പൂമുഖം LITERATUREകവിത പാഠം ഒന്ന് -വിശപ്പ്‌

പാഠം ഒന്ന് -വിശപ്പ്‌

ബാക് ബെഞ്ചിലൊരു
കുട്ടി ആകാശം
വരയ്ക്കുന്നേരമാണ്
വിശപ്പ്
ബെല്ലടിക്കുന്നത്.

ഒരു കൈ കൊണ്ട്
നിക്കറും
മറു കൈ കൊണ്ട്
വയറുമമർത്തി
അവൻ
ഇറങ്ങിയോടും

വഴിയരികിൽ
അക്ഷരങ്ങൾ
അ ആ ഇ ഈ
എന്നപോലൊക്കെ
ചിതറികിടപ്പുണ്ടാകും

ബാക്‌ ബെഞ്ചിലെ
കുട്ടി പാടങ്ങൾ
താണ്ടുമ്പോൾ
ഒരു
ചെറു മീൻ,
നീർക്കോലി,
പോക്കാച്ചി തവള,
വരാൽ
ഇവരൊക്കെ
അവനു
പാടങ്ങൾ
പഠിപ്പിക്കും

നീ പഠിച്ചതും
ഞാൻ പറഞ്ഞതുമൊന്നുമല്ലിയോ
എന്നവനാർത്തു
ചേറിൽ പുതയും.

നിക്കറും വയറും
ഒരുപോലെ
നിറഞ്ഞവൻ
വീട്ടിലെത്തുന്നതു
മറ്റൊരു
ക്ലാസ്സിലേക്കാണ്.

വറുതിയിൽ
പുകയാത്ത
അടുപ്പോളം
വലുതല്ല കുഞ്ഞേ
ജീവിതം
എന്നമ്മ
അവനെ
നെഞ്ചോടു
ചേർക്കും

അവന്റെ
നെഞ്ചിൽ
പാടങ്ങൾ
നനയും.

അവനാ
ബാക്ബെഞ്ചിലോട്ടു
മിഴിതുടച്ചോടും.

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments

You may also like