പൂമുഖം LITERATUREകവിത സ്നേഹത്തിന്‍റെ മാത്രം കവിത

സ്നേഹത്തിന്‍റെ മാത്രം കവിത

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

പെട്ടന്നൊരു ദിനം
വെറുപ്പുകളെ ഞാൻ സ്നേഹത്തിലേക്കു വിവർത്തനം ചെയ്യുന്നു.
വാലിൽ നൂലുകെട്ടിയ തുമ്പികളെല്ലാം
പരുന്തുകളാവുന്നു.
നൂലിൽ കെട്ടിയ പട്ടങ്ങൾ
വിമാനങ്ങളാവുന്നു.

മുക്കും മൂലയും തിരഞ്ഞു വെറുപ്പുകളെ
കണ്ടുപിടിക്കുന്നു.
കണക്കു ടീച്ചർ
മലയാളം ടീച്ചറാവുന്നു
മീശക്കാരനമ്മാവൻ കുഞ്ഞരിപ്പല്ലുകാട്ടുന്ന
കൊച്ചാവുന്നു.

നിരസിക്കപെട്ട പ്രേമലേഖനം
ചേർത്തുപിടിച്ച ചുംബനമാവുന്നു.
അമ്പലത്തിലെ ചെരുപ്പുകള്ളൻ
ദൈവം പോലുമാവുന്നു.

ഓ ഒരു സ്നേഹത്തിന്‍റെ കവി എന്നു വാഴ്ത്തുന്നവരോടു മാത്രം ഒരു രഹസ്യം പറയാം.

എന്നെ രസിപ്പിക്കുന്നതു ഇതൊന്നുമല്ല.
എന്നോടുള്ള
പക കൊണ്ടുമാത്രം
ജീവിക്കുന്നവർ
മരിച്ചു പോകുമോ
എന്ന പേടിയിൽ
ഓടുകയാണിപ്പോൾ .
ഓടട്ടെ നായ്ക്കൾ
ഇതു സ്നേഹത്തിന്‍റെ മാത്രം കവിതയാണ്.

Comments

തൊട്ടിൽപ്പാലം സ്വദേശി. ഇപ്പോൾ മലേഷ്യയിൽ ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. മുറിക്കവിതകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്

You may also like