സുബ്ഹി(1) ബാങ്കിനു കാത്തു നില്കാതെ, കുളിച്ച് വെള്ളത്തൊപ്പിയും ധരിച്ച് സെയ്തലവി പള്ളിയിലേയ്ക്ക് തിടുക്കപ്പെട്ടു നടന്നു. ഗെയ്റ്റ് തുറന്നിട്ടില്ല. ഗെയ്റ്റിനു മുകളിൽ പടച്ചവന്റെ മുതലിനു കാവലായി നില്ക്കുന്ന ക്യാമറ. അതിന്റെ ചുമന്ന കണ്ണ് മിന്നിക്കാണിക്കുന്നു. അടഞ്ഞ ഗേറ്റിലൂടെ കുഞ്ഞു റൈഹാനെ നോക്കി. നിലാവിൽ തെളിയുന്ന അവന്റെ ഖബറിനെ നോക്കി. ഖബറിനു കുടയായി നിൽക്കുന്ന ചന്ദനമരം അവിടെയുണ്ടോ.? ഉറപ്പില്ല. സെയ്തലവിയുടെ ഖൽബ് കലങ്ങിത്തന്നെ നിന്നു.
കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ സെയ്തലവിയുടെ മനസ്സിൽ മിന്നി. കടയടച്ച് വരുമ്പോഴായിരുന്നു, പള്ളിക്കാട്ടിലെ ശേഷിക്കുന്ന മരങ്ങളും മുറിച്ചു തുടങ്ങിയെന്ന വാർത്ത സെയ്തലവി കേൾക്കുന്നത്. അവിടെ കിഴക്കതിരിലെ ചന്ദനമരച്ചോട്ടിലാണ് സെയ്തലവിയുടെ കുഞ്ഞു റൈഹാനും അവന്റെ ഉമ്മിയും ഖിയാം(2) നാൾ കാത്തു കഴിയുന്നത്. മരത്തിന്റെ തണൽ പോയാൽ കുഞ്ഞു റൈഹാനു പൊള്ളും. അതോർത്തിട്ട്, സെയ്തലവി വിങ്ങി കിടന്നു. ഉറക്കം വന്നില്ല. മരം മുറി വാർത്ത കേട്ട ഇന്നലെ, ഉറക്കം അങ്ങാടിയിൽ ഇറങ്ങിപോയതാണ്. എഴുന്നേറ്റ് ജനൽ തുറന്നിട്ടു. തുറന്നിട്ട ജനലിലൂടെ നിലാവെളിച്ചം ചുമരിൽ ചിതറി. സെയ്തലവി സുബ്ഹി ബാങ്ക് വിളിക്കായി കാത്തു കിടന്നു. എത്രയും പെട്ടെന്ന് പള്ളിയിലെത്തണം. ഇനി രാവു പകലായി, റൈഹാൻറെ ഖബർ കണ്ടാലെ സെയ്തലവിയുടെ വിങ്ങൽ മാറു.
ഗേയ്റ്റ് കടന്നാൽ നിസ്ക്കാരപ്പള്ളി വരെ ടൈല് പാകി മനോഹരമാക്കിയ നടപ്പാതയാണ്.
പണ്ട്, നടപ്പാതയ്ക്ക് ഇരുവശത്തും ഖബറുകൾക്കു തണലായി ആകാശം കാണാത്തവിധം മരങ്ങളായിരുന്നു. ഈട്ടി, മഹാഗണി, ചന്ദനം, അങ്ങനെ ഒരുപാടൊരുപാട് മരങ്ങൾ. എത്രയെത്ര പക്ഷികൾ. അവയുടെ പാട്ടുകളും പരിഭവങ്ങളും. അവിടെയെത്തുമ്പോൾ തന്നെ മനസ്സും ശരീരവും തണുക്കും. മരങ്ങൾക്കിടയിലൂടെ, തെളിച്ചിട്ട അടിക്കാട്ടിലൂടെയുള്ള ഒറ്റയടിപ്പാതകൾ, ഖബറിൽ കഴിയുന്ന ഉറ്റവരിലേയ്ക്കുള്ള വഴികളാണ്. എത്രയോ പ്രാവശ്യം ഉമ്മയേയും ഉപ്പയേയും കാണാൻ ആ ഒറ്റയടിപ്പാതയിലൂടെ താൻ പോയിരിക്കുന്നു. റൈഹാന്റെ ഉമ്മിയെ കണ്ടതും ഇഷ്ടമായതും കൂടെകൂട്ടിയതും അവർ വല്ലുപ്പുയും വല്ലുമ്മയും ആയതുമൊക്കെ അവർ അറിഞ്ഞതിനു ആ ഒറ്റയടിപ്പാതകൾ സാക്ഷികളാണ്. പഞ്ചാരമണലിൽ, പച്ചപ്പിൻറെ തണുപ്പിൽ അവർ ശാന്തമായി ഉറങ്ങി, തന്നോട് സ്നേഹം തുടർന്നു. ഇപ്പോൾ പല മരങ്ങളും വീണു. അതിൽ ഉപ്പയുടേയും ഉമ്മയുടേയും തണലും പോയി. അവർ ദുനിയാവിലെ ജീവിതച്ചൂടേറ്റ് ഒരുപാട് പൊള്ളിയതാണ്. തണലുപോയി വെന്തു വിയർക്കുന്ന ഉപ്പയേയും ഉമ്മയേയും ഓർത്ത് എത്രയൊ വെള്ളിയാഴ്ചകളിൽ നിന്നു വിയർത്തിട്ടുണ്ട്. ദുനിയാവിലും ഖബറിലും അവർക്കു പൊള്ളാനാണ് വിധിയെന്നോർത്ത് തനിക്കും അത്രയേറെ പൊള്ളിയിട്ടുണ്ട്. പക്ഷെ, തന്റെ റൈഹാൻ, അവനീ പൊള്ളൽ താങ്ങാൻ കഴിയില്ല, കുഞ്ഞി പൈതലല്ലേ.
പള്ളിക്കാട്ടിലേയ്ക്കുള്ള ഗേയ്റ്റ് കടന്നാൽ ഇടതുവശത്തെ ആദ്യ ഖബർ പക്കി തങ്ങളുടേതാണ്. അന്നും ഇന്നും പക്കിതങ്ങൾ, പള്ളിക്കാട്ടിലെ മുഴുവൻ ഖബറുകളുടേയും കാവൽക്കാരനെന്നപോൽ മീസാൻ കല്ലിൽ ചാരിയിരുന്ന്, വെള്ളികെട്ടിയ താടിരോമം തടവി, പള്ളിയിലേയ്ക്ക് വരുന്നവരുടെ സലാം സ്വീകരിച്ചു മടക്കും. തങ്ങളുടെ ഖബറിൽ ചന്ദനത്തിരി എപ്പോഴും കത്തികൊണ്ടിരിക്കും. തിരിയുടെ സുഗന്ധം ഖബറുകളുടെ മുകളിലൂടെ ഒഴുകി നടക്കും. ചെറുതും വലുതുമായ നിരവധി ഖബറുകളിൽ ഖബറാളികൾ(3), ആ സുഗന്ധത്തിൽ സ്വർഗ്ഗം സ്വപ്നം കണ്ട് ഖിയാമം നാൾ കാത്തുറങ്ങും. അവരോടൊപ്പം കുഞ്ഞു റൈഹാനും അവൻറെ ഉമ്മിയും.
പ്രിയപ്പെട്ടവൾക്കു സ്കൂട്ടർ സമ്മാനമായി കൊടുത്തത് റൈഹാന്റെ മൂന്നാം പിറന്നാളിനായിരുന്നു. അതിൻറെ ആദ്യ യാത്ര തന്നെ റൈഹാനേയും ഉമ്മയേയും പള്ളിക്കാടിന്റെ അവകാശികളാക്കി. കിഴക്കതിരിലെ ചന്ദനമരം അവർക്കു തണലായി. റൈഹാന്റെ കുഞ്ഞ് ഖബറിനു ചേർന്ന്, അവന് കാവലായി, കരുതലായി, അവന്റെ ഉമ്മിയും. ചന്ദനമരത്തിലെ ചാഞ്ഞചില്ലയിൽ റൈഹാനുവേണ്ടി താരാട്ടു പാടാൻ പൂങ്കുയിലെത്തും. മണ്ണിനടിയിലെ ചന്ദനമരത്തിന്റെ വേരിനെ കൂട്ടുപിടിച്ച്, കൈകൾ നീട്ടി ഉമ്മി അവനെ തട്ടിയുറക്കും, തലോടും. എല്ലാ വെള്ളിയാഴ്ചകളിലും മരച്ചോട്ടിലെ തണുത്ത തണലിലുറങ്ങുന്ന കുഞ്ഞു റൈഹാനേയും ഉമ്മിയേയും കാണാനും ഖബർ ഒരുക്കാനും സെയ്തലവിയെത്തും, വിശേഷങ്ങൾ പറയും. മരത്തണലിലെ തണുപ്പിൽ നിശബ്ദനായി സംസാരിച്ച് കുറച്ചുനേരം, ഖബർ ചുറ്റി വരുന്ന കാറ്റിൻറെ മറുപടി കേട്ട് അങ്ങനെ നിൽക്കും. ശേഷം റൈഹാന്റെ തണുത്ത നെറ്റിയിൽ ഉമ്മം കൊടുക്കും. പ്രിയപ്പെട്ടവളുടെ ചുരുണ്ട മുടിയിൽ വിരലോടിച്ചു മടങ്ങും.

വര : പ്രസാദ് കാനാത്തുങ്കൽ
പഴയ പള്ളിക്കമ്മറ്റിയുടെ തീരുമാനപ്രകാരം പള്ളിക്കാട്ടിലെ മരങ്ങൾ വെട്ടിത്തുടങ്ങിയത് സെയ്തലവി നിസ്സഹായതയോടെ നോക്കി നിന്നിട്ടുണ്ട്. മരത്തണലിന്റെ തണുപ്പിൽ ഖിയാമം കാത്തു കഴിഞ്ഞിരുന്ന ഖബറാളികൾ തണൽ നഷ്ടപ്പെട്ട് വെന്തു വിയർക്കുന്നതോർത്ത് അവൻ ഉരുകിയിട്ടുണ്ട്.
പള്ളിക്കാട്ടിലെ മരങ്ങൾ വീണ്ടും മുറിച്ചുതുടങ്ങി എന്നത് ശരിയാവല്ലേ എന്നു ദുഃഅ ചെയ്തു കണ്ണടച്ച് സെയ്തലവി ഗേറ്റിൽ ചാരിയിരുന്നു.
“ആരാ?”
അകത്തു നിന്നും കേട്ട ചോദ്യത്തിനു അസലാമു അലൈക്കും എന്നുത്തരം നൽകി എഴുന്നേറ്റു നിന്നു.
“എന്തേ സെയ്തലവി ബാങ്കിനു മുൻപേ?“ മുക്രിയുടെ ചോദ്യത്തിനു പ്രത്യേകിച്ച് ഉത്തരമൊന്നും നൽകിയില്ല. മുക്രി(4) ഗേറ്റ് തുറന്നു. ആരോ വിളിച്ചിട്ടെന്നപോലെ സെയ്തലവി റൈഹാന്റടുത്തേയ്ക്ക് നടക്കുന്നതു പോലെ ഓടി.
ചന്ദനമരച്ചോട്ടിലുറങ്ങുന്ന റൈഹാനെ കണ്ടു;
മരം മുറിച്ചിട്ടില്ല., അവൻന്റെ തണുപ്പും തണലും മാറിയിട്ടില്ല.
കണ്ണുകൾ ഇറുക്കിയടച്ചു,
രണ്ടിറ്റു കണ്ണുനീർ കുഞ്ഞിഖബറിൽ വീണു.
നാഥനു നന്ദി പറഞ്ഞു.
“യാ അള്ളാ, നീ വലിയവനാണ്
എന്റെ കുഞ്ഞിനെ നീ കാത്തോളണേ;
എന്റെ കുഞ്ഞിന്റെ തണലിനെ നീ
കാത്തോളണേ,
അവന്റെ ഖബറിലെ തണുപ്പിനെ നീ
കാത്തോളണേ”
സെയ്തലവിയുടെ ശരീരം മുഴുവനും ദുഃഅ(5) കൊണ്ടു നിറഞ്ഞു.
മരങ്ങൾ മുറിക്കാതെ കാത്തതിനു പുതിയ പള്ളിക്കമ്മറ്റിക്ക് സ്വർഗ്ഗം നേർന്നു.
സുബ്ഹി ബാങ്ക് ഖബറുകൾക്കു മുകളിലൂടെ പരന്നൊഴുകി.
‘അള്ളാഹു, അക്ബർ, അള്ളാഹു അക്ബർ,
ലാഹിലാഹ ഇല്ലള്ളാ’
നമസ്ക്കാരം കഴിഞ്ഞു,
പുതിയ പള്ളിക്കമ്മറ്റി സെക്രട്ടറിയെ കണ്ടു നേരിൽ നന്ദി പറയാൻ സെയ്തലവി ഹൗളി6നടുത്ത് കാത്തു നിന്നു. മുപ്പത്തിയഞ്ചു വയസ്സുള്ള ദയാലുവായ ഒരു തടിക്കച്ചവടക്കാരനാണ് പുതിയ സെക്രട്ടറി. കഴിഞ്ഞ പ്രളയകാലത്ത് നാട് ആ നന്മ അറിഞ്ഞതാണ്.
“എന്താണ് സെയ്തലവിക്കാ, തിരക്കിയത് ?
സെക്രട്ടറിയുടെ ക്ഷേമാന്വേഷണം അയാളെ ചിന്തയിൽ നിന്നുണർത്തി.
‘മോനെ, അന്നെ പടച്ചോൻ കാക്കും. എന്റെ കുഞ്ഞുപൈതൽ ഉറങ്ങുന്നിടത്തെ മരങ്ങളൊന്നും മുറിച്ചില്ലല്ലോ, മുറിച്ചൂന്ന വാർത്തകേട്ട് ആകെ ബേജാറായാണ് ഓടി വന്നത്. ഇപ്പോഴാണ് സമാധാനമായത്’.ഒറ്റ ശ്വാസത്തിൽ സെയ്തലവി പറഞ്ഞു നിർത്തി.
“അതു പിന്നെ, പറമ്പു മുഴുവനും പാമ്പുശല്യം കൂടിവന്നപ്പോൾ മരം വെട്ടാൻ കഴിഞ്ഞ കമ്മറ്റി എടുത്ത തീരുമാനമല്ലേ,
അടുത്ത പറമ്പുകളിലെ എത്ര വീടുകളിലാണ് പാമ്പു കടി കേട്ടത്…..
സെയ്തലവിക്കായും കേട്ടുകാണുമെല്ലാ”
സെക്രട്ടറി അങ്ങനെയാണ് തുടങ്ങിയത്.
കഴിഞ്ഞ വെള്ളിയാഴ് ജുമു:അത്ത് സമയത്തെ ആംബുലൻസ് നിലവിളി സെയ്തലവിയുടെ ചെവിയിൽ വീണ്ടും കേട്ടു.
“മരം കുറെ മുറിച്ചില്ലേ,
എന്റെ മോൻ പഴയ കമ്മറ്റി തീരുമാനത്തിനൊപ്പം നില്ക്കരുത്;”
നാളെ ലോകാവസാനം ആണെങ്കിലും ഇന്ന് ഒരു വിത്ത് കിട്ടിയാൽ മുളപ്പിക്കണമെന്നല്ലേ, റസൂൽ പറഞ്ഞത്.”
സെയ്തലവി തന്റെ അപേക്ഷയിൽ പ്രവാചകനെ കക്ഷി ചേർത്തു. സെയ്തലവിക്കയുടെ അപേക്ഷയ്ക്ക് പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ, ഒന്നു ചിരിച്ച്, സെക്രട്ടറി നടന്നു പോയി.
വെള്ളിയാഴ്ചകൾ പിന്നെയും പലതു കഴിഞ്ഞു.
ഇതിനിടയിൽ പള്ളിക്കമ്മറ്റി കൂടി മരംമുറിച്ചർച്ച വീണ്ടും നടത്തി. തുടർന്നും മരം മുറിക്കേണ്ടതുണ്ടോയെന്ന സെക്രട്ടറിയുടെ ആവശ്യം കമ്മറ്റിക്കു തള്ളേണ്ടിവന്നു. മുൻ തീരുമാനമാണ്, കരാർ കൊടുത്തതാണ്, മരം വിറ്റ കാശെടുത്താണ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം തുടങ്ങിയിരിക്കുന്നത്. ചർച്ച അങ്ങനെ പോയി.അങ്ങനെ പുതിയ കമ്മറ്റിയും പഴയ തീരുമാനം തുടർന്നു.
അടുത്ത ദിവസം കുഞ്ഞു റൈഹാന്റെ ചന്ദനമരചില്ലകൾ നിലം തൊട്ടു.
പൂങ്കുയിൽ ചില്ല കിട്ടാതെ, കരഞ്ഞു പാടി.
റൈഹാന്റെ ഖബറിനുമുകളിൽ തീകാറ്റ് പെയ്തിറങ്ങി. അവനു വല്ലാതെ പൊള്ളിത്തുടങ്ങിയിരിക്കുന്നു. അവൻ നിലവിളിച്ചു കരഞ്ഞു. മുറിഞ്ഞ ചന്ദന വേരുകൾ, അവനെ തൊട്ടുതലോടാൻ കൈകൾ നീട്ടാൻ കഴിയാതെ മരവിച്ചു നിന്നു. നിലവിളി ഉഷ്ണക്കാറ്റേറ്റെടുത്ത് പുറത്തേക്കെറിഞ്ഞു.
മരം മുറിച്ചതറിഞ്ഞു സെയ്തലവി വീട്ടിൽ നിന്നും പള്ളിക്കാട്ടിലേയ്ക്കോടി.
കുഞ്ഞു റൈഹാന്റെ പൊള്ളിയ കരച്ചിൽ ചെവി തുളച്ച് സെയ്തലവിയുടെ അകം പൊള്ളിച്ചു.പള്ളിക്കാട് ഉഷ്ണം കൊണ്ട് തിളച്ചു.ഖബറാളികൾ ഖബറിനു പുറത്ത് കരഞ്ഞുവിളിച്ചു. കുഞ്ഞു റൈഹാന്റെ നിലവിളി സഹിക്കാൻ കഴിയാതെ പക്കി തങ്ങൾ ഇരുകൈകളും മുകളിലേക്കുയർത്തി പടച്ചവനോട് കേണു.
“എന്റെ റബ്ബേ,
എന്റെ കുഞ്ഞിനെ നീ പൊള്ളിക്കല്ലേ,
നീ അവനു തണുത്ത കാറ്റേകണേ,
നീ അവനെ ഉഷ്ണത്തിൽ നിന്നും കരുതണേ,
മരം മുറിച്ചവരോട് നീ പൊറുക്കേണമേ,
അവർക്കെല്ലാം നീ സ്വർഗ്ഗം നല്കണേ.”
ദുഃഅയ്ക്ക് ആമീൻ പറഞ്ഞ് സൈതലവി കൂടെ കരഞ്ഞു. ദുഃഅയുടെ അവസാനം
കുഞ്ഞ് റൈഹാന് തണലായി, മരമായി,
പൊള്ളുന്ന വെയിലിന് തടസ്സമായി,
സെയ്തലവി, കുഞ്ഞി ഖബറിനു മേൽ പഞ്ചാര മണലിൽ ചേർന്നു കിടന്നു.
ഉഷ്ണക്കാറ്റ് പഞ്ചാരമണലിനു സെയ്തലവിയുടെ മൂക്കിലേയ്ക്കു വായിലേക്കും വഴി തുറന്നു. ഖബറിലെ മണൽ നീക്കി പുറത്തു വന്ന കരിവണ്ട്, സെയ്തലവിയുടെ കവിളിൽ തൊട്ടു…….
തണുത്ത കവിൾ. ചിറകടിച്ചു മുകളിലേയ്ക്കുർന്ന കരിവണ്ട്, ഉമ്മിയുടെ ഖബറിൻറെ മണ്ണ് നീക്കാൻ തുടങ്ങി.
ടിപ്പണി :
- സുബ്ഹി ബാങ്ക് – രാവിലെയുള്ള ബാങ്ക്.
- ഖിയാമം നാൾ – മരണശേഷം വിധി നിർണ്ണയിക്കുന്ന ദിവസം.
- ഖബറാളികൾ – ഖബറിൽ ഖിയാമം നാൾ കാത്തു കഴിയുന്നവർ.
- മുക്രി – പള്ളിയിൽ ബാങ്ക് കൊടുക്കുന്നയാൾ.
- ദുഃഅ – പ്രാർത്ഥന.
- ഹൗള് – പള്ളിക്കുളം.
കവർ : ജ്യോതിസ് പരവൂർ