പൂമുഖം LITERATUREകഥ സുഖദ

സുഖദ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.


‘സൗവലി…’
ദാസിയുടെ കൊട്ടാരവാതിൽക്കൽ നിന്നും അതിഥിയുടെ ശബ്ദമുയർന്നു..

ഗാന്ധാരിയുടെ പ്രിയപ്പെട്ട ദാസിയെ ‘സൗവലി’ എന്ന പേരുചൊല്ലി വിളിക്കുന്ന ഒരേയൊരാൾ അദ്ദേഹമാണ്, ഗാന്ധാരനരേശൻ ശകുനി.

രാജകുമാരി ഗാന്ധാരിയോടൊപ്പം ഹസ്തിനപുരം കൊട്ടാരത്തിൽ എത്തിയനാൾ മുതൽ ‘സുഖദ’യാണ്. ദാസികൾക്ക് പേരിടുവാൻ മിടുക്കരായവർ തിരഞ്ഞെടുത്ത പേര് അന്വർത്ഥമാക്കി തന്നത് ധൃതരാഷ്ട്ര മഹാരാജാവും.

സൗബലകുമാരൻ ഹസ്തിനപുരത്ത് എത്തിയ നാൾ മുതൽ പുരുഷപുരത്തെ ദാസിപ്പെണ്ണിന്റെ പേര് സൗവലിയാണെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. എല്ലാപേരോടും തിരുത്തി വിളിക്കുവാൻ പറയണമെന്നുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും അതിന് കഴിഞ്ഞില്ല, ഗാന്ധാരിദേവിയും തിരുത്തിയില്ല.

മഹാരാജാവിന്റെ പുത്രനെ പ്രസവിച്ച ദാസിക്ക് അനുവദിച്ചു കിട്ടിയ കൊട്ടാരത്തിൽ അതിഥികളാരും വരാറില്ല. മഹാറാണിയുടെ ഇച്ഛാനുസരണം ദാസിപുത്രനായ യുയുത്സുവിനെ കൗരവകുമാരന്മാരോടൊപ്പമാണ് വളർത്തിയത്. അതിസുന്ദരിയായ ദാസിയുടെ ഏകാന്ത തടവറയെന്നാണ് കൊട്ടാരത്തെക്കുറിച്ച് മറ്റ് ദാസിമാർ രഹസ്യമായി പറയുന്നത്.

രാജമാതാവ് സുധർമ്മദേവിയുടെ പ്രിയപുത്രൻ ശകുനി ദാസിയുടെ കൊട്ടാരത്തിലേക്ക് കടന്നു വരുന്നത് പകയുടെ കണക്കുകൾ ഓർമ്മിപ്പിക്കുവാൻ മാത്രമാണ്, ഗാന്ധാരിദേവിയുടെ കണ്ണുനീരിന് പോലും സൗബലകുമാരന്റെ പകയുടെ കനലുകൾ അണയ്ക്കുവാൻ കഴിഞ്ഞിട്ടില്ല.

സ്വന്തം ഭർത്താവിന്റെ വാശി ഗാന്ധാരത്തിൽ സർവ്വനാശം വരുത്തിയത് അറിഞ്ഞ നാൾ മുതൽ ദേവി കണ്ണുനീരൊഴുക്കുവാൻ തുടങ്ങിയതാണ്. ഒടുങ്ങാത്ത പകയുമായി ശകുനികുമാരൻ ഹസ്തിനപുരത്ത് വന്നിറങ്ങിയതോടെ, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു നെരിപ്പോടായി മാറിയതാണ് ഹസ്തിനപുരത്തിന്റെ മഹാറാണിയുടെ അന്തഃപുരം.

സ്വന്തം വംശത്തിന്റെ ചോരയ്ക്ക് പകരം ചോദിക്കുവാൻ വന്നിരിക്കുന്ന സഹോദരൻ ഒരുവശത്തും, കുരുടനായ ഭർത്താവും നൂറ്റൊന്ന് മക്കളും മറുവശത്തും. ആരെ സംരക്ഷിക്കുവാൻ ശ്രമിച്ചാലും ഒരുഭാഗം നഷ്ടപ്പെടും. ഒടുവിൽ എല്ലാം അറിഞ്ഞ സുയോധനകുമാരൻ അമ്മയെ കാണുവാൻ അന്തഃപുരത്തിലേക്ക് കയറി വന്ന ദിവസം മറക്കുവതെങ്ങിനെ?

മാതാവിന്റെ രാജ്യത്തിന്റെ പ്രതികാരത്തിനായി സ്വന്തം ജീവിതം ദാനം ചെയ്ത കുമാരനെ കെട്ടിപ്പിടിച്ച് ഗാന്ധാരിദേവി പൊട്ടിക്കരഞ്ഞതിന് താൻ മാത്രമായിരുന്നു സാക്ഷി. മാതുലൻ മെനഞ്ഞെടുത്ത കെണികളിലേക്കെല്ലാം അറിഞ്ഞു കൊണ്ടു കയറിച്ചെന്ന കുമാരൻ പിതാവിന്റെ തെറ്റുകൾക്ക് പരിഹാരം തേടുകയാണെന്ന് അറിഞ്ഞതോടെ തന്റെ ഉള്ളിലെ പ്രതികാരം അലിഞ്ഞില്ലാതായിരുന്നു.

നാൾ കുറിയ്ക്കപ്പെട്ട കുരുക്ഷേത്രത്തിൽ ദാസിയുടെ മകൻ ആയുധമെടുക്കരുതെന്ന് പറയുവാനാകുമോ ഈ വരവ്? കൗരവപക്ഷത്തെ മഹാരഥന്മാരിൽ ഒരാളായ ദാസിപുത്രൻ യുയുത്സുവും ഗാന്ധാരത്തിന്റെ പകവീട്ടുവാൻ ബാധ്യസ്ഥനാണെന്ന ഓർമ്മപ്പെടുത്തലുണ്ടാകും.

സൗവലിയും എല്ലാം നഷ്ടപ്പെട്ടവളാണ്, ഗാന്ധാരത്തിൽ ബന്ധങ്ങളെന്ന് പറയുവാൻ ഒരാൾ പോലും ബാക്കിയില്ലാതായിപ്പോയവൾ. പിതാവിന്റെ മരണവും മാതാവിന്റെ അഗ്നിപ്രവേശവും കൂടി അനാഥമാക്കിയവൾക്ക് അതിനെല്ലാം കാരണക്കാരനായ മഹാരാജാവിനോട് പ്രതികാരം തോന്നേണ്ടതാണ്.

പക്ഷേ, ദാസിയേയും പുത്രനെയും അമിതമായി സ്നേഹിക്കുന്ന മഹാരാജാവിനോട് പ്രതികാരം ചെയ്യുന്നതെങ്ങിനെ! വാത്സല്യനിധിയായ പിതാവിനെതിരെ യുയുത്സുവും ഒരിക്കലും ആയുധമെടുക്കില്ല.

പിറന്ന രാജ്യത്തിന്റെ പക, പോറ്റുന്ന രാജ്യത്തിനുവേണ്ടി മറക്കുകയെ നിവൃത്തിയുള്ളൂ. എങ്കിലും സൗബലകുമാരനോട് അത് പറയുവാനുള്ള ധൈര്യമില്ല. വൈഹിന്ദിന്റെ പ്രതികാരത്തിനായി അധികാരവും ജീവിതവും ഉപേക്ഷിച്ച ഗാന്ധാരപതിയോട് ദാസിയുടെയും പുത്രന്റെയും സന്തോഷത്തിനായി പക മറക്കുവാൻ പറയുവാൻ കഴിയുമോ?

ഗാന്ധാരിദേവി പോലും ശകുനിയുടെ മുന്നിൽ അശക്തയാണ്. അദ്ദേഹത്തിന്റെ കണ്ണുകളിൽ ലയിച്ചു കിടക്കുന്ന പകയുടെ ആഴമറിയുന്ന ദേവി സർവ്വനാശം മുന്നിൽ കാണുന്നുണ്ട്. പിതാവിന്റെ ആത്മാവുറങ്ങുന്ന പകിടകൾ ഒരിക്കൽ മാത്രമാണ് ദേവി സ്പർശിച്ചു നോക്കിയത്. ഒറ്റമാത്രയിൽ ഞെട്ടിത്തരിച്ചു വിളറി വിയർത്തുപോയി കുമാരി.

സഹോദരിയുടെ കൈകൾ വിറയ്ക്കുന്നതും, ശരീരം വിയർക്കുന്നതും കണ്ടറിഞ്ഞ ശകുനി പിന്നീടൊരിക്കലും ആ സാഹസത്തിന് മുതിരുകയോ, സദാസമയം വിരലുകൾക്കിടയിലിട്ട് ഞെരിച്ചമർത്തുന്ന പകിടകൾ ഗാന്ധാരിദേവിയുടെ സാമീപ്യത്തിൽ പിന്നെ ശബ്ദിക്കുകയോ ചെയ്തിട്ടില്ല.

ആഗതമായ മഹായുദ്ധത്തിന്റെ മുന്നൊരുക്കങ്ങളിൽ ഭയന്നിരിക്കുകയാണ് ഹസ്തിനപുരത്തെ സ്ത്രീകൾ. ആസന്നമായ വിധികൾ നേരിടുവാൻ തയ്യാറെടുക്കുന്നവരുടെ മുഖങ്ങളിൽ ആശങ്കകളും നിസ്സഹായതയും മാത്രമാണുള്ളത്.

ദാസിയുടെ കൊട്ടാരവും വിഭിന്നമല്ല, ഒരേയൊരു പുത്രൻ ആയുധമെടുക്കുവാൻ കോപ്പുകൂട്ടുകയാണ്. മഹാരഥിയായ ദാസിപുത്രനെ മുൻനിരയിൽ തന്നെ നിറുത്തുവാൻ മഹാരാജാവ് കൽപ്പിക്കുമോ? പിതാവിന്റെ രാജ്യം സംരക്ഷിക്കുവാനായി യുദ്ധത്തിനിറങ്ങുന്ന പുത്രൻ മടങ്ങി വന്നില്ലെങ്കിലോ നഷ്ടം ദാസിക്ക് മാത്രമായിരിക്കും.
യുദ്ധമുറപ്പിച്ച നാൾ മുതൽ കാത്തിരിക്കയായിരുന്നു ഗാന്ധാരനരേശന്റെ ആഗമനം. എന്തായിരിക്കും ആവശ്യപ്പെടുക കൊല്ലുവാനോ, കൊല്ലിക്കുവാനോ?

ഇനിയും അന്തഃപുരത്തിൽ ഒളിച്ചിരിക്കുവാൻ കഴിയില്ല, നേരിടുക തന്നെ. മരണവുമായി കടന്നുവന്ന അതിഥിയാണ് കൊട്ടാരവാതിൽക്കൽ ക്ഷേമാന്വേഷണവുമായി കാത്തു നിൽക്കുന്നത്.

ഗാന്ധാരി രാജകുമാരിയുടെ പ്രിയപ്പെട്ട ദാസിയായി തക്ഷശിലയിൽ കഴിഞ്ഞിരുന്ന നാൾമുതൽ സൗബലകുമാരൻ തന്നെയും സഹോദരിയായിട്ടാണ് കരുതിയിട്ടുള്ളത്. കുമാരിയോടൊപ്പം ഹസ്തിനപുരത്തേക്ക് വന്നിട്ടും കുമാരന്റെ സ്നേഹത്തിനോ പരിഗണനയ്‌ക്കോ ഒരു കുറവും ഉണ്ടായിട്ടില്ല. എങ്കിലും തനിക്കിപ്പോൾ പുത്രനും മഹാരാജാവും കുമാരനേക്കാൾ പ്രിയപ്പെട്ടവരാണ്.

വൈഹിന്ദിന്റെ പക വീട്ടുവാൻ സൗവലിയ്ക്കും കടമയുണ്ടെന്ന് ഓർമപ്പെടുത്തുമായിരിക്കും.

പ്രതികാരത്തിന് ഒത്താശ ചെയ്യുവാൻ മഹാരാജാവിന്റെ ചോരയിൽ പിറന്ന പുത്രനെ വിട്ടുകൊടുക്കുവാൻ പറഞ്ഞാൽ തനിക്കത് കഴിയില്ല. ഗാന്ധാരത്തിന്റെ പകയ്ക്ക് കണക്കുപറയേണ്ട ഉത്തരവാദിത്വം ദാസിയുടെ പുത്രനില്ലെന്ന് വാദിച്ചു നോക്കിയാലോ?

യുയുത്സു കൊട്ടാരത്തിൽ ഇല്ലാതിരുന്നത് നന്നായി. പുത്രനോട് ഇതുവരെയും ഗാന്ധാരത്തിന്റെ രഹസ്യങ്ങൾ പറഞ്ഞിട്ടില്ല. കഥകളെല്ലാം കേട്ടാൽ അവനിലും പ്രതികാര ചിന്തയുണ്ടായാലോ?

ചിന്തകൾ പെരുക്കുന്ന ശിരസ്സുമായി ഗാന്ധാരപതിയുടെ മുന്നിലേക്ക് ചെന്നു നിന്നു. ചുവന്നുതുടുത്ത മുഖവും തിളങ്ങുന്ന കണ്ണുകളുമായി നിൽക്കുന്ന ശകുനിയുടെ മുന്നിലെത്തിയപാടെ മനോവ്യാപാരങ്ങൾ ഓടിമറഞ്ഞു.

‘സൗവലി, നാൾ കുറിച്ചത് അറിഞ്ഞുവോ?’

‘കുമാരാ വീണ്ടും സ്ത്രീകൾ അനാഥരാകും.കണ്ണുനീരും നഷ്ടങ്ങളും വൈഹിന്ദിലായാലും ഹസ്തിനപുരത്തായാലും ഒരുപോലെയല്ലേ?’

‘കൊട്ടാരവും, പുത്രനും, മഹാരാജാവും കൂടി സൗവലിയെ ഭീരുവാക്കിയോ?’

‘അനാഥയായിപ്പോയവൾക്ക് കിട്ടിയ നിധികളാണ് എല്ലാം. ഒന്നും നഷ്ടപ്പെടുന്നത്…….’

‘സൗവലി മാത്രമല്ല അനാഥയായത്. തക്ഷശിലയിലും, പുരുഷപുരത്തും, പഞ്ചശീലിലും കാത്തിരിക്കുന്ന സ്ത്രീകളെ മറന്നോ?’

‘ആ കണ്ണുനീർ ഉണക്കുവാൻ ഇനിയും കണ്ണുനീർ വീഴ്ത്തണോ കുമാരാ?’

‘വൈഹിന്ദിന്റെ നെഞ്ചിലെരിയുന്ന കനൽ അണയുവാൻ ഹസ്തിനപുരം നിറഞ്ഞു പെയ്യട്ടെ’.

‘ഒരു വളർത്തുമൃഗത്തിന്റെ കണ്ണുനീർ പോലും സഹിക്കുവാൻ ശേഷിയുണ്ടായിരുന്നില്ല സൗബലകുമാരന്’.

‘ശകുനിയുടെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയെ സൗവലിയ്ക്ക് ഓർമ്മയുണ്ട്’.

‘ദാസി ഒന്നും മറന്നിട്ടില്ല’.

‘ഹസ്തിനപുരമല്ലേ, സൗവലിയെ ദാസിയാക്കിയത്, സുഖദയാക്കിയത്’..?

‘അമ്മയാക്കിയതും, കൊട്ടാരം തന്ന് അംഗീകരിച്ചതും ഹസ്തിനപുരമാണ്’.

‘ആ നന്ദിയാകും പക മറക്കുവാൻ പ്രേരിപ്പിക്കുന്നത്’.

‘പക കൊണ്ട്എന്താണ് നേടുന്നത്, കുറെ വിധവകളെയും നിലവിളികളും അല്ലാതെ?’

‘ഇനിയൊന്നും പറയാനില്ല, സൗവലിയ്ക്ക് പുത്രശോകം ഉണ്ടാകില്ല. കുരുക്ഷേത്രത്തിൽ കൂറുമാറുവാൻ പുത്രനെ പ്രേരിപ്പിക്കുക. കുരുടന് ക്രീയകൾ ചെയ്യുവാൻ ദാസിയുടെ പുത്രൻ മതിയാകും’.

കൂടുതൽ ഒന്നും പറയാതെ ഗാന്ധാരപതി തിരിഞ്ഞു നടന്നു.ആ കണ്ണുകളിൽ പകയാണോ കരുണയാണോ തെളിഞ്ഞു കണ്ടത്? കൂടപ്പിറപ്പിന്റെ ധർമ്മസങ്കടങ്ങൾക്ക് കാതോർക്കാത്ത കുമാരൻ ദാസിയുടെ മേൽ അനുകമ്പ കാട്ടുന്നതെന്തിന്?! ഭയം നിറയ്ക്കുന്ന ശകുനിയെ വിശ്വസിക്കാമോ….

വര : പ്രസാദ് കുമാർ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like