പൂമുഖം CINEMA അടൂർ: അരാഷ്ട്രീയമാവുന്ന ഒത്തുതീർപ്പുകൾ

അടൂർ: അരാഷ്ട്രീയമാവുന്ന ഒത്തുതീർപ്പുകൾ

ീഡിയത്തോട് നീതി പുലർത്തുക എന്നു പറയുന്നത് അതിലളിതവത്കരിക്കലാകും. സ്വന്തം കലയിലൂടെ പ്രകടമാകുന്ന കലാകാരന്റെ ആർട്ടിസ്റ്റിക് ഇന്റഗ്രിറ്റി ഉണ്ടല്ലോ, അതാണ് സർവ്വപ്രധാനം. കലാസൃഷ്ടിയിലൂടെ ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്താണ്,അതെങ്ങനെയാണ് പറയുന്നത്, അതിന്റെ രീതി, പ്രയോഗമുറ ഇതെല്ലാം അതിലുൾപ്പെടു” മെന്ന് കുറച്ചുകാലങ്ങൾക്കു മുൻപ് ചലച്ചിത്ര നിരൂപകൻ എംഎഫ് തോമസിനനുവദിച്ച ഒരഭിമുഖത്തിൽ ചലച്ചിത്രഭാഷയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി അടൂർ പറയുന്നുണ്ട്. മാധ്യമത്തോട് നീതി പുലർത്തുക എന്നതിനുമപ്പുറം ഒരു ആർട്ടിസ്റ്റിക് ഇന്റഗ്രിറ്റി നേടിയെടുക്കാൻ കഴിയുക എന്നതാണ് ഒരു ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം പ്രധാനമെന്ന് അടൂർ പറഞ്ഞുവെക്കുന്നു.

ചിത്രലേഖ ഫിലിം സൊസൈറ്റിയിലൂടെ പുറത്തു വന്ന സ്വയംവരത്തിൽ തുടങ്ങി പതിറ്റാണ്ടുകൾ നീണ്ട ചലച്ചിത്രപ്രവർത്തനങ്ങളിലൂടെ ഇപ്പറഞ്ഞ ആർട്ടിസ്റ്റിക് ഇന്റഗ്രിറ്റി നേടിയെടുക്കാൻ കഴിഞ്ഞ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. മാധ്യമത്തോട് നീതി പുലർത്തുന്നതിലുമപ്പുറം നിലവിലെ കാഴ്ചാരീതിയെ അട്ടിമറിക്കുകയും മാധ്യമത്തെ തന്നെ പുതുക്കിപ്പണിയുകയുമാണ് അടൂരിന്റെ സിനിമകൾ ചെയ്തത്. ഇന്ത്യൻഭാഷാ ചലച്ചിത്രങ്ങളുടെ ലോകനിലവാരം സത്യജിത് റായിയിൽ കുരുങ്ങിക്കിടക്കുകയാണെന്ന വിലാപങ്ങൾക്കിടെയാണ് മാധ്യമത്തെ തന്നെ പുനർനിർവചിച്ചുകൊണ്ട് അടൂർ മലയാളസിനിമയെ ലോകസിനിമയിലേക്ക് വളർത്തിയത്. സ്വയംവരത്തിനും അഞ്ചു വർഷങ്ങൾക്കു ശേഷമിറങ്ങിയ കൊടിയേറ്റം, സാമൂഹ്യജീർണാവസ്ഥയുടെ കഥ പറഞ്ഞ എലിപ്പത്തായം, മലയാളസിനിമ കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയ സിനിമകളിലൊന്നായ മുഖാമുഖം എന്നിവയിൽ തുടങ്ങി മുന്നോട്ടുളള ചലച്ചിത്രപ്രയാണത്തിൽ അടൂർ ഒരുക്കിത്തന്ന സിനിമകൾ കഥാഗതി, ആഖ്യാനരീതി, കഥപറച്ചിലിന്റെ ലീനിയർ ശൈലി, സംഗീതം എന്നിങ്ങനെ നിലനിൽക്കുന്ന രീതികളെ ഇളക്കിയിട്ടു; പലതിനെയും ചോദ്യം ചെയ്തു ; വിട്ടുവീഴ്ചകളോട് കലഹിച്ചു ; കാഴ്ചകളെ പുതുക്കിപ്പണിതു. ഒരു പ്രാദേശികഭാഷയുടെ വൃത്തത്തിനകത്ത് നിന്നുകൊണ്ടു തന്നെ ദേശാതിർത്തിക്കപ്പുറത്തേക്കു വളരാൻ കെല്പുളളവയാണ് നമ്മുടെ സിനിമയും  എന്ന പ്രഖ്യാപനമാണ് അടൂർ നടത്തിയത്. വർഷങ്ങൾക്കു ശേഷം താൻ ഒരു പുതിയ സിനിമയുമായി വരുന്നുവെന്നും ജനപ്രിയതാരങ്ങളും കൊമേഴ്സ്യൽ സിനിമയിലെ വിജയികളായ താരജോഡികൾ ദിലീപും കാവ്യാമാധവനുമാകും അതിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുകയെന്നും അടൂർ പ്രഖ്യാപിച്ചപ്പോൾ വലിയൊരു വിഭാഗം പ്രേക്ഷകസമൂഹം ആകാംക്ഷാപൂർവം കാത്തിരുന്നതും അതുകൊണ്ടു തന്നെ.

ഒരു സിനിമ നല്ലതോ ചീത്തയോ എന്ന വിലയിരുത്തൽ വിശാലാർത്ഥത്തിൽ അസംഭവ്യമാണ്. കാഴ്ചക്കാരന്റെ അഥവാ ആസ്വാദകന്റെ മുന്നറിവുകൾ, മാധ്യമവുമായുളള ബന്ധം, അനുഭവതലം, രാഷ്ട്രീയ‐സാമൂഹ്യനിലപാടുകളും ഇടപെടലുകളും തുടങ്ങി വിവിധ ഘടകങ്ങൾ ഉൾപ്പെട്ട സങ്കീർണമായ ഒരു പ്രക്രിയയാണല്ലോ ആസ്വാദനം. ഈ ഘടകങ്ങളിലെ ഏറ്റക്കുറച്ചിലുകൾ വ്യക്തികളിൽ പ്രകടമാണ് എന്നതുകൊണ്ട് ഒരാളിഷ്ടപ്പെടുന്ന സിനിമകൾ മറ്റൊരാളുടെ ഇഷ്ടസിനിമയായിക്കൊളളണമെന്നില്ല. അതുകൊണ്ടു തന്നെ അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും പുതിയ സിനിമ ഒരു നല്ല സിനിമയാണോ മോശം സിനിമയാണോ എന്ന് വിലയിരുത്തുന്നതിൽ സാംഗത്യമില്ല. ആ തീരുമാനം കണ്ടിറങ്ങുന്ന പ്രേക്ഷകന് വിട്ടുകൊടുക്കുക എന്നതാകും ശരിയായ നിലപാട്.

പലരും ചൂണ്ടിക്കാണിച്ച ഉത്തമസിനിമയുടെ ലക്ഷണവൈകല്യങ്ങളും കാസ്റ്റിങ്ങിൽ തുടങ്ങി കാലഗണന വരെ നീളുന്ന പോരായ്കകളും ആരോപിക്കപ്പെടുമ്പോൾ തന്നെ ഈ സിനിമ ആസ്വാദ്യകരമാണെന്ന് അഭിപ്രായപ്പെട്ട പ്രിയനന്ദനനെപ്പോലെയും സനൽകുമാർ ശശിധരനെപ്പോലെയുമുളള മുൻനിര സംവിധായകരുമുണ്ട്. അതുകൊണ്ട് പിന്നെയും ഒരു നല്ല സിനിമയോ മോശം സിനിമയോ എന്നതിലുപരി, ആ സിനിമ മുന്നോട്ടുവെക്കുന്ന പൊതുവീക്ഷണവും നിലപാടുകളും എങ്ങനെ വർത്തമാനകാലരാഷ്ട്രീയ സാഹചര്യങ്ങളോട് അനുനയപ്പെടുന്നു എന്ന അന്വേഷണം മാത്രമാണിത്.

നായകനായ പുരുഷോത്തമൻ നായരും അയാളുടെ ഭാര്യ ദേവിയുമാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങൾ. തൊഴിൽരഹിതനായ പുരുഷോത്തമൻ നായർ നീണ്ട തൊഴിലന്വേഷണങ്ങൾക്കു ശേഷം ഗൾഫിലേക്കു യാത്ര തിരിക്കുന്നതും അവിടെ സ്വരുക്കൂട്ടിയ പണം കൊണ്ട് വൻതുകക്ക് ഇൻഷൂറൻസ് പോളിസിയെടുക്കുന്നതും ആ തുക തട്ടിച്ചെടുക്കാനായി ഒരു കൊലപാതകം ആസൂത്രണം ചെയ്യുന്നതും തുടർന്ന് അത് അയാളുടെ ജീവിതത്തിലും അയാളോട് ബന്ധപ്പെട്ടു നിൽക്കുന്നവരുടെ ജീവിതത്തിലുമുണ്ടാക്കുന്ന പരിവർത്തനങ്ങളും ദുരന്തങ്ങളും വിഭ്രമവുമാണ് ഈ സിനിമയുടെ ഇതിവൃത്തമെന്ന് ഒറ്റവരിയിൽ പറയാം. 1984 ൽ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ ചുട്ടുകൊന്ന സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ഇതിവൃത്തത്തിന് പ്രത്യക്ഷ ബന്ധമുണ്ടെങ്കിലും അടൂർ പറയുന്നത് സുകുമാരക്കുറുപ്പിന്റെ കഥയോ ജീവിതമോ അല്ല. സുകുമാരക്കുറുപ്പ് സംഭവം മൂലകഥയായെടുത്ത് കഥാഗതിയിൽ സ്വന്തം കാഴ്ചപ്പാടുകളും നിലപാടുകളും സന്നിവേശിപ്പിക്കുകയാണ് അടൂർ ചെയ്യുന്നത്.
ഈ സിനിമ അടിമുടി അരാഷ്ട്രീയമാകുന്നതും ആ ഒത്തുതീർപ്പിൽ തന്നെ. മരിച്ചു കിടക്കുന്ന ഒരാളുടെ ദൃശ്യത്തിലും പോലീസുകാരിലും തുടങ്ങുന്ന സിനിമ പുരുഷോത്തമൻനായരെന്ന സവർണനിലേക്കും
ഫ്യൂഡൽശേഷിപ്പുകൾ മായാതെ നിൽക്കുന്ന അയാളുടെ കുടുംബത്തിലേക്കുമാണ് നീളുന്നത്. ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന നായകൻ താൻ വർഷങ്ങളായി ജോലിക്കു വേണ്ടി ശ്രമിക്കുകയാണെന്നും എന്നാലിതു വരെ വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബോർഡിനോട് പറയുന്നുണ്ട്. ബീകോം പാസായ ഒരാൾക്ക് ഒരു ക്ലാർക്കിന്റെ ജോലി പോലും കിട്ടില്ലേ എന്ന് ഇന്റർവ്യൂ ബോർഡംഗങ്ങളെക്കൊണ്ട് ചോദിപ്പിക്കുന്ന അടൂർ പക്ഷെ പുരുഷോത്തമൻനായർക്ക് ജോലി കിട്ടാത്തതിന്റെ കാരണം പ്രേക്ഷകരുടെ ഊഹത്തിന് വിടുകയാണ്. സർക്കാർ ജോലികൾ സംവരണവിഭാഗക്കാർ കയ്യടക്കുന്നു എന്ന സവർണവിഭാഗക്കാരുടെ മുറവിളി മുഴങ്ങിക്കേട്ട, ആഗോളവത്കരണത്തിനും മുൻപുളള കാലഘട്ടത്തിലാണ് കഥ നടക്കുന്നത് എന്നതിനാൽ നായർക്ക് ജോലി കിട്ടാത്തതിന്റെ കാരണം ജോലികൾ സംവരണക്കാർക്ക് വീതം വെച്ചു പോയി എന്നതാകാം. ചെറുപ്രായത്തിൽ തന്നെ പ്രേമിച്ച പെണ്ണിനെ എതിർപ്പുകൾ മറികടന്ന് (പിന്നിടയാൾ വിവാഹം ഒരു തെറ്റായിരുന്നെന്ന് പറയുന്നുണ്ടെങ്കിൽ തന്നെയും) സ്വന്തമാക്കാൻ ചങ്കൂറ്റം കാണിക്കുകയും സ്ഥിരോത്സാഹത്തോടെ ജോലിക്കായി അപേക്ഷകളയക്കുകയും ചെയ്യുന്ന വിദ്യാസമ്പന്നനായ ഒരു സവർണന് വർഷങ്ങളായിട്ടും ഒരു ക്ലാർക്കു ജോലി പോലും ലഭിക്കുന്നില്ലെങ്കിൽ അത് വ്യവസ്ഥിതിയുടെ തകരാറാകാനേ സാധ്യതയുളളൂ. നാട്ടിൽ ഒരു ജോലി കിട്ടാതെ ഗൾഫിൽ പോകുന്ന പുരുഷോത്തമൻനായർക്ക് അവിടെ സാമാന്യം ഉയർന്ന ഉദ്യോഗം തന്നെ കിട്ടുന്ന സൂചനകളാണ് അടൂർ തുടർന്ന് നൽകുന്നത് എന്നതുകൊണ്ട് ഒരു ജോലിക്കെടുക്കാൻ പ്രാപ്തിയില്ലാത്ത ആളല്ല നായകനെന്നും സിനിമ പറയുന്നു. പുരുഷോത്തമൻനായരുടെ കദനകഥ കേട്ട ഇന്റർവ്യൂബോർഡംഗം ഇയാൾക്ക് ആ ജോലി കൊടുത്തേക്കാമെന്ന് ശുപാർശ പറയുന്നുണ്ടെങ്കിലും, പുരുഷോത്തമൻനായർക്ക് ആ ജോലി കിട്ടുന്നില്ല എന്നതു കൂടി ഇവിടെ ചേർത്തുപറയേണ്ടതുണ്ട്. ബീകോം കഴിഞ്ഞ് എട്ടു വർഷമായിട്ടും പണി കിട്ടാത്ത നായർക്ക് മുപ്പത്തൊന്നു വയസാണെന്നൊക്കെ സിനിമയിൽ പറയിപ്പിക്കുന്നുണ്ട്….!! ഗൾഫിൽ നായകൻ പോയതായി കാണിക്കാൻ ഗൾഫിലെ റോഡുകളും കെട്ടിടങ്ങളും കാണിക്കുക, കഥാപാത്രങ്ങളെക്കൊണ്ട് പറയിപ്പിച്ചു തന്നെ അവരുടെ വയസ്സും ജാതിയുമറിയിക്കുക…. ഇതേ അടൂർ തന്നെയാണോ ഒരു പെൺമുഖം സ്ക്രീനിൽ പോലും കാണിക്കാതെ മതിലിനു മുകളിലേക്കുയരുന്ന ഒരു വടിക്കഷണത്തിന്റെ ഇമേജിലൂടെ നമ്മളെ പ്രണയം അനുഭവിപ്പിച്ചത്…!!

ദേവി എന്ന സ്ത്രീകഥാപാത്രത്തിന്റെ അവതരണത്തിലുമുണ്ട് ഈ പ്രതിസന്ധി. സുന്ദരിയും വെളുത്തവളുമായ അധ്യാപിക കൂടിയായ ദേവിയെ സ്വന്തമായ വ്യക്തിത്വവും നിലപാടുമുളളവളായിട്ടാണ് തുടക്കത്തിൽ അവതരിപ്പിക്കുന്നത്. ജോലിയില്ലാതെ വീട്ടിലിരിക്കുന്ന പുരുഷോത്തമൻനായരോട് ദേവിക്ക് അവജ്ഞയുണ്ട്. ആ അവജ്ഞ അയാളുടെ ലൈംഗികാവശ്യം നിഷേധിക്കുന്നതു വരെ എത്തിനിൽക്കുന്നുണ്ട്. എന്നാൽ കഥാപാത്രത്തിന്റെ വളർച്ചയിൽ തുടക്കത്തിൽ പറഞ്ഞ വ്യക്തിത്വവും നിലപാടും കൈമോശം വരികയും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കഥാഗതിക്കാവശ്യമായ ഒരു കഥാപാത്രമാക്കി ദേവിയെ ഒതുക്കിനിർത്തുകയുമാണ് സംവിധായകൻ ചെയ്യുന്നത്. തൊഴിൽരഹിതനായ നായകൻ ജോലി കിട്ടി ഗൾഫിലേക്കു പോകുന്നു എന്ന വാർത്തയൊക്കെ പോസ്റ്റുമാൻ വഴി അറിയുന്ന സന്ദർഭവും മറ്റും ഏതാണ്ട് ചില ടിവി സീരിയലുകളുടെ ശൈലിയിലാണ് അടൂർ കൈകാര്യം ചെയ്തിട്ടുളളത്. ഗൾഫിലേക്ക് പോകുന്ന പുരുഷോത്തമൻനായരെ നിലവിളക്കും കത്തിച്ചാണ് ദേവി യാത്രയാക്കുന്നത്. തുടർന്നങ്ങോട്ട് മനസിലുളള കാര്യങ്ങൾ പറഞ്ഞൊപ്പിക്കാനുളള ഒരു സാധ്യതയാക്കി ദേവിയെ നിലനിർത്തുകയാണ് അടൂർ ചെയ്തിട്ടുളളത്. അത് ആ കഥയുടെ ബാലൻസിങ്ങിനെ വല്ലാതെ ബാധിക്കുന്നുണ്ട്.

ഭർത്താവിന്റെ ലൈംഗികതാത്പര്യം വരെ നിഷേധിക്കാൻ തന്റേടം കാണിക്കുന്ന ദേവി, പക്ഷെ ഇൻഷൂറൻസ് തുക തട്ടിക്കാനുളള പുരുഷോത്തമൻനായരുടെ നീക്കത്തോട് എതിർപ്പു പ്രകടിപ്പിക്കുന്നെങ്കിലും തടയുന്നില്ല എന്നത് ശ്രദ്ധേയമാണ്. വിവരം അറിഞ്ഞിട്ടും അക്കാര്യം മറച്ചുവെച്ചു എന്ന കാരണത്താൽ അവർ കൂടി കുറ്റകൃത്യത്തിൽ പങ്കാളിയാണ്. പുരുഷോത്തമൻനായർ മരിച്ചതായി കാണിക്കുന്ന അയാൾ മരിച്ചിട്ടില്ലെന്ന് അറിയാമായിരുന്നിട്ടും ദുഖം അഭിനയിപ്പിച്ചു കിടത്തുന്നുണ്ട് ദേവിയെ. തുടക്കത്തിൽ അവതരിപ്പിക്കുമ്പോൾ അടൂർ നല്കുന്ന വ്യക്തിത്വം പിന്നീട് കഥാപാത്രത്തിൽ നിന്ന് ഏതുകാരണത്താലാണ് ചോർന്നു പോകുന്നതെന്ന് വ്യക്തമല്ലാത്തതു കൊണ്ട് തന്നെ പുരുഷോത്തമൻനായരുടെ പദ്ധതിയോട് ആഴത്തിലുളള എതിർപ്പ് ദേവിക്കുണ്ടായിരുന്നില്ലെന്നും ദേവി പറയുന്ന എതിർപ്പ് ആ ക്രൈമിന്റെ വരുംവരായ്കകളെ കുറിച്ചുളള ആശങ്കയിൽ നിന്നു മാത്രമാണെന്നും വായിച്ചെടുക്കേണ്ടിയിരിക്കുന്നു.അങ്ങനെ കുറ്റകൃത്യത്തിൽ പങ്കാളി കൂടിയായ ഒരു സ്ത്രീയെ പിന്നീട് കണ്ണീർനായികയാക്കി നിലനിർത്തുമ്പോൾ അത് കഥാഗതിയിൽ വല്ലാത്ത അലോസരമുണ്ടാക്കുന്നുണ്ട്.

വീട്ടിലെത്തിയ കൊല്ലപ്പെട്ടയാളുടെ മകനോട് മാതൃതുല്യമായ സ്നേഹത്തിൽ ദേവിയെ കൊണ്ട് സംസാരിപ്പിക്കുകയും പഠനത്തിന്റെ ചെലവ് ഏറ്റെടുക്കാമെന്നു പറയിപ്പിക്കുകയും ചെയ്യുന്നത് കഥാപാത്രത്തിലാരോപിച്ച കുലീനത ഒന്നു കൂടി ഉറപ്പിക്കാനാകാം. കറുത്ത ശരീരപ്രകൃതിയുളള ആ പയ്യനെക്കൊണ്ട് എത്ര വികൃതമായാണ് അടൂർ ഉമ്മറത്തു കൊണ്ടു പോയി യാചിപ്പിക്കുന്നത്…!! ആ യാചനയിൽ മനസലിയുന്ന ദേവിയെ അതിലൂടെ താനുദ്ദേശിക്കുന്ന ഗുണഗണങ്ങളിലേക്ക് വളർത്തിയെടുക്കാനുളള ശ്രമമാണ് അടൂർ നടത്തുന്നതെങ്കിലും കറുത്ത ശരീരങ്ങളോടുളള സമീപനത്തിൽ സമൂഹം ഗർഭത്തിൽ പേറുന്ന മുഴുവൻ മനോഭാവവും അതേപടി പ്രതിഫലിക്കുന്നുണ്ട് ആ രംഗത്ത്. മാതൃതുല്യമായ വാത്സല്യം വാക്കുകളിൽ കിനിയുന്നുണ്ടെങ്കിലും അവനെ സ്വാതന്ത്ര്യത്തോടെ അടുത്തു വിളിക്കാൻ ദേവി തയ്യാറാവുന്നില്ലെന്നും  ശ്രദ്ധേയമാണ്. സവർണനു മുന്നിൽ അവന്റെ കരുണക്കായി യാചിച്ച നിൽക്കുന്ന ഒരു തലമുറക്കിപ്പുറമുളള തൊലിവെളുപ്പില്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതു വഴി സംവിധായകൻ എന്താണാവോ പറയാനുദ്ദേശിച്ചത്…? ആ കഥാപാത്രത്തോട് കരുണ തോന്നി സഹായം ചെയ്യുന്ന സവർണകഥാപാത്രത്തെ, അതും കുറ്റകൃത്യത്തിൽ നിശബ്ദമായി പങ്കാളിയായ ഒരുവളെ മഹത്വവത്കരിക്കുക വഴി, താനേതു ചേരിയിലാണെന്ന് വ്യക്തമാക്കേണ്ട ബാധ്യത ചലച്ചിത്രകാരനുണ്ട്.

പുത്തൻകാലത്തിന്റെ സ്ത്രീപക്ഷ ദർശനങ്ങൾക്ക് നേർവിപരീതമായ ഭാഷയിലാണ് ദേവി സംസാരിക്കുന്നത്. നിശബ്ദമായി സഹിക്കുന്നവളും (ആ സഹനത്തിന്റെ ആഴം കാണിക്കാൻ അടൂർ ഉപയോഗിച്ച ബിംബങ്ങളാണ് അതിലേറെ ക്രൂരം) ഭർത്താവിനോടുളള വിയോജിപ്പ് കിടപ്പറയിലും വീട്ടിനുളളിലും മാത്രം കാണിക്കുന്നവളും എന്നാൽ അയാളുടെ സമൃദ്ധിയിൽ എല്ലാ തരം എതിർപ്പുകളും മാറ്റിവച്ച് ഭർത്താവിനോട് വിധേയപ്പെടുന്നവളുമാണ് സിനിമയിലെ നായിക. ഭർത്താവ് നടത്തുന്ന കുറ്റകൃത്യത്തിലടക്കം നിശബ്ദപങ്കാളിയാകുന്ന അത്രയും ഉത്തമകുടുംബിനിയാണവർ. ആ കുറ്റകൃത്യത്തെ ഒരിക്കൽ പോലും തളളിപ്പറയാതെ അതിന്റെ മുഴുവൻ ദുരന്തവും പേറി ജീവിതകാലം മുഴുവൻ ഭർത്താവിനെ ഓർത്തു കാലം കഴിക്കുന്നവൾ. നിലവിളക്കും അമ്പലവും വഴിപാടുമായി ഉളളുരുകുന്നവൾ. അവസാന രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മുഖം പ്ലാസ്റ്റിക് സർജറി (?) ചെയ്ത കഥാപാത്രത്തോട് ഇനി വരരുത് എന്ന് ദേവി അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും അത് അയാളെ വെറുത്തിട്ടല്ല, മറിച്ച് പ്രായപൂർത്തിയായ സ്വന്തം മകളുടെ ഭാവി ആലോചിച്ചിട്ടാണ്. ഇതൊരു സ്വപ്നദർശനമാണ് എന്ന് തോന്നുംവിധമാണ് സിനിമയിൽ കൈകാര്യം ചെയ്തിട്ടുളളതെങ്കിലും അത് യഥാർത്ഥത്തിൽ സംഭവിക്കുന്നതാണ് എന്ന സൂചനകളാണ് തുടർന്നുളളത്.

മകളുടെ പിറകെ നടക്കുന്ന കരുണാർദ്രനായ അച്ഛൻ, ഭാര്യയെ ഉളളഴിഞ്ഞു സ്നേഹിക്കുന്ന ഭർത്താവ്, സാഹചര്യങ്ങൾ കുറ്റവാളിയാക്കിയ ഒരു സ്വാത്വികൻ എന്നിങ്ങനെയുളള ഇമേജുകളാണ്, യാതൊരു മുൻപരിചയവുമില്ലാത്ത ഒരാളെ തട്ടിക്കൊണ്ടുപോയി കൊല ചെയ്യുകയും ഇൻഷൂറൻസ് കമ്പനിയെ കബളിപ്പിച്ച് ഒരു വൻതുക തട്ടിയെടുക്കാൻ ശ്രമിക്കുകയും (അതും സ്വന്തം കൊലപാതകം ആസൂത്രണം ചെയ്ത്…!!) തുടർന്ന് എല്ലാ നിയമസംവിധാനങ്ങളെയും കബളിപ്പിച്ച് ഒളിവിൽ പോകുകയും ചെയ്ത ഒരു കൊടുംകുറ്റവാളിക്ക് അടൂർ നല്കുന്ന പരിവേഷം. അയാളുടെ ദേവിയായും തങ്കമായും വരുന്ന ഭാര്യയാവട്ടെ, ഉത്തമകുടുംബിനീ സങ്കല്പത്തിന്റെ വാർപ്പുമാതൃകയും. ഇതിൽപരം മനോഹരമായി എങ്ങനെ വരച്ചു കാണിക്കാനാകും ഭാരതീയ കുടുംബസങ്കല്പം..!! കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മലയാളത്തിൽ തുടക്കം കുറിച്ച പുതിയ തലമുറയിലെ ഒരുപിടി കഴിവുളള സംവിധായകർ തെക്കിനിക്കപ്പുറത്തെ പറമ്പിൽ കുഴിച്ചു മൂടിയിട്ട നിലവിളക്കും കിണ്ടിയും മലയാളസിനിമയുടെ ഉമ്മറത്തേക്ക് വീണ്ടും എഴുന്നളളിച്ചു കൊണ്ടുവരികയാണ് അടൂർ ഈ സിനിമയിലൂടെ ചെയ്തിട്ടുളളത്. സവർണബിംബങ്ങളും മോഹൻലാലിന്റെ മീശപിരിയൻ കഥാപാത്രങ്ങളുമായി ആൽത്തറക്കും കൽമണ്ഡപത്തിനും ചുറ്റും ചുറ്റിത്തിരിഞ്ഞ മലയാളസിനിമ അതിൽ നിന്നും മാറിനടക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ആ മാറ്റത്തെയാണ് കിണ്ടിയും നിലവിളക്കുമായി മലയാളസിനിമയിലെ കാരണവർ പിന്നെയും പിന്നിലേക്ക് വിളിക്കുന്നത്. പുതുതലമുറയിലെ സംവിധായകൻ  പ്രതാപ് ജോസഫ് ഫേസ്ബുക്കിൽ കുറിച്ച പോലെ, മലയാളസിനിമയെ വർഷങ്ങൾ പുറകിലേക്കടിക്കുന്നു, അടൂരിന്റെ ഈ പുതിയ സിനിമ.


Comments
Print Friendly, PDF & Email

You may also like