അവനാണോർമിപ്പിച്ചത് അന്നത്തെ ആ
തെരുവിനെ
വഴിതെറ്റിയ പകലിൽ
പലവഴി തെന്നിയും ഇടറിയും എത്തിച്ചേർന്ന
തെരുവ്
മലകളുടെ നടുവിലൂടെ ഹൈവേയിലൂടെ ഒഴുകി നീങ്ങി
ഞങ്ങളാറു പേരും രാജയുടെ പാട്ടും വെയിലും
പൊടുന്നനെ ഇടുങ്ങിപ്പോയ വഴി, തിരക്ക്,
കനത്ത നിറങ്ങൾ, കറുപ്പഴകികൾ,
കനകാംബരമുദിച്ചു നിൽക്കും
ചെമ്പൻ മുടിപ്പിന്നലുകൾ
ഒരേ വരിയിൽ,വീടുകൾ
സൈക്കിളുകൾ
താങ്ങി നിർത്തുന്ന ജനാലകളുള്ള തെരുവ്
പൈപ്പിൻ ചുവട്ടിൽ കണ്ണുതെറ്റിയോടിയ കുഞ്ഞ്
യേശുവിനെയും എം ജി ആറിനെയും
കണ്ട വരാന്തയിലേക്ക് അറിയാത
കൈചൂണ്ടിപ്പോയി
അവരെന്റെ വിരലുകളെ തടഞ്ഞു
ഉച്ചമയക്കത്തിൽ നിന്ന് ഞെട്ടറ്റ പോലൊരു
കൊമ്പൻമീശക്കാരൻ
ജമന്തി പൂന്തോട്ടം
അമ്പരപ്പ്
മുന്നോട്ട് നീങ്ങുന്തോറും
ഇരുൾ ധൃതിപ്പെട്ടിറങ്ങി വരുന്നു
കോവിലിൻ മുന്നിലെ ചെറിയ കുന്നിൽ നിന്നയാളും.
വന്ന വഴി തിരികെയെന്നയാൾ ചൂണ്ടി
കൂട്ടരോടൊപ്പം പുറം തിരിഞ്ഞിരുന്ന
അയാളെങ്ങനെയറിഞ്ഞു?
ചിരിക്കുന്ന കണ്ണുകൾക്കിടയിലമർത്തി
അമ്പരപ്പിനെ കെടുത്തിക്കളഞ്ഞു അയാൾ.
മറ്റൊരിക്കൽ ഈ തെരുവിലേക്കൊന്നു കൂടി
വഴി തെറ്റണം എന്ന് ആണുങ്ങളുടെ ആത്മഗതം
പിന്നിൽ, ഉറക്കെയുറക്കെ യാത്ര നൽകി
മണിമുഴക്കുന്ന കോവിൽ
മടക്കയാത്രയിൽ ആരും ഒന്നും മിണ്ടിയില്ല
പാട്ടും നിലച്ചു പോയി
ഓർമ്മകളിൽ ഒരു തെരുവ് വിടർന്നിങ്ങനെ
ജമന്തിക്കാട് പോലെ.
കവര്‍: വിത്സണ്‍ ശാരദ ആനന്ദ്