നദീം നൗഷാദ് എഴുതിയ മധുരത്തെരുവ് എന്ന നോവലിനെ ജി സാജൻ പരിചയപ്പെടുത്തുന്നു.
ഏത് അമൂർത്ത സങ്കൽപനത്തേയും ആകർഷകമാക്കുന്നത് അവയുടെ നിഗൂഢമായ സൗന്ദര്യമാണ് എന്ന് പറയാറുണ്ട്. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ നഗരങ്ങളിൽ ഏറ്റവും നിഗൂഢമായ സൗന്ദര്യം ഒളിപ്പിച്ചുവച്ചിരിക്കുന്നത് കോഴിക്കോടാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
അപൂർവമായി ഈ നഗരത്തിലൂടെ കടന്നുപോകുമ്പോഴൊക്കെ ഈ വശ്യമായ നിഗൂഢത എന്നെ പ്രലോഭിപ്പിച്ചിട്ടുമുണ്ട്.
“ഇത് സ്വപ്‌നാടകരുടെ നഗരമാണ് എന്ന് കേട്ടിട്ടുണ്ട്. രാത്രി നക്ഷത്രങ്ങളെ നോക്കിയിരിക്കുകയും വന്യമായ അന്തരീക്ഷത്തിലൂടെ നടക്കുകയും ചെയ്യുന്നവരുടെ സ്വപ്നസഞ്ചാരമാണിത്.” എഴുപതുകളുടെ തുടക്കത്തിൽ കോഴിക്കോടെത്തുന്ന ഒരു പാശ്ചാത്യ ഹിപ്പി ഗാനസംഘത്തിലെ അംഗങ്ങളിൽ ഒരാൾ കോഴിക്കോടിനെക്കുറിച്ച് പറയുന്ന ഈ വാക്കുകൾ ഞാൻ വായിച്ചത് ഈ നഗരത്തെക്കുറിച്ചുള്ള ഒരു നോവലിലാണ്.
കോഴിക്കോടിനെ പ്രശസ്തമാക്കിയത് എസ് കെ പൊറ്റക്കാട് എഴുതിയ ഒരു ദേശത്തിന്റെ കഥയും ഒരു തെരുവിന്റെ കഥയുമാണ് എന്ന് പറയാം. എന്നാൽ ഇപ്പോൾ കോഴിക്കോട് നിന്ന് മറ്റൊരു തെരുവിന്റെ കഥകൂടി വന്നിരിക്കുന്നു. കോഴിക്കോടിന്റെ ഹൃദയമായ മധുരത്തെരുവിന്റെ കഥ.
ഈ കഥ പറയുന്നത് സംഗീതത്തിന്റെ ലോകത്തെക്കുറിച്ചും കോഴിക്കോടിന്റെ ചരിത്രത്തെക്കുറിച്ചും അതിമനോഹരമായ ഭാഷയിൽ എഴുതുന്ന നദീം നൗഷാദാണ്.
നദീം നൗഷാദ്
ഇത് ഒരു നോവൽ ആയിട്ടാണ് നദീം എഴുതുന്നത്. എന്നാൽ ഈ നോവലിൽ ചരിത്രവും രാഷ്ട്രീയവും സംഗീതവും സ്പോർട്ട്സും തെരുവിന്റെ ഭൂമിശാസ്ത്രവുമൊക്കെ ഉണ്ട്. ഒരു വ്യക്തിയുടെ കഥയായിട്ടല്ല ഒരു നഗരത്തിന്റെ കഥയായിട്ടാണ് ഈ നോവൽ വികസിക്കുന്നത്.
ഈ തെരുവ് പരിചയമുള്ളവർക്ക് നദീം വിവരിക്കുന്ന കാഴ്ചകളും കേൾവികളും ചിലപ്പോൾ അപരിചിതം ആവണമെന്നില്ല. എന്നാൽ വിരസമായ ഈ സാധാരണത്വത്തിനപ്പുറം ഓരോ പുതിയ കാഴ്ചയിലും സംഭവിക്കുന്ന അസാധാരണത്വത്തിന്റെ സംവേദനങ്ങളുണ്ട് എന്ന് നദീം സൂചിപ്പിക്കുന്നു.
ഈ അനുഭവം ചൂണ്ടിക്കാട്ടാനാണ് തുടക്കത്തിൽ തന്നെ നദീം ആന്ദ്രേയ് തർക്കോവ്സ്കിയുടെ ഒരു കവിത ഉദ്ധരിക്കുന്നത്.
“Late this evening I looked at
The sky and saw the stars.
I felt as if it was the first time
I had ever looked at them.
I was stunned.
The stars made an extraordinary
Impression on me.”
Andrei Tarkovsky, Journal 1970.1986.
കവിയുടെ ഈ അനുഭവം നോവലിസ്റ്റിന്റെ നിരന്തരമായ അനുഭവം ആണെന്ന് തോന്നും വിധമാണ് നദീമിന്റെ എഴുത്ത്. തുടക്കത്തിലുള്ള തെരുവിന്റെ വർണ്ണന തന്നെ ഏറ്റവും നല്ല ഉദാഹരണം. കടകളുടെ വെറും ലിസ്റ്റിംഗ് എന്ന് തോന്നുന്ന ഒരു പാരഗ്രാഫിലൂടെ ഒരു തെരുവിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് സാധാരണ അനുഭവപ്പെടാത്ത ജീവിത പ്രക്രിയയും ചരിത്ര രേഖകളുമാണ് നദീം ആവിഷ്‌കരിക്കുന്നത്. നദീമിന്റെ കൂടെ ഈ തെരുവിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു മ്യൂസിയത്തിൽ നിന്നെന്ന പോലെ ചിത്രങ്ങളും വ്യക്തികളും ചരിത്രസംഭവങ്ങളും നമ്മളിൽ വന്നുനിറയുന്നു.
ഈ കഥ തുടങ്ങുന്നത് അറുപതുകളിലാണ്. ആ കാലഘട്ടത്തിന്റെ അതിവിദഗ്‌ദ്ധമായ ആവിഷ്ക്കാരം ഈ നോവലിലുണ്ട്. കോംട്രസ്റ്റ് കമ്പനിയും ദിനേശ് ബീഡിയിലെ തൊഴിലാളി പ്രസ്ഥാനവും ബംഗാൾ തീപ്പെട്ടിയും മൗലാനാ ലുങ്കിയും ഇതിൽ കടന്നുവരുന്നു. കോഴിക്കോട്ടെ ജനസംഖ്യയിലുള്ള വൈവിധ്യങ്ങളിൽ ഗുജറാത്തികൾ, പാഴ്സികൾ, പഠാണി മുസ്ലീങ്ങൾ, കൊങ്കിണികൾ, തമിഴർ എന്നിവരൊക്കെ നോവലിന്റെയും ഭാഗമാണ്.
സംഗീതത്തിന്റെ വിചിത്ര ലോകം തേടിപ്പിടിച്ചു നടക്കുന്ന നദീമിന് കോഴിക്കോടിന്റെ കഥ പറയുമ്പോൾ അമീർ ഖുസ്രുവും ബാബുക്കയും റാഫിയും ഒഴിവാക്കാനാവില്ലല്ലോ. ഗസൽ, ഖവാലി, ഖസീദ എന്നിങ്ങനെ സംഗീതധാരകളെക്കുറിച്ച് പറയുമ്പോൾ നദീം സ്വയം മറന്നുപോകുന്നുണ്ട്.
സേട്ട് നാഗ്‌ജി ഫുട്ബാൾ, വാസു പ്രദീപിൻറെ നാടകം എന്നിങ്ങനെ കോഴിക്കോടിന്റെ അടയാള ദീപങ്ങൾ നോവലിന്റെ പ്രധാന ഭാഗമാണ്.
എസ് കെ പൊറ്റക്കാടും പി എ മുഹമ്മദ് കോയയും കോഴിക്കോട് അബ്ദുൽ ഖാദറും അടക്കമുള്ള വലിയ വ്യക്തിത്വങ്ങൾ നോവലിലൂടെ കടന്നുപോകുന്നുമുണ്ട്.
അറുപതുകളിൽ ചെറിയൊരു തയ്യൽക്കടയിൽ തുടങ്ങി പിന്നീട് പ്രാദേശിക പത്രത്തിന്റെ ലേഖകനായ അബ്ദുവാണ് നോവലിലെ പ്രധാന കഥാപാത്രം. അബ്ദുവിന്റെ രണ്ട് കാമുകിമാർ ദേവിയും നീലോഫറും കഥയിൽ തിളങ്ങിനിൽക്കുന്നുണ്ട്.
എന്നാൽ കഥാപാത്രങ്ങളെ നഗരത്തിന്റെ കഥ പറയാനുള്ള വഴി എന്ന നിലയ്‌ക്കേ എഴുത്തുകാരൻ കാണുന്നുള്ളൂ. ഈ കഥാപാത്രങ്ങളിൽ നോവലിസ്റ്റിന്റെ ആത്മാംശം നമ്മൾ ചിലപ്പോൾ തേടുമെങ്കിലും.
ഇത് ആഖ്യാനത്തിൽ ഒരു പരിമിതി ആയി മാറിയിട്ടുണ്ടോ? അത് വായനക്കാരാണ് പറയേണ്ടത്. അബ്ദുവിന്റെ ആന്തരിക ലോകത്തേക്ക് കൂടുതൽ കയറാൻ നദീം ശ്രമിച്ചിരുന്നെങ്കിൽ എന്ന് തോന്നാതെയുമല്ല. എന്നാൽ നമ്മളെ അഗാധമായി ആകർഷിക്കുന്ന കാന്തിക ശക്തി ഈ നഗരത്തിനുള്ളതുപോലെ ഈ നോവലിനുമുണ്ട്. യാത്രകളേയും സംഗീതത്തെയും നഗരങ്ങളെയും ഇഷ്ടപ്പെടുന്നവർക്കായി ഈ നോവൽ ഞാൻ ശക്തമായി ശുപാർശ ചെയ്യുന്നു.
നദീമിന്റെ കൂടുതൽ രചനകൾക്കായി നമുക്ക് കാത്തിരിക്കാം.
ഒരു കാര്യം കൂടി: ഈ പുസ്തകത്തെ അതിമനോഹരമായി ചിത്രീ കരിച്ചിരിക്കുന്നത് ശശി മേമുറിയാണ്. പ്രസാധനം നിയതം ബുക്‌സ്.
ജി സാജൻ