പൂമുഖം LITERATUREകവിത നിനക്ക് കത്തുകളെഴുതുന്ന ഇടം

നിനക്ക് കത്തുകളെഴുതുന്ന ഇടം

ചുമരുകളിൽ,
ജനാലയുണ്ടായിരുന്ന വിടവിൽ,
ഇളകിയ മച്ചിൽ,
അടർന്ന തറയിൽ
കാട് മുളച്ചു പൊന്തുന്നു.
ഉറുമ്പ് കടക്കുന്ന പിളർപ്പുകളെല്ലാം
പൂത്തുലയുന്നു, പച്ച നിറയുന്നു, വേരുറയ്ക്കുന്നു

നിറം മാറുന്ന
മണിമാളികകൾക്ക് നടുവിൽ
കാർക്കശ്യക്കാരിയായ വൃദ്ധയെ പോലെ
ഒരു വീടിന്റെ അസ്ഥികൂടം.
ഇവിടെയിരുന്നാണ് ഞാൻ നിനക്ക്
കത്തുകളെഴുതുന്നത്.

ഇവിടെയൊരൊ ഇളകിയ മൂലകളിൽ
കാൽ നീട്ടി പിണച്ചു വെച്ച്
ആരൊക്കെയോ കഥ പറയുന്നുണ്ട്
എനിക്ക് കേൾക്കാം.
ഒരു രാത്രിയിൽ മിന്നാമിനുങ്ങുകൾ
വട്ടം ചുറ്റുന്നത് നോക്കി നോക്കിയാണ്
ഞാനിവിടെ എത്തിയത്.
ഒരിക്കൽ നിറഞ്ഞു തുളുമ്പിയിരുന്നതിന്റെ
അടയാളങ്ങളിലൂടെ
പുല്ലുകൾ എഴുന്നു നിന്നിരുന്നു
പേരറിയാത്ത പൂക്കൾ, സ്നേഹം വറ്റിയാലും വളരാതെങ്ങനെ എന്ന മട്ടിൽ
മുറിവേറ്റ് വിശ്രമിക്കുന്ന പക്ഷികൾ
പ്രസവിക്കാനൊരുങ്ങുന്ന പൂച്ച
നാലുപാടും ചിതറിത്തെറിക്കുന്ന പ്രാണികൾ

ഉടുമ്പുകൾക്കു കയറിയിറങ്ങാൻ പാകത്തിൽ
ജനാലകൾ വിശാലമായിരിക്കുന്നു
അഴികൾ അഴിഞ്ഞു വീണതാവാം
മണ്ണിനടിയിൽ അവയുടെ കിലുക്കം
കമിഴ്ന്നു കിടന്നു ചെവി ചേർത്തു വെയ്ക്കണമെന്നേയുള്ളൂ
മലർന്നു കിടന്നാൽ ആകാശവും കാണാം
നക്ഷത്രങ്ങളെ എണ്ണിക്കൂട്ടി വെക്കാം.
കടൽത്തീരത്തെ ആകാശം പോലെ.

നീ വായിച്ചാലുമില്ലെങ്കിലും
ഇവിടെയിരുന്നാണ് ഞാൻ നിനക്ക് കത്തുകളെഴുതുന്നത്,
എഴുതിതീർക്കുമ്പോൾ ഒരു പക്ഷി ചിലയ്ക്കും
നാഴികമണി മുട്ടുന്നത് പോലെ.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.