പൂമുഖം LITERATURE പ്രേതസല്ലാപം

പ്രേതസല്ലാപം

 

ോളേജിനുള്ളിൽ പലകാലത്തായി പ്രണയനഷ്ടത്താൽ ആത്മഹത്യ ചെയ്ത മൂന്ന് പെൺപ്രേതങ്ങളും രണ്ട് ആൺ പ്രേതങ്ങളുമുണ്ടായിരുന്നു. നേരം നന്നേ ഇരുട്ടിക്കഴിഞ്ഞാൽ ഇവർ പതിവായി പലരൂപങ്ങളിലും പുറത്തിറങ്ങുക പതിവായിരുന്നു. ചിലനേരം കാറ്റായും, മഴക്കാലങ്ങളിൽ മഴയായും, പരസ്പരം കെട്ടിപ്പൂണരണമെന്നഗ്രഹിക്കുന്ന വേളകളിൽ ഇടിമിന്നലായ്‌പ്പോലും ഇവർ സഞ്ചരിച്ചുപോന്നു. കോളേജിനുള്ളിലെ നൈറ്റ് വാച്ചറെ പേടിപ്പെടുത്താതിരിക്കാൻ പലപ്പോഴും കാന്റീനിന്റെ വശം ചേർന്നുള്ള ബോഗൻവില്ലയിലും ഫിസിക്‌സ് ലബോറട്ടറിയോടു ചേർന്നുള്ള കുറ്റിക്കാട്ടിലുമാണ് ഇവർ മേളിച്ചിരുന്നത്.

ഒരു ശനിയാഴ്ച രാത്രി സഞ്ചാരത്തിനിടെ പൊട്ടിച്ചിരിച്ചുകൊണ്ടും പരസ്പരം തോളിൽ പടർന്നിറങ്ങിക്കൊണ്ടൂം യാത്ര വരവേ ഫിസിക്‌സ് ലബോറട്ടറിയോടു ചേർന്ന കുറ്റിക്കാട്ടിൽ ഏതോ ഒരു പുതിയ പ്രകാശം മിന്നുന്നത് പ്രേതങ്ങൾ കണ്ടൂ:

‘നോക്കെടാ പുതിയ ഒരു പ്രേതം’ ഒരു പെൺ പ്രേതം ആൺപ്രേതത്തിന്റെ ചെവിയിൽ പറഞ്ഞു.

 

പ്രേതങ്ങൾക്ക് അന്യോന്യം മടുത്തിരുന്നു അക്കാലം. പരസ്പരം തുറന്നു പറഞ്ഞിരുന്നില്ലെങ്കിലും, അന്യോന്യം പറഞ്ഞിരുന്ന കഥകളും കളിതമാശകളും മടുത്തിരുന്നു. ഏറെനാളായി അവരുടെ കൂട്ടത്തിലേക്ക് ആരും വന്നു ചേരുന്നുണ്ടായിരുന്നില്ല. മനുഷ്യർക്കിതെന്തുപറ്റി, പ്രേമത്തിനിതെന്തുപറ്റി,എന്നെല്ലാം ചിലപ്പോൾ ആത്മഗതമായും ചിലപ്പോൾ അന്യോന്യവും പ്രേതങ്ങൾ പരസ്പരം ആശയവിനിമയം നടത്താറുണ്ടായിരുന്ന കാലവുമായിരുന്നു അത്. ഒട്ടൂം സംശയിക്കേണ്ട, ലോകമുള്ള കാലത്തോളം പ്രേമം മൺമറഞ്ഞുപോവില്ല എന്നൊക്കെ ലോകമുള്ള കാലത്തോളം വായന മരിക്കില്ല പുസ്തകം മരിക്കില്ല എന്നൊക്കെ ജീവിച്ചിരുന്നപ്പോൾ ഉരുവിട്ട തീക്ഷ്ണതയോടെ പറഞ്ഞിരുന്ന ഒരു ആൺപ്രേതം പോലും ഇപ്പോളിപ്പോൾ അത്ര ഉറപ്പില്ലാതെ സംസാരിക്കുന്ന കാലമായിരുന്നു. അതുകൊണ്ടുതന്നെ പുതിയ ഒരു വെളിച്ചം കണ്ടപ്പോൾ പ്രേതങ്ങൾ വെളിച്ചം കണ്ട ദിക്കിലേക്ക് ആവേശത്തോടെ പറന്നു ചെന്നു.

‘ആണാണ്.’ ഒരു പെൺപ്രേതം പറക്കുന്നതിനിടയിൽത്തന്നെ മറ്റൊരു പെൺപ്രേതത്തിന്റെ ചെവിയിൽ പറഞ്ഞു.

പ്രേതങ്ങളെ കണ്ടപ്പോൾ പുതിയ പ്രേതം ആശ്വാസത്തോടെ ഒന്നു മിന്നി.

ആൺപ്രേതങ്ങൾ സ്വയം പരിചയപ്പെടുത്തി. പുതിയ കാലത്തിനു മുൻപ് മരിച്ചുപോയവരായിരുന്നതുകൊണ്ട് പെൺപ്രേതങ്ങൾ അല്പമൊരകൽച്ചയോടെയും ലജ്ജയോടെയും മാറിനിന്നതേയുള്ളൂ. അവരിൽ സ്ഥിരമായി സാരിമാത്രം ധരിച്ചിരുന്ന രണ്ടുപേർ സാരി യഥാസ്ഥാനത്തുതന്നെയോ എന്നു പരിശോധിച്ചു, പുതിയ പ്രേതത്തെ സാകൂതം നോക്കി.

‘ഒരു പുതിയ കൂട്ടില്ലാതെ ഞങ്ങൾ ബോറടിച്ചുതുടങ്ങിയിരുന്നു.’ ഒരു ആൺപ്രേതം പറഞ്ഞു.

‘ഇവിടെ മൊബൈൽ റേഞ്ച് ഇല്ല; അല്ലേ?’ പുതിയ പ്രേതം ചോദിച്ചു.

പഴയപ്രേതങ്ങൾ പരസ്പരം നോക്കി. അത് അവർകേട്ടിട്ടു പോലുമില്ലായിരുന്നു. പ്രേമലേഖനങ്ങളുടെ കാലത്ത് മരിച്ചുപോയവരായിരുന്നു അവർ. കൂട്ടത്തിൽ ചുരിദാർ ധരിച്ച പെൺപ്രേതം മാത്രം എന്തോ ഓർത്ത് എന്തോ പറയാൻ വന്ന് പിന്നീടതടക്കി. അവൾക്കതത്ര ഉറപ്പില്ലായിരുന്നു.

‘ദാഹിക്കുന്നു.’ പുതിയ പ്രേതം പറഞ്ഞു.

‘ഞങ്ങൾ പ്രേമഗാനങ്ങൾ പാടിത്തരാം,’ പ്രേതങ്ങൾ പറഞ്ഞു.’ ഞങ്ങൾ അങ്ങിനെയാണ് ചെയ്യാറ്.’ പിന്നെ പുതിയ പ്രേതത്തിനു വട്ടമിട്ടിരുന്ന് അവർ പഴയ മലയാള പ്രേമഗാനങ്ങൾ പാടി. ഓമലാളെക്കണ്ടു ഞാൻ, പ്രേമഭിക്ഷുകി,, പ്രണയസരോവരതീരം അന്നൊരു പ്രദോഷസന്ധ്യാനേരം….എന്നിങ്ങനെ ഗാനങ്ങൾ കുളിരണിഞ്ഞു.

എന്നിട്ടും പുതിയ പ്രേതത്തിന് ദാഹം മാറിയില്ല. കുറേശ്ശെ വിശക്കാനും തുടങ്ങി.

‘ലൈബ്രറിയിൽ മുട്ടത്തുവർക്കിയുടെ പുസ്തകങ്ങൾ കാണും.’ അല്പമൊരധൈര്യത്തോടെ ചുരിദാറിട്ട പ്രേതം പറഞ്ഞു. ‘ഇപ്പോളാരും പ്രണയത്തിന്റെ പുസ്തകങ്ങൾ എഴുതാറില്ലെന്നു തോന്നുന്നു.’ മറ്റു പ്രേതങ്ങൾ ഒന്നും പറഞ്ഞില്ല. പ്രേതങ്ങൾക്ക് പൊതുവേ വിശപ്പു കുറവായിരുന്നതുകൊണ്ട് അവർക്ക് ഒരു ശരിയുത്തരം പറയുക അസാധ്യമായിരുന്നു.

പുതിയ പ്രേതത്തിനെ മറുപടികൾ ഒന്നും ശമിപ്പിച്ചില്ല. ഉള്ളിൽ ദാഹത്തിന്റേയും വിശപ്പിന്റേയും ചൂട് കൂടുന്നത് പ്രേതം അനുഭവിച്ചറിഞ്ഞു. അത് ഒരു എരിപൊരി സഞ്ചാരമായിരുന്നു. പെട്ടന്നു കനത്തു വിങ്ങി ഉള്ളിൽ നിന്നും രക്തത്തിന്റെ വൻ മഴകൾ ചീറ്റിത്തെറിക്കുന്നതുപോലെ, ഉടൽ പൊളിഞ്ഞിളകുന്നതുപോലെയുള്ള ചൂട്. അസഹനീയമായി പ്രേതം നിലവിളിച്ചു. എന്താണ് പറയേണ്ടതെന്ന് പ്രേതത്തിനറിയാമായിരുന്നില്ല.

ഇപ്പോൾ പെറ്റിട്ടുവീണ കുഞ്ഞ് കരയുന്നതെന്തിനാണെന്നറിയാതെ അന്ധാളിച്ച അമ്മയെപ്പോലെ മറ്റു പ്രേതങ്ങൾ സ്തംഭിച്ചു നിന്നു. കൂട്ടത്തിലെ ആദ്യത്തെ ആൺ പ്രേതം ‘മംഗളം നേരുന്നു ഞാൻ, മനസ്വിനി…’ എന്ന് ഒരു വട്ടം കൂടി ദുർബലമായി പാടാൻ ശ്രമിച്ചു.

‘നിർത്തൂ….’ പുതിയ പ്രേതം ഉറക്കെ കരഞ്ഞു. പ്രേമഗാനങ്ങൾ പാടും തോറും ചൂട് കൂടുകയാണെന്ന് അതിനകം അതിനു മനസ്സിലായിക്കഴിഞ്ഞിരുന്നു.

‘നിനക്ക് നിന്റെ പ്രണയിനിയെ ഓർക്കണ്ടേ?’ സാരിയുടുത്ത ഒരു പെൺപ്രേതം പുതിയ പ്രേതത്തെ സഹതാപത്തോടെ തൊട്ടുകൊണ്ട് ചോദിച്ചു.

‘എനിക്ക് പ്രണയിനിയില്ല.’ പുതിയ പ്രേതം നിസ്സഹായതയോടെ പറഞ്ഞു.

‘നീ പിന്നെ എന്തിനാണ് ആത്മഹത്യ ചെയ്തത്?’ പ്രേതങ്ങൾ ദേഷ്യത്തോടെ ചോദിച്ചു.

‘ഞാനല്ല ആത്മഹത്യചെയ്തത്’ പുതിയ പ്രേതം പറഞ്ഞു. ‘എന്റെ ജാതിയാണ്. എന്റെ ജാതിയെ ആർക്കും കണ്ടുകൂടായിരുന്നു. അതുകൊണ്ട് ഞാനതിനെ തൂക്കിക്കൊന്നു. ഇതിനിടയിൽ എനിക്കെന്തുപറ്റിയെന്ന് എനിക്കറിഞ്ഞു കൂടാ….’ അതു പറയവേ അയാളുടെ ഉള്ളിൽ ചൂടു കൂടി. സ്വേദഗ്രന്ഥികൾ വിങ്ങി ഇപ്പോൾ പൊട്ടുമെന്നപോലെ അയാൾ നിലവിളിച്ചു:’ദാഹിക്കുന്നു’

പ്രണയനൈരാശ്യത്താൽ ആത്മഹത്യചെയ്ത പഴയപ്രേതങ്ങൾ അന്ധാളിപ്പോടെ പരസ്പരം നോക്കി.’എന്താ നിന്റെ ജാതി?’ ആരോ ഒരാൾ അധൈര്യത്തോടെ ചോദിച്ചു.

അതിനയാൾ  മറുപടി പറയവേ  ഉള്ളിൽ വിങ്ങി നിന്ന എന്തോ ഒന്ന് തീജ്ജ്വാല പോലെ പുറത്തേയ്ക്ക് തികട്ടുന്നത് പ്രേതം അറിഞ്ഞു. പുറത്തു വീണ് കത്തിപ്പടർന്ന തികട്ടലുകൾ ആകാശത്തേയും ഭൂമിയേയും തീ പിടിപ്പിച്ചു. കടലിൽ വീണ തീപ്പൊരികൾ ആളിപ്പടർന്ന് കടലിനെപ്പോലും തീ പിടിപ്പിച്ചു.

വെളിച്ചത്തിൽ പഴയപ്രേതങ്ങൾ ദൂരേയ്ക്ക് പറന്നുപോകുന്നത് പുതിയ പ്രേതം കണ്ടു.


 

Comments

കൊല്ലം ടി കെ എം എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം. കുണ്ടറ കേരളാ സിറാമിക്സ് ലിമിറ്റഡിൽ മാനേജർ എഞ്ചിനിയറിംഗ് ; 1988 ൽ മലയാളമനോരമ വാർഷികപ്പതിപ്പ് ശതാബ്ദി വർഷത്തിൽ കോളെജ് വിദ്യാർത്ഥികൾക്കായി നടത്തിയ ചെറുകഥാ മത്സരത്തിൽ അപ്പു ച്ചെട്ടിയുടെ ചിത്ര ദൈവങ്ങൾ എന്ന കഥയ്ക്ക് ഒന്നാം സമ്മാനം. ആതുരാലയം എന്ന കഥയ്ക്ക് അങ്കണം അവാർഡ് . നദികൾ മടങ്ങി വരും ഓരോരോ കഥകളുടെ അവകാശികൾ രാത്രിയിൽ യാത്രയില്ല അവളുടെ ശയനീയ ശായിയാം അവനൊരുഷസ്സിൽ എന്നീകഥാസമാഹാരങ്ങളും കഥയിൽ നിന്ന് അപ്രത്യക്ഷനായ ശിവൻ എന്ന നോവലും കൃതികൾ

You may also like