പൂമുഖം POLITICS ലോക് സഭാ തെരഞ്ഞെടുപ്പ് – ആദ്യ ഘട്ട സാധ്യതകൾ: മുന്നിൽ പ്രാദേശിക കക്ഷികൾ

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : ലോക് സഭാ തെരഞ്ഞെടുപ്പ് – ആദ്യ ഘട്ട സാധ്യതകൾ: മുന്നിൽ പ്രാദേശിക കക്ഷികൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ലോക് സഭാ തെരഞ്ഞെടുപ്പ് – ആദ്യ ഘട്ട സാധ്യതകൾ: മുന്നിൽ പ്രാദേശിക കക്ഷികൾ
———————————————————————————————————–
17 ആം ലോക് സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പൂർത്തിയായിരിക്കുകയാണ്.
20 സംസ്ഥാനങ്ങളിലെ, 91 ലോക് സഭാ മണ്ഡലങ്ങളിലും ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ് നിയമസഭകളിലെ മുഴുവൻ മണ്ഡലങ്ങളിലും ഒഡീസയിലെ 28 നിയമ സഭ മണ്ഡലങ്ങളിലും, ഈ ഘട്ടത്തിൽ, തെരഞ്ഞെടുപ്പ് നടന്നു. മെയ് 19 നു നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പ് വരെ എക്‌സിറ്റ് പോളുകൾക് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പിന്റെ ട്രെൻഡ് നിരീക്ഷിക്കുവാനുള്ള ഒരു ചെറിയ ശ്രമം ആണ് നടത്തുന്നത്.
രാജ്യത്തെങ്ങും തെരഞ്ഞെടുപ്പ് ചൂട് അതിന്റെ പാരമ്യത്തിൽ എത്തിയിട്ടില്ല, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒഴികെ. തെരഞ്ഞെടുപ്പിനു മൂന്നു ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ഭരിക്കുന്ന പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറങ്ങിയത്. അതിനാൽ ഈ ഘട്ടത്തിൽ അത് വലിയൊരു ചർച്ചാ വിഷയം ആയിരിക്കാനുള്ള സാധ്യത കുറവാണ്. യു പി ഐ ക്കു നേതൃത്വം നൽകുന്ന കോൺഗ്രസ്സിന്റെ പ്രകടന പത്രികയെക്കുറിച്ചും വാഗ്ദാനങ്ങളെ കുറിച്ചും, ഏകദേശം രണ്ടാഴ്ചകൾക്കു മുന്നേ തന്നെ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. എൻ ഡി എ ആകട്ടെ ആദ്യ ഘട്ടത്തിൽ പുൽവാമയും ബാലക്കോട്ടും കാഷ്മീരും ഉൾപ്പെടുത്തി ദേശീയതയും, വർഗീയ ജാതി കാർഡുകളും ആണ് ചർച്ചക്ക് വിഷയമാക്കിയിരുന്നത്
പക്ഷെ വർഷത്തിൽ 72000 രൂപ പാവപ്പെട്ടവർക്ക്‌ നല്കുന്നതുൾപ്പെടെയുള്ള, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന, വിഷയങ്ങൾ ആണ് യു പി എ ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് ചർച്ചയാക്കിയത്. സംസ്ഥാനങ്ങളിലെ മുൻ തെരഞ്ഞെടുപ്പുകളുടെ ട്രെൻഡുകളും ജാതി മത സമവാക്യങ്ങളും ദേശീയതയും മുന്നണികളും എല്ലാം ആദ്യ ഘട്ടത്തിൽ എങ്ങനെ ജനങ്ങൾ ഏറ്റെടുത്തു എന്ന് കണ്ടെത്തുന്നത് വിഷമകരമായ ദൗത്യമാണ്.

ആദ്യപാദത്തിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും പ്രധാന മണ്ഡലങ്ങളിലും ഒരു ഓട്ട പ്രദക്ഷിണം നടത്തിനോക്കാം.

ഉത്തർ പ്രദേശിന്റെ പശ്ചിമ മേഖലയിലെ 8 സീറ്റുകളിൽ വാശിയേറിയ തെരഞ്ഞെടുപ്പാണ് നടന്നത്. ബി ജെ പിയും ബി എസ് പി, എസ് പി , ആർ എൽ ഡി ഉൾപ്പെടുന്ന മഹാഗഡ്‌ബന്ധനും കോൺഗ്രസ്സും ആണ് ഈ 8 മണ്ഡലങ്ങളിലും പ്രധാന എതിരാളികൾ. സഹാറൻപൂർ, കൈറാന, മുസാഫർ നഗർ, ബിജ്‌നോർ, മീററ്റ്, ബാഗ്പെട്ട്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ തുടങ്ങിയ മണ്ഡലങ്ങളെല്ലാം വാശിയേറിയ മത്സരങ്ങൾ ആണ് നടക്കുന്നത്. ഇതിൽ തന്നെ കേന്ദ്ര മന്ത്രി വി കെ സിങ് മത്സരിക്കുന്ന ഗാസിയബാദിൽ പൊരിഞ്ഞ പോരാട്ടമാണ്. 56 % ആണ് ഈ മണ്ഡലത്തിലെ പോളിംഗ്. എസ് പി യുടെ സഞ്ജീവ് ബൻസാലും കോൺഗ്രസ്സിന്റെ ഡോളി ശർമയും കൂടി ശക്തമായ മത്സരമാണ് ഇവിടെ കാഴ്ച വച്ചിട്ടുള്ളത്. വർഗീയ കലാപം നടന്ന മുസാഫർ നഗറിൽ ആർ എൽ ഡി യുടെ അജിത് സിങ്ങും മുൻ മന്ത്രി കൂടിയായ ബി ജെ പി യുടെ സഞ്ജീവ് ബല്യാനും നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. ഇവിടെ പോളിംഗ് 67 % ആണ്.  26 ശതമാനം മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഇവിടെ പ്രവചനം അസാധ്യമാണ്. കേന്ദ്ര മന്ത്രി മഹേഷ് ശർമ്മ മത്സരിക്കുന്ന ഗൗതം ബുദ്ധ് നഗറിൽ ഗഡ്‌ബന്ധൻ സ്ഥാനാർഥി ബി എസ പി യുടെ സത് വീർ ആണ്. കോൺഗ്രസ്സിന്റെ അരവിന്ദ് കുമാർ സിംഗിന്റെ സാന്നിധ്യം ഒരു ത്രികോണ മത്സര പ്രതീതി ജനിപ്പിക്കുന്നു. മറ്റൊരു കേന്ദ്ര മന്ത്രി സത്യപാൽ മത്സരിക്കുന്നത് ജാട്ട് കോട്ടയായ ബാഗ് പെട്ടിൽ ആർ എൽ ഡി യുടെ അജിത് സിംഗിന്റെ മകൻ ജയന്ത് ചൗധരിയുമായാണ്. 71 % വോട്ടു രേഖപ്പെടുത്തിയ സഹാറൻ പൂരിൽ ബി ജെ പിയുടെ നിലവിലെ എം പി രാഘവ് ലഖൻ പാലും കോൺഗ്രസ്സിന്റെ പ്രതീക്ഷയായ ഇമ്രാൻ മസൂദും തമ്മിൽ ശക്തമായ മത്സരത്തിലാണ്. മറ്റു മണ്ഡലങ്ങളിൽ ബി ജെ പിയും മഹാ ഗഡ്‌ ബന്ധനും തമ്മിൽ നേരിട്ടുള്ള മത്സരം നടക്കുന്നു. കൈറാനയിൽ എസ് പിയുടെ തബസോം ബീഗവും ബി ജെ പിയുടെ പ്രദീപ് കുമാറും തമ്മിൽ ഏറ്റുമുട്ടുന്നു. മീററ്റിൽ ബി എസ് പി യും ബി ജെ പിയും ആണ് പ്രധാന എതിരാളികൾ. കോൺഗ്രസ്സിന്റെ നസിമുദീൻ സിദ്ധിഖി കൂടി മത്സരിക്കുന്ന ബിജ്‌നോറിൽ അടിയൊഴുക്കുകൾ പ്രധാനമാണ്. ആദ്യ ഘട്ടത്തിൽ മത്സരം നടക്കുന്ന ഉത്തർ പ്രദേശിൽ ആർ എൽ ഡി യുടെ അജിത് സിങ്ങിനും മകൻ ജയന്ത് ചൗധരിക്കും എതിരെ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ ഇല്ല. കടുത്ത മത്സരം ആണ് നടക്കുന്നത് എങ്കിലും ഇവിടെ ആർ എൽ ഡി വിജയിക്കാൻ ആണ് സാധ്യത. സഹറൻപൂരിൽ കോൺഗ്രസ്സ് പ്രതീക്ഷ വയ്ക്കുന്നു, ഗാസിയ ബാദും, ഗൗതം ബുദ്ധ് നഗറും ബിജെപി യോടൊപ്പം നിൽക്കാൻ ആണ് സാദ്ധ്യത . മീററ്റിൽ, ബി എസ് പിയും, കൈറാനയിൽ എസ് പി യും ജയിച്ചേയ്ക്കും.

മഹാരാഷ്ട്രയിലെ വിദർഭ റീജിയണിലെ 7 മണ്ഡലങ്ങളിൽ ആണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. അതിൽ ബി ജെ പി യിലെ പ്രധാനിയായ നിതിൻ ഗഡ്‌കരിയും ജയന്റ് കില്ലർ എന്ന ഖ്യാതി നേടിയ നാനാ പട്ടോലയും തമ്മിൽ ഏറ്റുമുട്ടുന്ന നാഗ്‌പൂരാണ്‌ ഏറ്റവും പ്രധാനം. ഇവിടെ ആര് ജയിക്കും എന്ന് പ്രവചിക്കാൻ വയ്യ . മറ്റൊരു ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് കേന്ദ്രമന്ത്രി, ബി ജെ പിയുടെ, ഹാൻസ്‌രാജ് ആഹിറും കോൺഗ്രസ്സിന്റെ സുരേഷ് ദാനോക്കാറും മത്സരിക്കുന്ന ചന്ദ്രപ്പൂർ ആണ്. ഒരു കാലത്തു കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രമായിരുന്ന വിദർഭയിലെ പോരാട്ടം പ്രവചനാതീതമാണ്. കോൺഗ്രസ്സ് ബി ജെ പി മത്സരം നടക്കുന്ന വർദ്ദ, ഗഡ്‌ ചിറോളി ചിമൂർ മണ്ഡലങ്ങളിലും ശിവസേന നേരിട്ട് ഏറ്റു മുട്ടുന്ന യവട്മാൽ, രാംടേക് എന്നിവിടങ്ങളിലും സാധ്യത കോൺഗ്രസിനാണ്. ബന്ദാര ഗോണ്ടിയായിൽ ബി ജെ പി , എൻ സി പിയുമായാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഈ ഏഴു സീറ്റുകളിൽ അഞ്ചെണ്ണം ബി ജെ പിയും രണ്ടെണ്ണം ശിവസേനയും ആണ് ജയിച്ചത്. ഇത്തവണ കോൺഗ്രസ്സ് നാല് സീറ്റുകൾ വരെ നേടിയേക്കും, ബി ജെ പി മൂന്നും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലിൽ നാല് സീറ്റും ബി ജെ ഡി നേടിയ ബെഹ്‌റിൻ പൂർ, കാലഗന്ധി, കൊരാപുട്, നബരംഗ് പൂർ മണ്ഡലങ്ങളിൽ കൊരാപുട്, നബരംഗ് പൂർ മണ്ഡലങ്ങളിൽ ബി ജെപി മികച്ച മുന്നേറ്റം നടത്തിയതായി തോന്നുന്നു . ഈ രണ്ടു സീറ്റിലും ജയിക്കാൻ അവർക്ക് സാധ്യത ഏറെയാണ്-കോൺഗ്രസ്സും ശക്തമായ മത്സരമാണ് ഇവിടെ കാഴ്ച വക്കുന്നതെങ്കിലും .

മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള 4 മണ്ഡലങ്ങളിൽ ആണ് ബീഹാറിൽ ആദ്യ ഘട്ട പോളിംഗ് നടന്നത്. കഴിഞ്ഞ തവണത്തേക്കാൾ 3 ശതമാനത്തോളം പോളിംഗ് കൂടുതൽ രേഖപ്പെടുത്തിയതായിട്ടാണ് വിവരം. നവാഡ , ഗയ, ഔരംഗാബാദ് , ജമുയി മണ്ഡലങ്ങളിൽ ആണ് വോട്ടെടുപ്പ് നടന്നത് . ഗയയിൽ ആർ ജെ ഡി കോൺഗ്രസ് മുന്നണിയുടെ ജിതിൻ രാം മഞ്ചിക്കാണ് സാദ്ധ്യത, ഔരംഗാബാദ് മണ്ഡലത്തിൽ ബി ജെ പി യുടെ സുശീൽ കുമാർ സിങ് ആയിരിക്കും വിജയിക്കുക. ജാമുയിൽ ലോക് ജനശക്തിക്ക് വേണ്ടി മത്സരിക്കുന്ന ചിരാഗ് പാസ്വാന് ജയസാധ്യത കൂടുതൽ ആണ്. നവാഡയിൽ നിതീഷ് കുമാറിന്റെ ജനതാ ദൽ വിജയിച്ചേക്കും.

തെലങ്കാനയിൽ ഭരണ കക്ഷിയായ ടി ആർ എസ് 14 – 15 സീറ്റുകൾ നേടിയേക്കും, ഹൈദരാബാദിൽ സലാവുദീൻ ഒവൈസിയും. കോൺഗ്രസിന് ഒന്നോ രണ്ടോ സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുക.

ആന്ധ്ര പ്രദേശിൽ ജഗൻമോഹൻ റെഡ്ഢിയുടെ വൈ എസ് ആർ കോൺഗ്രസും ടി ഡി പി യും തമ്മിൽ ആണ് മത്സരം. ആകെയുള്ള 25 മണ്ഡലങ്ങളിൽ 17 സീറ്റുകൾ വരെ ജഗൻ നേടുമ്പോൾ 5 സീറ്റുകൾ ടി ഡി പി ക്ക് കിട്ടിയേക്കും. പവൻ കല്യാൺ , ബി എസ് പി മുന്നണിയും രണ്ടോ മൂന്നോ സീറ്റുകൾ നേടിയാൽ അത്ഭുതപ്പെടേണ്ട.
ആസാമിൽ ആദ്യ ഘട്ട പോളിംഗ് നടക്കുന്ന 5 മണ്ഡലങ്ങളിൽ കോൺഗ്രസ്സ് ശക്തമായ മുന്നേറ്റം നടത്തിയേക്കും, കാലിയബാറിൽ കോൺഗ്രസിന്റെ ഗൗതം ഗോഗോയ് , എ ജി പി യുടെ മോനി മഹന്തയെ തോൽപ്പിക്കുവാനുള്ള സാധ്യത ഏറെയാണ്. തേസ് പൂർ , ജോർഹാറ്റ് , ദീബ്രുഹർ മണ്ഡലങ്ങൾ കോൺഗ്രസ്സ് ഇക്കുറി തിരിച്ചു പിടിച്ചേക്കും, ലഖ്‍മിപ്പൂർ സീറ്റ് ബി ജെ പി നേടിയേക്കും.

ഉത്തരാഖണ്ഡിൽ കടുത്ത പോരാട്ടമാകും നടക്കുക, നൈനിറ്റാളിൽ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്, ബി ജെ പിയുടെ സാംസ്ഥാന അധ്യക്ഷൻ അജയ് ഭട്ടിനെ നേരിടുന്നു. അൽമോറയിൽ കേന്ദ്രമന്ത്രി അജയ് തംത (ബി ജെ പി)യും രാജ്യ സഭാംഗം ആയ പ്രദീപ് തംത (കോൺഗ്രസ്)ഉം തമ്മിൽ നേരിട്ടുള്ള മത്സരം നടക്കുന്നു. ഹരിദ്വാറിൽ ബി ജെ പി യുടെ രമേശ് പോഖാരിയാൽ കോൺഗ്രസിന്റെ അംബരീഷ് കുമാറിനെ നേരിടുന്നു. തേരി ഗാർവാളിൽ ബി ജെ പി യുടെ സിറ്റിംഗ് എം പി മാൾ രാജലക്ഷ്മി ഷാ നേരിടുന്നത് കോൺഗ്രസിന്റെ കരുത്തനായ പ്രീതം സിങ്ങിനെയാണ്. ഇവിടെ സ്വതന്ത്രൻ ബി ജെ പി യുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തും. ഗാർവാളിൽ ബി ജെ പി യുടെ മുൻ മുഖ്യമന്ത്രി ബി സി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിക്കുന്നു. ഉത്തരാഖണ്ഡിൽ ഇത്തവണ അത്ഭുതങ്ങൾ സംഭവിക്കിച്ചേക്കാം, കോൺഗ്രസ് മൂന്നു സീറ്റുകൾ ഇവിടെ നിന്നും നേടുവാനുള്ള സാധ്യത കാണുന്നു.

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടന്ന കൂച്ചു ബിഹാർ, ആലിപ്പൂർ മണ്ഡലങ്ങളിൽ, തൃണമൂൽ കോൺഗ്രസ് സീറ്റുകൾ നില നിർത്തിയേക്കും.
അരുണാചൽ പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളിലെ രണ്ടു വീതം സീറ്റുകളും, ലക്ഷദ്വീപ്, മിസോറാം, മണിപ്പൂർ സീറ്റുകളും കോൺഗ്രസ്സ് നേടുവാനുള്ള സാധ്യത കാണുന്നു.
ചുരുക്കത്തിൽ, ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് നടന്ന 91 സീറ്റുകളിൽ ബി ജെ പി യുടെ സാധ്യത 15 സീറ്റുകൾ മാത്രമാണ്. കോൺഗ്രസ്സ് ഏകദേശം 22 സീറ്റുകളിൽ ജയിച്ചേക്കാം, ടി ആർ എസ്-15 , വൈ എസ് ആർ- 17 , ടി ഡി പി – 5 , ആർ എൽ ഡി – 2 , എസ് പി – 1 , ബി എസ് പി – 1 , തൃണമൂൽ – 2 , എ ഐ എം എം – 1 , ബി ജെ ഡി – 3, ലോക് ജൻ ശക്തി -2 , രാഷ്ട്രീയ ജനതാദൾ – 1 , ലോക് ജനതാദൾ – 1 , സിക്കിം സംഗ്രാം പരിഷത് – 1 , നാഗ പീപിൾസ് പാർട്ടി – 1 . ഏകദേശം ഇതാവും, ആദ്യ ഘട്ടത്തിലെ ജയസാധ്യതകൾ .

Comments
Print Friendly, PDF & Email

You may also like