പൂമുഖം POLITICS മെയ് 23ന് ശേഷം ?

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : മെയ് 23ന് ശേഷം ?

 

തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സിനോ ബിജെപിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. മന്ത്രിസഭ രൂപീകരിക്കാൻ ആദ്യം ആരെയാണ് ക്ഷണിക്കേണ്ടത് എന്നൊക്കെ തീരുമാനിക്കേണ്ടത് രാഷ്ട്രപതിയാണ്. സ്വാഭാവികമായും, തെരഞ്ഞെടുപ്പിന് മുമ്പേയുള്ള മുന്നണികളായ NDA അല്ലെങ്കിൽ UPA ഇതിൽ ആർക്കാണ് കൂടുതൽ സീറ്റ് എന്നായിരിക്കും രാഷ്ട്രപതി പരിഗണിക്കുക. അല്ലെങ്കിൽ ആരാണോ ഏറ്റവും വലിയ ഒറ്റ കക്ഷി അവരെ ക്ഷണിച്ചു സത്യപ്രതിജ്ഞ ചെയ്യിക്കും. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടി അവർക്ക് സമയവും കൊടുക്കും. മോഡിയുടെ ആജ്ഞാനുവർത്തിയായ ഒരാളാണ്‌ രാഷ്രപതി കസേരയിൽ ഇരിക്കുന്നത് എന്നത് കൊണ്ട് തന്നെ ബിജെപിക്ക് അനുകൂലമായ ഒരു തീരുമാനമായിരിക്കും അദ്ദേഹത്തിൽ നിന്നും ഉണ്ടാവാൻ പോകുന്നത്. അല്ലാതെ മായാവതിയും സിപിഎമ്മും ഒക്കെ കണക്ക് കൂട്ടുന്നത് പോലെ മോഡിയെ പുറത്താക്കാനുള്ള ഒരു തട്ടിക്കൂട്ട് മുന്നണിയെയൊന്നും അദ്ദേഹം അംഗീകരിക്കുകയില്ല. വാജ്‌പേയിയുടെ നോമിനിയായിരുന്നുവെങ്കിലും പക്ഷം പിടിക്കാത്ത മതേതര ജനാധിപത്യ വാദിയായ APJ അബ്ദുൽ കലാമായിരുന്നു രാഷ്‌ട്രപതി കസേരയിൽ എന്നത് കൊണ്ട് മാത്രമായിരുന്നു pre-poll alliance അല്ലാതിരുന്നിട്ടും 2004 ൽ ഒന്നാം UPA സാധ്യമായത്.

കുറഞ്ഞത് 150 സീറ്റ് കിട്ടിയാൽ പോലും മോഡി മന്ത്രിസഭ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ എല്ലാവരും കരുതുന്നത് പോലെ ഭൂരിപക്ഷം ഉറപ്പാക്കാൻ വേണ്ടി ജയിച്ചു വരുന്ന കോണ്ഗ്രസ്കാരെ വിലക്ക് വാങ്ങാനൊന്നും അവര് ശ്രമിക്കുകയില്ല. കാരണം അവർക്ക് വേണ്ടത് MP മാരെയാണ്. ജയിച്ചു കഴിഞ്ഞ് കോണ്ഗ്രസ് MP മാർ മറുകണ്ടം ചാടിയാൽ അവരുടെ MP സ്ഥാനം നഷ്ടമാവും. MP സ്ഥാനം ഇല്ലാത്ത ആളുകളെ കിട്ടിയിട്ട് ബിജെപി ക്ക് എന്ത്‌ കാര്യം ?

യുപിയിൽ കോണ്ഗ്രസ് കൂടുതൽ സീറ്റ് നേടാതെ മഹാസഖ്യം മാത്രം നേട്ടമുണ്ടാക്കിയാലും അതിന്റെ പ്രയോജനം ലഭിക്കുക മോഡിക്ക് തന്നെയായിരിക്കും. 25 ൽ കൂടുതൽ സീറ്റ് നേടാൻ സാധ്യതയുള്ള മായാവതിയും 3 സീറ്റ് നേടുന്ന അജിത് സിംഗിന്റെ RLD യും NDA യെയോടൊപ്പം പോകുമെന്ന കാര്യം ഉറപ്പാണ്. നല്ല ഓഫർ കിട്ടിയാൽ ചിലപ്പോൾ അഖിലേഷ് യാദവും (20 സീറ്റ്) മോഡിയെ പിന്തുണക്കും. തെലുങ്കാനയിലെ KCR നെയും (14 സീറ്റ് ) ആന്ധ്രായിലെ ജഗ്‌മോഹനെയും(22 സീറ്റ്) ഒഡിഷയിലെ നവീൻ പട്നായിക്കിനെയും (16 സീറ്റ്) അവർ വരുതിയിലാക്കാനും ശ്രമിക്കും..

കേന്ദ്രത്തിൽ മോഡിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ വരാതിരിക്കാനുള്ള സാഹചര്യം ഉണ്ടാവണമെങ്കിൽ ഏറ്റവും വലിയ ഒറ്റ കക്ഷി ആയി കോണ്ഗ്രസ് തന്നെ വരണം. UPA സഖ്യ കക്ഷികളും പരമാവധി സീറ്റുകളിലും ജയിക്കണം. അതുവഴി സർക്കാറുണ്ടാക്കാനുള്ള ക്ഷണം UPA ക്ക് കിട്ടിയാൽ മേൽപ്പറഞ്ഞ ചെറു പാർട്ടികളൊക്ക അതിൽ പങ്കാളികളാവുകയും അങ്ങനെ മോഡിയെ മാറ്റി നിർത്താനും സാധിക്കും. അല്ലാതെ ഇലക്ഷന് ശേഷം എല്ലാ പാർട്ടികളും ചേർന്ന് ഒരു മുന്നണി ഉണ്ടാക്കി മോഡിയെ പ്രധിരോധിക്കാം എന്നൊക്കെ കണക്ക് കൂട്ടാമെങ്കിലും അത് വിജയിക്കാനുള്ള സാധ്യത തുലോം കുറവാണ്.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഇരുപത് സീറ്റുകളിൽ പരമാവധി സീറ്റുകളും UDF ന് കിട്ടണം എന്ന വാദത്തിനു പ്രസക്തിയേറുന്നത്.. ജയിച്ചു കഴിഞ്ഞാൽ ഇടതുപക്ഷ എംപി മാർ ബിജെപിയിലേക്ക് പോകില്ല എന്ന വാദം അംഗീകരിച്ചു ഇടത് പക്ഷത്തിനെ ജയിപ്പിച്ചാൽ പോലും മോഡിയുടെ ഭരണത്തുടർച്ച തടയാനാവില്ല. കേന്ദ്രത്തിൽ ഫാഷിസ്റ്റ് വിരുദ്ധ സർക്കാർ രൂപീകരിക്കാനുമുള്ള സാഹചര്യം ഉണ്ടാവണമെങ്കിൽ കോൺഗ്രസ്സിന്‌നും UPA ക്കും സീറ്റുകൾ കൂടുക തന്നെ വേണം. മന്ത്രിസഭ രൂപീകരിക്കാനുള്ള ക്ഷണം മോഡി വിരുദ്ധരെന്നവകാശപ്പെടുന്ന മറ്റുള്ളവർക്ക് ലഭിച്ചാൽ മാത്രമേ കേരളത്തിലെ ഇരുപത് സീറ്റുകളിലും ജയിച്ചാൽ പോലും LDF ന് എന്തെങ്കിലും സംഭാവന ചെയ്യാൻ പറ്റുകയുള്ളൂ..

Comments
Print Friendly, PDF & Email

You may also like