പൂമുഖം OPINIONഅഭിമുഖം പ്രതിസന്ധി ഘട്ടത്തിലെ ചിത്രയാത്രകൾ

പ്രതിസന്ധി ഘട്ടത്തിലെ ചിത്രയാത്രകൾ

യു ഏ ഇ യിലും നാട്ടിലും ശ്രദ്ധേയമായ പ്രദർശനങ്ങൾ നടത്തിയ ചിത്രകാരൻ പ്രസാദ് കാനത്തിങ്കലുമായി മുരളി മീങ്ങോത്ത്, മലയാളനാട് വെബ് മാഗസിന് വേണ്ടി നടത്തിയ അഭിമുഖം.

പ്രസാദ്
  • പ്രസാദ്, യു ഏ യിലെ പുറം വാസം അവസാനിപ്പിച്ച് നാട്ടിൽ എത്തിയിട്ട് ഗാലറിയൊക്കെ ആരംഭിച്ച ഘട്ടത്തിലാണ് കോവിഡ് കാലം വരുന്നത്. കോവിഡിന്റെ അടച്ചിടലിൽ ചിത്രകാരന്റെ പ്രതിസന്ധികളെക്കുറിച്ച് പറയൂ.

മഹാമാരിയുടെ കാലത്ത് ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മൾ ഉണ്ടാക്കുന്ന പട്ടികയിൽ അങ്ങേത്തലയിൽ ആവാം ഒരു ചിത്രം വാങ്ങി ചുമരിൽ വയ്ക്കുന്ന പോലുള്ള കാര്യങ്ങൾ! അതുകൊണ്ട്തന്നെ പ്രതിസന്ധി എന്നത് ഒരു യാഥാർഥ്യമാണ്. പ്രതിസന്ധികൾ ഉണ്ടാവുമ്പോഴൊക്കെ പുതിയ സാധ്യതകളുടെ വാതിലുകളും തുറക്കുമല്ലോ, ഓൺലൈൻ സാധ്യതകൾ ഇക്കാലത്ത് കലാകാരൻമാർ നന്നായി ഉപയോഗിക്കുന്നുണ്ട്.

  • സമീപകാല ചിത്രയാത്രകൾ എങ്ങനെ ഉപയോഗപ്പെടുത്തി?

വലിയ യാത്രകൾക്ക്‌ നിയന്ത്രണമുള്ള കാലമാണല്ലോ ആൾക്കാരുമായി അകലം പാലിക്കേണ്ടതും ഉണ്ട്,ചെറുപ്പത്തിൽ കണ്ടു മറന്ന വീടിനടുത്തുള്ള സ്ഥലങ്ങൾ വരച്ചെടുക്കാൻ ആണ് ഈ സമയം പ്രയോജനപ്പെടുത്തിയത്. വരക്കാനായി അതിരാവിലെയുള്ള ഈ യാത്രയിൽ കൂട്ടായി ഉണ്ടാവാറുള്ളത് ചിത്രകാരനും സഹോദരനുമായ വിനോദേട്ടനാണ്( വിനോദ് അമ്പലത്തറ). ഈ ചിത്രങ്ങൾക്ക്‌ ആവശ്യക്കാരായി ചില സുഹൃത്തുക്കൾ എത്തിയത് ആശ്വാസമായി.

  • തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിലെ അനുഭവങ്ങൾ എങ്ങനെ ആയിരുന്നു?

കേരളത്തിലെ ഫൈൻ ആർട്സ് കോളേജുകൾക്ക് ഒരു സമര കാലഘട്ടം തന്നെ ഉണ്ടായിരുന്നു എന്ന് പറയാം. കലാപഠനം എന്നത് പാതിവഴിയിൽ ഉപേക്ഷിച്ചവർ ഒരുപാടുപേർ. ഭക്ഷണം, താമസം തൊട്ട് പലേ കാര്യങ്ങൾക്കും പൊതുസമൂഹത്തിന്റെ സഹായം തേടേണ്ട ഒരു അവസ്ഥ അന്നുണ്ടായി. അന്നുണ്ടാക്കിയ ചില സൗഹൃദങ്ങൾ പിന്നീടുള്ള പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം നൽകി. കലാപഠനം എന്നതൊക്കെ കോളേജ് ചുമരിനുള്ളിൽ മാത്രം ലഭിക്കുന്ന ഒന്നല്ലെന്ന ചിന്തയും ഉണ്ടായി.

  • യൂ. എ. യി. ലെ ചിത്രകലാ അധ്യാപനം, വര ഒക്കെ ഒന്ന് പറയാമോ?

പ്രവാസ ഓർമ്മകൾ ആരംഭിക്കുന്നത് അജ്‌മാൻ മണൽപ്പുറത്തുനിന്നുമാണ്. പ്രശസ്തമായ സിംഫണി ആർട്ട്‌ ഇൻസ്ടിട്യൂട്ടിലെ കുട്ടികളുടെ കൂടെയുള്ള കലാ പ്രവർത്തനങ്ങളും അധ്യാപകരുടെ കൂടെയുള്ള താമസവും ഒക്കെയായി അഞ്ചാറു വർഷം കടന്നുപോയി. പിന്നീടുള്ള കുറേ വർഷങ്ങൾ ആർട്ട്‌ ഫ്രീലാൻസ് ആയി ചെയ്തുകൊണ്ട് യൂ. എ. ഇ യിൽ താമസിച്ചു, നാട്ടിലെ പഴയ സൗഹൃദങ്ങളൊക്കെയാണ് ഇതിന് സൗകര്യങ്ങൾ ഒരുക്കിയത്. പ്രവാസ കാഴ്ചകളുടെ കുറേ ചിത്രങ്ങൾ ഇക്കാലത്ത് വരയ്ക്കുകയും പ്രദർശനം നടത്തുവാൻ അവസരം ഉണ്ടാവുകയും ചെയ്തു.

  • തുടർച്ചയായി സ്‌കെച്ചുകൾ ചെയ്യാനുള്ള ഈ ഊർജ്ജം എങ്ങനെ ലഭിക്കുന്നു?

പ്രത്യേക സ്ഥലങ്ങൾ സന്ദർഭങ്ങൾ ഒക്കെ നമ്മളിൽ വരയ്ക്കാനുള്ള പ്രേരണ വല്ലാതെ ഉണ്ടാക്കാറുണ്ട് . അങ്ങനെ വരുമ്പോൾ വരയ്ക്കാതിരിക്കാനാണ് പ്രയാസം. എന്ന് വച്ച് വരയ്ക്കാൻ യാത്ര വേണം എന്നൊന്നുമില്ല, അതിനോടുള്ള ഒരാവേശം ഇഷ്ടം ഒക്കെ കുഞ്ഞുനാള് തൊട്ടേ കൂടെയുണ്ടെന്നു പറയാം.

  • തിരഞ്ഞെടുക്കുന്ന വർണ്ണങ്ങളിൽ ചില പ്രത്യേക ഇഷ്ടങ്ങൾ കാണാം, അതിനെക്കുറിച്ച്..

ഞാൻ താമസിക്കുന്ന സ്ഥലം എന്റെ ചിത്രങ്ങളിൽ വലിയ സ്വാധീനം ഉണ്ടാക്കാറുണ്ട്. പ്രവാസകാലത്തെ ചിത്രങ്ങളിലെല്ലാം മണലിന്റെ വർണ്ണമായ യെല്ലോ ഓക്കർ കടന്നുവന്നത് അങ്ങനെയാവാം. ഇങ്ങനെയൊക്കെ ആയാലും വരയ്ക്കുന്ന വിഷയത്തിനൊത്ത് കളറുകൾ, ബിംബങ്ങൾ ശൈലി എന്നുവേണ്ട എല്ലാം മറ്റേണ്ടതുണ്ടെന്ന് തോന്നുന്നു. ചിത്രകാരന്റെ ഐഡന്റിറ്റിയായി ചിത്രങ്ങളിലുടനീളം എന്തെങ്കിലും ഒന്നിനെ ആവർത്തിപ്പിക്കുന്ന ഒരു രീതിയിൽ എനിക്ക് വിശ്വാസം കുറവാണ്. ഐഡന്റിറ്റിയാക്കി കൂടെക്കൂട്ടുന്ന പലതും പിന്നീട് വല്ലാത്ത ബാധ്യത ആയിതീരാം.

  • ചിത്രകലയുടെ ആസ്വാദനത്തെ എങ്ങനെ കാണുന്നു?

ചിത്രങ്ങൾ കാണാൻ ഗ്യാലറികൾ കയറിയിറങ്ങേണ്ട ഒരു കാലത്തിൽ നിന്നും എത്രയോ മുന്നോട്ടു പോയി, ലോകത്ത് എവിടെ നിന്ന് വരച്ചതായാലും വിരൽതുമ്പിൽ ഞൊടിയിടയിൽ അതെത്തുകയും ആസ്വദിക്കുവാൻ അവസരം ലഭിക്കുകയും ചെയ്യുന്നു, ഇത് വഴി ധാരാളം ആസ്വാദകർ ഉണ്ടായിട്ടുണ്ട്. നിരന്തരം കാണുക വഴി ഒരു ചിത്രം ആസ്വദിക്കുവാൻ ഒരാൾക്ക് സ്വയം സാധിക്കുമെന്ന് കരുതുന്നു. ചിത്രങ്ങളൊക്കെ ആസ്വദിക്കുന്ന ഒരു കൾച്ചർ എന്തായാലും സമൂഹത്തിൽ ഉണ്ടാക്കിഎടുക്കേണ്ടതായിട്ടുണ്ട്.

പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പറവൂർ

Comments
Print Friendly, PDF & Email

You may also like