കറ്റയെന്നും മെതിയെന്നും
ഞാറെന്നും കൊയ്ത്തെന്നും
ഉൾപ്പുളകത്തോട-
വരോർത്തെടുക്കുമ്പോൾ,
വിളഞ്ഞ പാടം സങ്കല്പിച്ച് കേട്ടിരിക്കുന്നു
നഗരാംഗന ഞാനൊരു
മുത്തശ്ശിക്കഥ പോലെ,
മുണ്ടുപെട്ടിയിൽ കൈതപ്പൂമണം പോലെ.
അപരിചിതമായ വാക്കും വരിയും ഗന്ധവും
കുടഞ്ഞു വാരിയിട്ട കഥകൾ ഇടയ്ക്കുണരും
ചട്ടിയിൽ പാർന്ന കഞ്ഞിമണമോർത്ത്
വിടർത്തിയെടുത്ത നീറ്റലുകളുണർത്തി
അവരക്കാലത്തെ നീരുറവ, തീണ്ടൽ,
മാറ്, കറുത്ത തൊലി.
തിണ്ണയിൽ വെയിലുരുമ്മിയിരുന്നു
പേൻ നോക്കുമ്പോൾ,
മഴവീഴുന്ന ജനാലയ്ക്കലിരുന്നു വായിക്കുമ്പോൾ,
കൃഷ്ണന് വിളക്ക് കൊളുത്തുമ്പോൾ പറയും
ഓർമ്മയുണ്ടാവണം, നിന്റെ കുലം, നിന്റെ ദൈന്യം.
മറക്കരുതൊന്നും, കണ്ടില്ലെങ്കിലും
ചരിത്രവും കനവും കറുപ്പും പാട്ടും
നടക്കുന്നിടമെല്ലാം
എല്ലിൻകഷണങ്ങൾ നുറുങ്ങും
ചോരയും ചേറും ചെളിയും മണക്കും
മറക്കരുതൊന്നും നീയും നിന്റെ ഭാഷയും
കൈവിടരുത് നിന്റെ പാട്ടും കവിതയും.
കവർ: ജ്യോതിസ് പരവൂർ