പൂമുഖം COLUMNS സ്ത്രീ – പുരുഷ അസമത്വങ്ങൾ : കേരളമേ ലജ്ജിച്ചു തല താഴ്ത്തുക!!!

കേരളത്തില്‍ ഇന്ന് എല്ലാ മേഖലകളിലും നിലനില്‍ക്കുന്ന സ്ത്രീ പുരുഷ അസമത്വങ്ങളെ കുറിച്ച് ജോണ്‍ സാമുവല്‍ എഴുതുന്നു: സ്ത്രീ – പുരുഷ അസമത്വങ്ങൾ : കേരളമേ ലജ്ജിച്ചു തല താഴ്ത്തുക!!!

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 


കേരളത്തിന്‍റെ വഴികള്‍ – 8


ഇന്ന് കേരളത്തിലെ സാമൂഹിക അസമത്വങ്ങളിൽ ഒരുപക്ഷേ ഏറ്റവും  പ്രകടമായത്  സ്ത്രീ-പുരുഷ അസമത്വമാണ്. പുരുഷാധിപത്യ രാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും ദയനീയമായ  ഇരട്ടത്താപ്പ്  വനിത രാഷ്ട്രീയ നേതാക്കളോട്  അവർ വെച്ചുപുലര്‍ത്തുന്ന സമീപനത്തില്‍  ആണ്. സാമ്പത്തികമായും  സാമൂഹികമായും  വളർച്ച നേടിയെങ്കിലും ഇക്കാര്യത്തിൽ കേരളം ഇപ്പോഴും പിന്നോക്കം നിൽക്കുന്ന, ഒരു പുരുഷ മേല്‍ക്കോയ്മയുടെ ഇടമാണ്.

മാനവ വികസന സൂചികയിൽ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് നമ്മള്‍ . സംസ്ഥാനത്തിന്‍റെ  സാമ്പത്തിക വളർച്ച കഴിഞ്ഞ പത്തു വർഷങ്ങളായി മുന്നോട്ടാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും  ആരോഗ്യ സംരക്ഷണത്തിലും കേരളം മുന്നിലാണ്. നമ്മുടെ കുടുംബശ്രീ, ലോകത്തിലെ വലിയ സ്ത്രീ സ്വാശ്രയ സംരംഭങ്ങളിൽ ഒന്നാണെന്ന് അതിന്‍റെ സംഘാടകരായ കേരള സർക്കാർ ഉദ്യോഗസ്ഥർ അഭിമാനം കൊള്ളുന്നു.

പിന്നെ എന്താണ് പ്രശ്നം? പുസ്തകത്തിലെ സ്ഥിതി വിവരക്കണക്കുകളും ജീവിതത്തിലെ അനുഭവരാശികളും തമ്മിൽ ഉള്ള വൈരുദ്ധ്യമാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. സൂചികകള്‍  അനുസരിച്ച് കേരളം സ്ത്രീ ശാക്തീകരണത്തിൽ മുന്നിലാണ് .  പ്രായോഗിക തലത്തിലോ?

മിക്ക രാഷ്ട്രീയ പാർട്ടികളിലും ഒരു സ്ത്രീക്ക് നേതൃത്വ പദവിയിലേക്ക് എത്തുവാന്‍ ഒരുപാട് കടമ്പകൾ കടക്കണം. അത് കടന്നാൽ തന്നെ പുരുഷ കേസരികളുടെ കാരുണ്യമില്ലെങ്കിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്ത അവസ്ഥയാണ്. വ്യവസ്ഥാപിത പാർട്ടികളുടെ നേതൃത്വ നിരയിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാല്‍ സത്യസ്ഥിതി ബോധ്യപ്പെടും .

രാഷ്ട്രീയ പ്രബുദ്ധതയും ജനായത്തവും ഉണ്ടെന്ന് ഊറ്റം കൊള്ളുന്ന കക്ഷി രാഷ്ട്രീയ നേതാക്കൾ തികഞ്ഞ പുരുഷ മേധാവിത്വമാണ് കാണിക്കുന്നത്. ഇതിൽ ഏറ്റവും ദയനീയമായ അവസ്ഥ  കോൺഗ്രസ് പാർട്ടിയിലാണ് . വിരലിൽ എണ്ണാവുന്ന, തോൽക്കുമെന്നുറപ്പുള്ള സീറ്റുകളിൽ നിർത്തി സ്ത്രീകളെ ഒട്ടുമിക്ക തിരഞ്ഞെടുപ്പുകളിലും  ‘തോല്‍പ്പിക്കുക’യാണ് പതിവ്. കോണ്‍ഗ്രസ് നിയമസഭ സാമാജികരില്‍ ഒരൊറ്റ സ്ത്രീപോലും ഇല്ലെന്നത് അപമാനബോധത്തോടെ  പാര്‍ട്ടി തിരിച്ചറിയേണ്ടതാണ്. മുസ്ലീം ലീഗിന്‍റെ ചരിത്രത്തിൽ  ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ? കേരള കോൺഗ്രസിന്‍റെ ചരിത്രത്തിൽ എത്ര വനിതകൾ നിയമ സഭയിൽ എത്തി? തമ്മിൽ ഭേദം  എന്ന്‍ ഇടതുപക്ഷ  പാർട്ടികളെ കുറിച്ച് പറയാം  അക്കാര്യം പറഞ്ഞ് സ്വയം അഭിനന്ദിക്കുന്നതിൽ അവര്‍ പിശുക്ക് കാട്ടാറുമില്ല.

140 പേരുള്ള നിയമ സഭയിൽ ഉള്ളത് വെറും 8 സ്ത്രീകൾ ആണെന്നത്  ഓരോ ജനായത്ത വിശ്വാസിയേയും  ഓരോ രാഷ്ട്രീയ പാർട്ടി നേതാക്കളേയും  ലജ്ജിപ്പിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 78.29% സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ പുരുഷന്മാരില്‍  76.33%മേ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയുള്ളൂ. പക്ഷെ  നിയമ സഭയിൽ സ്ത്രീകൾ വെറും 5.7 %. മാത്രം. കേരളമേ ലജ്ജിച്ചു തല താഴ്ത്തുക!
ഈ ദയനീയമായ അവസ്ഥക്ക് കാരണം എന്താണ്? കേരള വികസന മാതൃക, പുരുഷ മേധാവിത്വത്തില്‍ ഊന്നിയ, യാഥാസ്ഥിതികമായ ഒരു മാറ്റൊലി വികസന അവകാശ വാദം മാത്രമാണ്. നമ്മൾ തെരഞ്ഞെടുപ്പ്  ജനാധിപത്യം പഠിച്ചങ്കിലും  സമൂഹത്തിലും കുടുംബങ്ങളിലും ജനാധിപത്യ മൂല്യങ്ങൾ ഇവിടെ വളരെ കുറവാണ് എന്നതാണ് വാസ്തവം. നിയമ സഭയിലെ സ്ത്രീകളുടെ ദയനീയമായ പ്രാതിനിധ്യം ഇതിന്‍റെ  അടയാളപ്പെടുത്തൽ മാത്രമാണ്.

വീട്ടുജോലികള്‍  മുഴുവൻ  സ്ത്രീകൾ ചെയ്താലും  സാമ്പത്തിക വികസന സ്ഥിതി വിവര കണക്കുകളിൽ അതിന് സ്ഥാനമില്ല. സംസ്ഥാനത്തെ  സാധാരണ കോളേജുകളില്‍  ഒട്ടുമിക്കതിലും   80%ത്തോളം വിദ്യാർത്ഥിനികൾ ആണ്. എന്നാൽ  പ്രൊഫഷണൽ കോളേജുകളില്‍ പൊതുവേ കൂടുതൽ പുരുഷ വിദ്യാർത്ഥികളായിരിക്കും .

പല വീടുകളിലും വസ്തു വിറ്റാണെങ്കിലും ആൺകുട്ടികളെ കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണൽ കോഴ്‌സുകൾക്കു വിടുമ്പോൾ പെൺകുട്ടികൾ ‘കൺ വെട്ടത്ത്’ തന്നെ ഉണ്ടാകണം എന്നത് ഒരു പുരുഷ മേധാവിത്വ രക്ഷകൃർതൃ മനോഭാവമാണ്.

 

സ്ത്രീധന നിരോധ നിയമങ്ങൾ നിലവിലുള്ള സമൂഹമാണ് നമ്മുടേത്.  പെൺ കുട്ടി ജനിക്കുന്ന ദിവസം തൊട്ട് അവളെ  ‘ കെട്ടിച്ച’യക്കുവാൻ മുതല്‍ സ്വരുക്കൂട്ടുന്ന സമൂഹവുമാണത്  വിദ്യാഭ്യാസത്തിന്   ചെലവാക്കുന്നതിൽ കൂടുതൽ പണം  , കൂണു പോലെ മുളച്ചുപൊങ്ങുന്ന സ്വര്‍ണ്ണക്കടകളിൽ ചെലവാക്കുന്നതാണ് ബുദ്ധിപരമായി മിക്കവര്‍ക്കും തോന്നുന്നത്

സ്ത്രീകളുടെ നേരെയുള്ള അക്രമങ്ങളും അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും സംസ്ഥാനത്ത് കൂടുന്നതായാണ് നമ്മള്‍ കാണുന്നത് . പ്രബുദ്ധരായ സ്ത്രീകൾ ഇവ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടാണെന്നു വാദിക്കാമെങ്കിലും ആ ആരോപണം തീരെ അസ്ഥാനത്തല്ല എന്നതാണ് വസ്തുത.

നാട്ടില്‍ വിവാഹ മോചനങ്ങൾ കൂടുന്നു. എന്നതും സത്യം. ഒരു കാരണം ഗാർഹിക പീഡനങ്ങളും അതിക്രമങ്ങളും ആണ്. നല്ല ഒരു ശതമാനം സ്ത്രീകൾ വീടിന്‍റെ നാല് ചുവരുകൾക്കുള്ളിൽ വീർപ്പു മുട്ടുന്നവരും അപമാനിക്കപ്പെടുന്നവരും, പലപ്പോഴും ബലാൽക്കാരങ്ങൾക്കു ഇരയാക്കപ്പെടുന്നവരും ആണ്.  വളർന്നു വരുന്ന മദ്യാസക്തിയുടെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നതും സ്ത്രീകൾ തന്നെ.

ഇങ്ങനെയുള്ള വീർപ്പുമുട്ടലുകളിൽ നിന്ന്  ആശ്വാസം കിട്ടാനാണ് പല സ്ത്രീകളും അമ്പലങ്ങളേയും പള്ളികളേയും പുതിയ ആത്മീയ സംരംഭങ്ങളേയും തേടി പോകുന്നത്. കേരളത്തിൽ ഇപ്പോൾ തഴച്ചു വളരുന്ന അമ്പല പൊങ്കാലകളും ആത്മീയ വ്യാപാര വ്യവസായവുമൊക്കെ ഒരു വലിയ പരിധിവരെ കേരളത്തിലെ സ്ത്രീകൾ കുടുംബത്തിനുള്ളിൽ നേരിടുന്ന വീർപ്പുമുട്ടലുകളിൽ നിന്നുള്ള സേഫ്റ്റി വാൽവുകൾ ആണ്. ഒരു യാഥാസ്ഥിതിക പുരുഷ മേൽക്കോയ്മ സമൂഹത്തിൽ സ്ത്രീകൾക്ക് താരതമ്യേന സ്വാതന്ത്ര്യത്തോടെ പോകാൻ കഴിയുന്നത് വ്യവസ്ഥാപിത മതസ്വരൂപങ്ങളിലോ പ്രാർത്ഥന കേന്ദ്രങ്ങളിലോ ആണ്. വ്യവസ്ഥാപിത മത അധികാര ഘടനകള്‍ പുരുഷ മേല്‍ക്കോയ്മയുടെ പ്രധാന വാഹകരും പ്രചാരകരും ആണെന്നുള്ളതാണ് കാരണം.

സാമ്പത്തിക പരാധീനത കൂടുതൽ ഉള്ള കുടുംബാംഗങ്ങൾക്കിടയില്‍  സാമ്പത്തിക സാമൂഹിക ഞെരുക്കങ്ങള്‍ വ്യാപകമാണ് .ഇവയില്‍ നിന്നുള്ള  നിന്ന് ഒരു താത്കാലിക ശമനവും കൂടിയാണ് , സർക്കാർ സംഘടിപ്പിക്കുന്ന,   കുടുംബ ശ്രീ എന്നതാണ് അതിന്‍റെ  സാമൂഹിക പ്രസക്തി. അതുകൊണ്ടു തന്നെയാണ് അതിൽ ചേരാൻ കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരുന്നത്. പക്ഷെ  കുടുംബ ശ്രീ പോലും ഒരു പുരുഷ കേന്ദ്രീകൃത രക്ഷകർതൃ രാഷ്ട്രീയത്തിന്‍റെ അടയാളപ്പെടുത്തൽ ആണ്. പ്രത്യക്ഷത്തിൽ   സ്ത്രീ ശാക്തീകരണ സംരംഭമാണെന്ന് തോന്നുമെങ്കിലും  പുരുഷാധിപത്യ രാഷ്ട്രീയ ചുറ്റുപാടിൽ ഉള്ള പരിമിതമായ ഒത്തുതീർപ്പു ‘ശാക്തീകരണ’ സംരംഭമാണത് .  സർക്കാർ അവരുടെ സാമൂഹിക വികസന പരിപാടികളിൽ സ്ത്രീകളെ ‘ പങ്കെടുപ്പിക്കാൻ’ ഉള്ള ഒരു സ്വാശ്രയ സംഘമായാണ് വിഭാവനം ചെയ്തതെങ്കിലും പലപ്പോഴും സർക്കാർ പദ്ധതികൾ നടപ്പാക്കാനും സബ്‌സിഡി വിതരണം ചെയ്യാനുമൊക്കെ ഉതകുന്ന ഒരു സർക്കാർ സംഘടിക ഉപാധി എന്നതിൽ കവിഞ്ഞ  പ്രസക്തി അതിനുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്.

കുടുംബ ശ്രീ  താഴെക്കിടയിൽ ഉള്ള സ്ത്രീകൾക്ക് ഒരാശ്വാസമാണെന്ന് സമ്മതിക്കുമ്പോഴും അത് കേരളത്തിൽ ഒരു വലിയ സാമൂഹിക സാമ്പത്തിക പരിവർത്തനത്തിന് കാരണമായില്ല എന്ന് നമ്മള്‍ അറിയണം   വ്യവസ്ഥാപിത ചട്ടകൂട്ടിനുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു യാഥാസ്ഥിതിക സർക്കാർ അധികാര സംരംഭമായതിനാലാണ് അതങ്ങനെയായത് .
ഇതൊരു വലിയ വിരോധാഭാസമാണ്. ഒരു വശത്ത് നാല്പത്തിരണ്ടു ലക്ഷം അംഗങ്ങൾ ഉള്ള ലോകത്തിലെ തന്നെ വലിയ സ്വാശ്രയ സ്ത്രീ കൂട്ടായ്മകളിൽ ഒന്ന്. മറു വശത്തു നിയമസഭയിൽ ഉള്ളത് വെറും 5.7% സ്ത്രീകൾ മാത്രം. ഒരു വശത്തു കുടുംബ ശ്രീ കൂട്ടത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു വോട്ടു ബാങ്ക് ഉണ്ടാക്കാൻ പുരുഷ മേലാളന്മാരുടെ മിടുക്കുറ്റ ശ്രമം.
ഈയിടെയായി കേരളത്തിൽ വളരുന്ന ‘മോറൽ പോലീസിംഗ്’ എന്ന ഞരമ്പു രോഗത്തെ കുറിച്ചും പറയാതെ വയ്യ . പല കാരണങ്ങളാൽ ലൈംഗീക ദാരിദ്ര്യം അനുഭവിക്കന്ന ഒരു വലിയ വിഭാഗം കേരളത്തിൽ ഉണ്ടെന്നു തോന്നുന്നു.  ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസമോ കാഴ്ചപ്പാടോ ഇല്ലാത്ത ഒരു പുരുഷ മേലാള സമൂഹത്തിൽ രതിയെ കുറിച്ചും ലൈംഗീകതയെകുറിച്ചും വികല ധാരണകൾ ഉണ്ടാവുന്നത് സ്വാഭാവികം   സ്ത്രീയെ ‘ഭോഗ വസ്തു’ ആയിക്കാണുന്ന ഞരമ്പ് രോഗികൾ സമൂഹത്തിന്‍റെ എല്ലാ തലത്തിലും ഉണ്ടെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് ഒരു പുരുഷനേയും സ്ത്രീയേയും സന്ധ്യ കഴിഞ്ഞു കണ്ടാലോ ‘സംശയാസ്പദം’ ആയ ‘സാഹചര്യത്തിൽ’ കണ്ടാലോ  സമൂഹത്തിലെ ഒരു വിഭാഗത്തിനു  ഹാലിളകുന്നത്.

രാഷ്ട്രീയമായി പുരോഗമന വാദികളാണെങ്കിലും സാമൂഹികമായി പലരും പുരുഷ മേധാവിത്വ യാഥാസ്ഥിതിക വാദികൾ ആണെന്നുള്ളതാണ് കേരളത്തിലെ മറ്റൊരു പ്രശ്നം  . ഒട്ടുമിക്ക സിനിമകളും ഏതാണ്ട് എല്ലാ ടി.വി സീരിയലുകളും ഇങ്ങനെയുള്ള പ്രതിലോമ പുരുഷമേല്‍ക്കോയ്മയുടെ പ്രദർശനങ്ങൾ ആണ്. മാധ്യമങ്ങളിലെ നല്ലൊരു വിഭാഗവും ഇങ്ങനെയുള്ള മൂരാച്ചി മൂല്യങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുന്നവരാണ്.

വെളിയിൽ നിന്ന് വരുന്നവർക്ക് കേരളത്തിൽ സ്ത്രീകൾ ശാക്തീകരണം പ്രാപിച്ചവർ ആണെന്ന് തോന്നുന്നത് ഓഫീസുകളിലും നിരത്തുകളിലും വാഹനങ്ങളിലും സ്ത്രീകളെ കാണുന്നത് കൊണ്ടാണ്. എന്നാൽ കാര്യങ്ങൾ അടുത്തറിയുന്നവർക്കറിയാം ഈ അഭിനവ ശാക്തീകരണം പലപ്പോഴും രാവിലെ 8 മണിക്ക് തുടങ്ങി വൈകിട്ട് ആറു മണിക്ക് അവസാനിക്കുന്ന  പ്രക്രിയയാണെന്ന്.

കേരള നിയമ സഭയിൽ വെറും 8 സ്ത്രീകൾ മാത്രമുള്ളപ്പോൾ, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും പീഡനങ്ങളും കൂടുമ്പോൾ, സ്ത്രീകൾ സാമൂഹിക അസമത്വം വീട്ടിലും നാട്ടിലും  അനുഭവിക്കുമ്പോൾ കേരളം എങ്ങോട്ടാണ് വളരുന്നത് എന്ന ചോദ്യം നമുക്കോ രോരുത്തർക്കും നേരെ ഉയരുന്നു.


 

Comments
Print Friendly, PDF & Email

ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.

You may also like