അങ്ങനെ രാവായി.
ഇരുട്ടായി.
കടല്‍വെള്ളം നുരഞ്ഞ നാട്ടുവെളിച്ചത്തില്‍
കരയായി.
കരമണലിലെങ്ങുമേ പോകാനില്ലാതെ
അങ്ങനെയായി.
വരാത്ത കപ്പലായി.
ജോലിയും കൂലിയുമില്ലാത്ത
കേരളീയ യുവാവായി.
എന്നായാലുമൊരു ദിവസം
കടല്‍ കടക്കുമെന്നായി.
എണ്ണ കുഴിച്ചെടുക്കും
ഗള്‍ഫ് നാടുകളിലേക്കുള്ള
യാത്രയോര്‍ത്തിരിപ്പായി.
മയക്കമായി.
ഇരുട്ടിന് ബോധോദയം വന്നപോലെ
നിലാവായി.
കരയ്ക്കും കടലിനും
ബോധോദയമായി
വെളിച്ചമായി.
വെളിച്ചത്തിന്‍റെ
കൊഴിച്ചിട്ട തൂവലുകളെന്ന്
നിഴലുകളായി.
നിഴലുകള്‍ക്കിടയില്‍ നിന്ന്
ആരോ നിലവിളിയായി.
ആ നിലവിളിയാണ്
വിമാനത്തിലാദ്യമായി കയറിയപ്പോള്‍
കേട്ടത്.
വിമാനത്തില്‍ നിന്ന്
ദോഹയിലിറങ്ങിയപ്പോള്‍ കേട്ടത്.
പ്രവാസവര്‍ഷങ്ങളിലത്രയും കേട്ടത്.
മണൽദേശങ്ങളിൽ നിന്ന്
അവസാനമായി നാട്ടിലേക്ക് തിരിച്ചപ്പോള്‍
ഉണ്ടായില്ല ആ നിലവിളി.
അത്രയും ശാന്തമായിരുന്നു
മടക്കം.
നാട്ടിലെ കടപ്പുറത്തെ
പഞ്ചായത്തു ശ്മശാനത്തില്‍
ശാന്തമായി കിടക്കുമ്പോള്‍
കാറ്റിന്‍റെ തഴുകല്‍
കടലിന്‍റെയാരവം
നിലാവിന്‍റെ ബോധോദയം
പിന്നെ ദ്രവിച്ചിട്ടുമവസാനിക്കാത്ത
ഇരുട്ട്.
അങ്ങനെ രാവായി.