കവികള്‍
ഉപ്പു കുറുക്കിയിട്ടുണ്ടാവുമോ?
വാക്കു കുറുക്കിയിട്ടുണ്ടാവും.
അതെന്നാല്‍ നിയമലംഘനമല്ലത്രെ.
കവികള്‍
സത്യാഗ്രഹമിരുന്നിട്ടുണ്ടാവുമോ?
അര്‍ത്ഥാഗ്രഹമിരുന്നിരിക്കും.
അതെന്നാല്‍ സ്വാതന്ത്ര്യസമരമല്ലത്രെ.
കവികള്‍
തടവില്‍ക്കിടന്നിട്ടുണ്ടാവുമോ?
കിടന്നിരിക്കും വാക്കിനും വരികള്‍ക്കുമിടയില്‍.
അതൊരു ശിക്ഷാവിധിയല്ലത്രെ.
കവികള്‍
കൊടിയുയര്‍ത്തിയിട്ടുണ്ടാവുമോ ചെങ്കോട്ടയില്‍?
ഉയര്‍ത്തിയിട്ടുണ്ടാവും മൊഴി
കാവ്യമകുടത്തില്‍.
അതെന്നാലൊരു പ്രഖ്യാപനവുമല്ലത്രെ.
കവികള്‍
പീഡനമേറ്റിട്ടുണ്ടാവുമോ?
നിരന്തരം.
അതെന്നാല്‍ യാതൊരു യാതനയുമല്ലത്രെ.
കവികള്‍
വെടിയുണ്ട നെഞ്ചിലേറ്റു വീണിരിക്കുമോ?
ഇടതടവില്ലാതെ.
അതൊരു രക്തസാക്ഷ്യവുമല്ലത്രെ.
കവികള്‍
എന്നെങ്കിലും മഹാത്മാവാകുമോ?
ആവാനാവില്ലത്രെ
എന്നാലെപ്പോഴും മൗനാത്മാവാകും.
Comments
