വ്രണങ്ങളുടെ നിറം പുരണ്ട മണ്ണിൽ
നീളുന്ന വരികൾ
ഒരുവൾ അവയ്ക്കു കുറുകെ തളർന്നു വീണു
ഹൃദയം പിന്നിലെവിടെയോ ,അകലെ
ഒരു പടിവാതിൽക്കൽ ഇളകിവീഴുകയോ
ആരോ പിച്ചിച്ചീന്തുകയോ ചെയ്തിരിക്കണം
ബാക്കിയായ മിടിപ്പുകൾ
ഉള്ളംകൈയിൽ നിന്നടർന്നു വീണുകൊണ്ടേയിരിക്കുന്നു
ഒടുവിലത്തെതും തെറിച്ചു വീഴുമ്പോൾ
ഭാണ്ഡവും തോളിൽ നിന്നൂർന്നു പോകുന്നു
ഭീമാകാരമായ ശബ്ദത്തിൽ എന്തോ പൊട്ടി തകരുന്നു
സ്വപ്നങ്ങളാവാം
അവൾക്കു അധികം പിന്നിലല്ലാതെ ഞാനുമുണ്ട്
അവൾക്കു ഏറെ മുന്നിൽ
അപരിചിതമായ ഭാഷയിൽ തലതല്ലിയാർക്കുന്നുണ്ടാരോ
ആർത്തനാദങ്ങൾക്കു വാക്കും ഈണവും
തിട്ടപ്പെടുത്തേണ്ടതില്ലലോ
അവ ആത്മാവിനെ ഉണർത്താൻ കെല്പുള്ള ഗീതമാണ്
ചവിട്ടി നടന്നത് മണ്ണിലല്ലായിരുന്നെന്ന്
നിലയിലാത്ത കടലിലായിരുന്നെന്നു വിതുമ്പൽ
ഞാനപ്പോൾ എന്നെ പ്രണയിച്ച വയലിൻ വാദകനായിരുന്ന
കവിയെ ഓർമ്മിച്ചു
പലായനം എന്ന് തലക്കെട്ട് മാത്രം കൊടുത്ത
എഴുതാത്ത കവിതയുടെ പിന്നിലാണയാൾ
ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നത്
നിരയിലൊരാളെന്നയാൾ സങ്കല്പിച്ചിരിക്കാം
മനുഷ്യർ ,നടന്നു നീങ്ങുന്ന ഒരു നീണ്ട നിരയാണ് .
കവർ: സി പി ജോൺസൺ
