മുൻകൂർ ജാമ്യം : ഒരു നിയമജ്ഞ അല്ലാത്ത സാധാരണക്കാരിയുടെ, വായനകളിലൂടെ രൂപപ്പെടുത്തിയ, അധികവും തൊഴിലാളിപക്ഷത്തു നിന്ന് കൊണ്ടുള്ള നിരീക്ഷണങ്ങളാണ്.
വ്യാവസായിക വിപ്ലവത്തെ തുടർന്ന് സൃഷ്ടിക്കപ്പെട്ട തൊഴിലിടങ്ങളിൽ അടിമകളെ പോലെ പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ടിരുന്ന മനുഷ്യരുടെ അനേകകാലത്തെ യാതനകളിൽ നിന്നുള്ള മോചനത്തിനു വേണ്ടിയുള്ള ചെറുത്തു നിൽപ്പുകൾ ആദ്യം ഉയിർക്കൊണ്ടത് യൂറോപ്പിലാണ്, 18 ആം നൂറ്റാണ്ടിന്റെ അവസാനകാലത്തും 19-൦ നൂറ്റാണ്ടിലും ആയിരുന്നു അതു സംഭവിച്ചത്.
തുണിവ്യവസായ മേഖലയിൽ ഹീനമായ തൊഴിൽ സാഹചര്യങ്ങളിൽ പണിയെടുത്തിരുന്ന 20000 ത്തോളം കൗമാരക്കാരികളായ കുടിയേറ്റക്കാർ, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കായി 1909 ൽ ന്യൂയോർക്കിൽ ഐതിഹാസികമായ സമരം നയിച്ചിരുന്നു. തുടർന്നു 1912 ൽ ലോറൻസ്, മസ്സാച്ചുസെറ്റ്സിൽ നടന്ന ഇതേ സമരം “റൊട്ടിയും റോസാപ്പൂക്കളും,” എന്നറിയപ്പെട്ടു. കുടുംബാംഗങ്ങൾക്ക് ആഹാരം തേടാനുള്ള സാമ്പത്തികം എന്ന അവകാശത്തെ റൊട്ടിയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളെ റോസാപ്പൂക്കളും സൂചിപ്പിക്കുന്നു. ഇത്തരം വനിതാ സമരങ്ങളോട് ഐക്യദാര്ഢ്യം പ്രകടിപ്പിക്കാനാണ് 1917 ലെ റഷ്യൻ വിപ്ലവത്തോട് അനുബന്ധിച്ച് മാർച്ച് 08 വിമൻസ് ഡേ ആയി ആചരിക്കുന്നു എന്ന് ലെനിൻ പ്രഖ്യാപിച്ചതും.
കൊളോണിയൽ ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും ധാരാളം തൊഴിൽസമരങ്ങൾ നടന്നിട്ടുണ്ട്. 2026 ജനുവരിയിലാണ് ക്യാപ്പിറ്റലിസ്റ്റ് രാജ്യമായ അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ കുടിയേറ്റക്കാരും അല്ലാത്തവരുമായ, സമൂഹത്തിന്റെ താഴേക്കിടയിലുള്ള സകലവിധ തൊഴിലാളികൾക്കും വേണ്ടി നിലകൊള്ളുന്നു എന്നു പ്രഖ്യാപിച്ച മേയർ ഇലക്ട്, സോഹ്റാൻ മമ്ദാനി മേയർ ആയി ചുമതലയേൽക്കാൻ പോകുന്നത്. അതായത് ഉൾക്കൊള്ളലാണ്, തള്ളിക്കളയലല്ല മനുഷ്യത്വം എന്നു ആ 34 കാരൻ ലോകത്തോടു ഉറക്കെ പ്രഖ്യാപിച്ചു. ഇത് 21 ആം നൂറ്റാണ്ടിലെ തൊഴിലാളികൾക്കു പകരുന്നത് വലിയ ഊർജ്ജവും പ്രതീക്ഷയുമാണ്. ഈ സാഹചര്യത്തിൽ വേണം നമ്മൾ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട പുതിയ തൊഴിലാളി നിയമസംഹിതകളെ പറ്റി ചർച്ച ചെയ്യേണ്ടത്.
നിലവിലുള്ള ഈ അനേകം തൊഴിൽ നിയമങ്ങൾ ഒരു കുടക്കീഴിലാക്കി സംയോജിപ്പിക്കുംവിധം നാലു പുതിയ തൊഴിൽ നിയമങ്ങൾ ആക്കി ക്രോഡീകരിച്ച്, യൂണിയൻ സർക്കാർ നവംബർ 21, 2025 ൽ അവതരിപ്പിച്ചു. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം ഒന്നരമാസത്തിനകം പുറത്തിറക്കും എന്നു കരുതുന്നു. ഇന്ത്യയുടെ കുടിയേറ്റ മനഃസ്ഥിതി – colonial mindset – യിൽ നിന്നു തൊഴിലാളികൾക്ക് മോചനം ലഭിക്കാനാണ് ഇവ കൊണ്ടുവരുന്നത് എന്നാണ് ഭരണകൂടത്തിന്റെ ഭാഷ്യം.
ഈ നാല് കോഡുകൾ ഇവയാണ്: The Code of Wages (2019); The Industrial Relation Code (2020), The Code on Socail Security (2020); The Occupational Safety, Health and Working Conditions Code (2020).




വ്യത്യസ്ത വിഷയങ്ങൾക്കായി നിരവധി പ്രത്യേകം നിയമങ്ങൾ ഉണ്ടായിരിക്കണമെന്ന മുൻ ക്രമീകരണത്തിൽ നിന്നുള്ള ഒരു പ്രധാന വ്യതിയാനമാണിത്. അതായത് ഏതാണ്ട് 1400 നിയമങ്ങൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ കഷ്ടിച്ച് 350 നിയമങ്ങൾ മാത്രമാണ് ഉള്ളത്. 1936 ലെ വേതന പേയ്മെന്റ് ആക്റ്റ്, 1948 ലെ മിനിമം വേതന ആക്റ്റ്, 1965 ലെ ബോണസ് പേയ്മെന്റ് ആക്റ്റ്, 1976 എന്നിവ റദ്ദാക്കിയതോടെയാണ് വേതന കോഡ് (2019) നിലവിൽ വന്നത്. ഇപ്പോൾ വീണ്ടും പരിഷ്ക്കരിച്ചിരിക്കുന്നു.
ഇന്ത്യയിൽ ധാരാളം തൊഴിൽ നിയമങ്ങൾ നിലവിലുണ്ട്. അവ കാലാകാലങ്ങളിൽ പരിഷ്ക്കരിക്കേണ്ടവ തന്നെയാണ് എന്നതിൽ സംശയവുമില്ല. ലളിതവൽക്കരണം തൊഴിലാളികൾക്കിടയിൽ അവബോധം വളർത്താനും നിർവ്വഹണം എളുപ്പമാക്കാനും നിയമപാലനം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. എന്നാൽ പുതിയ തൊഴിൽനിയമങ്ങൾ തൊഴിലാളികൾക്ക് സഹായമാകുമോ എന്നതിനെ കുറിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും പഴയ തൊഴിലാളി സംഘടനായ All India Trade Union Congress (AITUC) ന്റെ ഇപ്പോഴത്തെ പ്രസിഡണ്ട് ആയ അമർജീത് കൗറിന്റെ സുചിന്തിത അഭിപ്രായം : (The Hindu 28/11/25 നു പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്ന്. 1926 ൽ ഈ സംഘടനയുടെ പ്രസിഡണ്ട്, പിൽക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ പിന്തുണയോടെ, (മനസ്സാക്ഷി വോട്ട് ഓർമ്മിക്കുമല്ലോ) ഇന്ത്യൻ പ്രസിഡണ്ട് ആയ, പരേതനായ വി വി ഗിരി ആയിരുന്നു.
അമർജിത് കൗർ : 19-൦ നൂറ്റാണ്ടു മുതൽ ക്ലിപ്തമായ ജോലി സമയം, കൂലി, തൊഴിലിടങ്ങളിലെ സുരക്ഷിതത്വം, സാമൂഹിക സുരക്ഷിതത്വം എന്നിവയ്ക്കു വേണ്ടിയുള്ള തൊഴിൽ നിയമങ്ങൾക്കായി ഇന്ത്യ പൊരുതിയിട്ടുണ്ട്. 1923 ലെ തൊഴിലാളികളുടെ നഷ്ടപരിഹാര ആക്ട്, 1926 ലെ ട്രേഡ് യൂണിയൻ ആക്ട് തുടങ്ങിയവയെല്ലാം ഇരുപതാം നൂറ്റാണ്ടിൽ നേടിയെടുത്തത് കടുത്ത തൊഴിൽ സമരങ്ങളിലൂടെയാണ്. തൊഴിലാളികളെ സംഘടിപ്പിച്ചാണ് ബ്രിട്ടീഷുകാരോട് പൊരുതി ഇവയെല്ലാം നേടിയത്. വാസ്തവത്തിൽ ഇതിനു മുമ്പ് പൊരുതി നേടിയ അവകാശങ്ങളെല്ലാം മാറ്റിമറിച്ചുകൊണ്ട്, ഈ കോഡുകൾ നിലവിൽ വരുന്നതോടെ ഭരണകൂടം നമ്മെ ഇന്ത്യയുടെ കുടിയേറ്റ കാലത്തിലേക്ക് – കൊളോണിയൽ കാലത്തേക്ക് – തിരികെ കൊണ്ടുപോകുകയാണ് ചെയ്യുന്നത്.
വാസ്തവത്തിൽ സംസ്ഥാനം നൽകിക്കൊണ്ടിരുന്ന പതിവു തൊഴിലുകൾ കൂടി യൂണിയൻ സർക്കാരിന്റെ അധികാര പരിധിയിലേക്കു മാറ്റുകയാണ്, ഈ തൊഴിൽ പരിഷ്ക്കാരങ്ങൾ. എത്രയോ കാലമായി സ്ഥിരം തൊഴിലിനു വേണ്ടി ആവശ്യപ്പെട്ടു വരികയാണ്. അതിന്റെ സ്ഥാനത്ത് നിശ്ചിത കാലയളവിലേക്ക് തൊഴിൽ നൽകാനും പിന്നീട് അവരെ പുറത്തു കളയാനുമാണ് ഈ കോഡുകൾ ഉതകുന്നത്. ഒരു ലേബർകമ്മീഷൻ രൂപീകരിക്കണം എന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുമ്പോൾ ഇപ്പോഴത്തെ കോഡുകൾ അനുസരിച്ച് പ്രവർത്തനം ബുദ്ധിമുട്ടായിരിക്കും എന്നു തൊഴിൽ ഉടമകൾ ആവർത്തിച്ചു പറയുന്നുമുണ്ട്.
എ ബി വാജ്പേയ് സർക്കാരിന്റെ കാലത്ത് രണ്ടാം ലേബർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പക്ഷേ അതിലെ തൊഴിലാളികൾക്ക് അനുകൂലമായ നിയമങ്ങളെല്ലാം മാറ്റി തൊഴിലുടമകൾക്ക് അനുകൂലമായ ഭാഗം മാത്രമെടുത്ത് പുതിയ നിയമസംഹിതയിൽ ഉൾക്കൊള്ളിച്ചിരിക്കുകയാണ്. 2015 ൽ നടന്ന അവസാന തൊഴിലാളി സമ്മേളനത്തിൽ വച്ച് യൂണിയനുകളോട് ആലോചിക്കാതെ ഒരു നിയമത്തിലും ഭേദഗതി വരുത്തില്ല എന്ന് പ്രധാനമന്ത്രി വാഗ്ദാനം നൽകിയിരുന്നതാണ്. പക്ഷേ ഇപ്പോൾ നടന്നത് അതിന്റെ ഏകപക്ഷീയമായ ലംഘനമാണ്.
വിദേശനിക്ഷേപകരെ കൂടുതൽ ആകർഷിക്കും എന്ന വാദത്തിനോട് യോജിപ്പില്ല. ഇൻഷുറൻസും അതു പോലുള്ള മറ്റു മേഖലകളിലും 100 % വിദേശനിക്ഷേപം നടപ്പിലാക്കിയിട്ട് എന്തു മെച്ചപ്പെടൽ ആണ് നടന്നത്?
സാമൂഹിക സുരക്ഷ – ഇപ്പോൾ നിലവി ലുള്ള രീതിയിൽ സാമൂഹികസുരക്ഷാപദ്ധതികളുടെ വിതരണത്തിന് അതിന്റേതായ സംവിധാനങ്ങളുണ്ട്. അതിൽ സർക്കാർ ഫണ്ടിംഗ് ഉൾപ്പെടുന്നില്ല. തൊഴിലാളികളും തൊഴിൽ ദാതാക്കളുമാണ് അതിലേക്ക് ഫണ്ട് നൽകുന്നത്. പക്ഷെ ഇനി ഇവയെല്ലാം തോഴിലാളി സംഘടനകളോട് ആലോചിക്കാതെ തീരുമാനിക്കുകയാണ്.
ഇന്ത്യയിൽ വെറും 07 % പേരു മാത്രമാണ് തൊഴിൽ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ പുതിയ നിയമങ്ങൾ 93 % പേരേയും അതിനു പുറത്തു നിർത്തുന്നു. നിശ്ചിത കാലയളവിലേക്കു മാത്രമുള്ള തൊഴിൽ, വാസ്തവത്തിൽ തൊഴിൽ സുരക്ഷ എന്ന ആശയം തന്നെ ഇല്ലാതാക്കുകയാണ്.
ഇവ ട്രേഡ് യൂണിയനുകളെ ഇല്ലാതാക്കുകയാണ്. ഈ നിയമങ്ങൾ തൊഴിലാളി – തൊഴിൽ ദാതാവ് തമ്മിലുള്ള ബന്ധങ്ങളിൽ ഉലച്ചിൽ വരുത്തുന്നു, ഇതുകൊണ്ടാണ് ഇന്ത്യൻ ലേബർ കോൺഫറൻസുകൾ അത്യാവശ്യമാണ് എന്നു പറയുന്നത്. പുതിയ നിയമങ്ങൾ മിനിമം വേതന ഉറപ്പുകൾ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ജീവിക്കാൻ ഉതകുന്ന കുറഞ്ഞ കൂലി ഉറപ്പാക്കുന്നതിനു പകരം അതു നിശ്ചയിക്കുന്നതിനു യൂണിയൻ സർക്കാരിനെ ചുമതലപ്പെടുത്തുകയാണ് പുതിയ നിയമസംഹിത. സംസ്ഥാനങ്ങൾക്ക് അവരുടെ സ്വന്തമായ നിരക്കുകൾ നിശ്ചയിക്കാൻ കഴിയില്ല. അതായത് തൊഴിൽ എടുക്കുന്നവർക്ക്, നിയമങ്ങളുടെ ഉപയോക്താക്കൾക്ക് ഇതിലൊന്നും യാതൊരുവിധ പങ്കും നിർവ്വഹിക്കാനില്ല.
*********
പുതിയ നിയമസംഹിതയുടെ നിർവ്വഹണം എങ്ങനെയാണ്? ഏതൊരു മിനിമം വേതനവ്യവസ്ഥയുടെയും ഒരു പ്രധാന ഭാഗമാണ് അതിന്റെ നിർവ്വഹണം. മുൻകാല സംവിധാനം ലേബർ ഇൻസ്പെക്ടർമാർക്ക് ജോലിസ്ഥലങ്ങൾ സന്ദർശിക്കാനും വേതന രേഖകൾ പരിശോധിക്കാനും തൊഴിലാളികൾക്ക് ശരിയായി വേതനം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും അനുവദിച്ചു. എന്നാൽ പുതിയ നിയമപ്രകാരം, ഇത് വെബ് അധിഷ്ഠിത പരിശോധനകളും സ്വയം സർട്ടിഫിക്കേഷനും ഉപയോഗിച്ച് മാറ്റി സ്ഥാപിച്ചു, അതിൽ നിയമങ്ങൾ പാലിക്കുന്നുണ്ട് എന്ന് തൊഴിലുടമകൾ സ്വന്തമായി പ്രഖ്യാപിച്ചാൽ മാത്രം മതി.
ഇൻസ്പെക്ടറുടെ റോൾ ‘ഇൻസ്പെക്ടർ-കം ഫെസിലിറ്റേറ്റർ’ എന്നാക്കി മാറ്റി, ഇത് ലംഘനങ്ങൾ പരിശോധിക്കുന്നതിനേക്കാൾ മാർഗ്ഗനിർദ്ദേശത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. പിഴകൾ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, അനൗപചാരികവും യൂണിയനൈസ് ചെയ്യാത്തതുമായ തൊഴിലാളികൾക്ക് വേതനത്തർക്കങ്ങൾ ഔപചാരിക മാർഗങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിരിക്കും.
ഇപ്പോഴും ഇന്ത്യയിലെ 90 % തൊഴിൽ ശക്തിയും അനൗപചാരിക സാമ്പത്തിക മേഖലകളിലാണ് പണി ചെയ്യുന്നത്. അവർ ഇന്ത്യയുടെ ജിഡിപിയ്ക്ക് ഏതാണ്ട് 49 % സംഭാവന ചെയ്യുന്നുമുണ്ട്. ഇന്ത്യയിലെ 1.2 കോടി ജനങ്ങൾ ഇപ്പോഴും കാർഷികേതര തൊഴിൽമേഖലകളിലാണ് പണിയെടുക്കുന്നത്. അവരിൽ മിക്കവരും യാതൊരു വിധ തൊഴിൽ സുരക്ഷയും ഇല്ലാതെയാണ് ജോലി ചെയ്തു വരുന്നത്. അതു സൃഷ്ടിക്കാവുന്ന മാനസിക അരക്ഷിതത്വം എത്രയായിരിക്കും!
സ്ഥിരം നിയമനങ്ങളിലൂടെ ഉണ്ടാകുന്ന ശമ്പള/പെൻഷൻ ചിലവ് കുറയ്ക്കാൻ, കരസേനയിൽ പോലും താത്ക്കാലിക നിയമനങ്ങൾ അഗ്നിപഥ് എന്ന സ്കീമിലൂടെ നടപ്പാക്കിയവരാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ. അങ്ങനെയുള്ളവരിൽ നിന്ന് തൊഴിൽ സുരക്ഷയിലൂടെ ആളുകളുടെ മാനസിക അരക്ഷിതാവസ്ഥയക്ക് ശമനം നൽകുക എന്നതൊന്നും പ്രതീക്ഷിക്കാനില്ല.
പുതിയ തൊഴിൽ നിയമങ്ങൾ അനേകം തൊഴിലാളി സംഘടനകൾ നിരാകരിച്ചിട്ടുണ്ട്. അവർ ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രതിഷേധം ഇരമ്പിയിരുന്നു. പ്രധാന ഭരണകക്ഷിയുടെ സംഘടനയായ ബിഎംഎസ് പക്ഷേ അതിൽ പങ്കെടുത്തില്ല.
ബില്ലുകൾ എങ്ങനെ പാസ്സാക്കി എടുക്കുന്നു എന്നത് ജനാധിപത്യത്തിലെ പ്രധാന ചോദ്യമാണ്. ഇപ്പോൾ അത് ഏകപക്ഷീയമാണ്. എതിർക്കാൻ പ്രതിപക്ഷമോ ജനങ്ങളോ പോലുമില്ലാത്ത ദുരവസ്ഥയാണ്.
കവര്: വില്സണ് ശാരദ ആനന്ദ്




