തൊഴിലാളികളുടെ കൊട്ടാര പാതകൾ
പ്രശസ്ത ബ്രിട്ടീഷ് ഫിലോസഫറും മാത്തമാറ്റിഷ്യനും ബുദ്ധിജീവിയുമായിരുന്ന ബെർട്രാൻഡ് റസ്സൽ റഷ്യൻ വിപ്ലവം നടന്ന കാലത്ത് അതിൽ ആവേശം കൊണ്ട ചിന്തകനാണ്. മുതലാളിത്ത ചൂഷണത്തിനും അത് മുന്നോട്ട് വെക്കുന്ന പിന്തിരിപ്പൻ ദേശീയ സങ്കല്പങ്ങൾക്കും പകരം വെക്കാവുന്ന ഒന്നാണ് സോഷ്യലിസം എന്ന് അദ്ദേഹം ആദ്യ ഘട്ടത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. 1920 ൽ വളരെയധികം പ്രതീക്ഷകളോടെ റഷ്യ സന്ദർശിക്കുകയും ലെനിനുമായി സമയം ചെലവഴിക്കുകയും ലെനിന്റെ പ്രവർത്തനങ്ങൾ അടുത്ത് നിന്ന് കാണുകയും ചെയ്തു. എന്നാൽ അദ്ദേഹം റഷ്യയിൽ നിന്ന് മടങ്ങിയത് നിരാശനായിട്ടാണ്.
ലെനിന്റെ അതോറിറ്റേറിയൻ ശൈലിയും മനുഷ്യാവകാശങ്ങൾക്കു നൽകുന്ന അപ്രധാനതയും ഈ സിസ്റ്റത്തെ നശിപ്പിക്കുമെന്ന് റസ്സൽ അന്നേ മനസ്സിലാക്കുകയും അതേക്കുറിച്ചു “The practice and theory of bolshevism” എന്നൊരു പുസ്തകം തന്നെയെഴുതുകയും ചെയ്തു. റസ്സൽ ആവേശത്തോടെ റഷ്യയിലേക്ക് പോകുകയും നിരാശനായി മടങ്ങുകയും ആയിരുന്നെങ്കിൽ ഞാൻ വലിയ പ്രതീക്ഷകളൊന്നുമില്ലാതെ റഷ്യയിലേക്ക് പോകുകയും റഷ്യൻ നഗരങ്ങളും സമ്പദ് വ്യവസ്ഥയുടെ ചലനാത്മകതയും കണ്ടു അമ്പരന്നു മടങ്ങുകയുമായിരുന്നു. അവയെക്കുറിച്ചു വിശദമായി എഴുതാം, എന്നാൽ ഞാൻ റസ്സലിനെ ഉദ്ധരിച്ചത് ഇത് പറയാനേയല്ല.
ബെർട്രാൻഡ് റസ്സലിന്റെ ഒരു ചെറു ലേഖനം പ്രീഡിഗ്രിക്കാലത്ത് പഠിക്കാനുണ്ടായിരുന്നു. അതിൽ അദ്ദേഹം രസകരമായി ഇംഗ്ലീഷുകാരനും റഷ്യനും തമ്മിലുള്ള വ്യത്യാസങ്ങൾ പറയുന്നുണ്ട്. അതിലദ്ദേഹം പറയുന്നത് ഇംഗ്ലീഷുകാരൻ പൊതുവെ വല്യ ഗൗരവക്കാരനും അപരിചിതരോട് അടുത്തടുത്തിരുന്നു യാത്ര ചെയ്‌താൽ പോലും മിണ്ടാത്തയാളും നമ്മൾ സംസാരിക്കാനെങ്ങാനും ശ്രമിച്ചാൽ കൈയിലിരിക്കുന്ന ദിന പത്രം തല തിരിച്ചു പിടിച്ചാണെങ്കിലും സംഭാഷണം ഒഴിവാക്കാൻ ശ്രമിക്കുന്നയാൾ ആണെന്നുമാണ്. എന്നാൽ റഷ്യക്കാർ യാതൊരു അപരിചിതത്വവും ഇല്ലാതെ കുടുകുടെ സംസാരിക്കുന്നവരും സ്നേഹം പ്രകടിപ്പിക്കുന്നവരുമാണ് എന്നാണ്. എന്നാൽ എന്റെ അനുഭവം മറിച്ചായിരുന്നു.
പൊതുവെ അത്ര സൗഹൃദഭാവം കാട്ടുന്നവരല്ല റഷ്യക്കാർ, പ്രത്യേകിച്ചും വല്യ നഗരങ്ങളിൽ ഉള്ളവർ. നിങ്ങൾ മിണ്ടാൻ ശ്രമിച്ചാൽ പോലും മാറി പോകുന്നവർ. അവർ നിങ്ങളെ ശ്രദ്ധിക്കുക കൂടിയില്ല എത്ര നേരം ഒപ്പമിരുന്നാലും. എന്തെങ്കിലും സഹായം ചോദിയ്ക്കാൻ ശ്രമിച്ചാൽ മാറി പോകുന്നവരാണ് അധികം. ഒരു പക്ഷെ ഭാഷ അറിയാത്തതിനാലാവും. ഇംഗ്ലീഷ് അറിയില്ല എന്ന് പറയുന്നത് പോലും നമ്മളെപ്പോലെ ഒട്ടും അപ്പോളെജെറ്റിക് ആയിട്ടല്ല (അങ്ങിനെ ആകുകയും വേണ്ട, അത് നമ്മുടെ കൊളോണിയൽ ഹാങ്ങ് ഓവറിൽ നിന്ന് വരുന്നതാണ്) നോ ഇംഗ്ലീഷ് എന്ന് പറഞ്ഞു അവരങ്ങു നടന്നു പോകും. ഇയാൾ ബസ് കിട്ടാതെ വിഷമിച്ചു നിൽക്കുകയാണെന്നോ, റെസ്റ്റോറന്റിലെ മെനു വായിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നോ എന്നൊന്നുമുള്ള കരുതലേയില്ല. റെസ്റ്റോറന്റിൽ പോയി നമ്മൾ ആംഗ്യ ഭാഷയിൽ ലതും ഇതും ഓരോന്ന് പോരട്ടെ എന്ന് പറഞ്ഞാൽ ഇംഗ്ലീഷ് വിൻഗ്ലിഷ് എന്ന സിനിമയിൽ കോഫി ഓർഡർ ചെയ്യാൻ പോകുന്ന ശ്രീദേവിയോട് പെരുമാറുന്നത് പോലെ വീണ്ടും വീണ്ടും ഓരോന്ന് ചോദിച്ചു അവർ നമ്മുടെ ആത്മവിശ്വാസം തകർത്തു കളയും. ഓർഡർ ചെയ്യുന്നത് വെള്ളമാണെങ്കിൽ പോലും സ്റ്റിൽ ഓർ സ്പാർക്ലിങ്, കോൾഡ് ഓർ റൂം ടെമ്പറേച്ചർ, സ്മാൾ ഓർ ബിഗ്, പാറയിൽ നിന്ന് വരുന്നതോ പുഴയിൽ നിന്നെടുത്തതോ എന്നൊക്കെ റഷ്യനിൽ ചോദിച്ചു കൊണ്ടേയിരിക്കും ഒടുവിൽ ഏതെങ്കിലും വെള്ളം ഇത്തിരി തായോ എന്ന് നമ്മൾ പറയുമ്പോൾ അതാ വരും ആദ്യം പറയേണ്ടിയിരുന്ന ഡയലോഗ് “നോ ഇംഗ്ലീഷ്”. നമ്മൾ ഒടുവിൽ അടുത്ത കട തിരക്കി പോകും. എത്രയെന്നു പറഞ്ഞാണ് ഗൂഗിൾ ട്രാൻസ്‌ലേറ്ററിൽ ഓരോന്ന് ടൈപ്പ് ചെയ്തും പറഞ്ഞും ആശയവിനിമയം നടത്തുക.
അതൊക്കെ അവിടെ നിൽക്കട്ടെ. നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എന്നെയെങ്ങിനെ ആദ്യ ദിവസം തന്നെ 10000 റൂബിൾ റഷ്യൻ കോമ്രേഡ്‌സ് പറ്റിച്ചു എന്നറിയാനല്ലേ. നമുക്ക് അതിലേക്കു വരാം. എമിഗ്രെഷൻ ക്ലിയറൻസ് ഒക്കെ കഴിഞ്ഞു ആകെയുള്ള ഒരു പെട്ടിയുമുരുട്ടി (ട്രാവൽ ലൈറ്റ് എന്നാണല്ലോ പ്രമാണം) എയർപോർട്ടിന് പുറത്തേക്കു കടക്കും മുൻപ് എല്ലാ എയര്പോര്ട്ടുകളിലും ഉള്ളത് പോലെ രണ്ടു ചെറിയ ബോർഡുകൾ കണ്ടു. ഒന്ന് ‘ടാക്സി’ അടുത്തത് ‘സിം കാർഡ്’.
റഷ്യയിൽ ചെന്നാലുടൻ റഷ്യൻ സിം കാർഡ് എടുക്കുന്നതാവും നല്ലതു എന്ന് ഒരു പ്രശസ്ത വ്‌ളോഗൻ പണ്ടെങ്ങോ പറഞ്ഞത് മനസ്സിൽ കിടന്നിരുന്നു. പൊതുവെ രണ്ടു ഫോണുകളുമായി നടക്കുന്ന ആളാണ് ഞാൻ, വർഷങ്ങളായുള്ള ശീലമാണത്, പേഴ്സണൽ ഫോണും വർക്ക് ഫോണും ഉണ്ടാകും കൈയ്യിൽ. വർക്ക് ഫോണിൽ ഖത്തറിൽ നിന്ന് തിരിക്കും മുൻപേ റോമിങ് ആക്ടിവേറ്റ് ചെയ്തിരുന്നു. 100 റിയാൽ നൽകിയാൽ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഒരാഴ്ചത്തേക്ക് റോമിങ് ആക്ടിവേറ്റ് ചെയ്യാം. നമ്മൾ എവിടെയായിരുന്നാലും തൊഴിൽപരമായ കാര്യങ്ങൾക്കു തടസ്സമുണ്ടാകില്ല. റോമിങ് പൊതുവെ നല്ല രീതിയിൽ വർക്ക് ചെയ്യുന്നതായാണ് എന്റെ അനുഭവം. അത് കൊണ്ട് തന്നെ ഒരു റഷ്യൻ സിം എനിക്ക് അത്യന്താപേക്ഷിതമൊന്നും ആയിരുന്നില്ല. എന്നിട്ടും വാങ്ങാൻ തന്നെ തീരുമാനിച്ചു, ഖത്തർ റോമിങ് വർക്ക് ചെയ്തില്ലെങ്കിലോ. ഒരാഴ്ചത്തേക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് / ലോക്കൽ & ഇന്റർനാഷണൽ കാൾസ് 5000 റൂബിൾ അത്രേ. അയ്യായിരമോ ഞാനൊന്നു ഞെട്ടി. എയര്പോര്ട്ടിനുള്ളിൽ റഷ്യൻ സിം എന്നൊക്കെ വല്യ ബോർഡ് വെച്ച കൊണ്ടർ ആണ് അത് കൊണ്ട് തന്നെ പറ്റിക്കുക ആണെന്ന് തോന്നിയതേയില്ല. ഇത്ര എക്സ്പെൻസീവ് ആണോ ഈ നഗരം എന്നായിരുന്നു ചിന്ത. ഫോൺ വാങ്ങി കൗണ്ടറിൽ ഉണ്ടായിരുന്ന സുന്ദരി തന്നെ സിം കാർഡ് മാറ്റി പുതിയത് ഇട്ടുതന്നു , റഷ്യനിൽ നിന്ന് ലാങ്ഗ്വേജ് ഇംഗ്ലീഷിലും ആക്കി. ഫോൺ കൗണ്ടറിനോട് ചേർന്നിരുന്ന പ്രീ പെയ്ഡ് ടാക്സി എന്നെഴുതിയ കൗണ്ടറിൽ ഹോട്ടലിന്റെ അഡ്രെസ്സ് കാട്ടി ടാക്‌സിയും ബുക്ക് ചെയ്തു. വീണ്ടും 5000 റൂബിൾ. ഞാൻ പിന്നെയും ഞെട്ടി. ട്രെയിൻ/ ബസ് എന്നൊക്കെയുള്ള ബോർഡ് അവിടെ കാണുന്നുണ്ട് പക്ഷേ തീരെ പരിചിതമല്ലാത്ത ഒരു നഗരത്തിൽ, ഭാഷ പോലും ബുദ്ധിമുട്ടായ ഒരിടത്ത് ആദ്യ ദിവസം തന്നെ ട്രെയിനിലോ ബസ്സിലോ കയറി വലിയൊരു നഗരത്തിലിറങ്ങി ഹോട്ടൽ കണ്ടു പിടിക്കാം എന്നു കരുതുന്നത് അബദ്ധമാവും എന്നു തോന്നി, അത് ശരിയായ തോന്നലുമായിരുന്നു, അങ്ങിനെ വഴിയരുകിൽ എവിടെയെങ്കിലും ഇറങ്ങി നിന്ന് കൈകാണിച്ചാൽ ടാക്സി കിട്ടുന്ന ഒരു നഗരവുമല്ല മോസ്‌കോ.
അങ്ങിനെ പതിനായിരം റൂബിൾ എയർപോർട്ടിൽ തന്നെ തീർത്ത് പുതുതായി കിട്ടിയ റഷ്യൻ സിം ഉപയോഗിച്ച് ഖത്തറിലേക്ക് വിളിച്ചു. സുനിലയോട് ഞാൻ ഇവിടെയെത്തി, വളരെ എക്സ്പെൻസീവ് നഗരമാണെന്നു തോന്നുന്നു, ഇങ്ങനെ പോയാൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു ഞാൻ കാശൊക്കെ തീർന്നു ഹോട്ടൽ റൂമിനുള്ളിൽ തന്നെ ഇരിക്കേണ്ടി വരും, ബ്രഡും ജാമും കഴിച്ചു വിശപ്പ് മാറ്റാം എന്നൊക്കെ തമാശയടിച്ചു ഫോൺ വെച്ചപ്പോൾ റഷ്യൻ സിം മരിച്ചു. പിന്നെയത് ഒരിക്കലും വർക്ക് ചെയ്തിട്ടേയില്ല. സുന്ദരിയുടെ അൺലിമിറ്റഡ് തള്ളു വിശ്വസിച്ച എന്നെ വേണം തല്ലാൻ. പിന്നീടൊരിക്കൽ നഗരത്തിൽ വെച്ച് 300 റൂബിൾ വീണ്ടും നൽകി അത് റീചാർജ് ചെയ്തു നോക്കി. കിം ഫലം. കണക്ടഡ് എന്നു കാണിക്കും, നെറ്റ് പോലും കിട്ടില്ല. എന്റെ ഖത്തർ ഫോൺ റോമിങ് ആയിരുന്നു യാത്രയിൽ ഉടനീളം ഉപയോഗപ്രദമായത്, പേഴ്സണൽ ഫോണും അതിലേക്ക് കണക്ട് ചെയ്തു. മറ്റൊരു ദിവസം വലിയൊരു ഷോപ്പിംഗ് മാളിൽ റഷ്യയിലെ പ്രമുഖ സിം പ്രൊവൈഡർ ആയ MTC യുടെ ഓഫീസിൽ കയറി പുതിയൊരു സിം കാർഡിന്റെ വില അന്വേഷിച്ചപ്പോഴാണ് 800 റൂബിൾ മാത്രമേ ഉള്ളൂ സിമ്മിന്റെ നിരക്ക് എന്നറിയുന്നത്.
എയർപോർട്ടിൽ നിന്ന് ഹോട്ടലിലേക്ക് ഏതാണ്ട് 45 കി മി ഉണ്ടായിരുന്നു.. നമ്മുടെ നാട്ടിൽ ആണെങ്കിൽ അങ്ങേയറ്റം പോയാൽ 2500 രൂപയാകണം എന്നു മനസ്സിൽ കൂട്ടി, അതിനാണ് എയർപോർട്ടിലെ സഖാക്കൾ 5000 റൂബിൾ വാങ്ങി രസീത് തന്നത്. അവസാന ദിവസം മോസ്‌കോയിൽ നിന്ന് മടങ്ങുമ്പോൾ അതേ ഹോട്ടലിൽ നിന്ന് തിരികെ എയർപോർട്ടിലേക്ക് ബുക്ക് ചെയ്ത ടാക്സി 1200 റൂബിൾ മാത്രമാണ് ചാർജ് ചെയ്തത്, അപ്പോഴാണ് എയർപോർട്ടിലെ സഖാക്കൾ പറ്റിച്ചതാണെന്നു മനസ്സിലായത്
ഹോട്ടലിലേക്കുള്ള യാത്ര മനോഹര ദൃശ്യങ്ങളാൽ സമ്പന്നമായിരുന്നു. നഗരമെത്തും വരെ ഇരു വശത്തും വിശാലമായ പുൽമേടുകൾ. യൂറോപ്പിലെ മറ്റേതൊരു രാജ്യത്തെയും ഗ്രാമീണ മേഖലകളിലൂടെ സഞ്ചരിക്കുന്നത് പോലെ, വളരെ വൃത്തിയുള്ള റോഡുകൾ, വൃത്തിയുള്ള, ചെത്തിയൊതുക്കി നിർത്തിയത് പോലെയുള്ള പുൽമേടുകൾ. നഗരം എത്തിത്തുടങ്ങിയപ്പോഴാണ് അത് ശ്രദ്ധിച്ചത് ടാക്സികൾക്കും ബസ്സിനുമൊക്കെ പ്രത്യേക ലൈൻ ഉണ്ട്. അത്ര വലിയ ഗതാഗത കുരുക്ക് മോസ്കോയിലെങ്ങും ഒരിക്കലും കണ്ടില്ല, അപ്പോൾ പോലും പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് കൂടുതൽ പ്രയോറിറ്റി. മറ്റു സ്വകാര്യ വാഹനങ്ങൾ പതിയെ നീങ്ങുമ്പോള് ഞാൻ സഞ്ചരിക്കുന്ന ടാക്സി പ്രത്യേക ലൈൻ ഉള്ളതിനാൽ കൂടുതൽ വേഗത്തിൽ നീങ്ങുന്നു. ബസ്സുകളും അങ്ങിനെ തന്നെ. റോഡിനു ഇരുവശവും വിശാലമായ നടപ്പാതകൾ, അതിനു പിന്നിൽ പൂക്കളും മരങ്ങളും വെച്ച് പിടിപ്പിച്ചിരിക്കുന്നു

മോസ്കോയിലെങ്ങും ഇങ്ങനെ തന്നെയാണ്, സാധാരണക്കാരന് ആണ് പ്രയോറിറ്റി. നടന്നു പോകുന്നവർക്കും പൊതു ഗതാഗതം ഉപയോഗിക്കുന്നവർക്കും വേണ്ടി ഡിസൈൻ ചെയ്ത നഗരം. മിക്കവാറും റോഡുകൾക്ക് ഇരു വശത്തേക്കും മൂന്നു ലൈൻ വീതം ഉണ്ടാകും, റോഡിനു വീതി കുറവാണെങ്കിൽ മധ്യേയുള്ള ഡിവൈഡർ ഉണ്ടാകില്ല, അവിടെ വെറുമൊരു വെള്ള വര മാത്രം, അപ്പോഴും നാലോ ആറോ ലൈൻ ഇരുവശത്തുമായി ഉണ്ടാകും, ഇരുവശത്തേയും അവസാന ലൈൻ ബസുകൾക്കും ടാക്സികൾക്കും. ഇതിനിടയിലൂടെ ട്രാമുകൾ തലങ്ങും വിലങ്ങും പോകും. അങ്ങിങ്ങായി മെട്രോ സ്റ്റേഷനുകൾ കാണാം.

മെട്രോ ഏതാണ്ട് പൂർണ്ണമായും ഭൂമിക്കടിയിലൂടെ ആണ്. പതിനഞ്ച് മെട്രോ ലൈനുകൾ ഉണ്ട് മോസ്‌കോ നഗരത്തിൽ, സബർബൻ, ലോങ്ങ് സർവീസ് ട്രെയിനുകൾ തുടങ്ങി നിരവധി മറ്റു ട്രെയിനുകൾ കൂടാതെ. ഓരോ മെട്രോ ലൈനിനും ഓരോ നിറം, ഒടുവിൽ നിറം തികയാതെ വന്നതിനാലാവും പച്ചയും ഇളം പച്ചയുമുണ്ട്, പർപ്പിളും ഇളം പർപ്പിളും വരെ. ആദ്യ ദിവസം ഒന്ന് പകച്ചെങ്കിലും എന്റെ യാത്ര മുഴുവനും പൊതു ഗതാഗതം ഉപയോഗിച്ചു മാത്രമായിരുന്നു. ആദ്യം കണ്ട ബസ്സിൽ ചാടിക്കയറി അതിൽ നിന്നിറങ്ങി ട്രാമിൽ കയറി, അടുത്ത മെട്രോ സ്റ്റേഷനിൽ ഇറങ്ങി ട്രെയിനിൽ കയറി അങ്ങിനെയങ്ങിനെ.

മോസ്കോയിലെയും സെന്റ് പീറ്റേഴ്‌സ് ബർഗിലെയും മെട്രോ സ്റ്റേഷനുകൾ കാണേണ്ടവ തന്നെയാണ്. ഭൂമിക്കടിയിലേക്ക് നീണ്ടു നീണ്ടു പോകുന്ന എക്സ്കലേറ്ററുകൾ. നാട്ടിലെയും മറ്റും എക്സ്കലേറ്ററുകൾ പോലെ ഹാൻഡ് റെയിലുകൾ അത്ര ഉയരത്തിലുമല്ല. മുകളിലേക്ക് കയറുമ്പോൾ ദശകങ്ങളായി എക്സ്കലേറ്ററുകൾ ഉപയോഗിച്ചു ശീലമുള്ള ഞാൻ ചെറുതായി പേടിച്ചു, പിന്നിലേക്ക് വീഴുമൊന്നു. അത്രയേറെ നേരം ഉയരത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കും.വൃദ്ധരായ റഷ്യക്കാർ പോലും ഓടിവന്നു കയറുകയും ഇറങ്ങുകയും കൈപിടിക്കാതെ നിൽക്കുകയും ചെയ്യുന്നുണ്ട്, നമുക്ക് ശീലമില്ലാത്തതു കൊണ്ടുള്ള പ്രശ്നമേയുള്ളൂ.
ഏതാണ്ടെല്ലാ മെട്രോ സ്റ്റേഷനുകളും കൊട്ടാര സദൃശമാണ്. ഒരു കൊട്ടാരത്തിന്റെ ഇടനാഴിയിലൂടെ നടന്നു പോകുന്ന അനുഭവം. വിശാലമായ തൂണുകളിലും മറ്റും മനോഹരമായ ചിത്രപ്പണികൾ, chandeliers , പെയിന്റിങ്ങുകൾ എന്നിവ. എന്റെ ഹോട്ടലിൽ നിന്ന് ട്രാമിൽ കയറി രണ്ടു സ്റ്റോപ്പ് കഴിഞ്ഞു ഇറങ്ങിയാൽ എത്തുന്ന, ഏറ്റവും അടുത്തുള്ള, പാവലെറ്റ്സ്‍കയാ മെട്രോ സ്റ്റേഷനിലെ വലിയ വെള്ള മാർബിൾ തൂണുകളിൽ അരിവാൾ ചുറ്റിക നക്ഷത്രം ആയിരുന്നു ആലേഖനം ചെയ്തിരുന്നത്.

1935 ൽ ആണ് മോസ്‌കോ മെട്രോ ഉത്ഘാടനം ചെയ്യപ്പെടുന്നത്. ഇന്നേക്ക് 90 വർഷം മുൻപ്. സ്റ്റാലിൻ റഷ്യക്ക് നൽകിയ ഏറ്റവും വലിയ സംഭാവന എന്ന് നിസ്സംശയം പറയാം. 2.2 ബില്യൺ ആളുകളാണ് 2024 ൽ മാത്രം മോസ്‌കോ മെട്രോയിലൂടെ യാത്ര ചെയ്തത് ( അതെ. നിങ്ങൾക്ക് തെറ്റിയില്ല 2 ബില്യണിലധികം ആളുകൾ) ഓരോ ദിവസവും ആറു മുതൽ ഏഴു മില്യൺ ആളുകൾ വരെ മോസ്‌കോ മെട്രോ ഉപയോഗിക്കുന്നു. 471 കി മി നീണ്ടു കിടക്കുന്ന മെട്രോ നെറ്റ് വർക്കിൽ 271 സ്റ്റേഷനുകളുണ്ട്. പീക്ക് അവറിൽ ഓരോ 90 സെക്കന്റിലും ഒന്നിന് പിന്നാലെ ഒന്നായി ട്രെയിനുകൾ വന്നു കൊണ്ടിരിക്കും.
മെട്രോ സ്റ്റേഷനുകൾ കൊട്ടാരങ്ങൾ പോലെ മനോഹരമായി പണിതത് ചുമ്മാ അങ്ങ് സംഭവിച്ചതല്ല, സുചിന്തിതമായ തീരുമാനം അതിനു പിന്നിൽ ഉണ്ടായിരുന്നു. സാർ ചക്രവർത്തിമാർ തങ്ങൾക്കു വേണ്ടി കൊട്ടാരങ്ങൾ നിർമ്മിച്ചപ്പോൾ ഞങ്ങളിതാ ജനങ്ങൾക്ക് വേണ്ടി, അവരുടെ യാത്രകളും ജീവിതവും കൂടുതൽ മനോഹരമാക്കാനായി ജനകീയ കൊട്ടാരങ്ങൾ നിർമ്മിക്കുന്നു എന്ന പ്രഖ്യാപനം. ഉത്ഘാടന ദിനത്തിൽ ആദ്യ ട്രെയിനിൽ യാത്ര ചെയ്തതും സ്റ്റാലിനോ, മറ്റു രാജ്യങ്ങളിലേതു പോലെ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അല്ല, മെട്രോ റെയിൽ നിർമ്മിച്ച തൊഴിലാളികൾ ആയിരുന്നു, സൗജന്യ യാത്ര.

സാധാരണ മനുഷ്യർക്ക്, കാൽനടക്കാർക്കും പൊതുഗതാഗതം ഉപയോഗിക്കുന്നവർക്കും മുൻഗണന നൽകുന്ന റോഡുകൾ, കൊട്ടാരങ്ങൾ തൊഴിലാളികൾക്ക് പ്രാപ്യമാക്കിയ മെട്രോ സ്റ്റേഷനുകൾ, ശരിക്കും കർഷകരെയും, തൊഴിലാളികളെയും മണ്ണിൽ പണിയെടുത്തു ജീവിക്കുന്നവരെയും മുന്നിൽ കണ്ടുള്ള വികസന മാതൃക. ഇത്തരം ഒരു വികസന മാതൃക എന്തുകൊണ്ടാവും ഇന്നും ലോകമെങ്ങുമുള്ള ഭരണാധികാരികൾ മറന്നു പോകുന്നത്
അടുത്ത ലക്കം മോസ്‌കോ എന്ന ഫാഷൻ കാപ്പിറ്റൽ
കവർ: വിൽസൺ ശാരദ ആനന്ദ്