രാജി വയ്ക്കുന്ന മൂന്നാമത്തെ മന്ത്രി. അറസ്റ്റ് ചെയ്യപ്പെട്ട പതിമൂന്നാമത്തെ എം.എല്‍.എ. ഗവർണറും പ്രതിപക്ഷവും ദിവസേന എന്നവണ്ണം കലഹത്തിലേർപ്പെടുന്ന മന്ത്രിസഭ . നാലു നഗരസഭകളുമായി കൂടെക്കൂടെ ഉരസൽ. പക്ഷേ, 70 അംഗ നിയമസഭയിൽ സ്വന്തം പക്ഷത്ത് 67 അംഗങ്ങള്‍. ഇന്ത്യ പ്രതീക്ഷയോടെ നോക്കിക്കാണുന്ന പുതിയ പാർട്ടി. വളരെ പ്രതീക്ഷ ഉണർത്തിയ ഈ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്‍റെ ഭാവി എന്താകുമെന്നും, ഇതെങ്ങനെ മുന്നോട്ടു പോകും എന്നുമുള്ള ചിന്തകളാണ്, ദില്ലിയിലെ 19 മാസമായ ആം ആദ്മി മന്ത്രിസഭയെപ്പറ്റി ഇപ്പോൾ ഉയര്‍ന്നു കേള്‍ക്കുന്നത്.
എന്നെ കൊല്ലാൻ പ്രധാനമന്ത്രി മുതിർന്നേക്കും എന്ന പ്രസ്താവനയോടെ താൻ ഇരിക്കുന്ന മുഖ്യമന്ത്രിക്കസേര ഒരു നോക്കുകുത്തി ആക്കിയിരിക്കുകയാണ് വളരെയേറെ പ്രതീക്ഷയോടെ ഡൽഹി നിവാസികൾ അധികാരത്തിലേറ്റിയ ആം ആദ്മി പാർട്ടിയുടെ നേതാവ്, ശ്രീ അരവിന്ദ് കെജ്രിവാൾ. ഒരു വെള്ളിനക്ഷത്രം പോലെ രാഷ്‌ട്രീയ ഭൂപടത്തിൽ സ്‌ഥാനം പിടിച്ച കെജ്രിവാൾ ഇപ്പോൾ ശരിക്കും തന്‍റെ സമയം എണ്ണിത്തീര്‍ക്കുന്ന ഒരു മുഖ്യമന്ത്രി ആയി തീർന്നിരിക്കുന്നു. ഡൽഹിയിലെ രാഷ്‌ട്രീയ പാർട്ടികൾ അടുത്ത വര്‍ഷം മുനിസിപ്പൽ തെരഞ്ഞെടുപ്പിനോടൊപ്പം അസംബ്ലിയിലേക്കു വീണ്ടും വോട്ട് ചെയ്യുവാൻ തയ്യാറെടുക്കുകയാണ്.
ലെഫ്. ഗവർണർക്ക് ആണ് ഡൽഹിയുടെ മുഴുവൻ അധികാരം എന്ന ഡൽഹി ഹൈക്കോടതിയുടെ വിധി ഡൽഹി ഗവൺമെന്‍റിനെ ഏകദേശം നിശ്ചലം ആക്കി എന്ന് പറയാം. കാരണം, മന്ത്രിസഭ തീരുമാനിക്കുന്നവയൊന്നും നടപ്പിലാക്കുവാന്‍ ഗവർണർ അനുമതി കൊടുക്കുന്നില്ല എന്നത് തന്നെ. മാത്രവുമല്ല, തന്‍റെ സമ്മതം കൂടാതെ നടത്തിയ എല്ലാ തീരുമാനങ്ങളിലും, പുനഃപരിശോധനയും നടത്തുന്നുണ്ട്. ഇതിനും പുറമേയാണ് 32 എം.എല്‍.എ മാരെ പാർലമെന്‍ററി സെക്രട്ടറിമാര്‍ ആയതിന്‍റെ പേരിൽ, രണ്ടു ഓഫീസ് കൈകാര്യം ചെയ്യുന്നു എന്ന കുറ്റത്തിന് അയോഗ്യതപ്പെടുത്തുവാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നത്. ചുരുക്കത്തില്‍, ആരെയും നമ്പാത്ത കെജ്രിവാളിനെ കൂട്ടിലാക്കാനും അതുവഴി പുറത്തെറിയാനും തന്നെയാണ് എല്ലാ എതിരാളികളും കച്ച കെട്ടി ഇറങ്ങിയിരിക്കുന്നത് എന്നു തന്നെ പറയാം.
വെള്ളിനക്ഷത്രങ്ങൾക്കു ആയുസ്സില്ല എന്ന് കേട്ടിട്ടുണ്ട്. അതുപോലെ, ഇന്ത്യൻ രാഷ്‌ട്രീയത്തിന്‍റെ അപചയങ്ങൾ ഒറ്റയടിക്ക്, മാറ്റുവാൻ ശ്രമിക്കുമ്പോഴുള്ള പ്രശ്നങ്ങൾ ആണ് കേജരിവാളും, ആപും നേരിടുന്നത്. എന്നാൽ തന്‍റെ പാർട്ടിയെയെങ്കിലും ഒരുമയോടെ പിടിച്ചു നിറുത്തുവാൻ കൂടുതൽ ആൾക്കാരെ ആകർഷിക്കുവാൻ അദ്ദേഹത്തിന് കഴിയുന്നുമില്ല. ആദ്യം പാർട്ടിയുടെ തന്നെ ബുദ്ധിജീവികൾ എന്ന് പറയുന്ന പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരെ പുറത്താക്കുന്നു. ആപ് എന്ന് വെച്ചാൽ കെജ്രിവാൾ പാർട്ടി എന്നാകുന്നു. കേന്ദ്രം മുതൽ എല്ലാ പാർട്ടികളെയും വെറുപ്പിക്കുന്നു. തങ്ങൾ ഒഴിച്ച് മറ്റാരും വിശുദ്ധർ അല്ല എന്ന പ്രഖ്യാപനം നടത്തുന്നു. ആപ് വെറും പടമാണെന്നു സ്ഥാപിക്കാൻ ബാക്കിയുള്ള പാർട്ടിക്കാർ അതിനാല്‍ത്തന്നെ തുനിഞ്ഞിറങ്ങുന്നു.
അധികാരത്തിന്‍റെ ഇടനാഴികളിലെ കുഴിബോംബുകൾ എവിടെയൊക്കെയാണെന്ന് തുടക്കക്കാർക്ക് അറിയുവാൻ വഴി ഇല്ലല്ലോ! ആദ്യത്തേത് കെജ്രിവാളിന്‍റെ സ്വന്തം ഓഫീസിൽ തന്നെയായിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഒരു അഴിമതി ക്കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നു . ഡൽഹി പോലീസാണെങ്കില്‍, തങ്ങളെ നിയന്ത്രിക്കാനും കുറ്റപ്പെടുത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്ന ആപ് എം. എല്‍. എ മാരെ മാസം തോറും എന്നവണ്ണം അറസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നു.
ഒരു മന്ത്രിയുടെ ലൈംഗിക വീഡിയോ കൂടി പുറത്ത് വന്നതോടെ ഭരണപരമായ സ്തംഭനത്തില്‍ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍ . ഒരു പെറ്റീഷനിലൂടെ വസ്തുത സുപ്രീം കോടതിയിലും എത്തി .
ഇതിനോടൊപ്പം ആപ് എന്ന പാർട്ടിയുടെ രാഷ്‌ട്രീയ വ്യതിയാനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു . ഈ പാർട്ടി, അണ്ണാ ഹസാരെയും കൂട്ടരും കോൺഗ്രസിനെതിരെ ബി ജെ പി ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട ശിഖണ്ഡി ആണെന്ന് ഒരു കേള്‍വി ഉണ്ടായിരുന്നു. ഈ ആരോപണം ശരി വയ്ക്കുന്ന ചില നീക്കങ്ങളും ആപിൽ ഉണ്ടായി. യമുനയുടെ കര കൈയേറാനുള്ള ശ്രീ ശ്രീ രവിശങ്കറിന്‍റെ നീക്കത്തെ തടയിടാതെ പിന്തുണച്ചത്, ജൈനനഗ്നസ്വാമിയുടെ നിയമസഭാ പ്രസംഗത്തിനു കൊടുത്ത പരോക്ഷ പിന്തുണ എന്നിവ ആപ്പിന്റെ തുറക്കാത്ത ചില വാതിലുകളിലേക്കാണ് കൈ ചൂണ്ടുന്നത്.
എല്ലാം തുറന്ന യോഗങ്ങളിലൂടെയും ചർച്ചകളിലൂടെയും തീരുമാനിച്ചിരുന്ന ആപ് ഇപ്പോൾ, കെജ്രിവാളിന്റെ ഇംഗിതംനോക്കി പാർട്ടിയായി തീർന്നിരിക്കുന്നു. വിവരാവകാശ നിയമം മുന്‍നിര്‍ത്തി എല്ലാം തുറന്ന പ്രവർത്തനമായിരിക്കും എന്ന് വാഗ്ദാനം നടത്തി അധികാരത്തിൽ ഏറിയ കെജ്രിവാൾ ഇപ്പോൾ സ്വന്തം ഉപജാപകസംഘത്തിന്‍റെ അധ്യക്ഷൻ ആയി മാറിയിരിക്കുന്നു. സ്വയം’ഐ.ഐ.റ്റി.യൻ’ എന്ന് വിശേഷിപ്പിച്ച് എല്ലാം ജനനന്മയിലും മെറിറ്റിലും മാത്രം തീരുമാനിക്കും എന്ന് പറഞ്ഞു അധികാരത്തിൽ കയറിയ അദ്ദേഹം ഇപ്പോൾ, സ്വന്തം ജാതിക്കാരായ (ബനിയ) ഒരു കൂട്ടരുടെ സംഘനേതാവായി പരിണമിച്ചിരിക്കുന്നു. അധികാരം മറ്റു പലരെ എന്ന പോലെ കെജ്രിവാളിനെയും മാറ്റി മറിച്ചിരിക്കുന്നു. താന്‍ പിടിച്ച മുയലിനു നാലുകൊമ്പ് എന്ന് ശഠിച്ച് അപഹാസ്യനായി തീര്‍ന്നിരിക്കുന്നു , ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ഈ വെള്ളി നക്ഷത്രം. അദ്ദേഹത്തിന്റെ ആദ്യ പിന്തുണക്കാർ പോലും, കെജ്രിവാൾ ഒരു രാഷ്‌ടീയ ബാബ ആയിരിക്കുന്നു എന്ന് പറഞ്ഞുതുടങ്ങിയിരിക്കുന്നു .
നിലവിലുള്ള എല്ലാ രാഷ്‌ട്രീയ പാർട്ടികളെയും എതിർക്കുന്ന പാർട്ടികൾ എല്ലാം സാധാരണ ഒളിവിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ആപ് മാത്രമായിരുന്നു അതിനു ഒരു വ്യത്യാസം. തുറന്ന ഈ ശൈലി അംഗീകരിച്ച ജനങ്ങൾ അവരെ അധികാരത്തിലേറ്റി. അവർ തങ്ങളുടെ സ്വന്തം പ്രതിനിധികൾ ആകുന്നു എന്ന് ജനങ്ങൾ വിശ്വസിച്ചു. കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബൂത്തിലെത്തിയ എന്നെ സ്വീകരിച്ചത്, മകളുടെ കൂട്ടത്തിലെ ഒരു പയ്യനാണ്. അതും ആപ്പിന്റെ പ്രതിനിധിയായി. “അങ്കിൾ ” എന്ന വിളി എന്റെ എല്ലാ സംശയങ്ങളെയും മാറ്റി. എന്റെ വോട്ട് ആപിന് തന്നെ കൊടുത്തു ഇറങ്ങുമ്പോള്‍, അവനോട് “ഓൾ ദി ബെസ്റ്റ്” പറയാനും മറന്നില്ല.
പക്ഷെ ഇന്ന് ആ ഉത്സാഹം അവരിലും കാണുന്നില്ല. കെജ്രിവാളും കൂട്ടരും മറ്റൊരു സാധാരണ രാഷ്‌ട്രീയപ്പാർട്ടി മാത്രമായിരിക്കുന്നു എന്ന അവബോധം ഏറിവരുന്നു, ഡല്ഹിക്കാരിൽ. എന്റെ അയൽവാസിയും, ഒരു ഡൽഹി മന്ത്രിയുടെ സുഹൃത്തുമായ മറ്റൊരാള്‍ ആപ്പിനെ കുറിച്ച് വാചാലനാകുന്നില്ല ഈയിടെയായി.
രാഷ്‌ട്രീയ വെള്ളിനക്ഷത്രങ്ങളുടെ ആയുസ്സു തുച്ഛമാണെന്നതിന് ഇന്ത്യയിൽ പല ഉദാഹരണങ്ങളുണ്ട്. അസമിലെ വിദ്യാർത്ഥി പ്രസ്ഥാനം ഉണ്ടാക്കിയ ഗണ പരിഷത്തിന്റെ ഇന്നത്തെ അവസ്ഥയുടേതിനു തുല്യമാണിന്ന് ആപ്പിന്റേതും . 1985 ലെ നിയമ സഭയിൽ മൃഗീയ ഭൂരിപക്ഷത്തോടെ അസമില്‍ അധികാരത്തിൽ കയറിയ അവർ ഇന്ന് ബി ജെ പിയുടെ ചെറിയ സഖ്യ കക്ഷിയായ മറ്റൊരു പാർട്ടി ആയി കഴിയുന്നു. അവരുടെ നേതാവ്, കെജ്രിവാളിനെ പോലെ ‘വിശുദ്ധനായ രാഷ്‌ടീയക്കാരൻ’ അഴിമതിയിൽ മുങ്ങിക്കുളിച്ചു, അസമിൽ കയറുവാൻ പറ്റാതെ, ഡൽഹിയിൽ താമസം ആക്കിയിരുന്നു ഈയിടെ വരെ.
ആപും ആ വഴിയിൽ ആണെന്ന് പറയുന്നില്ല. അഴിമതിക്കുറ്റം ചുമത്തി ഒരു എം.എല്‍.എ യെ പോലും, ഡൽഹി പോലീസിന് അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. തങ്ങളുടെ ‘വിശുദ്ധി’ ഒരു തരo ശ്രീ ശ്രീ കള്‍ട്ട് പോലെ ആക്കി കെജ്രിവാളിനെ മറ്റൊരു രാഷ്‌ട്രീയ ബാബയാക്കി ബി ജെ പി ക്യാമ്പിൽ പ്രതിഷ്ഠിക്കാനുള്ള നീക്കം ആരംഭിച്ചിട്ടില്ലേ എന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങൾ ആണ് ഈയിടെയായി അരങ്ങേറുന്നത്. ബി ജെ പി ക്യാമ്പ് എന്ന് പറയുവാൻ കാരണം, ബാബാ റാം ദേവ് മുതൽ, ശ്രീ ശ്രീ വരെ കെജ്രിവാളിന്റെ എല്ലാ സഹയാത്രികരും, ആ ക്യാമ്പുകാർ ആയതു കൊണ്ട് തന്നെ. അടുത്ത വർഷത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പോടെ ഈ ചിത്രം തെളിഞ്ഞു വരും എന്ന് കരുതാം
മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.