പൂമുഖം EDITORIAL ദേശീയത ഒരു തെരഞ്ഞെടുപ്പ് വിഷയമാകുമ്പോൾ.

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു: ദേശീയത ഒരു തെരഞ്ഞെടുപ്പ് വിഷയമാകുമ്പോൾ.

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ോക്‌സഭ തെരഞ്ഞെടുപ്പുകൾ ഏതെങ്കിലും ഒരു ദേശീയ പ്രശ്‌നത്തിന്റെ,വ്യക്തിയുടെ, വിജയ പരാജയത്തിലൂടെയാണ് ഏറെക്കുറെ തീരുമാനിക്ക പ്പെടാറുള്ളത്. ഭരിക്കുന്ന പാർട്ടിയുടെ നീക്കങ്ങൾ നോക്കിക്കാണുമ്പോൾ ഇത്തവണ അത് ദേശീയതയുടെ പേരിൽ ആണ് ഉരുത്തിരിയുന്നത് എന്ന് പറയേണ്ടി വരും..
രാഷ്‌ട്രീയം, തെമ്മാടിയുടേതെന്നതു പോലെ ദേശീയത, പരാജയപ്പെട്ട ഭരണാധികാരിയുടെ അവസാന ആശ്രയമാണ് .
സ്വന്തം രാഷ്‌ട്രീയ ഭാവി അപകടത്തിലായപ്പോൾ ഇത്തരമൊരു ദേശീയത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്, ഒരു അടിയന്തിരാവസ്ഥ വഴി, ഇന്ദിരാ ഗാന്ധി നമുക്ക് കാണിച്ചു തന്നിട്ടുണ്ട് ..

‘അച്ഛേ ദിൻ’ കൊണ്ട് വന്ന പ്രധാന മന്ത്രി, താൻ തന്നെ കുഴിച്ച കുഴിയിൽ നിന്ന് കരകേറാൻ ‘ദേശീയത’യല്ലാതെ ഒരു വഴിയും കാണാതെ പകച്ചു നിൽക്കുന്ന അവസ്ഥയിലാണ്. ‘ഇന്ത്യ ഷൈനിങ്’ പോലെ ‘അച്ഛേ ദി’നും, അത്ര എളുപ്പമല്ല എന്ന് അദ്ദേഹത്തിന് ബോദ്ധ്യമായിരിക്കുന്നു ‘സബ് കെ സാഥ് സബ് കാ വികാസ്; (എല്ലാവരുടെയും കൂടെ എല്ലാവര്ക്കും വികസനം) ,സ്വന്തം കക്ഷിക്കാർ തന്നെ തങ്ങളുടേതായ ഹിന്ദുത്വം കൊണ്ട് ഒരുതരം കൂട്ട് ഉപ്പിലിട്ടത് (മിക്‌സ്ഡ് പിക്ക്ൾ ) ആക്കിയെടുത്തിരിക്കുന്നു എന്നും അദ്ദേഹം അറിയുന്നു .

ഫ്യൂഡൽ , മധ്യകാല മത വെറിയുടെ രാഷ്‌ട്രീയ കളി ഇന്ത്യയുടെ മുഖം തന്നെ മാറ്റുന്ന ഒരു സ്ഥിതി വിശേഷത്തിൽ ആണിന്ന് നാം. അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഗാന്ധിയുടെ സമാധാനത്തിന്റെ ഭൂമി വികൃതമായ രൂപഭാവങ്ങൾ കൈക്കൊള്ളുന്നു. പാകിസ്ഥാൻ സമാധാന ദൂതനായും, ഇന്ത്യ യുദ്ധവെറിയനായും വരുന്ന ഒരു സ്ഥിതി വിശേഷം.

വ്യാജ മതേതരത്വം പറഞ്ഞ്, ഹിന്ദുവത കൊണ്ടുവരുന്നത് പോലെ എളുപ്പമല്ല,ലോകം മുഴുവൻ നടന്ന് ഇന്ത്യ വലിയ രാജ്യമാണെന്ന് മാലോകരെ ധരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയെ ഡബിൾ സ്പീക്ക് രാജ്യക്കാരായാണ് മിക്ക പടിഞ്ഞാറൻ രാജ്യങ്ങളും ഇന്ന് കാണുന്നത് ഇത്‌ പഴയ ഗുജറാത്ത് മുഖ്യമന്ത്രിക്ക് അറിയാതെ പോകുന്നത് അദ്ദേഹത്തിന്റെ നാട്ടിൽ, അമേരിക്കൻ വിസയാണ് മോക്ഷത്തിലേയ്ക്കുള്ള ഒറ്റ വഴി എന്ന് കരുതപ്പെടുന്നത് കൊണ്ടാകണം.

ഒരു പക്ഷെ അത് കൊണ്ടാകണം, ഗുജറാത്ത് കലാപത്തിന് ശേഷം അമേരിക്കൻ വിസ നിഷേധിക്കപ്പെട്ട അദ്ദേഹത്തെ പറ്റി, ഒരു ഗുജറാത്തി ‘അമേരിക്കൻ വിസയ്ക്ക് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി വരെ ആകും’ എന്ന് ഒരു നാഗരിക തമാശ ഉണ്ടായത് ..

സംഘ പരിവാർ ഭരണവഴി എന്നത് കൊണ്ട് എന്താണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് വളരെ ഭംഗിയായി, കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഒരു സിനിമ ട്രെയ്‌ ലർ പോലെ അവർ നമുക്ക് കാണിച്ചു തന്നിരിക്കുന്നു. വികസനത്തിന്റെ പേര് പറഞ്ഞ് ,ഒരു മത സമൂഹത്തെ ഒറ്റപ്പെടുത്തുക, പശുവിന്റെ ക്ഷേമം പറഞ്ഞ് അതേ മത സമൂഹത്തെ ആൾക്കൂട്ട കൊലപാതകത്തിന് വിധേയരാക്കുക. ജനാധിപത്യം എന്നാൽ ഒരു ഐഡിയോളജിയുടെ മാത്രം ഇടം എന്ന് വരുത്തി തീർക്കുക. എല്ലാ അധികാരവും പ്രധാനമന്ത്രിയുടെ കീഴിൽ കൊണ്ട് വന്ന് , മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്തം എന്നത് ഒരു പ്രഹസനം ആക്കുക. ലോകം ഉണ്ടായതു മുതൽ,ചില കാര്യങ്ങൾ ആദ്യമായി ചെയ്യുന്നത് തങ്ങളാണെന്ന് വീമ്പടിക്കുക. കഴിഞ്ഞ 70 വർഷത്തെ മുഴുവൻ പുരോഗമനങ്ങൾ ഒന്നുമല്ല എന്നു പ്രഖ്യാപിക്കുക. സ്വയം അവതാരമെന്നു ധരിച്ചു , എല്ലാറ്റിനും പരിഷ്‌കൃത ലോകത്തെ ചിരിപ്പിക്കുന്ന തിയറികളും നോട്ടുനിരോധനം പോലെയുള്ള പ്രശ്ന പരിഹാരങ്ങളും കൊണ്ട് വരുക, എല്ലാ ജനാധിപത്യ സംവിധാനങ്ങളിലും , കഴിയുന്നതും വരുതിക്ക് നിൽക്കുന്നവരെ കൊണ്ട് വന്ന് നിറക്കുക. അന്വേഷണ ഏജൻസികളെ , വേട്ട പ്പട്ടികളെ പോലെ ഉപയോഗിച്ച് പ്രതിപക്ഷത്ത് ഇരിക്കുന്നവരേയും വരുതിക്കോ, സ്വന്തം ക്യാമ്പിലേക്കോ കൊണ്ട് വരുക എന്നീ കലാ പരിപാടികളിലൂടെ ഒരു പുതിയ രാഷ്‌ട്രീയ സംസ്കാരം –സംശുദ്ധിയുടെ പേരിൽ ഉണ്ടാക്കിയെടുക്കുക….. ഇതൊക്കെയാണ് ഏകദേശം ജർമനിയിൽ നാഷണൽ സോഷ്യലിസ്റ്റ് നേതാവ് ഹിറ്റ്ലറിൻറെ ശൈലിയിൽ നരേന്ദ്ര മോഡി ചെയ്തു വന്നത്. വടക്കേ ഇന്ത്യയിൽ സംഘ പരിവാറിന് നല്ല വേരോട്ടമുള്ള രാജസ്ഥാൻ, മധ്യ പ്രദേശ്, ഛത്തിസ്‌ഗർ എന്ന സംസ്ഥാനങ്ങളിൽ അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൽ നിന്ന് ഏറ്റ പരാജയം ഇപ്പോൾ അവരെ ആശയ കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. തങ്ങളുടെ പതിനഞ്ചു വർഷത്തോളമുണ്ടായിരുന്ന ഭരണവും മോഡി പ്രഭാവവും ഒക്കെ പൊടുന്നനെ ജനം തള്ളിക്കളഞ്ഞിരിക്കുന്നതിന്റെ ഞെട്ടലിൽ നിന്ന് പുറത്തുവരാൻ കഴിഞ്ഞിട്ടില്ല. യൂ പി യും ബിഹാറും മണ്ഡൽ രാഷ്‌ട്രീയത്തിന്റെ പ്രദേശങ്ങൾ ആണ്- അവിടെ ഹിന്ദുവത അത്ര അനായാസമായി വേരോടില്ല.. അയോദ്ധ്യ രാമ ക്ഷേത്ര നിർമാണം സുപ്രീം കോടതി വിട്ടുകൊടുക്കുന്നുമില്ല… അതിനിടെയാണ്- റാഫേൽ ആരോപണങ്ങൾ കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്‌. അനിൽ അംബാനി എന്ന പാപ്പരായിരിക്കുന്ന വ്യവസായിക്ക് മുപ്പതിനായിരം കോടി രൂപയുടെ ഓഫ്സെറ്റ് കോൺട്രാക്ട് റാഫേൽ വഴി വന്നത് മോദിജിയെ കുഴക്കിയിരിക്കുകയാണ്. മറ്റൊരു കടക്കേസിൽ, ‘പണം കൊടുത്തില്ലെങ്കിൽ ജയിൽ’ എന്ന സുപ്രീംകോടതി വിധിയും അനിൽ അംബാനിക്ക് മുന്നിലുണ്ട്. ബി ജെ പിക്ക് പ്രശ്‌നം ഒരു വലിയ തലവേദനയാണ്. ഇലക്ഷന് മുൻപ് അനിൽ അംബാനി ജയിൽ വാസത്തിനു വിധിക്കപ്പെട്ടാൽ , അത് മോഡിയുടെയും തകർച്ചക്ക് വഴി തെളിക്കും.

പക്ഷെ ചാണക്യ തന്ത്രങ്ങളിൽ വിശാരദർ ആയ മോഡി – അമിത് ഷാ കൂട്ടുകെട്ടിനെ ആരും തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ, പ്രചാരണത്തിൽ കുറച്ചു കാണുന്നില്ല. പുൽവാമ ഭീകര ആക്രമണത്തെ, ദേശീയതയിൽ, പാക്കിസ്ഥാൻ ഇടപെടലിൽ, കൂട്ടിക്കെട്ടി തന്റെ എല്ലാ പരാജയങ്ങളേയും, ജനങ്ങളുടെ സംശയങ്ങളേയും മറയ്ക്കുന്ന പ്രചാരണ തന്ത്രമാണ് അവർ ഇപ്പോൾ കാഴ്ച വെയ്ക്കുന്നത്.ഇന്ദിരാ ഗാന്ധിയുടെ എമർജൻസി ശൈലിയിൽ അദ്ദേഹം രണ്ടാഴ്ച കൊണ്ട് ഏകദേശം നൂറിൽ അധികം പദ്ധതികൾ ഉൽഘാടനം ചെയ്തു, തറക്കല്ലിട്ടു, ‘വികാസ്’ തന്റെ കൂടെ എന്ന് അദ്ദേഹം ജനങ്ങളോട് പറയുന്നു.

ഏകദേശം മുപ്പതിനായിരം കോടി രൂപ ചിലവഴിച്ച് എല്ലാ മാധ്യമങ്ങളേയും ഉപയോഗിച്ചുള്ള ഒരു പ്രചാരണ പദ്ധതിക്കാണ് ബി ജെ പി രൂപം കൊടുത്തിരിക്കുന്നത്. ഹിന്ദുവും എൻ ഡി ടി വിയും ഒഴിച്ചുള്ള മിക്ക ദേശീയ മാധ്യമങ്ങളേയും അവർ മുമ്പേ തന്നെ വരുതിയിൽ കൊണ്ടുവന്നിരുന്നു . സോഷ്യൽ മീഡിയ,ഡിജിറ്റൽ മീഡിയ തുടങ്ങിയ വയെ, കാശെറിഞ്ഞ് സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു .

മറുവശത്താകട്ടെ, പ്രതിപക്ഷ മഹാസഖ്യം ഇപ്പോളും പല തട്ടിൽ ആണ്. മോഡി സർക്കാരിനെ കുറിച്ച് ജനങ്ങൾക്കുള്ള അതൃപ്തി അവർക്ക് ആവാഹിക്കാൻ കഴിയുമോ എന്ന സംശയം നിലനിൽക്കുന്നു. ഇവിടെയാണ് കോൺഗ്രസ്സിന്റെ നേതൃത്വ പാടവം ഉയരേണ്ടത് . അഞ്ചു സംസ്ഥാനങ്ങൾ ഭരിക്കുന്നവർക്ക് , തങ്ങളുടെ പഴയ പാർട്ടിയെ അവസരത്തിന് അനുസരിച്ച്‌ ഉയർത്താൻ കഴിയുമോ എന്നാണറിയേണ്ടത്
മോഡി സര്ക്കാരിൽ ജനങ്ങൾക്കുള്ള അതൃപ്തി എങ്ങനെ രാഷ്‌ട്രീയമായി മുതലാക്കാം എന്നത് ആവണം അവരുടെ മുന്നിലെ പ്രശ്നം. ബി ജെ പി യെ പോലെ കാശെറിഞ്ഞു പ്രചാരണം നടത്തുവാൻ അവരുടെ ഖജനാവ് അനുവദിക്കും എന്ന് തോന്നുന്നില്ല. രാഹുൽ ഗാന്ധിയോടൊപ്പം  കഴിവുറ്റ ഒരു സംഘം പ്രവർത്തകരുണ്ട് പരിചയക്കുറവ് ഒരു വലിയ പരിമിതിയാണ്. അവരുടെ പ്രവർത്തനം ലക്ഷ്യപ്രാപ്തിയെ എത്രകണ്ട് സഹായിക്കുമെന്ന് കണ്ടറിയണം ഈ കാര്യത്തിൽ കോൺഗ്രസ്സിനൊപ്പം നിൽക്കുവാൻ ദേശീയമായി ഒരു പ്രതിപക്ഷ പാർട്ടിയും ഇല്ല എന്നത് പ്രശ്‌നത്തെ ഗുരുതരമാക്കുന്നു തമിഴ് നാടും, മഹാരാഷ്ട്രയും ഒഴികെ എല്ലായിടത്തും മഹാസഖ്യ പാർട്ടികൾ കോൺഗ്രസ്സുമായി, സംസ്ഥാനങ്ങളിൽ, മത്സരിക്കുകയാണ്. സി പി എം പോലെയുള്ള കക്ഷികൾ ദേശീയമായി കോൺഗ്രസ്സുമായി ചേർന്നു നിൽക്കുമ്പോൾ, അവരുടെ ശക്തികേന്ദ്രങ്ങൾ കോൺഗ്രസിന് എതിരാണ്. ബംഗാളിൽ ഒരു തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുവാൻ അവർ ബദ്ധപ്പെടുന്നു. ഏകദേശം പകുതിയിൽ കൂടുതൽ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ആണ് പ്രധാന പ്രതിപക്ഷ പാർട്ടി എന്നത് അവരുടെ പ്രാധാന്യം വർധിപ്പിക്കുന്നു.

ഇവിടെയാണ് മോദിയും, ബി ജെ പിയും തങ്ങളുടെ വിജയം കാണുന്നത്. തങ്ങളുടെ ലോക സഭയിൽ അംഗ സംഖ്യ കുറഞ്ഞാലും, പ്രാദേശിക പാർട്ടികളെ കൂട്ട് പിടിച്ച് ഒരു മന്ത്രിസഭ ഉണ്ടാക്കാമെന്ന് അവർ കരുതുന്നു. ഇരുന്നൂറിൽ പരം സീറ്റുകൾ ലോക് സഭയിൽ നേടിയാൽ മാത്രമേ അത് നടക്കൂ എന്ന് അവർക്കും അറിയാം. ഈ അറിവാണ് അടുത്ത തെരഞ്ഞെടുപ്പിനെ തീപാറുന്ന മത്സരം ആക്കുന്നത്. ഒരു കാര്യം തീർച്ചയാണ്. സംഘ പരിവാർ പറയുന്ന ഹിന്ദുവത വടക്കേ ഇന്ത്യക്കാർ ഉപേക്ഷിച്ചു കഴിഞ്ഞു . എന്നാൽ മോഡി സർക്കാർ ചെയ്ത പല പോപ്പുലിസ്റ്റ് പദ്ധതികളുടെ ഫലം അവർക്കു ലഭിക്കുമോ എന്നാണ് അറിയേണ്ടത്. പതിനഞ്ചു കോടി വോട്ടർമാർ അനുകൂലിച്ചപ്പോൾ 31 ശതമാനം വോട്ട് നേടി ബി ജെപി കഴിഞ്ഞ തവണ വിജയിച്ചു. ജനക്ഷേമ പദ്ധതികൾ പത്തു കോടിയെ കൂടി തങ്ങളുടെ പക്ഷത്തേക്ക് കൊണ്ട് വന്ന് , വീണ്ടും അധികാരത്തിൽ എത്തിക്കും എന്ന് അവർ കരുതുന്നു. അത് മാത്രമല്ല തീവ്ര ദേശീയത തങ്ങളുടെ എല്ലാ പരാജയങ്ങളേയും മറയ്ക്കുമെന്നും അവർ കണക്കുകൂട്ടുന്നു. അത് തന്നെ ആണ് പാക്കിസ്താന് എതിരെയുള്ള നീക്കങ്ങൾ, ആക്രമണങ്ങൾ, കാണിക്കുന്നത്.

കർഷക പ്രശ്നങ്ങൾ, നോട്ടു നിരോധനം , ജി സ് ടി പരിഷ്കാരങ്ങളുടെ തിക്ത ഫലങ്ങൾ ഒക്കെ എങ്ങനെ ജനങ്ങളെ സ്വാധീനിക്കും എന്ന് കൂടി അറിയേണ്ടിയിരിക്കുന്നു.

Comments
Print Friendly, PDF & Email

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

You may also like