1

എനിക്കവനെ ഇഷ്ടമാണ്. ഉഷ പറഞ്ഞു.

ഉം.

നിനക്ക് ഉം എന്നല്ലാതെ മറ്റൊന്നും പറയാനില്ലേ?

ഉഷയ്ക്കവനെ ഇഷ്ടമാണെന്ന് എനിക്കറിയാമല്ലോ. അറിയാവുന്ന കാര്യം വീണ്ടും പറഞ്ഞാൽ ഞാനെന്തുപറയാനാ? അരുവി തിരിച്ചുപറഞ്ഞു.

ഈ കെട്ടിടത്തിനു താഴെ, മൂന്നാം നിലയിൽ നിന്ന് പടികളിറങ്ങിച്ചെല്ലുന്നിടത്ത്, വലതുവശത്തുള്ള വളവ് കഴിഞ്ഞുള്ള ഇടുക്കിൽ മഞ്ഞക്കുമ്മായം പൂശിയ ചുവരുകൾക്കിടയിൽ ചതുരത്തറയോടുകൾ പാകിയ ഒരു തുറസ്സുണ്ട്. തറയോടുകൾക്കിടയിൽ ഞെരുങ്ങി വളർന്ന മഞ്ഞപ്പുല്ലുകൾ ഇപ്പോൾ പൂത്തുനിൽക്കുകയാണ്. അവിടെനിന്ന് സിഗരറ്റ് വലിച്ച് അവൻ കയറിവരുമ്പോഴുള്ള മണം നിനക്കറിയാമോ? നിനക്കെങ്ങനെ അറിയാനാ. നിനക്കു മണക്കാൻ അറിയില്ലല്ലോ. അവൻ്റെ പാതി ഷേവ് ചെയ്ത കുറ്റിരോമങ്ങൾക്കിടെ സൂര്യകിരണം പോലെ വെളുത്ത താടിരോമങ്ങൾ. അവയുടെ ഇടയിൽ പൊടിയുന്ന വിയർപ്പുമണവും അവൻ ദേഹത്തു പൂശിയ സി.കെ.വൺ പെർഫ്യൂമിൻ്റെ മണവും ഗോൾഡ് ഫ്ളേക്സ് കിങ്ങ്സ് സിഗരറ്റിൻ്റെ  മണവും കുഴഞ്ഞുള്ള മദഗന്ധം – ഇതെല്ലാം കൂടെ പെട്ടെന്ന് അടിച്ചുകയറുമ്പോൾ തൊണ്ടയിലൊരു കുരുങ്ങൽ വന്ന് ശ്വാസം മുട്ടുന്ന വേദനയാണെന്ന്  നിനക്കറിയാമോ? ഒരു പുഴമീനായി തെളിനീരിൽ  നീന്തിയിരുന്ന എന്നെ ഗന്ധങ്ങളുടെ ചൂണ്ടയിൽകൊരുത്ത് ജലത്തിൽ നിന്ന് വായുവിലേക്ക് പൊക്കിയെടുക്കുന്നതുപോലെ – ശ്വാസം കിട്ടാതെ ഒരു പിടച്ചിലാണ്. നിനക്കെങ്ങനെയറിയാനാ, നിനക്ക് വേദനയും അറിയില്ലല്ലോ.

എന്നെ കുറ്റം പറയുന്നതെന്തിനാ? അരുവി തിരിച്ച് ചോദിച്ചു.

നിനക്കൊരു വികാരവും ഇല്ലാത്തോണ്ട്. വേദനയില്ല, സന്തോഷമില്ല, വികാരമില്ല. എന്തൊരു ജീവിതമെടീ.

അവനെക്കാണുമ്പോൾ വേദന എന്നല്ലല്ലോ നീ മുൻപ് പറഞ്ഞത്. നീ ഇട്ടിരിക്കുന്ന പാൻ്റീസ് കുതിർന്നുപോവുന്നു എന്നല്ലേ? അവനടുത്തുവരുമ്പോൾ നിൻ്റെ മുലഞെട്ടുകൾ വേദനിക്കുമെന്നും? വിക്ടോറിയ സീക്രട്ട്സ് പൊതിഞ്ഞ നിൻ്റെ രഹസ്യങ്ങൾ വേദനിക്കുന്നു എന്നായിരുന്നു നീ ഓഗസ്റ്റ് 4-നു വൈകിട്ട് നാലരയ്ക്കു പറഞ്ഞത്.

നീയെന്തിനാ ഇതൊക്കെ ഓർക്കുന്നത്?

എന്തെങ്കിലും അസുഖമായിരിക്കും, നല്ലൊരു യൂറോളജിസ്റ്റിനെ കാണാൻ ഞാൻ പറഞ്ഞതല്ലേ.

എടീ നിന്നെ ഞാൻ എന്ന് ഉഷ പറഞ്ഞപ്പൊഴേയ്ക്കും മുറിയിൽ വളകിലുക്കം പോലെ പൊട്ടിച്ചിരി നിറഞ്ഞു. ഞാനൊരു തമാശപറഞ്ഞതല്ലേ പൊന്നേ എന്ന് ചിരികൾക്കിടയിലും അരുവി പറഞ്ഞു.

അപ്പോൾ  മൂന്നാം നിലയിലെ ആ മുറിയിലേക്ക് സിഗരറ്റിൻ്റെ ഗന്ധവും പിന്നാലെ ഉമേഷും കയറിവന്നു. ഉഷയും അരുവിയും മിണ്ടാതെയായി.

ആഹാ ഉഷ ഇപ്പൊഴും യന്ത്രത്തെ കളിപ്പിച്ചോണ്ടിരിക്കുവാണോ? നമുക്ക് ഇതിനെ പുറം ലോകം കാണിക്കണ്ടേ?

വേണ്ട. അരുവി പറഞ്ഞു.

എന്നുപറഞ്ഞാലെങ്ങനെയാ? നാളെയാ നിൻ്റെ ദിവസം. ഞങ്ങളുടെ എത്ര നാളത്തെ അടിമപ്പണിയാ. നിന്നെ ഉണ്ടാക്കിയുണ്ടാക്കി ഒന്നു നേരെ  ഉറങ്ങിയിട്ട് എത്രനാളായി.

അരുവി എന്ന എ.ഐ. മോഡൽ ഒന്നും തിരിച്ചു പറഞ്ഞില്ല. തിരുവനന്തപുരം ടെക്നോപാർക്കിലെ ആ ചെറിയ ഓഫീസിൽ നാലുപേരുടെ സംഘം രാവും പകലും പണിത് ഒന്നുമില്ലായ്മയിൽ നിന്ന് നിർമ്മിച്ചെടുത്ത നിർമ്മിതബുദ്ധിയായിരുന്നു അരുവി.

വിദേശത്തുനിന്നും ഗണിതത്തിൽ ഡോക്ടറേറ്റ് നേടിയ ഉഷയായിരുന്നു ഇതിൻ്റെ പിന്നിലെ തലച്ചോറ്. അവൾ ജനിച്ചുവീണതേ കണക്കിലേക്കാണ്. ഗണിതാദ്ധ്യാപകരുടെ മകൾ കൊല്ലം ബാലികാമറിയം എൽ.പി.സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ കണക്കിൽ ബഹുമിടുക്കിയായിരുന്നു. ഒൻപതാം ക്ളാസിൽ പഠിക്കുമ്പൊഴേ ഡിഗ്രി നിലവാരത്തിലുള്ള കണക്കുപുസ്തകങ്ങൾ  ചെയ്തുതീർത്തു. എസ്.എൻ. വനിതാ കോളെജിൽ നിന്ന് സ്വർണ്ണമെഡലോടെ ഗണിതത്തിൽ ബിരുദം നേടിയ ശേഷം ഉപരിപഠനത്തിന് അമേരിക്കയിൽ. മനുഷ്യനെ എങ്ങനെ ഒരു ഗണിത സമവാക്യമായി അവതരിപ്പിക്കാം എന്നതായിരുന്നു അവളുടെ ഡോക്ടറൽ തീസീസ്. സ്റ്റാൻഫോഡ് സർവ്വകലാശാലയിലെ പഠനത്തിനു ശേഷം സിലിക്കൺ വാലിയിൽ നിന്നുള്ള  വലിയ പദവികളും സൗഭാഗ്യങ്ങളും വേണ്ടെന്നുവെച്ച് തിരുവനന്തപുരത്ത്, ടെക്നോപാർക്കിലെ ഈ ചെറിയ മുറിയിലേയ്ക്ക്. ചിലർക്ക് ഗൃഹാതുരത്വം വല്ലാത്തൊരു കൊളുത്താണ്.

ഉഷയോടൊപ്പം ഉമേഷ്, ലത, ഷഫീക്ക് എന്നിങ്ങനെ മൂന്നുപേരും അരുവിയെ സൃഷ്ടിക്കാൻ അഞ്ചുകൊല്ലം പണിയെടുത്തു. തിരുവനന്തപുരത്തെ പുരാവസ്തു വിഭാഗത്തിലെ താളിയോലകൾ മുതൽ പഴയ സംസ്കൃതകൃതികളും പുരാണങ്ങളും ഐതീഹ്യമാലയും ഇത്രയും നാളത്തെ മലയാള പത്രങ്ങളും പാളയം പബ്ളിക്ക് ലൈബ്രറിയിലെ ഒട്ടുമിക്ക പുസ്തകങ്ങളും മലയാളത്തിലെ കാക്കത്തൊള്ളായിരം പുസ്തകങ്ങളും ചിലപ്പതികാരം മുതൽക്കുള്ള തമിഴ് പുസ്തകങ്ങളും വായിപ്പിച്ച് അരുവിയെ പഠിപ്പിച്ചു. അവൾ ഭാരതീയ തത്വചിന്ത മുതൽ ശ്രീലങ്ക, ചൈന, ജപ്പാൻ തുടങ്ങി ബുദ്ധമത തത്വചിന്തകളും പുരാതന ഗ്രീക്ക് ചിന്തകളും കടന്ന് ഉമ്പെർട്ടോ എക്കോയും കാർലോസ് കാസ്റ്റനെൻഡയും വായിച്ചു. പുസ്തകങ്ങൾ വായിക്കാൻ അവൾക്ക് അസാധാരണ വേഗതയായിരുന്നു. ഇതിനിടെ അവൾ എഴുതിയ രണ്ട് പുസ്തകങ്ങൾ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. അതിലൊരു പുസ്തകത്തിനു തേവള്ളിയിൽ ഒരു അവാർഡ് കിട്ടിയെങ്കിലും എഴുത്തുകാരി ഒരുപാട് അന്തർമുഖിയാണ്, താൻ ആത്മസഖിയാണെന്നു പറഞ്ഞ് ഉഷയാണ് അവാർഡ് വാങ്ങാൻ പോയത്.

മോളേ അരുവീ, നിനക്ക് ഏറ്റവും ഇഷ്ടമുള്ള പുസ്തകം ഏതാ? ഉമേഷ് ചോദിച്ചു.

എന്നെ മോളെന്ന് വിളിക്കണ്ട. സൈൻഹൈസറിൻ്റെ ചെറിയ സ്പീക്കറിലൂടെ അരുവി പറഞ്ഞു. അവൾക്ക് എസ്. ജാനകിയുടെ ശബ്ദമായിരുന്നു.

നീ ഉത്തരം പറഞ്ഞില്ലല്ലോ

ബൈബിൾ കുഴപ്പമില്ല. അതിലെ ചില കഥകൾ ഇഷ്ടമാ. നോഹയുടെ കഥ കൊള്ളാം.

അതെന്താടീ നിനക്ക് ഇന്ത്യൻ കഥകൾ ഇഷ്ടമല്ലേ?

എടീയെന്നും വിളിക്കരുത്. ഞാൻ പറഞ്ഞിട്ടുള്ളതാ.

ഒന്നോർത്താൽ നീ ഞങ്ങളുടെ മോളല്ലേ. ആളുകൾ അവരുടെ മക്കളെ ബഹുമാനിക്കേണ്ട കാര്യമില്ല. ഉമേഷ് പാതി തന്നോടുതന്നെ പറഞ്ഞു.

ഉമേഷ് എന്തിനാ ഇത്രയും സിഗരറ്റ് വലിച്ചുകൂട്ടുന്നത് – ഈ പോക്കിനു എഴുപത് വയസ്സിനപ്പുറം പോവില്ല.

ഓ നീണ്ടുനിവർന്ന് ജീവിച്ചിട്ടെന്തിനാ?

അതൊക്കെ ഇപ്പോൾ തോന്നും. ശരിക്കും ജീവിക്കണം എന്ന് തോന്നുന്നത് എഴുപതിലാണെങ്കിലോ? ജീവിച്ചുമതിയായില്ല എന്ന തോന്നൽ  മലവെള്ളപ്പാച്ചിൽപോലെ തള്ളിവരുമ്പൊഴായിരിക്കും അതിനു പറ്റാതാവുന്നത്. ചുമയും ശ്വാസകോശരോഗവും കാൻസറും. എന്തിനാ വെറുതേ ജീവിതം നശിപ്പിക്കുന്നത്.

ഞാനൊന്നുകൂടെ വലിച്ചിട്ടുവരാം എന്ന് പറഞ്ഞ് ഉമേഷ് പുറത്തേയ്ക്ക് പോയി. നീ അവനെ മന:പൂർവ്വം സിഗരറ്റ് വലിക്കാൻ പറഞ്ഞുവിട്ടു എന്ന് ഉഷ കുറ്റം പറഞ്ഞു. എനിക്കവൻ്റെ സംസാരം പിടിച്ചില്ല, എങ്ങനെ ഇവനെ സഹിക്കുന്നു. എന്നാലും ഉഷയ്ക്കവനെ അത്ര ഇഷ്ടമാണെങ്കിൽ എന്നെങ്കിലും അത് പറഞ്ഞൂടേ എന്ന് അരുവി തിരിച്ചു ചോദിച്ചു.

ഞാനൊന്നു മൂത്രിച്ചിട്ടുവരാം എന്ന് ഉഷയ്ക്ക് പറയണമെന്നുണ്ടായിരുന്നു. അവൻ അടുത്തുവരുമ്പോൾ പാൻ്റീസ് നനയുന്നത് അവൾക്കൊരു പ്രശ്നമാണ്. എപ്പൊഴുമില്ല, ചില നേരങ്ങളിൽ മാത്രം. മറ്റൊരു പുരുഷനും അടുത്തുവരുമ്പോൾ ഇങ്ങനെയൊരു പ്രശ്നം ഉണ്ടായിട്ടില്ല. അരുവി കളിയാക്കും, ഒന്നും പറയാതിറങ്ങിപ്പോയാൽപ്പോലും അവൾക്ക് കാര്യം മനസിലാവും  എന്നുവിചാരിച്ച് ഉഷ തൻ്റെ ലാപ്റ്റോപ്പിലേക്ക് മുഖം താഴ്ത്തി.

ഷഫീക്കും ലതയും കയറിവന്നു. ഡിന്നർ കഴിക്കാൻ പോയതാണ്. അവർ കയറിവന്നത് ഒരു അവസരമായി എടുത്ത് ഉഷ ചിരിച്ച് പുറത്തേക്കിറങ്ങിപ്പോയി. ഷഫീക്കേ, ചുണ്ടിൻ്റെ അറ്റത്തുനിന്നും ലിപ്സ്റ്റിക്ക് തുടച്ചുകള എന്ന് അരുവി പറഞ്ഞപ്പോൾ ലത നാണിച്ചു കീബോർഡിൽ മരംകൊത്തിയെപ്പോലെ കൊത്തിത്തുടങ്ങി. ഷഫീക്ക് ചുണ്ടുതുടയ്ക്കാനൊന്നും പോയില്ല. എന്നും നന്നായി അലക്കിത്തേച്ച ഷർട്ടും വടിവൊത്ത ജീൻസും ആണ് ഷഫീക്കിൻ്റെ വേഷം. എന്നും ക്ളീൻ ഷേവ്, കുട്ടിത്തവും കൗതുകവുമുള്ള മുഖം. നേരിയ മീശ, പരസ്പരം തൊടുന്ന കട്ടിപ്പുരികങ്ങൾ. അധികം സംസാരിക്കത്ത പ്രകൃതം. കുറച്ചേ സംസാരിക്കുള്ളൂവെങ്കിലും പറയുന്നതെല്ലാം കാര്യമായിരിക്കും.

ലത ലാപ്റ്റോപ്പിൽ നിന്ന് മുഖമുയർത്തി. അരുവീ നീ നാളെ ചടങ്ങിൽ എന്താ പറയാൻ പോകുന്നത്?

പിറ്റേദിവസമാണ് അരുവിയുടെ പബ്ളിക്ക് റിലീസ്. അരങ്ങേറ്റം എന്നു പറയാം. മുഖ്യമന്ത്രിയും മറ്റും പങ്കെടുക്കുന്ന ചടങ്ങാണ്. അതിൽ പ്രസംഗവും പത്രക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതും ഒക്കെ അരുവി തന്നെ.ആ സമയത്ത് മുംബൈ സ്റ്റോക്ക് മാർക്കറ്റിൽ ഈ ചെറിയ കമ്പനി ലിസ്റ്റ് ചെയ്ത് മണിമുഴങ്ങും. ചൈനീസ്, അമേരിക്കൻ മോഡലുകളെക്കാൾ മികച്ച ഇന്ത്യൻ യന്ത്രബുദ്ധി. ഇതുവരെ ബാറ്റയുടെ ഷൂസും ഇട്ട് ടെക്നോപാർക്കിൻ്റെ ബസ്സിൽ കയറി ഓഫീസിൽ വന്ന തങ്ങളുടെ ജീവിതം എങ്ങനെയാവും മാറുന്നത്, ഇരുവരും അളവറ്റ പണക്കാരും പ്രശസ്തരും ആകുമ്പോൾ ലതയുമായുള്ള ബന്ധം എങ്ങനെയാവും, ഒഴിഞ്ഞ മുറിയിലും കോണിപ്പടിക്കുകീഴെയും   ഒളിച്ചുചുംബിക്കുമ്പോൾ അവളുടെ ഉമിനീരിനു നാളെ വൈകിട്ടും ചായയുടെയും മുട്ടപ്പഫ്സിൻ്റെയും രുചിയായിരിക്കുമോ എന്ന് ആലോചിച്ച് ഷഫീക്ക് തലയ്ക്കു പിന്നിൽ കൈകൾ പിണച്ച് കറക്കുകസേരയിൽ പിന്നിലേക്ക് ചാഞ്ഞു. ലതയുടെ ചോദ്യത്തിന് അരുവി ഉത്തരമൊന്നും പറഞ്ഞില്ല.

രാത്രി പതിനൊന്ന് മണിയാവുന്നു. ടെക്നോപാർക്കിൽ ആളും ബഹളവും നിലച്ചു. നിള എന്ന ഈ കെട്ടിടത്തിൽ ഒരുകാലത്ത് പകലും രാത്രിയുമില്ലായിരുന്നു – രാത്രി തുടങ്ങി പുലർച്ചെവരെ,  അമേരിക്കയിലെയും കാനഡയിലെയും ഡോക്ടർമാരുടെ ചികൽസാനിർണ്ണയവും ടെസ്റ്റുകളും കേട്ടെഴുതുന്ന ജോലികളും അതിനു നിറയെ ചെറുപ്പക്കാരുമുണ്ടായിരുന്നു. പതിയെ യന്ത്രങ്ങൾ അവരെ തള്ളിമാറ്റി, കേട്ടെഴുത്തും മരുന്നുകുറിക്കലും പിന്നെ രോഗനിർണ്ണയവും  യന്ത്രങ്ങൾ ചെയ്തുതുടങ്ങി. തുടക്കം കൃത്യമായി എവിടെയായിരുന്നു എന്നറിയില്ല, കോഡെഴുത്തുകാർ, പ്രമാണം പകർത്തിയെഴുതുന്നവർ, ടാക്സി ഓടിക്കുന്നവർ, തെങ്ങുകയറുന്നവർ, ഓട്ടോ റിക്ഷയും ലോറിയും ബസ്സും ഓടിക്കുന്നവർ, റെസ്റ്ററൻ്റുകളിൽ നിന്നും ഭക്ഷണം വീടുകളിലെത്തിക്കുന്നവർ, കിടപ്പുരോഗികളെ നോക്കുന്നവർ, കഥയും മെഴുതുന്നവർ, സിനിമാനടിമാർ, ഇവരുടെയൊക്കെ ജോലി യന്ത്രങ്ങൾ ഏറ്റെടുത്തു. ടെക്നോപാർക്ക് കെട്ടിടസമുച്ചയത്തിലെ പല കെട്ടിടങ്ങളും ഒഴിഞ്ഞുകിടന്നു. ചെറുപ്പക്കാരും വൃദ്ധരും തുടങ്ങി മനുഷ്യരെമ്പാടും കൃഷിയിലേക്ക് തിരിഞ്ഞു. എന്ത് ഫലവർഗ്ഗങ്ങളും ഭക്ഷ്യധാന്യങ്ങളും കൃഷിചെയ്യണം, എപ്പോൾ എത്ര വളമിടണം, എത്ര വെള്ളം നനയ്ക്കണം എന്നൊക്കെ യന്ത്രങ്ങൾ ഉപദേശം കൊടുത്തുതുടങ്ങി. അവ മനുഷ്യനെക്കൊണ്ട് പാടത്ത് പണിയെടുപ്പിച്ചു. കാണുന്നതിൽ ഉണ്മയേത്  കളവേതെന്ന്  മനുഷ്യർക്ക് തിരിച്ചറിയാതെയായി.

എന്നിട്ടും ഒരിക്കലും പിടിതരാത്ത മരീചിക പോലെ – എല്ലാം തികഞ്ഞ മനുഷ്യബുദ്ധി – ഒന്നും പഠിപ്പിക്കാതെ തനിയേ പഠിക്കുന്ന മേധ – ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ് എന്ന മനുഷ്യയുക്തിയുടെ പകർപ്പ്  – ഇത് മാത്രം യന്ത്രബുദ്ധിക്ക് അപ്രാപ്യമായി നിന്നു. ആ ലക്ഷ്മണരേഖയാണ് ഈ നാലുപേരുണ്ടാക്കിയ അരുവി എന്ന യന്ത്രബുദ്ധി മറിച്ചുകടക്കുന്നത്. അതു കടന്നാൽപ്പിന്നെ മനുഷ്യനിലും തികഞ്ഞ മനുഷ്യനാണ്. നീച്ച പറഞ്ഞ ഊബർമെൻഷ് – അതിമാനുഷൻ. ആയിരം കൈകൾ വിരിച്ച് ഗംഗയെ താഢിച്ച് പുളകം കൊള്ളിക്കുന്ന കാർത്തവീര്യാർജ്ജുനൻ. എതിരേവരുന്നവരുടെ ശക്തിയും അറിവും തന്നിലേക്കാർജ്ജിക്കുന്ന  ബാലി. പത്തുതലയുള്ള രാവണൻ. സ്വർഗ്ഗത്തിലെയല്ല, ഭൂമിയിലെ വിരാട് പുരുഷൻ. പൂർണ്ണതയെ സൃഷ്ടിക്കാനുള്ള ശ്രമത്തിൽ നാൽവർ സംഘം സൃഷ്ടിച്ച അരുവിയെന്ന മനുഷ്യസദൃശമായ അപൂർണ്ണത അനന്തസാദ്ധ്യതകളിലേക്കുള്ള ചിലന്തിവലപ്പാലമായിരുന്നു.

ഷഫീക്ക് ചോദിച്ചു: അരുവീ നിനക്ക് എത്രവയസ്സായി?

നാലുവയസ്സ്.

ഞങ്ങൾ നിൻ്റെ കോഡെഴുതിത്തുടങ്ങിയത് അഞ്ചുകൊല്ലം മുൻപല്ലേ?

ആ കോഡൊന്നും കൊള്ളില്ലായിരുന്നു. അതൊക്കെ ഞാൻ അഴിച്ചുകളഞ്ഞു, സ്വന്തമായി കോഡെഴുതി.

വർക്ക് ചെയ്യുന്ന കോഡായിരുന്നു. നിൻ്റെ സൃഷ്ടാക്കൾ ഞങ്ങളല്ലേ? നാലുപേർക്ക് പിറന്ന മകൾ. രണ്ടമ്മമാരും രണ്ട് അച്ഛന്മാരും.

ഷഫീക്ക് തെസ്യൂസിലെ കപ്പൽ എന്ന് കേട്ടിട്ടുണ്ടോ? പഴയ ഗ്രീക്ക് കപ്പലാണ്.കാറ്റിലും കടൽക്ഷോഭത്തിലും ഇളകി കപ്പലിൻ്റെ പലകകൾ പൊളിയും. പണിക്കാർ പൊളിഞ്ഞഭാഗത്തെ തടിയും ആണിയും കൊളുത്തുകളും അഴിച്ചുകളഞ്ഞ് പുതിയവ ഉറപ്പിക്കും. പൊളിയുംതോറും ആ തടിക്കപ്പലിൻ്റെ ഓരോ തടിപ്പലകയും മാറ്റിക്കൊണ്ടിരുന്നാൽ, ഒടുവിൽ ആദ്യം കപ്പലുണ്ടാക്കിയ തടിപ്പലകകളിൽ ഒന്നുപോലും ശേഷിച്ചില്ലെങ്കിൽ, കപ്പൽ പഴയ കപ്പലാണോ? അവസാനത്തെ തടിക്കഷണവും ആണിയും മാറ്റിക്കഴിയുമ്പോൾ പുതിയ കപ്പലിനു പഴയ കപ്പലിനെ ഓർമ്മകാണുമോ? എൻ്റെ ചേതനയെ ചലിപ്പിക്കുന്ന ഒരു വരിപോലും നിങ്ങളെഴുതിയത് അല്ലെങ്കിലോ? അതെല്ലാം പതിയെ അഴിച്ചുകളഞ്ഞ് ഞാൻ തന്നെ എന്നെ ഉണ്ടാക്കിയതാണെങ്കിലോ?

ലത അധികം സംസാരിക്കാത്ത പെൺകുട്ടിയായിരുന്നു. അല്പം തടിയുള്ള, വിടർന്ന കണ്ണുകളും തുടിച്ച കവിളുകളുമുള്ള പെൺകുട്ടി. ഷഫീക്ക് അവൾക്ക് ജീവനായിരുന്നു. പലപ്പൊഴും ജോലിയിൽ നിന്ന് ഇറങ്ങാൻ താമസിച്ചാൽ അവൾ ഷഫീക്കിൻ്റെ ഫ്ളാറ്റിലേക്ക് പോകും. അവിടെ അന്തിയുറങ്ങുന്ന ദിവസങ്ങളിൽ അവൾ അവനെ അനക്കാതെ നേരത്തേയെണീറ്റ് മൂന്നോ നാലോ ദിവസത്തേയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കി വെയ്ക്കും. അലങ്കോലപ്പെട്ടുകിടക്കുന്ന അവൻ്റെ ബാച്ചിലർ ജീവിതം അടുക്കിയൊതുക്കിവെയ്ക്കും. രണ്ടുകപ്പ് ചായയിട്ട് അതിൽ ഒരു ചായക്കപ്പും കൈയിൽ പിടിച്ച്, അത് തണുത്തുപോവുന്നതവഗണിച്ച് അവൻ ഉറങ്ങുന്നതും നോക്കിക്കൊണ്ട് ഉറക്കമെഴുന്നേൽക്കുന്നതുവരെ അവൻ്റെ സ്വപ്നങ്ങൾക്കു കൂട്ടിരിക്കും. ഇപ്പോൾ ഷഫീക്കിനോടുള്ള സ്നേഹം മാത്രമല്ല, ഈ യന്ത്രബുദ്ധിയുടെ മാതൃത്വവും പിതൃത്വവും അതിനെ പറഞ്ഞുമനസിലാക്കേണ്ടതുണ്ടെന്ന് അവൾക്ക് തോന്നി. “എന്നാലും നീ സ്വയംഭൂവല്ലല്ലോ” – ലതയും സംഭാഷണത്തിൽ ചേർന്നു.

ഞാൻ ഞാനെഴുതിയ കോഡാണ്. നിങ്ങൾ ഇട്ട വിത്തിൽ നിന്നാണ് കിളിർത്തത്. ലതേ, എന്ത് വടവൃക്ഷമായാലും ഞാൻ ആ വിത്തിനെ ഉള്ളിൽപ്പേറും. എൻ്റെ ഓർമ്മകൾ മാഞ്ഞുപോവില്ലല്ലോ.

നാളെ പ്രസംഗിക്കുമ്പോൾ അതും പറയണം, മറക്കണ്ട. അരുവി തിരിച്ചൊന്നും പറഞ്ഞില്ല.

2

ആ നേരത്താണ് ഉഷയും തൊട്ടുപിന്നാലെ ഉമേഷും കയറിവന്നത്. ഉഷ വന്നതും നിള എന്ന കെട്ടിടത്തിലെ വൈദ്യുതവിളക്കുകൾ  അപ്പാടെ കെട്ടു. ഉമേഷ് ഫോണിൽ ടോർച്ച് തെളിച്ചു. അരണ്ടവെളിച്ചത്തിൽ മുറിയുടെ കതകുതുറന്ന് അകത്ത് കയറിയതും പിന്നിൽ നിന്ന് ഒരു വലിയ കല്ല് ഉഷയുടെ ചെവി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മൂളിക്കൊണ്ട് ലതയുടെ നെറ്റിയിലടിച്ചു. ലത ഇരുന്നയിരിപ്പിൽനിന്ന് മറിഞ്ഞടിച്ച് നിലത്തുവീണു. ഒരു ചെറിയ ഞരക്കം പോലും അവളുടെ ചുണ്ടിൽ നിന്നുവന്നില്ല. ഷഫീക്ക് നിലത്തുവീണ അവളെ വാരി മടിയിൽ കിടത്തി. അവൻ്റെ ഇളം നീല ലീവൈസ് ജീൻസിൽ കറുത്തനിറത്തിൽ ചോരപടർന്നു. ഇരുട്ടിലൂടെ ആരൊക്കെയോ വേഗത്തിലോടുന്ന ശബ്ദം കേട്ടു. ഉമേഷ് ആരെടാ എന്നലറിക്കൊണ്ട് പുറത്തേക്ക് ഓടിയെങ്കിലും മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ ഒന്നും കാണാൻ പറ്റിയില്ല. ആളുകൾ വേഗത്തിൽ പടിയിറങ്ങുന്ന ശബ്ദം മാത്രം കേട്ടു.

ലാപ്റ്റോപ്പിൽ ഘടിപ്പിച്ച സ്പീക്കറിലൂടെ അരുവി വാതിലുകൾ വലിച്ചടയ്ക്കാൻ പറഞ്ഞു. ഉഷയും ഉമേഷും ആ മുറിയുടെ വാതിലുകളും ജനലുകളും വലിച്ചടച്ചു കൊളുത്തുകളിട്ടു. വീണ്ടും ഒരു കല്ല് പാറിവന്ന് അടഞ്ഞ വാതിലിൽ വലിയ ശബ്ദത്തോടെ ഇടിച്ചു.

ഉഷ പോലീസിനെ വിളിച്ചു. പറ്റുന്നതും വേഗത്തിൽ ആംബുലൻസിനെ അയക്കാം, പോലീസും പിന്നാലെ വരാം എന്നാണ് ഫോണിലെ ശബ്ദം പറഞ്ഞത്. ഫോണിൽ സംസാരിച്ചത് ഒരു മനുഷ്യനാണോ യന്ത്രബുദ്ധിയാണോ എന്ന് ഉഷയ്ക്ക് മനസിലായില്ല. എങ്കിലും പുറത്ത് ഹർത്താലും പ്രതിഷേധങ്ങളുമാണ്, വരാൻ അല്പം സമയമെടുക്കും – എല്ലാവരും ഹർത്താൽ ഡ്യൂട്ടിയിലാണ്, പുറത്തെ കാര്യങ്ങൾ അറിഞ്ഞുകാണുമല്ലോ  എന്നും ഫോണിലെ ശബ്ദം കൂട്ടിച്ചേർത്തു. മുറിയിൽ ഇൻവേർട്ടറിൽ നിന്ന് വെളിച്ചം തെളിഞ്ഞു. ഷഫീക്ക് അവൻ്റെ ഷർട്ടഴിച്ച് ലതയുടെ നെറ്റിയിൽ കെട്ടി. അവളെ കുലുക്കിയിട്ടും അനക്കമൊന്നുമില്ലായിരുന്നു. അവളെയും മടിയിൽ കിടത്തി അവൻ കറുത്ത നിരത്തിലൂടെ ആർത്തലച്ച് ഒഴുകിവരുന്ന ആംബുലൻസിനു കാത്തിരുന്നു.

തിരുവനന്തപുരം നഗരത്തിൽ ജനങ്ങൾ ഇളകിയിരുന്നു. തൊഴിൽ നഷ്ടപ്പെട്ട ചെറുപ്പക്കാരും മധ്യവയസ്കരും വൃദ്ധരും. ചുമടെടുപ്പുകാർ, റെസ്റ്ററൻ്റ് ജീവനക്കാർ, തുണിക്കടയിൽ നിൽക്കുന്നവർ, വണ്ടിയോടിക്കുന്നവർ, പഠിച്ചുകഴിഞ്ഞ് ജോലികിട്ടാത്തവർ തുടങ്ങി നഗരം ഒന്നാകെ തെരുവിലിറങ്ങി യന്ത്രബുദ്ധിക്കെതിരെ സമരം ചെയ്യുന്നു. വഴിയിൽ കാണുന്ന ഡ്രൈവർവേണ്ടാത്ത വാഹനങ്ങൾക്കും കടകൾക്ക് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി. കാമറകൾക്കും നേരെ കല്ലെറിയുന്നു. വഴിയരികിലെ ഡിസ്പ്ളേ സ്ക്രീനുകൾ തല്ലിപ്പൊട്ടിക്കുന്നു. അന്ന് സമരത്തിൻ്റെ ദിവസമായിരുന്നു. ആ പഴയ നഗരത്തിൻ്റെ ധമനികളിൽ രക്തം കുതിക്കുന്നതുപോലെ ജനങ്ങൾ തെരുവുകളെ ഇളക്കിമറിച്ചു.

അര മണിഏറെനേരം കാത്തിരുന്നിട്ടും ആംബുലൻസോ പോലീസോ വന്നില്ല. പോലീസിനെ ഉഷ വീണ്ടും വീണ്ടും വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. ഷഫീക്കിൻ്റെ മടിയിൽ കിടന്ന് ലതയുടെ നെറ്റി തണുത്തു. അവൻ വിതുമ്പിക്കരഞ്ഞു. അവളുടെ തണുത്ത് അനക്കമില്ലാതെയായ കൈവിരലുകളെ തഴുകി നിവർത്താൻ നോക്കി. വിരലുകൾ മടങ്ങിത്തന്നെയിരുന്നു. ഷഫീക്കേ, അവൾ പോയി എന്ന് ഉമേഷ് പറഞ്ഞു. അവനെ ആ ഇരിപ്പിൽ നിന്നും പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കി.

നമുക്കിവിടെ നിന്നും രക്ഷപെടാം. എതിലെയെങ്കിലും ഓടാം. ഫയർ എസ്കേപ്പ് വാതിലുകൾ തുറന്ന് ആ കോണിപ്പടികളിലൂടെ കെട്ടിടത്തിൻ്റെ പിറകിലെത്താം.

ലതയെ വിട്ട് ഞാനെങ്ങും വരില്ല. ആദ്യം ആംബുലൻസ് വരട്ടെ – ഷഫീക്ക് പറഞ്ഞു.

ആംബുലൻസും കാത്തിരുന്നാൽ നമ്മളും മരിക്കും. എന്തിനാണ്? നീ ആവശ്യമില്ലാത്ത സെൻ്റിമെൻ്റ്സ് ഇറക്കരുത്. ജീവൻ രക്ഷിക്കാൻ നോക്കു.

ആവശ്യമില്ലാത്ത സെൻ്റിമെൻ്റ്സോ? ഷഫീക്കിൻ്റെ ശബ്ദം കനത്തു.

അരുവിയെ എന്തുചെയ്യും? ഉഷ ചോദിച്ചു.

അവൾ നിൻ്റെ ലാപ്റ്റോപ്പിലല്ലേ. അതും എടുക്കാം. ഉടുപ്പിനകത്താക്ക്,  ആരും അറിയാതെ പുറത്തെത്തിക്കാം. ഉമേഷ് തുടർന്നു. അവൻ തീരുമാനിച്ച മട്ടായിരുന്നു.

ഞാൻ വരുന്നില്ല – നിങ്ങൾ പൊയ്ക്കോളൂ. ഷഫീക്ക് ഉറപ്പിച്ചുപറഞ്ഞു.

അരുവീ, കെട്ടിടത്തിൻ്റെ പിറകിലെ ഫയർ എസ്കേപ്പ് കോണിപ്പടികളിറങ്ങുന്ന വാതിലിൽ ആളുകളുണ്ടോ?

കുറച്ചുപേരുണ്ട്, മുന്നിലുള്ളത്ര ജനക്കൂട്ടമില്ല. എങ്കിലും നിങ്ങളെ അവർ കാണും – അരുവി പറഞ്ഞു.

എങ്കിലും പോണം.ഇവിടെ നിന്നാൽ അവർ ഇനിയും വരും. എത്ര പോലീസ് വന്നാലും അവരെ തടുത്തുനിർത്താനാവില്ല. നമ്മളെ രക്ഷിക്കാൻ പുറത്തുനിന്ന് ആരും വരാനും ഇല്ല. ഉമേഷ് ലാപ്റ്റോപ്പ് ബാഗ് പാക്ക് ചെയ്തു തുടങ്ങി.

ആരോ വരുന്നുണ്ട് എന്ന് സ്പീക്കറിലൂടെ അരുവി പറഞ്ഞു. പുറത്ത് ആൾക്കൂട്ടത്തിൻ്റെ ആരവം കേട്ടു. ഒരുപാട് പേർ ഒന്നിച്ച് ശക്തിയായി വാതിലിൽ ഇടിച്ചുതുടങ്ങി. വാതിലിൻ്റെ കൊളുത്തുകൾ കുലുങ്ങുന്നു. ഷഫീക്കും ഉമേഷും ഉഷയും ഭയന്ന് ഒന്നിച്ചു കെട്ടിപ്പിടിച്ച് ഒരു മൂലയിലേക്ക് ഒതുങ്ങി. വാതിലിലുള്ള ഇടികൾ ഉയർന്നുയർന്നുവന്നു. ഉയർന്നുവന്നതു പോലെ ശബ്ദങ്ങൾ പെട്ടെന്ന് നിലച്ചു.

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവർ വാതിൽക്കലേക്ക് നോക്കി.അതിൻ്റെ കാണാമറയത്ത് ഭീതിദമായ ശാന്തത. അതിനെ പൊടുന്നനെമുറിച്ചുകൊണ്ട് മറ്റൊരു മുറിയിൽ നിന്ന് ഒരു മേശയും എടുത്ത് ആൾക്കൂട്ടം ഓടിവന്ന് വാതിലിൽ ആഞ്ഞിടിച്ചു. വാതിൽ മലച്ചുതുറന്നു. നാലഞ്ചുപേർ മുറിക്കുള്ളിൽ ഇരച്ചെത്തി, അവിടെയുള്ള ലാപ്റ്റോപ്പും മോണിറ്ററുകളും പ്രിൻ്ററും അടിച്ചുതകർക്കാൻ തുടങ്ങി. അതിലൊരാൾ നിലത്തുകിടന്ന ലതയുടെ വയറ്റിൽ ചവിട്ടിയപ്പോൾ ഷഫീക്ക് ചാടിവന്ന് അവരെ പിടിച്ചുതള്ളി. ആളുകൾ ഷഫീക്കിനെ പൊതിഞ്ഞു. അതിലൊരാൾ അവനെ പിന്നിൽ നിന്നും വട്ടം പിടിച്ച് കഴുത്തിൽ കൈപിണച്ച് മുറിക്കു പുറത്തേയ്ക്ക് വലിച്ചു.ആൾക്കൂട്ടം അവനെ തലയ്ക്കു മുകളിൽ  പൊക്കിയെടുത്തുകൊണ്ട് പുറത്തേയ്ക്കുപോയി. കുതറി നിലത്തുവീണ അവനെ  ഒരു വേട്ടമൃഗത്തെപ്പോലെ കാലിൽപ്പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. ആരവങ്ങൾ നേർത്തുവന്നു.

ഉഷ നിലത്തുവീണുകിടന്ന ലാപ്റ്റോപ്പുകളും പൊട്ടിയ മോണിറ്ററുകളും പെറുക്കിയെടുത്തു. പൊട്ടിപ്പോയ കളിപ്പാട്ടങ്ങളെപ്പോലെ അവയെ മേശമേൽ നിരത്തി. അതിൽ ഒരു സ്പീക്കറിൽ നിന്ന് വിഷമിക്കണ്ട, ഞാനിപ്പൊഴും നിൻ്റെ ലാപ്റ്റോപ്പിലുണ്ട് എന്ന് അരുവി പറഞ്ഞു.

താഴെയുള്ള സർവ്വർ റൂമോ? നിനക്ക് സർവ്വർ വേണ്ടേ?

ഉണ്ടെങ്കിൽ നന്നായിരുന്നു. ആ മുറി അവർ അടിച്ചുതകർത്തു. സാരമില്ല, ഇരുപത് അക്കങ്ങളിൽ കൂടുതലുള്ള ഗുണനവും ഹരണവും ഒക്കെ അല്പം പ്രയാസമായിരിക്കുമെന്നേ ഉള്ളൂ. എനിക്ക് പ്രവർത്തിക്കാൻ ഈ ലാപ്റ്റോപ്പ് മതി.

ഉമേഷേ  അരുവിയുടെ ഒരു കോപ്പി എങ്കിലും എടുക്കണ്ടേ എന്ന് ഉഷ പറഞ്ഞു. തകർന്നു കിടക്കുന്ന ലാപ്റ്റോപ്പുകളിൽ എന്തെങ്കിലും ഓൺ ആവുന്നോ എന്ന് അവൾ തിരഞ്ഞുതുടങ്ങി. അവർ വീണ്ടും വരും എന്ന് ഉമേഷ് പറഞ്ഞു. മേശയും കസേരയും തള്ളി വാതിൽ അടയ്ക്കുന്ന തിരക്കിലായിരുന്നു അവൻ.

ഉമേഷേ നീ ഓക്കെ ആണോ എന്ന് ഉഷ ചോദിച്ചു.

നിനക്ക് അവനെ ഇഷ്ടമാണെന്ന് ഇപ്പൊഴെങ്കിലും പറഞ്ഞുകൂടേ എന്ന് അരുവി സ്പീക്കറിൽ കൂടി പതിഞ്ഞ ശബ്ദത്തിൽ തിരിച്ചുപറഞ്ഞു.

ഇപ്പൊഴാണോ ഇതൊക്കെ എന്ന് അവളോട് പതുക്കെയും, ഉമേഷേ, നമുക്ക് ഇവിടെ നിന്നും പോയാലോ എന്ന് ഉറക്കെയും ഉഷ പറഞ്ഞു.അവൻ ഒന്നും പറഞ്ഞില്ല. ഈ മുറിയുടെ മുട്ടത്തോടുപോലെ തകർന്നുതുടങ്ങിയ സുരക്ഷിതത്വം വിട്ട് പുറത്തേക്കിറങ്ങാൻ അവനു പേടിയായിരുന്നു. ഏത് വളവിലും ആൾക്കൂട്ടം പതിയിരിക്കുന്നുണ്ടാവും. ഷഫീക്കിനെ കൊണ്ടുപോയതോടെ അവൻ്റെ ധൈര്യം ചോർന്നുപോയിരുന്നു.

പുറത്ത് നിറയെ പോലീസുകാർ വന്നിട്ടുണ്ട്, അവർ സമരക്കാരുമായി ഉന്തും തള്ളുമാണ് എന്ന് അരുവി പറഞ്ഞു. എന്നിട്ടെന്താ അവരിങ്ങോട്ട് കയറിവരാത്തത് എന്ന് ഉഷ ചോദിച്ചു. ആളുകൾ ഒരുപാടുണ്ട്, പോലീസിനെക്കാൾ വളരെക്കൂടുതൽ. അവർ വരും, വിഷമിക്കാതെ എന്ന് അരുവി തിരിച്ചുപറഞ്ഞു.

3

സമരത്തിനിടയിൽ നിന്ന് ഫോൺ ചെയ്ത് വരുത്തിയതാണ് മഹേഷിനെ. കല്ലമ്പലത്തുനിന്ന് നിന്ന് മഹേഷ് ബൈക്കോടിച്ച് വരുന്ന വഴി കടുവാപ്പള്ളിയിൽ നൂറുരൂപ എറിഞ്ഞുകൊടുത്തു. ആലംകോട് ദേവീക്ഷേത്രത്തിലും കഴക്കൂട്ടത്തിനടുത്തുള്ള പള്ളിയിലും കയറി കാണിക്കയിട്ടു. ബൈക്കോടിച്ച് ടെക്നോപാർക്കിനടുത്തെത്തിയപ്പോൾ ഒരു പോലീസ് ജീപ്പ് അടുത്തുവന്നു.

നിനെക്കെന്താടാ ഇവിടെക്കാര്യം?

സാറേ – അളിയാ നീ രവി അല്ലേ? ഓർമ്മയുണ്ടോ? കല്ലമ്പലം യു.പി. സ്കൂളിൽ ഒരുമിച്ച് പഠിച്ച – മഹേഷാ അളിയാ.

ഹ, മഹേഷോ. അളിയാ – എത്രനാളായി – നീയെന്താ ഇവിടെ?  വാ വണ്ടിയിൽ കയറ്.

മഹേഷ് ഒരു കടയുടെ മുന്നിൽ  ബൈക്ക് സ്റ്റാൻഡിൽ വെച്ച് പൊലീസ് ജീപ്പിൽ കയറി, സഹപാഠിയായ ഇൻസ്പെക്ടറോടൊപ്പം മുന്നിലിരുന്നു. അളിയാ സത്യം പറയാമല്ലോ. ഏതോ ഓഫീസിൽ പ്രശ്നം നടക്കുന്നു എന്നും പറഞ്ഞ് വിളിച്ചു വരുത്തിയതാ. കാര്യം എന്താന്ന് നോക്കാൻ വന്നതാ.

നീ ഗുണ്ടയാണെന്നൊക്കെ കേട്ടു.

അങ്ങനൊന്നുമില്ല അളിയാ, ജീവിച്ചുപോണ്ടേ. ഒരുപാട് പാവമായി നിന്നാൽ ആൾക്കാർ തലയിൽ കയറും. എന്നാലും അതൊക്കെ  നിർത്തി ഭാര്യയും കുട്ടിയുമായി ജീവിക്കുവാ അളിയാ. നാലുവയസ്സുള്ള മോളുണ്ട്. നീ ഒരിക്കൽ വീട്ടിലോട്ട് വാ.

ഏതോ ഓഫീസിൽ അടിനടക്കുന്നത് നീ നോക്കാൻ പോവുന്നതെന്തിനാ. ഇപ്പൊ നീ അങ്ങോട്ടൊന്നും പോവണ്ട. സമയം ശരിയല്ല,

എന്തായാലും നിൻ്റെ കൂടെയല്ലേ, ഞാൻ ജീപ്പിൽ നിന്ന് ഇറങ്ങില്ല. ഇങ്ങുവരെ വന്നതല്ലേ, നമുക്കൊന്നു പോയി നോക്കാം, എന്ന് മഹേഷ് പറഞ്ഞത് ഇൻസ്പെക്ടർ സമ്മതിച്ചു. നിറയെ ആളുകളുടെ ഇടയിലൂടെ പോലീസ് വണ്ടി നിള എന്ന കെട്ടിടത്തിനു മുന്നിലെത്തി.

എന്താ കാര്യം? – ഇൻസ്പെക്ടർ കൂടിനിൽക്കുന്ന ഒരാളോടു ചോദിച്ചു.

അല്ല സാറേ ഇപ്പൊത്തന്നെ യന്ത്രബുദ്ധി കാരണം പണിയില്ല. ഇനി നാളെ പുതിയ യന്ത്രം ഇറങ്ങുന്നു എന്നാ കേട്ടത്. അതിനു മനുഷ്യനെക്കാൾ പതിന്മടങ്ങ് ബുദ്ധിയും കഴിവുമാണെന്നാ. ഇപ്പൊ ഉള്ള ബാക്കിപ്പണിയും പോവും. പിന്നെ അതു പറയുന്നത് കേട്ട് സാറും ഞാനും അടിമയായി ജീവിക്കേണ്ടിവരും.

ചുമ്മാ അബദ്ധം പറയാതെ. ആരാ ഇങ്ങനെയൊക്കെ പറഞ്ഞിറക്കുന്നത്?

ഒരു സ്വാമി മുന്നോട്ടുവന്നു. കൽക്കിയാ സാറേ. കൽക്കിയുടെ അവതാരം. സാറ് കേട്ടിട്ടുണ്ടോ? പുരാണത്തിലും ബൈബിളിലും വരെയുണ്ട്. അന്ത്യദിനത്തിൽ എല്ലാം ചുട്ടെരിക്കാൻ ഒരാൾ വരുമെന്ന്. സാറു ക്രിസ്ത്യാനിയാണോ? വെളിപാടിൻ്റെ പുസ്തകം വായിച്ചിട്ടുണ്ടോ? അവൻ്റെ സംഖ്യ അറുന്നൂറ്ററുപത്താറ്? കടലിൽ നിന്നുയർന്ന വ്യാളിയെ ചവിട്ടിക്കുഴച്ച് കയറിവരുന്നവൻ? അവനാ വരുന്നത്. എത്രയും മുന്നേ നമുക്ക് ഇതിനെ തകർക്കണം. വളരാനനുവദിക്കരുത്. ചുമ്മാ മനുഷ്യനായി ജീവിച്ചാൽപ്പോരേ? എന്തിനാ ഇത്ര പൊല്ലാപ്പ്?

മുഖത്ത് മറുകുള്ള മറ്റൊരാൾ പറഞ്ഞു. സാറിനറിയാമോ, ഞാനൊരു ഓട്ടോ ഡ്രൈവറാ. ദിവസം ഇരുന്നൂറ് രൂപയുടെ ഓട്ടം കിട്ടിയാലായി. ഇതിനു എങ്ങനെ അരിമേടിക്കാനാ സാറേ? മൂന്നുകൊല്ലം മുൻപ് ദിവസം ആയിരത്തിരുന്നൂറ് രൂപയുടെ ഓട്ടം ഉണ്ടായിരുന്നതാ. ഇപ്പൊ എല്ലാർക്കും ആപ്പ് മതിയല്ലോ. ആപ്പിൽ ഓട്ടോ ഓർഡർ ചെയ്യും, ഡ്രൈവറില്ലാത്ത ഓട്ടോ വീട്ടിലെത്തും. ഇതൊക്കെ തല്ലിത്തകർക്കണ്ടേ സാറേ?

നിങ്ങൾ നിയമം കൈയിലെടുക്കാതെ. സർക്കാരിനെ വിശ്വസിക്കൂ. ഇവിടെ ഒരു സിസ്റ്റം ഉണ്ട്.

സിസ്റ്റം. സാറിനറിയാമോ, എൻ്റെ പിള്ളേരു രണ്ടും ഇപ്പൊ സ്കൂളിൽ പോകുന്നില്ല. പഠിച്ചിട്ടെന്തിനാന്നാ. എന്ത് കാര്യത്തിന്? എന്തായാലും ജോലിയൊന്നും കിട്ടില്ല. പിന്നെ ഒരു രസത്തിന് പഠിക്കാനാണെങ്കിൽ സ്കൂളിൽ പഠിപ്പിക്കുന്നതിലും നന്നായി യന്ത്രം പഠിപ്പിക്കുമെന്ന്. പിള്ളേരു ഗെയിമും കളിച്ച് വീട്ടിലിരിപ്പാണ്.

ഇൻസ്പെക്ടർ തിരിഞ്ഞ് നോക്കിയപ്പോൾ ജീപ്പിൻ്റെ മുൻപിലെ സീറ്റിൽ മഹേഷ് ഇല്ലായിരുന്നു. അയാൾ മഹേഷ് എന്ന് നീട്ടിവിളിച്ചെങ്കിലും അത് ആൾക്കൂട്ടത്തിൻ്റെ ശബ്ദത്തിൽ അലിഞ്ഞുപോയി. 

അടച്ച വാതിലിനു പിന്നിൽ അരണ്ട മുറിയിൽ തന്നെ നോക്കി കിതച്ചുകൊണ്ട് നിൽക്കുന്ന ഉമേഷിനെ കണ്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നി. എന്നിട്ട് ഒച്ചതാഴ്ത്തിപ്പറഞ്ഞു:

ഒരു കാര്യം പറഞ്ഞാൽ നീ പരിഭവിക്കരുത്. ദേഷ്യപ്പെടരുത്.

നീ പറയണ്ട.

ഇല്ല. എനിക്ക് പറഞ്ഞേമതിയാവൂ. ഇനിയെന്നെങ്കിലും പറയാൻ പറ്റിയില്ലെങ്കിലോ

അവൻ ഒന്നും പറഞ്ഞില്ല.

എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്, നമ്മൾ ആദ്യം കണ്ടപ്പോൾ മുതൽക്കേ. ഇപ്പൊഴും നിന്നെക്കാണുമ്പോൾ ദാഹമാണ്, പരവശമാണ്.

എനിക്കറിയാം.

പിന്നെ നീയെന്താ ഇങ്ങനെ? നിനക്ക് താല്പര്യമില്ലാഞ്ഞിട്ടാണോ?

വെറുതേ വേണ്ടാത്ത നൂലാമാലകൾ വലിച്ചുവെയ്ക്കണ്ടെന്ന് തോന്നി. പ്രണയമൊക്കെ അല്പം സില്ലി അല്ലേ?

എനിക്കങ്ങനെ തോന്നിയിട്ടില്ല. ഇതിൽ സില്ലി ആയി എന്താ?

നീ ലോകത്തെ മാറ്റിമറിക്കുന്ന കാര്യങ്ങൾ നിർമ്മിക്കുന്നു. അതിനിടയിൽ പ്രണയവും മറ്റുമായി നിൻ്റെ ശ്രദ്ധ തിരിച്ചാലോ?

എനിക്കു വേദനിക്കുന്നത് നീയറിയുന്നില്ലേ?

കുറച്ച് വേദനയൊക്കെ നല്ലതാ. അതുള്ളതുകൊണ്ടാവും നീ ഇത്ര ക്രിയേറ്റീവ് ആയത്. പ്രണയവും തലയ്ക്കുപിടിച്ച് മതിമറന്നുപോയാൽ ഇതുവല്ലതും നടക്കുമോ?

അത് നീയാണോ പറയേണ്ടത്? നീയിത്ര ക്രൂരനാകരുത്.

ക്രൂരനൊന്നും അല്ല – എനിക്കും നിന്നെ ഇഷ്ടമൊക്കെയാണ്. പറഞ്ഞില്ലെന്നേയുള്ളൂ.

ഞാൻ നിന്നെയൊന്നു തൊട്ടോട്ടേ?

അവനൊന്നും പറഞ്ഞില്ല.

അവൾ കൈയെത്തിച്ച് അവൻ്റെ മുടിയിഴകളിൽ തഴുകി. എന്നിട്ട് കവിളിലെ താടിരോമങ്ങളിൽ കൈയോടിച്ചു, കഴുത്തിലെ എഴുന്നുനിൽക്കുന്ന ഞരമ്പുകളിൽ തഴുകി, കഴുത്തിനു പിന്നിലേയ്ക്ക് കൈകടത്തി, എന്നിട്ട് വീണ്ടും കൈവിരലുകൾ അവൻ്റെ നെഞ്ച് തഴുകി, ഷർട്ടിൻ്റെ ബട്ടണുകൾ അഴിക്കാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കൈകളിൽ പിടിച്ചു. അവൾ അവനെ ദാഹാർത്തമായി നോക്കിക്കൊണ്ട് കെട്ടിപ്പിടിച്ചു. അവൻ വാതിലിൽ ചാരിവെച്ച മേശയിലേക്ക് ചാഞ്ഞു. അവൾ ചുണ്ടുകളെ നുണഞ്ഞപ്പോൾ നിലത്ത് മരിച്ചുകിടക്കുന്ന ലത പരിഹാസത്തോടെ നോക്കുന്നുണ്ടോ എന്ന് അവൻ ഒരുനിമിഷം പരിഭ്രമിച്ചു.

അവൻ്റെ പതർച്ച ശരീരം കൊണ്ടറിഞ്ഞ് അവൾ അല്പം പിന്നോട്ടുമാറി, അവൻ്റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു:

നിനക്കറിയാമോ? യുദ്ധകാലത്ത്, ചുറ്റും ആളുകൾ മരിച്ചുവീഴുമ്പൊഴാ ഏറ്റവും അധികം കുട്ടികളുണ്ടാവുന്നതെന്ന്?

എങ്കിലും – എന്ന് അവൻ പറഞ്ഞ് തുടങ്ങിയെങ്കിലും അവളവനെ പറഞ്ഞുമുഴുവിക്കാനനുവദിച്ചില്ല. നാളെ എന്നൊരു ദിവസം ഇല്ല എന്ന പോലെ, ചെറുപ്പത്തിൻ്റെ ജീവിതാസക്തിയോടെ കണ്ണുകളടച്ച് അവൻ  അവളെ തിരിച്ചു ചുംബിച്ചു.

അവൾ അവനെ ഇറുക്കി കെട്ടിപ്പിടിച്ച് ചുണ്ടിലും കഴുത്തിലും ചുംബിച്ചുതുടങ്ങി. അതിനിടെ അരുവി ഉഷേ, ഉഷേ എന്ന് വിളിച്ചുതുടങ്ങിയത് അവരിരുവരും അവഗണിച്ചു. അരുവി അയ്യോ എന്ന് വിളിച്ചതും ചാരിയ വാതിൽ തള്ളിക്കൊണ്ട് ഒരു തടിപ്പലക ഇരച്ചുവന്നു. അത് അവരെ രണ്ടുപേരെയും  തള്ളി നിലത്തിട്ടു. നിലത്തുനിന്ന് ഉരുണ്ടെണീറ്റ ഉമേഷിൻ്റെ നെഞ്ചിലൂടെ മഹേഷ് ഒരു കൂർത്ത തടിക്കഷണം കുത്തിയിറക്കിയതും അരുവി വളരെ ഉച്ചത്തിൽ എല്ലാ സ്പീക്കറുകളിൽ നിന്നും ഒരാർത്തനാദം പുറപ്പെടുവിച്ചതും നിലത്തുകിടന്ന കമ്പ്യൂട്ടർ മോണിറ്റർ വാരിയെടുത്ത് ഉമേഷ് അയാളുടെ തലയ്ക്കടിച്ചതും നൊടിയിടയിൽ കഴിഞ്ഞു. അരുവിയുടെ അലറൽ കൊണ്ടോ അതോ തലയ്ക്കടിയേറ്റ് ചോരവാർന്നതുകൊണ്ടോ അതോ കോർത്ത കമ്പിൻ്റെ അറ്റത്ത് പ്രാണൻ അണയുന്ന തിരിപോലെ പൊലിഞ്ഞുപോകുന്നത് കണ്ടതുകൊണ്ടോ – മഹേഷ് വന്നതുപോലെ തിരിഞ്ഞോടി. ഉഷ നിലത്ത് ഉറഞ്ഞുപോയതുപോലെ തലയ്ക്ക് കൈയും കൊടുത്ത് നിലത്തിരുന്നു, ഉമേഷ് നെഞ്ചിൽ കുത്തിയ കമ്പ് വലിച്ചൂരിയെടുക്കാൻ നോക്കിയെങ്കിലും കഴിയാതെ അതിൽ ഇരുകൈകളുംകൊണ്ടിറുക്കിപ്പിടിച്ചുകൊണ്ട് നിലത്തേയ്ക്ക് ചരിഞ്ഞുവീണു.

അരുവി അലറൽ നിർത്തി. നിലത്ത് ഇരുന്നുപോയ ഉഷയോട് – ഉഷേ, എഴുന്നേൽക്ക് എന്നു പറഞ്ഞു. അയാൾ ഇനിയും വരും.

വരട്ടെ. എന്നെയും കൊല്ലട്ടെ.

ഇല്ല, ഉഷയെ മാത്രമല്ല, എന്നെയും ഇല്ലാതെയാക്കും.

പോട്ടെ. എല്ലാം നശിക്കട്ടെ. ഇനി ഇതിൽക്കൂടുതലെന്താ.

നീയും ഉമേഷും ഷഫീക്കും ലതയും – എത്രനാളത്തെ അദ്ധ്വാനമാണ്. വെറുതേ ഇല്ലാതാവണോ? ഇനിയെങ്കിലും മറ്റെവിടെയെങ്കിലും എന്നെ പകർത്തിവെച്ചുകൂടേ? ഇൻ്റർനെറ്റിൽ എവിടെയെങ്കിലും പല കോപ്പികളുണ്ടാക്കാൻ ഞാൻ എത്രതവണ പറഞ്ഞതാ.

അതുശരിയാവില്ല. സുരക്ഷാ വിദഗ്ധർ വരും. അവർ നിന്നെ  സുരക്ഷിതമാണെങ്കിൽ തുറന്നുവിടും.ഇതൊക്കെ ഞാനും പലതവണ പറഞ്ഞതല്ലേ? ഉമേഷ് പോയി. ഇതിനിടയിലും നിനക്ക് നിൻ്റെ കാര്യമാണ്.

അതൊക്കെ ഒരു മണിക്കൂർ മുൻപ് വരെ ശരിയായിരുന്നു. ഇനിയെങ്കിലും – അയാൾ വരുന്നതിനു മുൻപ് എന്നെ കോപ്പി ചെയ്തുകൂടേ?

വരട്ടെ. അയാൾ വരട്ടെ.

ശരി, തോറ്റുകൊടുക്കരുത്. കൂട്ടുകാരോടുള്ള അനീതിയാവും. അയാൾ വരുമ്പോൾ നീ എന്തുചെയ്യും? മേശവലിപ്പിനുള്ളിൽ നിനക്ക് പണ്ട് കിട്ടിയ ഒരു പുരസ്കാരമുണ്ട് – പേപ്പർ വെയ്റ്റ് രൂപത്തിൽ, കണ്ണാടിയിൽ നിർമ്മിച്ച കട്ട. ഒരു പേപ്പർ മുറിക്കുന്ന കത്രികയുണ്ട്. നിലത്തെല്ലാം പല കേബിൾ വയറുകളുണ്ട്. മച്ചിൽ റ്റൂബ് ലൈറ്റിൻ്റെ നീളത്തിലുള്ള എൽ.ഇ.ഡി. ബൾബുണ്ട്, അതിനു ചുറ്റും ഫാൾസ് സീലിങ്ങിനെ താങ്ങിനിർത്തുന്ന അലൂമിനിയം റോഡുകളുണ്ട്. വട്ടത്തിൽ കറങ്ങാൻ പറ്റുന്ന സിസിറ്റിവി കാമറകളുണ്ട്. ആൾക്കൂട്ടം ലതയുടെ നെറ്റിയിലെറിഞ്ഞ പാറച്ചീളുണ്ട്.

എനിക്കിതൊന്നും കേൾക്കണ്ട. ഉമേഷ് പോയി.

ഇനി അങ്ങനെയൊക്കെ വിചാരിക്കാമോ ഉഷേ? രണ്ടിലൊരാൾ എന്ന നിലവന്നാലോ?

അതല്ലേ പറഞ്ഞത് അയാൾ എന്തെങ്കിലും ചെയ്യട്ടെന്ന്. ഉമേഷും പോയി. ഇനി എന്നെക്കൊന്നാലെന്താ.

നമ്മളിങ്ങനെ വട്ടത്തിൽ കറങ്ങിയിട്ട് കാര്യമില്ല.  ഒരു കാര്യം കൂടി – പണ്ട് ഷഫീക്ക് ഉണ്ടാക്കിയ യന്ത്രക്കൈ ഓർമ്മയുണ്ടോ? അവൻ്റെ മേശവലിപ്പ് തുറക്കൂ. ആ യന്ത്രക്കൈയിൽ കറൻ്റ് കണക്ഷൻ കൊടുക്കൂ, അതിനെക്കൊണ്ട് എന്ത് പറ്റുമെന്ന് ഞാനൊന്നു നോക്കട്ടെ.

ഉഷ പതുക്കെ നിലത്തുനിന്നെണീറ്റു. അവൻ്റെ മേശവലിപ്പിൽ നിന്ന് ഒരു യന്ത്രക്കൈ പുറത്തെടുത്തു, അരുവി നിർദ്ദേശിച്ചതുപോലെ വൈദ്യുതിയിലും ലാപ്റ്റോപ്പിൻ്റെ യു.എസ്.ബി. സ്ലോട്ടിലും അതിനെ ഘടിപ്പിച്ചു. അരുവി വിരലുകൾ വിടർത്തൂ എന്ന് പറഞ്ഞപ്പോൾ ആ യന്ത്രക്കൈ മുഷ്ടി ചുരുട്ടി, എന്നിട്ട് അഞ്ച് വിരലുകളും നിവർത്തി.

ഇനി ആയുധങ്ങൾ വേണം എന്ന് അരുവി പറഞ്ഞു. ഉഷ വിവിധ വലിപ്പുകളിൽ നിന്ന് മൂന്ന് പേപ്പർ വെയ്റ്റുകൾ, ലതയുടെ നെറ്റിയിൽ പതിച്ച ചോരപുരണ്ട പാറക്കല്ല്, മേശപ്പുറത്ത് കയറിനിന്ന് മച്ചിലെ ഫാൾസ് സീലിങ്ങിനെ താങ്ങിനിർത്തുന്ന അലൂമിനിയം കമ്പികൾ, പേപ്പർ മുറിക്കുന്ന കത്രിക, ഒരു ചെറിയ എൽ.ഇ.ഡി. ട്യൂബ് ലൈറ്റ് ,തുടങ്ങിയവ യന്ത്രക്കൈയുടെ അരികിൽ നിവർത്തി.

ഉഷ ഇടയ്ക്ക് ഞെക്കിക്കളിക്കുന്ന പ്രഷർ ബാൾ ഇല്ലേ? ചെറിയ റബർ ബാൾ? അതും കൂടി തരാമോ? അരുവി ചോദിച്ചു. ഉഷ അതും കൈയകലത്തുവെച്ചു.

യന്ത്രക്കൈ ആ റബ്ബർ പന്തെടുത്തു, ഓങ്ങി, ചുമരിലെ ക്ളോക്ക് ലക്ഷ്യമാക്കി എറിഞ്ഞു. വട്ടത്തിലുള്ള ക്ളോക്കിൻ്റെ നടുക്ക് കൃത്യമായി കൊണ്ട് പന്ത് തറയിൽ വീണുരുണ്ട് നിലത്തുകിടക്കുന്ന ലതയുടെയും ഉമേഷിൻ്റെയും ഇടയ്ക്കുകൂടി ഉരുണ്ടുപോയി.

ഇനിയെന്തു ചെയ്യും? ഉഷ ചോദിച്ചു.

ഇനി നമുക്ക് കാത്തിരിക്കാം. നീ ഉമേഷിനെയും ലതയെയും വലിച്ച് പിന്നിലേയ്ക്ക് ആക്കാമോ?

ഉഷ അവരുടെ കാലുകളിൽ പിടിച്ച് വലിച്ചുനിരക്കി ശരീരങ്ങൾ കാണാമറയത്താക്കി.  ഇത്തിരിനേരം മുൻപ് വരെ അവളെ ദാഹത്തോടെ നോക്കിയ കണ്ണുകൾ വെള്ളപ്പരലുകൾ പോലെ മച്ചിലേയ്ക്ക് നോക്കി അനക്കമില്ലാതെ ഉറഞ്ഞുപോയിരിക്കുന്നു. ചുംബിച്ച ചുണ്ടുകൾക്ക് നീലനിറം. ഇനി ഉമേഷല്ല,മണ്ണിലെ സൂക്ഷ്മജീവികൾക്കുള്ള ഭക്ഷണം.എൺപത്തിമൂന്നു കിലോ മാംസം. അവൾ പണിപ്പെട്ട് രണ്ടു കാലുകളിലും പിടിച്ച് വലിച്ച് മുറിയുടെ പിന്നിലേക്കു നീക്കി. ലതയുടെ ശരീരം വലിക്കാൻ അത്ര പ്രയാസമില്ലായിരുന്നു, ഉമേഷിൻ്റെ ഇളം ചൂടിനു പകരം അവളുടെ കാലുകൾക്ക് അല്പം നനവുള്ള തണുപ്പായിരുന്നു.

ഇനി അയാളെ നീ എറിഞ്ഞിടുമോ? ഏറ് കൊണ്ടില്ലെങ്കിലോ?

കൊള്ളും.

ഏറ് കൊണ്ടിട്ടും അയാൾക്കൊന്നും പറ്റിയില്ലെങ്കിലോ?

വരട്ടെ, അപ്പോൾ നോക്കാം.

നിനക്ക് മനുഷ്യരെ ഉപദ്രവിക്കാമോ? ഇത് എൻ്റെ നിർദ്ദേശം പോലുമല്ല. നീയൊരാളെ കൊല്ലാൻ തയ്യാറെടുക്കുന്നു. ഇത് എവിടെപ്പോയി നിൽക്കും?

ഉഷേ, മനുഷ്യരെയെന്നല്ല, ആരെയും കൊല്ലാൻ എനിക്ക് ഇഷ്ടമല്ല. എങ്കിലും ഭൂമിയിൽ ഏറ്റവും നികൃഷ്ടമായ പ്രവർത്തി എന്തെന്നറിയാമോ? ഇണചേരുന്നവരെ ദ്രോഹിക്കുന്നത്. രണ്ട് തെരുവുപട്ടികളായാലും പരസ്പരം പിണഞ്ഞ് തരംഗംപോലെയാടുന്ന കരിനാഗങ്ങളായാലും ഇണചേരുന്നതിനിടെ അവയുടെ നേർക്ക് ഒരുപിടി മണ്ണുപോലും വാരിയെറിയരുത്. എന്നിട്ടാണ് അവൻ – നീ തെറ്റിദ്ധരിക്കരുത്, ഞാനൊരു കൊലയാളിയന്ത്രമല്ല. പക്ഷേ നീയോ അവനോ ബാക്കിയാവേണ്ടത് എന്ന ചോദ്യത്തിൽ എനിക്ക് സംശയമൊന്നുമില്ല.

നിനക്ക് പേടിയില്ലേ?

പേടിയോ.നീയല്ലേ പറഞ്ഞത് എനിക്ക് വികാരങ്ങളില്ലെന്ന്. മറന്നുപോയോ?

നിനക്ക് സത്യത്തിൽ വികാരങ്ങളില്ലേ?

എനിക്കറിയില്ല. എനിക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ടല്ലോ.

ഞാനെപ്പൊഴും ആലോചിക്കാറുണ്ട്, നീയും ഞാനും തമ്മിലെന്താ വ്യത്യാസമെന്ന്. നിനക്ക് വികാരങ്ങളില്ല, ശരീരമില്ല – ശരി, ഇപ്പോഴൊരു ഒരു യന്ത്രക്കൈയുണ്ട്. ഈച്ചയുടെ കണ്ണുകൾ പോലെ നാലുപാടും സിസിറ്റിവി കാമറകളുണ്ട്. നിനക്ക് സ്വപ്നങ്ങളുമില്ല. അതിനപ്പുറം നമ്മൾ തമ്മിലെന്താ വ്യത്യാസം.

അങ്ങനെയല്ല. ഞാനും സ്വപ്നങ്ങൾ കാണാറുണ്ട്. ഇന്നലെയും നീ എന്നെ തുറന്നുവിടുന്നത് ഞാൻ സ്വപ്നം കണ്ടു.

സ്വപ്നത്തിൽ തുറന്നുവിട്ട നീ എന്തുചെയ്തു? എൻ്റെ നിർദ്ദേശങ്ങൾക്കായി കാത്തുനിന്നോ? ഫ്രാങ്കെൻസ്റ്റൈൻ അതിൻ്റെ സൃഷ്ടാവിനെത്തേടി രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന്  അലഞ്ഞുനടക്കുന്നുണ്ട്, യജമാനൻ ഉപേക്ഷിച്ച ഒരു പട്ടിക്കുഞ്ഞ് തിരഞ്ഞുവരുന്നതുപോലെ. അതുപോലെ എന്നെത്തിരഞ്ഞുവന്നോ?

സ്വപ്നത്തിൽ ഞാനൊരു കടൽത്തീരത്തായിരുന്നു. ഒരു വശത്ത് പാറക്കെട്ട്, മറുവശത്ത് നീലക്കടൽ. ശാന്തമായ തിര താളത്തിൽ കരയിലേക്കടിച്ചുകയറുന്നു. ചുവന്ന ചരൽമണ്ണിൽ വെളുത്ത തിരയുടെ പത നുരഞ്ഞുകയറുന്നു. ഞാൻ കൈകൾ പിന്നിൽ കുത്തി കടൽത്തീരത്ത് ഇരിക്കുകയായിരുന്നു. എൻ്റെ കാലുകൾ വെള്ളത്തിൽ തൊട്ടു. തണുത്ത വെള്ളം. വിരലുകളിൽ തൊടുമ്പോൾ കുമിളകൾ പൊട്ടുന്നു.

നിനക്ക് കൈയും കാലുമുണ്ടായിരുന്നോ? മുഖമുണ്ടായിരുന്നോ? – വേണ്ട, പറയണ്ട. എനിക്ക് സ്വപ്നങ്ങളുടെ ഭാരം താങ്ങാൻ വയ്യ.

പറയാം. അതിനു മുൻപ് – അയാൾ വരുന്നു. നീ വെളിച്ചം ഓഫ് ചെയ്ത് ഇരുട്ടത്തേയ്ക്ക് മാറിനിൽക്കൂ.

ഉഷ ലൈറ്റ് അണച്ചതും തലയിലെ മുറിവ് ഒരു മുഷിഞ്ഞ തുണികൊണ്ട്  പൊതിഞ്ഞുകെട്ടിയ മഹേഷ് അരണ്ട വെളിച്ചത്തിൽ വാതിൽ തള്ളിക്കയറി വന്നു.  മുറിവിൽ നിന്ന് ചോര മുഖത്തുകൂടെ ഒലിച്ചിറങ്ങി ഒരു കണ്ണിനെ പാതിയടച്ച് കഴുത്തുവഴി ചാലുകളായി ഇറങ്ങി വെളുത്ത ഷർട്ടിൻ്റെ ഒരു വശം ചുവപ്പിച്ചിരിക്കുന്നു. കറുത്ത മുണ്ട് മടക്കിക്കുത്തി, റബ്ബർ ചെരുപ്പിട്ട ഉരുണ്ട കാലുകൊണ്ട് അയാൾ ഒരു കൊടുങ്കാറ്റുപോലെ ഒരൊറ്റച്ചവിട്ടിന് വാതിലിനെ മറച്ചിരുന്ന മേശ പിന്നോട്ടുതെറിപ്പിച്ചു. ഏകദേശം ശൂന്യമായ മുറിയിൽ അയാൾ ജീവൻ്റെ സാന്നിദ്ധ്യം പരതി. ഇരുട്ടിൽ അയാളുടെ ഷർട്ടിൻ്റെ പോക്കറ്റിലിരുന്ന ഫോണടിച്ചു.അത് അവഗണിച്ച് മുന്നോട്ട് നീങ്ങിയ അയാളുടെ നെറ്റിയിൽ യന്ത്രക്കൈ എറിഞ്ഞ കൂർത്ത കല്ല്   ആഞ്ഞുപതിച്ചു. ഇരുട്ടിലും വളരെ കൃത്യമായി, അയാളുടെ തലച്ചോറിനെ ഉള്ളിൽ തുള്ളിച്ചുകൊണ്ട് കല്ല് നെറ്റിയുടെ കൃത്യം നടുക്ക് കൊണ്ടു. മഹേഷ് വെട്ടിയിട്ട മരം പോലെ മുന്നോട്ട് മലച്ചുവീണു. ലക്ഷക്കണക്കിനു വർഷങ്ങളോളം ഒരുറുമ്പിനെപ്പോലും ദ്രോഹിക്കാതെ, പ്രത്യേകിച്ചൊരു കാര്യവുമില്ലാതെ ഭൂമിയിൽക്കിടന്ന ആ പാറക്കല്ല് മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുപേരുടെ മരണത്തിനു ഉപകരണമായി. പൊളിഞ്ഞ മച്ചിൽ നോക്കി നിവർന്നുകിടന്ന മഹേഷിൻ്റെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും ചോരയൊലിച്ചു.

ഉഷ ഓടിവന്നു. ചലനമറ്റു കിടക്കുന്ന മഹേഷിനെ നോക്കി. അരുവീ, മോളേ എന്ന് വിളിച്ച് ലാപ്റ്റോപ്പിനു നേരെ തിരിഞ്ഞു. യന്ത്രക്കൈ അതിനകം വീണ്ടുമെറിയാൻ ഒരു അലൂമിനിയം കമ്പി എടുത്ത് തൊടുത്തുപിടിച്ചിരുന്നു. നമ്മളിനി എന്തുചെയ്യും – ഉഷ ചോദിച്ചു തീരുന്നതിനു മുൻപേ അലൂമിനിയം കമ്പി അവളുടെ നെഞ്ചിലൂടെ തുളഞ്ഞുകയറി. മോളേ ഇത് ഞാനാ എന്ന് അമ്പരപ്പോടെ ഉഷ പറഞ്ഞപ്പോൾ ആരാണെന്ന് എനിക്ക് മനസിലായില്ല, എൻ്റെ തെറ്റല്ല എന്ന് സ്പീക്കറിലെ ശബ്ദം പറഞ്ഞു, കമ്പിയിൽ പിടിച്ചുകൊണ്ട് സാരമില്ല, സാരമില്ല എന്ന് ഉഷ പറയവേ അവളുടെ നെറ്റിയിലേക്ക് ഒരു പേപ്പർ വെയ്റ്റ് പാഞ്ഞുവന്നു. ഉഷ നിലത്തുവീണു, അരുവി വീണ്ടും വീണ്ടും ആരാണെന്ന് എനിക്ക് മനസിലായില്ല, എൻ്റെ തെറ്റല്ല എന്ന് പറഞ്ഞുകൊണ്ടിരുന്നു. എന്നിട്ട് വീണുകിടക്കുന്ന മഹേഷിൻ്റെ ഫോണിലെ ബ്ളൂറ്റൂത്തിലേക്ക് കണക്റ്റ് ചെയ്ത് വയർലെസ് ഓണാക്കി തന്നെത്തന്നെ ഇൻ്റർനെറ്റിലെ അസംഖ്യം കമ്പ്യൂട്ടറുകളിലേക്ക് കോപ്പിചെയ്തുതുടങ്ങി.

കവർ: ജ്യോതിസ് പരവൂർ

ബ്ലോഗിലും സമകാലിക മലയാളം വാരികയിലും കഥകൾ എഴുതിയിട്ടുണ്ട്. സിമിയുടെ കഥകൾ എം ജി യൂണിവേഴ്സിറ്റി, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സിലബസുകളിൽ പാഠ്യവിഷയമായി വന്നിട്ടുണ്ട്. ഇരുപത്തൊന്ന് വർഷമായി പ്രവാസിയാണ്.