കാറ്റ്..
നിന്നെ ഞാനെന്റെ കൈക്കുമ്പിളിലേക്ക് കോരിയെടുത്തോട്ടെ?
ഇടനെഞ്ചിലാളുന്ന,
നീരടർത്തുന്ന
ചെമ്പൂവിനെ
പോറ്റുവാൻ..
നിറം..
നിന്നെ ഞാനൊന്ന്
പിഴിഞ്ഞെടുത്തോട്ടെ?
കുറുക്കിയെടുത്ത്
ജീവിതമെന്നെഴുതി
ഈ
വെയിൽ തിളക്കുന്ന,
വിയർപ്പ് ചുവയ്ക്കുന്ന
ആലക്ക് പുറത്തൊരു
ബോർഡ് വെക്കാൻ…
തിര..
നിന്നെ ഞാനൊന്ന്
അഞ്ചര മീറ്ററിൽ
ചേലക്കണക്കിന്
മുറിച്ചെടുത്തോട്ടെ?
പുഴുങ്ങിയെടുത്ത്
വെയിലത്ത് ചുട്ടെടുക്കാനായ്
പുറത്തെ അയയിൽ
നീർത്തി വിരിച്ചിടാൻ..
വെറുതെ!!
നിങ്ങളൊക്കെ എന്റെ യാത്രകളാണെന്ന്
ലോകമൊട്ടാകെ കരുതിക്കൊള്ളട്ടെ..
ഞാനിവിടെ അവന് മാത്രമായി
അവശേഷിക്കുകയാണെന്ന്
അവനെങ്ങനെയോ
അറിഞ്ഞ് പോയല്ലോ…
ന്റെ ഞാനേ…
നിന്നെ ഞാനെന്റെ കൈക്കുടന്നയിൽ കോരിയെടുത്തോട്ടെ?
പ്രണയ മാളികയിലെ ബോധിച്ചുവട്ടിൽ എനിക്കെന്നെയും പ്രതിഷ്ഠിക്കുവാൻ..
കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്
Comments