പൂമുഖം LITERATUREകഥ ഒറ്റയാൾത്തുരുത്ത്

ഒറ്റയാൾത്തുരുത്ത്

ഒലിച്ചിറങ്ങിയ വിയർപ്പ് മഴനനവ് പോലെ വസ്ത്രത്തെ മുക്കി. പർദ്ദത്തുണി ശരീരത്തിൽ ഒട്ടിയ കടുപ്പത്തിൽ കാലുകൾ വലിച്ചുവെച്ച് ധൃതിയിൽ നടന്നു. മൂർദ്ധാവിൽ തീകോരിവെച്ചതു പോലെ തോന്നുന്നു. കിതച്ചുകിതച്ച് അടുത്ത തണലിലേക്ക് ഓടിയെത്തണം.

വടകരക്കാരി യശോദാൻ്റിയുടെ വീട്ടിലെ കഴുകലും അടുക്കിവെപ്പും കഴിയാറായപ്പോഴാണ് എപ്ക്കോൺ ബിൽഡിങ്ങിലെ താമസക്കാരി ഉത്തരേന്ത്യക്കാരി സൗമിതാ മിശ്രയുടെ കോൾ വന്നത്.

“ജമീലാ വേർ ആർ യു?”

‘ഹാ മാം’ എന്ന് മുഴുമിപ്പിക്കുന്നതിന് മുമ്പ് മറുതലക്കൽ നിന്നും ഈർഷ്യയോടെയുള്ള ശബ്ദം:

“ജൽദി ആവോ. മുജേ ബാഹർ ജാനാ ഹെ” വലിയ ബക്കറ്റിൽ കലക്കിയ സർഫും, ഡെറ്റോളും കലർന്ന വെള്ളത്തിൽ മഫ് മുക്കി ഒരു നൃത്തക്കാരിയുടെ ചടുലതാളത്തിൽ മുറി മുഴുവൻ കറങ്ങി വരുമ്പോഴേക്കും സൗമിതാമാഡത്തിൻ്റെ നാല് മിസ്ഡ് കോൾ ചുവന്ന് കിടക്കുന്നുണ്ടായിരുന്നു. ലിഫ്റ്റിൻ്റെ ശീതക്കാറ്റിൽ നിന്നുമിറങ്ങി പുറത്ത് കടന്നപ്പോൾ “ഹൗ” എന്നൊരു ദീനത അറിയാതെ പുറത്തേക്ക് വന്നു. സൂര്യൻ തലയ്ക്ക് മുകളിൽ വന്നുനിന്ന് അത്രമേൽ പൊള്ളിക്കുന്ന ദയാരഹിതമായ ചൂട്.

മിശ്രയുടെ കെട്ടിടത്തിലേക്ക് ഓടിക്കയറുമ്പോൾ പൊതിഞ്ഞ തണുപ്പ്. പഴുത്ത ഇരുമ്പുകഷ്ണം പോലുള്ള ദേഹത്തിൽ നിന്നും ഊഷ്മാവ് നിഷ്പ്രയാസം പറന്ന പോയത് പോലെ. അഞ്ചാംനിലയിലെ അഞ്ഞൂറ്റിപ്പതിനാറാം നമ്പർ മുറിയുടെ കോളിങ് ബെൽ അമർത്തുന്നതിനു മുമ്പ് വാതിൽ തുറക്കപ്പെട്ടു.

“ജൽദി … ജൽദി” എന്ന് അവർ പിറുപിറുക്കുന്നതിനോടൊപ്പം അകത്തേക്ക് കുതിച്ചു.

സൗമിതയുടെ ചലനത്തിലും, മുഖാമുഖം വരുമ്പോഴുള്ള നോട്ടംമാറ്റലിലും എന്തോ പന്തികേട് അനുഭവപ്പെട്ടു. വെളുത്ത മുഖത്ത് മൂക്കും കവിളും വല്ലാതെ ചുവന്നിരിക്കുന്നു. പതിവില്ലാത്ത ഒരു വെപ്രാളം ശരീരഭാഷയിൽ കിടന്ന് കറങ്ങുന്നു.

അടുക്കളയിലേക്ക് കടക്കുമ്പോഴും സൗമിത്രയുടെ മുഖത്തെ ഹൃദയവേദനയുടെ ചുവന്ന പാട് ജിജ്ഞാസപ്പെടുത്തുന്നുണ്ടായിരുന്നു. മസ്കാരയിട്ട് നിവർത്തി വെച്ച കൺപീലി കണ്ണീർ മഴ നനഞ്ഞ് വാടിപ്പൊയിരുന്നു. പൊതുവേ ചൂടൻ സ്വഭാവമുള്ള സ്ത്രീയാണ് സൗമിതാ മിത്ര. മലയാളികളെ സ്വതവേ അത്ര തൃപ്തിയല്ല ആൾക്ക്. ഓഫീസിലെ മലയാളി സീനിയർ, ഗൾഫ് പ്രവാസത്തിൻ്റെ തുടക്കത്തിൽ അവരെ ഹരാസ് ചെയ്ത് ജീവിതം വഴിമുട്ടിച്ച കഥ തെല്ല് ദേഷ്യത്തോടെ മുൻപ് പറഞ്ഞിട്ടുണ്ട്. ആ ഒരു ദേഷ്യം പലപ്പൊഴും മലയാളിയായ എന്നോടും കാണിക്കാറുണ്ട്. നിർമ്മിതമായ സാമൂഹിക ഘടന അങ്ങനെയാണല്ലോ ? ഒരാൾ തിന്മ ചെയ്താൽ ആ കുലമോ ദേശമോ മതമോ, ആ തെറ്റിൻ്റെ ഭാരം ഏൽക്കേണ്ടി വരുന്നുണ്ട്. കൊന്നാൽ, കട്ടാൽ, ചതിച്ചാൽ അയാളുടെ പാപം പേറേണ്ടി വരുന്ന ലോകചാക്രികത നിലനിൽക്കുന്നുണ്ട്. ജമീലയെന്ന പേരിന് മുൻപിൽ പ്രവേശനമില്ല എന്ന ബോർഡ് മുഖത്ത് തൂക്കിയ വാതിലുകൾ ഉണ്ടായിട്ടുണ്ട്. ജമീല ജാനുവായാലും മനുഷ്യരുടെ മുമ്പിൽ അജ്ഞാതമായ ഒരു മതിലുണ്ട്.

സൗമിതാ മിശ്ര ഒരു കോൾ അറ്റൻ്റ് ചെയ്യുന്നതായി കേട്ടു. അങ്ങേത്തലക്കലെ വർത്തമാനത്തിന് സൗമ്യയായി വളരെ പതിയെ മൂളലുകൾകൊണ്ട് മറുപടി നൽകുന്നതിനൊപ്പം മൂക്ക് ചീറ്റുകയും കയ്യിൽ മടക്കിവെച്ച ടിഷ്യു കോണ്ട് തുടയ്ക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ പൊട്ടിക്കരഞ്ഞേക്കും എന്ന നിലയിലാണ് അവരെന്ന് തോന്നി.

കടുത്ത മനോവ്യഥ പേറുന്ന ഒരാളുടെ ചേഷ്ടയിൽ, രണ്ടുമുറിഫ്ലാറ്റിൻ്റെ എല്ലാ കോണുകളിലേക്കും വേഗത്തിൽ നടന്നുതീർക്കുന്ന ധൃതിയുടെ ചലനങ്ങൾ. കയ്യിൽ പിടിച്ച സെൽഫോണിൽ മുളലിലും,നിശബ്ദതതയിലും തുടങ്ങിയ വിളി മാഡത്തെ അസ്വസ്ഥമാക്കുന്നതായി തോന്നി.

പുറത്ത് പോകാൻ ധൃതി കൂട്ടിയ ആൾ അകത്തളത്തിൽ വിഷമപർവ്വം താണ്ടുന്നത് നോക്കി ജോലി തുടർന്നു കൊണ്ടിരിക്കുമ്പോൾ, ഒരു പൊട്ടിത്തെറി കേട്ടു. ഉള്ളിൽ ഊറിക്കൂടിയ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത് പോലെ മാഡം നിന്ന് കത്തുന്നു.

“ഐ കാണ്ട് .. ഐ കാണ്ട് കോമ്പ്രമൈസ് ” എന്ന് പറഞ്ഞുകഴിഞ്ഞ് ഒരൊറ്റ നിലവിളിയോടെ കയ്യിലെ സെൽഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞ്, വാടിയ ചേമ്പിൻതണ്ടു പോലെ സോഫയിലേക്ക് ചെരിഞ്ഞു. ഒരു നിറഗ്ലാസ് വെള്ളവുമായി ഓടിച്ചെന്ന് മുന്നിൽ നിന്ന് ചോദിച്ചു:

‘വാട്ട് ഹാപ്പൻ്റ് മാം ..?

ഒരു കടൽ കുടിച്ചുവറ്റിക്കാനുള്ള ദാഹമുള്ളതുപോലെ മടമടാ കുടിച്ച് തീർത്ത ഗ്ളാസ് നീട്ടി തുറിച്ച കണ്ണുകളാൽ നോക്കി പറഞ്ഞു:

“നതിംഗ് ജമീല. മൈ ലൈഫ് ഈസ് ബ്രോക്കൺ… “

പറഞ്ഞതും മനോനില തെറ്റിയ ഒരാളെപ്പോലെ അവർ ചിരിച്ചു.
മനസ്സിൽ ആദ്യമോടിയെത്തിയത് ചരൺ എന്ന തടിച്ച് വെളുത്ത് ഓമനത്വമുള്ള മുഖത്തോടെയുള്ള മാഡത്തിൻ്റെ ഏകമകൻ്റെ മുഖമാണ്. ദുബായ് ഏഷ്യൻ സ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുന്ന അവൻ വരാനാവുന്നു. തകർന്ന ബന്ധത്തിൻ്റെ അതിർത്തിയിൽ നിന്ന് അവൻ ഏത് പക്ഷം ചേരും എന്നായിരുന്നു ചിന്ത.
ഒട്ടിനിൽക്കുന്ന ആത്മബന്ധങ്ങൾ എത്ര പെട്ടെന്നാണ് അടർന്ന് പോവുന്നത് ? അപ്രതീക്ഷിതമായ ഒരു കാറ്റ് മതി. അതുവരെ തളിർത്ത കായും പൂവും ഇലയും അടർന്ന് ജീവിതം നിലംപതിക്കാൻ !

നാട്ടിലേക്ക് ആദ്യമായി തിരിച്ച് പോവുന്നത് മൂന്നാം വർഷം കഴിഞ്ഞായിരുന്നു. ഒരു ദിവസം അത്യാവശ്യത്തിന് ടൗണിൽ പോയി വരുമ്പോൾ, കാഞ്ഞിരപ്പാടം മുറിച്ചുകടന്ന് നടക്കുമ്പോൾ എതിരേ വരുന്ന ലതികച്ചേച്ചി നിറചിരിയോടെ പറഞ്ഞു:

“ങ്ങാഹാ… ജമീലേ ! കോളടിച്ചല്ലോ, ബിരിയാണി മണം അടിക്കുന്നുണ്ടല്ലോ! “

“ന്താ ലതികേച്ചി? നിങ്ങ കാര്യം പറ…” അജ്ഞാതമായ കാര്യത്തിലേക്ക് ജിജ്ഞാസയുടെ വാതിൽ തുറന്ന് നിൽക്കുമ്പോൾ ഹൃദയത്തിൽ ആശാരിക്കാവിലെ ചെണ്ടപ്പെരുക്കം അനുഭവിച്ചു.

“പെണ്ണുകാണാൻ ഒരു കൂട്ടര് വന്നിട്ട്ണ്ട് പൊരേല് .. ” ഒരു പെൺകുട്ടി ആഹ്ളാദിക്കേണ്ട നിമിഷമാണ്, സന്തോഷിക്കേണ്ടുന്ന വാർത്തയാണ് . പ്രവാസമെന്ന സമുദ്രത്തിൽ ഒറ്റയ്ക്കായിപ്പോയ ഒരു കപ്പൽ ലക്ഷ്യമില്ലാതെ, രക്ഷപ്പെടുമെന്ന് ഒരു പ്രതീക്ഷയുമില്ലാതെ തുഴഞ്ഞ്, പ്രതിസന്ധികളുടെ വലിയതിരമാലകളെ വകഞ്ഞ് നീങ്ങിയതാണ്. പക്ഷെ, മനസ്സ് വലിയ സ്വപ്നങ്ങളെ സ്വീകരിക്കാതായിരിക്കുന്നു. കടന്നു പോയ വഴിയിൽ ഇടറിവീണേക്കാവുന്ന ചെളിക്കുണ്ടുകളാെക്കെ മറികടന്ന് ഒരു കൂട്ടിന് പ്രസക്തിയില്ലാത്ത നിലയിൽ പരുവപ്പെട്ടിരിക്കുന്നു. ഉൾത്തുടിപ്പുകളുടെ ഉരസലിൽ തീർത്തും ഒരു പെണ്ണാവാതിരിക്കാൻ ശരീരത്തോട് യുദ്ധം ചെയ്തകാലം മനസ്സിനെ തീർത്തും ഒരു യോദ്ധാവാക്കി മാറ്റിയിരിക്കുന്നു. ഇത്തിരി ഇഷ്ടം തോന്നിയ ഷബീർ എന്ന ഒരു “വാച്ച്മാൻ”പാർട്ട് ടൈം ജോലികൾ സംഘടിപ്പിച്ച് തന്ന് ഒരു പാട് സഹായിച്ചയാളാണ്. ഒരിക്കൽ ഒരു ബെഡ് സ്പേയിസിന് വേണ്ടി സമീപിച്ചപ്പോൾ ശൃംഗാരച്ചിരിയോടെ ചോദിച്ചു:

വര: ഡോ. ശ്രീകാന്ത് രാമചന്ദ്രൻ

“നിനക്ക് എൻ്റെ കൂടെ താമസിച്ചു കൂടെ ?” പലപ്പൊഴും ആ നോട്ടത്തിൽ ഒരിഷ്ടം ഉള്ളതായി തോന്നിയിട്ടുണ്ട്. നിലനിൽപ്പിനായി ഒരു പാട് സഹായങ്ങൾ ചെയ്തിട്ടുണ്ട് .പക്ഷെ തുറന്ന ചോദ്യം തന്നെ അസ്വസ്ഥയാക്കി. പല കെണിയിൽ നിന്നും കുതറിമാറി ഓടിയ ജീവിതമായതിനാലാവാം, ആത്മാഭിമാനത്തിന് നേർക്കുള്ള അമ്പായി ആ ചോദ്യം ഉള്ളിൽ തറച്ചു. പിന്നീട് പലപ്പൊഴും ഷബീറിൻ്റെ സഹായം സ്വീകരിക്കേണ്ടി വന്നപ്പൊഴും അയാളുടെ ചിരിയിൽ ഒരു വ്യത്യാസവും അനുഭവപ്പെട്ടില്ല. അതിമോഹമൊന്നുമില്ല, എങ്കിലും ഒരു കൂട്ട് വേണമെന്ന് തോന്നിത്തുടങ്ങിയിക്കുന്നോ എന്ന് സ്വയം ചോദിച്ചു.

വീട്ടുപടിക്കലെത്തുമ്പോൾ വന്നവർ ചേതിയിറങ്ങിയിരുന്നു. കണ്ടി കടന്ന് മുറ്റമെത്തിയപ്പോഴേക്കും ഇറയത്ത് നിന്ന കാരണവർ മൊയ്തുണ്ണി ഉച്ചത്തിൽ വിരുന്നുകാരോട് വിളിച്ച് പറഞ്ഞു :

“ദാണ് ഞമ്മടെ ജമീല. ഓള് ഇരുപത്തിരണ്ടിന് തിരിച്ച്പോവും. അയ്ക്കും മുമ്പ് നിശ്ചയം വേണം. അയ്നെങ്കിലും ഓൾക്ക് കൂടാലോ…”വേരിറങ്ങിയ പോലെ നിന്നു പോയി. പടിക്കലീന്ന് പിള്ളാരാരോ “സ്റ്റാച്യു ” എന്ന് പറഞ്ഞത് പോലെ ‘ പിന്നെയാർക്കാ കല്യാണം …? നാട്ടുനടപ്പനുസരിച്ചാണെങ്കിൽ വീട്ടിലെ മൂത്തവൾ, വീട് ചുമലിൽ ചുമന്ന് കടൽകടന്നവൾ, മഴചോർന്ന് നനഞ്ഞ കട്ടിലുകൾക്ക് മുകളിൽ കോൺക്രീറ്റ് തണലിട്ടവൾ. ഒന്നും മനസ്സിലായില്ല.
“മോളെ സബീനാക്കൊരു ആലോചന. ഓര് തമ്മില് കണ്ടിഷ്ടായതാ. പിന്നെ, മറുത്തൊന്നും പറയാൻ ഉമ്മാക്ക് തോന്നിയില്ല. ഒരാളെങ്കി ഒരാള് രക്ഷപ്പെടട്ടെന്ന് കരുതി… ” ഇപ്പത്തുളുമ്പിവീഴും എന്ന് തോന്നിച്ച നിറഞ്ഞ കണ്ണുകളോടെ ഉമ്മ പറഞ്ഞു.

ആശകളുടെ വിത്ത് മരുഭൂവിൻ്റെ ചൂട് കരിച്ചുകളഞ്ഞത് കൊണ്ട് വലിയ സങ്കടമൊന്നുമില്ലാതെ മടങ്ങി. വീട്ടുകാർക്ക് നിറയെ കായ്ക്കുമെന്ന് പ്രത്യാശയുള്ള ഒരു മരമാണ് താനെന്ന് നിന്ന് കത്തുമ്പോഴും തോന്നിയിട്ടുണ്ട്.

സൗമിതയുടെ തിരക്ക് കുറഞ്ഞു വരുന്നതായി കണ്ടു. തളർച്ചയനുഭവിക്കുന്നത്ര പതുക്കെയായി സംസാരം. ഇടക്ക് മുറിയിലേക്ക് കടന്ന് നീട്ടി വിളിച്ചപ്പോൾ പതിയെ നടന്നു കയറി. കുറച്ച് നാളായിട്ടുള്ള പരിചയത്തിൽ മാഡത്തിൻ്റെ ആദ്യകാലത്തുള്ള ചാടിക്കടി മാറിയിരുന്നു. മാഡത്തിൻ്റെ സ്വഭാവവും ഗൾഫിലെ കാലാവസ്ഥയും ഒരു പോലെയാണ് എന്ന് തോന്നിയിട്ടുണ്ട്. മുൻധാരണകളെ മറിച്ചിടുന്ന മാറ്റങ്ങൾ. ശൈത്യമാണെങ്കിൽ ഞരമ്പിനെ മരവിപ്പിക്കുന്നത്ര,
ചൂടാണെങ്കിൽ നരകതുല്യം.

മാഡം തൻ്റെയും മകൻ്റെയും വസ്ത്രങ്ങൾ അലമാരയിൽ നിന്ന് ബെഡ്ഡിലേക്ക് വാരിയിട്ട് മടക്കിയടുക്കി വെക്കുന്നതിനിടയിൽ സഹായിക്കാൻ നിർദ്ദേശിച്ചു.
“നിങ്ങളെവിടേക്കാ, മാഡം? ഇവിടെ ഞാനിനി വരേണ്ടതില്ലെ ..?” എന്ന് അടുപ്പിച്ചടുപ്പിച്ചുള്ള ചോദ്യം കേട്ട് അവർ തലയുയർത്തി കണ്ണുകളിലേക്ക് നോക്കി.
“സാബ് അപ്രത്യക്ഷനായി.എവിടെയെന്ന് ആർക്കുമറിയില്ല.”
‘ങ്ങേ’ എന്നൊരു ശബ്ദം അറിയാതെ പുറത്തേക്ക് തെല്ല് ഉയർന്നുതന്നെ വന്നു. ഒരു പെരുമഴക്കാലം ഉള്ളിൽ പേറിയ ഇരുണ്ട കാർമേഘം പോലെ സൗമിത നിന്നു.

“ഒന്ന് പറഞ്ഞിട്ട് പോയിരുന്നെങ്കിൽ ..
എവിടെയാണെന്നറിഞ്ഞിരുന്നെങ്കിൽ …” മടക്കി വെക്കാനിരുന്ന ഷർട്ട് ഇരുകൈകളാലും അമർത്തി വിറച്ചുകൊണ്ട് സൗമിത.
ഒന്ന് തൊട്ടാൽ ആശ്രയത്തിൻ്റെ ആകാശം നഷ്ടമായ സൗമിത തകർന്നടിഞ്ഞ് തറയിൽ വീഴും എന്ന് തോന്നി. “മാഡം” എന്ന് ആദ്രതയോടെ വിളിച്ച് ആ ദേഹത്ത് തൊട്ടതും ഒരു പൊട്ടിക്കരച്ചിലോടെ അവർ എന്നെ പൊതിഞ്ഞതും ഒരുമിച്ചായിരുന്നു. തേങ്ങിത്തേങ്ങി കനമില്ലാത്ത ഒരു തൂവൽ പോലെയാവുന്ന സൗമിതയെ താങ്ങി ആ ബെഡ്ഡിലേക്ക് പതിയെ ഇരുന്നു.

കോവിഡ് കാലത്തിന് മുൻപ് സ്വപ്നതുല്യമായ ജീവിതമായിരുന്നു സൗമിതയുടേത്. ഒറ്റ ശരീരം പോലെ ഒട്ടിനിന്ന ദാമ്പത്യം. പലപ്പൊഴും രണ്ടു പേരുടെയും പ്രണയാർദ്രമായ ചലനങ്ങൾ ജോലിക്കിടയിൽ കണ്ടിട്ട് നാണം തോന്നിയിട്ടുണ്ട്. പരിസര ബോധമില്ലാതെ ചുംബിക്കുകയും മാഡത്തിൻ്റെ ശരീരഭാഗങ്ങളിൽ അടിച്ചും ആനന്ദം അനുഭവിക്കുകയും ആണ് സന്ദീപ് കുമാർ എന്ന സാബിൻ്റെ വിനോദം.

“കോവിഡ് കാലപ്രതിസന്ധിയിൽ കമ്പനി പൂട്ടിയതിന് ശേഷം ഡിപ്രഷനിലായത് പോലെയാണ് സന്ദീപിൻ്റെ പെരുമാറ്റം. ഞാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട് ജമീലാ . എന്നെക്കൊണ്ടാവും പോലെ, പഴയത് പോലെയല്ലെങ്കിലും … ഉപേക്ഷിച്ച് കടന്നു കളയാൻ അയാൾക്കെങ്ങനെ തോന്നി ? കുറച്ച് മുൻപ് ഉദയ്പുരിൽ നിന്ന് അദ്ദേഹത്തിൻ്റെ ക്ലാസ്മേറ്റ് വിളിച്ചപ്പോഴാണ് ജീവിച്ചിരിക്കുന്നു എന്നെങ്കിലും അറിഞ്ഞത്.” നെഞ്ചിലേക്ക് പൂഴ്ത്തിവച്ച തലയുയർത്തി കടുത്ത വേദനയോടെ സൗമിത പറഞ്ഞു.

മുറിപ്പെട്ടുപോയ ഹൃദയത്തിൽനിന്ന് പുറപ്പെടുന്ന വാക്കുകൾക്ക് രക്തത്തിൻ്റെ മണമായിരിക്കും. ജീവൻ തിരിച്ചുപിടിക്കാൻ കൊതിക്കുന്ന മരണഭയമുള്ളവരുടെ തൃഷ്ണയായിരിക്കും. എത്ര ആഴമുള്ള കൊക്കയിലേക്കാണ് താഴ്ന്ന് പോവുന്നത് എന്ന് അജ്ഞാതമായ കുട്ടിയുടെ കുതറിച്ചയായിരിക്കും. ഉപേക്ഷിക്കപ്പെട്ട ഒരു ജീവൻ മുന്നിൽ നിന്ന് തുടിക്കുന്നതോർത്ത് മനസ്സ് പിടഞ്ഞു. പ്രതിവിധിയറിയാതെ നിശബ്ദമായി നോക്കി നിൽക്കേണ്ടി വരുന്നതും ഒരു തരം മരണം തന്നെയാണ്. അല്ലെങ്കിലും, അടുത്തു നിൽക്കുന്ന ഒരാൾ ഒരപകടത്തിൽ പെടുമ്പോൾ നിസ്സഹായയാവേണ്ടി വരുന്നതിന് മറ്റെന്തർത്ഥമാണ് ?
രണ്ടു ദിവസം കഴിഞ്ഞ് സൗമിത ഫ്ലൈറ്റ് കയറുകയാണ്. അനേകം സ്വപ്നങ്ങളും കണക്കുകൂട്ടലുമായി ജീവിതത്തിൻ്റെ അവസാനകാലത്തും ചുമലിൽ ചാരിനിൽക്കുമെന്ന് പ്രതീക്ഷിച്ചവനാൽ തിരസ്കരിക്കപ്പെട്ട ഒറ്റപ്പെടലിൻ്റെ അനിശ്ചിതത്വവുമായി ഒരുമിച്ച് കല്ലടുക്കിവെച്ച വീട്ടിലേക്ക്.

സമാധാനിപ്പിക്കാൻ താനാര് ? മനസ്സ് കൊണ്ട് ഉപേക്ഷിക്കപ്പെട്ടിട്ടും ദിർഹമിൻ്റെ ബന്ധം നിലനിർത്തുന്ന തൻ്റെ ഉറ്റവരെ ഒരു നിമിഷം ഓർത്തു. സങ്കടമായി. നിന്നിടത്ത് മരവിച്ച് പോവുന്ന അവസ്ഥ. ഇനി ഷബീറിനെ ഒരിക്കലും കാണില്ല എന്നുറപ്പിച്ചു പ്രകൃതി ചുട്ടെടുത്ത പുതപ്പിലേക്ക് ഇറങ്ങി നടന്നു

മൂന്നാം ദിവസം കൃത്യം സൗമിതാ മിശ്ര തൻ്റെ ഏകത്വത്തിൻ്റെ ഭാരവും പേറി വിമാനം കയറേണ്ടന്ന് വൈകുന്നേരം. പാക്കിസ്ഥാനി ഫാമിലി താമസിക്കുന്ന പഴയ അക്കായ് ബിൽഡിങ്ങിൻ്റെ അഞ്ചാം നിലയിൽ അടുക്കള ബേസിനിലെ മലിനജലം നിറഞ്ഞത് സക്കർ വെച്ച് ഒഴുക്കിക്കളയാൻ ശ്രമിക്കുന്നതിനിടയിൽ ഒരു കോൾ വന്നു . വാഷിങ്ങ് മെഷീനിന്റെ പുറത്തു വെച്ച ഫോൺ രണ്ട് പ്രാവശ്യം റിങ്ങ് ചെയ്ത് നിശബ്ദമായി .. ജോലിയേൽപ്പിക്കാൻ വിളിക്കുന്ന നാത്തൂർ മാരാരെങ്കിലുമാവും.അഞ്ച് മിനിറ്റ് പൂർത്തിയാവുന്നതിന് മുൻപ് വീണ്ടും കോൾ. എടുത്ത് നോക്കി. ചിരപരിചിതമായ നമ്പരിൽ നിന്നാണ് വിളി ,പക്ഷെ ഫീഡ് ചെയ്യാത്തതിനാൽ വിളിതാവാരെന്ന് പിടികിട്ടിയില്ല.

തിരിച്ചും ഒരു മിസ് കോൾ കൊടുത്ത് വിളിക്കായി കാത്തിരുന്നെങ്കിലും മനസ്സ് എന്തൊ അസ്വസ്ഥമാവുന്നതായി അനുഭവപ്പെട്ടു.സ്റ്റാൻ്റിൽ പ്ലേറ്റുകൾ അടുക്കി വെക്കുന്നിതിനിടയിൽ തിരിച്ച് വിളിക്കാനായി അന്തരംഗം ആവർത്തിച്ചു പറഞ്ഞു.

“ഹലോ ” റിങ് ചെയ്തതും അങ്ങേത്തലക്കൽ കോൾ കാത്തിരിക്കുന്നത് പോലെ പെട്ടെന്ന് റിസീവ് ചെയ്തു.

സൗമിതയുടെ ബിൽഡിങ്ങ് വാച്ച്മാനാണ് വിളിച്ചത് അവിടെ പാർട്ട് ടൈം ശരിയാക്കിയത് അദ്ദേഹമാണ്. അ തിന് ശേഷം ഇരുപുറവും വിളിക്കേണ്ടി വന്നിട്ടില്ലാത്തതിനാലാണ് ഫീഡ് ചെയ്യേണ്ട ആവശ്യമില്ലാതിരുന്നത്.

“കാര്യമറിഞ്ഞില്ല അല്ലെ.. ഇവിടെ കാണാത്തത് കൊണ്ടാണ് വിളിച്ചത് ..

“എന്തേ കാര്യം “

“മാഡം ആത്മഹത്യ ചെയ്തു . മെയിൻ ഹാളിൽ ഒഴിക്കുന്ന ആസിഡ് കലർത്തിയ പാനീയം കുടിച്ച്. ഇന്നലെ ഇവിടെ പോലീസിൻ്റെ ബഹളമായിരുന്നു. വിളിക്കാനായില്ല .അറിഞ്ഞു കാണില്ല എന്ന് തോന്നി ” അടിക്കാലിൽ നിന്ന് ഒരു പെരുപ്പ് മിന്നൽ വേഗതയിൽ ഇരച്ചു കയറി മസ്തിഷ്കത്തെ സ്തംഭിപ്പിച്ചു . എത്ര സമയം അതേ നിൽപ്പ് നിന്നുവെന്ന് നിശ്ചയമില്ല.നിലത്തുവീണ സെൽഫോൺ കുനിഞ്ഞെടുക്കുമ്പോൾ ശരീരം തളരുന്നതായി തോന്നി.താനൊന്ന് വിളിക്കേണ്ടതായിരുന്നു ,ഒറ്റത്തുരുത്തിൽ അകപ്പെട്ടു പോയ അവരെ പരിഗണിക്കേണ്ടതായിരുന്നു. ഒട്ടിനിന്നവരാൽ ഉപേക്ഷിക്കപ്പെടുക എന്നാൽ മരണം എന്ന് തന്നെയാണർത്ഥം. ആ മരണം സ്ഥിരീകരിക്കാൻ വൈദ്യശാസ്ത്രത്തിനാവില്ല എന്ന് മാത്രം. ആരുമല്ലാഞ്ഞിട്ടും, സ്വന്തം ആരോ മരിച്ചത് പോലെ ഒരു മരവിപ്പ്. ഇടറിയ കാൽ വേച്ച് വേച്ച് അവിടെ നിന്നിറങ്ങുമ്പോൾ കണ്ണുനീര് നിറഞ്ഞ് കാഴ്ച മറഞ്ഞിരുന്നു. ദേഹത്തിന് കനമില്ലാതാവുന്നു, കാറ്റിൽ ഉഷ്ണമണമുള്ള ആകാശത്തേക്ക് ഉയർന്ന് പൊങ്ങുന്നത് പോലെ, കണ്ണിൽ നിന്ന് മാഞ്ഞു പോയ ലോകത്ത് നിരാലംബയായ സൗമിത തന്നെ ദയനീയമായി നോക്കുന്നു. കൊച്ചു ചരൺ ജീവിതത്തെ കണ്ണു മിഴിച്ച് നോക്കുന്നു. കാത് പിളർക്കുന്ന ഹോൺ ശബ്ദം ,ടാർറോഡും ടയറും തമ്മിൽ ബലാബലം പരീക്ഷിച്ച കത്തൽ ,ഒച്ച ..ശബ്ദങ്ങൾ
കനച്ച് നിലം പതിച്ച മങ്ങിയ കാഴ്ചകൾ, അടഞ്ഞ കണ്ണുകളിൽ ഉമ്മാമയുടെ വെത്തിലക്കറയുള്ള ചിരി. താരാട്ടുപാട്ട്.
ഇടതുകയ്യിൽ ഭാരമില്ലാചുമലിൽ മിഖായേലിൻ്റെ പുഞ്ചിരി !!

കവർ: സി. പി. ജോൺസൺ

Comments

You may also like