1
തൂവെള്ള നിറത്തിൽ സപ്ത
വർണ്ണങ്ങൾ തൻ നിറക്കൂട്ട് വിടരുന്നു..
നാനാ വികാരങ്ങൾ ഭംഗിയായ്
ഒളിപ്പിച്ച് മൗനം സമസ്യയായ്
തുടരുന്നു..
ചിരിച്ചും കരഞ്ഞും സ്നേഹിച്ചും,
പ്രണയിച്ചും മൗനത്തിലൂടെ നീങ്ങാം
കലഹവും വെറുപ്പും സാന്ത്വനവും
നിസ്സംഗമാം മൗനത്തിൽ ഒതുക്കാം
കാതങ്ങൾ താണ്ടി പരിരംഭണത്താൽ
മൂടാം…
വേദന നൽകാത്ത
ദിവ്യഔഷധമായ് മൗനത്തെ
സേവിക്കാം
മനസ്സെന്ന സങ്കല്പ മണ്ഡലം പോലെ
മൗനത്തിനെന്തെന്തു മാന്ത്രിക
സ്പർശം..
പറഞ്ഞാലും പറഞ്ഞാലും തീരാത്ത
കഥകൾ മധുരമാം മൗനത്തിൽ
ഒതുക്കാം
ഒരു മാത്ര കൊണ്ടും വായിച്ചിടാം
ഒരു മിഴി നീർക്കണം കൊണ്ടും
തൊട്ടറിയാം
തെന്നലും പൂക്കളും
മൗനാനുരാഗത്താൽ പുൽകി
ചിരിക്കും
ഇനിയൊരിക്കലും
കാണില്ലയെന്നറിവോടെ
മൗനം കൊണ്ടവർ മിഴികൾ നിറയാതെ
യാത്ര ചോദിക്കും..
ദ്വേഷവും ദേഷ്യവും തിളയ്ക്കുന്ന
വേളയിൽ മൗനം കൊണ്ടൊരു
മാളിക തീർക്കാം, ശാന്തതയിൽ
പതുക്കെ ലയിക്കാം.
മൗനത്തിൻ മാസ്മരിക ഭാവങ്ങളിൽ
ഒഴുകി പരക്കുമ്പോൾ നാമറിയാതെ
നാം ഗംഗയിൽ മുങ്ങി
നിവരുന്ന പോലെ…
പരിശുദ്ധരായ് മാറുന്ന പോലെ.
മൗനത്തിൻ വല്മീകം പൊട്ടിച്ചിടാതെ
മൗനത്തിൻ ഉന്മാദ ഭംഗി നുകരാം..
2
എന്നിൽ നിന്ന്
നിന്നിലേക്കുള്ള അകലം
കുറഞ്ഞപ്പോഴും
അകലത്തിൽ ആയിരുന്ന
നിമിഷങ്ങളിലും നീ എന്നിലും ഞാൻ
നിന്നിലും സദാ ഒരു മൗനമായ്
നിറഞ്ഞു നിന്നിരുന്നു.
അന്നൊക്കെ നീയും ഞാനുമായിരുന്നു
സ്നേഹവും വിശ്വാസവും നന്മയും
ശരികളും.
നിന്റെ കണ്ണുകൾ ഞാൻ മുഖം
നോക്കും കണ്ണാടിയായിരുന്നു.
തിരിച്ചും.
നിന്റെ മൗനം പോലും ഞാൻ
വായിച്ചിരുന്നു.
പിന്നെ ഞാൻ, ഞാൻ മാത്രവും
നീ, നീ മാത്രവും ആയപ്പോൾ
എവിടെയോ വെച്ചാ ചാരുതയെല്ലാം
പോയ്‌മറഞ്ഞു.
നിന്റെയും എന്റെയും മൗനങ്ങളുടെ
അർത്ഥങ്ങൾ തേടാൻ
നേരമില്ലാതെയായി.
ആരും ആർക്കും സ്വന്തമല്ലാതാകുന്നു.
അപ്പോഴും പോയ്‌മറഞ്ഞ
നല്ല നിമിഷങ്ങളെ മൗനമെന്ന
മാന്ത്രികച്ചരടിൽ നാമെല്ലാം
ബന്ധിച്ചിടുന്നു
കഥ പറയും സാഗരം പോലെ..
കവർ : വിത്സൺ ശാരദ ആനന്ദ്