കൈപ്പള്ളിക്കുന്നിൽ നിന്നും പി എം ജിയിലേക്കുള്ള ദൂരം

അതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണെന്നാണ് ഒറ്റനോട്ടത്തിൽ ചിന്തിച്ചത്. അല്പം വൈകി ഓഫീസിൽ നിന്നും ഇറങ്ങി, ആദ്യം കിട്ടിയ ഓട്ടോയിൽ ചാടിക്കയറിയിരുന്ന്, ബാഗിന്റെ സൈഡ്പോക്കറ്റിൽ നിന്നും ഫോൺ എടുക്കുന്നതിനിടയിലാണ് റോഡരികിൽ അവരെ ഞാൻ കണ്ടത്. എന്തോ, അതൊരു മനുഷ്യസ്ത്രീയായല്ല, പഴയ ഏതോ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമെന്ന പോലാണ് ഞാനതു മനസ്സിലാക്കിയത്. ഒറ്റമുണ്ട്, മുന്നിൽ റൗക്ക പോലെ കൂട്ടിക്കെട്ടിയ ബ്ലൗസ്. ഇത്ര മാത്രമാണ് അവരുടെ വസ്ത്രം.

വര : പ്രസാദ് കാനാത്തുങ്കൽ

മ്യൂസിയത്തിനു മുന്നിലെ ട്രാഫിക് ലൈറ്റിൽ പച്ച തെളിയാൻ കാത്തു കിടക്കുമ്പോഴും അവർ പറന്നെത്തിയ പോലെ തൊട്ടരികിലെ ഫൂട്പാത്തിലുണ്ട്. ഒരു തോർത്തെങ്കിലും അവർക്കു തോളിലിട്ടു കൂടേ? നാട്ടുകാരെന്ത് കരുതും എന്നു ചിന്തിക്കുമ്പോഴേക്കും തുടയിലും മുട്ടിലും ഒക്കെ പലവിധ കീറലുകൾ ഉള്ള ജീൻസും, പൊക്കിൾ കാട്ടുന്ന സ്ലീവ്ലെസ് ക്രോപ്ടോപ്പും ധരിച്ച മെലിഞ്ഞ സുന്ദരിയായൊരു പെൺകുട്ടി അവർക്കരികിലൂടെ വേഗത്തിൽ കടന്നുപോയി. പെട്ടെന്ന് മേൽവസ്ത്രം ധരിക്കാത്ത ആ സ്ത്രീയെക്കുറിച്ചുള്ള എന്റെ ചിന്തയെപ്രതി ഞാൻ ലജ്ജിച്ചു. ഒരു പക്ഷേ, പുതിയ ഫാഷനാവും. പഴയതൊക്കെ പുതിയ കാലഘട്ടത്തിൽ ഫാഷനാകുന്നതു പതിവാണല്ലോ! എൽ എം എസും കഴിഞ്ഞ് ജി വി രാജയുടെ മുന്നിലെ സിഗ്നലിൽ നീണ്ട അറുപതു സെക്കന്റിന്റെ ചുവപ്പിൽ പെട്ടപ്പോൾ നേരെ എതിർഭാഗത്തായി അതാ അവർ ബസ് സ്റ്റോപ്പിൽ! ഇതെങ്ങനെ?! അവർ പറന്നാണോ വന്നത്?

ഓട്ടോയിൽ നിന്നിറങ്ങി, അമ്പതിന്റെ നോട്ടു കൊടുത്ത് പത്ത് തിരികെ വാങ്ങി ബാഗിലേക്കു വയ്ക്കുമ്പോൾ ചെവിയോടു ചേർന്നൊരു പതറിയ ശബ്ദം, “കൈപ്പള്ളിക്കുന്നിൽക്കാ പോണ്ടേ. ഇവട നിന്നാ വണ്ടീണ്ടാവോ?”

“കൈപ്പള്ളിക്കുന്ന്? അങ്ങനൊരു സ്ഥലം ആദ്യമായിട്ടാണ് കേൾക്കുന്നത്. അതെവിടാന്നു പറയാമോ? പോത്തൻകോട് അടുത്തോ അതോ നെടുമങ്ങാട് ഭാഗത്തോ?”

“പോത്തൻകോട്? നെടുമങ്ങാട്? അതൊക്കെ എവിടെയാണ്? ഇതേതാണു പട്ടണം? ഞാൻ കുറേ നേരായി ഇവിടിങ്ങനെ വന്നുപെട്ടിട്ട്. ഇതിപ്പോ പയ്യിനെ മാറ്റിക്കെട്ടിട്ടില്ല്യ.. പാലു മുഴുവൻ കുട്ടി കുടിച്ചു പോയിട്ട്ണ്ടാവൂലോ തൃപ്രങ്ങോട്ടപ്പാ…. രാത്രി അമ്മാമ വരുമ്പോ എന്താപ്പോണ്ടാക്കാന്നോർത്തിട്ട് ഒരു അന്തോല്യേനിക്ക്. ഞാനാ പുഴക്കരക്ക് പോന്നതാ. ന്നിട്ടിപ്പോന്താണ്ടായേന്നാ ഞാൻ. നിക്ക് കൈപ്പള്ളിക്കുന്നിൽക്കാ പോണ്ടത്. കുട്ടിക്കറിയോ അങ്ങട്ടേക്ക്ളള വഴി?”

ഒറ്റ ശ്വാസത്തിലെ അവരുടെ മറുപടി കേട്ട് ഞാനൊന്നു ഞെട്ടി. ഒന്നാമത് അവരുടെ സംസാരരീതി തിരുവനന്തപുരത്തെ അല്ല. അപ്പോപ്പിന്നെ അവര് എവിടുത്തുകാരിയാണ്? ഇതിപ്പോ മറ്റാരും അവരോടൊന്നും ചോദിക്കുന്നുമില്ല. തലസ്ഥാന നഗരഹൃദയത്തിലെ ബസ്സ്റ്റോപ്പാണ് എന്നു പറഞ്ഞിട്ട് കാര്യമില്ല, ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്റ്റുഡന്റ് സെന്ററിന്റെ ഭാഗത്ത് റോഡിൽ തെളിഞ്ഞു കത്തുന്നുണ്ടെങ്കിലും കൊല്ലം ഭാഗത്തേക്കു യാത്ര ചെയ്യുന്നവർ കാത്തുനിൽക്കേണ്ടത് കൂരിരുട്ടിലാണ്. അവിടെ കാത്തുനിൽക്കുന്ന ആളുകൾ അനുനിമിഷം മാറുകയാണ്. വരുന്ന ഓരോ ബസും ആളുകളെ കോരിയെടുത്ത് ഓടിമറയുന്നു. അതിനിടയിൽ ഇവർ മാത്രം എന്തിനാണ് എന്റെ പിന്നാലെ? ഓടിക്കളഞ്ഞാലോ ഇവിടെ നിന്ന്? വേണ്ട, ചിലപ്പോൾ വല്ല അൽഷിമേഴ്സ് രോഗിയുമാകും. വീട്ടിൽ നിന്നും ആരുമറിയാതെ ചാടി വന്നതാകും.

ഞാൻ ചുറ്റും നോക്കി. സ്ത്രീകൾ ആരും ബസ്സ്റ്റോപ്പിൽ ഇല്ല. കുറേനേരമായി അവിടെ തുടരുന്ന ചില മനുഷ്യരിൽ ഒരു വിശ്വാസം വരുന്നുമില്ല. എന്തു ചെയ്യും? ഒന്നുണ്ട്, ഇവരെ ഇവിടെ ഉപേക്ഷിച്ചാൽ എനിക്കൊരു നഷ്ടവും വരാനില്ല.

“കുട്ടീ, ഒന്നു പറയൂട്ടോ, നിക്ക് നല്ല പേടിണ്ട്. ഞാനാദ്യായിട്ടാ ഈ സ്ഥലത്ത്. ഇതെങ്ങനെ ഞാൻ ഇവടെത്തീന്നും അറിയില്ലല്ലോ ഭഗവാനേ. എന്തൊരു പരീക്ഷണാണ്… രാത്രീല് അമ്മാമക്ക് ഗോതമ്പിന്റെ ദോശ രണ്ടെണ്ണം ചുട്ടുകൊടുക്കാന്നു വെച്ചാല്, ഗോതമ്പ് വെള്ളത്തിലിട്ടിട്ടില്ലേ… എന്താപ്പോ ചെയ്യാ?”

ശ്ശെടാ ഇവരിതെന്താ പറയുന്നത്? ഗോതമ്പ് വെള്ളത്തിലിടുകയോ? വല്ല ആശീർവാദിന്റെ ആട്ടയും വാങ്ങി വെള്ളമൊഴിച്ച് മിക്സിയിൽ ഒന്നു കറക്കിയാൽ തീരുന്ന വിഷയത്തിന് എന്തിനാ ഇത്ര ഹൈപ്പും ഡക്കറേഷനും. ബെസ്റ്റ് കാര്യം ഇവരെ നൈസായി ഒഴിവാക്കി വേഗം വീടുപിടിക്കുന്നതാണ്. സത്യത്തിൽ എന്റെ ഹൃദയം പടപടാന്ന് മിടിച്ചു തുടങ്ങി.

എണ്ണതേച്ച് മിനുക്കിയ മുടി സാദാ മട്ടിൽ കെട്ടിവെച്ച് വെറും റൗക്ക പോലൊരു ബ്ലൗസും മുണ്ടും ധരിച്ച നാല്പതിനു മേൽ പ്രായം തോന്നുന്ന ഈ സ്ത്രീ ഏതു നൂറ്റാണ്ടിൽ നിന്നാണാവോ എന്റെ മുന്നിൽ പൊട്ടിവീണത് ! എന്റെ എള്ളുവിള ഭഗവതീ വേഗം ബസ് വന്നെങ്കിൽ….

“ചേച്ചീടെ വീട് എവിടാന്നാ പറഞ്ഞത്?”

എന്നെ വിട്ടു പോകാൻ കൂട്ടാക്കാതെ വട്ടം പിടിച്ചു നിന്ന അവരോടു ഞാൻ ചോദിച്ചു.

“പറയാം എല്ലാം പറയാം. എന്റെ പേര് കല്യാണി. ഞാൻ കൈപ്പള്ളിക്കുന്നുകാരി അല്ലാട്ടോ. ന്റെ അമ്മന്റെ നാടാട്ടോ അത്. ഞാൻ വളർന്നത് അച്ചോൾടെ വീട്ടിലാ. അച്ഛൻ മരിച്ചേപ്പിന്നെ വലിയമ്മാമയാണു വന്ന് അങ്ങട്ടേക്ക് കൂട്ടീത്. ന്താ പറയ്യ, പട്ടിണീം പരിവട്ടോം, രണ്ടിടത്തും അതിനു മാത്രം മാറ്റമില്ല. പത്തമ്പതു തെങ്ങുണ്ട്. എന്നുവെച്ച് നാളികേരം ആവശ്യത്തിന് കിട്ടില്ലാട്ടോ. അത് വാസേട്ടന്റെ പീടികപ്പറ്റിൽക്ക് ചേർക്കാനേ ഉണ്ടാവൂ. എന്തൊക്കെ ചെലവ്ണ്ട്. അമ്മക്ക് കഷായത്തിനും, വൈദ്യർടെ കാശും, മാത്രല്ലല്ലോ, മൂന്നു വയർ നിറയെ വേണ്ട, ന്നാലും വിശപ്പ് കുറയാൻ തക്കോണം രണ്ട് പറ്റ് വീണ കഞ്ഞിവെള്ളം വേണ്ടേ? ആരോടാ പറയാ? ദാ ഈ കറുത്ത ചരട് ഒന്ന് മാറ്റി പുതിയോരെണ്ണം കെട്ടാനും കൂടി തരായിട്ടില്ല.”

ഞാനപ്പഴാണ് അവരുടെ കഴുത്തിലെ നരച്ചു വെളുത്തു തുടങ്ങിയ കറുത്ത ചരട് ശ്രദ്ധിച്ചത്.

“രണ്ടീസായി അരി തീർന്നിട്ട്. ന്താ ചെയ്യെന്റപ്പനേന്ന് ചിന്തിച്ചു നടക്കുമ്പഴാ മനക്കലെ പറമ്പിലെ കാര്യസ്ഥൻ നാരയണേട്ടൻ ആരും കാണാണ്ട് രണ്ട് ചക്ക തന്നത്, പക്ഷേ ന്റെ കുട്ടീ, ഉച്ചക്ക് ഉണക്കവിറക് പെറുക്കാൻ തൊടീലേക്ക് പോയപ്പോൾ ഒരു വഷളച്ചിരിയുമായി അയാളുണ്ട് മുന്നിൽ. ഒരു തരത്തിലാ അന്ന് രക്ഷപ്പെട്ടത്. സന്ധ്യക്ക് കുതിർത്ത ഗോതമ്പ് അരകല്ലിൽ അരയ്ക്കാൻ സാവിത്രീടെ അടുത്ത് ചെന്നപ്പോൾ എന്റെ കരഞ്ഞ കണ്ണുകണ്ട് ചോദിച്ച അവളോടു കാര്യം പറഞ്ഞു. ഓളാണ്, എന്നാ ഏട്ത്യേ നിങ്ങള് ഉച്ചനേരത്ത് അയാൾടെ കണ്ണിൽപ്പെടാതെ എങ്ങട്ടെങ്കിലും മാറി നിൽക്കാൻ പറഞ്ഞത്. എന്നിട്ടും… അല്ല, എത്രാന്ന് വെച്ചാ മറഞ്ഞിരിക്ക്യാ… വിധി… അല്ലാണ്ട്…”

“നിർത്ത് നിർത്ത്. നിങ്ങളെന്തൊക്കെയാണീപ്പറയുന്നത്? എനിക്ക് തല പെരുക്കുന്നു. നിങ്ങളുടെ സ്ഥലം പറഞ്ഞാൽ ഞാൻ അവിടേക്ക് ബസ്സ് കയറ്റി വിടാം. അതല്ലാതെ പാരായണം കേൾക്കാൻ എനിക്ക് നേരമില്ല.” ഞാൻ അസ്വസ്ഥതയോടെ കുതറി.

അവർ സംസാരം പൊടുന്നനെ നിർത്തി ദൂരേക്കു നോക്കി നിശ്ശബ്ദയായി.

അരുവിക്കരക്കോണം ബസ് വലിയ തിരക്കില്ലാതെ മുന്നിൽ വന്നു നിന്നു. ഞാൻ തിരിഞ്ഞു നോക്കാതെ വേഗം ബസ്സിൽ ചാടിക്കയറി. ഭാഗ്യം സീറ്റുണ്ട്. അതിലിരുന്നു. ഒന്ന് ശ്വാസം വിട്ട് നോക്കുമ്പോൾ അവരുണ്ട് തൊട്ടടുത്ത് സീറ്റിൽ. ഇതെന്തൊരു മാരണം!

“കുട്ടിക്ക് എന്നെക്കൊണ്ട് ശല്യായോ? നിക്ക് പോകേണ്ടത് കൈപ്പള്ളികുന്നിൽക്കു തന്നെയാണ്. പക്ഷേ, രാത്രി വഴിയിറങ്ങി നടന്നു പോകുമ്പോൾ റാന്തലോ ചൂട്ടോ വേണ്ടേ? പേടിച്ചിട്ടാണേ. ഇന്ന് എന്നെ ഒന്ന് ഒപ്പം കൂട്ടൂട്ടോ.”

അരുവിക്കരക്കോണത്തിന് രണ്ട് ടിക്കറ്റ് എടുത്തിട്ടും എന്തോ ആ കണ്ടക്ടർ ഒരു ടിക്കറ്റ് മുറിച്ചുതന്നതും, ആ ടിക്കറ്റ് ബാഗിന്റെ അറയിലേക്ക് ഇട്ട് പുറത്തേക്കു നോക്കിയിരുന്നതും നല്ല ബോധത്തിലാണ്. പക്ഷേ ഇവർ, ഈ കല്യാണി പറയുന്നതെന്താണ്? ചൂട്ട്? പിന്നെ റാന്തൽ… അതൊക്കെ വല്ല റിസോർട്ടിലും പോയാലേ കാണാൻ പറ്റൂ. ശരിക്കും ഭ്രാന്താണോ ഇവർക്ക്? ഇതിനേം കൂട്ടി എങ്ങനെ വീട്ടിൽ പോകും? അമ്മയോട് എന്തു പറയും? വലിയമ്മാവനോട് എങ്ങനെ വിശദീകരിക്കും. ഇതെന്തൊരു പുകിലാണ്.

കുതിച്ചും കിതച്ചും ശ്രീകാര്യത്തെ ബ്ലോക്കിൽപ്പെട്ടും ഒരു വിധത്തിൽ ബസ് അരുവിക്കരക്കോണത്ത് എത്തി. ഇറങ്ങാൻ അധികം പേരില്ല. തിരിഞ്ഞുനോക്കാതെ ബസ്സിൽ നിന്നിറങ്ങി. ഇനി ഇടവഴി കഴിഞ്ഞാൽ കുറച്ചു ദൂരം റബ്ബർക്കാടാണ്. അവിടെ സ്ട്രീറ്റ്ലൈറ്റ് മിന്നാമിന്നിയാണ്. ഫോണിലെ ടോർച്ച് തന്നെ ശരണം. തിരിഞ്ഞു നോക്കാതെ, അവർ പിന്തുടരുന്നുണ്ടോ എന്നു ഞാൻ ശ്രദ്ധിച്ചു.

ഉണ്ട്. എന്തെന്നറിയാതെ ഒരു ഭയം ഉള്ളിൽ നിറഞ്ഞു. ഈ ഭാഗത്ത് പേടിക്കത്തക്കതായി പണ്ട് നായാട്ടിനിടയിൽ വെടിയേറ്റു മരിച്ച ഒരു കാവലപ്പുപ്പൻ മാത്രമേ ഉള്ളൂ. അങ്ങേരും ഇന്നേവരെ ആരേം ഉപദ്രവിച്ച ചരിത്രമില്ല. പക്ഷേ പിന്നിൽ നടന്നുവരുന്ന അവർ, കല്യാണി. അതൊരു മനുഷ്യസ്ത്രീ തന്നെയോ? യക്ഷികൾ പക്ഷേ നഗരത്തിൽക്കിൽ വെള്ളയമ്പലത്തും പി എം ജി യിലും കറങ്ങി നടക്കുമോ? ഹൊ, തല പെരുക്കുന്നല്ലോ.

“കുട്ടീ, മെല്ലെ… ഇത്രവേഗം നടന്നാൽ എനിക്ക് പരിചയമില്ലാത്ത വഴിയല്ലേ? ഒരു ചൂട്ടു ചോദിക്കാൻ ഒരു വീടുപോലും ഇല്ലല്ലോ. കൈപ്പള്ളിക്കുന്നിൽ ഞങ്ങടോടേക്കു തിരിയുന്നിടത്താ രാമേട്ടന്റെ വീട്‌. കാവിൽ വിളക്കു വെച്ചു വൈകിയാൽ രാമേട്ടന്റെ ലതേച്ചിയാണ് ചൂട്ട് തരാറ്.”

മറുപടി പറയാതെ ആഞ്ഞുനടന്നു. വീടെത്തി. ഞാൻ വേഗം വീട്ടിലേക്കു കയറി. അമ്മ സീരിയലിനു മുന്നിലുണ്ട്. പിടികൊടുക്കണ്ട വേഗം മുറിയിലേക്ക് രക്ഷപ്പെടാം. അപ്പോഴേക്കും കല്യാണിയോടുള്ള ചോദ്യോത്തരങ്ങൾ അമ്മ നടത്തട്ടെ. മുറി കുറ്റിയിട്ട് ചുരിദാർ ഷാൾ പിന്നൂരി മേശപ്പുറത്തു വെച്ച് നോക്കുമ്പോൾ കട്ടിലിൽ കല്യാണി!

ഇതെങ്ങനെ?!

“കുട്ടി കുളിച്ചിട്ടു വരൂ. എനിക്ക് ഒരു മുണ്ടു തരാൻണ്ടാവോ? ഒരു ജമ്പറും. കുട്ടീന്റെ അമ്മേടെത് ആയാലും മതി. പിന്നെ പറയണോണ്ട് വിരോധം വേണ്ട, നിക്ക് വിശപ്പ്ണ്ട്. ഉച്ചക്ക് ഇത്തിരി കഞ്ഞീം കറുമൂസുംങ്കായോണ്ട്ണ്ടാക്കിയ മൊളീഷ്യവും കഴിച്ചതാ. നല്ല വിശപ്പ്ണ്ട്.”

കുളിക്കണോ? അതോ? കുളിക്കാൻ കയറുന്ന നേരത്ത് ഇവർ എന്താവും ചെയ്യുക? ഞാൻ മാറ്റാനുള്ള തുണികളുമായി കുളിമുറിയിൽ കയറി. കല്യാണി കട്ടിലിൽ നിശ്ശബ്ദയായി ഇരിക്കുന്നുണ്ട്. വേഗം കുളിച്ചെന്നുവരുത്തി പുറത്തുവന്നു. ഒരു മുണ്ടും ബ്ലൗസും എടുത്തവർക്കു കൊടുത്തു. ഞാൻ ചുറ്റും നടക്കുന്നതെന്തെന്ന് തിരിച്ചറിയാതെ ഇരിക്കുമ്പോൾ കല്യാണി വസ്ത്രം മാറി പുറത്തു വന്നു.

“ന്താ വാസന സോപ്പിന്! ഞാനാദ്യായിട്ടാ സോപ്പ് ഇത്ര പതയണത് കാണണത്.വീട്ടിൽ സോപ്പൊന്നും പതിവില്ല. അമ്പലക്കുളത്തിൽ കുളിക്കാൻ പോകുമ്പോ മനയ്ക്കലെ കുട്ട്യോള്ടെ കൈയില് കണ്ടിട്ട്ണ്ട് ചുവന്ന പിയേഴ്സ് സോപ്പ്. എന്താ വാസന അതിന്. ഇതും മോശല്ലാട്ടോ. നിക്ക് ഇതൊന്നും പരിചയമില്ല അതാ.”

ഞാനൊന്നും മിണ്ടിയില്ല. എന്തു മിണ്ടാനാണ്. ഭക്ഷണം കഴിക്കാം. ചോറും മീൻകറിയും അമരക്കാത്തോരനും ഉണ്ടാവും. രണ്ടു പാത്രത്തിൽ ചോറുവിളമ്പി. എനിക്കു മുന്നിലായി അവർ ഇരുന്നു. ചോറു കണ്ട ആഹ്ലാദമാണോ കണ്ണിൽ തിളങ്ങുന്നത്? നിമിഷനേരം കൊണ്ട് അവർ കഴിച്ചു കഴിഞ്ഞു.

“മത്സ്യം ഒരിക്കലേ കഴിച്ചിട്ടുള്ളൂ. അതും അച്ചോൾടെ ഒപ്പം താമസിക്കുമ്പോ. അതൊരു രുചീം തോന്നിരുന്നില്ല. മ്മക്ക് എന്നും മൊളീഷ്യാ പതിവ്. എന്തെങ്കിലും തൊടീന്ന് കിട്ടും. അതോണ്ടൊരു കൂട്ടാൻ. അത്രന്നെ. ഇത് വിശേഷായിട്ടോ.”

അതും പറഞ്ഞ് അവർ മുറിയിലേക്കു പോയി. അമ്മ കഴിച്ചിട്ടുണ്ടാവും. വലിയമ്മാമൻ രാത്രി വൈകും കഴിക്കാൻ. എന്താണാവോ രണ്ടാളും വീട്ടിൽ വന്ന അപരിചിതയെക്കുറിച്ച് ഒന്നും മിണ്ടാത്തത്.

ഞാൻ മുറിയിലേക്കു ചെന്നു. കല്യാണി കണ്ണാടിയുടെ മുന്നിലാണ്. ഇവരെന്താ കണ്ണാടിയും കണ്ടിട്ടില്ലേ?

“എന്റെ മുഖം ഇങ്ങനെ ആദ്യായിട്ടാ കാണുന്നത്. അമ്മ പറയണത് സത്യാണ്ല്ലേ? നെറം ഒട്ടൂല്ല. പിന്നെങ്ങനെ കല്യാണം നടക്കും. കൊടുക്കാനും ഒന്നൂല്ലല്ലോ. ഒരു മിന്നിന്റെ പൊന്നും കൂടിയില്ലാത്തോടത്തൂന്ന് ആരാ പെണ്ണിനെ കെട്ടാ… പിന്നെ നിക്കിനി കല്യാണം പറ്റൂം ല്ലാ…പട്ടിണിയാച്ചാലും ഒരാളേം ചതിക്കാൻ വയ്യനിക്ക്.”

ഞാനവരെ ചോദ്യഭാവത്തിൽ നോക്കി.

“അതെ, ഞാൻ പുഴക്കരക്ക് പോയത് നാരായണേട്ടനെ പേടിച്ചിട്ടാ. അത്രേം വരയെ ഞാൻ സാവിത്രിയോടും പറഞ്ഞിട്ടുള്ളൂ. അതിൽക്കൂടുതൽ എന്താ പറയാ? നിക്കറീല്ല.”

“നാരായണൻ നിങ്ങളെ എന്തു ചെയ്തു? പോലീസിൽ പരാതി കൊടുക്കാമായിരുന്നില്ലേ?”

“പോലീസോ? തൃപ്രങ്ങോട്ടപ്പാ പോലീസ്! ന്തിനാ? ന്റെ മാനം പോയീന്ന് നാട്ടാരെ അറിയിക്കാനോ? മാത്രോംല്ല, നാരായണേട്ടനെതിരെ പോലീസിൽ പരാതി പറയാന്ന് വെച്ചാൽ പിന്നെ മരിക്കണതാവും ഭേദം. എന്താ കുട്ടി നീയ് കളിയാക്വാന്നെ? അച്ചോള് ന്നെ നല്ല അടക്കത്തിലാ വളർത്തീത്. അറിയോ? ആണിന് എന്തും ആകാം. ലോകം ആണിന്റെ ആണ്. നമ്മള് അടങ്ങി ഒതുങ്ങി ജീവിക്കണം.”

“എന്നിട്ടെന്താ നാരായണൻ നിങ്ങളെ ഉപദ്രവിച്ചത്?” ഞാൻ വിട്ടു കൊടുത്തില്ല.

“ആണല്ലേ? വിശപ്പിന് രണ്ട് ചക്ക തന്നില്ലേ? ആ അവകാശം. അതാവും. അതല്ലെങ്കിൽ ഞാനാ സമയത്ത് അവിടേക്കു പോകരുതായിരുന്നു. എന്റെ പിഴ.”

കല്യണി നെടുവീർപ്പിട്ടു.

“നാരായണൻ നിങ്ങളെ ഒരുപാട് ഉപദ്രവിച്ചോ?”

“ഉം… നാരാണേട്ടന്റെ ഒരു കൈയിൽ ഞാൻ ഒതുങ്ങിപ്പോയി. ഉണക്കപ്പുല്ലിലേക്കാണ് എന്നെ വലിച്ചെറിഞ്ഞത്. നോക്ക് എത്ര ഉണങ്ങിയതാണ് എന്റെ തുടകൾ. മുലയുണ്ടോനിക്കെന്ന് ഞാൻ തന്നെ പരതി നോക്കീട്ട്ണ്ട്. ഇത്ര ചെറിയ മുല അയാള് വേറെ കണ്ടിട്ട്ണ്ടാവില്ല.നിക്ക് നല്ല നിശ്ശണ്ട് അക്കാര്യം. എന്നിട്ടും, എന്റെ മേലാകെ അയാൾ കടിച്ചു കുടഞ്ഞു, ഭ്രാന്തൻ നായെപ്പോലെ.”

“ന്നിട്ട്?” ഞാൻ ചെവി കൂർപ്പിച്ചു.

“പിന്നെ, പിന്നെനിക്കറീല്ല, ഞാൻ പുഴക്കരയ്ക്ക് ഓടി.. ഓടി.. ഓടി…”

ഞാൻ കട്ടിലിലേക്കു കിടന്നു. കണ്ണടച്ചു. ഉള്ളിൽ ആകെ തിളയ്ക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച ആ സസ്യാനേരത്ത് ഓഫീസിൽ ആകെ അവശേഷിച്ച രണ്ടുപേർ ഞങ്ങൾ മാത്രമായിരുന്നു. ഒരു ദിവസംകൊണ്ടും തീരാത്ത ജോലി ഒരു മണിക്കൂറിൽ തീർക്കാനയാൾ ആവശ്യപ്പെട്ടപ്പോൾ സംശയിക്കാമായിരുന്നു. വൈകുന്നേരം ആറുമണിക്കാണ് അയാൾ കാബിനിലേക്കു വിളിപ്പിച്ചത്. കുറേ കമ്പനിക്കാര്യങ്ങൾ പറയുന്നതിനിടയിൽ അയാൾ എഴുന്നേറ്റു. ഉന്തിയ വയറുള്ള, നിരന്തരം സിഗരറ്റ് പുകച്ചു തള്ളുന്ന, നഖങ്ങളിൽ നീലച്ഛവി പടർന്ന, കഷണ്ടി കയറിയ, പ്രായം അമ്പതിന്റെ ആദ്യ പാദത്തിൽ സഞ്ചരിക്കുന്ന അയാളുടെ കട്ടിമീശയിലെ രോമങ്ങൾ ആ കഷണ്ടി കയറിയ തലയിൽ നിറഞ്ഞിരുന്നെങ്കിൽ എന്നു ചിന്തിച്ച നേരത്താണ് അയാൾ കസേരയിൽ നിന്നും എഴുന്നേറ്റത്.

സത്യം, അയാൾ അരയ്ക്കു കീഴേ നഗ്നനായിരുന്നു. തുടർന്നുള്ള പത്തുമിനിറ്റിൽ അയാളുടെ ആക്രോശങ്ങളും ഒരു കഴിവുകെട്ടവന്റെ പരാജയം മുൻകൂട്ടിക്കണ്ട തെറി വിളികളും എനിക്കുചുറ്റും നിറഞ്ഞു. വിയർപ്പും സ്രവങ്ങളും പൈപ്പിനു ചുവട്ടിൽ കഴുകിക്കളഞ്ഞ് ഒന്നും സംഭവിക്കാത്തതുപോലെ ഞാൻ പി എം ജിയിലേക്കു ഓട്ടോ പിടിച്ചു.

പിറ്റേന്നു പെണ്ണുകാണാൻ വരാനിരുന്ന ചെക്കൻകൂട്ടരോട് വരണ്ടന്നു പറയാൻ അമ്മയോടു പറഞ്ഞത് ഞാൻ തന്നെയാണ്. വേണ്ട. ആദ്യത്തെ അനുഭവം മുറിവേൽപ്പിച്ചത് മനസ്സിനെയാണ്. ഇനി വേണ്ട. കുടുംബം… കുട്ടികൾ.. മതിയാക്കാം. അതായിരുന്നു അന്നത്തെ തീരുമാനം. അമ്മ മുറുമുറുത്തു, വയസ്സു മുപ്പതായി എന്ന്. അമ്മാവൻ മിണ്ടിയിട്ടില്ല.

ഞാൻ കല്യാണിയെ നോക്കി. ഇരുണ്ട നിറത്തിൽ മെല്ലിച്ച രൂപം. ശുഷ്കിച്ച മുലകൾ. എന്നിട്ടും ആക്രമിക്കപ്പെട്ടു. ഞാൻ അത്യാവശ്യം വെളുത്തിട്ടാണ്. സുന്ദരിയല്ലെന്നു പറയാനാവില്ല. അഴകൊത്ത അവയവ ഭംഗിയും ഉണ്ട്. അപ്പോഴും ആക്രമിക്കപ്പെട്ടു.

തടയാമായിരുന്നില്ലേ?

പോലീസ് സ്റ്റേഷൻ, വനിതാ കമ്മീഷൻ ഒക്കെയുണ്ടല്ലോ.

എന്നിട്ടുമെന്തേ? കല്യാണിയോടു ചോദിച്ച ചോദ്യം എനിക്കും ബാധകമല്ലേ?

കല്യാണി കട്ടിലിൽ കിടപ്പായി. പാവം ഉറങ്ങട്ടെ.

ബാഗ് തുറന്ന് ഫോൺ എടുത്തു.

അയാളുടെ ഭാര്യയുടെ നമ്പർ സേവ് ചെയ്തു വെച്ചതിലുണ്ട്. തപ്പിയെടുത്തു. റിങ്ങ് ചെയ്തു. അവർ എടുത്തു. മുഖവുര കൂടാതെ പറഞ്ഞു,

“നിങ്ങളുടെ ഭർത്താവിന്റെ സെക്ഷ്വൽ പ്രകടനം വളരെ മോശമാണ്. അയാളുടെ പുകവലിയാകാം ഒരു കാരണം. പിന്നെ ആ കുടവയർ, സത്യം പറയാമല്ലോ അയാൾ കുറേ ശ്രമിച്ചു പക്ഷേ കുടവയർ എല്ലാറ്റിനും തടസ്സമായി. അതിനയാൾ എന്നെ തലങ്ങും വിലങ്ങും അടിച്ചു കേട്ടോ. ഒരു മിനിറ്റുപോലും പിടിച്ചുനിർത്താൻ കപ്പാസിറ്റിയില്ലാത്ത ഈ പോഴനെ എന്തിനു നിങ്ങൾ സഹിക്കുന്നു?

ങാ, പിന്നെ സാമ്പത്തികം വിഷയമാണല്ലോ അല്ലേ?എന്നാലും അയാളുടെ വായ്നാറ്റം! ഹൊ… നിങ്ങൾ ഉചിതമായി തീരുമാനിക്കൂ.”

അത്രയും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്യാതെ ചെവിയോർത്തു. കരച്ചിലോ അലർച്ചയോ എന്നറിയാത്ത ഒരൊച്ച മറുപുറത്തു പൊന്തി. മതി. ധാരാളം മതി!

ഞാൻ ഫോൺ കട്ട് ചെയ്തു.

എവിടെ കല്യാണി? ഇവിടെക്കിടന്നുറങ്ങിയതല്ലേ?!

ഞാൻ മുറിക്കു പുറത്തേക്കിറങ്ങി. അമ്മ സെറ്റിയിൽ കാലു നീട്ടി ഇരിപ്പുണ്ട്.

അമ്മാവനും അടുത്തുണ്ട്.

“അമ്മേ നാളെ ഞാൻ ലീവാണ്. അവരോടു വരാൻ പറഞ്ഞാലോ? പെണ്ണുകാണാനേ…”

കവർ : വിൽസൺ ശാരദ ആനന്ദ്