കടുദുരിതക്കടലലമേൽ ഞാനൊരു
ചിരിയാലില മേലൊഴുകുന്നു
അച്ചിരി പൊട്ടിവിരിഞ്ഞിട്ടല്ലോ
മൂവേഴുലകു പിറക്കുന്നൂ
മിന്നൽ ചിരിയുടെ കന്നൽ കതിരുക –
ളാദിമകന്ദം പുണരുന്നു
ആദിപുരാതനതാമസപിണ്ഡമൊ-
രാദിസ്ഫോടനമേൽക്കുന്നൂ
ആ വിസ്ഫോടമനന്തതരംഗ-
ച്ചുഴികളിലേറിപ്പടരുന്നൂ
അതിഘനതാപതരംഗാവലികളി-
ലത്ഭുതകണമുരുവാകുന്നൂ
കണതതി മേളി, ച്ചണുതതി മേളി-
ച്ചുരുവം കൊൾവു പദാർത്ഥങ്ങൾ
രാസഗഭീരവിലോലവിചേഷ്ടക –
ളാദിമതാരാവ്യൂഹങ്ങൾ
അയുതായുതബഹുവ്യൂഹാവലികളി –
ലത്ഭുതഭാസ്കരബിംബങ്ങൾ
അതിരയമവയെച്ചുറ്റിപ്പോകു-
ന്നതിശയഗ്രഹനവലോകങ്ങൾ
അവയുടെ ഘനതപകേന്ദ്രം ചുറ്റി –
തണുവെഴുമാദിമഗഗനങ്ങൾ
ഇടിമിന്നൽ ചുഴി ചുറ്റിച്ചിതറി –
ക്കൊടുമഴ പെയ്ത യുഗാന്തത്തിൽ
തണുതണുകരുണാജലനിധി- നടുവിൽ
ജൈവസരോരുഹജനിപുടമിടയിൽ
ഇടിപടമിന്നലിലിടചേർന്നുരുവാ-
യാദിമജീവൽസ്പന്ദങ്ങൾ…
കടുദുരിതക്കടലലമേൽ ഞാനൊരു
ചിരിയാലിലമേലൊഴുകുന്നു
അച്ചിരി പൊട്ടിവിരിഞ്ഞിട്ടല്ലോ
മൂവേഴുലകു പിറക്കുന്നൂ
