പൂമുഖം LITERATUREകഥ സുധർമ്മ

സുധർമ്മ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഗാന്ധാര മഹാറാണി സുധർമ്മ ഉദ്യാനഗേഹത്തിന്റെ കൽപ്പടവുകൾ കയറി ഇടനാഴിയിലെത്തി.

ഉപ്പുപാറകളിൽ നിന്നും ഉയിർക്കൊള്ളുന്ന കാറ്റിനൊപ്പം പറന്നിറങ്ങുന്ന മണൽത്തരികൾ അവിടെമാകെ നിറഞ്ഞിരിക്കുന്നു, ഗാന്ധാര മഹാരാജാവ് സുബലന്റെ പ്രിയപ്പെട്ട വിശ്രമഗൃഹമാകെ അലങ്കോലമായി കിടക്കുകയാണ്.

അലങ്കാരങ്ങളും ആഡംബരങ്ങളുമല്ല, പകയും പ്രതികാരവുമാണ് മനസ്സ് മുഴുവൻ, വംശഹത്യ നടത്തിയ കുരുടനോടുള്ള കണക്കുകൾ തീർക്കേണ്ടവൻ അർദ്ധപ്രാണനായി കിടക്കുകയായിരുന്നു.

അവൻ ഉണർന്നതും, അമ്മയെ തിരഞ്ഞതും അറിഞ്ഞു ഓടി വന്നതാണ് രാജ്ഞി.

ഇടനാഴികൾ മുഴുവൻ സമമല്ലാത്ത കാലടികൾ നെടുകെയും കുറുകെയും നടന്നതിന്റെ അടയാളങ്ങളാണ്. വൈഹിന്ദിലെ മുടന്തനായ രാജകുമാരൻ ദാനം കിട്ടിയ ജീവിതം നടന്നു തീർക്കുകയാവും.

കുന്തിരിക്കം മണക്കുന്ന മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ കുമുദിനിയെയാണ് ആദ്യം കണ്ടത്. രാജകുമാരനെ രക്ഷിക്കുവാൻ കണ്ണുകൾ ചിമ്മാതെ കാവലിരിക്കുന്നവൾ കൈകൾകൂപ്പി വണങ്ങി പുറകിലേക്ക് മാറി. രാജമാതാവിന്റെ പ്രതീക്ഷകൾക്ക് കാവലിരിക്കുന്നവളെ വാത്സല്യത്തോടെ കൈകൾക്കുള്ളിൽ ചേർത്ത് നന്ദി അറിയിച്ചു. നിറഞ്ഞു പോയ അവളുടെ കണ്ണുകളിൽ മഹാറാണിയുടെ മുണ്ഡനം ചെയ്ത ശിരസ്സ് തെളിഞ്ഞു.

അതിനൊപ്പം നിഴൽപോലെ അവനും ആ കൺകോണിൽ തുളുമ്പിയ നീർമണിക്കൊപ്പം ഉതിർന്നു വീണു.

കരിങ്കല്ലിൽ കൊത്തിയുണ്ടാക്കിയ മഞ്ചത്തിനരുകിൽ ആജാനബാഹുവായ, അതികായനായ ശകുനി തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു, കാത്തിരിപ്പിനാൽ അക്ഷമനായവൻ ആദ്യത്തെ ചേദ്യമെറിഞ്ഞു.

ഗാന്ധാരി?

അങ്ങനെ ഒരു ചോദ്യം കുമാരനിൽ നിന്നും പ്രതീക്ഷിച്ചിരുന്നതിനാൽ മറുപടി വൈകിച്ചില്ല.

ഹസ്തിനപുരത്തിന്റെ മഹാറാണിയുടെ ദാനമാണ് ഗാന്ധാര രാജകുമാരന്റെ ജീവൻ. കണ്ണുകൾ കെട്ടിയവൾ കുരുടന്റെ ചെയ്തികൾക്ക് മാപ്പിരന്നിരിക്കുന്നു.

വൈഹിന്ദിലെ പുരുഷപ്രജകളെ മുഴുവൻ കൊന്നൊടുക്കിയതിനാണോ മാപ്പിരന്നത്?.

പുരുഷന്മാർ ഇനിയും ബാക്കിയുണ്ട്, എന്റെ മകന് തുണയാകുവാൻ കാത്തിരിക്കുന്നുണ്ടവർ.

പുരുഷപുരത്തും, തക്ഷശിലയിലും ആണുങ്ങളൊന്നും ജീവനോടെയില്ലെന്ന് കുമുദിനി പറഞ്ഞുവല്ലോ….?

ഉണ്ട്, പഞ്ചശീലിലെ പുരുഷന്മാരെല്ലാം ബാക്കിയുണ്ട്, അവരിൽ ഒരാളെപ്പോലും വധിക്കുവാൻ ഹസ്തിനപുരത്തെ സൈന്യത്തിന് കഴിഞ്ഞില്ല, കുന്നുകളിൽ നിന്ന് പോരാടിയവരെ തോൽപ്പിക്കാൻ കഴിയാതെ, താഴ്‌വരയിൽ നിന്നും കുരുടന്റെ പടയാളികൾ പിന്തിരിഞ്ഞു.

ഹസ്തിനപുരത്തിനെതിരെ വലിയൊരു യുദ്ധം നടത്തുവാൻ അവർ മതിയാകുമോ മാതാവേ..?

യുദ്ധം ചെയ്യേണ്ടത് അവരല്ല, ഗാന്ധാരത്തിന്റെ യുവരാജാവായ എന്റെ പുത്രനാണ്. ഇപ്പോൾ വേണ്ടത് ജീവനോടെയിരിക്കുകയാണ്. കാലം അനുകൂലമാകുന്നതുവരെ കാത്തിരിക്കാനാകില്ല. ഇനിയും ഒരു ആക്രമണം ഉണ്ടാകാം. നേരിടുവാനുള്ള ആൾബലമോ ബന്ധുബലമോ ഗാന്ധാരത്തിനില്ല. അതിനാൽ എത്രയും പെട്ടെന്ന് പഞ്ചശീലിലേക്ക് പുറപ്പെടുക, അവിടെ വസിച്ചു കരുത്താർജ്ജിക്കുക.

ഭീരുവിനെപ്പോലെ ഒളിച്ചോടുവാൻ വയ്യ, അവർ വരട്ടെ നേരിടുവാൻ ശകുനി ഒരുക്കമാണ്.

സ്ത്രീകൾ മാത്രമായിപ്പോയൊരു രാജ്യമാണിത്. തുണയാകുവാനും തണലാകുവാനും മറ്റാരുമില്ലെന്ന് കുമാരൻ മറക്കരുത്. നഗരപാലനം മുതൽ ശവദാഹം വരെ നടത്തുന്നത് സ്ത്രീകളാണ്. പിതാവും, പതിയും, പുത്രനും, സോദരനും, മാതുലനുമെല്ലാം കണ്മുൻപിൽ കാലപുരി പൂകിയ വേദനയിലും ഈ രാജ്യത്തെ സ്ത്രീകൾ കണ്ണുനീരടക്കി കണ്ണുകളിൽ കനലെരിയിക്കുന്നത് കുരുവംശത്തിന്റെ സർവ്വനാശം കാണുവാനാണ്.

എന്റെ പിതാവ്..സഹോദരങ്ങൾ..അവരുറങ്ങുന്ന മണ്ണ്… ഇവിടം വിട്ടുപോകുവാൻ വയ്യ..

നീ സുധർമ്മയുടെ മകനാണ്, ഗാന്ധാരത്തിലെ സ്ത്രീകളുടെ പകയുടെയും പ്രതികാരത്തിന്റെയും അടയാളമാണ്, ഭീരുവിനെപ്പോലെ കണ്ണുനീർ വാർക്കരുത്. അരമനയിലും, അങ്ങാടിയിലും, സഭയിലുമുള്ള സ്ത്രീകളാരും പരിദേവനങ്ങളുടെ കെട്ടഴിക്കാറില്ല, അവരുടെ നഷ്ടങ്ങളുടെ കണക്കുകൾ തീർക്കുവാൻ ശേഷിയുള്ള പോരാളിയാവുക. പുത്രന്റെ മറുപടി കാക്കുവാൻ നിന്നില്ല.

ഇടനാഴിയോളം അനുഗമിച്ച കുമുദിനിയോട് കുമാരനെ യാത്രയ്ക്ക് ഒരുക്കുവാൻ ആജ്ഞ നൽകി.

മാന്തോപ്പിലെ രഹസ്യമാർഗ്ഗത്തിലൂടെ അന്തഃപുരത്തിലേക്ക് നടക്കുമ്പോൾ മനസ്സിൽ കണ്ണുനീർ വാർക്കുന്ന ശകുനിയുടെ മുഖമായിരുന്നു.

മഹാജനപദമായ ഗാന്ധാരം വാണിരുന്ന സുബലമഹാരാജാവിന്റെ പുത്രൻ ഭീരുവാണോ?.

തൊണ്ണൂറ്റിയൊൻപത് സോദരന്മാരും, മഹാരാജാവും കൂടി ജീവൻ കൊടുത്ത് സംരക്ഷിച്ചവൻ ഗാന്ധാരത്തിന് ശാപമാകുമോ?.

നൂറ്റൊന്ന് മക്കളെ പ്രസവിച്ച ഗാന്ധാരത്തിന്റെ രാജമാതാവിന് അപമാനിതയായി ജീവിക്കേണ്ടി വരുമോ?.

മികച്ച പോരാളിയും, കൗശലക്കാരനുമാണെങ്കിലും ലോലഹൃദയനായ ശകുനി കാവ്യങ്ങൾ ചമച്ചു ജീവിക്കുമെന്ന് മഹാരാജാവ് കളി പറഞ്ഞിരുന്നത് സത്യമാകുമോ?.

ഇല്ല, ഗാന്ധാരത്തെ ചുടലപ്പറമ്പാക്കിയ കുരുടന്റെ വംശം അവസാനിപ്പിക്കേണ്ടവൻ സുധർമ്മയുടെ പുത്രൻ തന്നെയാണ്. ഏകനായിപ്പോയവന്റെ പതർച്ചയാകും കുമാരനെ തളർത്തുന്നത്, പഞ്ചശീലിലെ പോരാളികൾ അവനെ പ്രതികാരത്തിന് പ്രാപ്തനാക്കും.

കൊട്ടാരത്തിൽ അവർ കാത്തിരിക്കുകയാണ്; കുമാരനെ കൊണ്ടുപോകാനായി വന്നവർ.

ഹസ്തിനപുരത്തെ സേനകൾ മടങ്ങിയെങ്കിലും ഏതുനിമിഷവും അവർ തിരികെ വരുമെന്ന് പ്രജകൾ ഭയക്കുന്നുണ്ട്. തനിക്കും ആ ഭയമുണ്ട് .ഇനിയൊരവസരം കിട്ടിയെന്നും വരില്ല.

രാജസഭയിൽ എത്തിയപാടെ കുതിരകളെയും ആയുധങ്ങളും രഹസ്യപാതകളിലൂടെ നഗരകവാടത്തിന് പുറത്തെത്തിക്കാൻ പടയാളികൾക്ക് നിർദ്ദേശം നൽകി.

അന്തഃപുരത്തിലേക്ക് നടക്കുവാൻ തുടങ്ങുമ്പോൾ കുമുദിനി മുന്നിലെത്തി. ദാസിയുടെ മുഖത്തേക്ക് പാളിയ നോട്ടം ചെന്നെത്തിയത് ശകുനിയുടെ കണ്ണുകളിലാണ്.

അലയടങ്ങിയ ആഴിപോലെ ശാന്തമായ കണ്ണുകൾ. ചട്ടുകാലിൽ നിവർന്നു നിൽക്കുന്ന പുത്രന്റെ ആകാരത്തിൽ മാത്രമായിരുന്നു ആത്മവിശ്വാസം തെളിഞ്ഞത്.

പാദങ്ങളിൽ നമസ്കരിക്കുവാനായി കുനിഞ്ഞവനെ അതനുവദിക്കാതെ പിടിച്ചെഴുന്നേൽപ്പിച്ചു. ഒരുനിമിഷം നിശ്ശബ്ദനായ ശകുനി വലതുകൈയുയർത്തി മുണ്ഡനം ചെയ്ത ശിരസ്സിൽ വെച്ചു.

കുരുവംശം ഗാന്ധാരത്തെ അറിയും, ശകുനിയുടെ പകയും.

അവന്റെ കൈ ചുട്ടുപൊള്ളുന്നതും, കണ്ണുകളിൽ പക നിറയുന്നതും, ശരീരം വിറകൊള്ളുന്നതും സുധർമ്മ നോക്കിനിന്നു.

വര : പ്രസാദ് കുമാർ

കവർ : വിത്സൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like