ഞാന്‍ ഇടനാഴിയിലെ പതിവ് നടത്തത്തിന് വാതില്‍ തുറന്ന നിമിഷം ലിഫ്റ്റിൽ നിന്നുയര്‍ന്നിരുന്ന പശ്ചാത്തല സംഗീതം നിലച്ചു. ‘അന്തര്‍ജ്ജനങ്ങള്‍’ക്കായി അറിയിപ്പ് വന്നു :
‘തേഡ് ഫ്ലോർ !’
മെലിഞ്ഞുയര്‍ന്ന ഒരു രൂപം ഇടനാഴിയുടെ മദ്ധ്യത്തില്‍ ലിഫ്റ്റിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. എതിരെ ചുമരിൽ ഒന്നരയാളുയരത്തിൽ, വലിയ നീല അക്ഷരങ്ങളില്‍, ‘സെക്കന്‍ഡ് ഫ്ലോര്‍’ എന്ന് എഴുതിയതില്‍ കണ്ണുടക്കി, എല്ലാവരെയും പോലെ, അൽപനേരം നിന്നു.
പിന്നെ എന്‍റെ നേരെ തിരിഞ്ഞു.
രണ്ടറ്റത്തുമുള്ള തുറന്ന ജനലിലൂടെ വരുന്ന വെളിച്ചം കാരണം ഇടനാഴിയില്‍ അകന്ന് അഭിമുഖം നില്‍ക്കുന്നവര്‍ക്ക് അന്യോന്യം മുഖം കാണാനാവില്ല.
“ക്ഷമിക്കൂ – ഇത് തേഡ് ഫ്ലോർ അല്ലേ? ”
പ്രാദേശികച്ചുവയുള്ള ഇംഗ്ലിഷിലായിരുന്നു ചോദ്യം – സ്ത്രീശബ്ദത്തിലും ! സംസാരിക്കുന്നയാള്‍ വാര്‍ദ്ധക്യത്തിന്‍റെ പടിയിലെത്തി നില്‍ക്കുന്ന പുരുഷന്‍ ആണ് എന്ന് ശരീരഭാഷയില്‍ നിന്നറിയാം.
പഠിച്ചതും പഠിപ്പിച്ചുകൊണ്ടിരുന്നതും എന്‍റെ ഓർമ്മയിലെത്തി :
‘ശബ്ദതരംഗങ്ങളുടെ ആവൃത്തിയിലാണ് പുരുഷശബ്ദവും സ്ത്രീശബ്ദവും വ്യത്യസ്തമാവുന്നത്. സ്ത്രീശബ്ദതരംഗങ്ങള്‍ക്ക് ആവൃത്തി കൂടുതലാണ്. സംസാരിക്കുമ്പോഴുള്ള ഏറ്റവും കൂടിയ പുരുഷശബ്ദ ആവൃത്തി ഏറ്റവും കുറഞ്ഞ സ്ത്രീശബ്ദ ആവൃത്തിയെക്കാള്‍ കുറവാണ് ! ’
നിന്നിടത്തുനിന്നിളകാതെ അല്പം ശബ്ദമുയർത്തി ഞാന്‍ പറഞ്ഞു.
“ആണെന്നും അല്ലെന്നും പറയാം!.“
കേട്ടതിന്‍റെ പൊരുള്‍ പിടികിട്ടാതെ അയാള്‍ അടുത്ത ചോദ്യം ചോദിച്ചു:
“ഗുരുരാജ് താമസിക്കുന്നത് ഈ ഫ്ലോറില്‍ അല്ലേ ?”
ഞാന്‍ ചിരിച്ചു :
“വീണ്ടും, ആണെന്നും അല്ലെന്നും പറയണം. ഇവിടെ ഞങ്ങൾക്ക് രണ്ട് ഗുരുരാജ് മാരുണ്ട്.“
“രണ്ട് തേഡ് ഫ്ലോറുമുണ്ടോ?” ചിരിയുടെ ശബ്ദത്തിൽ അയാൾ ചോദിച്ചു..
മറുപടി പറയാതെ ഞാന്‍ അയാളുടെ അടുത്തേയ്ക്ക് നടന്നു.
ആദ്യമായാണ് രണ്ടു ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരം നല്‍കേണ്ടി വന്നത്.
എന്തൊരസാധാരണ പ്രോബബിലിറ്റി!
അയാളും നടന്നടുത്തുവന്നു കൊണ്ടിരിക്കുകയായിരുന്നു.
ഞാന്‍ കൈ നീട്ടി:
“ജയപ്രകാശ് മേനോന്‍ – ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ഗണിതശാസ്ത്ര/ഭൌതികശാസ്ത്ര അദ്ധ്യാപകനാണ്.”
“നമ്മള്‍ ഒരേ തൂവല്‍ പക്ഷികള്‍ ! ഞാനുമൊരു റിട്ടയേഡ് അദ്ധ്യാപകനാണ്- വിഷയം ഭാഷയാണെന്ന വ്യത്യാസമേയുള്ളൂ. പേര് പ്രസന്ന.”
പ്രസന്ന എന്ന വിളിപ്പേരുമായി ആ സ്ത്രീശബ്ദം നന്നായിണങ്ങി.
“സര്‍, അന്വേഷിച്ചുവന്നയാളെ വിളിച്ച് ഫ്ലാറ്റ് നമ്പർ ചോദിക്കൂ.“
തിരിഞ്ഞുനടന്ന്, അയാള്‍ ഗുരുരാജുമായി സംസാരിച്ചു.
“മുകളിലത്തെ നിലയിലാണ് . മുന്നൂറ്റി നാലാം നമ്പര്‍ ഫ്ലാറ്റ്.”
“അപ്പൊ ശരി – കണ്ടതിൽ സന്തോഷം!”
പ്രസന്ന ചിരിച്ചു.
“ആൾ അവിടെയില്ല – എന്തോ കാര്യത്തിന് പുറത്തുപോയിരിക്കുകയാണ്. ഒന്നൊന്നര മണിക്കൂര്‍ കഴിയും തിരിച്ചെത്താന്‍. ഞാന്‍ പോയിട്ട്, പിന്നെ വരാം.”
“എന്തെങ്കിലും കാര്യമായിട്ട് വന്നതാണോ ? എനിക്ക് എങ്ങനെയാണ് സഹായിക്കാന്‍ കഴിയുക എന്ന് പറയൂ.”
“ഈ വഴി വന്നപ്പോള്‍ ഗുരുവിന്‍റെ പുതിയ താമസസ്ഥലം ഒന്ന് കണ്ടുപോകാം എന്ന് കരുതി – അത്രേയുള്ളൂ. ഞങ്ങള്‍ ചങ്ങാതിമാരാണ്.”
“ഏതായാലും വന്നതല്ലേ? മറ്റ് ബദ്ധപ്പാടുകള്‍ ഇല്ലെങ്കില്‍ സുഹൃത്തിനെ കണ്ടിട്ട് പോകാം. അകത്തേയ്ക്ക് വരൂ. തത്കാലം ഞാനും സ്വതന്ത്രനാണ്.“
“മുൻപ് താമസിച്ചിടത്ത് ഞങ്ങള്‍ അയൽക്കാരായിരുന്നു. ലൊക്കേഷൻ അയച്ചുതന്നിരുന്നു. ഇന്ന് അപ്രതീക്ഷിതമായി ഈ വഴി വന്നതാണ്. അപ്പാർട്ട്മെന്‍റ് കോംപ്ലെക്സിന്‍റെ ബോർഡ് കണ്ടപ്പോൾ, പെട്ടെന്ന് ഓര്‍ത്തു ഗുരുവിന്‍റെ വീട് ഇതിനകത്താണല്ലോ എന്ന്.”
ഒരു കോഫിപ്പുറത്ത് ജീവിതവും തൊഴിലും കുടുംബവും നിരുപദ്രവരാഷ്ട്രീയവും, കൂട്ടത്തില്‍ അദ്ധ്യാപനവും ചര്‍ച്ച ചെയ്ത് ഞങ്ങള്‍ കുറെ നേരം ഇരുന്നു.
പ്രസന്ന എന്നത് മലയാളികള്‍ക്ക് ഒരു പെണ്‍പേരാണ് എന്ന് ഞാന്‍ പറഞ്ഞു. ആണാണെങ്കിൽ പ്രസന്നനാവണം. പഴയകാല ക്രിക്കറ്റ് കളിക്കാരന്‍ പ്രസന്നയാണ് ആ പേരുള്ള ആണുങ്ങളും ഉണ്ടെന്ന് ആദ്യമായി കാണിച്ചുതന്നത്. ബെങ്ഗളൂരു എത്തിയതിന് ശേഷം അഞ്ചെട്ട് ആണ്‍പ്രസന്നമാരുമായി ഇടപഴകേണ്ടിവന്നിട്ടുണ്ട്.
“സെക്കന്‍ഡ് ഫ്ലോര്‍ – തേഡ് ഫ്ലോര്‍ പ്രശ്നം മനസ്സിലായില്ല.”
ഞങ്ങൾ ഹാളിൽ അഭിമുഖമായി ഇരുന്നു.
“ഒരുദാഹരണം വഴി വ്യക്തമാക്കിത്തരാം. കേരളത്തില്‍ പണ്ട് പതിനൊന്ന് കൊല്ലം സ്കൂളും ഒരു കൊല്ലം പ്രീ യൂണിവേഴ്സിറ്റിയുമായിരുന്നു. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന വര്‍ഷം സര്‍ക്കാര്‍ പതിനൊന്നും ഒന്നും എന്നതില്‍ നിന്ന് അത് പത്തും രണ്ടും എന്നാക്കാന്‍ തീരുമാനിച്ചു. മാറ്റം ആറാം ക്ലാസില്‍ നിന്ന് തുടങ്ങാനും. ആ വര്‍ഷം ആറില്‍ നിന്ന് ജയിച്ചവര്‍ ഏഴില്‍ എത്തുന്നതിന് പകരം ആറ് (പുതിയത്) എന്ന ക്ലാസിലാണ് എത്തിയത്. അന്നനുഭവിച്ച വേദന, നിരാശ, നഷ്ടബോധം, മരണം വരെ ആ ബാച്ചുകാരാരും മറക്കില്ല.

‘പേരിലേയുള്ളൂ കുഴപ്പം. പഠിക്കുന്നത് എല്ലാ വിഷയങ്ങളിലും പുതിയ കാര്യങ്ങളാണ്’ എന്നൊക്കെ പറഞ്ഞ് അദ്ധ്യാപകര്‍ ഞങ്ങളെ ആശ്വസിപ്പിക്കാറുണ്ടായിരുന്നു. കാര്യം സത്യവുമായിരുന്നു. എന്നാലും –
തോറ്റവരുടെ കാര്യം ഒന്നുകൂടി ദയനീയമായിരുന്നു. ആറ് (പുതിയത്) വന്നപ്പോള്‍ ‘പഴയത്’ ഇല്ലാതെയായി. അതോടെ ആറില്‍ തോറ്റവര്‍ അഞ്ചിലേയ്ക്ക് താഴ്ത്തപ്പെട്ടു !
ജയിക്കുന്ന ക്രമത്തിന് ഞങ്ങള്‍ ഏഴ് (പുതിയത്), എട്ട് (പുതിയത്) …… എന്നിങ്ങനെ മുന്നോട്ട് പോയി. അങ്ങനെ ഒരു വര്‍ഷവും തോല്‍ക്കാതെ പഠിച്ചിട്ടും പതിനൊന്ന് വര്‍ഷം കൊണ്ടാണ് ഞങ്ങള്‍ പത്താം ക്ലാസ് ജയിച്ചത്.
ഏത് ക്ലാസിൽ പഠിക്കുന്നു എന്ന ചോദ്യത്തിന്, വിഷമത്തോടെ, ‘എഴിലാണ്, പക്ഷേ ശരിക്കും എട്ടിലാണ്.’ എന്ന മട്ടിൽ പ്രതികരിക്കുമായിരുന്നു ഞങ്ങള്‍.
നമ്മള്‍ നില്‍ക്കുന്ന ഈ ഫ്ലോര്‍ അങ്ങനെയൊരര്‍ത്ഥത്തില്‍ ഒരേ സമയം സെക്കന്‍ഡ് ഫ്ലോറും തേഡ് ഫ്ലോറുമാണ്.”
“വിചിത്രമായി തോന്നുന്നു.” പ്രസന്ന സഹാനുഭൂതിയോടെ ചിരിച്ചു
“ഈ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിൽ അടുത്തടുത്ത് ക്രമീകരിക്കപ്പെട്ട രണ്ട് ലിഫ്റ്റുകള്‍ ഉണ്ട് – കണ്ടുകാണുമല്ലോ. അവ രണ്ട് വ്യത്യസ്തകമ്പനികള്‍ നിര്‍മ്മിച്ചവയും രണ്ട് വ്യത്യസ്തസന്ദര്‍ഭങ്ങളില്‍ ഇവിടെ സ്ഥാപിക്കപ്പെട്ടവയുമാണ്. ഒന്നില്‍ G,1,2,3,4,…. എന്നിങ്ങനെയാണ് നിലകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. പാര്‍ക്കിങ് സ്പേസ് ആയ താഴത്തെ സ്റ്റില്‍റ്റ് ഫ്ലോറിനെ – 1 ആക്കി, മറ്റേതില്‍ -1, 0,1,2,3, …. എന്നിങ്ങനെയും !
ചുമരുകളില്‍ കാണിച്ചിരിക്കുന്നത് രണ്ടാമത്തേതിലെ സംഖ്യകളാണ്.”
ഭാഷാദ്ധ്യാപകനായ പ്രസന്നയെ കണക്ക് മുഷിപ്പിച്ചു എന്ന് വ്യക്തമായിരുന്നു. സുഹൃത്ത് വീട്ടിലെത്തിയ വിവരം കിട്ടിക്കഴിഞ്ഞ് യാത്ര പറയുമ്പോള്‍ വരണ്ട ചിരിയോടെ മൂപ്പര്‍ ചോദിച്ചു:
“ഇത് പരിഹരിക്കപ്പെടേണ്ടതാണെന്ന് ആര്‍ക്കും തോന്നാറില്ലേ ?”
“വേണം – എല്ലാവരും പറയാറുണ്ട്. എന്തെങ്കിലും ചെയ്യണം.
ഒഴിവുള്ളപ്പോള്‍ ഒക്കെ എന്‍റെ വ്യായാമനടത്തം ഈ ഇടനാഴിയിലാണ്. ദിവസവും ഫ്ലോറിനെ കുറിച്ചും അപ്പാര്‍ട്ട്മെന്‍റിനെ കുറിച്ചും സംശയങ്ങളുമായി രണ്ടോ മൂന്നോ പേര്‍ സമീപിക്കും. എല്ലാ നിലകളിലും ഇത് സംഭവിക്കുന്നുണ്ടാവണം. എന്നും കുറച്ചുപേര്‍ക്ക് വഴികാട്ടിയാവാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഞാന്‍ രാത്രി ഉറങ്ങാന്‍ കിടക്കുക.”
ലിഫ്റ്റിന് എതിരെയുള്ള പടികള്‍ നടന്നുകയറി പ്രസന്ന കാഴ്ചപ്പുറത്ത് നിന്ന് മറഞ്ഞു. സ്വാഗതം ചെയ്യലും യാത്ര പറച്ചിലും നന്ദിപ്രകടനവും പശ്ചാത്തല സംഗീതവുമായി ലിഫ്റ്റ് ജോലിത്തിരക്കിലായിരുന്നു .
‘തേഡ് ഫ്ലോര്‍’ എന്ന അറിയിപ്പ് വീണ്ടും അന്തരീക്ഷത്തില്‍ ഉയര്‍ന്നു. മെലിഞ്ഞുയര്‍ന്ന മറ്റൊരു രൂപം അതേ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു.
പ്രസിദ്ധമായ, ‘ദേജാ വൂ’ അനുഭവം !
മുകളില്‍ ചുമരിലേയ്ക്ക് നോക്കി അതേ സംശയഭാവത്തോടെ രൂപം തിരിഞ്ഞു.
“എക്സ്ക്യൂസ് മി സര്‍- ഇത് ഏത് ഫ്ലോര്‍ ആണ്?“
അരികുകള്‍ ചെത്തിമിനുക്കിയ കോര്‍പ്പറേറ്റ് ഇംഗ്ലീഷ്-
“താങ്കള്‍ക്ക് ഏത് നമ്പര്‍ അപ്പാര്‍ട്മെന്‍റിലാണ് പോകേണ്ടത് ?”
അയാള്‍ മറുപടി പറയാന്‍ ശ്രമിക്കുന്നതിന്നിടെ കൈയിലൊരു പാഴ്സലുമായി ഒരു ചെറുപ്പക്കാരന്‍ ധൃതിയില്‍ പടികള്‍ കയറിവന്നു. ആദ്യം വന്നയാള്‍ വാതില്‍ക്കല്‍ എന്‍റെ തൊട്ടുമുന്നില്‍ നിൽക്കുകയായിരുന്നു. ചെറുപ്പക്കാരന്‍ മികച്ച പൗരബോധം പ്രകടിപ്പിച്ച് അയാള്‍ക്ക് പിന്നിൽ നിൽപ്പുറപ്പിച്ചു.
ശബ്ദമില്ലാതെ കയറുകയും ഇറങ്ങുകയും ചെയ്യുന്ന രണ്ടാം ലിഫ്റ്റിന്‍റെ വാതിലുകള്‍ തുറന്നു. രണ്ട് കന്യാസ്ത്രീകളും ഒരു മൂന്നംഗകുടുംബവും പുറത്തിറങ്ങി. രംഗനിരീക്ഷണം നടത്തി അല്പനേരം നിന്നു. സംശയിച്ചുസംശയിച്ച് മുന്നോട്ട് വന്നു. ക്ഷമിക്കൂ എന്ന അര്‍ത്ഥത്തില്‍ ചിരിച്ച് കന്യാസ്ത്രീകള്‍ ചെറുപ്പക്കാരന്‍റെ പിന്നില്‍ പോയി വരിനിന്നു. ശേഷിച്ച മൂന്നുപേര്‍ അവര്‍ക്ക് പിന്നിലും.
മറ്റേ ലിഫ്റ്റില്‍ സംഗീതം അകന്നകന്നു പോയി.
നോക്കിനില്‍ക്കേ താഴേയ്ക്കും മുകളിലേയ്ക്കും ഉള്ള പടികളില്‍ നിന്നും രണ്ട് ലിഫ്റ്റുകളില്‍ നിന്നുമായി ഒറ്റയ്ക്കും തെറ്റയ്ക്കും ആള്‍ക്കാര്‍ വന്നുതുടങ്ങി !
ഒരേ സമയം വരിനിന്നവരുടെ എണ്ണം പത്തിലേറെയായി.
എന്നുമില്ലാത്ത കാഴ്ച !
സംശയനിവൃത്തി വരുത്തിയവര്‍ നന്ദി പറഞ്ഞുപിരിഞ്ഞു. പുതുതായി വന്നവര്‍ അച്ചടക്കത്തോടെ വരിയുടെ അറ്റത്ത് പോയി നിന്നു. നടത്തത്തിനുള്ള ശ്രമം തത്ക്കാലം ഞാന്‍ മാറ്റിവെച്ചു. ഇടനാഴിയിലെ തിരക്കൊഴിയട്ടെ – എന്നിട്ടാലോചിക്കാം.
സുഹൃത്ത് ഗുരുരാജുമൊത്ത് പ്രസന്ന വീണ്ടും വന്നു. കൂടെ ഈ പരിസരത്ത് കണ്ട് മുഖപരിചയമുള്ള മൂന്ന് ചെറുപ്പക്കാരും.
ക്യൂവിന് നീളം കൂടിക്കൊണ്ടേയിരുന്നു .
“സര്‍, ഞാന്‍ തിരിച്ചുപോകുന്നു.” പ്രസന്ന പറഞ്ഞു. “പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം. തീര്‍ച്ചയായും വീണ്ടും കാണാം. ഒരു പത്ത് മിനുട്ട് നേരത്തേയ്ക്ക് നമുക്ക് അകത്തിരുന്നാലോ ? ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു. ”
“ഈ കാത്തുനില്‍ക്കുന്നവരൊക്കെ….”
മുഴുവനാക്കാന്‍ സമ്മതിക്കാതെ പ്രസന്ന എന്നെ സ്നേഹപൂര്‍വം അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. കൂടെ ഗുരുരാജും ചെറുപ്പക്കാരില്‍ രണ്ടുപേരും വന്നു.
“സാറ് വെഷമിക്കേണ്ട. അവരെ സഹായിക്കാന്‍ ഗുരുരാജ് തത്ക്കാലത്തേയ്ക്ക് ഒരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
സോഫയിലും കസേലകളിലുമായി ഞങ്ങള്‍ അഞ്ചുപേരും ഇരുന്നു.
ചെറുപ്പക്കാരെ ഗുരുരാജ് പരിചയപ്പെടുത്തി : ഇവര്‍ മഞ്ജുനാഥും അലനും – രണ്ടുപേരും ബഹുരാഷ്ട്രകമ്പനികളില്‍ തടിച്ച ശമ്പളം വാങ്ങി ജോലി ചെയ്തിരുന്നവരാണ്. ഉന്നത വിദ്യാഭ്യാസത്തിനായി ഒരു വര്‍ഷത്തേയ്ക്ക് ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുന്നവര്‍. മഞ്ജു ഇവിടത്തുകാരനാണ്. അലന്‍ ഇവിടെ ജനിച്ചുവളര്‍ന്ന മലയാളിയും.
ചെറുപ്പക്കാര്‍ എഴുന്നേറ്റുനിന്നു- തൊഴുതു.
പ്രസന്നയാണോ ഗുരുരാജ് ആണോ തുടങ്ങേണ്ടതെന്ന സംശയത്തില്‍ അല്‍പസമയം ശബ്ദമില്ലാത്ത ആശയവിനിമയം നടന്നു. തുടര്‍ന്ന് പ്രസന്ന സംസാരിച്ചു.
“ സര്‍, ഞാനും ഗുരുവും ഏറെനേരം സാറിനേയും മുന്നില്‍ വരിനിന്നിരുന്നവരേയും ശ്രദ്ധിച്ച് പിന്നിലേയ്ക്ക് മാറി ഇവിടെത്തന്നെയുണ്ടായിരുന്നു. മാതൃകാപരമായ ഒരു സന്നദ്ധസേവനമാണ് ഇവിടെ നടക്കുന്നത്. തിരിച്ച് മുറിയില്‍ പോയിരുന്ന് ഞങ്ങള്‍ ഇതെങ്ങനെ കൂടുതല്‍ കാര്യക്ഷമവും സാറിന് ആയാസരഹിതവും ആക്കാമെന്നാലോചിച്ചു. ചര്‍ച്ച ചെയ്ത് ഞങ്ങള്‍ കണ്ടെത്തിയ പ്രവര്‍ത്തനരീതി സാറുമായി പങ്കിടാനാണ് ഈ കൂടിക്കാഴ്ച.
ഞാനത് ചുരുക്കി പറയാം. പ്രയോഗത്തില്‍ വരുമ്പോള്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ സാറിന് ചെയ്യാവുന്നതേയുള്ളൂ. ഇടനാഴിയുടെ ഈ അറ്റത്ത് സാറിന് ഉപയോഗിക്കാനായി ഒരു മേശയും കസേലയും ഒരുക്കുന്നുണ്ട്. മേശപ്പുറത്ത് ലാപ്ടോപ്പും വെള്ളകടലാസ് ഉള്‍ക്കൊള്ളുന്ന ബുക് ഫയലും പേനയും ചൂടുവെള്ളം നിറച്ച ഫ്ലാസ്കും ഗ്ലാസും ഉണ്ടാവും. മുന്നില്‍ അല്പം മാറി, രണ്ട് മോഡകളിട്ട് മഞ്ജുവും അലനും ഇരിക്കും.
അന്വേഷണവുമായി എത്തുന്ന സന്ദര്‍ശകന്‍റെ വിവരങ്ങള്‍ മഞ്ജു സ്വന്തം ലാപ്ടോപ്പില്‍ ഒരു അപേക്ഷാ ഫോറത്തിന്‍റെ രൂപത്തില്‍ ശേഖരിക്കും. അത് സാറിന്‍റെ ലാപ്ടോപ്പിലേയ്ക്ക് അയച്ചുതരും. പേരും ക്രമനമ്പറും രേഖപ്പെടുത്തിയ ടോക്കണുമായി സന്ദര്‍ശകന്‍ സാറെ സമീപിക്കും. ഫോറത്തില്‍ രേഖപ്പെടുത്തിയ അപ്പാര്‍ട്ട്മെന്‍റിലേയ്ക്ക് എത്ര നില കയറണം/ ഇറങ്ങണം (+3 അല്ലെങ്കില്‍ -2 എന്ന മട്ടില്‍ ) എന്നു ടോക്കണില്‍ രേഖപ്പെടുത്തേണ്ട ജോലിയേ സാറിന്നുള്ളൂ. ഇതേ നിലയിലെ വീടാണെങ്കില്‍ ‘0’ രേഖപ്പെടുത്താം. അപേക്ഷകനെ ലിഫ്റ്റ് വരെ അനുഗമിച്ച്, ശരിയായ നിലയിലേയ്ക്ക് അയയ്ക്കുന്ന ജോലിയാണ് അലന് .
ഞാനൊരു മന:ശാസ്ത്രജ്ഞനല്ല. എങ്കിലും ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ പറയട്ടെ. മണിക്കൂറുകളോളം ആരോടും ഒന്നും സംസാരിക്കാതെ അക്കങ്ങളുമായി മാത്രം ഇടപെട്ട് എഴുന്നേല്‍ക്കുമ്പോള്‍ കുറച്ചുനേരത്തേയ്ക്ക് ഒരസ്വസ്ഥത അനുഭവപ്പെട്ടേയ്ക്കാം. അതൊന്നു ശരിയാവുന്നതുവരെ അഞ്ചു മിനുട്ട് നേരത്തേയ്ക്കെങ്കിലും നനഞ്ഞ ടിഷൂ കൊണ്ട് കണ്ണുകള്‍ മൂടി വെറുതെ കിടക്കുന്നത് നന്നായിരിക്കും. “
“ഇനി വാതില്‍ തുറക്കാം..?” ഗുരുരാജ് എഴുന്നേറ്റു. പിന്നാലെ ബാക്കിയുള്ളവരും.
എന്നെ മുന്നില്‍ നിര്‍ത്തിയാണ് സംഘം പുറത്തേക്കിറങ്ങിയത് കസേലയും വിരിയിട്ട ചെറിയ മേശയും മോഡകളും, പറഞ്ഞത് പോലെ ക്രമീകരിച്ചിരുന്നു. ക്യൂ ഇടനാഴിയുടെ മറ്റേയറ്റം വരെ നീണ്ടുകിടന്നു. അവരെ സഹായിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്‍, മേശപ്പുറത്ത് വാഴയിലയില്‍ പൊതിഞ്ഞ്, നീളത്തില്‍ മടക്കിവെച്ചിരുന്ന പൂമാല എടുത്ത് എന്നെ അണിയിച്ചു. ക്യൂവില്‍ നിന്നിരുന്നവര്‍ കൈയടിയോടെ സ്വീകരിച്ചു. ഞാന്‍ എനിക്ക് നിശ്ചയിച്ചുറപ്പിച്ച ഇടത്തില്‍ തുറന്നുവെച്ച ലാപ്ടോപ്പിന് മുന്നില്‍ ഇരുന്നു.
കസേലയ്ക്ക് പിന്നില്‍ ഉയരത്തില്‍ ചുമരുകള്‍ക്ക് കുറുകെ തുണികൊണ്ടുള്ള ബാനര്‍ വലിച്ചുകെട്ടിയിരിക്കുന്നു. ബാനറില്‍ ഒരറ്റത്ത് തുടങ്ങി മറ്റേയറ്റത്ത് അവസാനിക്കുന്ന രീതിയില്‍ ‘His little, nameless, unremembered, acts of kindness and of love’ എന്ന് ആലങ്കാരിക അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു. അടുത്ത വരിയില്‍ വലിയ അക്ഷരങ്ങളില്‍ ‘സന്ദര്‍ശകര്‍ക്കുള്ള അറിയിപ്പ്’ എന്ന തലക്കെട്ടോടെ,
‘ഫ്ലോര്‍ നമ്പര്‍ ഭാഗികസത്യം മാത്രം – വീട്ടുനമ്പറാണ് ശാശ്വതസത്യം’ എന്ന് ഇംഗ്ലിഷിലും കന്നഡത്തിലും എഴുതിയിരിക്കുന്നു ഏറ്റവും അടിയിലായി, ‘പ്രവര്‍ത്തന സമയം : തിങ്കള്‍ മുതല്‍ ശനി വരെ :
രാവിലെ, 9.00 — 12.00, വൈകുന്നേരം, 5.00 — 7.00 ഞായറാഴ്ച മുടക്കം-
എന്നും എഴുതിയിട്ടുണ്ട്.
പ്രവര്‍ത്തനത്തിന്‍റെ തുടക്കം നേരില്‍ കാണാനായി പ്രസന്നയും ഗുരുരാജും മോഡകളില്‍ ഇരിപ്പുറപ്പിച്ചു. പൂരിപ്പിച്ച ആദ്യ അപേക്ഷ, മഞ്ജു ഫോര്‍വേഡ് ചെയ്ത് എന്‍റെ ലാപ്ടോപ്പില്‍ വന്നു. അടുത്തെത്തിയ അപേക്ഷകനെ നിര്‍ത്തിക്കൊണ്ടുതന്നെ ഞാന്‍ അത് വായിച്ചുനോക്കി.
അപേക്ഷകന്‍റെ പേര്‍ : (ടോക്കണില്‍ തന്നിരിക്കുന്ന പേരുമായി ഞാന്‍ ഒത്തുനോക്കി) ; വിലാസം ;മൊബൈല്‍ ഫോണ്‍ നമ്പര്‍; സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന വീടിന്‍റെ നമ്പര്‍; താമസക്കാരന്‍റെ പേര്‍-
അപേക്ഷയില്‍ തന്നിരിക്കുന്ന വീട്ടുനമ്പര്‍ 405 ആണ്. ടോക്കണില്‍ ‘+2’ എന്നെഴുതി ഞാന്‍ അത് തിരിച്ചേല്‍പ്പിച്ചു. അലന്‍ അയാളെ കൂട്ടി ലിഫ്റ്റിന് നേരെ നടന്നു. മഞ്ജുവിന്‍റെ ലാപ്ടോപ്പില്‍ നിന്ന്, പൂരിപ്പിച്ച രണ്ടാമത്തെ ഫോം എന്‍റെ മുന്നിലെത്തി. ഒപ്പം ടോക്കണുമായി അപേക്ഷകനും.
ആദ്യത്തെ പത്ത് അപേക്ഷകളില്‍ തീരുമാനം നടപ്പാക്കിക്കഴിയുന്നത് വരെ പ്രസന്നയും ഗുരുരാജും ഇരുന്നു. പിന്നെ എഴുന്നേറ്റ്, വിജയാശംസകള്‍ നേര്‍ന്ന് യാത്രയായി.
ഞാനിപ്പോള്‍ സ്ക്രീനില്‍ തെളിയുന്ന അപേക്ഷകളിലെ വീട്ടുനമ്പര്‍ മാത്രമേ കാണുന്നുള്ളൂ. അത് കണ്ണില്‍ പെടുന്ന നിമിഷം -1, +3 … എന്ന മട്ടില്‍ എന്‍റെ തീരുമാനം മുന്നിലെ കൈ നീട്ടുന്ന ടോക്കണില്‍ പതിയും.
ഒരാള്‍ കൂടി ഇടം കാലിയാക്കും. ക്യൂ മുന്നോട്ട് നീങ്ങും.
കവർ: സി. പി. ജോൺസൺ