പൂമുഖം CINEMA സ്ത്രീ സിനിമകളുടെ വെള്ളിത്തിരകളുമായി ടിഫ് 2017

ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2017 പ്രശസ്ത പത്രപ്രവർത്തകനും സിനിമ പ്രവർത്തകനുമായ ശ്രീ സുരേഷ് നെല്ലിക്കോട് മലയാളനാട് വാരികയ്‌ക്കായി റിപ്പോർട്ട് ചെയുന്നു. : സ്ത്രീ സിനിമകളുടെ വെള്ളിത്തിരകളുമായി ടിഫ് 2017

ൗദിഅറേബ്യൻ സംവിധായികയായ ഹൈഫാ അൽ മൻസൂറിന്‍റെ രണ്ടാമത്തെ ചിത്രമായ മേരി ഷെല്ലി ടൊറോന്‍റോ മേളയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ആദ്യ ചിത്രമായ ‘വാജ്‌ദ’ യുടെ ചിത്രീകരണം നടക്കുമ്പോൾ മറ്റുള്ള സാങ്കേതികപ്രവർത്തകർക്കൊപ്പം ചേർന്ന് കൂട്ടായി പ്രവർത്തിക്കാനുള്ള അനുമതി, സ്വന്തം നാട്ടിൽ പോലും, ഒരു സ്ത്രീ ആയതിന്‍റെ പേരിൽ ഹൈഫയ്ക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഒരു വാഹനത്തിലിരുന്നു മോണിറ്ററും ദൂരഭാഷിണിയുമുപയോഗിച്ച് ചിത്രനിർമ്മാണം നടത്താനേ അന്ന് കഴിഞ്ഞിരുന്നുള്ളു. മേരി ഷെല്ലിയുടെ ചിത്രീകരണം ഡബ്ലിനിലും ലക്സംബർഗിലുമായി നടക്കുമ്പോൾ ഹൈഫ തനിക്ക് കിട്ടിയ സ്വാതന്ത്ര്യം ലോകത്തെ അറിയിച്ച് ആഘോഷിക്കുകയായിരുന്നു ടോറോന്‍റോയിൽ. പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങളിൽ മൂന്നിലൊരുഭാഗം ചിത്രങ്ങളുടെ സംവിധായകർ സ്ത്രീകളായിരുന്നു എന്നതാണ് ശ്രദ്ധേയമായ സംഗതി. വരാൻപോകുന്ന കാലത്തെ കുറിച്ച് വ്യക്തമായ സൂചനകൾ തരുന്നു, ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രോത്സവങ്ങൾ. സ്ത്രീകളുടെ കാര്യങ്ങൾ ചലച്ചിത്രമാധ്യമത്തിലൂടെ വ്യക്തമാക്കാൻ സ്ത്രീകള്‍ തന്നെയാണ് നല്ലത് എന്ന നിലയിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു കാര്യങ്ങൾ . ഹൈഫാ അൽ മൻസൂറിന്‍റെ മേരി ഷെല്ലിയിൽ എല്ലി ഫാനിംഗും ഡഗ്ലസ് ബൂത്തുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

tiff 1

കാമെറന്‍ ബെയ്‌ലി – ആര്‍ട്ടിസ്റ്റിക് ഡിറെക്ടര്‍ – ടിഫ്

ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കും യുവസംരംഭകർക്കും ഇത്രയേറെ പ്രോത്സാഹനം കൊടുക്കുന്ന ഒരു രാജ്യം വേറെയുണ്ടാവില്ല. പല കോണുകളിൽനിന്നുള്ള ചർച്ചകളും വർത്തമാനങ്ങളും ഓസ്കർ പുരസ്‌ക്കാരങ്ങളിലേക്കുള്ള ചൂണ്ടുപലകകളായിത്തീരുന്നുണ്ട്.

മുന്‍ വര്‍ഷങ്ങളിലെ ഓസ്ക്കര്‍ പുരസ്കാരവേദികളില്‍ വെട്ടിത്തിളങ്ങിയ 12 YEARS A SLAVE, ROOM, LA LA LAND എന്നീ ചിത്രങ്ങള്‍ അതത് വര്‍ഷങ്ങളില്‍ ടൊറോന്‍റോ ചൂണ്ടിക്കാണിച്ചവയായിരുന്നു‌.
നാല്പത്തിരണ്ടാമതു മേള അവസാനിക്കുമ്പോള്‍, പ്രേക്ഷകര്‍ ഇത് നാല്പതാം തവണയാണ്‌ അവര്‍ക്കിഷ്ടപ്പെട്ട ചലച്ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. മാര്‍ട്ടിന്‍ മക്‌ഡൊനാഗിന്‍റെ THREE BILLBOARDS OUTSIDE EBBING, MISSOURI എന്ന ചിത്രമാണ്‌ ‘ഗ്രോല്‍‌ഷ് ജനപ്രിയ ചിത്ര’മായി തെരഞ്ഞെടുക്കപ്പെട്ടത്. സ്വന്തം മകളുടെ കൊലപാതകത്തിന്‌ ഉത്തരവാദിക ളായവരെ പിടികൂടാനുള്ള അധികൃതരുടെ അനാസ്ഥയെ നേരിടാന്‍ അമ്മ കണ്ടെത്തിയ വഴി കറുത്തഹാസ്യം ചേര്‍ത്ത് സം‌വിധായകന്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.. മില്‍‌ഡ്രെഡ് ഹേയ്സ് എന്ന അമ്മയായി ഫ്രാന്‍സേ മക്ഡോര്‍മന്‍‌ഡ് എന്ന മുന്‍‌കാല ഓസ്ക്കര്‍ ജേതാവാണ്‌ അഭിനയിക്കുന്നത്. ഈ ചിത്രം പുരസ്കാരപ്രഖ്യാപനത്തിനുശേഷം വൈകുന്നേരം നാലിനു പൊതുജനങ്ങള്‍ക്കു വേണ്ടി സൗജന്യമായി പ്രദര്‍ശിപ്പിക്കുകയുണ്ടായി.
തൊട്ടു പിന്നിലെത്തിയത് അമേരിക്കന്‍ ചിത്രമായ ഐ, ടോണിയ ( I, Tonya) ആണ്‌. സം‌വിധായകന്‍ ക്രെയ്‌ഗ് ഗിലെസ്പി. ഫിഗര്‍ സ്കെയ്‌റ്റിംഗില്‍ അമേരിക്കയുടെ ഒളിമ്പിക് മെഡല്‍ പ്രതീക്ഷയായിരുന്ന നാന്‍സി കെറിഗനു മേല്‍ 1994 ല്‍ ഒരു ആക്രമണം നടന്നിരുന്നു. നാന്‍സിയുടെ എതിരാളിയായിരുന്ന ടോണിയ ഹാര്‍ഡിംഗിന്‍റെ കഥയാണ്‌ ഈ ചിത്രം പറയുന്നത്.
ജനപ്രിയ ചിത്രങ്ങളില്‍ മൂന്നാം സ്ഥാനം നേടിയത് ഇറ്റാലിയന്‍ സം‌വിധായകനായ ല്യൂക്ക ഗ്വാഡനിനോയുടെ CALL ME BY YOUR NAME ആണ്‌.

 tiff 4

സദാഫ് ഫറൂഗി – ‘ആവ’യുടെ ഇറേനിയന്‍ സം‌വിധായിക

മിഡ്‌നൈറ്റ് മാഡ്നെസ്സ് വിഭാഗത്തില്‍ പ്രേക്ഷകര്‍ ഒന്നാം സ്ഥാനത്തേക്കെത്തിച്ചത് ജോസഫ് കാനിന്‍റെ BODIED എന്ന ചിത്രമാണ്‌. തെക്കന്‍ കൊറിയയില്‍ ജനിച്ച് ഹ്യൂസ്റ്റണില്‍ വളര്‍ന്ന ചലച്ചിത്രകാരനാണ്‌ ജോസഫ് കാന്‍. ഈ വിഭാഗത്തില്‍ ക്രെയ്‌ഗ് സാലറിന്‍റെ BRAWL IN CELL BLOCK 99, അമേരിക്കന്‍ നടനും സം‌വിധായകനുമായ ജെയിംസ് ഫ്രാങ്കോയുടെ Disaster Artist എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം നേടിയെടുത്തു.

ഡോക്യുമെന്‍ററി വിഭാഗത്തില്‍ ആഗ്‌നെസ് വാര്‍ദ യുടെ FACES PLACES ഒന്നാം സമ്മാനം നേടിയപ്പോള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്, യഥാക്രമം, ജെന്നിഫര്‍ ബൈച്‌വാലും നിക്കളസ് ഡി പെന്‍സിയേയും കൂടി സം‌വിധാനം ചെയ്ത LONG TIME RUNNING – ഉം, മോര്‍ഗന്‍ സ്‌പര്‍ലോക്കിന്‍റെ SUPER SIZE ME 2 – HOLY CHICKEN ഉം ആണ്‌.
മികച്ച സം‌വിധായകനുള്ള പ്‌ളാറ്റ്ഫോം പ്രൈസ് ലഭിച്ചത് SWEET COUNTRY ചെയ്ത വാര്‍‌വിക്ക് തോണ്‍‌ടണാണ്‌. ചെന്‍ കൈഗെ, മാല്‍‌ഗൊര്‍‌സാത്ത സുമോവ്‌സ്‌ക, വിം വെന്‍‌ഡേഴ്സ് എന്നിവരടങ്ങിയ അന്താരാഷ്ട്ര ജൂറിയാണ്‌ ഈ ആസ്ട്രേലിയന്‍ ചിത്രം തെരഞ്ഞെടുത്തത്. ഒട്ടേറെ അന്താരാഷ്ട്ര വേദികളില്‍ നിന്ന് വാര്‍‌വിക് തോണ്‍‌ടണ്‍ ഇതിനു മുമ്പും പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. വെള്ളക്കാരുടെ ആധിപത്യത്തിനെതിരേയുള്ള കറുത്ത അടിമകളുടെ കലാപത്തിന്‍റെ കഥയാണു SWEET COUNTRY പറയുന്നത്. ആസ്ട്രേലിയയുടെ വടക്കന്‍ പ്രവിശ്യയില്‍ 1929 ല്‍ നടക്കുന്ന ഒരു കഥയാണത്. പ്ലാറ്റ് ഫോം സമ്മാനത്തിനായുള്ള മത്സരത്തിലേയ്ക്ക് പന്ത്രണ്ടു സിനിമകളാണു വന്നെത്തിയത്. അതില്‍ ആറെണ്ണവും സം‌വിധാനം ചെയ്തത് സ്ത്രീകളായിരുന്നു എന്നുള്ളത് ജൂറി എടുത്തുപറയുകയുണ്ടായി.
യോര്‍ക്ക്ഷയറിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയായ DARK RIVER ന്‍റെ ചലച്ചിത്രകാരന്‍ ക്ലിയോ ബെര്‍നാഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയെടുത്തു.
ഫിപ്രസി (International Federation of Film Critics) പുരസ്കാരം നേടിയത് സദാഫ് ഫറൂഗിയുടെ AVA എന്ന ഇറാനിയന്‍ ചിത്രമാണ്‌. ജോനതന്‍ റോസെന്‍ബാം (അമേരിക്ക), റോബെര്‍ട്ട് ഡോഡെലിന്‍, ജിം സ്ലോറ്റെക്ക് (കാനഡ), മാര്‍ട്ടിന്‍ ഹൊറീന (ചെക്ക് റിപ്പബ്ലിക്), ഐവൊനെറ്റ് പിന്‍റോ (ബ്രസീല്‍), മരിയെറ്റ സ്റ്റെയിന്‍‌ഹാര്‍ട്ട് (ആസ്ട്രിയ) എന്നിവരടങ്ങിയതായിരുന്നു ഫിപ്രസിയുടെ ജൂറി.
ഹുവാങ് സിന്‍ യാവോ എന്ന തായ്‌വാനീസ് സം‌വിധായകന്‍റെ THE GREAT BUDDHA+ ആണ്‌ മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ്പാക് (NETPAC) പുരസ്കാരം നേടിയത്. നെറ്റ്പാക് ജൂറിയുടെ അദ്ധ്യക്ഷ ഇന്ത്യയില്‍ നിന്നുള്ള രശ്മി ദൊരൈസ്വാമി ആയിരുന്നു. ചൈനയില്‍ നിന്നുള്ള ജിയാന്‍ ഹാവോയും കാനഡയില്‍ നിന്നുള്ള സവീന്‍ വോങും ആയിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങള്‍.

 tiff 2

നെറ്റ്പാക് ജൂറി ചീഫ് രശ്മി ദൊരൈസ്വാമി, ആസ്ട്രേലിയൻ ഡയറക്ടർ വാർവിക്ക് തോൺറ്റോൺ,

പി ടി ഐ പ്രതിനിധി സൈബൽ ചാറ്റർജി എന്നിവർക്കൊപ്പം.

മികച്ച ആദ്യകനേഡിയന്‍ ചിത്രത്തിനുള്ള ടൊറോന്‍റോ സിറ്റിയുടെ പുരസ്ക്കാരം നേടിയത് LUK’ LUK’ I എന്ന ചിത്രമാണ്‌. സം‌വിധായകന്‍ വെയ്‌ന്‍ വാപീമുക്‌വ. സദാഫ് ഫറൂഗിയുടെ AVA ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം നേടി. റോബിന്‍ ഓബെര്‍ട്ടിന്‍റെ LES AFFAMES കാനഡയില്‍ നിന്നുള്ള മികച്ച ഫീച്ചര്‍ഫിലിമിനുള്ള സമ്മാനം നേടി. സൈമണ്‍ ലവോയിയുടെ The Little Girl Who Was Too Fond of Matches ജൂറിയുടെ പ്രത്യേക പ്രശംസ നേടിയെടുത്തു. മാര്‍ക്ക് ആഡംസ്, മിന്‍ സൂക്ക് ലീ, എല്ല കൂപ്പര്‍ എന്നിവര്‍ ചേര്‍ന്നാണു കനേഡിയന്‍ ചിത്രങ്ങളുടെ വിധിനിര്‍ണ്ണയം നടത്തിയത്. മാര്‍ക്ക് അന്ത്വാന്‍ ലെമിയറുടെ PRE-DRINK എറ്റവും നല്ല കനേഡിയന്‍ ഹ്രസ്വചിത്രത്തിനുള്ള സമ്മാനം നേടി. നിക്കി ലിന്‍ഡ്രോത്തിന്‍റെ THE BURDEN ആഗോളതലത്തിലെ മികച്ച ഹ്രസ്വചിത്രമായി. ഹ്രസ്വചിത്രവിഭാഗത്തില്‍ ജൂറിയുടെ പ്രശംസ നേടിയെടുത്ത ചിത്രങ്ങളാണ്‌ മാത്യു രാന്‍‌കിന്‍റെ The Tesla: World Light , കിയൂ യാംഗിന്‍റെ A Gentle Night എന്നിവ.

 tiff 5

അലി ഫസല്‍, ജൂഡി ഡെഞ്ച്, സ്റ്റീവസ് ഫ്രിയേഴ്സ് (സം‌വിധായകന്‍), എഡി ഇസാര്‍ഡ് – വിക്ടോറിയ ആന്‍റ് അബ്ദുള്‍.

83 രാജ്യങ്ങളെ പ്രതിനിധീകരിച്ച 2017 ലെ ചലച്ചിത്രമേള ഇതോടെ തിരി താഴ്ത്തി. ടിഫിന്‍റെ ഉദ്യോഗസ്ഥവൃന്ദത്തിനുപരി രണ്ടായിരത്തഞ്ഞൂറോളം വൊളന്‍റിയര്‍മാരും മേളയുടെ വിജയത്തിനായി രംഗത്തുണ്ടായിരുന്നു. ആഗോളതലത്തില്‍ ആയിരത്തിയെണ്ണൂറോളം മാദ്ധ്യമപ്രതിനിധികളും ചലച്ചിത്രോത്സവത്തിനു സാക്ഷികളായി. മേളയില്‍ പങ്കെടുത്ത മൂന്നിലൊന്നു സിനിമകളുടെ സം‌വിധായകര്‍ സ്ത്രീകളായിരുന്നു എന്നത് ഈ വര്‍ഷത്തെ പ്രത്യേകതയായിരുന്നു. അതായത് നൂറിലധികം ചിത്രങ്ങളുടെ. ആഞ്ജെലീന ജോളി യുടെ First They Killed my father, ഹൈഫാ അല്‍ മന്‍സൂറിന്‍റെ Mary Shelley, പാകി ടയര്‍‌വാലയുടെ പാഹുന, റീമാ ദാസിന്‍റെ Village Rockstars, ബോര്‍നില ചാറ്റര്‍ജിയുടെ The Hungry, സദാഫ് ഫറോഗിയുടെ Ava, സുസാന വൈറ്റിന്‍റെ Woman Walks Ahead, ഗ്രേറ്റാ ജെര്‍‌വീഗിന്‍റെ Lady Bird, അഞ്ജലി നയ്യാറുടെ Silas ഏന്നിവ സ്ത്രീസിനിമകളുടെ ശക്തമായ പ്രാതിനിധ്യം വിളിച്ചറിയിച്ചവയാണ്‌.

Comments
Print Friendly, PDF & Email

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

You may also like