പാമ്പുകളും, ചിലന്തികളും, തെരുവുനായ്ക്കളും, വഴിയോരത്തു നിന്നു മൂത്രമൊഴിക്കുന്ന ആണുങ്ങളും, വെള്ളം കുടിക്കാതെയും മൂത്രം പിടിച്ചുനിറുത്തിയും യാത്രചെയ്യുന്ന പെണ്ണുങ്ങളും, തുറുകണ്ണന്മാരായ വായ്‌നോട്ടക്കാരും, പിച്ചക്കാരുമൊക്കെ അലിസാന്‍ഡ്ര മനസ്സിന്റെ ചുവരില്‍ വരച്ചുസൂക്ഷിക്കുന്ന ചിത്രത്തിലുണ്ടായിരുന്നു. കേട്ടുകേള്‍വികളില്‍ നിന്നും ദൃക്‌സാക്ഷിവിവരണങ്ങളില്‍ നിന്നും പലവിധ കഷണങ്ങള്‍ ചേര്‍ത്തുവച്ച് അവള്‍ കാണാനിരിക്കുന്ന കേരളത്തിന്‍റെ ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു. അതില്‍ അവസാനമായി ചേര്‍ത്തുവച്ചത് ചോറുവിളമ്പുന്ന ഭക്ഷണശാലകളെല്ലാം കേരളത്തില്‍ ഹോട്ടലുകളായതും, പഴയ ചാരുകസേരകളിലിരുന്ന് വിപ്ലവം പ്രസംഗിച്ചവരുടെ പുതിയ തലമുറ ഫെയ്സ്ബുക്കിലേയ്ക്ക് മാറിയതുമായിരുന്നു.
ഒരു ദിവസം ആകാശ് പറഞ്ഞു.
മിക്കവാറും ബാക്കിയുള്ള രണ്ടു മാസത്തിനുള്ളില്‍ ബാക്കിയുള്ള ചിത്രങ്ങള്‍ പൂര്‍ണ്ണമായി തെളിയുന്നതോടെ സാന്‍ഡ്ര ഇന്ത്യയിലേയ്ക്കുള്ള യാത്ര ഉപേക്ഷിക്കാന്‍ സാദ്ധ്യതയുണ്ട്. തലസ്ഥാനമുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്ന് സ്ത്രീപീഡനവാര്‍ത്തകള്‍ മാത്രമാണ് വിദേശങ്ങളിലേയ്ക്ക് വന്നു കൊണ്ടിരിക്കുന്നത്. ശൂന്യാകാശപരീക്ഷണവിജയങ്ങളേക്കാള്‍ കത്തിപ്പടരാനെളുപ്പം പീഡനവാര്‍ത്തകളാണല്ലോ!
മൈ നെയിം ഇസ് അലിസാന്‍ഡ്ര. യൂ കന്‍ കോള്‍ മി സാന്‍ഡ്ര – എന്നു പറഞ്ഞപ്പോളേ അച്ഛന്‍റെ മനസ്സില്‍ ഒരു ഇന്ത്യന്‍ വെളിച്ചം പടര്‍ന്നു; സാന്ദ്ര.
മുഖത്തും പെരുമാറ്റത്തിലുമൊക്കെ ഒരു സാന്ദ്രത ഉണ്ടല്ലോ.
അമ്മ, പക്ഷേ ഒരു വെണ്ടയ്ക്കയുടെ തലയും വാലും മുറിച്ചു കളയുന്നതു പോലെ അവളെ അടുക്കളയില്‍ നിന്ന് ആദ്യം വിളിക്കുന്നതു തന്നെ ലിസ എന്നാണ്.
ഏട്ടന്‍ മാത്രം അവളെ കനേഡിയനാക്കി സാന്‍ഡി എന്നു വിളിച്ചു.
ഇത് അലിസാന്‍ഡ്ര. എല്ലാ ഇറ്റാലിയന്‍ ആണ്‍പേരുകള്‍ക്കും ഒരു സ്ത്രീലിംഗപ്പേരുണ്ട്. അലിസാന്‍ഡ്രോ എന്ന ഇറ്റാലിയന്‍ മനുഷ്യകുലരക്ഷകന്‍റെ പേരിനു നേരേ നില്‍ക്കുന്ന സ്ത്രീശബ്ദം – അലിസാന്‍ഡ്ര.
ഒന്‍ടേറിയോ തടാകത്തെ ചുറ്റിപ്പിടിച്ചുനില്‍ക്കുന്ന ലെയ്‌ക് ഷോര്‍ റോഡിലെ 1298 ല്‍ വരുമ്പോഴൊക്കെ അവള്‍ എല്ലാവര്‍ക്കും ഒരു പൂച്ചക്കുട്ടിയാണ്. ചെറിയ കുറുകലുമായി എല്ലാവരേയും തൊട്ടുരുമ്മി നടക്കുന്ന, നീലക്കണ്ണുകളുള്ള പൂച്ചക്കുട്ടി.
അമ്മയുടെ എരിവുള്ള ഭക്ഷണം കഴിച്ച്, തല വിയര്‍ത്ത്, ചുവന്നു തുടുത്ത മുഖവുമായി തീന്‍മേശയ്ക്കപ്പുറമിരുന്ന് അവള്‍ പറയും.
ഐ ലവ് യോര്‍ ഫുഡ്…. അമ്മാ.
അതുകണ്ട് ഏട്ടന്‍ അടുക്കളയില്‍ ചെന്ന് അമ്മയ്ക്കു മുമ്പില്‍ ഷേര്‍ട്ടിന്‍റെ കൈകള്‍ തെറുത്തുനിന്ന്, ഇല്ലാത്ത മീശപിരിക്കുന്നു.
അമ്മേ… ഇവളിത് എന്തുഭാവിച്ചാ?
തീന്‍മേശയിലേയ്ക്ക്, ചട്ടുകത്തിനുമേല്‍ പുതുപുത്തന്‍ ദോശകളുമായുള്ള യാത്രയ്ക്കിടയില്‍ അമ്മ ചോദിച്ചു.
എന്തേ?
അല്ലാ… ഈ മലയാളവും എഴുതിപ്പഠിച്ച്, എരിവും പുളിയുമൊക്കെ തിന്ന്, കഞ്ഞീം കറീമൊക്കെ വച്ച്…. ഇവളെന്തു ഭാവിച്ചാ ഇത്?
അമ്മ, എപ്പോഴും ഇരകളുടെ ഭാഗത്തേ നിന്നിട്ടുള്ളു എന്ന് അന്നും തെളിയിച്ചു.
പാവം അവള്‍ക്കിതൊന്നും കിട്ടുന്നുണ്ടാവില്ലല്ലോ! അവിടെ എന്നും തണുത്ത പാസ്തയോ പീറ്റ്സയോ ഒക്കെയല്ലേ ഉണ്ടാവുള്ളു.
കില്‍ബ്രൈഡിലെ കുന്നുകളെ ചുറ്റിപ്പോകുന്ന വഴികള്‍ പാമ്പുകളെപ്പോലെയാണ്. അതിലൂടെയുള്ള അസംഖ്യം യാത്രകളില്‍ അലിസാന്‍ഡ്ര ആകാശിനോടു പറഞ്ഞ കഥകളില്‍ കൂടുതലും പടിഞ്ഞാറന്‍ ധ്രുവീകരണങ്ങളുടേതായിരുന്നു. അച്ഛനും അമ്മയും പിരിയുന്നതും അവര്‍ക്ക് വെവ്വേറെ കുടുംബങ്ങളുണ്ടാവുന്നതും അതിലൂടെ നിരവധി അര്‍ദ്ധസഹോദരരുണ്ടാകുന്നതും ഒക്കെയായിരുന്നു, അത്. കൂട്ടുപിരിയുന്നതിനുമുമ്പുള്ള രക്ഷാകര്‍തൃത്വത്തിന്റെ നാളുകളിലേയ്ക്ക്, റോക്കി പര്വ്വതനിരകളില്‍ നിന്ന് കടിഞ്ഞാണ്‍ പൊട്ടിച്ചോടി വന്ന *ഷിനൂക്കിനെപ്പോലെ മനസ്സ് അലഞ്ഞുനടന്നു.
ആവി പറക്കുന്ന കപ്പുച്ചിനോ കണികണ്ടുണരുന്ന തണുത്ത പ്രഭാതങ്ങള്‍. രാത്രിയിലേയ്ക്കുള്ള തീക്കുണ്ഡത്തിനു വേണ്ടി അച്ഛനും അവളും വള്ളിക്കൂടകളില്‍ മരച്ചീളുകള്‍ നിറച്ചു. ഒരേ പാളത്തിലൂടെ വിരസമായ ഔദ്യോഗികതയുടെ കുതിപ്പുകളും കിതപ്പുകളും. ഏകതാനമാകുന്ന ദിനചര്യകളില്‍ നിന്നുള്ള മോചനമായിരുന്നു വര്‍ഷത്തില്‍ രണ്ടുമൂന്നു പ്രാവശ്യമായി മുറിഞ്ഞു കിട്ടുന്ന അവധിക്കാലം. ഓഗസ്റ്റിലെ ഒഴിവുകാലം കൂടുതലും ഇറ്റലിയുടെ തെക്കു കിഴക്കന്‍ പ്രദേശമായ ലെച്ചെയിലായിരിക്കും. അത്തിപ്പഴവും, പേരയ്ക്കയും, ആപ്പിളും, ചൂരപ്പഴവും, കലകള്‍ക്കും ചരിത്രങ്ങള്‍ക്കും കൗതുകാഗാരങ്ങള്‍ക്കുമിടയില്‍ നിറഞ്ഞു നില്‍ക്കുന്ന കാലം. സാന്തൊറോസോ സ്ക്വയറിലേയ്ക്കുള്ള യാത്രയില്‍ നൂറ്റാണ്ടുകളുടെ കഥകളുമായി പഴയ ആംഫിതീയേറ്റര്‍. അഡ്രിയാറ്റിക്കിലെ ഓരോ ഓളവും അവര്‍ ഭാഗഭാക്കുകളായ ഗോഥിക്-ട്രോജന്‍ യുദ്ധങ്ങളുടെ ഗീതികള്‍ പാടിക്കൊണ്ടേയിരുന്നു.
ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമല്ലേ നിങ്ങള്‍ ഇറ്റലിക്കാരോരുത്തരും ജീവിക്കുന്നതു തന്നെ.
ആകാശ് അവളെ കളിയാക്കി.
അവള്‍ പറഞ്ഞു.
അല്ല, ഒട്ടും ശരിയല്ല. നിരത്തുകള്‍ മുഴുവന്‍ ഞങ്ങള്‍ സിഗരറ്റുകുറ്റികള്‍ വലിച്ചെറിഞ്ഞു നിറയ്ക്കുന്നില്ലേ? പുതിയ മതിലുകളോരോന്നിലും രാത്രികളില്‍ പതുങ്ങിപ്പതുങ്ങി ചെന്ന് ഞങ്ങള്‍ ഗ്രഫീറ്റികള്‍ നിറയ്ക്കുന്നില്ലേ? പച്ചവെള്ളത്തിന്‍റെ ഉപയോഗം കുറച്ച് ബിയര്‍ കൂടുതലായി കുടിക്കുന്നില്ലേ? കുപ്പിയില്‍ കിട്ടുന്ന പച്ചവെള്ളത്തിന് ഞങ്ങള്‍ ബിയറിനേക്കാള്‍ വിലയിടുന്നില്ലേ?
കിലുങ്ങിച്ചിതറിയ ഒരു പൊട്ടിച്ചിരിക്കുശേഷം അവള്‍ ആകാശിന്‍റെ കാതില്‍ പറഞ്ഞു.
ഞാന്‍ പ്രോസര്‍പീനയാണ്. എന്‍റെ ഓരോ വരവിലും പൂക്കാലമുണ്ടാകുന്നു. മടക്കയാത്രകളെക്കുറിച്ച് ആലോചിക്കുമ്പോള്‍പ്പോലും ഇലകള്‍ കൊഴിയാന്‍ തുടങ്ങുന്നു. എത്രയും വേഗം എന്നെ ഇന്‍ഡ്യയിലേയ്ക്ക് കൊണ്ടുപോകൂ. അതല്ലെങ്കില്‍ എന്‍റെ ഓരോ കാല്‍വയ്പ്പുകളിലും ഞാന്‍ മരുഭൂമികള്‍ സൃഷ്ടിക്കും.
അവനോര്‍ത്തു, സീറിസ് എന്ന അമ്മ മകളെക്കാണാഞ്ഞ് ഭ്രാന്തുപിടിച്ച് ഭൂമി മുഴുവന്‍ പാഞ്ഞുനടന്നതും പോക്കുവഴികളിലെല്ലാം വേനല്‍ വിതച്ചതും. അങ്ങനെ വരണ്ടു പൊട്ടിയ ഭൂമി ഇറ്റലിക്കാരുടെ സ്വപ്നങ്ങളില്‍ ഭീതിയുടെ വിത്തുകള്‍ വിതച്ചു. മറ്റു ദൈവങ്ങള്‍ പോലും കൈമലര്‍ത്തിയപ്പോള്‍ അവസാന വഴിയെന്നോണം ഫലപുഷ്ടിയുള്ള ഭൂമിക്കായി അവര്‍ അമ്മയ്ക്കും മകള്‍ക്കുമായി ക്ഷേത്രങ്ങളുണ്ടാക്കി ഭജനമിരുന്നു. അങ്ങനെ ദയാവായ്പുകള്‍ മുളപൊട്ടി. ഭൂമി തളിര്‍ക്കുകയും പൂക്കുകയും ചെയ്തു. പക്ഷേ ഏതാനും മാസങ്ങള്‍ കഴിയുമ്പോളാണ് അവള്‍ മടങ്ങിപ്പോകേണ്ട കരാറിനെക്കുറിച്ച് ജനങ്ങളോടു പറഞ്ഞത്. ഒപ്പം, അമ്മയുടെ ശാപത്തില്‍ ബാക്കിനില്‍ക്കുന്ന ഇലയില്ലാക്കാലത്തെക്കുറിച്ചും.
അവന്‍ തിരിച്ച് അവളോടും പറഞ്ഞു.
പരസ്യമാക്കേണ്ട. ലോകത്തിലെ, ജീവിച്ചിരിക്കുന്നവരും മരിച്ചുപോയതും മാര്‍ബിളില്‍ ഉറങ്ങിപ്പോയവരുമായ എല്ലാ സുന്ദരിമാരും ഇറ്റലിയുടെ സ്വന്തമാണ്.
ടോപ്പിന്‍റെ വട്ടക്കഴുത്തിനുമേല്‍ കലങ്ങിയൊഴുകുന്ന പുഴയിലെ വെള്ളച്ചാട്ടം പോലെ അലിസാന്‍ഡ്രയുടെ ചെമ്പന്‍മുടിക്കെട്ടഴിയുന്നു. പിന്നെ അവള്‍ കാലിന്‍റെ തള്ളവിരലുകളില്‍ ഉയര്‍ന്നു നിന്നു.
ഇങ്ങനെയല്ലേ നിങ്ങളുടെ കൗമാരകാലസിരകളെ വലിച്ചൂറ്റിയെടുത്ത് രക്തരഹിതങ്ങളാക്കിയ യക്ഷികള്‍ നടന്നിരുന്നത്?
നില്‍ക്ക്… നില്‍ക്ക്, ഞാന്‍ പറഞ്ഞുതീരട്ടെ.
ആകാശ് ഇടയ്ക്ക് കയറി പറഞ്ഞു.
എന്നിട്ടും നിന്നെപ്പോലെ ചില പെരുച്ചാഴികള്‍ ചില പുരാതനകുടുംബങ്ങളില്‍ ജന്മമെടുക്കുന്നതിന്‍റെ രഹസ്യമെന്താണ്?
ലിസ, ആകാശിനെ രോഷത്തോടെ പിടിച്ചു തള്ളി.
ചിലരുടെ ജന്മനിയോഗം അങ്ങനെയായിട്ട്. അല്ലാതെന്താ? ചില പാമ്പുകളിക്കാരുടെ കൂടെ ജീവിക്കാനാവും അവരുടെ വിധി.
അങ്ങനെ, അവള്‍ പൂത്തുനില്‍ക്കുന്ന മുന്തിരിത്തോട്ടങ്ങളും സൂര്യകാന്തിപ്പാടങ്ങളും കടന്ന് അറ്റ്ലാന്റിക്കിനു മീതേ ചിറകടിച്ചു പറന്നു.
ഇന്ത്യ പാമ്പുകളിക്കാരുടേയും, ബലാല്‍സംഗകരുടേയും, മന്ത്രവാദികളുടേയും നാടായിരുന്നു ആദ്യമൊക്കെ അലിസാന്‍ഡ്രയ്ക്ക്. ആഴ്ചയില്‍ മൂന്നു ദിവസം പ്ലാസ്റ്റിക് കൂടുകളിലിട്ട് സൗജന്യമായി ഏറിഞ്ഞുകിട്ടുന്ന പത്രങ്ങള്‍ എല്ലാ വീടുകളിലുമെന്നപോലെ അവളുടെ വീട്ടിലും മൂന്നും നാലും ദിവസം തുറന്നുപോലും നോക്കാതെ കിടക്കും. പിന്നെ ഒരു ദിവസം എല്ലാം കൂടി വാരിക്കൂട്ടി മാലിന്യപ്പെട്ടിയിലിടും. പിന്നെ സ്കൂളിലും യൂണിവേഴ്സിറ്റിയിലുമായി അവള്‍ വായിക്കാന്‍ പഠിച്ചു. അങ്ങനെ ക്രമേണ ആ ധാരണകള്‍ അവളുടെ മനസ്സില്‍ തിരുത്തിയെഴുതപ്പെട്ടു. വായിച്ച ഏതോ ഒരു കഥയിലെ ചാള്‍സ് പറഞ്ഞത് അവള്‍ക്കോര്‍മ്മ വന്നു. ഒളിച്ചും പതുങ്ങിയും പ്രേമിക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ യുവത്വത്തെക്കുറിച്ച്. അവര്‍ വസന്തത്തില്‍ വിടരാന്‍ ഭയപ്പെട്ട് ശിശിരത്തിലെപ്പോലെ തന്നെ വിറച്ചു നില്‍ക്കുന്നു. ചിലപ്പോള്‍ ഗ്രീഷ്‌മത്തിലെപ്പോലെ വരണ്ടും. കൗമാരത്തില്‍ തന്നെ കൈകാലുകള്‍ ബന്ധിച്ച് വിവാഹവേദിയിലിരുത്തി ജീവിതഭാരം തലയില്‍ വച്ചുകൊടുക്കും. പിന്നെ അവള്‍ക്കെന്താണ് സംഭവിക്കുന്നത്? ആ ചോദ്യത്തിനുത്തരമായി അലിസാന്‍ഡ്ര ചൂണ്ടിക്കാണിക്കുന്നത് പ്രാചിയെയാണ്. എന്നെ ഞാനായി അംഗീകരിച്ചുകൊണ്ട് എന്നോടു ദയകാണിക്കാതിരിക്കൂ എന്നു കേഴുന്ന പ്രാചിയെ.
പുറത്ത്, പങ്കെടുത്ത ലോകയുദ്ധത്തിന്റെ കീര്‍ത്തിമുദ്രകളെല്ലാം കുത്തി, സാഷും തൊപ്പിയുമണിഞ്ഞ് പോള്‍ ജോസെഫ് വാറ്റ്ലി എന്ന അലിസാന്‍ഡ്രയുടെ പൈലിപ്പാപ്പന്‍ ഒരാളെ കാത്തുനില്‍ക്കുന്നു. പോളിനെ മലയാളീകരിച്ച് പൈലിപ്പാപ്പനാക്കിയത് ആകാശ് ആണ്. ഒരാഴ്ച മുമ്പ് തുടങ്ങിയതാണ് ഈ കാത്തുനില്പ്പ്. അദ്ദേഹം ഓര്‍മ്മവരുമ്പോഴൊക്കെ ലിസയുടെ അമ്മയോടു ചോദിക്കും.
ടെറി മസ്റ്റ് ബി ഓണ്‍ ഹിസ് വേ, ഡോണ്ട് യു തിങ്ക് സോ?
കേണല്‍ ടെറി മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. പൈലിപ്പാപ്പന്റെ ഓര്‍മ്മകളുടെ വേലിയേറ്റം നടക്കുമ്പോഴാണ് ടെറി തന്നെക്കൂട്ടി സ്മൃതിദിനത്തിലെ വെറ്റെറന്‍സ് പരേഡിനു പോകാന്‍ വരുമെന്നും പറഞ്ഞ് അണിഞ്ഞൊരുങ്ങാന്‍ തുടങ്ങുന്നത്.
ഓര്‍മ്മകളുടെ വേലിയിറക്കത്തില്‍ പെട്ടെന്നാണ് ഒരു മിന്നല്‍ പോലെ പൈലിപ്പാപ്പന്‍ ഓര്‍ക്കുന്നത്.
ഓ… ടെറി ഈസ് നോ മോര്‍…
ഹി പാസ്‌ഡ് എവേ ലാസ്റ്റ് ഇയര്‍.
പിന്നെ, ഇനിയൊരിക്കലും കൂടെ വരാനില്ലാത്ത കേണല്‍ ടെറന്‍സ് സ്‌മിത്തിനെയോര്‍ത്ത് മുഖം പൊത്തി കരയും.
ജാലകങ്ങളില്ലാത്ത തടവുമുറികളിലേയ്ക്ക് ഗെസ്‌റ്റാപ്പോകള്‍ കുത്തിനിറയ്ക്കുമ്പോള്‍ ശ്വാസം വിടാന്‍ പോലും പലരും ബുദ്ധിമുട്ടിയിരുന്നു. സഖ്യകക്ഷികള്‍ക്കായി ചാരപ്രവൃത്തി നടത്തിയെന്നും ആയുധങ്ങള്‍ ഒളിപ്പിച്ചുവെന്നും ആരോപിച്ചാണ് പൈലിപ്പാപ്പനെ നാത്‌സികള്‍ പിടികൂടിയത്. മൂന്നുമാസത്തിടെ പല പ്രാവശ്യം ചോദ്യം ചെയ്‌തു. അങ്ങനെ അവസാനം പൈലിപ്പാപ്പനുള്‍പ്പടെ നാലു പേരെ ഒരു ദിവസം പുറത്തേയ്ക്ക് കൊണ്ടുപോയി. അവരെ ഒരു മതിലിനോടു മുഖം ചേര്‍ത്തു നിറുത്തി വെടിവച്ചു കൊല്ലാനായിരുന്നു തീരുമാനം. അപ്രതീക്ഷിതമായി നാത്‌സി ബ്രിഗേഡിയറുടെ സന്ദര്‍ശനമുണ്ടായതിനാല്‍ അത് തല്‍ക്കാലത്തേയ്ക്ക് മാറ്റി വച്ചു. അന്നു രാത്രി അവര്‍ നാലുപേരും തടവറയ്ക്കു പുറത്തുചാടി രക്ഷപെട്ടു.
യുദ്ധം തുടങ്ങുമ്പോള്‍ പോള്‍ ജോസെഫ് വാറ്റ്‌ലിക്ക് പത്തൊമ്പത് തികഞ്ഞിരുന്നില്ല. ബെല്‍ജിയം വിട്ട് ഫ്രാന്‍സിന്‍റെ അതിര്‍ത്തി വഴി ഇംഗ്ലണ്ടിലേയ്‌ക്കെത്തി ബ്രിട്ടീഷ് പട്ടാളത്തില്‍ ചേരുകയായിരുന്നു ലക്ഷ്യം. അതിനിടെയാണ് പൈലിപ്പാപ്പന്‍ പിടിക്കപ്പെടുന്നത്. അനേകം പ്രാര്‍ത്ഥനകളെ കത്തിക്കരിച്ച് ഇരുട്ട് അവരുടെ മേല്‍ ഒരു കൂറ്റന്‍ പുതപ്പായി വീണുകിടന്ന രാത്രികളില്‍ അവര്‍ മാറി മാറി ഊഴമിട്ട് ജനാലയുടെ രണ്ട് അഴികള്‍ അറുത്തുമാറ്റി. ഇട്ടിരുന്ന വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടിയാണ് താഴെയിറങ്ങി ഓടി രക്ഷപെട്ടത്..
യുദ്ധം അവസാനിക്കുമ്പോള്‍, ഒളിത്താവളങ്ങള്‍ വിട്ട് ബെല്‍ജിയന്‍ പട്ടാളത്തില്‍ ചേര്‍ന്നു. അവിടെ നിന്ന് 1944 ല്‍ ഹോളണ്ടിലെ ഫസ്റ്റ് കനേഡിയന്‍ ആര്‍മി ഗ്രൂപ്പില്‍ ചേര്‍ന്നു. പൈലിപ്പാപ്പന്‍റെ കഥകള്‍ കഷ്ടപ്പാടുകളുടേതായിരുന്നു. ജീവിതത്തെ പ്രതീക്ഷകളുടെ കളങ്ങളിലേയ്ക്ക് നീട്ടി വച്ചും ഇറക്കിനിറുത്തിയുമുള്ള കളി. ഓരോ നീക്കവും ഒരു പ്രതീക്ഷയായിരുന്നു. അതില്‍ ചിലരൊക്കെ കണക്കുകള്‍ തെറ്റി നീങ്ങിയത് ബലിക്കളങ്ങളിലേയ്ക്കായിരുന്നു.
മഞ്ഞുവീണ് നഗരം മുഴുവന്‍ കുമ്മായക്കളമാകുന്ന ഒരു ഫെബ്രുവരി വാരാന്ത്യത്തില്‍ പൈലിപ്പാപ്പന്‍ പഴയ പച്ച നിറത്തിലുള്ള തകരപ്പെട്ടി തുടച്ചു വൃത്തിയാക്കി. പഴയ യൂണിഫോമിനൊപ്പം ശീതകാലവസ്ത്രങ്ങളും അടുക്കിവച്ചു. ഒരു വശത്ത് ജോര്‍ജ് ആറാമന്‍ ചക്രവര്‍ത്തിയുടെ തലയും മറുവശത്ത് വിജയിച്ചുനില്‍ക്കുന്ന സിംഹവും ഉള്ള യുദ്ധമുദ്രകളും വിവിധനിറത്തിലുള്ള റിബണ്‍ സ്ട്രൈപ്പുകളും. ക്ലാവുപിടിച്ച് നിറം മങ്ങിയവയൊക്കെ ബ്രാസ്സോ ഉപയോഗിച്ച് പൈലിപ്പാപ്പന്‍ തിളക്കിയെടുത്തു. പിന്നീട്, അതെടുത്ത് ഡ്രൈവ്‌വേയിലേയ്ക്ക് ഇറക്കി വച്ചതിനു ശേഷം സാവധാനം തിരികെ നടന്നു വന്നു.
ഓഷ്‌വിറ്റ്‌സില്‍ നിന്ന് അന്ന് എന്‍റെ കൂടെ രക്ഷപ്പെട്ട ആല്‍ഫ്രെഡ് വെസ്‌ലറും റുഡോള്‍ഫ് വെര്‍ബയും എത്തിയിട്ടുണ്ട്. അവിടെ അവര്‍ ഹിറ്റ്ലറെ പിടിച്ചു വച്ചിരിക്കുകയാണ്. ദെയര്‍ ഈസ് എ ട്രക്ക്‌ലോഡ് ഒഫ് സോള്‍ജിയേഴ്‌സ് ഓണ്‍ ദെയര്‍ വേ റ്റു ഓഷ്‌വിറ്റ്സ്. എന്നെയും അവര്‍ കൂട്ടുന്നുണ്ട്.
അതു പറയുമ്പോള്‍ പോള്‍ ജോസെഫ് വാറ്റ്ലിക്ക് പഴയ പട്ടാളക്കാരന്‍റെ ഊര്‍ജ്ജമുണ്ടായിരുന്നു.
അലിസാന്‍ഡ്രയുടെ അമ്മയുടെ കണ്ണില്‍ നിസ്സഹായതയുടെ വേലിയേറ്റം.
ഡാഡ്.. വാട്ട്‌സ് ദിസ്? യു ആര്‍ ഫാര്‍ അവേ ഫ്രം ആള്‍ ദാറ്റ്…. കം ആഫ് ഇറ്റ്.
അവര്‍ അച്ഛനെ പുണരാന്‍ കൈകള്‍ നീട്ടി.
പൈലിപ്പാപ്പന്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു. പിന്നെ ഓര്‍മ്മകള്‍ വിട്ട് ഉണര്‍ന്നു.
ഉത്തരപദങ്ങളില്‍ നിന്ന് ആര്‍ത്തലച്ചു വന്ന കാറ്റ് കില്‍ബ്രൈഡിലെ മേപ്പിള്‍ മരങ്ങളെ തഴുകി നിന്നു. പിന്നെ അത് വട്ടം കറങ്ങി താഴ്വാരങ്ങളിലേയ്ക്കിറങ്ങി.
പൈലിപ്പാപ്പന്‍ മകളെ കെട്ടിപ്പിടിച്ചു. ഞെട്ടിത്തിരിയുമ്പോള്‍ കണ്ണു നിറഞ്ഞിരുന്നു. അത് നോക്കിനില്‍ക്കെ അലിസാന്‍ഡ്രയുടെ കണ്ണില്‍ വേലിയേറ്റം. പിന്നെ, അത് മൂന്ന് നദികളായിത്തന്നെ ഒഴുകിപ്പടര്‍ന്നു.
അയം സോറി. എക്സ്ട്രീംലി സോറി. ഐ ഗോട്ട് കാരീഡ് അവേ.
അദ്ദേഹം സ്നോ ജാക്കെറ്റ് ഊരിയെറിഞ്ഞു.
സോറി…. സോറി ദാറ്റ് ഐ ബോതേര്‍ഡ് യൂ…..
പെട്ടെന്നാണ് വെയില്‍ മാഞ്ഞതും മഞ്ഞിന്‍പൊരികള്‍ ശുഭ്രശലഭങ്ങളായി പറന്നിറങ്ങിത്തുടങ്ങിയതും. പിന്നെ, ഉത്തരപദങ്ങളിലെ വിശേഷങ്ങളെ പ്രവചനാതീതമാക്കിക്കൊണ്ട് കാറ്റ് മഞ്ഞിനെ വിഴുങ്ങിയതും, മഴ പെയ്യാന്‍ തുടങ്ങി.
————————————————–
*ഷിനൂക്ക് – ഒരു കനേഡിയന്‍ മലങ്കാറ്റ്
സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.