പ്രിയപ്പെട്ട ശ്രീമതി ജോസഫൈൻ,
താങ്കൾ വനിതാകമ്മിഷൻെറ നേതൃത്വം ഏറ്റെടുത്തപ്പോൾ ഏറെ സന്തോഷിച്ചവരിൽ ഒരാളാണ് ഞാൻ. 1980കൾ മുതൽ താങ്കളെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. സ്വന്തം തീരുമാനങ്ങളെടുക്കുന്ന, പാർട്ടിക്കുള്ളിൽ പോലും നല്ലപിള്ള അല്ലെങ്കിൽ അനുസരണയുള്ള കുഞ്ഞാട്-കളികൾക്കൊന്നും നിൽക്കാത്ത, പ്രവർത്തക എന്ന തോന്നലാണ് താങ്കളെപ്പറ്റി എനിക്കുള്ളത്. അതുകൊണ്ട് ഈ തുറന്നകത്തുകൊണ്ട് പ്രയോജനമുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഞാൻ.
താങ്കളെ ഞാൻ വെറും സർക്കാർസ്ഥാപനമേധാവിയായിയല്ല കാണുന്നതെന്ന് മുകളിൽ നിന്ന് വ്യക്തമാണല്ലോ. ഹാദിയ എന്ന യുവതിയെ വീട്ടുതടങ്കൽ പോലുള്ള സാഹചര്യങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും, ഹിന്ദുത്വവാദികൾ അവരെ ബലംപ്രയോഗത്തിലൂടെ മതംമാറ്റാൻ (അവർ സ്വന്തമിഷ്ടപ്രകാരം സ്വീകരിച്ച മതത്തിൽ നിന്ന് അവരെ മാറ്റാൻ ശ്രമിക്കുന്നതും മതംമാറ്റം തന്നെ) ശ്രമിക്കുന്നുവെന്നും മറ്റും ഭയപ്പെടുത്തുന്ന വാർത്തകളാണ് കേൾക്കുന്നത്. അവയെ ദൂരീകരിക്കണമെന്ന അപേക്ഷയുമായി താങ്കളുടെ മുന്നിൽ എത്തുന്നത് കേവലമൊരു സർക്കാർ മേധാവിയെ കാണാനല്ല. കേരളത്തിലെ ജനാധിപത്യവും സാമൂഹ്യസ്നേഹവും തളരരുതെന്ന് നിർബന്ധമുള്ള രാഷ്ട്രീയപ്രവർത്തകയോടാണ് ഞാൻ അപേക്ഷിക്കുന്നത്.
ഹാദിയയുടെ ജീവിതാവസ്ഥകളെപ്പറ്റി സർക്കാർ അധികാരമുപയോഗിച്ചുതന്നെ കാര്യമായ അന്വേഷണം കമ്മിഷൻ മുഖേന നടത്താൻ ഇനി ഒട്ടും വൈകിക്കൂട. അത്ര ഭയങ്കരമായ വാർത്തകളാണ് അവിടെ നിന്നു കേൾക്കുന്നത്. ഹാദിയ വലിയ അപകടത്തിലാണെന്നു മാത്രമല്ല, അവിടെ മതാധികാരത്തിൻറെ പേരിൽ കലാപമുണ്ടാകാൻ പോലും സാദ്ധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഈയവസ്ഥയിൽ സ്ത്രീകളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി സൃഷ്ടിക്കപ്പെട്ട വനിതാകമ്മിഷൻ ആണ് മുഖ്യആശ്രയം എന്നു പറയാൻ എനിക്കു മടിയില്ല. കമ്മിഷൻ ഉടൻതന്നെ അവരുടെ പിതാവിൻെറ വീട്ടിലെ അവസ്ഥയെപ്പറ്റിയും ആ സ്ത്രീ അവിടെ കഴിയുന്നതിൻെറ വ്യവസ്ഥകളെപ്പറ്റി ആരായണമെന്നും അവരെ നേരിട്ടു സന്ദർശിച്ച് ഞങ്ങളുടെ ഭയങ്ങൾ ഒടുക്കണമെന്നും ഞാൻ അപേക്ഷിക്കുന്നു.
ഇത്ര ഭയാനകമായ ഒറ്റപ്പെടൽ അവരെ ഏതുവിധത്തിൽ ബാധിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതവരെ ഭ്രാന്തിയാക്കിയേക്കാം. അവരുടെ ജീവൻ തന്നെ അപകടത്തിലാകാം. മരണശേഷം കൊണ്ടാടപ്പെടാനുള്ള രക്തസാക്ഷിയാക്കി അവളെ ആദരിക്കുന്നത് എത്ര അസഹ്യമായ ദുഷ്ടതയായിരിക്കും!! അവൾ മരിക്കാൻ വേണ്ടി കാത്തിരിക്കരുതേ എന്ന് വീണ്ടുംവീണ്ടും പറയുകയാണ്. താങ്കൾ ഈ പ്രശ്നത്തിൽ ഇടപെടണം, അതു തീർക്കണം, എന്നൊന്നുമല്ല, അപേക്ഷിക്കുന്നത്. അത് സാദ്ധ്യമല്ല എന്നു ഞങ്ങൾക്കറിയാം. പക്ഷേ നിങ്ങളുടെ സന്ദർശനം ഒരു കോടതി ഉത്തരവിനും വിരുദ്ധമല്ല. ഹാദിയയെ പിതാവിൻെറയും മാതാവിൻെറയും വീട്ടിൽ താമസിപ്പിക്കണമെന്നേ കോടതി പറഞ്ഞിട്ടുള്ളൂ. തീവ്രഹിന്ദുത്വവാദികളെ മാത്രമേ അവർ കാണാൻപാടുള്ളൂ എന്ന് പറഞ്ഞിട്ടില്ല. ദയവായി ഹാദിയയുടെ മനുഷ്യത്വത്തെപ്പറ്റി അധികാരികൾ ഓർക്കുക, അതിനെ പരിഗണിക്കുക. അവരുടെ മതംമാറ്റത്തോട് നമുക്ക് വിയോജിപ്പായിരിക്കാം. അതിനെ പിന്തുണച്ചവരെക്കുറിച്ച് അവിശ്വാസമായിരിക്കാം. എന്നാൽ ഈ പ്രശ്നങ്ങളെ പ്രാഥമികതലത്തിൽ അഭിസംബോധന ചെയ്യണമെങ്കിൽ അവർ സ്വതന്ത്രയായി പുറത്തുവരണം. മതസ്വീകാരം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന ധാരണ നമുക്കിടയിൽ ധാരാളമുണ്ട്. അത്, പക്ഷേ, ഏതു മതത്തിനാണ് ഇന്ന് ബാധകമല്ലാത്തത് ?. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു ശേഷം ഇന്ത്യയിലെ ഹിന്ദുസ്ത്രീകൾക്കു കിട്ടിയ നേട്ടങ്ങൾ എത്ര പരിമിതങ്ങളായിരുന്നുവെന്നത് എളുപ്പം തെളിയിക്കാവുന്ന കാര്യമാണ്. അതു തന്നെ ഏട്ടിലെ പശുക്കളായിത്തുടരാൻ അക്ഷീണം പണിപ്പെടുന്നവരുടെ മഹാശ്രേണി തന്നെയല്ലേ ഇന്നു വലതുപക്ഷത്ത് നിരന്നിരിക്കുന്നത് — നമ്മുടെ പ്രധാനമന്ത്രിയിൽ തുടങ്ങി മധു കിഷ്വാർ, കീരൺ ബേദി, മനേകാ ഗാന്ധി എന്ന ഭാരതീയനാരികളിലൂടെ സ്ത്രീകളെ കായികമായി ആക്രമിക്കുന്ന ശ്രീരാമസേന വരെ നീണ്ടുകിടക്കുകയല്ലേ അത്? ലൌ ജീഹാദ് എന്നു വിളിക്കപ്പെടുന്ന ആ മായാപ്രതിഭാസം പോലെതന്നെ സ്ത്രീവിരുദ്ധവും ക്രൂരവുമത്രെ ഇപ്പോൾ നടന്നിരിക്കുന്ന, മൂർത്തയാഥാർത്ഥ്യമായ, ഈ ജൂഡിഷ്യൽ ഘർ വാപ്സി?
അവസാനമായി, വനിതാ കമ്മിഷൻ നിശബ്ദത തുടർന്നാൽ അത് ഇടതുപക്ഷത്തെ പ്രബലശക്തിയായ സിപിഎമ്മിനെ മോശമായി ബാധിക്കുമെന്നും ഞാൻ കരുതുന്നു. ഹാദിയയെ മതശക്തികൾക്കു പന്താടാൻ വിട്ടുകൊടുത്താൽ ഭരിക്കുന്ന സർക്കാരിനെ നിയന്ത്രിക്കുന്ന കക്ഷിയുടെ പെരുമാറ്റം മുട്ടനാടുകളുടെ പോര് മൂത്ത് ഇറ്റിറ്റുവീണ ചോര നക്കിക്കുടിയ്ക്കാൻ മോഹിച്ച ചെന്നായയുടേതു പോലെയായിരിക്കുമെന്നു ചൂണ്ടിക്കാട്ടാൻ ഖേദമുണ്ട്. തീവ്രഹിന്ദുത്വവാദികൾക്കെതിരെ പരമാവധി ഗുണമുണ്ടാക്കാൻ വേണ്ടിയല്ല ഈ കാത്തിരിപ്പെന്ന് വിശ്വസിച്ചുകൊള്ളട്ടെ. കാരണം ആ കഥയിൽ ചെന്നായയുടെ അന്ത്യം എന്നതായിരുന്നുവെന്ന്
നമുക്ക് അറിയാവുന്നതാണല്ലോ.
ബഹുമാനപൂർവ്വം
ജെ ദേവിക