‘Men, their rights, and nothing more; women, their rights, and nothing less.’ Susan B Anthony .
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുടെ ആമുഖം തുടങ്ങുന്നത് ഇങ്ങനെയാണ്.
ഇത് എത്രമാത്രം ശരിയാണെന്ന് ഇവിടുത്തെ പുരുഷ നിയന്ത്രിത വ്യവസ്ഥിതി വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കോടതിവിധിയിൽ പോലും അതു പ്രതിഫലിക്കുന്നു! ഇത് എന്റെ മനസ്സിൽ വന്ന ചിന്തകളാണ്. എഴുതുന്നതിന്റെ പേരിൽ കോടതിയലക്ഷ്യം എന്ന് കേസെടുക്കില്ലെന്നു കരുതട്ടെ.
സ്വന്തം കുഞ്ഞുങ്ങൾ പറക്കമുറ്റാറാകുമ്പോൾ അമ്മക്കിളി തന്നെ, പോയി സ്വന്തമായി ഇര തേടി ജീവിക്കൂ എന്ന് അവയെ കൊത്തിപ്പിരിച്ചു വിടും. മൃഗങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. മനുഷ്യർക്ക് ഈ നിയമം ബാധകമല്ലെന്നുണ്ടോ?
ഇങ്ങനെ ചിന്തിക്കാൻ കാരണം, കേരള ഹൈക്കോടതി ഈ ജൂലായ് 29 നു പുറപ്പെടുവിച്ച, ഇപ്പോഴും വാർത്തകളായും പോസ്റ്റുകളായും റീലുകളായും നിറഞ്ഞു നിൽക്കുന്നു ഒരു വിധിയാണ്. അവയിൽ ധാരാളം ചർച്ചകളും നടക്കുന്നുണ്ട്. വാർത്തകളിൽ നിന്നു ലഭിച്ച വിവരങ്ങൾ അധികരിച്ചാണ് എഴുതിയിരിക്കുന്നത് എന്നു മുൻകൂർജാമ്യം. കൂടുതൽ വവരങ്ങൾക്ക് ‘Wife’s demand for separate residence without reason an act of cruelty: Kerala HC’എന്നു തെരഞ്ഞാൽ മതി. The New Indian Express link കിട്ടും.
ദുബൈയിൽ ജോലി ചെയ്യുന്ന ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ഹൈക്കോടതിയിൽ ഫയൽ ചെയ്തൊരു കേസിന്റെ വിധിയാണ് ചർച്ചയാകുന്നത്. 2015 ൽ വിവാഹിതനായപ്പോൾ ആൾ ദുബായിലെ വാടക വീട്ടിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. വിവാഹശേഷം ഒരാഴ്ച കഴിഞ്ഞ് നവദമ്പതികൾ ദുബായിൽ എത്തി അവിടെ താമസിച്ചു. യുവതിക്കു ഏഴു മാസം ഗർഭം ആയപ്പോൾ, അവൾ പ്രസവത്തിനായി നാട്ടിൽ തിരികെ വന്നു. പക്ഷേ പിന്നീട് തിരികെ പോയില്ല! വർഷങ്ങളായി പരസ്പരം കാണുകയോ സംസാരിക്കുകയോ പോലും ചെയ്യാത്ത ദമ്പതികൾക്കു വിവാഹമോചനം അനുവദിച്ചത് നന്നായതേയുള്ളു. പ്രശ്നം അവിടെയല്ല.

ഭർത്താവിന്റെ അമ്മയുടെ നിരന്തര ഇടപെടൽ ആയിരുന്നു ഭാര്യയുടെ യഥാർത്ഥ പ്രശ്നം, അതല്ലാതെ ദമ്പതികൾക്കിടയിൽ മറ്റു കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നു കണ്ടെത്തിയ കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചിരുന്നില്ല! തുടർന്ന് ഭർത്താവ് ഹൈക്കോടതിയിൽ പോയി നേടിയെടുത്തതാണ് ഈ വിവാഹമോചന വിധി.
മാതാപിതാക്കളിൽ നിന്ന് ഭർത്താവിനെ ‘അടിസ്ഥാനരഹിതമായി, സാധൂകരിക്കാൻ ആകാത്ത വിധം, (unsubstantiated) ‘ അകറ്റാൻ ശ്രമിക്കുന്നത് മാനസിക പീഡനമായി കണക്കാക്കാമെന്നാണ് വിവാഹമോചനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചത്.
മുൻപരിചയം ഒന്നുമില്ലാത്തവരെങ്കിൽ തികച്ചും അപരിചിത കുടുംബത്തിലേക്കാണ് ഒരു വധു വന്നു കയറുന്നത്. അതിന്റേതായ വീർപ്പു മുട്ടൽ എന്തായാലും ഉണ്ടാകും. സ്വിച്ച് ഇട്ടതു പോലെ സ്‌നേഹിക്കാനാകുമോ? ഭർത്താവും ആ വീട്ടുകാരും അവളെ അംഗീകരിച്ച്, പിന്തുണച്ച്, സ്‌നേഹിച്ചു തുടങ്ങുമ്പോഴേ അവൾക്ക് കുറേയെങ്കിലും ആ വീട്ടിലെ അംഗം ആയതായി തോന്നുകയുള്ളു. അതിനു പകരം മകന്റേയും ഭാര്യുടേയും കുടുംബത്തിൽ ഭർതൃമാതാവ് നിരന്തരം ഇടപെട്ട് മകന്റെ മേലുള്ള ആധിപത്യം ഉറപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നാലോ?
മകനേയും കുടുംബത്തേയും അവിടെ സ്വസ്ഥമായി ജീവിക്കാൻ വിട്ട് നാട്ടിൽ വന്നു താമസിക്കാൻ തീരുമാനിക്കാതിരുന്ന ആ മാതാപിതാക്കൾ എത്ര toxic ആയിരുന്നിരിക്കണം എന്നാണ് എനിക്ക് ആദ്യം ചിന്ത പോയത്! The great Indian kitchen സിനിമയും അതിന്റെ പരിസമാപ്തിയും ഓർമ്മ വരുന്നുണ്ട്. ഈ സമൂഹത്തിൽ പുരുഷന് തെറ്റ് തിരുത്തേണ്ട കാര്യമേതുമില്ലല്ലോ!
വിധിയിലേക്ക് തിരികെ വരാം. ‘അടിസ്ഥാനരഹിതമായി (unsubstantiated )’ എന്ന നിഗമനത്തിലേക്ക് കോടതി എങ്ങനെയായിരിക്കും എത്തിയിരിക്കുക?
ഒന്നാമത് നിത്യജീവിതത്തിൽ വീടിനുള്ളിൽ സംഭവിക്കുന്ന അലോസരമുളവാക്കുന്ന ഈ നിരന്തര മാനസിക പീഡനം തെളിയിക്കാൻ പ്രയാസമാണ്! അനുഭവിക്കുന്നയാളിന് അവരുടെ മാനസിക ശാരീരിക സ്വസ്ഥത തകർക്കുന്ന കൊടും തലവേദനയാണ്, പ്രത്യേകിച്ചും അത് മനസ്സിലാക്കാത്ത, ഒട്ടും പിന്തുണയ്ക്കാത്ത, നല്ലപാതി കൂടിയാണെങ്കിൽ പറയുകയും വേണ്ട. അയാൾ ലേശം അലിവോടെ, അവളെ മനസ്സിലാക്കിയിയാൽ, പിന്തുണ കൊടുത്താൽ കഥ മാറും. അല്ലാത്തിടത്തോളം, പെൺകുട്ടിക്കും അവളുടെ മാതാപിതാക്കൾക്കും മാത്രമേ ഈ ദുരനുഭവത്തിന്റെ തീവ്രത, ആഴം അറിയൂ. ഇതു പീഡനമാണ് എന്ന് മനസ്സിലാകൂ.

രണ്ടാമത്തെ കാര്യം, വേരുറച്ചു പോയ നമ്മുടെ പുരുഷനിയന്ത്രിത സാമൂഹ്യ വ്യവസ്ഥിതി – patriarchy – സൃഷ്ടിച്ച പൊതുബോധമാണ്. ഭാര്യയെ സ്വന്തം വീട്ടൽ നിന്നു ഒരു പുതിയ, പലപ്പോഴും അവൾക്കു അപരിചിതമായ ഭർത്തൃകുടുംബത്തിലെ സാഹചര്യത്തിലേക്ക് പറിച്ചു നടുന്നത് ന്യായം, സ്വാഭാവികം! ഭാര്യയെ സ്നേഹിക്കുന്ന, അവളുടെ വികാരം മാനിക്കുന്ന, അവളുടെ വാക്കുകൾക്കു വില കൊടുക്കുന്ന ഭർത്താവ് പലർക്കും പെൺകോന്തൻ! നമ്മുടെ സമൂഹം എന്തൊരു പരാജയമാണ്!
2016 ലെ നരേന്ദ്ര v കെ മീന എന്ന കേസിലെ സുപ്രീംകോടതിവിധിയുടെ ചുവടു പിടിച്ചാണ് കേരളഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഭർത്താവിനെ അയാളുടെ മാതാപിതാക്കളിൽ നിന്ന് ‘അകറ്റാനുള്ള’ ഭാര്യയുടെ നിരന്തര ശ്രമം ക്രൂരതയാണ് എന്നാണ് കോടതി ആ കേസിൽ നിരീക്ഷിച്ചത്! 2023 ൽ ഡൽഹി ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിട്ടുണ്ട്!
ഇവിടെ ചോദിക്കപ്പെടാതെ പോയ ചില ചോദ്യങ്ങൾ:
സ്വന്തം കൂടു കൂട്ടാൻ താൽപ്പര്യമില്ലാത്ത, അച്ഛനമ്മമാരുടെ ചെല്ലക്കുട്ടിയായി മാത്രം ജീവിക്കാൻ ആഗ്രഹമുള്ള ആൾ എന്തിന് വിവാഹം ചെയ്തു?
മാതാപിതാക്കളോടുള്ളതുപോലെ തന്നെ, ഭാര്യയും കുഞ്ഞും ഉള്ള സ്വന്തം കുടുംബത്തോടും ആ ആളിന് കടമയില്ലേ?
ഒന്നിച്ചു ജീവിക്കുമ്പോൾ, സ്വന്തം അമ്മയെ നിരന്തരം നോവിക്കുന്നത് കണ്ടു വളരുന്ന അവരുടെ മകളുടെ മാനസികാവസ്ഥ, ഭാവി എന്തായി തീരും? ഇതാണ് എന്നെ ഏറ്റവും അധികം അലട്ടിയ ചോദ്യം.
ഈ കേസുകളിൽ ഏറ്റവും ശ്രദ്ധിച്ചത് വിചിത്രമായ ഒരു സംഗതിയാണ്. സ്ത്രീയ്ക്ക് അവളുടെ ഭർത്താവിന്റെ മാതാപിതാക്കളോടുള്ള കടമയും അവളുടെ സ്വന്തം വിവാഹബന്ധത്തിന്റെ ഐക്യവും കെട്ടുറപ്പും തമ്മിൽ കൂട്ടിക്കെട്ടിയിരിക്കുന്നു! ഇതെങ്ങനെ ശരിയാകും? ഒരു പെൺകുട്ടി അവളുടെ മാതാപിതാക്കളെ വിട്ട് വരുന്നതിനെ പറ്റി ചിന്തിക്കാത്തവർ പക്ഷേ വിവാഹത്തോടെ അവൾ ഭർതൃവീട്ടിൽ, അവിടം എത്ര toxic ആണെങ്കിലും, നിന്നുകൊള്ളണം എന്നു പ്രതീക്ഷിക്കുന്നുണ്ട്!
ഇന്ത്യയിലെ വിവിധ കോടതികൾ ഒരേ🙏 വിഷയത്തിൽ വ്യത്യസതമായ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഭരണഘടന ഒന്നാണെങ്കിലും നിയമങ്ങൾ പല തരത്തിൽ വ്യാഖ്യാനിക്കപ്പെടാമല്ലോ.
ഈ ജൂലൈ അവസാനത്തിൽ തന്നെ സമാന വിഷയത്തിൽ ഒഡിഷ ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയിലെ നിരീക്ഷണങ്ങൾ കൂടി:
‘വിവാഹം കഴിച്ചതോടെ സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാകില്ലെന്ന് ഒഡീഷ ഹൈക്കോടതി വ്യക്തമാക്കി. ഭാര്യ ഭർത്താവിന്റെ സ്വത്തല്ലെന്നും, എവിടെ ജീവിക്കണമെന്ന് തീരുമാനിക്കാൻ അവൾക്ക് പൂർണ്ണ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. Habeas corpus ഉപയോഗിച്ച് ഭാര്യയെ തിരിച്ചു വിളിക്കാൻ സാധിക്കില്ല. ജസ്റ്റിസ് വി. നരസിംഗ്, ജസ്റ്റിസ് ആദിത്യ കുമാർ മഹാപാത്ര എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.’ Courtesy, kaumuditv, July 23.
വിവാഹം നടത്തിയതോടെ പെൺകുട്ടികളെ നടതള്ളിയതു പോലെ പെരുമാറുന്ന മാതാപിതാക്കളും ഉണ്ട്! എത്ര സങ്കടം പറഞ്ഞിട്ടും പിന്നെയും പെൺകുട്ടികളെ ഭർതൃഭവനത്തിലേക്കു തള്ളിവിട്ടിട്ട് ആലംബമറ്റ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾക്ക് സാക്ഷര കേരളം എത്രയോ തവണ സാക്ഷിയായിട്ടുണ്ട്!
പെൺകുട്ടികൾ ഭർതൃഗ്രഹത്തിൽ അനുഭവിക്കേണ്ടി വരുന്ന ക്രൂരതകളെ പറ്റി പരാതി പറയുമ്പോൾ അവളുടെ വീട്ടുകാരും ബന്ധുക്കളും അത് അവഗണിക്കരുത്, ഗൗരവതരമായി കണക്കിലെടുക്കണം എന്നു ഈയിടെ അലഹബാദ് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. Courtesy, barandbench, Aug 05.
സ്ത്രീശാക്തീകരണവഴികൾ നമ്മൾ ധാരാളം താണ്ടിയിട്ടുണ്ട്, അതിന്റെ ഫലവും ഉണ്ടായിട്ടുണ്ട്. പെൺകുട്ടികൾ ‘റൊമ്പദൂരം പോയിട്ടിയാ.’ അവർ സ്വതന്ത്രരായി സകലതിലും മികവു പുലർത്തുന്നു. എന്നാൽ അങ്ങനെ ശാക്തീകരിക്കപ്പെട്ട ആധുനിക പെൺകുട്ടികൾക്ക്, സ്ത്രീകൾക്ക് ഒപ്പം പിടിച്ചു നിൽക്കാൻ ആൺകുട്ടികളെ, പുരുഷന്മാരെ ഒട്ടു പ്രാപ്തരാക്കിയിട്ടുമില്ല! പഠിപ്പു തികഞ്ഞ, അബലന്മാരല്ലാത്തവരാണല്ലോ ആൺകുട്ടികൾ. ഫലം, സ്വന്തം ജീവിതമാണ് തുലയക്കുന്നത് എന്നു തിരിച്ചറിയാത്ത അവർ ഇപ്പോഴും patriarchy യുടെ തടവറയിൽ അതിന്റെ ഇരകളായി 1960-70 കളിൽ നിന്നു വണ്ടി കിട്ടാത്തവരായി കഴിഞ്ഞു കൂടുന്നു! പരിതാപകരം!
ഇവിടെ പുരുഷാധിപത്യ വ്യവസ്ഥ – patriarchy – നിലനിർത്തുന്നതിൽ സ്ത്രീകൾക്കും നല്ല പങ്കുണ്ട്. ഭരിക്കലും ഭരിക്കപ്പടലും അല്ലാതെ, പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമായ മനോഹരമായ ഒരു സുഹൃത് ബന്ധം, companionship, മദ്ധ്യവയസ്‌ക്കരായ പലർക്കും സങ്കൽപ്പിക്കാൻ കഴിയാത്തത് പോലെയാണ്. ഒരാൾ മുൻപിലും ഒരാൾ പിന്നിലും ആയല്ലാതെ, കൂട്ടുകാരെ പോലെ ഒന്നിച്ചു നടന്നുകൂടെ?
ഹൈക്കോടതി വിധിയുടെ കൂടുതൽ വിവരത്തിന് നെറ്റ് തെരഞ്ഞപ്പോൾ, യു കെ യിലെ ചില കേസുകൾ കൂടി കാണിച്ചു തന്നു. അവിടെ ഈ സോ കോൾഡ് ഭർതൃ കുടുംബത്തിന്റെ ഇടപെടൽ ഇല്ലേയില്ല. പക്ഷേ 67- 68 വയസ്സുള്ള സ്ത്രീകൾ സ്നേഹമില്ലാത്ത വിവാഹബന്ധത്തിൽ തുടരാൻ താൽപ്പര്യമില്ല എന്നതിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ, അന്ന് നിലവിലുള്ള നിയമപ്രകാരം പറ്റില്ല, 1923 യിലെയോ മറ്റോ നിയമമാണ്, എന്ന് കോടതികൾ അവരുടെ ആവശ്യം നിഷേധിച്ചു. ഇതു ബിൽ ആക്കാൻ പാർലമെന്റ് പരിഗണിക്കട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും ഇപ്പോൾ ഇംഗ്ലണ്ടിലും വെയിൽസിലും Divorce, Dissolution and Separation Act 2020 നു കീഴിലുള്ള No fault system പ്രകാരം ഒരു കാരണവും ബോധിപ്പിക്കാതെ, വിഴുപ്പലക്കാതെ, താല്പ്പര്യമില്ല എന്ന കാരണത്താൽ പിരിയാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
നമ്മുടെ നാട്ടിലും അങ്ങനെയുള്ള നിയമം വരട്ടെ. സ്ത്രീസംഘടനകളും കോടതികളും ജനസഭകളും അതിനു മുൻകൈ എടുക്കണം. അല്ലാതെ സ്ത്രീയായി ജനിച്ചു പോയി എന്നതുകൊണ്ടു മാത്രം ജന്മം മുഴുവൻ സഹിക്കണം എന്ന് പറയുന്നത് എത്ര അന്യായമാണ്, ക്രൂരതയാണ്! അതു സമ്മതിക്കില്ല എന്ന് വരുമ്പോൾ ഇല്ലാത്ത തെളിവുകൾ ഉണ്ടാക്കിയെടുക്കാൻ പരാതിക്കാരെ പ്രേരിപ്പിക്കയല്ലേ ഇത്തരം നിയമം ചെയ്യുന്നത്?
എണ്ണത്തിൽ തുലോം കുറവാണെങ്കിലും സ്ത്രീകളുടെ മാതാപിതാക്കൾ മക്കളുടെ ജീവിതത്തിൽ ഇടങ്കോലിടുന്ന സംഭവങ്ങളും ഉണ്ട്. പ്രായമായ അച്ഛനമ്മമാരെ, പുരുഷന്റേതാണെങ്കിലും സ്ത്രീയുടേതാണെങ്കിലും, പരിപാലിക്കരുത് എന്നല്ല വിവക്ഷ. മാതാപിതാക്കളുടെ സംരക്ഷണവും അവരുടെ മക്കളുടെ വിവാഹബന്ധവും തമ്മിൽ കൂട്ടിക്കുഴയ്ക്കരുത് എന്നാണ് ഉദ്ദേശിക്കുന്നത്. രണ്ടും രണ്ടാണ്.
മാതാപിതാക്കൾക്കും മക്കൾക്കും ഒരേ പോലെ സമ്മതം എങ്കിൽ കൂട്ടുകുടുംബമായി സൗകര്യം പോലെ ഭർതൃവീട്ടിലോ ഭാര്യവീട്ടിലോ താമസിക്കട്ടെ. പരസ്പരം കൂച്ചുവിലങ്ങിടാൻ ശ്രമിക്കാതെ, ഓരോരുത്തർക്കും അവരവരുടെ സ്പേസ് അനുവദിച്ചു കൊണ്ട് സന്തോഷമായി കഴിയട്ടെ. അങ്ങനെ കഴിയുന്നവർ ധാരാളം പേരുണ്ട്. പക്ഷേ മറ്റു മാതാപിതാക്കൾ വളർത്തി വലുതാക്കിയ പെൺകുട്ടി ഭർതൃഭവനത്തിലേക്ക് വന്നു കയറുമ്പോൾ, അവൾ control freaks ആയ toxic മാതാപിതാക്കളുടെ ഒപ്പം സർവ്വംസഹയായി ജീവിച്ചു കൊള്ളണം എന്ന് ആവശ്യപ്പെടുന്നത് ക്രൂരതയാണ്. ജീവിതം ഒന്നേയുള്ളു.
സ്വന്തം ജീവിതം നയിക്കാൻ പ്രാപ്തരായി എന്നു തോന്നുന്നത് കൊണ്ടാണല്ലോ വിവാഹം കഴിക്കുന്നത്, അങ്ങനെയുള്ളപ്പോൾ രണ്ടു വീട്ടിലും അല്ലാതെ അവർ സ്വന്തമായി, സ്വതന്ത്രമായി ജീവിക്കട്ടെ. സഹായം വേണ്ടുന്ന അവസരങ്ങളിൽ ഇരുവീട്ടുകാരും പുതു വിവാഹിതരും പരസ്പരം സഹായിക്കട്ടെ. അല്ലാതെ അവരുടെ ജീവിതത്തിൽ കേറി മുൻതലമുറ മേയരുത്. തിരിച്ചും.
സമൂഹം സ്ത്രീയിൽ നിന്ന് വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷ കുറയ്ക്കണം, ഭർത്തവിൽ നിന്നു പ്രതീക്ഷിക്കുന്നതിനപ്പുറം ഭാര്യയിൽ നിന്നു പ്രതീക്ഷിക്കണ്ട. കുടുംബഭദ്രത കാത്തുസൂക്ഷിക്കേണ്ടത് സ്ത്രീയുടെ മാത്രം ചുമതലയല്ല, രണ്ടപേര്ക്കും തുല്യ ചുമതലയുണ്ട്.
കവർ: എം എ സുധീർ
ഇലക്ട്രിക്കൽ എഞ്ചിനീയർ. എഴുത്തുകാരിയും വിവർത്തകയും. കേരളകൗമുദി വാരികയിൽ വെബ്‌സ്‌കാൻ എന്ന കോളം ചെയ്തിരുന്ന. കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും ആനുകാലികങ്ങളിലും വിശേഷാൽപ്രതികളിലും മലയാള മനോരമ ഓൺലൈൻ, കേരളകൗമുദി ഓൺലൈൻ, സൈകതം, പ്രതിലിപി തുടങ്ങിയവയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിൻഡിൽ ഇബുക്ക്സ് ൽ (Kindle ebooks) ചില കഥകളും പരിഭാഷകളും നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ പ്രസാധകർക്കും സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും വേണ്ടി ഇംഗ്ലീഷിൽ നിന്നു മലയാളത്തിലേക്കും തിരിച്ചും മൊഴിമാറ്റങ്ങൾ ചെയ്തിട്ടുണ്ട്. വിക്കി മലയാളം, മലയാളം ശബ്ദതാരാവലി (സായാഹ്ന ഫൗണ്ടേഷൻ), ഗുണ്ടർട്ട് വിക്കി തുടങ്ങി പലേ മലയാളം സമൂഹ ഡിജിറ്റൈസേഷൻ സംരംഭങ്ങളുടേയും ഭാഗഭാക്കായിട്ടുണ്ട്.

















