പൂമുഖം LITERATUREകവിത നമ്മൾ നമ്മളിലെ വ്യാജനെ കാണുമ്പോൾ..

നമ്മൾ നമ്മളിലെ വ്യാജനെ കാണുമ്പോൾ..

ഈ ലോകം,
എത്ര വ്യാജമാണെന്ന് നോക്കൂ.
മിനുട്ടിന്റെ സെക്കന്റിന്റെ മണിക്കൂറുകളുടെ
എത്ര വ്യാജ സംഖ്യകളിലാണ്
സൂചി വെറുതെ മിടിക്കുന്നത്.
പത്തുമണിക്കു എത്തേണ്ട ബസ്
ഒൻപത് അൻപത്തിഒൻപതിനെത്തി
സ്റ്റാൻഡ് വിട്ട് പോകുന്നു.
ഞാൻ എന്റെ വാച്ചിലെ
‘കൃത്യം പത്തുമണിക്ക് ‘ എത്തുന്നു.
എന്നാൽ നിങ്ങളുടെ വാച്ചിലത്
‘പത്ത് ഒന്ന് ‘ ആയിരിക്കും.

ക്യാമറയിൽ
നമ്മൾ എത്രമാത്രം
വ്യാജമാണെന്ന് ഓർത്തിട്ടുണ്ടോ.
നട്ടുപിടിപ്പിച്ച ചെടിയിൽ നിന്ന്
ചിരിയെ നുള്ളിക്കളയുമ്പോൾ വീണ
ആ കരുവാളിപ്പ് കാണാനേയില്ല.

ലോകത്തെ പിടിച്ചു വെച്ച്
സെൽഫിയെടുക്കുന്നൊരുവളുടെ
ഗാലറിയിൽ നിറയെ ലോകം
പുറം തിരിഞ്ഞു നിന്നതിന്റെ
നരച്ച സെൽഫികളാണ്.
നോക്കൂ,
ലോകം നമ്മോടൊപ്പമാണെന്ന്
മഹാന്മാരുടെ
എത്ര വ്യാജമായ കണ്ടെത്തലാണ്!

മരണം വ്യാജമാണെന്ന്
ജനനം പറയും.
മരിച്ചു ജീവിക്കുന്നവരെ ചൂണ്ടി
‘അതാ നോക്കൂ’ എന്ന്
പച്ചയ്ക്ക് ഉദാഹരിച്ചു കളയും.

മോഷ്ടാവിന്നു പിടിക്കപ്പെട്ടാൽ
എല്ലാ കടലാസുകളും
അയാൾക്ക് വ്യാജമാണ്.
തീയിൽ കത്തുന്ന,
വെള്ളത്തിൽ കുതിരുന്ന,
എപ്പോഴും അസാധുവാക്കപ്പെടാൻ
സാധ്യതയുള്ള വെറും വ്യാജമായ
കടലാസ് കൂനയായിരിക്കുമത്.
നോക്കൂ, നമ്മളിലെത്ര
ശതകോടി വ്യാജന്മാരാണ്
തലങ്ങും വിലങ്ങും
ഒറിജിനലാകുവാൻ പാടുപെടുന്നത്!

സ്നേഹം പോലും
വ്യാജമായിത്തീരുന്നത്
ഒന്നനുഭവിക്കേണ്ടത് തന്നെ.
സ്വപ്നം വെറുമൊരു
മനോരാജ്യമാണെന്നത്
തെളിയിച്ചു തരും.

ഞാൻ പിന്നെയും
ലോകത്തെ പിടിച്ചു വെച്ച്
സെൽഫിയെടുക്കുന്നു.
ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇട്ട്
വ്യാജന്മാരെ വെളിയിൽ
കൊണ്ട് വരാൻ തന്നെ.
പതിവ് പോലെ ഗാലറിയിൽ നിറയെ
ലോകം പുറം തിരിഞ്ഞു നിന്ന
നരച്ച സെൽഫികളാണ്.
പക്ഷെ, കൂട്ടത്തിൽ
എന്റെ നിഴലിനെ കാണ്മാനില്ല!
“കരയുമ്പോൾ കൂടെ കരയാൻ
നിൻ നിഴൽ മാത്രം വരും “…
നോക്കൂ,
തത്വചിന്തകൾ പോലും
എത്ര വ്യാജമാണ്!

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like