റഷ്യയില് പന്തുരുണ്ട് രണ്ടാഴ്ച കാലം പിന്നിടുകയാണ്.ഒപ്പം ഗ്രൂപ്പ് സ്റ്റേജ് മല്സരങ്ങളും തീരുന്നു.. ലോകകപ്പ് അതിന്റെ പകുതി ഭാഗം പിന്നിടുമ്പൊള് ടീമുകളുടെ എണ്ണം 32ല് നിന്ന് 16ആവുകയാണ്.. ഒപ്പം നോക്കൗട്ട് മല്സരങ്ങളും ആരംഭിക്കുകയായി..ഇനി കിട്ടിയ അവസരങ്ങൾ മുതലാക്കുന്നവർ ആരോ അവരാണ് വിജയികൾ . ബാക്കിയുള്ളവർക്ക് നഷ്ടാവസരങ്ങളെ ഓർത്തു നെടുവീർപ്പിട്ട് അടുത്ത ലോകകപ്പിനായി ഖത്തറിലേക്ക് കണ്ണ് പായിക്കാം…
ഗ്രൂപ്പ് മത്സരങ്ങളിൽ തന്നെ ഇത്ര ആവേശം നിറഞ്ഞ ലോകകപ്പ് മുൻപ് കണ്ടതായി ഓർക്കുന്നില്ല.വമ്പന്മാര്ക്ക് തുടക്കത്തില് തന്നെ കാലിടറിയത് കാണികൾക്കും ആരാധകർക്കും അപ്രതീക്ഷിതമായി.ലോകകപ്പിന്റെ ടെൻഷനും റിലീഫും എല്ലാം അവർ ആദ്യ റൗണ്ടിൽ തന്നെ അനുഭവിക്കുകയുണ്ടായി.
ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏറെ ചർച്ചയായതും എല്ലാവരെയും ഞെട്ടിച്ചതും നിലവിലെ ചാമ്പ്യന്മാരായ ജർമനിയുടെ പുറത്താകൽ തന്നെയാണ്.. നിലവിലെ ചാമ്പ്യൻസ് ഗ്രൂപ്പ് റൗണ്ടിൽ പുറത്ത് പോകുന്നത് ഇത് തുടർച്ചയായി മൂന്നാം തവണയാണ്.ജർമനിയുടെ ഗോൾ ദാരിദ്ര്യം തുടങ്ങിയിട്ട് കുറച്ച് കാലമായി. ജർമനിയുടെ കഴിഞ്ഞ ഏഴ് മല്സരങ്ങൾ എടുത്താൽ അതിൽ രണ്ട് വിജയം മാത്രമേ അവർക്ക് അവകാശപ്പെടാനുള്ളൂ … ഒരു സമനില..പിന്നെ നാല് തോൽവി ..! ലോക ചാമ്പ്യന്മാരുടെ നില ടൂറ്ണമെന്റിനു മുന്നേ തന്നെ പരുങലില് ആയിരുന്നു എന്ന് ഇതിൽ നിന്ന് വ്യക്തം.. ഗ്രൂപ്പ് എഫിൽ കൊറിയക്കും പിന്നിൽ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ലോകചാമ്പ്യന്മാരുടെ സ്ഥാനം എന്നറിയുമ്പോഴാണ് ജർമൻ പടയ്ക്ക് സംഭവിച്ച ദുരന്തത്തിന്റെ ആഴം മനസിലാവുന്നത്. ഗ്രൂപ്പ് എഫ് ഒഴികെ ബാക്കിയെല്ലാ ഗ്രൂപ്പിലും ഏകദേശം പ്രതീക്ഷിച്ച ടീമുകൾ തന്നെയാണ് പ്രീ ക്വർട്ടറിലേക്ക് എത്തിയിട്ടുള്ളത്.. എങ്കിലും ബ്രസീലും അർജന്റീനയും സ്പെയിനും പോർച്ചുഗലും അങ്ങനെ ഫേവറൈറ്റുകൾ എല്ലാം തന്നെ അതാത് ഗ്രൂപ്പിലെ അവസാന മത്സരത്തിന്റെ അവസാന നിമിഷം വരെ ആരാധകരെ മുൾമുനയിൽ നിർത്തിയാണ് നോക്ഔട്ട് ബർത്ത് ഉറപ്പിച്ചത്.
ആതിഥേയരെന്ന ആനുകൂല്യ സാഹചര്യം മുതലെടുത്ത് അസാമാന്യ മികവോടെ റഷ്യ,തിരമാല കണക്കെ ജർമനിയെ കീറിമുറിച്ച മെക്സിക്കൻ വീര്യം , എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്ന ഹസാർഡും ലുക്കാക്കുവും നയിക്കുന്ന ബെല്ജിയം, എതിരാളിയെ അവരുടെ സ്വതസിദ്ധമായ കളി കളിക്കാൻ അനുവദിക്കാതെ ഒരു പട്ടാള ജനറലിന്റെ ചിട്ടയോടെ മൈതാന മദ്ധ്യം അടക്കി വാഴുന്ന മോഡ്രിച്ചിന്റെ ക്രൊയേഷ്യ , അങ്ങനെ ഫുടബോൾ പ്രേമികളുടെ പ്രതീക്ഷകളെ കവച്ചു വെച്ച പ്രകടനം നടത്തിയ ടീമുകളെയും ഗ്രൂപ് സ്റ്റേജിൽ കണ്ടു..
അഞ്ച് ടീമുകൾ കളിക്കാനെത്തിയ ലാറ്റിനമേരിക്കയിൽ നിന്ന് നാല് ടീമുകളും നോക്ഔട്ടിൽ എത്തിയപ്പോൾ .. കറുത്ത കുതിരകളാവും എന്ന് കരുതിയ ആഫ്രിക്കൻ ടീമുകൾ അമ്പേ നിരാശ്ശപ്പെടുത്തി .. അഞ്ച് ടീമുകളിൽ ഒന്നിന് പോലും അടുത്ത റൗണ്ടിലേക്ക് കടക്കാൻ സാധിച്ചില്ല. ഏഷ്യയുടെ മാനം കാക്കാൻ ഒരു ജപ്പാൻ മാത്രം ..കോൺകാകാഫിൽ നിന്ന് സ്ഥിരക്കാരായ മെക്സിക്കോയും.. യൂറിപ്പിൽ നിന്ന് ബാക്കി പത്ത് ടീമുകളും പ്രി ക്വർട്ടറിൽ ഇടം നേടി.
48 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇതുവരെ പിറന്നത് 122 ഗോളുകൾ (2 .54 /മാച്ച്) ഒരേയൊരു മത്സരം മാത്രമാണ് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞത്..! VAR ന്റെ വരവോടെ പെനാൽറ്റികൾ വർദ്ധിച്ചു .പതിനേഴ് പെനാൽറ്റികളാണ് ഗ്രൂപ്പ് സ്റ്റേജിൽ മാത്രം അനുവദിക്കപ്പെട്ടത്. സെല്ഫ് ഗോളുകളിൽ നല്ല വർദ്ധന വന്നത് ആശ്ശ്ചര്യപ്പെടുത്തുന്ന സംഗതിയാണ്.. ഒമ്പത് സെല്ഫ് ഗോളാണ് ഇതുവരെ പിറന്നത്. നോകൗട്ടിൽ ടീമുകൾ ജാഗ്രതൈ.. ഇനി സെല്ഫ് ഗോളുകൾക്ക് നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും..
പതിവ് ലോകകപ്പുകളിൽ നിന്ന് വിഭിന്നമായി ഗോൾഡൻ ബൂട്ടിനു വേണ്ടി കനത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ തന്നെ അഞ്ച് ഗോളുമായി ഇംഗ്ളണ്ടിന്റെ ഹാരികെൻ മുന്നിലാണ് . നാല് ഗോൾ വീതം നേടി സൂപ്പർ താരം റൊണാൾഡോയും ബെല്ജിയത്തിന്റെ ലുക്കാക്കുവും തൊട്ട് പിന്നിലുണ്ട്. കഴിഞ്ഞ ലോകകപ്പിൽ അഞ്ച് ഗോൾ നേടിയാണ് കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് എന്നറിയുമ്പോഴാണ് ഈ ലോകകപ്പിലെ മത്സരം എത്രത്തോളം കടുത്തതാണെന്ന് മനസിലാവുക.
ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ജര്മനിക്കൊപ്പം നിരാശപ്പെടുത്തിയ മറ്റൊരു ടീമാണ് ലോകറാങ്കിങ്ങിൽ എട്ടാമതുള്ള പോളണ്ട്. ജപ്പാനെതിരെയുള്ള അവസാന മത്സരത്തിലെ ഒരു വിജയമൊഴിച്ചാൽ ലെവന്റോവ്സ്കിക്കും കൂട്ടർക്കും കാര്യമായ ഇമ്പാക്ട് റഷ്യയിൽ ഉണ്ടാക്കാനായില്ല. അവസാന മത്സരത്തിൽ സമനില ലക്ഷ്യമാക്കി കളിച്ച് തോൽവി ഏറ്റുവാങ്ങിയ സെനഗലും പ്രീ ക്വർട്ടർ സാധ്യതയില്ലാതാക്കി.. വൻ പ്രതീക്ഷയുമായി എത്തിയ ഐസ്ലാൻറ് അമിത പ്രതിരോധത്തിലൂന്നിയ കളിയാണ് ടൂര്ണമെന്റിലുടനീളം കാഴ്ച വെച്ചത്.ആഫ്രിക്കൻ കരുത്തരായ നൈജീരിയ മനോഹരമായി കളിച്ചെങ്കിലും ഡെത്ത് ഗ്രൂപ്പിൽ പെട്ടുപോയതിന്റെ നിർഭാഗ്യം അവരെയും വിട്ടുപോയില്ല. .പെറു മനോഹരമായി ആക്രമണ ഫുടബോൾ കളിച്ചെങ്കിലും ഒരു ജയം മാത്രേ അവർക്ക് സ്വന്തമാക്കാനായുള്ളൂ.ഇറാനും മൊറാക്കോയും മികച്ച പോരാട്ടവീര്യം കാഴ്ച വെച്ച് ഫുടബോൾ പ്രേമികളുടെ മനം കവർന്ന ടീമുകളായെങ്കിലും പ്രീ ക്വർട്ടറിൽ എത്താൻ അതൊന്നും മതിയായിരുന്നില്ല .സലാഹിന്റെ കളിമികവിൽ പ്രതീക്ഷയർപ്പിച്ചെത്തിയ ഈജിപ്തിനും അത്ഭുതങ്ങൾ കാണിക്കാനായില്ല.
നോക്ക്ഔട്ടിൽ കടന്ന ടീമുകളിൽ ആധികാരികമായി കളിച്ചത് വളരെ കുറച്ച ടീമുകളെ ഉള്ളൂ..മിഡ്ഫീൽഡ് കരുത്തുമായി തോൽവി അറിയാതെ മുന്നേറിയ ക്രൊയേഷ്യയാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയത്..പ്രതിരോധത്തിലും മിഡ്ഫീൽഡിൽ കളിനിയന്ത്രിക്കുന്നതിലും ഏറെ മുന്നിലാണ് മോഡ്രിച്ചിന്റെ നേതൃത്വത്തിലുള്ള ഈ സംഘം.
ഏത് കനത്ത പ്രതിരോധവും തച്ച് തകർക്കാൻ കരുത്തുള്ള മുന്നേറ്റനിരയാണ് ബെല്ജിയത്തിന്റെ കരുത്ത്. ലുക്കാക്കുവും ഹസാർഡും അവർക്ക് പിറകിൽ ഡിബ്രൂയാനും അണിനിരക്കുന്ന ബെല്ജിയംത്തിന്റെ ഡിഫൻസും കരുത്തുറ്റതാണ്.ലോകകപ്പിനു പുതിയ ചാമ്പ്യന്മാർ ഈ രണ്ട് ടീമിലൊന്നിലൂടെ കിട്ടും എന്ന് കരുതുന്നവർ ധാരാളമുണ്ട്..
ഗ്രൂപ്പ് മത്സരങ്ങളിൽ ഒറ്റ ഗോൾ പോലും വഴങ്ങാതെയാണ് ഉറുഗ്വേയുടെ വരവ്..സുവാരസും- കവാനിയും ഉൾപ്പെടുന്ന മുന്നേറ്റനിര പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല എന്നതാണ് അവരെ അലട്ടുന്നത്.. റൊണാൾഡോ എന്ന ഒറ്റയാൾപട്ടാളത്തിന്റെ കരുത്തിലാണ് പോർച്ചുഗലിന്റെ നിലനിൽപ്പ് .. പ്രീ ക്വർട്ടറിൽ ഉറുഗ്വേയുടെ ഡിഫൻസും റൊണാൾഡോയും ഏറ്റുമുട്ടുമ്പോൾ അതൊരു വിരുന്നാവും..
അവസാന ഗ്രൂപ് മത്സരത്തിന്റെ എല്ലാ സമ്മർദ്ധവും അതിജീവിച്ച അർജന്റീന ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. മെസി ഗോൾ കണ്ടെത്തിയത് അർജന്റൈൻ ആരാധകർക്ക് ആശ്വാസകരമായ കാര്യമാണ് .താര നിബിഡമായ ഫ്രാൻസ് അതിനൊത്ത കളി പുറത്തെടുത്തിട്ടില്ലെങ്കിലും ഏത് നിമിഷവും ക്ളിക്കാകാവുന്ന സംഘമാണ് ഫ്രഞ്ച് പട. എംബാപേയുടെ ബൂട്ടുകൾ എതിർ ടീമിന് ഏതു നിമിഷവും ഭീഷണിയാവാം..അർജന്റീന ഡിഫൻസ് ഫ്രഞ്ച് മുന്നേറ്റനിരയെ എങ്ങിനെ തടഞ്ഞു നിർത്തും എന്നതിനെ ആശ്രയിച്ചാണ് ടൂർണമെന്റിൽ അർജന്റീനയുടെ ഭാവി.മറു വശത്ത് മെസിയുടെ ബൂട്ടിലാണ് അറാജ്ന്റീനയുടെ സകല പ്രതീക്ഷയും.
അവസാന ഗ്രൂപ്പ് മത്സരത്തിലെ ആധികാരികമായ പ്രകടനത്തോടെ ബ്രസീൽ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തി വിട്ടിരിക്കുന്നു.മാഴ്സെലോ-കൂട്ടീനോ -നെയ്മർ അണിനിരക്കുന്ന ടീമിന്റെ ലെഫ്റ് വിങ് എതിരാളികൾക്ക് ഉയർത്തുന്ന ഭീഷണി ചെറുതല്ല. കരുത്തുറ്റ ഡിഫൻസും ടീമിന് സ്വന്തമായുണ്ട്. മികച്ച പന്തടക്കവും ഒത്തിണക്കവും പൊസഷൻ ഗെയിമും അവസാന മത്സരത്തിൽ ബ്രസീൽ പുറത്തെടുത്തത് എതിരാളികൾക്കൊരു മുന്നറിയിപ്പാണ്.
മറ്റൊരു മികച്ച പ്രകടനം നടത്തിയ ടീമാണ് ഇംഗ്ലണ്ട് .ലോകകപ്പിൽ പതിവിൽ നിന്ന് വിപരീതമായി ടീം ഗോളുകൾ കണ്ടെത്തുന്നത് ശുഭലക്ഷണമാണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബെൽജിയത്തോട് തോറ്റെങ്കിലും അന്ന് അവരുടെ പ്രമുഖ താരങ്ങൾ ആരും കളത്തിലിറങ്ങിയിട്ടില്ലായിരുന്നു. അമ്പത് വർഷങ്ങൾക് ശേഷം ഹാരികേനും കൂട്ടരും കപ്പ് ഇംഗ്ളണ്ടിലേക് എത്തിക്കുമെന്നു ആരാധകർ കരുതുന്നതും അതുകൊണ്ടാണ്. ഇപ്രാവശ്യം നിര്ഭാഗ്യങ്ങളൊക്കെ ഒഴിഞ്ഞ് നിൽക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
സ്പെയിനാണ് മറ്റൊരു കരുത്തുറ്റ ടീം.മധ്യനിരയുടെ ബലത്തിൽ കുതിച്ച ടീം അവസാന ഗ്രൂപ്പ് മത്സരത്തിൽ മൊറോക്കോക്കെതിരെ കിതച്ചെങ്കിലും ഇഞ്ചുറി ടൈമിലെ ഗോളിൽ രക്ഷപ്പെടുകയായിരുന്നു.ഡിഫൻസിലെ പഴുതുകൾ ടീമിനെ കുഴക്കുന്നുണ്ടെങ്കിലും മികച്ച പാസിംഗ് ഗെയിമിലൂടെ ടീം ഗോൾ കണ്ടെത്തുന്നത് ആശ്വാസകരമാണ്.
മെക്സിക്കോ,സ്വീഡൻ,റഷ്യ ,കൊളംബിയ,സ്വിസ് ടീമുകൾ അവരുടേതായ ദിവസങ്ങളിൽ അത്ഭുതങ്ങൾ കാണിക്കാൻ കഴിവുള്ളവരാണ്.
ഗ്രൂപ്പ് സ്റ്റേജിൽ തന്നെ ആവേശം വാനോളം ഉയർന്ന ഈ ലോകകപ്പിലെ നോക്ഔട്ടിന് അരങ്ങുണരുമ്പോൾ ലോകമെമ്പാടുമുള്ള ഫുടബോൾ പ്രേമികൾ ആകാംക്ഷയിലാണ്.. എന്തെല്ലാം കാഴ്ചകളാവും ഇനി റഷ്യ അവർക്ക് വേണ്ടി കരുതി വെച്ചിരിക്കുക . മെസി- റൊണാൾഡോ പോരാട്ടം ക്വർട്ടറിൽ കാണാനാവുമോ ? സെമിയിൽ ബ്രസീൽ x അർജന്റീന സ്വപ്ന പോരാട്ടം വരുമോ? പുതിയ ചാമ്പ്യന്മാരെ റഷ്യ കരുതിവെച്ചിട്ടുണ്ടോ ? ക്രൊയേഷ്യയും ബെൽജിയവും അതിനു അണിയറയിൽ കോപ്പു കൂട്ടുന്നുണ്ട്. ആതിഥേയരായ റഷ്യ മുന്നേറ്റം തുടരുമോ ? പതിറ്റാണ്ടുകളായി നിലനിക്കുന്ന ലോകകപ്പിലെ നിർഭാഗ്യം ഇത്തവണ ഹാരികേനും സംഘവും തിരുത്തിയെഴുതുമോ ? സുവാരസും കവാനിയും ഗോൾ നേടാൻ തുടങ്ങിയാൽ ഉറുഗ്വേ അത്ഭുതം കാണിക്കുമോ ? നെയ്മർ-കൂട്ടിനോ ദ്വയം ബ്രസീലിനു ആറാം കിരീടം സമ്മാനിക്കുമോ ?കഴിഞ്ഞ തവണ കൈവിട്ട ഇനിയും കിട്ടാക്കനിയായി നിൽക്കുന്ന ഒരു അന്താരാഷ്ട്ര കിരീടം മെസ്സി റഷ്യയിൽ സ്വന്തമാക്കുമോ ? അങ്ങനെ ഒരു പിടി ചേദ്യങ്ങൾക്ക് ഉത്തരങ്ങൾ കിട്ടാൻ ഇനിയും പതിനഞ്ച് മത്സരങ്ങൾ കഴിയേണ്ടതുണ്ട്.. അതിനു വേണ്ടി അക്ഷമയോടെ ഒരു തുകൽ പന്തിനു പിന്നാലെ പായുകയാണ് ലോകം…