പൂമുഖം LITERATUREകഥ ചാരനിറമുള്ള ആകാശങ്ങൾ

ചാരനിറമുള്ള ആകാശങ്ങൾ

 

തങ്കം ഫിലിപ്പ് ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് ലിഫ്റ്റിൽ കയറുന്നത് നാലാം നിലയിലെ തന്റെ ക്യാബിനുള്ളിലിരിക്കുന്ന ആനന്ദന് കൃത്യമായിട്ട് അറിയാൻ സാധിക്കുമായിരുന്നു. ലിഫ്റ്റ് നാലാം നിലയിലെത്തുന്നതും അതിന്റെ വാതിലുകൾ തുറന്നടയുന്നതും ആനന്ദന്റെ കാതുകൾ ഏകാഗ്രമായി പിടിച്ചെടുത്തു.

തങ്കം ഫിലിപ്പ് ഉപയോഗിച്ചിരുന്ന ബോഡി സ്പ്രേയുടെ കുപ്പിച്ചില്ലു പോലെ കൂർത്ത ഗന്ധമാണ് ആദ്യം ആനന്ദന്റെ മൂക്കിൽ വന്നു തറച്ചിരുന്നത്. പിന്നാലെയാണ് അവരുടെ ‘ഗുഡ് മോണിങ്ങ് ‘ആനന്ദന്റ കാതുകളിൽ വന്നു വീഴുക. ഗന്ധങ്ങളിലെ സ്ത്രൈണത എന്താണെന്ന് ആനന്ദൻ മനസ്സിലാക്കിയത് തങ്കം ഫിലിപ്പ് ഉപയോഗിച്ചു പോന്ന സുഗന്ധലേപനങ്ങളിൽ നിന്നായിരുന്നു. മർച്ചന്റ് നേവിയിയിലെ ഉദ്യോഗസ്ഥനായ തങ്കം ഫിലിപ്പിന്റെ ഭർത്താവിന് ലോകത്തിന്റെ ഏതു കോണിൽ നിന്നും ഏറ്റവും മുന്തിയ സുഗന്ധദ്രവ്യങ്ങൾ അവർക്ക് സമ്മാനിക്കാനാകുമായിരുന്നു.

ഓഫീസ് മേധാവിയായ ആനന്ദൻ കൃത്യസമയത്തു തന്നെ ജോലിക്ക് എത്തിച്ചേരുമായിരുന്നു. മറ്റുള്ളവർക്കൊക്കെ അയാൾ അര മണിക്കൂർ വരെ ഇളവ് അനുവദിച്ചിരുന്നു.സൂപ്രണ്ട് ആയ തങ്കം ഫിലിപ്പിനും ആ ഇളവ് ബാധകമായിരുന്നു.അവർ പക്ഷേ അത്തരം സൗജന്യങ്ങളൊന്നും കൈപ്പറ്റിയില്ല. ആനന്ദനു തൊട്ടുപിറകെ അവരും ഓഫീസിലെത്തി.

ഓഫീസിൽ മൂന്നാമതായി കൃത്യനിഷ്ഠയോടെ എത്തിയിരുന്നത് തിളങ്ങുന്ന കുന്നിമണിക്കണ്ണുകളും ചുവന്ന കൊക്കും ഉള്ള ഒരു സുന്ദരി പ്രാവായിരുന്നു. ഓഫീസിന്റെ പടിഞ്ഞാറെ ജനൽപ്പടിമേലാണ് അവൾ ആദ്യം പറന്നു വന്നിരിക്കുക.
അല്പം കഴിഞ്ഞ് ക്യാബിനുള്ളിലേക്ക് പറന്ന് ആനന്ദന്റെ മേശയുടെ മുകളിൽ അയാൾക്ക് അഭിമുഖമായി വന്നിരിക്കും. ആനന്ദന്റെ മനോവ്യാപാരങ്ങളെല്ലാം അയാളുടെ മുഖത്തു നോക്കി ഗ്രഹിച്ചിട്ടെന്നോണം തൊട്ടപ്പുറത്തെ തങ്കം ഫിലിപ്പിന്റെ ക്യാബിനിലേക്ക് പറക്കും.
പിന്നെ റെക്കോഡ് റൂമിലെ ഫയൽ റാക്കുകൾക്കിടയിൽ അപ്രത്യക്ഷയാകും.

പതിനൊന്നു മണിച്ചായയുടെ തേയില വേവാൻ തുടങ്ങുന്ന മണം ഗ്രൗണ്ട് ഫ്ലോറിലെ കൻറീനിൽ നിന്ന് ഉയരുന്ന അതേ നിമിഷത്തിൽ
ചാരനിറമുള്ള, വിരസമായ ആകാശത്തിന്റെ ഒരു തുണ്ട് പൊടുന്നനെ ജീവൻ വച്ച് അടർന്നു വരുന്നതു പോലെ അവളുടെ ഇണപ്രാവ് ജനൽപ്പടിമേൽ പറന്നിറങ്ങും.

ഫയലുകളുടെ അട്ടികൾക്കിടയിലൂടെ അലസമായി ഓരോന്ന് കൊത്തിപ്പെറുക്കി നടന്നിരുന്ന അവൾ പെട്ടെന്ന് ഒരു പൂത്തിരുവാതിരപ്പെണ്ണായി മാറും.

ഓഫീസിന്റെ മുറുകി നിൽക്കുന്ന ഔദ്യോഗിക ഗൗരവത്തെ നേർപ്പിച്ചു കൊണ്ട് രണ്ടുപേരും പ്രേമകേളികളിൽ ഏർപ്പെടാൻ തുടങ്ങും.

” ആണിനെ കൊത്തി ചൊറിഞ്ഞിടുന്നു, നാണമാർന്നൂളിയിട്ടോടിടുന്നു …..” എന്ന മട്ടിലാവും ലീലകൾ.

“ഒരു കൊഴഞ്ഞാട്ടോം നടപ്പും രണ്ടിന്റേം”
ലീലകൾ മുറുകി വരുമ്പോൾ തങ്കം ഫിലിപ്പ് പേപ്പർ വെയ്റ്റെടുത്ത് അവയെ എറിയാൻ
ഓങ്ങും, “സ്വസ്ഥമായിട്ടിരുന്ന് ജോലി ചെയ്യാനും സമ്മതിക്കുകേല.”

നാല്പതു പിന്നിട്ട തങ്കം ഫിലിപ്പിന്റെ താണു തുടങ്ങുന്ന ഈസ്ട്രജൻ ലെവലാണ് അവരുടെ വിറളിക്കു കാരണം എന്ന് ആനന്ദൻ ഊഹിച്ചു.

കൗമാരപ്രായമുള്ള മക്കളുടെ അച്ഛനായിരുന്നുവെങ്കിലും ആനന്ദന്റെ യൗവ്വനം ഹെയർ ഡൈയുടെ നാച്ചുറൽ ബ്ലാക്ക് കളറിൽ തല്ക്കാലം ഭദ്രമായിരുന്നു.

സൂപർ ആന്യുവേഷൻ റിട്ടയർമെന്റിലേക്കു കാലുനീട്ടി ഇരിക്കുന്നവരായിരുന്നു ഓഫീസിലെ മറ്റുള്ളവരെല്ലാം. ഇണപ്രാവുകളുടെ സാന്നിധ്യം അവരുടെ കണ്ണിൽ പെട്ടിട്ടുള്ളതായി തന്നെ ആനന്ദന് തോന്നിയില്ല.

ലഞ്ച് ബ്രെയ്ക്കിന് പ്രാവുകൾ രണ്ടും ജനൽപ്പടിമേൽ വെയിലിന് പുറംതിരിഞ്ഞിരുന്ന് അല്പമൊന്ന് മയങ്ങും. ഉണർന്നു കഴിഞ്ഞാൽ വൈകിട്ട് പിരിയുന്നതുവരെ പരസ്പരം ചുണ്ടു കോർത്തും തൂവൽ കോതി മിനുക്കിയും ചെവിയിൽ രഹസ്യമോതിയും ഇരിക്കും.

ഒരു ദിവസം പ്രേമകേളികൾക്കിടെ,കറങ്ങുന്ന ഫാനിൽത്തട്ടി പ്രാവുകളിലൊന്ന് തെറിച്ചു വീണു.ഇണയായ ആൺ പ്രാവായിരുന്നു അത്. മുറിവേറ്റ് ചോര കിനിഞ്ഞ് തറയിൽ കിടന്ന അതിനെ ശുശ്രൂഷിക്കാൻ മുന്നിൽ നിന്നത് തങ്കം ഫിലിപ്പായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിലെ ബിറ്റാഡിനും കോട്ടണും ഒരു മനുഷ്യനു വേണ്ടിയല്ലാതെ ആദ്യമായി അന്ന് ഉപയോഗിക്കപ്പെട്ടു.

എങ്കിലും പ്രാവുകൾ രണ്ടും ഓഫീസിലെത്തുന്നതോടെ തങ്കം ഫിലിപ്പ് ഈർഷ്യ പിടിച്ചു തുടങ്ങി.

ജോലിയിലെ ഏകാഗ്രത തകിടം മറിയുന്നത് പുറത്തറിയാതിരിക്കാൻ ആനന്ദനും നന്നേ പാടുപെട്ടു.

പ്രാവുകൾ വരാത്ത ചില ദിവസങ്ങളിൽ മൗനം ഒരു പെയ്യാമേഘം പോലെ അവർക്കിടയിൽ കനത്തു തൂങ്ങി . തമ്മിൽ എന്തെങ്കിലും സംസാരിച്ചാൽ തന്നെ ഉദ്ദേശിച്ച വാക്കുകളാണ് പുറത്തു വരുന്നതെന്ന് ഇരുവരും രണ്ടുവട്ടം ഉറപ്പിച്ചു.

അങ്ങനെയിരിക്കെ തങ്കം ഫിലിപ്പ് നീണ്ട ലോസ് ഓഫ് പേ അവധിയെടുത്തു പോയി.

ചാരനിറമുള്ള, വിരസമായ ആകാശത്തിന്റെ ഒരു തുണ്ട് പൊടുന്നനെ ജീവൻ വച്ച് അടർന്നു വരുന്നതു പോലെ ജനൽപ്പടിമേൽ പറന്നിറങ്ങാറുള്ള ആൺപ്രാവും പിന്നീട് വരാതായി.

Comments

മുൻ വ്യോമ സൈനികൻ.
ഇപ്പോൾ ഇന്ത്യൻ ഓഡിറ്റ് ആൻറ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് ഓഡിറ്റ് ഓഫീസർ.
വിവാഹിതൻ.
രണ്ടു മക്കളുടെ അച്ഛൻ.

You may also like