പൂമുഖം LITERATUREകഥ അസൂയ

ഒരു നാടോടിക്കഥ: അസൂയ

കഥ നടന്നത് വളരെ കാലം മുമ്പാണ് ……
പണ്ട്… പണ്ടുപണ്ട്…കണ്ണാടി കണ്ടുപിടിക്കുന്നതിനും മുമ്പ്…… ഏതോ ദേശത്ത്….
സുന്ദരനും ചെറുപ്പക്കാരനുമായ കവി സുന്ദരിയും ചെറുപ്പക്കാരിയുമായ രാജുകുമാരിയെ കണ്ടുമുട്ടിയത് എങ്ങനെയെന്നറിയില്ല..
അവര്‍ തമ്മില്‍ അടുത്തത് എങ്ങനെയെന്നും …
തന്‍റെ സങ്കല്‍പ്പത്തിലെ സൌന്ദര്യവും കവിതയും അവന്‍റെ കവിതകളില്‍ അവള്‍ കണ്ടിട്ടുണ്ടാവാം..
സ്വന്തം കവിതയുടെ ആത്മാവ്, അവളില്‍ അവനും –
അങ്ങനെയാവാമവരടുത്തത്….
എന്തായാലും പ്രണയത്തിനോ വിവാഹത്തിനോ എന്തെങ്കിലും തരത്തിലുള്ള എതിര്‍പ്പ് അവര്‍ക്ക് നേരിടേണ്ടിവന്നതായി തോന്നുന്നില്ല –
മധുവിധുവിനായി ഒരു മാളിക തന്നെ പണികഴിപ്പിച്ചിരുന്നുവെന്നും അതിനകത്ത് തോഴിയായി പോലും ആരെയും പ്രവേശിപ്പിച്ചിരുന്നില്ലെന്നും കരുതേണ്ടി വരും-
കാരണം ഇവരെപ്പറ്റിയൊന്നും കഥയിലൊരു വാക്കും പറയുന്നില്ല..
ലോകത്ത് അന്ന്‍ രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ എന്ന മട്ടിലാണ് കഥ!
ആദ്യരാത്രിയില്‍ ചുരുണ്ടിടതൂര്‍ന്ന തന്‍റെ മുടി അവനുമുന്നില്‍ അഴിച്ചിട്ട് അവള്‍ ചോദിച്ചു:
“എന്‍റെ മുടി കാണാന്‍….. ഭംഗിയുണ്ടോ…..?”
മറുപടിയായി അവനൊരു കവിത ചൊല്ലുകയാണ് ചെയ്തത്-
പതിനായിരം വരികളുള്ള ഒരു കവിത !
കണ്ണാടിയെന്തെന്നറിയാത്ത കാലം –
പിറ്റേന്ന് രാവിലെ, കൊട്ടാരം നീന്തല്‍ക്കുളത്തിലെ കണ്ണാടി പോലുള്ള വെള്ളത്തിലേയ്ക്ക് മുടി വിടര്‍ത്തിയഴിച്ചിട്ട്‌, ഓരോ വരി കവിതയിലും വിസ്തരിച്ച സൌന്ദര്യം അവള്‍ കണ്ടറിഞ്ഞു.
മുടിയെ പ്രതി, ഭര്‍ത്താവായ കവിയെ പ്രതി ചെറുതായി അഹങ്കരിച്ചു…
രണ്ടാം രാത്രിയില്‍ തന്‍റെ കണ്ണുകളെകുറിച്ച്…,
അടുത്ത രാത്രിയില്‍ തുളുമ്പുന്ന കവിളുകളെ കുറിച്ച്..,
അതിനടുത്ത രാത്രിയില്‍ ചുണ്ടുകളെ കുറിച്ച്….
അവള്‍ ചോദ്യം ആവര്‍ത്തിച്ചു..
മറുപടിയായി ഓരോ തവണയും അവന്‍ കവിത ചൊല്ലി …
ഓരോ തവണയും, പതിനായിരം വരികളുള്ള കവിത!
അഞ്ചാം രാത്രിയിലാണ് അപ്രതീക്ഷിതമായി കുഴപ്പങ്ങളാരംഭിച്ചത്…..
രാജകുമാരിയുടെ പിന്‍കഴുത്തില്‍ ഒരു മറുകുണ്ടായിരുന്നു.
മുടി വകഞ്ഞു മാറത്തേക്കിട്ട്, പിന്‍കഴുത്ത് അവനെ കാണിച്ചുകൊണ്ട്, ദു:സൂചനകള്‍ തരാതിരുന്ന ആ രാത്രിയില്‍ അവള്‍ അവനോടു ചോദിച്ചു:
” എന്‍റെ മറുക് കാണാന്‍…..ഭംഗിയുണ്ടോ..?”
അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു….
അല്‍പനേരം അവനൊന്നും പറഞ്ഞില്ല…
പിന്നെ, ശബ്ദം താഴ്ത്തി പറഞ്ഞു: ” വാക്കുകള്‍ക്ക് വഴങ്ങാത്ത സൌന്ദര്യം…!”
അവള്‍ക്ക് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു:
‘അവന്‍ കവിത ചൊല്ലിത്തുടങ്ങാത്തതെന്ത്…….?’
നിറഞ്ഞുനിന്ന നിശബ്ദതയേയും സ്വന്തം അഹന്തയേയും മുറിപ്പെടുത്തി, അല്‍പനേരത്തെ മൌനത്തിനു ശേഷം‍, അവള്‍ ചോദിച്ചു:
“മറുകിനെ കുറിച്ച്…… ഒരു കവിത..യെഴുതാമോ…?”
“എനിക്കാവില്ല!!” അവളെ സ്തബ്ദയാക്കി , ഒട്ടൊക്കെ സ്വകാര്യമായി അവന്‍ പറഞ്ഞു:
” അത് കണ്ടുകണ്ട് സ്വയം മറക്കാനല്ലാതെ അതെക്കുറിച്ച് ഒരു വരി എഴുതാന്‍ എനിക്കാവില്ല.”
ഇപ്പോള്‍ അവള്‍ പ്രകടമായും ഞെട്ടി.
…….എങ്കിലും മനസ്സില്‍ എവിടെയോ, അവന്‍ കവിത എഴുതുമെന്നും തന്നെ ചൊല്ലിക്കേള്‍പ്പിക്കുമെന്നും തന്നെ അവള്‍ വിശ്വസിച്ചു….
പിറ്റേന്ന്‍, കൊട്ടാരം നീന്തല്‍ക്കുളത്തിലെ കണ്ണാടി പോലുള്ള വെള്ളത്തില്‍ ചാഞ്ഞും ചെരിഞ്ഞും നിന്നവള്‍ നോക്കി …..
മറുക് കാണാനാകാത്ത നിരാശയില്‍ മടങ്ങി….
മാറത്തേയ്ക്ക് വകഞ്ഞിട്ട മുടിയുമായി, അടുത്തൊരു പകല്‍ സമയത്ത്, അവള്‍ എന്തോ ചിന്തയില്‍ മുഴുകി നില്‍ക്കുകയായിരുന്നു.
ചവിട്ടടി കേള്‍പ്പിക്കാതെ അവന്‍ പിന്നില്‍ എത്തിയത് അവളറിഞ്ഞില്ല…..
മുഴക്കമുള്ള, അപരിചിത ശബ്ദത്തില്‍ അവന്‍ മന്ത്രിച്ചു:
“….അത് കണ്ടുകഴിഞ്ഞവര്‍ എല്ലാം നേടിയവര്‍….കാണാത്തവരോ‍, മോചനമില്ലാത്ത പാപികളും‍..”
അവള്‍ ഞെട്ടിത്തിരിഞ്ഞു.
ആ മുഖത്ത് സ്വപ്നം കാണുന്ന ഭാവമായിരുന്നു.
അവന്‍റെ കണ്ണുകളിലെ കറുത്ത മറുകുകളില്‍ തന്‍റെ പ്രതിരൂപം ചെറുതായതായി അവളറിഞ്ഞു.
രണ്ടു തരത്തില്‍ രാജകുമാരിയുടെ മനസ്സില്‍ അസൂയ നാമ്പിട്ടു.
അവന്‍ കാണുന്ന ‘വാക്കുകള്‍ക്ക് വഴങ്ങാത്ത സൌന്ദര്യം’ തനിക്ക് കാണാനാകുന്നി ല്ലെന്നതോര്‍ത്ത് അവനോടുള്ള അസൂയ!
തന്നെക്കാള്‍ സൌന്ദര്യമുള്ളതെന്ന നിലയില്‍ മറുകിനോടുള്ള അസൂയ!!
അവള്‍ തിന്നാതായി….കുടിക്കാതായി….കുളിക്കാതായി…ഉറങ്ങാതായി…..
മൂടിയ മനസ്സുമായി അവള്‍ കൊട്ടാരത്തിനകതെവിടെയോ പോയി കിടന്നു…
പുറത്തെ തിണ്ണയില്‍ തൂണും ചാരി, ദൂരെയെവിടെയോ കണ്ണും നട്ട്, അവനവന്‍റെ സ്വപ്നങ്ങളില്‍ ഒതുങ്ങി…….
ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞാറെ, ഒരു രാവിലെ അവള്‍ തുറന്നുകിടന്നിരുന്ന വാതിലിലൂടെ പുറത്തേക്കിറങ്ങി……
നീന്തല്‍ക്കുളത്തിനു നേരെ നടന്നു….
കണ്ണാടി പോലുള്ള ജലത്തില്‍ അവള്‍ സ്വന്തം പ്രതിബിംബം കണ്ടു….
ഉള്ളും ഓജസ്സുമില്ലാതെ ജീവസ്സറ്റ മുടി ….
കറുപ്പ് പടര്‍ന്നു, കുഴിഞ്ഞ കണ്‍തടങ്ങള്‍….
ഒട്ടിയ കവിളുകള്‍….
കരുവാളിച്ച ചുണ്ടുകള്‍ ….
അവള്‍ക്ക് മനസ്സിലായി: തന്‍റെ സൌന്ദര്യം നഷ്ടപ്പെട്ടിരിക്കുന്നു….താനൊരു ചവറായിരിക്കുന്നു…
വിചിത്രമായ ഒരു സംതൃപ്തി മനസ്സില്‍ നിറയുന്നതിന്‍റെ സുഖം നുണഞ്ഞ്, അവള്‍ അവനെ അന്വേഷിച്ചു ചെന്നു.
അവന്‍റെ മുന്നില്‍ ചെന്ന് നിന്നു..
അവളെ കണ്ട ആവേശത്തില്‍ ആ മുഖം തെളിഞ്ഞു-
മുന്നില്‍ രൂപപ്പെട്ടിരുന്ന ചിലന്തിവല കൈകൊണ്ടു തട്ടിമാറ്റിയപ്പോള്‍ മുഖത്ത് കൂടുതല്‍ പ്രകാശം വീണതുമാവാം…
അവള്‍ അല്‍പസമയം ഒന്നും മിണ്ടാതെ നിന്നു.
പിന്നെ ഉള്ളില്ലാത്ത മുടി വകഞ്ഞു മാറത്തേക്കിട്ട്, മെലിഞ്ഞു ശോഷിച്ച പിന്‍കഴുത്ത് അവനുനേരെ തിരിച്ച്, ശാന്തയായി ചോദിച്ചു:
“എന്‍റെ മറുക് കാണാന്‍ ഭംഗിയുണ്ടോ..?”
ഇരുന്നിടത്തുനിന്ന്‍ ആകാവുന്ന ശക്തിയില്‍ പിടഞ്ഞെണീറ്റ്, അവളെ ദുര്‍ബലമായി ആലിംഗനം ചെയ്ത്, ദീര്‍ഘശ്വാസത്തിന്‍റെ ശബ്ദത്തില്‍ അവന്‍ പറഞ്ഞു:
“വാക്കുകള്‍ക്ക് വഴങ്ങാത്ത സൌന്ദര്യം…!”
നിയന്ത്രിക്കാനാവാത്ത കോപത്തില്‍ അവള്‍ വിറച്ചു.
കൈയില്‍ കരുതിയിരുന്ന ആയുധം, കട വരെ അവന്‍റെ നെഞ്ചില്‍ കുത്തിയിറക്കി, അവളവനെ മറിച്ചിട്ടു-
അവനരികില്‍ ചടഞ്ഞിരുന്ന്‍, അവന്‍റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി, മയമില്ലാത്ത ശബ്ദത്തില്‍ അവള്‍ ചോദിച്ചു:
“പറ!..എന്‍റെ മറുക് കാണാന്‍ ഭംഗിയുണ്ടോ?”
അവസാനശ്വാസത്തിന് മുമ്പ്, തപ്പിയും തടഞ്ഞും അവന്‍ പറയാന്‍ ശ്രമിച്ചു:
“അത്….. കണ്ടു…കണ്ട്…സ്വയം…മറക്കാനല്ലാതെ……”
സമയം സന്ധ്യ കഴിഞ്ഞിരുന്നു…
അവന്‍റെ ശരീരം അവളുടെ കോപത്തിന് എത്തിപ്പെടാനാവാത്ത ഇടത്തുനിന്ന്, ശബ്ദമില്ലാതെ പറഞ്ഞുകൊണ്ടിരുന്നു:
“വാക്കുകള്‍ക്ക് വഴങ്ങാത്ത സൌന്ദര്യം..”
കൊട്ടാരത്തിനകത്തുനിന്ന് കൊണ്ടുവന്നിട്ട മരം കൊണ്ടുള്ള ഇരിപ്പിടത്തില്‍ കയറിനിന്ന്, മുറ്റത്തെ തണല്‍ വൃക്ഷത്തിന്‍റെ കൊമ്പില്‍ അവള്‍ കയറിന്‍റെ ഒരറ്റം ബന്ധിച്ചു..
മറ്റേയറ്റത്തിട്ട കുരുക്ക്, മറുകിനെ പൊതിയുന്ന മട്ടില്‍ കഴുത്തില്‍ മുറുക്കി…
തണുക്കാത്ത രോഷം മറച്ചു വെയ്ക്കാതെ മറുകിന് മാത്രം കേള്‍ക്കാനായി, അവസാനമായി അവള്‍ പറഞ്ഞു:
“നീ ജീവിച്ചുകൂട …ഒരിക്കലും മങ്ങാതെ, മുറിവേല്‍ക്കാതെ, നീ മാത്രം ജീവിച്ചുകൂട…!”


 

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണലിൻറെ മുഖ്യഉപദേഷ്ടാവ്. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസം.

You may also like