കുഞ്ഞുപ്രായത്തിൽ, ഞാൻ കേട്ട കഥകളിലൊന്നിൽ നൂറുമുറികളുള്ള ഒരു മാളികയുണ്ടായിരുന്നു. മാളികയുടെ ഉടമസ്ഥൻ തൊണ്ണൂറ്റൊമ്പതു മുറികളും തുറന്നിടുമായിരുന്നു. പക്ഷേ, നൂറാമത്തെ ആ മുറി മാത്രം തുറന്നു കാണിക്കാൻ അയാൾ ഒരിക്കലും തയ്യാറായിരുന്നില്ല. അനേകതവണ ആ കഥ കേട്ടിട്ടും കഥ പറഞ്ഞയാളുകൾ ഒരിക്കലും ആ മുറിയുടെ രഹസ്യം പറഞ്ഞു തന്നുമില്ല. ഒരു പക്ഷെ അവർക്കാർക്കും അതിനുത്തരം ഇല്ലായിരുന്നിരിക്കണം. ഓരോ മനുഷ്യൻ്റെ ഉള്ളിലും തുറക്കാത്ത ഒരു മുറിയുണ്ട്. പുറത്ത് ആളനക്കം കുറഞ്ഞ്, ഇരുട്ടു കനക്കുമ്പോൾ അവനത് ആദ്യമായി തുറക്കും. ഒട്ടു മിക്കവരും പിന്നീട് ആ മുറിവിട്ട് തിരിച്ചുവരികയില്ല. റിച്ചഡ് കോറി എന്ന ധനാഢ്യനായ ധ്വര ഒരു ദിവസം ആ മുറിയിൽകയറി സ്വയം ജീവനെടുത്തു. ഒരു വേനൽക്കാലരാത്രിയിലായിരുന്നു അത്. സാഹിത്യവാരഫലത്തിൽ നിന്നാണ് റിച്ചഡ് കോറി എന്ന കവിത ഞാനാദ്യം വായിക്കുന്നത്.
RICHARD CORY
………….(Edwin Arlington Robinson
“WHENEVER Richard Cory went down town,
We people on the pavement looked at him:
He was a gentleman from sole to crown,
Clean favored, and imperially slim.
And he was always quietly arrayed,
And he was always human when he talked;
But still he fluttered pulses when he said,
“Good-morning,” and he glittered when he walked.
And he was rich—yes, richer than a king,
And admirably schooled in every grace:
In fine, we thought that he was everything
To make us wish that we were in his place.
So on we worked, and waited for the light,
And went without the meat, and cursed the bread;
And Richard Cory, one calm summer night,
Went home and put a bullet through his head “
രാജാവിനെക്കാളും ധനികനും ദയാലുവുമായ റിച്ചഡ് കോറി ശിരസ്സിലൂടെ തീയുണ്ട പായിച്ച് സ്വയം പൂർണ്ണവിരാമമിട്ടു എന്നുപറഞ്ഞ് കവിതയവസാനിക്കുമ്പോൾ ഞാൻ വല്ലാത്തൊരു അമ്പരപ്പിൽപ്പെട്ടു. ജീവിതാനന്ദത്തിനിടയിൽ പതുങ്ങിക്കിടക്കുന്ന മരണചിന്തയെ ഇത്രകണ്ട് നൂലുവിടർത്തിക്കാണിച്ച മറ്റൊരു കവിതയും ഞാൻ മുമ്പ് വായിച്ചിട്ടില്ല. വളരെ മെല്ലെയാണ് മനസ്സ് തിരയടങ്ങി ശാന്തമാകാൻ തുടങ്ങിയത്. തെരുവിൽ റോഡുമുറിച്ചു കടക്കുന്നതു പോലെ അസാധാരണത്വമേതുമില്ലാതെ ഒരാൾ ആത്മഹത്യ തെരഞ്ഞെടുക്കുന്നതെന്താണ്? ഞാൻ സ്വയം ചോദിച്ചു. ഞാൻ വീണ്ടും വീണ്ടും ആ വരികൾ വായിച്ചു. അതിലെമ്പാടും ആഘോഷിക്കപ്പെടുന്ന ഒരു മനുഷ്യനെയാണ് കാണുന്നത്. അയാൾ ആയുധത്തിൻ്റെ ലോഹത്തുമ്പ് സ്വന്തം ചെന്നിയിൽ ചേർത്തു വയ്ക്കുന്നതുവരെ കവിത ആലക്തിക ദീപങ്ങൾ നിറഞ്ഞ നൂറുമുറികളുള്ള മാളികയായിരുന്നു. വെടിയൊച്ചയ്ക്കൊപ്പം വിളക്കുകൾ കെട്ട് എമ്പാടും അന്ധകാരം പടരുന്നു. അന്നേരം അമ്പരപ്പോടെ വായനക്കാരൻ ചോദിക്കുന്നു. എന്തിന് ??
അവനന്ന് ആലുവായിൽ എന്നെക്കാണാൻ വരേണ്ടതായിരുന്നു. വൈകിട്ട് ഫോർട്ട്കൊച്ചി ബീച്ചിലൊരു കറക്കം. പിന്നെ ഷേണായീസിലെ ബോണ്ടിൻ്റെ സിനിമ. അത്താഴം കഴിഞ്ഞ്, രാത്രി മുഴുവനും സാഹിത്യ സല്ലാപം.അത്രയുമായിരുന്നു ഞങ്ങളുടെ പ്ലാൻ. അന്ന് ചെറായിയിൽ ഇത്രത്തോളം ദീർഘസുന്ദരമായ കടലോരം വന്നിട്ടില്ല. മാമംഗലം തൊട്ട് മൈലുകളോളം, മൊരിഞ്ഞ റൊട്ടിയുടെ മണം തിങ്ങിവിങ്ങി നിന്നു. പെരുമാനൂർ പാലംകഴിഞ്ഞ് നഗരജീവിതം ഇത്രത്തോളം ധൃതിപ്പെട്ടിരുന്നില്ല. കൊച്ചി മറ്റൊരു കൊച്ചിയായിരുന്നു.
ഞാനവനെയും കാത്തുകാത്തിരുന്നു. പക്ഷേ അവൻ വന്നില്ല. പിറ്റേന്നു രാവിലെ അവൻ്റെ മരണക്കമ്പിയാണു കിട്ടുന്നത്. ഞാനതു വിശ്വസിക്കാൻ തയ്യാറായില്ല. എന്നാൽ കുതിച്ചെത്തി നാട്ടിൽ വണ്ടിയിറങ്ങിയപ്പോൾ, നേരാണ്. അത്രയേറെ മൂകമായി ഞങ്ങളുടെ നാടിനെ മുമ്പൊരിക്കലും കണ്ടിട്ടില്ല. ഞാനുമവനും നടക്കുമായിരുന്ന വഴികൾ തിരക്കുകൾ മാറ്റിവച്ച് എന്നോടൊപ്പം അവൻ്റെ വീടുവരെ വന്നു.
ഞാൻ ചെല്ലുമ്പോൾ അവൻ്റെ വീട് തലകീഴായിക്കിടക്കുകയായിരുന്നു. ഒരു സാധാരണ മരണവീടിൻ്റെ ഒരന്തരീക്ഷവും അവിടെയില്ലായിരുന്നു. അവിശ്വസനീയമായ ഒന്ന് നടന്നതിൻ്റെ നടുക്കം കാരണം പലരും കരച്ചിൽ മറന്നുപോയതാണെന്ന് എനിക്ക് മനസ്സിലായി. നടപടിക്രമങ്ങൾക്കുശേഷം അവനെ അവിടെ കിടത്തിയിരുന്നു. ഞാൻ അവിടെക്കൂടിയിരുന്ന പലരോടും ചോദിച്ചു. എന്തിനാണ് അവനിത് ചെയ്തത്. അവരെന്നെ സഹതാപത്തോടെ നോക്കിയതേയുള്ളൂ. അത്യന്തം ദുഃഖഭരിതമായ ഈ അന്തരീക്ഷത്തിൽ ഞങ്ങളുടെ സൗഹൃദപ്പെരുമയെപ്പറ്റി പതം പറഞ്ഞ് കരയണമെന്നുണ്ടായിരുന്നു. എന്നാൽ അകൃത്രിമമായ വിഷാദം ബാധിച്ചു കിടന്ന അവിടത്തെ നിശ്ശബ്ദതയെ മുറിയ്ക്കാൻ എനിയ്ക്ക് മനസ്സുവന്നില്ല. ഞാനവൻ്റെ അമ്മയെക്കാണാനാഗ്രഹിച്ചു. ഉൾമുറികളിലൊന്നിലെ കസേരകളിലൊന്നിൽ അവർ ചിന്താധീനയായിരിക്കുകയായിരുന്നു. അത്രത്തോളം ആഴത്തിൽ അവരെ ഞാൻ മുന്പൊരിക്കലും കണ്ടിട്ടില്ലല്ലോ! ഞാനാ മുഖം കോരിയെടുത്ത് അവരുടെ കണ്ണിലേക്കുറ്റു നോക്കി. കണ്ണിമയ്ക്കുന്നെണ്ടന്നതൊഴിച്ചാൽ അവരുടെ മുഖം നിലച്ചുപോയ ഒരു ഘടികാരം പോലെ തോന്നിച്ചു. ഒരു ജോലിക്കാരി നീട്ടിയ ചക്കരക്കാപ്പി ഞാനൊന്നു മൊത്തിയതേയുള്ളൂ. അതിൽ അവനിരുന്നു വല്ലാതെ കയ്ക്കുന്നുണ്ട്. എനിക്ക് പേടിതോന്നി.
ആരെങ്കിലും ഒന്നു കരഞ്ഞെങ്കിലെന്ന് ഞാൻ വെറുതെ പ്രാർത്ഥിച്ചു. ഒടുക്കം അവനെ ശവമഞ്ചലിൽ ഇറക്കിക്കിടത്തിയപ്പോഴാണ് അവിടത്തെ ഇറുക്കമൊന്ന് അയഞ്ഞത്. അതൊരു നിർത്തലില്ലാത്ത ഒറ്റമുറവിളിയായി മാറി. അതിലൂടെ ഒരിടവഴിയുണ്ടാക്കി കൈക്കാര്യക്കാർ മുമ്പേ നടന്നു. ശവമഞ്ചലുമുന്തി അവൻ്റെ കൂട്ടുകാരും ബന്ധുക്കളും പിന്നാലെയും. ഞങ്ങളുടെ പിന്നിൽ മുറവിളിയുടെ നിലയ്ക്കാത്ത ശബ്ദം നേർത്തു നേർത്തില്ലാതായി. വഴിയരികിൽ കാത്തുനിന്ന ഓരോ വീടും ഓരോ മുഖവും ഇതരസ്ഥാവരങ്ങളും അവനോടു ചോദിച്ചു.
“എന്തിന്?”
അവൻ മിണ്ടിയില്ല. ചുണ്ടുകളടക്കിപ്പിടിച്ച് ചുറ്റുപാടുകളെ അവഗണിച്ച് അവൻ കിടന്നു. അവനോട്, എന്തിനാണിതു ചെയ്തതെന്ന ചോദ്യം ചോദിക്കണമെന്ന് എനിക്കുമുണ്ടായിരുന്നു. പക്ഷേ അതിനുള്ള സമയപ്പഴുത് കിട്ടണ്ടേ !
ഒടുക്കം അവൻ്റെ അടക്കം കഴിഞ്ഞ് പുരുഷാരം പിരിയാൻ തുടങ്ങിയപ്പോൾ ഞാൻ മാത്രം പതിവുവഴികൾ വിട്ട് ഒരൂടുവഴിയിലേക്കിറങ്ങി. ആ വഴി ഞങ്ങളാരും അത്ര സഞ്ചരിക്കാറുള്ളതല്ല. പന്നിമലത്തു കളിക്കുന്നവരും, കുടിയന്മാരും, ഗ്രാമവേശ്യകളും മാത്രം സ്ഥിരം നടക്കാറുള്ള ഇടമായിരുന്നു അത്. പതിതരുടെ തുരുത്തുപോലെ ഗ്രാമഹൃദയത്തിൽ നിന്ന് തെറിച്ചുമാറി അവിടം കിടന്നു. എൻ്റെ ഈ പതിവുതെറ്റിയ്ക്കൽ കണ്ടിട്ടാകണം മൺസൂൺമഴയെനിക്ക് കൂട്ടു വന്നു. അതൊരനുഗ്രഹമായി. തീവ്രദുഃഖത്തെ മറച്ചുപിടിക്കാൻ മഴപോലൊരു ഉപാധിയില്ല. ചാഞ്ഞും ചരിഞ്ഞും പലകാലങ്ങളിൽ പെയ്തും മഴയെൻ്റെ പുകച്ചിലിന് മറപിടിച്ചു നടന്നു. ജലദേവതയെൻ്റെ വരണ്ടകണ്ണുകൾക്ക് മടുപ്പില്ലാതെ ധാരകോരി. അവനെയൊന്നു കാണണമെന്ന് എനിക്ക് വൃഥാ തോന്നി. ഞങ്ങൾ സ്ഥിരം ഒന്നിച്ചു മഴ നനയുന്നവരായിരുന്നു. മഴക്കുളി കഴിഞ്ഞ് കൂട്ടുകാർ ആറുനീന്താനിറങ്ങുന്നേരം ജലഭീതിയുള്ള ഞാൻ മാത്രം കരയ്ക്കിരിക്കും. അന്നേരം അവനെന്നെ കളിയാക്കും.
“പേടിത്തൂറി ! ധീരന്മാർ ഒരിയ്ക്കലേ മരിക്കുകയുള്ളൂ. ഭീരുക്കൾ എന്നും മരിയ്ക്കുന്നു “
എന്നിട്ട്, പരിചയസമ്പന്നരായ വള്ളക്കാർ പോലും ശ്രദ്ധ പാലിച്ച് ഊന്നുകോൽ താഴ്ത്തുന്ന അത്തിമൂട്ടിലെ കയത്തിലേക്ക്, അവനും മറ്റുള്ളവരും മുങ്ങാങ്കുഴിയിടും. പേടിയും മഴയും നനഞ്ഞ് ഞാൻ മാത്രം കരയ്ക്കിരിക്കും.
എന്നിട്ടാണ് അവനിതു ചെയ്തിരിക്കുന്നത് !!
വഞ്ചിയ്ക്കപ്പെട്ടവനെപ്പോലെ ഞാൻ സ്വയംചോദിച്ചു
“എന്തിന്?”
അവൻ്റെ എല്ലാ രഹസ്യങ്ങളും എനിക്കറിയാമായിരുന്നു. മനസ്സു തുറക്കാനുള്ള കോഡുവാക്കുകൾ ഞങ്ങൾ പരസ്പരം കൈമാറിയിരുന്നു. ഞങ്ങൾക്കിടയിലെ വ്യത്യസ്തരാഷ്ട്രീയ കാഴ്ചപ്പാടുകൾക്കു പോലും പരസ്പരം അന്തസ്സു കല്പിച്ചു കൊടുത്തു. അന്ത:സ്സാരശൂന്യമായ ഒരിഞ്ചു സ്ഥലം പോലും ഞങ്ങൾക്കിടയിലില്ലായിരുന്നു.
എന്നിട്ടാണ് അവനിത് ചെയ്തിരിക്കുന്നത് !
നടന്നുനടന്ന് ഞാൻ പതിതരുടെ തുരുത്തിൻ്റെ അവസാനത്തിലെത്തി. അവിടെനിന്ന് ഗ്രാമത്തിൻ്റെ പിൻപുറത്തേക്ക് പ്രവേശിക്കുന്ന കമുകിൻകഴകൾ നിരത്തിയ പാലം തീരെത്തകർന്നു കിടന്നിരുന്നു. ശ്രദ്ധ തെറ്റിയാൽ ഇടത്തോട്ടിൽ വീഴാം. എനിക്ക് എന്തുകൊണ്ടോ പേടി തോന്നിയില്ല. ഇരുട്ടിൽ, വല്ലാതെ വഴുക്കുന്ന പാലത്തിലേക്ക് ഞാൻ കയറി. പെട്ടെന്ന് എൻ്റെ തോളിൽ വന്യമായ കരുത്തോടെ ഒരു കൈവന്നു ചുറ്റിപ്പിടിച്ചു. എനിയ്ക്കാളെ മനസ്സിലായി. മനസ്സിൽ കരുതിവച്ച ചോദ്യം ഞാനവനോട് ചോദിച്ചു.
“എന്തിനാണ് നീയിത് ചെയ്തത്?”
അവനൊന്നും മിണ്ടാതെ എന്നെ കരുതലോടെ കമുകിൻ പാലം കടത്തിവിട്ടു. ചോദ്യം ഞാനാവർത്തിച്ചു. അവൻ മിണ്ടിയതേയില്ല. അത് പതിവുള്ളതല്ലല്ലോ!
പിന്നെ ഞാനതു ചോദിച്ചില്ല.
ചിലപ്പോൾ അവനും അതിൻ്റെ ഉത്തരമറിയില്ലെങ്കിലോ !
ഇപ്പോഴും ഞാനങ്ങനെ തന്നെയാണ് ആശ്വസിക്കുന്നത് !