”ഇക്കാണിക്കുന്ന ഗോഷ്ടിയാണോ മോഹിനിയാട്ടവും ഭരതനാട്യവും, ” ദേവിക ധർമ്മരോഷം കൊണ്ടു.
”ഇങ്ങനെ വികാരം കൊള്ളാതെ എന്റമ്മേ, ” മകൾ അമ്മയെ ചെറുതായൊന്നു ശാസിച്ചു, ” ആ പെൺകുട്ടികൾ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ, ” അവൾ തുടർന്നു.
ഓ, അങ്ങനെയൊരു വശം ചിന്തിച്ചതേയില്ലല്ലോ എന്ന് ദേവികയ്ക്കു സ്വയം നാണക്കേടു തോന്നി.
കുട്ടികൾ അവധിക്കു വന്നപ്പോൾ അവരുടെ നിർബന്ധത്തിനു വഴങ്ങി കോവളത്തെ നക്ഷത്ര റിസോർട്ടിൽ രണ്ടു ദിവസം തങ്ങുകയായിരുന്നു അവരെല്ലാവരും. രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ് ആ രണ്ടു പെൺകുട്ടികളെ ശ്രദ്ധിച്ചത്, ഏറ്റവും പിന്നിലായി ഒരു ചെറിയ അരങ്ങിൽ മോഹിനിയാട്ടത്തിന്‍റെയും, ഭരതനാട്യത്തിന്‍റെയും വേഷമണിഞ്ഞ് രണ്ടു സുന്ദരി പെൺകുട്ടികൾ ഏതോ സിനിമാപാട്ടിനൊപ്പിച്ച് ഇൻസ്റ്റന്റ് നൃത്തം ചെയ്യുന്നു. വിദേശീയരും വടക്കേ ഇന്ത്യക്കാരും കൗതുകത്തോടെ, അത്ഭുതത്തോടെ ഭക്ഷണം കഴിക്കുന്നതിനിടയിലൂടെ അതു കാണുന്നുണ്ടായിരുന്നു. മലയാളികളായി ദേവികയും കുടുംബവുമല്ലാതെ ആരും ഉണ്ടായിരുന്നില്ല. ശരിക്കുള്ള ഭരതനാട്യമോ മോഹിനിയാട്ടമോ അറിയാവുന്നവർ ഉണ്ടായിരുന്നെങ്കിൽ അവർ ഇറങ്ങി ഓടുമായിരുന്നല്ലോ എന്ന് ദേവിക ഓർത്തു. മുമ്പൊരിക്കൽ കാർത്തികതിരുനാൾ ഹാളിൽ വച്ച് ക്ഷണിക്കപ്പെട്ട സദസ്സിനു വേണ്ടി, തിരുവനന്തപുരത്തെ അറിയപ്പെടുന്ന കുടുംബത്തിലെ ഒരു യുവതി അവതരിപ്പിച്ച ഒരു ഇൻസ്റ്റന്റ് കഥകളി കാണേണ്ടി വന്നത് ദേവിക ഓർത്തു. അവൾക്ക് കഥകളിയോട് അത്ര പ്രിയമൊന്നുമില്ല. മുഴുനീള കഥകളി കാണാനുള്ള ക്ഷമയുമില്ല, പോകാറുമില്ല, ചെറുതിലേ ഒരു ഉത്സവസ്ഥലത്ത് പോയി അവിടെ കിടന്ന് ഉറങ്ങിപ്പോയ കക്ഷിയാണ്. ഇപ്പോൾ എങ്ങനെയോ ഇതിൽ പെട്ടു പോയതാണ്. എങ്കിലും ഇങ്ങനെ ഇൻസ്റ്റന്റ് ആയി അവതരിപ്പിക്കുന്നത് തെറ്റല്ലേ എന്നൊരു സംശയം തോന്നിയിരുന്നു, അതേ കുറിച്ച് ഒരു കഥകളി ആചാര്യൻ പരാതി പറഞ്ഞിരുന്നതും ഓർമ്മ വന്നു. എത്രയോ വർഷത്തെ സാധനയാണ് തങ്ങൾക്ക്, അതിങ്ങനെ നിസ്സാരമാക്കുന്നത് ശരിയല്ല എന്നോ മറ്റോ ആയിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ ജീവിതത്തിന് ഇത്ര ഗതിവേഗം കൈവന്നപ്പോൾ പഴമയിലേക്ക് ഒരു തിരിഞ്ഞു നോട്ടം എന്ന് കണക്കാക്കാമല്ലോ എന്ന് ഇപ്പോൾ തോന്നുന്നുണ്ട്. അതാണല്ലോ പ്രായോഗികം.

കോവളംയാത്രയ്ക്കു ശേഷം കുറച്ചു നാൾ കഴിഞ്ഞ് സ്റ്റാച്യുവിലെ വെറൈറ്റി സ്‌റ്റോഴ്‌സിൽ നിൽക്കുമ്പോഴാണ് പെട്ടെന്ന് ആ പെൺകുട്ടികൾ ഇരുവരേയും ദേവിക വീണ്ടും കണ്ടത്. അവർ നൃത്തത്തിനുള്ള എന്തെല്ലാമോ വാങ്ങുകയായിരുന്നു. മൂവരും ഏതാണ്ട് ഒന്നിച്ചാണ് വെളിയിൽ ഇറങ്ങിയത്.
‘നിങ്ങളുടെ നൃത്തം ഞാൻ കണ്ടിരുന്നല്ലോ.’
എവിടെ എന്നു പറയാതെ സൂക്ഷിച്ചായിരുന്നു ദേവികയുടെ വർത്തമാനം. ഊഹിച്ചതു പോലെ തന്നെ അവരുടെ മുഖങ്ങൾ വിളറി. ‘ആന്റി അവിടെയുണ്ടായിരുന്നോ? ‘ ലേശം അന്ധാളിപ്പോടെയാണ് ഒരാൾ ചോദിച്ചത്. ‘ആ….കുറച്ചു നാൾ മുമ്പാണ്’ എന്നു പറഞ്ഞിട്ട് അവൾ അവരോട് പെട്ടെന്നു തന്നെ ചങ്ങാത്തം പിടിച്ചു. അവരും പെട്ടെന്ന് കൂട്ടത്തിൽ കൂടി, നമുക്കൊരു കോഫി ആയാലോ എന്ന് അവൾ അടുത്തൊരു റസ്‌റ്റോറാണ്ടിലേക്കു അവരെ കൂട്ടിക്കൊണ്ടുപോയി. സാവകാശം അവരുടെ വിവിരങ്ങൾ ചോദിച്ചറിഞ്ഞു.
രമയും ഉമയും ചേച്ചിയനിത്തിമാരാണ്, ഒരാൾ പ്‌ളസ് വൺ, മറ്റേയാൾ ഡിഗ്രി ഒന്നാം വർഷം. ഇൻസ്റ്റന്റ് മോഹിനിയാട്ടവും ഭരതനാട്യവും യൂട്യൂബ് നോക്കി പഠിച്ചതാണെന്നു കുട്ടികൾ സമ്മതിച്ചു. സ്ഥിരം കേൾക്കുന്നതു പോലെ തന്നെ അച്ഛൻ യാതൊരു ചുമതലയുമില്ലാത്ത ആൾ. ഈ അവസ്ഥ വ്യാപകമാണെന്ന് സ്വന്തം വീട്ടുസഹായികളിൽ നിന്നാണ് ദേവിക മനസ്സിലാക്കിയിട്ടുള്ളത്. ഇപ്പോഴുള്ള ആൾ പറയുന്നത്, ‘അങ്ങനെയൊരാൾ കുടുംബത്തിൽ ഉള്ളതും ഇല്ലാത്തതും കണക്കാണ്, ഞാൻ ജോലി ചെയ്ത് ഉണ്ടാക്കുന്നതിന്റെ പങ്കു പറ്റി അങ്ങു കഴിയു ന്നു എന്നാണ്. ‘
രമ ഉമമാരിലേക്കു തിരികെ വരാം. അമ്മ, വീടുകളിൽ ജോലിക്കു പോയാണ് കുടുംബം പുലർത്തുന്നത്. അച്ഛന്റെ കൂടെ പണ്ട് ഒളിച്ചോടി പോയതിനാൽ അമ്മ വീട്ടുകാരും, സഹായിക്കേണ്ടി വന്നാലോ എന്ന് ഭയന്ന് അച്ഛൻ വീട്ടുകാരും തിരിഞ്ഞു നോക്കില്ല. ഞായറാഴ്ച്ച പോലും അമ്മയ്ക്കു ജോലിക്കു പോകേണ്ടി വരുന്നതിൽ കുട്ടികൾ ഖിന്നരായിരുന്നു. അങ്ങനെയിരുന്നപ്പോഴാണ്, ആ നക്ഷത്ര റിസോർട്ടിൽ പാർട്ട് ടൈം ജോലി ശരിയാക്കിത്തരാമെന്ന് അവിടെ ജോലിയുള്ള ഒരു ബന്ധു പറഞ്ഞത്. അവിടെ മലയാളികൾ തീരെ ഉണ്ടാവാറില്ല എന്നും ഉറപ്പു പറഞ്ഞു. ആരെങ്കിലും കണ്ടാൽ അഭിമാനക്ഷതമാണല്ലോ! അമ്മ ആദ്യം സമ്മതിച്ചില്ല, പിന്നെ അവരോട് ബന്ധം പുലർത്തിയിരുന്ന ഒരേയൊരാൾ ആയിരുന്നതുകൊണ്ടും അയാളെ വിശ്വാസമായിരുന്നതുകൊണ്ടും സമ്മതിച്ചു. തങ്ങളുടെ പഠനത്തിനുള്ള ഫീസ്, അമ്മയുടെ ഞായറാഴ്ച്ചപ്പണി ഒഴിവാക്കൽ, ഇവ രണ്ടും മാത്രമേ താൽക്കാലം പെൺകുട്ടികൾക്കും ലക്ഷ്യമുണ്ടായിരുന്നുള്ളു. റിസോർട്ടുകാർ വളരെ മാന്യരാണ്, മോശം പെരുമാറ്റമൊന്നും ഇതേവരെ ഉണ്ടായിട്ടില്ല, പോകാനും വരാനും വണ്ടി അയയ്ക്കാറുണ്ട്, അവർ ആഗ്രഹിച്ചതിലും കൂടുതൽ പണവും തരുന്നുണ്ട് എന്നും അവർ പറഞ്ഞു.
ജോലി ചെയ്തു ജീവിക്കുന്നതിൽ അഭിമാനക്ഷതമൊന്നുമില്ല, എന്നത് പറഞ്ഞു മനസ്സിലാക്കാനായിരുന്നു ദേവികയുടെ ആദ്യ ശ്രമം. കുറ്റം പറയാൻ വരുന്നവരോട്, എന്നാൽ നിങ്ങൾ പണം തരൂ, ഞങ്ങൾ പോകാതിരിക്കാം എന്ന് ഒരു വട്ടം പറയാനുള്ള ധൈര്യം ഉണ്ടായാൽ മതി, പിന്നെ വീട്ടിൽ നിന്ന് അകലെ പോയി അവരുടെ കാറിൽ കയറുകയും ഇറങ്ങുകയും ചെയ്യേണ്ട ഗതികേട് വരില്ല എന്നു ഉറപ്പിച്ചു പറഞ്ഞു. തന്നെപ്പോലെ പലർക്കും ഓഫീസ് പിക്ക് അപ് ഉണ്ട്, അവർക്കൊന്നും ഇല്ലാത്ത നാണക്കേട് നിങ്ങൾക്കു മാത്രം എങ്ങനെ വരും എന്നു ചോദിച്ചപ്പോൾ കുട്ടികളുടെ കണ്ണുകളിൽ ഒരു വെളിച്ചം മിന്നിയോ?
‘രമയക്ക് പ്ലസ് ടൂ കഴിഞ്ഞ് എന്തു പഠിക്കാനാണ് ആഗ്രഹം? ദേവിക കാര്യത്തിലേക്കു വന്നു. എനിക്ക് എഞ്ചിനീയറിംഗ് പഠിക്കാനാണ് ആഗ്രഹം ആന്റി, പക്ഷേ…..’ രമയുടെ മുഖം വാടി.
‘എൻട്രൻസ് എഴുതി കിട്ടണ്ടേ?’
‘വേണം, ഞാൻ നന്നായി തയ്യാറെടുപ്പു നടത്തുന്നുണ്ട് ആന്റി. എൻട്രൻസ് കോച്ചിംഗിനു പോകുന്ന കൂട്ടുകാരികളുടെ സഹായവുമുണ്ട്. നല്ല സ്‌കോർ കിട്ടിയാൽ പള്ളിക്കാരോടു ചോദിക്കാം എന്നാണ് അമ്മ പറഞ്ഞിരിക്കുന്നത്. അമ്മ ഞായറാഴ്ച്ചകളിൽ അവിടെയാണ് ജോലിക്കു പോകുന്നത്.’
ദേവിക ഒരു നിമിഷം ആലോചിച്ചു, പിന്നെ സാവകാശം പറഞ്ഞു.’ പള്ളിക്കാർ തരുമെങ്കിൽ ശരി. ഇനി അതില്ലെങ്കിൽ, കടമായി മതി എന്ന് ആ റിസോർട്ടുകാരോട് ചോദിച്ചാൽ ചിലപ്പോൾ കിട്ടുമായിരിക്കും, ഞാൻ വേണമെങ്കിൽ സംസാരിച്ച് ഗാരണ്ടി നിൽക്കാം. ‘
ഇനി ഇതൊന്നും നടപ്പായില്ലെങ്കിൽ, ഇവിടെ തിരുവനന്തപുരത്ത് സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ നോടാൻ പറ്റുമെങ്കിൽ, രമയുടെ ഫീസും പഠനച്ചെലവുകളും ഞാൻ അടയ്ക്കാം.’ പഠിച്ച് ജോലിയായിട്ട് തിരികെ തരണം കേട്ടോ എന്നു ദേവിക ചിരിച്ചു. കുട്ടികളുടെ മുഖം അത്ഭുതം കൊണ്ടും സന്തോഷം കൊണ്ടും തെളിഞ്ഞു, രമയുടെ കണ്ണു നിറഞ്ഞു, അനിയത്തിയെങ്കിലും രക്ഷപ്പെടുമല്ലോ എന്ന് ഉമയുടെ മുഖത്ത് ആശ്വാസം പൊടിഞ്ഞു. ഉമയുടെ ഫോൺ നമ്പർ ദേവിക വാങ്ങി, ഇടയയ്ക്ക് മിസ്സ്ഡ് കോൾ ഇടണം, തിരിച്ചു വിളിക്കാം എന്ന് വാഗ്ദാനം ചെയ്തു.
ഇപ്പോഴുള്ള ഇൻസ്റ്റന്റ് നൃത്തം അവസാനിപ്പിക്കണമെന്നോ ആളുകളെ പറ്റിക്കരുതെന്നോ ഒന്നും പറഞ്ഞുമില്ല. ഇൻസ്റ്റന്റ് കഥകളി വരെ നടത്തുന്നിടത്ത് ഇതിനെന്തിനു കുഴപ്പം പറയണം? അവർ ജീവിക്കാൻ ചെയ്യുന്നതല്ലേ? അവരെ വിധിക്കാൻ ഞാനാര്, ദേവിക ചിന്തിച്ചു. മുമ്പ് കാണിച്ച ആവേശമോർത്ത് പിന്നെയും ലജ്ജ തോന്നി. എങ്കിലും എത്രയോ പേരെ വിദ്യാഭ്യാസം നേടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ അച്ഛനമ്മമാരെ മനസ്സിൽ സ്മരിച്ചപ്പോൾ ദേവികയക്ക് ചെറുതല്ലാത്ത അഭിമാനം തോന്നി. അവരെ പോലെ ചെയ്യാൻ, ഒട്ടും തേടി നടക്കാതെ കണ്മുന്നിൽ വന്നു പെട്ട അവസരം അവളെ സന്തോഷിപ്പിച്ചു. അവരെ വീട്ടിലേക്കു കൂട്ടാനോ, അവരുടെ വിട്ടിൽ പോകാനോ ഒന്നും ദേവിക തുനിഞ്ഞില്ല. അത്യാവശ്യത്തിനുള്ള ഫോൺ മാത്രം. അതിപരിചയം അവജ്ഞ ഉണ്ടാക്കാമല്ലോ.
നാളുകൾ മുമ്പോട്ടു പോയി. ഇപ്പോൾ രമ എഞ്ചിനീയറിംഗ് കോളേജിലാണ്. തോൽവി ഒന്നും ഇല്ലാതെ ശ്രദ്ധിച്ചു പഠിക്കാൻ അവൾക്കു കഴിയട്ടെ, ജോലി കിട്ടി അമ്മയ്ക്ക് ഒരു തണലാകട്ടെ ദേവിക ആഗ്രഹിച്ചു.
കവര്‍: വിത്സണ്‍ ശാരദ ആനന്ദ്