പൂമുഖം LITERATUREകഥ മീനുവിന്‍റെ നട്ടുച്ചകള്‍

മീനുവിന്‍റെ നട്ടുച്ചകള്‍

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

മഴ ആര്‍ത്തലച്ചുപെയ്യുകയാണ്. കാറ്റും വീശിയടിക്കുന്നുണ്ട്. പുതപ്പില്‍ ഒന്നുകൂടി ചുരുണ്ടുകിടക്കുവാന്‍ അവള്‍ക്ക് കൊതി തോന്നി. മഴപെട്ടെന്നുതന്നെ നിലച്ചപ്പോൾ ആശ്വാസമാണ് തോന്നിയത്.

സമയം ഇനിയും നല്ലതുപോലെ വെളുത്തിട്ടില്ല. കടപ്ലാവിന്‍റെ ചുറ്റുവട്ടത്തില്‍ തമ്പടിച്ച കട്ട ഇരുട്ട് നീങ്ങിത്തുടങ്ങുന്നതേയുളളു. അകലെ അമ്പലത്തില്‍ നിന്നുമുളള പാട്ടിന്‍റെ ശബ്ദം നേരിയതായി അലയടിക്കുന്നുണ്ട്. തിടുക്കത്തില്‍ എഴുന്നേറ്റു അച്ഛനുവേണ്ടി അല്പം കട്ടന്‍ കാപ്പിയിട്ട് അവളും കുടിച്ചു.

പാവപ്പെട്ട വീട്ടിലെ സുന്ദരിയായ മീനു.

അവളുടെ ശരീരത്തില്‍ ഒരുതരിപ്പോന്നുപോലുമില്ലെന്നുളളത് അവളുടെ അമ്മക്ക് എപ്പോഴും ആവലാതി തന്നെയായിരുന്നു. ചിലപ്പോഴൊക്കെ അച്ഛനോട് പറഞ്ഞിരുന്നു.

“പെണ്ണ് പ്രായം തികഞ്ഞുനില്ക്കുകയാ, അതിന്‍റെ വിചാരം വല്ലതും നിങ്ങള്‍ക്കുണ്ടോ? ഒരു തരിപ്പൊന്നെങ്കിലും അവള്‍ക്ക് ഇട്ടുകൊടുക്കേണ്ടേ?”

അതൊന്നും അച്ഛന്‍ കേട്ടതായി ഭാവിക്കാറേ ഇല്ല.വഴിയില്‍ വച്ച് ആണ്‍പിളേളരുടെ കമന്‍റുകള്‍ കേള്‍ക്കുമ്പോഴും അച്ഛന് ദ്വേഷ്യം അവളോടുതന്നെ.പിന്നീട് തനിക്ക് എല്ലാമായ അമ്മയുടെ ആകസ്മിക മരണവും അവളെ കൂരിരുട്ടിലാക്കി.

പുത്തന്‍ വീട്ടിലെ മധു ഒരുദിവസം മീനുവിന്‍റെ അച്ഛനോട് പറഞ്ഞു.

“എനിക്ക് മീനുവിനെ കല്യാണം കഴിക്കണമെന്നുണ്ട്. രണ്ടു മാസം കഴിഞ്ഞാല്‍ ഞാന്‍ ഇവളുടെ കഴുത്തില്‍ മിന്നുകെട്ടാം”

അച്ഛന് സന്തോഷമായിരുന്നു. കാരണം സ്ത്രീധനമായി അയാൾ ഒന്നും ചോദിച്ചിട്ടില്ല.അവളുടെ സ്വപ്നങ്ങളില്‍ നിലാവ് പരക്കാന്‍ തുടങ്ങി. ഒത്തൊരുമിച്ചുളള ജീവിതം, കുട്ടികള്‍, വീട്…….

പിന്നീടുളള ദിവസങ്ങളില്‍ ആകാശത്ത് നിലാവു പരക്കുമ്പോഴൊക്കെ അവള്‍ സ്വപ്നങ്ങളില്‍ മുങ്ങിക്കിടന്നു.

ഒരു ദിവസം അച്ഛന്‍ വളരെ തത്രപ്പെട്ട് വീട്ടിലേക്ക് കയറി വരുന്നതുകണ്ട് കാര്യമറിയാന്‍ അവള്‍ ഓടിയെത്തി.

“ഈ വിവാഹം നടക്കില്ല”

“എന്തേ?”

“അയാള്‍ ചതിയനാണ്”

“ആര്?”

“പുത്തന്‍ വീട്ടിലെ മധു. അവന് വേറെ ഭാര്യയും മക്കളും ഉണ്ടുപോലും.”

മീനു നടുങ്ങി. വേദനയാല്‍ ഉളള് പിടഞ്ഞു. അവള്‍ ഹൃദയത്തിലേക്ക് നോക്കി. അവിടെ കിനാവ് വരച്ച വരകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.

ആഴ്ചകളും മാസങ്ങളും പലതും കഴിഞ്ഞു. അവളെത്തേടി മറ്റൊരു വിവാഹാലോചനയെത്തി. അതിസുന്ദരിയായ മീനുവിനെ ഉണ്ണിക്ക് വളരെ ഇഷ്ടപ്പെട്ടു.

അച്ഛന്‍ പറഞ്ഞു.

“പക്ഷേ രണ്ടാം കെട്ടാണ്. ആദ്യഭാര്യ മരിച്ചുപോയതാണ്. രണ്ടാംകെട്ടെങ്കില്‍ രണ്ടാം കെട്ട്.” കല്യാണം നടത്താനുളള തയ്യാറെടുപ്പിനായി അച്ഛന്‍ ഓട്ടം തുടങ്ങി.. എല്ലാത്തിനും പണം വേണ്ടേ.

കല്യാണം കഴിഞ്ഞപ്പോള്‍ അവര്‍ രണ്ടുപേരും നല്ല ചേര്‍ച്ചയാണെന്ന് നാട്ടുകാര്‍ വിധിയെഴുതി. പക്ഷേ അതുകൊണ്ടെന്തുകാര്യം അമ്മായിയമ്മക്കും നാത്തൂന്മാര്‍ക്കും പിടിക്കണ്ടേ? “വള ചെറുത്”, “മാലയുടെ കനവും കുറവ്”. പരാതികളുടെ പെരുമഴ.

എത്രവന്നാലും ഉണ്ണിക്ക് അവളെ ഇഷ്ടമായിരുന്നു. അതിനാല്‍ അവളുടെ ഉളളില്‍ നിലാവുകള്‍ വീണ്ടും പരക്കാൻതുടങ്ങി. താമസിയാതെ കണിമോളും കന്നിമോളും പിറന്നു.

പക്ഷേ ഒരു ദിവസം ഉണ്ണി അവളുടെ മുഖത്തുനോക്കിപ്പറഞ്ഞു. “ഇവര്‍ എന്‍റെ കുട്ടികളല്ല”

“കുട്ടികളല്ലന്നോ? പിന്നാരുടെ?”

അവളുടെ ചോദ്യത്തിന് ഉത്തരമായി അയാള്‍ പറഞ്ഞു.

“ഇത് ആ മധുവിന്‍റെ കുട്ടികളല്ലേടി.”?

കൊടുങ്കാറ്റില്‍ പെട്ടതുപോലെ അവള്‍ തളര്‍ന്നിരുന്നുപോയി.

ദിവസവും ഇതു പറഞ്ഞുളള അടിയും, ദേഹോപദ്രവമേല്പിക്കലും അയാളുടെ ദിനചര്യയായി മാറി. ഒരുദിവസം അവളുടെ മുഖത്തടിക്കുകയും കൈപിരിക്കുകയും ചെയ്ത് ആക്രോശത്തോടെ തളളിയിട്ടു. മുന്‍ വരിപ്പല്ലുകള്‍ തകര്‍ന്ന് ചോരയൊഴുകി. നട്ടുച്ചകളിൽ പോലും അയാൾ കുടിച്ചു വന്നു അവളെ ഉപദ്രവിക്കാൻ തുടങ്ങി.

ദിവസങ്ങള്‍ ചിലത് കടന്നുപോയി. ഉണ്ണി മറ്റൊരുവളുമായി ബന്ധം സ്ഥാപിക്കുകയും മീനുവിനെതിരെ വിവാഹമോചനക്കേസ്സ് കൊടുക്കുകയും ചെയ്തു. തകര്‍ന്ന ഹൃദയവുമായി മീനു വീട്ടിലെത്തി. അവളുടെ വരവു കണ്ട് അയല്ക്കാര്‍ മൂക്കത്ത് വിരല്‍ വച്ചു.

“അല്ലെങ്കില്‍ത്തന്നെ വയ്യാത്ത വേലായുധന്‍ചേട്ടന് ഭാരം കൊടുക്കുവാനുളള വരവാണല്ലോ ഇത്.”അവള്‍ കേള്‍ക്കാത്ത ഭാവത്തിന് കോലായിലേക്ക് കയറി.

“എന്നാല്‍ താനും കുഞ്ഞുങ്ങളും എങ്ങനെയിനിക്കഴിയും?”

അത് ഒരു വലിയ ചോദ്യചിഹ്നമായി അവളുടെ മുമ്പില്‍. നിന്നു കൊച്ചു കുഞ്ഞുങ്ങള്‍ വിശന്നു കരയുക കൂടി ചെയ്തപ്പോള്‍ അവള്‍ക്ക് ആധിയായി. പലപ്പോഴും മരണത്തില്‍ അഭയം പ്രാപിക്കാന്‍ അവള്‍ ആലോചിച്ചതാണ്. കുട്ടികളുടെ മുഖം അവളെ അതിന് അനുവദിച്ചില്ല.

രണ്ടും കല്പിച്ച് എന്തെങ്കിലും പണിചെയ്തു ജീവിക്കണമെന്ന് അവള്‍ ദൃഢനിശ്ചയം ചെയ്തു. അങ്ങനെയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളിയായത്. ഇതു കൂടാതെ പ്രീഡിഗ്രി വരെ പഠിച്ചതിനാല്‍ ചെറിയകുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കുവാനും തുടങ്ങി. ഇതിനിടയില്‍ ഉണ്ണിയുടെ പുത്തന്‍ പെണ്ണ് ഉണ്ണിയെ പറ്റിച്ചുപോയ കഥ നാട്ടില്‍ പാട്ടായി.

തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്നപ്രവര്‍ത്തിച്ചപ്പോള്‍ അവള്‍ക്ക് ഉത്സാഹം വര്‍ദ്ധിച്ചു. ആത്മാര്‍ത്ഥമായളള പണിയുടെ മിടുക്കുകണ്ടപ്പോള്‍ അവളുടെ മുമ്പില്‍ തൊഴിലുകള്‍ കുമിഞ്ഞുകൂടി. കുട്ടികളുടെ വിശപ്പടങ്ങി. അവരെ സ്ക്കൂളില്‍ ചേര്‍ത്തു. അച്ഛനും കുട്ടികള്‍ക്കും പുതുവസ്ത്രങ്ങള്‍ കിട്ടി. എന്തിനധികം അച്ഛനും അവള്‍ ഒരു വലിയ താങ്ങായിത്തീര്‍ന്നു.

അവള്‍ പിന്നെ പുതിയ ഒരു വീടിന്‍റെ പണിക്കായി ലോണും വാങ്ങി . തറകെട്ടി മുകളിലേക്കുളള പണി തുടങ്ങിയപ്പോള്‍ അവളെ കാണാന്‍ ഒരു അതിഥി വന്നു. അത് മറ്റാരുമായിരുന്നില്ല. അവളെ ഉപേക്ഷിച്ച ഉണ്ണിയേട്ടന്‍.

കണിമോള്‍ക്കും, കന്നിമോള്‍ക്കും ചോക്ലേറ്റുമായാണ് അയാള്‍ വന്നത്. എറെ നേരം കുട്ടികളെ കളിപ്പിച്ച് മടങ്ങുമ്പോള്‍ അയാള്‍ ഒരു ഇംഗീതം പറഞ്ഞു.

“നീ എന്‍റെ ഐശ്വര്യലക്ഷ്മിയാണ്, മാപ്പ്. നീ എന്‍റെ കൂടെ വരണം നമുക്ക് ഒന്നിച്ച് സുഖമായി താമസിക്കാം.”

“നിനക്ക് സമ്മതമണെങ്കില്‍.”

മീനു മുകളിലേക്ക് നോക്കി. മീനമാസത്തിലെ സൂര്യന്‍ അവളെനോക്കി എന്തോ മന്ത്രിച്ചു.

അവള്‍ ഒന്നും മിണ്ടിയില്ല. അകത്തേക്ക് കയറിപ്പോയി ഒരു ചൂലുമായി തിരികെ വന്നു.

“നിങ്ങള്‍ എന്തിനാണ് ഇങ്ങോട്ടു വന്നത്? ഈ മക്കള്‍ നിങ്ങളുടെതല്ല എന്നു പറഞ്ഞല്ലേ എന്നെ ഉപേക്ഷിച്ചത്? ഇനി മേലാല്‍ ഇങ്ങോട്ടു വരരുത്. ഞാന്‍ ഒരു മനുഷ്യജീവി എന്ന പരിഗണനപോലും നിങ്ങള്‍ തന്നില്ല. ഇവിടെ പെണ്ണുങ്ങള്‍ക്കും അഭിമാനത്തോടെ ജീവിക്കണം.”

അയാള്‍ നടന്നുനീങ്ങുമ്പോള്‍ നട്ടുച്ചയും നാടുനീങ്ങിക്കഴിഞ്ഞിരുന്നു.

വര : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like