പൂമുഖം OPINION പ്രകൃതിയുടെ ചെലവില്‍ ഇനിയും സുഖിക്കാനാവില്ല

പ്രകൃതിയുടെ ചെലവില്‍ ഇനിയും സുഖിക്കാനാവില്ല

ര്‍ക്കാര്‍ കണക്കനുസരിച്ച് കേരളത്തിന്റെ ഭൂവിസ്തൃതിയുടെ ഏകദേശം 27 ശതമാനം വനഭൂമിയാണ്. ഇതുതന്നെ പെരുപ്പിച്ച കണക്കാവാനേ തരമുള്ളു. കാരണം ഇതിലധികഭാഗവും വനമല്ലാതായിക്കഴിഞ്ഞ സര്‍ക്കാര്‍ വക തേക്ക് പ്ലാന്റേഷനാണ്. കുറേഭാഗം അണക്കെട്ടുകളുടെ സംഭരണി എന്ന നിലയില്‍ വനപ്രകൃതി നഷ്ടപ്പെട്ട ഭൂപ്രദേശങ്ങളാണ്. പാറപൊട്ടിച്ചും മണ്ണെടുത്തും മലയിടിച്ചും മരംമുറിച്ചും കയ്യേറ്റങ്ങള്‍ നടത്തിയും വനത്തിന്റെ ഏറെ ഭാഗങ്ങള്‍ നശിച്ചു കഴിഞ്ഞിരിക്കുന്നു. അതായത് ഇപ്പോള്‍ വനമെന്നവകാശപ്പെടുന്നതില്‍ ഏറിയ പങ്കും സ്വാഭാവിക വനമല്ല എന്നര്‍ഥം.

athira
യഥാര്‍ത്ഥത്തിലുള്ള വനം പ്രാക്തനവും സചേതനവുമായ സ്വാഭാവിക ജൈവവൈവിധ്യ ഭൂമേഖലയാണ്. സ്വയം നിര്‍മിതവും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നതും ഉജ്ജ്വലവുമായ ഒരു സമഗ്ര ജൈവ ആവാസവ്യവസ്ഥയാണത്. പ്രാക്തനമായ ജൈവ വൈവിധ്യങ്ങളുടെ, അരുവികളുടെ, പുഴകളുടെ, അനേക കോടി ജീവജാലങ്ങളുടെയെല്ലാം ഉറവിടങ്ങളാണ് അചുംബിത വനങ്ങള്‍. ഇത്തരം നിത്യഹരിത കന്യാവനങ്ങള്‍ കേരളത്തിന്റെ മേല്‍പറഞ്ഞ വനവിസ്തൃതിയില്‍ ശേഷിക്കുന്നത് ഏകദേശം രണ്ട് ശതമാനം മാത്രമാണ്. ഇതിലുള്‍പ്പെടുന്ന ലോകത്തിലെതന്നെ ഏറ്റവും അപൂര്‍വമായ വനമേഖലയാണ് പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ അതിരപ്പള്ളി-വാഴച്ചാല്‍ വനപ്രദേശം. മനുഷ്യര്‍ക്കോ, മനുഷ്യര്‍ ചെലവഴിക്കുന്ന എത്രയോ കോടി ഡോളറുകള്‍ക്കോ പുനര്‍നിര്‍മിക്കാവുന്നതല്ല അതിരപ്പള്ളി പോലൊരു ജൈവവൈവിധ്യ വ്യവസ്ഥ. മനുഷ്യബുദ്ധികൊണ്ട് നിഷ്പ്രയാസം അവയെ നശിപ്പിക്കാനാവും. വനം ഉണ്ടായിത്തീരണമെങ്കിലും ശേഷിക്കുന്ന വനം നിലനില്‍ക്കണമെങ്കിലും അവയ്ക്ക് മേലുള്ള മനുഷ്യന്റെ നിഷ്‌കരുണമായ കടന്നാക്രമണങ്ങള്‍ ഇല്ലാതാവണം.

മനുഷ്യന്‍ മാത്രമാണ് പ്രകൃതിയും വനവും നശിപ്പിക്കുന്നത്. മറ്റെല്ലാ ജീവിവിഭാഗങ്ങളും ജീവന്റെ നിലനില്‍പ്പിന് വേണ്ടി പ്രകൃതിയെ ഉപജീവിച്ചു കഴിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. സ്വന്തം സുഖഭോഗങ്ങള്‍ക്ക് വേണ്ടി പ്രകൃതിയും വനവും നശിപ്പിച്ച് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഭൂമിയിലെ ഏക ജീവിവിഭാഗം മനുഷ്യനാണ്. അതുവഴി മറ്റെല്ലാ ജീവജാലങ്ങളുടെയും നിലനില്‍പിന് മനുഷ്യന്‍ ഭീഷണിയായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട് അതിരപ്പള്ളി പദ്ധതിക്കുവേണ്ടിയുള്ള ‘മണി’മുഴക്കം ജീവന്റെ മരണ ‘മണി’മുഴക്കമാണെന്ന് അര്‍ഥം. വിവേകശാലികളും മനുഷ്യസ്‌നേഹികളും അപകടകരമായ ഈ ‘മണി’മുഴക്കത്തിനു അന്ത്യം കുറിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നേ മതിയാകൂ.

അതിരപ്പള്ളി ഉള്‍പ്പെടെ പശ്ചിമഘട്ടത്തിലെ ശേഷിക്കുന്ന കന്യാവനങ്ങളാണ് കേരളത്തിലെ മരണം കാത്തുകഴിയുന്ന 47 നദികളുടെ ജന്മപ്രഭവ കേന്ദ്രം. ഈ നദികള്‍ ഇന്ന് മഴക്കാലങ്ങളില്‍ മാത്രം ഒഴുക്കിവിടുന്ന പ്രകൃതിയുടെ കണ്ണുനീരാണ് മൂന്നരക്കോടി മലയാളികളുടെയും ദൃശ്യവും അദൃശ്യവുമായ അനേക കോടി ജൈവ വൈവിധ്യങ്ങളുടേയും നിലനില്‍പ്പിനാധാരം. വേനല്‍ക്കാലങ്ങളില്‍ 44 ശതമാനം വരെ ഉയരുന്ന കേരളത്തിന്റെ അന്തരീക്ഷ താപനില ഇനിയും ഉയരാതിരിക്കണമെങ്കില്‍ ”മണി മുഴക്കുന്നവരേ…. നിങ്ങള്‍ തൊട്ടുപോകരുത് ഈ മാതൃവനങ്ങളെ” എന്ന് പറയാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി ഇപ്പോള്‍തന്നെ എഴുന്നേറ്റു നില്‍ക്കണം.

അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജലവിഭവങ്ങളെ ആശ്രയിച്ചുള്ള വൈദ്യുതോല്‍പാദന പദ്ധതികള്‍ കേരളത്തിലെ ശേഷിക്കുന്ന വനങ്ങളുടെ സമ്പൂര്‍ണനാശത്തിനും അതുവഴി അന്തരീക്ഷ താപനില ക്രമാതീതമായി ഉയരാനും മാത്രമേ ഉപകരിക്കൂവെന്ന് വികസന മൗലികവാദികളായ ഭരണകര്‍ത്താക്കള്‍ തിരിച്ചറിയണം. പ്രകൃതിയുടെ ചെലവില്‍ ഇനിയും ഏറെക്കാലം മനുഷ്യന് സുഖിക്കാനാവില്ല. പാരമ്പര്യ വൈദ്യുതി സ്രോതസുകള്‍ ചെലവേറിയതാണെന്ന് വാദിച്ചാല്‍ പോലും അവയെ വൈദ്യുതിക്കായി ആശ്രയിക്കുന്നത് തന്നെയാണ് വിവേകമുള്ള ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്.

അതിരപ്പള്ളി എന്നല്ല, ഭരണാധികാരികളുടെ അടുക്കളകലങ്ങളില്‍, വെറും ലാഭേച്ഛയും സ്വാര്‍ഥ താല്‍പര്യങ്ങളും മാത്രം മുന്‍നിര്‍ത്തി വേവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ജലവൈദ്യുത പദ്ധതികളും നിര്‍ത്തിവച്ച് അടുപ്പില്‍ വച്ച വെള്ളം വാങ്ങി വയ്ക്കണം. ഇല്ലെങ്കില്‍, കാടും പ്രകൃതിയും നശിപ്പിച്ച് നിങ്ങളുണ്ടാക്കുന്ന വൈദ്യുതി കൊണ്ടൊന്നും വെന്തുരുകാന്‍ പോകുന്ന കേരളത്തെ രക്ഷിക്കാനാവില്ല. അതുകൊണ്ട് പ്രകൃതിയുടെ ചെലവില്‍ ധനികര്‍ക്കു മാത്രം സുഖഭോഗങ്ങള്‍ പ്രദാനം ചെയ്യുന്ന മനുഷ്യരെ മുഴുവന്‍ കൊടും ചൂടിലേക്ക് തള്ളിവിടുന്ന ജനവിരുദ്ധമായ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് ഭരണാധികാരികള്‍ വഴിമാറി ചിന്തിക്കാന്‍ ഇനിയും സമയം അതിക്രമിച്ചുകൂടാ.

Comments
Print Friendly, PDF & Email

You may also like