“വ്യാഴവട്ടങ്ങളിൽ ചിതറിത്തെറിക്കുന്നത്” എന്ന നോവൽ പ്രസിദ്ധീകരിക്കുന്ന തോടെയാണ് എച്മുക്കുട്ടി എന്ന എഴുത്തുകാരിയുമായി മലയാളനാട് ബന്ധപ്പെടുക. അതിനു ശേഷം നിരവധി രചനകൾ പുറത്തുവന്നു.
ഇപ്പോൾ കേരള സർവകലാശാല ബിരുദം അഞ്ചാം സെമെസ്റ്ററിലെ ജൻഡർ പഠനത്തിന്റെ ഭാഗമായി എച്മുക്കുട്ടിയുടെ “വേറിട്ടു മാത്രം കത്തിയെരിയുന്ന ചില ശരീരങ്ങൾ” എന്ന നോവൽ തിരഞ്ഞെടുത്തിരിക്കുന്നു. സാഹിത്യ രചനയ്ക്ക് പുറമെ, എവിടെ സ്ത്രീ നീതികേട് നേരിടുന്നുവോ അവിടെയെല്ലാം തെളിഞ്ഞു കേൾക്കുന്ന ശബ്ദത്തിനുടമ മലയാളനാടിനു നൽകിയ അഭിമുഖം.
അവതരണം: പി എൽ ലതിക.
ചോദ്യം :
ബേപ്പൂർ സുൽത്താനിൽ നിന്നും തുടങ്ങാം അല്ലേ. ഈയിടെ എച്മുക്കുട്ടി യുടെ fb wall ൽ ബഷീറിന്റെ ചില കഥകളെ ക്കുറിച്ച് ഒരു പുതുവായന കണ്ടു. അദ്ദേഹത്തിന്റെ ഓർമ്മദിനത്തിൽ കണ്ണോടിച്ച പല കുറിപ്പുകളിൽ നിന്നും വ്യത്യസ്തമായിരുന്നു അത്. വേറിട്ട ഒരു angle. അതിനെ കുറിച്ച് പറയാമോ?
ഉത്തരം :
ഈ പ്രപഞ്ചത്തിൽ താൻ തനിച്ചാണ് എന്ന് ബഷീർ എഴുതിയിട്ടുണ്ട്. അത് മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏറ്റവും സത്യമായ ഒരു വാചകമാണ്. മനുഷ്യർ എല്ലാവരും ആത്യന്തികമായി ഈ പ്രപഞ്ചത്തിൽ തനിച്ചാണ്.
അങ്ങനെ എല്ലാ മനുഷ്യരുടേയും ഏകാന്ത തയെപ്പറ്റി എഴുതുന്നവർക്കു പോലും സ്ത്രീയുടെ ഏകാന്തതയെ തൊടാൻ കഴിയുന്നില്ല. അതിൽ ബഷീറും ഓ.വി. വിജയനും കോവിലനും ഉൾപ്പെടെയുള്ള എല്ലാവരുമുണ്ട്. മനുഷ്യർ എന്ന് പറയുമ്പോൾ പെണ്ണുങ്ങൾ എന്ന വിഭാഗം ഇവരുടെ ആരുടേയും ഉൽക്കണ്ഠയേ അല്ല. അവർ ജനാധിപത്യം, സ്വാതന്ത്ര്യം, വ്യക്തിസത്ത, സ്വത്വബോധം, ഇതെല്ലാം ഉൾപ്പെടുന്ന രാഷ്ട്രീയം, പരിസ്ഥിതി അങ്ങനെ കാക്കത്തൊള്ളായിരം കാര്യങ്ങളെപ്പറ്റി എഴുതുമ്പോഴും ഈ പ്രപഞ്ചത്തിൽ ഏറ്റവും അധികം പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകളെ, ഈ പ്രശ്നങ്ങൾ എങ്ങനെ ബാധിക്കുന്നുവെന്നോ അവർ ഏതുതരം ഉഴവുചാലുകളിലൂടേയാണ് കേണും വീണും ഞെങ്ങിയും ഞെരുങ്ങിയും കടന്നുപോകുന്നതെന്നോ രേഖപ്പെടുത്തുന്നില്ല. സ്ത്രീകളുടെ വ്യത്യസ്തമായ ആവിഷ്കാരങ്ങൾ അവരുടെ അവസാന പരിഗണന പോലും അല്ല.

പുരുഷന്മാർക്ക് വെറുതേ കിട്ടുന്ന ചില സവിശേഷമായ previlages ഉണ്ട്. അതുണ്ട് എന്ന് സമ്മതിക്കാനുള്ള പ്രാഥമികമായ സത്യസന്ധത പോലും കോടിക്കണക്കിന് വർഷം ജീവിച്ച പുരുഷൻ ഇതുവരെ ആർജ്ജിച്ചിട്ടില്ല.
ബഷീറും സ്ത്രീകളെക്കുറിച്ചു എഴുതുമ്പോൾ നമ്മൾ ആഗ്രഹിക്കുന്ന ഒരു പ്രത്യേകമായ ഉൾക്കാഴ്ച അവതരിപ്പിക്കുന്നില്ല. “പ്രേമലേഖന”ത്തിലെ സാറാമ്മയും “ൻറപ്പുപ്പായ്ക്കൊരു ആനേണ്ടാർന്നു” വിലെ ഐഷയും അല്പം വ്യത്യസ്തരാണ്.
പെണ്ണിനെ മർദ്ദിച്ചു നല്ലവളാക്കുന്ന തന്ത്രം, ഭർത്താവു മുതൽ നാട്ടുകാർ വരെ എല്ലാവരും കൂടി ചേർന്ന് എന്നെഴുതുന്നത് തമാശയാണെന്ന രീതി! ശരിക്കും എന്തു തമാശയാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ല. പെണ്ണിൻ്റെ തലയിൽ നിലാവെളിച്ചമാണ് എന്നെഴുതുക വഴി സ്ത്രീയെ കൂടുതൽ പരിഹസിക്കാനുള്ള രാജവീഥിയാണ് തുറക്കുന്നത്. “ഐഷുക്കുട്ടി അഥവാ പെണ്ണുങ്ങളുടെ വാശി”യിലോ? ഡോക്ടർ വന്നിട്ട് പ്രസവിക്കാനായി ആർക്കാണ് ആ വേദന നീട്ടിവെക്കാൻ പറ്റുക? അതിലൊന്നും തമാശയില്ല. അഥവാ ദയാരഹിതമായ ഒരു തമാശയാണത്. എന്നിട്ട് ‘പെറ്റിട്ട അമ്മയോട് ക്ഷോഭിക്കുകയാണ് പാളയിൽ കിടക്കുന്ന മകൻ’ എന്നെഴുതി വെയ്ക്കുന്നത് ആ വേദനയെപ്പറ്റി ഒരു ധാരണയും ഇല്ലാത്തതു കൊണ്ടാണ്. പെണ്ണുങ്ങൾ പ്രസവവേദന വരെ പൊങ്ങച്ചത്തിനായി നീട്ടിക്കൊണ്ടു പോകുമെന്ന് എഴുതുന്നത് പുരുഷമേന്മാ വാദമാണ്. സ്ത്രീക്കു നേരേയുള്ള ഓരോ പരിഹാസവും, ഓരോ അടിയും സ്ത്രീയെ വിലങ്ങിട്ട് വെയ്ക്കുന്ന ഓരോ കാര്യവും പുരുഷൻ എന്തുമാത്രം അവനിൽ നിന്ന് പൂർണമായും വ്യത്യസ്തയായ ഈ സ്പീഷീസിനെ ഭയപ്പെടുന്നുവെന്നതിന്റെ തെളിവുകളാണ്.
മനുഷ്യരിലെ ഏറ്റവും പ്രാക്തനമായ വംശീയതാശ്രേഷ്ഠവാദമാണ്, പുരുഷ മേധാവിത്തം. മനുഷ്യരുണ്ടാക്കിയ സകല വ്യവസ്ഥകളും ചിട്ടകളും മതങ്ങളും ആചാരങ്ങളും നിയമങ്ങളും രാഷ്ട്രീയവും എന്നു വേണ്ട എല്ലാകാര്യങ്ങളും പുരുഷമേധാവിത്തവംശീയശ്രേഷ്ഠതയെ പുഷ്ടിപ്പെടുത്താൻ മാത്രമാണ്. ലോകത്തിലെ
പകുതിയോളം മനുഷ്യരെ കാണാതിരിക്കുന്ന, അവരുടെ പ്രശ്നങ്ങളെ വ്യക്തമായി അറിയുക പോലും ചെയ്യാത്തവരേയാണ് നമ്മൾ മഹാമനീഷി, സാഹിത്യ കുലപതി,എഴുത്തിൻ്റെ ചക്രവർത്തി എന്നൊക്കെ പറയുന്നത്. പുരുഷ മേധാവിത്തത്തിൻറെ വാർപ്പു മാതൃകകളിൽ നിന്ന് വ്യത്യസ്തയും വ്യക്തിത്വമുള്ളവളുമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാൻ നമ്മുടെ എഴുത്തുകാർക്ക് കഴിഞ്ഞിട്ടില്ല.അതിൽ നിന്നു ബഷീറും വ്യതിരിക്തനല്ല
ചോദ്യം :
ദൂരദർശൻ “പൂവമ്പഴം” ഹ്രസ്വചിത്രമാക്കിയതിൽ ഭാര്യയെക്കൊണ്ട് പൂവമ്പഴം കണ്ടാലെങ്ങനെയിരിക്കും എന്നു നായകൻ പറയിപ്പിക്കുന്ന രംഗം ഇത് കേട്ടപ്പോൾ മനസ്സിലേക്ക് വന്നു. ഞാനന്നത് കണ്ട് ചിരിച്ചിട്ടുണ്ടാവാം എന്നതിൽ ഇപ്പോൾ എനിക്ക് ലജ്ജ തോന്നുന്നുണ്ട് കെട്ടോ.
വേറിട്ട് മാത്രം കത്തിയമരുന്ന ശരീരങ്ങൾ.. നാലാം പതിപ്പിലേക്കെത്തിയ പുസ്തകം transgender വ്യക്തികൾ കഥാപാത്രങ്ങളാവുന്ന മലയാളത്തിലെ ആദ്യത്തെ നോവൽ. ഇപ്പോഴും അവരുടെ ജീവിതം മുക്കാലും മറഞ്ഞു തന്നെയാണിരിക്കുന്നത്. ആ എഴുത്തിന് പിന്നിലെ സാഹിത്യസാധനയെ കുറിച്ചറിയാൻ ആഗ്രഹമുണ്ട്.
ഉത്തരം :
ഉത്തരേന്ത്യയിലെ അലഞ്ഞുതിരിഞ്ഞ ജീവിതമാണ് എന്നെ ട്രാൻസ് ജെൻഡർ മനുഷ്യരിലേക്ക് എത്തിച്ചത്. അപമാനത്തിൻറേയും നിന്ദയുടേയും പൊള്ളുന്ന ലോഹലായനി ജീവിതത്തിലുടനീളം കുടിക്കേണ്ടി വന്നതുകൊണ്ട് അപമാനിക്കപ്പെട്ടും നിന്ദിക്കപ്പെട്ടും ശ്വാസം മുട്ടിപ്പിടയുന്നവരെ കാണാനും തിരിച്ചറിയാനും പെട്ടെന്ന് കഴിയാറുണ്ടെനിക്ക്.
ട്രാൻസ് ജെൻഡർ മനുഷ്യരിലേക്ക് ഞാൻ എത്തുന്നതും അങ്ങനെയാണ്.
എന്നോട് വളരേ ബഹുമാനം കാണിച്ചിരുന്ന പുരുഷന്മാരായ കെട്ടിടനിർമാണത്തൊഴിലാളികൾ, ട്രാൻസ്ജെൻഡർ മനുഷ്യരെ കാണുമ്പോൾ ചൂളം വിളിക്കുകയും കണ്ണിറുക്കുകയും അശ്ലീലാംഗ്യങ്ങൾ കാണിക്കുകയും ചെയ്യുന്നതു ഞാൻ കണ്ടു. സ്ത്രീകൾ അവരെ നോക്കി കാർക്കിച്ചു തുപ്പി സ്വന്തം പെൺമ വിളംബരപ്പെടുത്തുന്നുണ്ടായിരുന്നു. ട്രാൻസ് മനുഷ്യർക്ക് ഒപ്പം സൈറ്റിൽ ജോലി ചെയ്യില്ലെന്ന് പറഞ്ഞ് ആണും പെണ്ണും ആയ കെട്ടിടനിർമാണത്തൊഴിലാളികൾ അവരുടെ പണി ആയുധങ്ങൾ താഴെ വെച്ചതും ഞാൻ കണ്ടു.
‘ട്രാൻസ് ജെൻഡർ മനുഷ്യർ ദൈവം ശപിച്ചവരാണ്. ലൈംഗികത്തൊഴിൽ ചെയ്തും നൃത്തം ചെയ്തും ജീവിച്ച് സ്വന്തം പാപജീവിതം അവർ ജീവിച്ചു തീർക്കണം. അവർക്ക് വിദ്യാഭ്യാസമോ തൊഴിലോ ജീവിതമോ നല്കിയാൽ അടുത്ത ജന്മത്തിൽ നമ്മൾ ട്രാൻസ്ജെൻഡർ ആയി പിറക്കും.’
ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം ദൈവമാണ്. ദൈവത്തിൻ്റെ വിധിയാണ്. ഏത് അനാചാരവും ദൈവത്തിൻ്റെ നിയന്ത്രണത്തിലാണെന്ന് പറഞ്ഞു ഫലിപ്പിച്ചാൽ മതി, ഇന്ത്യാക്കാർ, പഠിച്ചവരും അല്ലാത്തവരുമായവർ ആ അനാചാരങ്ങൾക്കാവശ്യമായ എല്ലാ ഏർപ്പാടുകളും ശുഷ്കാന്തിയോടെ നടപ്പാക്കിക്കൊള്ളും.
ഞാൻ ട്രാൻസ് മനുഷ്യരിലേക്ക് എത്തുന്നത് അങ്ങനെയാണ്. അവരോട് നിരന്തരമായി സംസാരിച്ചും അവരുടെ വീടുകളിൽ പോയി ഭക്ഷണം കഴിച്ചും അവർക്കൊപ്പം നൃത്തം ചെയ്തും ഞാൻ അവരുമായി നല്ല അടുപ്പത്തിലായി. അവരുടെ ജീവിതത്തെ കുറിച്ച് കുറേയേറേ മനസ്സിലാക്കി. എന്തുമാത്രം ചൂഷണ മാണ് ഇന്ത്യാക്കാർ ഒരു ജനതയെന്ന നിലയിൽ ട്രാൻസ്ജെൻഡറുകളിൽ ഏല്പിക്കുന്നതെന്ന് ഞാൻ നേരിട്ടറിയുകയായിരുന്നു
അത് വളരേ ഷോക്കിങ് ആയ ഒരു അറിവായിരുന്നു. അവരുടെ ആ ഗതികെട്ട ജീവിതം, കുറേനാൾ എൻ്റെ മനസ്സിൽ നീറിനീറിക്കിടന്നു. ഉത്തരേന്ത്യയിലെ ജീവിത കാലത്ത് ട്രാൻസ്ജെൻഡർ മനുഷ്യരെ കാണുമ്പോഴെല്ലാം ഞാൻ അവരോടു വെറുതെ സംസാരിച്ചിരിക്കുമായിരുന്നു.ഒന്നിച്ചു ഭ ക്ഷണം കഴിക്കുമായിരുന്നു.
അങ്ങനെയുള്ള ഓർമ്മകളും അനുഭവങ്ങളും അവക്ഷിപ്തപ്പെട്ടതാണ് ‘വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ’ എന്ന നോവൽ… ഇപ്പോൾ നാലാം പതിപ്പായിട്ടുണ്ട്. എൻ്റെ അറിവിൽ മലയാളത്തിൽ ട്രാൻസ്ജെൻഡർ മനുഷ്യർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ആദ്യത്തെ നോവലാണ് അത്. ആനോവൽ ലൈബ്രറികളിൽ നന്നായി വായിക്കപ്പെടുന്നുണ്ട്. ഇപ്പോൾ അത് പാഠപുസ്തകവും ആയിട്ടുണ്ട്.
ശിഖണ്ഡിയും ഇരാവാനും ബൃഹന്നളയും മാലിക്ക് കഫൂറും ഒട്ടനവധി അന്തപ്പുര കാവൽക്കാരും മറ്റുമായി ഇന്ത്യൻജീവിത സാഹചര്യങ്ങളിൽ എക്കാലവും നിറഞ്ഞു നിന്നവരാണ് ട്രാൻസ് ജെൻഡർ മനുഷ്യർ. സ്ത്രീകൾ സാധിപ്പിക്കാൻ മടിക്കുന്ന ലൈംഗിക ഫാൻറസികളിലേക്ക് ഇന്ത്യൻ പുരുഷന്മാർ തുച്ഛമായ പ്രതിഫലത്തിനും പലപ്പോഴും പ്രതിഫലമില്ലാതെയും ട്രാൻസ് ജെൻഡർ മനുഷ്യരെ ഉപയോഗിക്കുന്നു. എന്നിട്ട് അവരെ അസഭ്യം പറഞ്ഞും അവരുടെ വികാരങ്ങളെ അപമാനിച്ചും മനുഷ്യത്വവിഹീനമായി അവരോട് പെരുമാറുകയാണ്. സോഷ്യൽ മീഡിയ നോക്കിയാൽ ഇൻഡ്യൻ പുരുഷത്വം എത്രമാത്രം അധഃപതിച്ചതാണെന്ന്, എത്രമാത്രം അക്രമാസക്തമാണെന്ന് എത്രമാത്രം മനുഷ്യത്വവിഹീനമാണെന്ന് അറിയാൻ കഴിയും. സ്ത്രീകൾ സാമൂഹികമായ പലതരം ചങ്ങലകളിൽ അടയ്ക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ട്രാൻസ് ജെൻഡർ മനുഷ്യനോടുള്ള അവരുടെ ക്രൂരതകൾ പരിമിതമായ തോതിലേ വെളിപ്പെട്ടു തുടങ്ങിയിട്ടുള്ളൂ.
ചോദ്യം :
ദിലീപിനെ ബഹിഷ്കരിക്കുക campaign 273 ആം ദിവസത്തിൽ എത്തിയിരിക്കുന്നു. വിഷയം സംബന്ധിച്ച് പല സമയത്തും തൽക്ഷണ വിമർശനങ്ങളും ആക്ഷേപങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രകമ്പനം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ നിശ്ചയ ദാർഢ്യത്തിന്റെതായ ഈ സമരം ദിവസേന നവോർജ്ജം സംഭരിച്ചു നിലനിൽക്കുന്നു. അതിന്റെ പിന്നിലെ ആശയം, ചിന്തകൾ, പ്രേരണ പങ്കു വെയ്ക്കു.
ഉത്തരം :
ദിലീപ് ഇൻഡ്യൻ പീനൽ കോഡിൽ പരാമർശിക്കപ്പെടുകപോലും ചെയ്യാത്ത ഒരു കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശേഷിയുള്ള ഒരാളാണ്. ജഡ്ജി ഹണി വർഗീസ് ഒഴികെ ബാക്കി എല്ലാവർക്കും ദിലീപ് ചെയ്ത കുറ്റം എന്താണെന്നും അതെങ്ങനെ നടപ്പിലാക്കി എന്നും അറിയാം. വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധി സമ്പാദിക്കാനുള്ള കഴിവ് ദിലീപിനുണ്ടെന്നും ഈ കേസ് കൃത്യമായി വീക്ഷിച്ചിട്ടുള്ള സകലർക്കും വ്യക്തമാണ്. കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ രാഷ്ട്രീയപാർട്ടികളിലെല്ലാം ദിലീപിന് സ്വാധീനമുണ്ട്. രാജ്യത്തെ ഭരണകൂടങ്ങൾക്ക് ഇഷ്ടമില്ലാത്ത വിധിയൊന്നും സാധാരണ ഗതിയിൽ നമ്മുടെ കോടതികളിൽ നിന്നും ലഭിക്കുകയില്ല. അല്ലെങ്കിൽ അത്രമേൽ അസാധാരണമായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങൾ രാജ്യമൊട്ടാകെ രൂപപ്പെടണം.
ഒരു പെൺകുട്ടിയെ ഇത്തരത്തിൽ ദ്രോഹിച്ചതിനു യാതൊരു ന്യായീകരണവുമില്ല. ലൈംഗികപീഡനം ഒരു പെണ്ണിൻ്റെ മനസ്സിൽ ഉണ്ടാക്കുന്ന ആഴമേറിയ മുറിവുകളെപ്പറ്റി, പുരുഷമേന്മാവംശീയവാദത്തിനെ മാത്രം വാഴ്ത്തുന്ന നമ്മുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വ്യാവഹാരിക, പൊതു- സ്വകാര്യ മണ്ഡലങ്ങളിലൊന്നിലും യാതൊരു അടയാളപ്പെടുത്തലുമില്ല.
പീഡിപ്പിക്കപ്പെട്ട പെണ്ണിന് ഒഴികെ മറ്റാർക്കും തന്നെ പ്രശ്നമില്ലാത്ത ഒരു ക്രിമിനൽ കുറ്റമാണ് ലൈംഗിക പീഡനം.
മൂന്നരവയസ്സിൽ അച്ഛന്റെ സുഹൃത്തായ ഒരു പോലീസുദ്യോഗസ്ഥനാണ് എന്നെ ആദ്യമായി ദ്രോഹിച്ചത്. എനിക്ക് അത്തരം വേദനകൾ വളരെ എളുപ്പത്തിൽ തന്നെ കൂടിളകുന്ന തീവ്രാനുഭവങ്ങളാണ്. ലൈംഗികപീഡനം അനുഭവിക്കേണ്ടി വരുന്ന ഓരോരുത്തരും എൻ്റെ ഉള്ളിൽ, ശ്വാസംമുട്ടിപ്പിടഞ്ഞ, ഓക്കാനിപ്പിക്കുന്ന വായ്നാറ്റത്തിലറച്ചു പോയ, ആ അധമന്റെ പരുത്ത വിരലുകളിൽ നീറിപ്പിടഞ്ഞ മൂന്നരവയസ്സുകാരിയാണ്. അതിഭീകരമായ നിസ്സഹായതയാണ്, അതിഭീകരമായ മരണദണ്ഡമാണത്. മറ്റൊന്ന് എൻ്റെ കുഞ്ഞ് സഹിച്ച തീവ്ര വേദനയാണ്. അതുകൊണ്ടൊക്കെ തന്നെ വളരേ കൃത്യമായി ആസൂത്രണം ചെയ്തു ആൾക്കാരെ നിയോഗിച്ചു ഒരു പെൺകുട്ടിയെ ദ്രോഹിച്ച ദിലീപ് ഒരു അസാധാരണ കുറ്റവാളിയാണ് എൻ്റെ കണ്ണിൽ.
ശിക്ഷ കിട്ടാത്തതുകൊണ്ട് അയാൾ നല്ലവനോ പാവമോ നിഷ്കളങ്കനോ ആകുന്നില്ല. പണക്കിലുക്കത്തിൽ വില്ക്കപ്പെടുന്ന നീതിയുടെ രാജ്യത്തെ ജനങ്ങൾക്ക് പ്രതിഷേധിക്കേണ്ട ധാർമ്മിക ബാധ്യതയുണ്ട്. ഞാൻ ആ ബാധ്യതയാണ് നിർവഹിക്കുന്നത്.
പൊതുവേ എന്നെ അപമാനിക്കുന്നവരേയും പരിഹസിക്കുന്നവരേയും അവഗണിക്കുകയാണ് എൻ്റെ പതിവ്. എന്നാൽ ദിലീപിനെ ന്യായീകരിച്ച് എന്നെ അപമാനിക്കുന്ന സകലരേയും ഞാൻ ബ്ളോക്ക് ചെയ്യുകയും അവരുടെ വൃത്തികെട്ട ജല്പനങ്ങളെ കൈയോടേ ഡിലീറ്റ് ചെയ്യുകയുമാണ്. ദിലീപിനേയും അയാളെ ന്യായീകരിക്കുന്നവരേയും എന്നിലെ സ്ത്രീക്ക് അറപ്പും വെറുപ്പുമാണ്. ക്രിമിനൽ കുറ്റമാണ് സ്ത്രീ പീഡനമെന്ന് വിശ്വസിക്കുന്നവരെല്ലാം ദിലീപിനെ ബഹിഷ്കരിക്കുക എന്ന പോസ്റ്റ് നിത്യവും ഇടേണ്ടതുണ്ടെന്നും സമ്പൂർണമായി ബഹിഷ്കരിക്കേണ്ട തുണ്ടെന്നും ഞാൻ കരുതുന്നു. സോഷ്യൽ മീഡിയയിൽ ദിലീപിനെ ബഹിഷ്കരിക്കുക എന്ന പോസ്റ്റ് എല്ലാവരും ഇടുന്നതായി ഞാൻ എപ്പോഴും വിചാരിക്കാറുണ്ട്.
ചോദ്യം :
സകലപീഡകർക്കും എതിരാണ്, ആണധികാരത്തിനോട് പൊരുതുന്നവർക്കൊപ്പമാണ് “എന്നാണ് എച്മുക്കുട്ടിയുടെ പ്രഖ്യാപിത നയം. ഒരിക്കൽ പീഡകൻ ആയ ആൾ എല്ലാകാലത്തേയ്‌ക്കും പീഡകൻ തന്നെ എന്ന ഉറച്ച നിലപാട്. അങ്ങനെയുള്ള ഒരു വ്യക്തി പിന്നീട് ഏതെങ്കിലും രീതിയിൽ ആദരിക്കപ്പെടുന്നത് ചൊടിപ്പിക്കാറുണ്ട്, അല്ലേ? അത് അംഗീകരിക്കുന്നവരോട് സന്ധിയില്ല, അവർ എത്ര അടുപ്പമുള്ളവരാണെങ്കിലും.ആ സമീപനത്തോട് വിയോജിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
സ്ത്രീപീഡനം നമ്മുടെ സമൂഹത്തിൽ തികച്ചും അംഗീകരിക്കപ്പെട്ട ഒരു ജീവിതചര്യയാണ്. കുഞ്ഞുങ്ങൾ ആദ്യം പഠിക്കുന്ന കാര്യമാണ് സ്ത്രീ പീഡനം തികച്ചും സ്വാഭാവികമായ ഒന്നാണെന്നത്. അമ്മയോട് കഠിന വാക്കുകൾ പറയുന്നത്, അമ്മയെ വീട്ടിലുള്ളവരെല്ലാം പല രീതിയിൽ ഭർൽസിക്കുന്നത്, എന്നിട്ടും അമ്മ നിരന്തരമായി ജോലികൾ ചെയ്യുന്നത് ഒക്കെയും കുഞ്ഞുങ്ങൾ മനസ്സിലാക്കുന്നുണ്ട്.ചില വീടുകളിൽ അടിക്കുന്നതും കാണുന്നുണ്ട്. വളരുന്തോറും വീട്ടിലെ സ്ത്രീകൾ വാക്കുകൊണ്ടും നോക്കുകൊണ്ടും പ്രവൃത്തികൊണ്ടും എല്ലാ തരത്തിലും വീട്ടിലെ പുരുഷന്മാരാൽ ഒതുക്കപ്പെടേണ്ടവരാണെന്ന വിശ്വാസം കുഞ്ഞുങ്ങളിൽ ഉറയ്ക്കുന്നു. സ്ത്രീകളോട് മര്യാദയോടേയും മനുഷ്യത്വത്തോടേയും പെരുമാറാത്ത സകല പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചു ചേർന്നാണ് ജനിച്ചു വീഴുന്ന തലമുറയിലേക്കും സ്ത്രീപീഡനത്തെ വളരേ വളരേ സാധാരണവും സ്വാഭാവികവുമായ ഒരു ജീവിതചര്യയാക്കി മാറ്റിത്തീർക്കുന്നത്.
ഗർഭത്തിൽ ഇരിക്കുമ്പോഴേ കുഞ്ഞ് അമ്മ സങ്കടപ്പെടുന്നതും സന്തോഷിക്കുന്നതും അറിയുമെന്നൊക്കെ ശാസ്ത്രീയ പഠനങ്ങൾ ഉണ്ടെങ്കിലും നല്ല വിദ്യാഭ്യാസം ഉള്ളവർ പോലും ഇക്കാര്യത്തിൽ യാതൊരു ശ്രദ്ധയും കാണിക്കാറില്ല.
നമ്മുടെ സമൂഹം എപ്പോഴും സ്ത്രീ പീഡകരേയാണ് സ്ത്രീകളേക്കാളും പിൻതുണയ്ക്കുക. അതിൻറെ പ്രധാന കാരണം സ്ത്രീപീഡനം എല്ലാവരും ചെയ്യാറുള്ള സർവസാധാരണമായ കാര്യമാണെന്നതാണ്. കുറ്റവാളിയാണെന്നും ചെയ്തത് കുറ്റമാണെന്നും മനുഷ്യർ ഏറ്റവും ഒടുവിലല്ലേ സമ്മതിക്കാറുള്ളൂ.
സ്ത്രീ തനിക്ക് ഏറ്റ പീഡനം ഒളിച്ചു വെയ്ക്കേണ്ടത് പീഡകരുടെ സംരക്ഷണവും സാമൂഹിക ഔന്നത്യവും ഉറപ്പ് വരുത്താനാണ്. കുറ്റവാളിയെ സംരക്ഷിക്കുന്നത് തെറ്റാണെന്ന് ബാക്കി കുറ്റങ്ങളിലൊക്കെ പറയുമെങ്കിലും സ്ത്രീ പീഡനത്തിൽ മാത്രം അതങ്ങനെയല്ല. നമ്മുടെ സമൂഹവും സകല വ്യവസ്ഥിതിയും ഒരുമിച്ചു നിന്ന് സ്ത്രീ പീഡകരെ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും.കുറ്റവാളി ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പുള്ള കുറ്റങ്ങൾക്ക് പരാതിപ്പെടാൻ പോലും ആരും ധൈര്യപ്പെടില്ല.
പ്രതികരിക്കുന്ന, പ്രതിരോധിക്കുന്ന സ്ത്രീയെ സമൂഹത്തിന് ഒരിക്കലും സഹിക്കാൻ കഴിയാത്തതും അതുകൊണ്ടാണ്.
സ്ത്രീപീഡകർക്ക് തിരുത്താനാവശ്യമായ ഒരു correctional measure ഉം സാധാരണ ഗതിയിൽ ഇന്നാട്ടിൽ ഇല്ലാത്തതുകൊണ്ടാണ് അവർ എന്നും സ്ത്രീപീഡകരായി തുടരുന്നത്. സ്ത്രീപീഡകർ എങ്ങനെ ആദരിക്കപ്പെടുന്നതും അടുത്ത പീഡകർക്ക് പ്രോൽസാഹനം നല്കലാണ്. സ്ത്രീപീഡനത്തിന്റെ എല്ലാ തലങ്ങളിലൂടെയും ഈർച്ചവാളിലെന്ന പോലേ ഊർന്നിറങ്ങേണ്ട ഗതികെട്ട ജീവിതം നയിച്ച എനിക്ക് സ്ത്രീപീഡനത്തെ എതിർക്കാത്ത നമ്മുടെ സമൂഹത്തേയും അതിൻ്റെ നിയമങ്ങളേയും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് എല്ലാ സ്ത്രീപീഡകരും അവരെ പിന്തുണയ്ക്കുന്നവരും എന്നെ സംബന്ധിച്ചിടത്തോളം അകറ്റപ്പെടേണ്ടവരാകുന്നത്. സ്ത്രീ പീഡകർ ആരായാലും അവരുടെ കഴിവുകളൊന്നും തന്നെ എന്നെ ഭ്രമിപ്പിക്കാത്തത്.
എന്നോട് വിയോജിക്കുന്നവരോട് എനിക്ക് ഇതിൽക്കൂടുതൽ ഒന്നും പറയാനില്ല. നമ്മുടെ സമൂഹം കൂടുതൽ സാംസ്കാരിക ഔന്നത്യം ആർജ്ജിക്കണമെന്നാണ് എൻ്റെ ആഗ്രഹം. അതിന് സ്ത്രീ പീഡനം പൂർണമായും ഇല്ലാതായേ തീരു.
ചോദ്യം :
“ബാഷ്പ്രീകൃത” അസാമന്യമായ ഒരു ഭാഷാപ്രയോഗമാണത്. മറ്റൊന്ന് പകരം വയ്ക്കാൻ പറ്റില്ല എന്ന് തോന്നിപ്പിക്കുന്നത്. പുസ്തകത്തിനെതിരെ നിന്നവരിൽ കുടുംബത്തിന് പുറത്തുള്ളവർ എം ടി ക്ക് അനുകൂലമായി വികാരപ്പെട്ടത് നമ്മുടെ പ്രാചീനമായ ആൺ -പെൺ വിശുദ്ധിയുടെ നിലപാട് തറയിൽ നിന്നുകൊണ്ടാണ്. സീസറുടെയും ഗൗതമമുനിയുടെയും ഭാര്യമാർ അവശ്യം കാക്കേണ്ടുന്ന വിശുദ്ധിയിൽ കാൽപൂണ്ട് നിൽക്കുകയാണ് അവരിപ്പോഴും. “നാലുകെട്ടിൽ നിന്ന് പുറത്താക്കിയാലും തമ്പുരാട്ടിയെ അടിയൻ നയിച്ച് കൊണ്ടുവന്നു നോക്കും” എന്ന് അവർ എഴുത്തിലെ കുലപതിക്കു വേണ്ടി ഒരുമ്പെട്ടു. ആ പുസ്തകരചന തീർച്ചയായും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും. അതെങ്ങിനെയായിരുന്നു?
ഉത്തരം:
ആ ചോദ്യത്തിലേയ്ക്ക് ഞാനിപ്പോൾ വരുന്നില്ല.
ചോദ്യം:
17 1/2 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക! ഈ പ്രായത്തിൽ അത് വലിയൊരു നേട്ടമാണ്. എഴുത്തു ജീവിതത്തെ പറ്റിയാവട്ടെ അടുത്ത ചോദ്യം. എന്ന് തുടങ്ങി, വഴിയിലെ അനുഭവങ്ങൾ, ഇനിയുള്ള ലക്ഷ്യങ്ങൾ ..
ഉത്തരം:
ഞാൻ എച്മുക്കുട്ടി .
തിരുവനന്തപുരത്ത് ജനനം. ഇപ്പോള്‍ താമസിക്കുന്നതും അവിടെത്തന്നെ. എം. എ. വരെ പഠിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്ര ചെയ്യുകയും ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തു.
വായന, എഴുത്ത്, യാത്ര, വിവിധ തരം ജോലികള്‍, കുറച്ചു സുഹൃത്തുക്കള്‍, ഈ ജീവിതം പകര്‍ന്ന അനുഭവപാഠങ്ങള്‍… ഇതാണ് എഴുത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട മൂലധനം.
‘എച്മുവോട് ഉലകം’ എന്ന ബ്ലോഗിലും ഫേസ്ബുക്കിലും ജ്യോതിസ്, തര്‍ജ്ജനി, മലയാളം ന്യൂസ്, നാലാമിടം, അഴിമുഖം, നവമലയാളി, മലയാള നാട്, ബിലാത്തി മലയാളം, പ്രതിലിപി, ഏഷ്യാനെറ്റ്, ദേശാഭിമാനി, മംഗളം,മാതൃഭൂമി തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ന്യൂസ് മാഗസിനുകളിലും എഴുതിയിട്ടുണ്ട്.
മാധ്യമം ദിനപ്പത്രത്തിന്റെ കുടുംബ മാധ്യമം പേജില്‍ ‘സ്വകാര്യ’ മെന്ന കോളം രണ്ടര വർഷക്കാലം എഴുതി. സിറാജ് ഫ്രൈഡേ, വര്‍ത്തമാനം പത്രം, കേരള കൗമുദി ഓണപ്പതിപ്പ്, കുങ്കുമം, മാതൃഭൂമി , മാധ്യമം എന്നീ വാരികകൾ, മാധ്യമം വാരികയുടെ ഗൃഹം പതിപ്പ്, എക്‌സ്‌ക്ലൂ സീവ് വാരിക, ഗാഫ് , സ്ത്രീശബ്ദം പുടവ, പ്രസക്തി , അസ്സീസ്സി, സംഘടിത, കുടുംബമാധ്യമം, പച്ചക്കുതിര,അക്ഷരകൈരളി തുടങ്ങിയ മാസികകൾ, മാതൃഭൂമി പത്രം, ഗൃഹലക്ഷ്മി ദ്വൈവാരിക, വിവിധ ഓണപ്പതിപ്പുകൾ എന്നിവയില്‍ കഥകളും നോവലും യാത്രക്കുറിപ്പുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൂന്നുവർഷത്തോളം പ്രസാധകൻ മാസികയിൽ ‘കള്ളിമുള്ളുകൾ പൂവിടുമ്പോൾ’ എന്ന കോളം എഴുതി. മാതൃഭൂമി ഓൺലൈനിൽ ‘എച്മുവിൻറെ ലോകം’ എന്നൊരു കോളവും എഴുതി.
ബ്ലോഗ് രചനകളുടെ സമാഹാരങ്ങളായ മൗനത്തിനപ്പുറത്തേക്ക്, ബ്ലോഗ് സുവനീര്‍, നേരുറവകള്‍, ഭാവാന്തരങ്ങള്‍, ഗ്രീഷ്മ ജ്വാലകൾ കഥാമിനാരങ്ങള്‍, എന്റെ പുരുഷന്‍, ഒറ്റ നിറത്തില്‍ മറഞ്ഞിരിക്കുന്നവര്‍, കഥ പറയും കടലുകള്‍, മറക്കാൻ മറന്നത്, റെഡ് ചെറി ചെയ്ത മുപ്പത്തിമൂന്നു കഥകൾ, അതിജീവനത്തിൻറെ പുസ്തകം എന്നീ ബുക്കുകളില്‍ പങ്കാളിയായി.
അമ്മീമ്മക്കഥകള്‍, എച്മുക്കുട്ടിയുടെ കഥകൾ’ അസത്ത് എന്നീ കഥാസമാഹാരങ്ങൾ, വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍, വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്, ചൊക്ളി, സ്നേഹമതിലുകൾ, 18 അഥവാ സുജാതാദണ്ഡകം,എന്നീ നോവലുകൾ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥ, ജീവിതമാണ്, അമ്മീമ്മ സ്പർശങ്ങൾ, കമോൺട്രാ മംഗിണീസ്, ആത്മകഥയുടെ മുഖവുരയായ അമ്മച്ചീന്തുകൾ എന്നീ ഓർമ്മക്കു റിപ്പുകൾ, എച്മുക്കുട്ടിയുടെ അനുഭവങ്ങൾ, ശേഷം ഞാൻ എന്നീ അനുഭവക്കുറിപ്പുകൾ, പുടവത്തുമ്പിൽ ഒതുക്കി വെച്ച വിപ്ളവങ്ങൾ എന്ന ലേഖന സമാഹാരം, എച്മുവിൻറെ യാത്രകൾ എന്ന യാത്രാക്കുറിപ്പുകൾ എന്നിവ പുസ്തകങ്ങളായിട്ടുണ്ട്. എംറ്റി സ്പേസ് എന്ന പുസ്തകത്തിൽ പങ്കാളിയാണ്.
കവർ: ജ്യോതിസ് പരവൂർ
