പൂമുഖം പുസ്തകപരിചയം അദൃശ്യരാക്കപ്പെട്ട പെണ്ണുങ്ങൾ

അദൃശ്യരാക്കപ്പെട്ട പെണ്ണുങ്ങൾ

തിരുവനന്തപുരം എയർപോർട്ടിലെ ഡിസി ബുക്സ് സ്റ്റോറിൽ നിന്നാണ് സുധാ മേനോൻ എഴുതിയ ” ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ” വാങ്ങിയത്. നാട്ടിൽ നിന്ന് ഖത്തറിലേക്കുള്ള മടക്കയാത്രയിൽ ആയിരുന്നു ഞാൻ

സുധാ മേനോൻ വർഷങ്ങളായി ഫേസ്‌ ബുക്ക് സുഹൃത്താണ്. മനസ്സ് കൊണ്ട് ഒരു കുടുംബാംഗം പോലെ.സുധ എഴുതുന്നതൊന്നും വായിക്കാതെ വിടാറില്ല ഞാൻ. ഒന്നാം തരം ഒരു നെഹ്രുവിയൻ സോഷ്യലിസ്റ്റ് . വായനയുടെയും എഴുത്തിന്റെയും ലോകത്തു വിഹരിക്കുന്ന ഒരു കോൺഗ്രസ്സുകാരി. സ്വാതന്ത്ര്യസമര ചരിത്രത്തിലെയും ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ജീവിതത്തിലെയും അറിയപ്പെടാത്ത പല ഏടുകളും ഞാൻ വായിച്ചറിഞ്ഞത് സുധയുടെ കുറിപ്പുകളിലൂടെയാണ്.

സുധാ മേനോൻ

ഇങ്ങനെയൊക്കെയാണെങ്കിലും ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ എന്ന പുസ്തകത്തെ ഞാൻ ഒറ്റ വരിയിൽ വിശേഷിപ്പിക്കുക കഴിഞ്ഞ 50 വർഷങ്ങളുടെ ദക്ഷിണേഷ്യൻ ചരിത്രത്തിന്റെ മാർക്സിയൻ രേഖപ്പെടുത്തൽ എന്നാവും. ചരിത്രം രാജാവിന്റേതോ, ഭരണാധികാരികളുടേതോ, യുദ്ധക്കൊതിയന്മാരുടേതോ, മത നേതൃത്വങ്ങളുടേതോ അല്ല, മറിച്ചു ജനങ്ങളുടേത് ആണ് എന്നാണു മാർക്സിയൻ കാഴ്ചപ്പാട്. കൃത്യമായി അത് തന്നെയാണ് സുധ ഈ പുസ്തകത്തിലൂടെ പറഞ്ഞു വെച്ചിരിക്കുന്നത്. ശ്രീലങ്ക,പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ,ബംഗ്ലാദേശ്, ഇന്ത്യ എന്നിങ്ങനെ ആറു രാജ്യങ്ങളുടെ സമീപ കാല ചരിത്രമാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് . ഇവിടങ്ങളിലെ സാധാരണ മനുഷ്യരുടെ ജീവിതചരിത്രം. അത് വീണ്ടും വ്യത്യസ്തമാകുന്നത് പുസ്തകത്തിൽ ഈ ചരിത്രം പറയുന്നത് ആറു സ്ത്രീകളിലൂടെ ആണെന്നുള്ളതാണ്‌. അത് നമ്മെ നോവിപ്പിക്കുന്നത്, ദേശരാഷ്ട്രങ്ങൾ തകർത്തു കളഞ്ഞ ആറു അതിസാധാരണരായ സ്ത്രീകളാണ് സുധയിലൂടെ നമ്മോട് സംസാരിക്കുന്നതു എന്നതുകൊണ്ടാണ്. യുദ്ധങ്ങളും രാജ്യങ്ങളുടെ തകർച്ചയും നിരക്ഷരതയും പുരുഷാധിപത്യ മൂല്യങ്ങളും ഗോത്രബോധവും പൗരോഹിത്യത്തിന്റെ സ്വാധീനവും സ്ത്രീ വിരുദ്ധമായ സ്വത്തു / തൊഴിൽ നിയമങ്ങളും ഒക്കെ തകർത്തു കളഞ്ഞ, പുഴുക്കളെ പോലെ ചവിട്ടിയരച്ചു കളഞ്ഞ ആറു സ്ത്രീകൾ

ആമുഖത്തിൽ ദസ്തയേവ്സ്കിയുടെ “കുറ്റവും ശിക്ഷയും” എന്ന നോവലിലെ ഹൃദയസ്പർശിയായ ഒരു രംഗം ഓർത്തെഴുതുന്നുണ്ട് സുധ. സോണിയയെ കാണാൻ അവരുടെ വീട്ടിലെത്തിയ റസ്കോൾ നിക്കോവ് കടുത്ത ദാരിദ്ര്യവും കുഞ്ഞുങ്ങളുടെ വിശപ്പും ദുരിതവും നിസ്സഹായതയും കണ്ടു അവരുടെ മുന്നിൽ മുട്ടുകുത്തുകയും അമ്പരപ്പോടെ അത് തടയാൻ ശ്രമിച്ച സോണിയയോട് ” ഞാൻ മുട്ടുകുത്തിയത് നിന്റെ മുന്നിൽ അല്ല, മുഴുവൻ മാനവരാശിയുടെയും അനന്തമായ വ്യഥകൾക്കു മുന്നിലാണ്” എന്ന് പറയുകയും ചെയ്യുന്ന രംഗം. ഈ പുസ്തകത്തിലെ ഓരോ ലേഖനവും വായിച്ചു തീരുമ്പോൾ നിങ്ങൾ അറിയാതെ മുട്ടുകുത്തി നിന്ന് പോകും. മുഴുവൻ മനുഷ്യരാശിയുടെയും വ്യഥകൾ ഏറ്റു വാങ്ങി നിങ്ങളുടെ ഹൃദയ ധമനികളിലൂടെയുള്ള ചോരയോട്ടം നിമിഷ നേരത്തേക്കെങ്കിലും നിൽക്കും. പരിസരം മറന്ന് നിങ്ങൾ കരയും. മടക്കയാത്രയിൽ വിമാനത്തിനുള്ളിൽ ഒറ്റയിരിപ്പിനു നാലര മണിക്കൂർ കൊണ്ടാണ് ഞാൻ ഈ പുസ്തകം വായിച്ചു തീർത്തത്. ഞാൻ പലവട്ടം ഉറക്കെയുറക്കെ ഏങ്ങലടിച്ചു കരഞ്ഞു. അടുത്തിരിക്കുന്നവർ എന്നെ ശ്രദ്ധിക്കുന്നതൊന്നും എന്റെ പ്രശ്നമേയായിരുന്നില്ല

ആദ്യ ലേഖനം ജീവലതയുടെ കഥയാണ്‌. അത് വായിച്ചു തീരുമ്പോൾ എഴുത്തുകാരിയുടെ തന്നെ വരികൾ കടമെടുത്തു പറഞ്ഞാൽ, ഉണങ്ങിയ മരത്തിന്റെ നഗ്നമായ ചില്ലയിലെ ബാക്കിവന്ന ഒറ്റയില പോലെയാകുന്നത് സത്യത്തിൽ വായനക്കാരാണ്. കടപുഴകി വീണ ഉണക്ക മരം പോലെയാകും നമ്മൾ. ശ്രീലങ്കയിലെ വംശീയ യുദ്ധങ്ങൾ തമിഴ് പക്ഷത്തു നിന്നും സിംഹള പക്ഷത്തു നിന്നും മാത്രം കണ്ടിട്ടുള്ള നമ്മൾ ആദ്യമായി അത് സ്ത്രീപക്ഷത്തു നിന്ന് കാണും. ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല ഏല്ലാവരും തോൽക്കുന്നതേയുള്ളൂ എന്നൊക്കെ സകലമാന പ്രിവിലേജുകളുടെയും മുകളിലിരുന്ന് താടി തടവി ഫിലോസഫിക്കൽ ആയി മാത്രം പറഞ്ഞിട്ടുള്ള നമ്മൾ, യുദ്ധങ്ങൾ സാധാരണ മനുഷ്യരെ, പ്രത്യേകിച്ച് സ്ത്രീകളെ എങ്ങിനെയാണ് തകർത്തു കളയുക, എങ്ങിനെയാണ് അവർക്കു മേൽ നിരന്തരം അശനിപാതം പോലെ യുദ്ധക്കെടുതികൾ വന്നു പതിക്കുക എന്ന് ഞെട്ടലോടെ മനസ്സിലാക്കും.

ജീവയെ കേട്ടിരിക്കുമ്പോൾ വാക്കുകളും ശബ്ദങ്ങളും നഷ്ടപ്പെട്ടെന്നും എങ്ങോട്ടെങ്കിലും ഓടി പോയാലോ എന്നും ഇനി കഥ കേൾക്കേണ്ടെന്നും സുധയ്ക്കു തോന്നുമ്പോൾ നമ്മളും ആഗ്രഹിക്കുക അവർ ഈ ജീവിത കഥ തുടരരുതേ എന്നാണു. തുടർന്ന് വായിക്കാൻ ഓരോ വായനക്കാരനും അശക്തരാകുന്ന നിമിഷങ്ങൾ.

യുദ്ധത്തിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങൾ തന്നെയാകുമോ മൽസ്യങ്ങൾ ആയി പുനർജനിക്കുക ? നിലാവുള്ള രാത്രിയിൽ കേൾക്കാറുള്ള മീനുകളുടെ പാട്ട് കുഞ്ഞുങ്ങളുടെ കരച്ചിൽ തന്നെയാകുമോ

ശ്രീലങ്കയിൽ നിന്ന് നമ്മൾ പോകുന്നത് പാകിസ്താനിലേക്കാണ്. സൈറയുടെ കഥ കേൾക്കാൻ, സൈറയിലൂടെ ഹാജിറയുടെ കഥ കേൾക്കാൻ. പൗരോഹിത്യവും ഭൂവുടമകളും നിയന്ത്രിക്കുന്ന ഗോത്രനീതിയുടെ രാഷ്‌ട്രീയം വായിച്ചറിയാൻ. ആണധികാരം കല്ലെറിഞ്ഞു കൊല്ലാറാക്കിയ ഹാജിറക്ക് വെള്ളം കൊടുത്ത ശേഷം ഭയന്നോടുന്ന സൈറ ഞാനും നിങ്ങളുമാണ്. എത്രയോ കാലങ്ങളായി നമ്മുടെയിടയിലും കുറഞ്ഞ തോതിലെങ്കിലുമുള്ള പൗരോഹിത്യ ആണധികാര ഗോത്ര നീതികൾക്കെതിരെ കഴിയുന്നത്ര ഇടങ്ങളിൽ മൗനം പാലിക്കുന്നവരാണ് നമ്മൾ

ലോകത്തു എല്ലായിടത്തും ഇരകളായ സ്ത്രീകൾക്ക് ഒരേ ഭാഷയും ഒരേ സ്വരവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് പുസ്തകം തുടർന്ന് നമ്മളെ കൊണ്ട് പോകുന്നത് അഫ്ഗാനിസ്ഥാനിലേക്കാണ് പർവീന്റെ ജീവിത കഥ കേൾപ്പിക്കാൻ. റഷ്യൻ പട്ടാളവും താലിബാനും അമേരിക്കൻ പട്ടാളവും ഒക്കെ കയറിയിറങ്ങി ബാക്കിയായ അഫ്ഗാനിസ്ഥാനിൽ പർവീൻ കഥ പറഞ്ഞു നിർത്തുമ്പോൾ താഴ്‌വരയിലെ ഇരുളിലേക്ക് പർവീൻ മാത്രമാണ് അപ്രത്യക്ഷയാകുന്നത്. നമ്മൾ പർവീന്റെ വീട്ടു മുറ്റത്തെ പോപ്ലാർ മരത്തിനു കീഴിൽ വലിയൊരു ചുഴലിയിൽ അകപ്പെട്ടത് പോലെ ഇരിക്കുകയാവും

ജീവിതത്തിനു മുന്നിൽ രണ്ടു കാലുമില്ലാതെ പകച്ചു നിന്ന ബംഗ്ലാദേശിലെ റസിയ, മനുഷ്യക്കടത്തിൽ പെട്ട് ബോംബെയിലെ റെഡ് സ്ട്രീറ്റിൽ എത്തിപ്പെടുന്ന 13 വയസ്സു മാത്രമുള്ള,എന്താണ് തൻറെ തൊഴിൽ എന്ന് പോലും മനസ്സിലാകാതെ കരഞ്ഞ നേപ്പാൾ സ്വദേശി ശ്രേഷ്ഠ തമാങ്, ലക്ഷണമൊത്ത കർഷക ആത്‍മഹത്യ അല്ലെന്നു തെളിയിക്കാനാവാത്തതിനാൽ യാതൊരു നഷ്ടപരിഹാരവും ലഭിക്കാത്ത തെലുങ്കാന സ്വദേശി രേവമ്മ ഇവരുടെയൊക്കെ ജീവിതങ്ങൾ നിങ്ങളെ കരയിക്കും.

അവർ നമുക്ക് ചുറ്റുമുള്ള ലോകത്തെ പുതിയ വീക്ഷണകോണിൽ നിന്ന് കാണാൻ നമ്മെ പഠിപ്പിക്കും. ആണധികാരവും പൗരോഹിത്യവും ഫ്യുഡൽ സംവിധാനങ്ങളും ഭൂസ്വത്തിനും സമ്പത്തിനും മേൽ നിയന്ത്രണമുള്ളവരുടെ രാഷ്ട്രീയ ശക്തിയും നമുക്ക് ചുറ്റുമുള്ള സാധാരണ മനുഷ്യരെ എങ്ങിനെയാണ് പുഴുക്കളെ പോലെ കശക്കിയെറിയുന്നത് എന്ന് നമ്മെ കാട്ടിത്തരും.

പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഒക്കെ ഉൾഗ്രാമങ്ങളിൽ അങ്ങേയറ്റം അപകടകരമായ സാഹചര്യങ്ങളിൽ നമ്മളിൽ ഭൂരിപക്ഷത്തിനും സങ്കല്പിക്കാൻ പോലും കഴിയാത്തത്ര അതി ദരിദ്രമായ ചുറ്റുപാടുകളിൽ അവരിലൊരാളായി അവരോടൊപ്പം ഉണ്ടുമുറങ്ങിയും ആ ജീവിതങ്ങളെ മാറ്റി മറിക്കാൻ പണിയെടുത്ത ഒരു മലയാളി യുവതി എഴുതിയ സമകാലീന മനുഷ്യരുടെ ചരിത്രമാണ് ഈ പുസ്തകം. അധികാരികളെയും രാഷ്‌ട്രീയ നേതാക്കന്മാരെയും രാജാക്കന്മാരെയും യുദ്ധതന്ത്രജ്ഞരെയും ഒഴിച്ച് നിർത്തി ഇവരൊക്കെക്കൂടി മുറിവേൽപ്പിച്ച, തകർത്തു കളഞ്ഞ സാധാരണ മനുഷ്യരുടെ ചരിത്രം പറയുകയാണ് ഗ്രന്ഥകാരി.

അഹമ്മദാബാദിലേക്ക് വരൂ എന്ന് സുധ ഒരിക്കൽ ക്ഷണിച്ചിരുന്നു. പോകണം. അൽപനേരം ആ കൈകൾ പിടിച്ചു മിണ്ടാതെയിരിക്കണം.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like