[dropcap]ജ[/dropcap]ലമായിരിക്കുകയെന്നാൽ
സുതാര്യമായിരിക്കുക എന്നു മാത്രമല്ല,
അടിയനക്കങ്ങൾ പുറത്തറിയാതെ
കലങ്ങിക്കിടക്കുകയെന്നു കൂടെയാണ്,
ഉൾച്ചൂടിന്റെ ചൂട്ടുവെളിച്ചം
തണുപ്പിന്റെ ഇക്കിളിപ്പുതപ്പിട്ടു
മൂടിക്കളയുകയെന്നു കൂടെയാണ്.
നീണ്ടു ചെളിപുരണ്ട
ജല ഞരമ്പുകളൊളിച്ചുവെച്ച്
വിരിച്ചിട്ടയിലകളിൽ പൂക്കളെ
നിരത്തിക്കിടത്തുകയെന്നു കൂടെയാണ്.
പായൽപ്പച്ചകളിലും പോളക്കൂട്ടങ്ങളിലും
ഒഴുക്കിനെ കളഞ്ഞുപോയിട്ട്
അമ്പരന്നു കിടക്കുകയെന്നു കൂടെയാണ്.
എങ്കിലും സാരമില്ല –
നെഞ്ചിലേക്ക് വീണു കൂടെക്കലങ്ങിപ്പോയ നിലാവേ,
അടിയൂറി മേൽതെളിയുമ്പോൾ ഞാനാവില്ല –
നീ തന്നെ തിളങ്ങിക്കിടക്കും,
ആ തിളക്കത്തിൽ ഞാൻ
പുഴയോളം പോന്ന ഒരൊറ്റത്തുള്ളിയായിരിക്കും.