പൂമുഖം പുസ്തകപരിചയം കഥാവാരം 4

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നാടകം എന്ന് വിലയിരുത്തപ്പെട്ട ‘ഗോദോയെ കാത്ത്’, അതിന്റെ ആദ്യ രംഗാവിഷ്കാരത്തിന്റെ എഴുപതാംവർഷത്തിലേക്ക് കടക്കുന്നു.

ഒരിക്കലും വന്ന് ചേരാത്ത ഗോദോയെ കാത്തു നിൽക്കുന്ന എസ്ട്രഗണും വ്ലാഡിമിറും. മനുഷ്യ ജീവിതത്തിന്റെ നിരർത്ഥകത കാണിക്കുന്ന മഹത്തായ സൃഷ്ടിയാണത്. വി. കെ. എൻ ഭാഷയിൽ ‘ബക്കറ്റും പിടിച്ചു നിൽക്കുന്ന ശാമുവേലിന്റെ’ മാസ്റ്റർ പീസ്. 1950 കളിൽ ഉയർന്നു വന്ന അബ്സേഡ് ഫിക്ഷന്റെ ഏറ്റവും നല്ല ഉദാഹരണമായി കാണിക്കാവുന്ന കൃതിയാണ് വെയ്റ്റിങ് ഫോർ ഗോദോ. (കാഫ്കയുടെ ‘മെറ്റമോർഫോസിസ്, കമ്യൂവിന്റെ ‘സ്‌ട്രെയ്ഞ്ചർ’ എന്നിവയെയും പരാമർശിക്കാറുണ്ടെങ്കിലും).ആക്ഷേപ ഹാസ്യം, കഥയുടെ ആശയങ്ങളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള അവ്യക്തത തുടങ്ങിയവ ഈ സാഹിത്യ രീതിയുടെ സവിശേഷതകളാണ്.

അത്യാവശ്യം വായനയുള്ളവർക്ക് അറിയാവുന്നതും, എന്നാൽ വായന കുറഞ്ഞവർക്ക് വളരെ എളുപ്പം ഗൂഗിളിൽ തിരഞ്ഞാൽ ലഭ്യമാകുന്നതുമായ ഇക്കാര്യം ഇവിടെ പറയാൻ വേറെ കാരണമുണ്ട്. കലാകൗമുദി പുതുവർഷപ്പതിപ്പിൽ ശ്രീകണ്ഠൻ കരിക്കകം എഴുതിയ ‘പരു’ എന്ന കഥ വായിച്ചപ്പോൾ തോന്നി it’s absurd എന്ന്.ഉമ്മൻ ചാണ്ടി എന്ന മുൻ മുഖ്യമന്ത്രിയെ കഥയിലേക്ക് കൊണ്ട് വന്നു എന്തൊക്കെയോ പ്രസ്താവനകൾ നടത്തുന്നു. എന്താണ് കഥ എന്നറിയുന്നില്ല. ആശയം, ആവിഷ്കാരം എല്ലാം ദുർബലം. സംഭവങ്ങളെ വായനക്കാരന്റെ മനസ്സിലേക്ക് പതിപ്പിക്കാനോ, പുതുമ ആവിഷ്കരിക്കാനോ പറ്റുന്നില്ല ഈ കഥയ്ക്ക്.

ഈ വാരം കഥാവാരം പ്രസ്താവിക്കുന്ന കഥകൾ

പരു – ശ്രീകണ്ഠൻ കരിക്കകം (കലാകൗമുദി പുതുവർഷപ്പതിപ്പ്)
സ്ഫുടം – കെ. രഘുനാഥൻ (മാതൃഭൂമി)
ചതുരമുല്ല – സി. സന്തോഷ്‌ കുമാർ (സമകാലിക മലയാളം )
ഡിമെൻഷ്യ – സുരേഷ് കോടൂർ
സ്റ്റാർട്ടപ്പ് – ഹരിദാസ് വേലൂർ ( ദേശാഭിമാനി )

പഠിക്കാൻ ബഹു സമർത്ഥനായ പയ്യൻ. സ്കൂൾ ഫീസ് അടക്കാൻ പോലും പണമില്ലാത്തത്രയും ദാരിദ്ര്യം കേറിയ കുടുംബം. പിന്നെ അച്ഛന്റെ ആത്മഹത്യ. മകന്റെ ഭാവി പരിഗണിക്കാതെ പുനർ വിവാഹം ചെയ്യുന്ന അമ്മ.എന്നിട്ടും കഠിനാധ്വാനം കൊണ്ട് സിവിൽ സർവീസ് ഒക്കെ നേടി കേന്ദ്ര ഗവണ്മെന്റിന്റെ ഒരു ജോയിന്റ് സെക്രട്ടറി പദത്തിൽ എത്തിച്ചേരുന്ന കഥാനായകൻ. സർവഗുണ സമ്പന്നൻ. അധികാരവും സൗന്ദര്യവും വളരെ ഉയർന്ന നിലയിലുള്ള സോഷ്യൽ പ്രിവിലേജും ഉള്ള വ്യക്തി. ഇങ്ങനെയുള്ള കഥാനായകൻ, ഗൃഹാതുരത്വം കൊണ്ട് പിറന്ന നാടുകാണാൻ എത്തുന്നു. വളരെ പ്രതീക്ഷയോടെ അവിടെയെത്തിയ എല്ലാവരും ഇദ്ദേഹത്തെ അവഗണിക്കുന്നു. പണ്ട് സ്കൂളിൽ ഒന്നിച്ചു പഠിക്കുമ്പോൾ തോന്നിയ പ്രണയത്തെ ഒരിക്കൽ കൂടെ കാണാൻ അയാൾക്ക് മോഹം. അന്ന് എല്ലാം കൊണ്ടും ഉയർന്ന അവസ്ഥയിലിരുന്ന കാമുകി തന്റെ വൈധവ്യം പേറുന്ന മകളോടൊപ്പം കഴിയുന്നു. മകളുടെ ജോലിക്കാര്യം – പല വാതിലിലും മുട്ടി നടക്കാത്തത് – അവരിൽ നിന്നും ഇയാൾ അറിയുന്നു. പഴയ നാട് തനിക്ക് അന്യമായി എന്നറിഞ്ഞതിനാൽ, പെട്ടെന്ന് തന്നെ ന്യൂ ഡൽഹിക്ക് തിരിച്ചു പോകുന്നു. അതിനിടക്ക് കഥാനായകൻ ഒരൊറ്റ ഫോൺ കോൾ വഴി കാമുകിയുടെ മകളുടെ ജോലിക്കാര്യം ശരിയാക്കിക്കൊടുക്കുന്നു. ഇതാണ് കെ രഘുനാഥൻ മാതൃഭൂമിയിൽ എഴുതിയ കഥ. ഇതിൽ എന്തു പുതുമ എന്ന് ചോദിച്ചാൽ പറയാനുണ്ട്. കഥാനായകന്റെയും ഭാര്യയുടെയും പേരുകൾ പുതുമയുള്ളതാണ്.പ്രയാൺ പാട്ടുരായ്ക്കൽ, നീലാഭ. എന്റെ അറിവിൽ, മലയാള ചെറുകഥയിൽ ഈ പേരുകൾ ഇത് നടാടെയാണ്. ബാക്കി കഥയുടെ ആശയവും അവതരണവും കുറെയേറെ തവണ വായിച്ചത് തന്നെ.

സി സന്തോഷ്‌ കുമാറിന്റെ ചതുരമുല്ല എന്ന കഥ സമകാലിക മലയാളം വാരികയിൽ. ഇതിലും കേന്ദ്ര ഗവണ്മെന്റിന്റെ ഒരു അണ്ടർ സെക്രട്ടറിയുണ്ട്. അരവിന്ദ് നാരായണൻ. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും അവരെ ശുശ്രൂഷിക്കുന്ന ഹോം നേഴ്സിന്റെയും കഥ പറയുന്നു ഇതിൽ. കഥയ്ക്ക് കേന്ദ്രസ്ഥിതമായ ആശയമുണ്ടാവുക, അതിനെ അനുബന്ധ സംഭവങ്ങൾ കൊണ്ട് വികസിപ്പിക്കുക എന്നിങ്ങനെ കഥയിൽ ഒരാളെ മുഴുകിപ്പിക്കാൻ പറ്റുന്ന വിധത്തിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു ‘ചതുരമുല്ല’.

ആർദ്രതയുള്ള സംഭവങ്ങളെയാണ് ഡിമെൻഷ്യ എന്ന കഥയിൽ സുരേഷ് കോടൂർ പറയാൻ ശ്രമിക്കുന്നത്. ഹിന്ദു- മുസ്‌ലിം വ്യത്യാസം സൗഹൃദത്തിലേക്ക് കടന്നു വരുന്ന പ്രമേയം. ആശയം വളരെ വളരെ പറഞ്ഞു പഴകിയതാവുമ്പോൾ, അതിന്റെ പുനരവതരണം നൂതനമാകണം. അല്ലെങ്കിൽ വിരസമായ ഒരു കുറിപ്പായിട്ടാവും കഥ അനുഭവപ്പെടുക.

ഹരിദാസ് വേലൂർ സ്റ്റാർട്ടപ്പ് എന്ന കഥ എഴുതിയിട്ടുണ്ട് ദേശാഭിമാനിയിൽ. രണ്ട് സ്റ്റാർട്ടപ്പുകൾ. ഭാഗ്യാന്വേഷികൾക്കുള്ള ഏലസ്സ്, തുടങ്ങിയവയുടെ ബിസിനസ്സ് വഴി കോടീശ്വരനായ ഷണ്മുഖന്റെയും, ആൾക്കാരെ പറ്റിക്കുന്ന ആയുർവേദ ബിസിനസ്സ് ആരംഭിച്ച ത്രിവിക്രമന്റെയും കഥകൾ. വിവരണം മാത്രമാണത്. സംഭവ വിവരണം എന്നതിൽ കവിഞ്ഞ്, കഥ എന്ന ഉയരത്തിലേക്ക് എത്തിക്കാൻ മാത്രം ബലവത്തല്ല, കഥാപാത്രങ്ങളുടെയും കഥാ സന്ദർഭത്തിന്റെയും നിർമ്മിതി.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like