഞു,
‘സോറി..ഞാനിനി ഒരിക്കലുമിവിടെ വരില്ല..നിങ്ങളെ കാണുകയുമില്ല..സോറി..’
അവൾ കറുത്ത കണ്ണാടിയെടുത്ത് ധരിച്ചു. നിമ്മിയുടെ നേർക്ക് നോക്കി അവൾ ഒന്നു ചിരിക്കാൻ ശ്രമിച്ചു.
പിന്നീടൊന്നും മിണ്ടാതെ, തിരിഞ്ഞ് വാതിലിലൂടെ പുറത്തേക്കിറങ്ങി നടന്നു.
അവനീഷും നിമ്മിയും ശില പോലെയുറച്ചു പോയിരുന്നു. അവരിരുവരും വാതിലിലേക്ക് തന്നെ നോക്കി നിന്നു.
തല കുനിച്ച്, മഴയിലൂടെ അവൾ നടന്നു പോകുന്നത് കണ്ടു.
അവൾ കുട നിവർത്തിയിരുന്നില്ല. ഒരു പക്ഷെ മഴ പെയ്യുന്നത് അവൾ അറിയുന്നുണ്ടാവില്ല.

Comments
Print Friendly, PDF & Email

കഥാകൃത്തും കവിയും. ബ്ലോഗറാണ്. തിരുവനന്തപുരം സ്വദേശി. ന്യൂസിലാൻഡിൽ ജോലി ചെയ്യുന്നു.

You may also like