പൂമുഖം LITERATUREലോകകഥ സൂറത്തിലെ കോഫീ ഹൗസ്

സൂറത്തിലെ കോഫീ ഹൗസ്

ഇന്ത്യയിലെ സൂറത്തിൽ ഒരു കോഫീ ഹൗസ് ഉണ്ടായിരുന്നു, അവിടെ ധാരാളം യാത്രികരും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉള്ള വിദേശികളും കണ്ടുമുട്ടുകയും സംവദിക്കുകയും ചെയ്യുക പതിവായിരുന്നു.

ഒരു ദിവസം പണ്ഡിതനായ ഒരു പേർഷ്യൻ ദൈവശാസ്ത്രജ്ഞൻ -theologian – ഈ കോഫി ഹൗസ് സന്ദർശിച്ചു. ദൈവത്തിന്റെ പ്രകൃതം പഠിക്കാനും ഈ വിഷയത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനും എഴുതാനുമായി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയായിരുന്നു അയാൾ. ദൈവത്തെക്കുറിച്ച് വളരെയധികം ചിന്തിക്കുകയും വായിക്കുകയും എഴുതുകയും ചെയ്ത് അവസാനം അയാൾക്ക് സ്വബുദ്ധി നഷ്ടപ്പെട്ട നിലയിലായി. തികച്ചും ആശയക്കുഴപ്പത്തിലായി, ഒരു ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നത് പോലും അവസാനിപ്പിച്ചു. ഇത് കേട്ട ഷാ അദ്ദേഹത്തെ പേർഷ്യയിൽ നിന്ന് പുറത്താക്കി.

ആദ്യകാരണത്തെക്കുറിച്ച് തന്റെ ജീവിതകാലം മുഴുവൻ വാദിച്ചതിന് ശേഷം, ഈ നിർഭാഗ്യവാനായ ദൈവശാസ്ത്രജ്ഞൻ സ്വയം ആശയക്കുഴപ്പത്തിലാക്കി, തന്റെ സ്വന്തം സ്വസ്ഥബുദ്ധി നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കുന്നതിനു പകരം, പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതിന് ഉയർന്ന കാരണമൊന്നുമില്ലെന്ന് അദ്ദേഹം ചിന്തിക്കാൻ തുടങ്ങി.

ഈ മനുഷ്യനെ എല്ലായിടത്തും സദാ പിന്തുടരുന്ന ഒരു ആഫ്രിക്കൻ അടിമയുണ്ടായിരുന്നു. ദൈവശാസ്ത്രജ്ഞൻ കോഫി ഹൗസിൽ പ്രവേശിച്ചപ്പോൾ, അടിമ പുറത്ത്, വാതിലിനടുത്ത്, സൂര്യന്റെ പ്രഭയേറ്റ്, ചുറ്റും മുഴങ്ങുന്ന ഈച്ചകളെ ഓടിച്ചുകളഞ്ഞുകൊണ്ട് ഒരു കല്ലിൽ, ഇരുപ്പു പിടിച്ചു. കോഫി ഹൗസിലെ ഒരു ദിവാനിൽ ഇരിപ്പുറപ്പിച്ച പേർഷ്യൻ തനിക്കു തന്നെ ഒരു കപ്പ് *കറുപ്പ് ഓർഡർ ചെയ്തു. അത് കുടിച്ച്, കറുപ്പ് തലച്ചോറിന്റെ പ്രവർത്തനത്തെ വേഗത്തിലാക്കാൻ തുടങ്ങിയപ്പോൾ, തുറന്ന വാതിലിലൂടെ കാണാമായിരുന്ന തന്റെ അടിമയെ അഭിസംബോധന ചെയ്തു:

‘നിസ്സാരനായ അടിമ, എന്നോട് പറയൂ ദൈവമുണ്ടെന്ന് നീ കരുതുന്നുണ്ടോ, ഇല്ലയോ?’
‘തീർച്ചയായും ഉണ്ട്,’ അടിമ പറഞ്ഞു, ഉടനെ തന്റെ അരക്കച്ചയിൽ നിന്ന് ഒരു ചെറിയ തടിവിഗ്രഹം വലിച്ചെടുത്തു.
‘ഇതാണ് എന്റെ ജനനദിവസം മുതൽ എന്നെ കാത്തുസൂക്ഷിച്ച ദൈവം. ഞങ്ങളുടെ നാട്ടിലെ എല്ലാവരും ഈ ദൈവത്തെ ഉണ്ടാക്കിയ മരത്തടിയുള്ള *ഫെറ്റിഷ് മരത്തെ ആരാധിക്കുന്നു.
ദൈവശാസ്ത്രജ്ഞനും അയാളുടെ അടിമയും തമ്മിലുള്ള ഈ സംഭാഷണം കോഫി ഹൗസിലെ മറ്റ് അതിഥികൾ അത്ഭുതത്തോടെയാണ് കേട്ടത്. യജമാനന്റെ ചോദ്യത്തിൽ അവർ ആശ്ചര്യപ്പെട്ടു, അതിലുപരിയായി അടിമയുടെ മറുപടിയിലും.
അവരിൽ ഒരാൾ, ഒരു ബ്രാഹ്മണൻ, അടിമ പറഞ്ഞ വാക്കുകൾ കേട്ട്, അവന്റെ നേരെ തിരിഞ്ഞു പറഞ്ഞു:
‘നിസ്സാരനായ വിഡ്ഢി! ദൈവത്തെ ഒരു മനുഷ്യന്റെ അരപ്പട്ടയിൽ ചുമന്നു നടക്കാൻ കഴിയുമെന്ന് നീ വിശ്വസിക്കുന്നോ? ഒരു ദൈവമുണ്ട് – ബ്രഹ്മാവ്, അവൻ സർവ്വലോകത്തേക്കാൾ വലിയവനത്രേ, കാരണം അവനാണ് അതു സൃഷ്ടിച്ചത്. ബ്രഹ്മാവ് ഏറ്റവും ശക്തനായ ഒരേയൊരു ദൈവമാണ്. അവന്റെ ബഹുമാനാർത്ഥം ഗംഗാതീരത്ത് അനേകം ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നു, അവിടെ അവന്റെ യഥാർത്ഥ പുരോഹിതരായ ബ്രാഹ്മണർ അവനെ ആരാധിക്കുന്നു. അവർക്ക്, അവർക്കു മാത്രം, സത്യദൈവത്തെ അറിയാം. ആയിരം വർഷങ്ങൾ കടന്നുപോയി, എന്നിട്ടും എല്ലാ പരിവർത്തനങ്ങൾക്കു ശേഷവും ഈ പുരോഹിതന്മാർ തങ്ങളുടെ അധികാരം നിലനിർത്തി, കാരണം ഏകദൈവമായ ബ്രഹ്മാവ് അവരെ സംരക്ഷിച്ചു.’
എല്ലാവരെയും ബോധ്യപ്പെടുത്താനായി ബ്രാഹ്മണൻ അങ്ങനെ പറഞ്ഞു; എന്നാൽ അവിടെയുണ്ടായിരുന്ന ഒരു യഹൂദ ദല്ലാൾ അയാൾക്കു മറുപടി കൊടുത്തു:
‘ഇല്ല! സത്യദൈവത്തിന്റെ ക്ഷേത്രം ഇന്ത്യയിൽ ഇല്ല. ദൈവം ബ്രാഹ്മണ ജാതിയെ ഒട്ടു സംരക്ഷിക്കുന്നുമില്ല. യഥാർത്ഥ ദൈവം ബ്രാഹ്മണരുടെ ദൈവമല്ല, അബ്രഹാമിന്റെയും ഐസക്കിന്റെയും യാക്കോബിന്റെയും ദൈവമാണ്. അവൻ തിരഞ്ഞെടുത്ത ജനമായ ഇസ്രായേല്യരെ അല്ലാതെ മറ്റാരെയും അവൻ സംരക്ഷിക്കുന്നില്ല. ലോകാരംഭം മുതൽ, നമ്മുടെ രാഷ്ട്രം, അവന് പ്രിയപ്പെട്ടതാണ്, നമ്മുടേത് മാത്രം. നാം ഇപ്പോൾ ഭൂമി മുഴുവൻ ചിതറിക്കിടക്കുകയാണെങ്കിൽ, അത് നമ്മെ പരീക്ഷിക്കാൻ വേണ്ടി മാത്രമാണ്. എന്തെന്നാൽ, ഒരു ദിവസം തന്റെ ജനത്തെ മുഴുവൻ ജറുസലേമിൽ ഒന്നിച്ചുകൂട്ടുമെന്ന് ദൈവം വാഗ്ദാനം നൽകിയിട്ടുണ്ട്. അപ്പോൾ, ജറുസലേം ക്ഷേത്രം – പുരാതന ലോകത്തിന്റെ അത്ഭുതം – അതിന്റെ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കപ്പെടും, ഇസ്രായേൽ എല്ലാ രാജ്യങ്ങളുടെയും ഭരണാധികാരിയായി സ്ഥാപിക്കപ്പെടും.’

ഇതും പറഞ്ഞു, യഹൂദൻ പൊട്ടിക്കരഞ്ഞു. അയാൾ കൂടുതൽ പറയാൻ ആഗ്രഹിച്ചു, എന്നാൽ അവിടെയുണ്ടായിരുന്ന ഒരു ഇറ്റാലിയൻ മിഷനറി അയാളെ തടസ്സപ്പെടുത്തി.
‘ നിങ്ങൾ പറയുന്നത് അസത്യമാണ്, അയാൾ ജൂതനോട് പറഞ്ഞു. ‘നിങ്ങൾ ദൈവത്തിൽ അനീതി ആരോപിക്കുന്നു. അവന് നിങ്ങളുടെ രാജ്യത്തെ മറ്റുള്ളവരെക്കാൾ ഉപരിയായി സ്‌നേഹിക്കാൻ കഴിയില്ല. പണ്ട് അവൻ ഇസ്രായേല്യരോട് പ്രീതി കാണിച്ചുവെന്നത് ശരിയാണെങ്കിൽപ്പോലും, അവർ അവനെ കോപിപ്പിച്ച്, അവരുടെ വിശ്വാസം ഒരിക്കലും അവരെ മതം മാറ്റാതിരിക്കാനായി, അവരുടെ ദേശം നശിപ്പിച്ചിച്ച് അവരെ ലോകം മുഴുവൻ ചിതറിച്ചിട്ട്, ഇപ്പോൾ ആയിരത്തി തൊള്ളായിരം വർഷമാകുന്നു. ദൈവം ഒരു ജനതയോടും മുൻഗണന കാണിക്കുന്നില്ല, എന്നാൽ രക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാവരെയും റോമിലെ കത്തോലിക്കാ സഭയുടെ മടിയിലേക്ക് വിളിക്കുന്നു, അതിന്റെ അതിർത്തിക്ക് പുറത്തുള്ളവർക്കു മുക്തി കണ്ടെത്താൻ കഴിയില്ല.’

ഇറ്റലിക്കാരൻ അങ്ങനെ പറഞ്ഞു. പക്ഷേ അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു പ്രോട്ടസ്റ്റന്റ് മന്ത്രി, വിളറിയ മുഖത്തോടെ കാത്തലിക് മിഷനറിയുടെ നേർക്ക് തിരിഞ്ഞ് ആശ്ചര്യത്തോടെ ഇങ്ങനെ പറഞ്ഞു.
‘നിങ്ങളുടെ മതത്തിനാണ് മുക്തി ലഭിക്കുക എന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? ‘
ക്രിസ്തുവിന്റെ വചനത്താൽ കൽപ്പിക്കപ്പെട്ടതുപോലെ, സുവിശേഷമനുസരിച്ച്, ആത്മാവിലും സത്യത്തിലും ദൈവത്തെ സേവിക്കുന്നവർ മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ.’
അപ്പോൾ സൂറത്തിലെ കസ്റ്റം ഹൗസിലെ ഓഫീസറായ ഒരു തുർക്കി, കോഫി ഹൗസിൽ പൈപ്പ് വലിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു, രണ്ടു ക്രിസ്ത്യാനികളേക്കാളും ശ്രേഷ്ഠത തനിക്കാണെന്ന ഭാവത്തിൽ അയാാൾ ഇരു കൃസ്ത്യനികളോടുമായി പറഞ്ഞു.
‘നിങ്ങളുടെ റോമൻ മതത്തിലുള്ള നിങ്ങളുടെ വിശ്വാസം വ്യർത്ഥമാണ്, അത് ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പ് യഥാർത്ഥ വിശ്വാസത്താൽ മറികടക്കപ്പെട്ടു: മുഹമ്മദിന്റെ! യഥാർത്ഥ മുഹമ്മദീയ വിശ്വാസം യൂറോപ്പിലും ഏഷ്യയിലും പ്രബുദ്ധ രാജ്യമായ ചൈനയിലും എങ്ങനെ പ്രചരിക്കുന്നുവെന്ന് നിങ്ങൾക്ക് നിരീക്ഷിക്കാൻ കഴിയില്ല. ദൈവം യഹൂദരെ തള്ളിക്കളഞ്ഞു എന്ന് നിങ്ങൾ സ്വയം പറയുന്നു; കൂടാതെ, ഒരു തെളിവായി, യഹൂദന്മാർ അപമാനിതരാണെന്നും അവരുടെ വിശ്വാസം പ്രചരിക്കുന്നില്ലെന്നും നിങ്ങൾ ഉദ്ധരിക്കുന്നു. മുഹമ്മദനിസത്തിന്റെ സത്യം ഏറ്റുപറയുക, കാരണം അത് വിജയിക്കുകയും ദൂരവ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ഏറ്റവും പുതിയ പ്രവാചകനായ മുഹമ്മദിന്റെ അനുയായികളല്ലാതെ ആരും രക്ഷിക്കപ്പെടുകയില്ല; അവരിൽ തന്നെ അലിയുടെ അനുയായികളല്ല, മറിച്ച് ഒമറിന്റെ അനുയായികൾ മാത്രമാണ് രക്ഷിക്കപ്പെടുക. കാരണം അലിയുടെ അനുയായികളുടേത് കപട വിശ്വാസമാണ്.

ഇതിന് അലിയുടെ വിഭാഗത്തിൽപ്പെട്ട പേർഷ്യൻ ദൈവശാസ്ത്രജ്ഞൻ മറുപടി നൽകാൻ ആഗ്രഹിച്ചു; എന്നാൽ അപ്പോഴേക്കും അവിടെയുണ്ടായിരുന്ന വിവിധ മതധർമ്മവിശ്വാസങ്ങളിൽ പെട്ട അപരിചിതർക്കിടയിൽ വലിയൊരു തർക്കം ഉടലെടുത്തിരുന്നു. അബിസീനിയൻ ക്രിസ്ത്യാനികൾ, തിബറ്റിൽ നിന്നുള്ള ലാമകൾ, ഇസ്മയിലിയൻമാർ, അഗ്ന്യാരാധകർ എന്നിവരുണ്ടായിരുന്നു. അവർ എല്ലാവരും അവരവരുടെ ദൈവത്തിന്റെ രീതിയ കുറിച്ചും അവനെ എങ്ങനെ ആരാധിക്കണം എന്നതിനെക്കുറിച്ചും വാദിച്ചു. അവരോരോരുത്തരും തന്റെ രാജ്യത്തിൽ മാത്രമേ യഥാർത്ഥ ദൈവം അറിയപ്പെട്ടിരുന്നുള്ളു എന്നും ശരിയായി ആരാധിക്കപ്പെടുന്നുള്ള എന്നതും ഉറപ്പിച്ചു.

കോഫി ഹൗസിന്റെ ഒരു മൂലയിൽ തർക്കത്തിൽ പങ്കെടുക്കാതെ നിശബ്ദനായി ഇരുന്ന കൺഫ്യൂഷ്യസിന്റെ വിദ്യാർത്ഥിയായ ചൈനാക്കാരൻ ഒഴികെ ബാക്കി എല്ലാവരും തർക്കിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ചായ കുടിച്ചും, മറ്റുള്ളവർ പറയുന്നത് ശ്രദ്ധിച്ചും ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു അയാൾ.
അയാൾ അവിടെ ഇരിക്കുന്നത് തുർക്കിക്കാരൻ ശ്രദ്ധിച്ചു, അയാളോട് ഇങ്ങനെ അപേക്ഷിച്ചു:
‘നല്ലവനായ പ്രിയപ്പെട്ട ചൈനാക്കാരാ, ഞാൻ പറയുന്നത് താങ്കൾക്ക് ഉറപ്പിക്കാം. താങ്കൾ നിശബ്ദത പാലിക്കുന്നു, പക്ഷേ താങ്കൾ സംസാരിച്ചാൽ എന്റെ അഭിപ്രായം ഉയർത്തിക്കാട്ടുമെന്ന് എനിക്കറിയാം. ചൈനയിൽ നിരവധി മതങ്ങൾ കടന്നുവന്നിട്ടുണ്ടെങ്കിലും, നിങ്ങൾ ചൈനക്കാർ മുഹമ്മദനിസത്തെ ഏറ്റവും മികച്ചതായി കണക്കാക്കുകയും അത് മനസ്സോടെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട് എന്നും സഹായത്തിനായി എന്നെ സമീപിക്കുന്ന താങ്കളുടെ രാജ്യത്തു നിന്നുള്ള വ്യാപാരികൾ, പറഞ്ഞിട്ടുണ്ട്. അതിനാൽ എന്റെ വാക്കുകൾ സ്ഥിരീകരിക്കുക, സത്യദൈവത്തെയും അവന്റെ പ്രവാചകനെയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഞങ്ങളോട് പറയുക.’

‘അതെ, അതെ, പറയൂ, പറയൂ!’ ബാക്കിയുള്ളവർ ചൈനാക്കാരന്റ നേർക്കു തിരിഞ്ഞു, ‘ഈ വിഷയത്തിൽ താങ്കൾ എന്താണ് ചിന്തിക്കുന്നതെന്ന് ഞങ്ങൾക്കു കേൾക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്.’

കൺഫ്യൂഷ്യസിന്റെ ശിഷ്യനായ ചൈനാക്കാരൻ കണ്ണുകളടച്ച് അൽപ്പനേരം ആലോചിച്ചു. എന്നിട്ട് അവ വീണ്ടും തുറന്ന്, വസ്ത്രത്തിന്റെ വിശാലമായ കൈകളിൽ നിന്ന് കൈകൾ പുറത്തെടുത്ത് നെഞ്ചത്തു കുറുക്കെ മടക്കിവച്ച്, ശാന്തതയും സമാധാനവും നിറഞ്ഞ സ്വരത്തിൽ ഇങ്ങനെ സംസാരിച്ചു.
‘മഹത്തുക്കളേ, വിശ്വാസപരമായ കാര്യങ്ങളിൽ ആളുകൾ പരസ്പരം യോജിക്കുന്നത് തടയുന്നത് അഹങ്കാരമാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ പറയുന്നത് ശ്രദ്ധിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കുന്ന ഒരു കഥ ഞാൻ നിങ്ങളോട് പറയാം.

ലോകം ചുറ്റിയ ഒരു ഇംഗ്ലീഷ് ആവിക്കപ്പലിലിലാണ് ഞാൻ ചൈനയിൽ നിന്ന് ഇവിടെയെത്തിയത്. ഞങ്ങൾ ശുദ്ധജലത്തിനായി ഇടയ്ക്കു നിർത്തി, സുമാത്ര ദ്വീപിന്റെ കിഴക്കൻ തീരത്ത് ഇറങ്ങി. ഉച്ച സമയമായിരുന്നു, ഞങ്ങളിൽ ചിലർ ഇറങ്ങിയ സ്ഥിതിക്ക്, ഒരു നാടൻ ഗ്രാമത്തിൽ നിന്ന് വളരെ അകലെയല്ലാതെയുള്ള കടൽത്തീരത്തെ കുറച്ച് തെങ്ങുകളുടെ തണലിൽ ഇരുന്നു. ഞങ്ങൾ വിവിധ രാജ്യക്കാരായ പുരുഷന്മാരുടെ ഒരു കൂട്ടമായിരുന്നു.

ഞങ്ങൾ അവിടെ ഇരിക്കുമ്പോൾ ഒരു അന്ധനായ മനുഷ്യൻ ഞങ്ങളുടെ സമീപത്തേക്ക് വന്നു. സൂര്യന്റെ പ്രകാശം പിടിച്ചെടുക്കാൻ വേണ്ടി, അത് എന്താണെന്ന് അറിയാൻ ശ്രമിച്ചുകൊണ്ട്, വളരെയധികം നേരം സ്ഥിരതയോടെ സൂര്യനെ നോക്കിയതിലൂടെയാണ് അയാൾ അന്ധനായിപ്പോയതെന്ന് ഞങ്ങൾ പിന്നീട് മനസ്സിലാക്കി.
സൂര്യനെ നിരന്തരം നോക്കിക്കൊണ്ടുതന്നെ, ഇതു സ്ഥാപിക്കാനായി അയാൾ വളരെക്കാലം പരിശ്രമിച്ചുകൊണ്ടിരുന്നു; എന്നാൽ അതിന്റെ ഉഗ്രവെളിച്ചം മൂലം അയാളുടെ കണ്ണുകൾക്ക് ക്ഷതം സംഭവിക്കുകയും അയാൾ അന്ധനാവുകയും ചെയ്തു എന്നതായിരുന്നു അതിനുണ്ടായ ഏക ഫലം.
പിന്നെ അയാൾ അയാളോടു തന്നെ പറഞ്ഞു;
സൂര്യന്റെ പ്രകാശം ഒരു ദ്രാവകമല്ല; എന്തെന്നാൽ, അത് ഒരു ദ്രാവകമാണെങ്കിൽ, അത് ഒരു പാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴിക്കാൻ കഴിയുമായിരുന്നു, അത് കാറ്റിനാൽ വെള്ളം പോലെ നീങ്ങും. തീയും അല്ല; തീ ആയിരുന്നെങ്കിൽ വെള്ളം കെടുത്തിക്കളയുമായിരുന്നു. വെളിച്ചം ഒരു ആത്മാവുമല്ല; അതു കണ്ണിനാൽ കാണുന്നു; അത് ചലിപ്പിക്കാൻ കഴിയില്ലല്ലോ. അതിനാൽ, സൂര്യന്റെ പ്രകാശം ദ്രാവകമോ, അഗ്‌നിയോ, ആത്മാവോ, ദ്രവ്യമോ അല്ലാത്തതുപോലെ, അത് ഒന്നുമില്ല!’

അങ്ങനെ അയാൾ വാദിച്ചു, എപ്പോഴും സൂര്യനെ നോക്കുകയും അതിനെക്കുറിച്ചു ചിന്തിക്കുകയും ചെയ്തതിന്റെ ഫലമായി അയാളുടെ കാഴ്ചയും യുക്തിയും നഷ്ടപ്പെട്ടു. അയാൾ പൂർണ്ണമായും അന്ധനായി തീർന്നപ്പോൾ, സൂര്യൻ ഇല്ലെന്ന് അയാൾക്ക് പൂർണ്ണമായി ബോധ്യപ്പെട്ടു.

ഈ അന്ധന്റെ കൂടെ ഒരു അടിമ വന്നു, അയാൾ തന്റെ യജമാനനെ തെങ്ങിൻ തണലിൽ ഇരുത്തിയ ശേഷം നിലത്തു നിന്ന് എത്തി ഒരു തേങ്ങ പറിച്ചെടുത്ത് അയാൾ ചകിരിയില്‍ നിന്ന് ഒരു തിരി പിരിച്ചെടുണ്ടാക്കി. പിന്നെ കാമ്പിൽ നിന്ന് എണ്ണ ഞെക്കിവരുത്തി, അതിൽ തിരി മുക്കി, അങ്ങനെ അതിനെ രാത്രി വിളക്കാക്കാൻ തുടങ്ങി.

അടിമ ഇങ്ങനെ ഇതു ചെയ്തുകൊണ്ടിരിക്കുമ്പോൾ അന്ധനായ മനുഷ്യൻ നെടുവീർപ്പിട്ടു കൊണ്ട് അയാളോട് പറഞ്ഞു:

‘അല്ല, അടിമ, സൂര്യനില്ലെന്ന് ഞാൻ പറഞ്ഞത് ശരിയായില്ലേ? എത്ര ഇരുട്ടാണെന്ന് നിങ്ങൾ കാണുന്നില്ലേ? എന്നിട്ടും സൂര്യനുണ്ടെന്ന് ആളുകൾ പറയുന്നു. . . . എന്നാൽ അങ്ങനെയാണെങ്കിൽ, അതെന്താണ്?’
‘സൂര്യൻ എന്താണെന്ന് എനിക്കറിയില്ല,’ അടിമ പറഞ്ഞു. ‘അത് എന്റെ കാര്യമല്ല. എന്നാൽ വെളിച്ചം എന്താണെന്ന് എനിക്കറിയാം. ഇവിടെ ഞാൻ ഒരു രാത്രി വിളക്ക് ഉണ്ടാക്കി, അതിന്റെ സഹായത്തോടെ എനിക്ക് നിങ്ങളെ സേവിക്കാനും കുടിലിൽ എനിക്ക് ആവശ്യമുള്ളതെന്തും കണ്ടെത്താനും കഴിയുന്നുണ്ട്. എന്നിട്ട് അടിമ ചിരട്ട എടുത്ത് പറഞ്ഞു: ‘ഇതാണ് എന്റെ സൂര്യൻ.’

അടുത്തിരുന്ന, ഊന്നുവടിയുള്ള ഒരു മുടന്തുള്ള മനുഷ്യൻ ഈ വാക്കുകൾ കേട്ട് ചിരിച്ചു:
‘സൂര്യൻ എന്താണെന്ന് അറിയാൻ, നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ അന്ധനായിരുന്നുവല്ലോ. അുതുകൊണ്ട് അത് എന്താണെന്ന് ഞാൻ പറയാം. സൂര്യൻ ഒരു അഗ്‌നിഗോളമാണ്, അത് എല്ലാ ദിവസവും രാവിലെ കടലിൽ നിന്ന് ഉദിക്കുകയും എല്ലാ വൈകുന്നേരവും നമ്മുടെ ദ്വീപിലെ പർവതങ്ങൾക്കിടയിൽ വീണ്ടും അസ്തമിക്കുകയും ചെയ്യുന്നു. ഞങ്ങളെല്ലാം ഇത് കണ്ടിട്ടുണ്ട്, നിനക്കു കാഴ്ചയുണ്ടായിരുന്നെങ്കിൽ നീയും കാണുമായിരുന്നു.’

സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു:
‘നിങ്ങൾ ഒരിക്കലും നിങ്ങളുടെ സ്വന്തം ദ്വീപിന് അപ്പുറത്ത് പോയിട്ടില്ലെന്ന് വ്യക്തമാണ്. നിങ്ങൾക്കു മുടന്തുണ്ടായിരുന്നില്ലെങ്കിൽ, എന്നെ പോലെ ഒരു മത്സ്യബന്ധന ബോട്ടിൽ പോയിരുന്നെങ്കിൽ, സൂര്യൻ നമ്മുടെ ദ്വീപിലെ പർവതങ്ങൾക്കിടയിൽ അസ്തമിക്കുന്നില്ലെന്ന് നിങ്ങൾക്കറിയാനാകുമായിരുന്നു. മറിച്ച് എല്ലാ ദിവസവും രാവിലെ സമുദ്രത്തിൽ നിന്നു തന്നെ ഉദിച്ച്, അത് വീണ്ടും അവിടെ തന്നെ അസ്തമിക്കും. എല്ലാ രാത്രിയും കടലിൽ തന്നെ. ഞാൻ നിങ്ങളോട് പറയുന്നത് സത്യമാണ്, കാരണം ഞാൻ ഇത് എല്ലാ ദിവസവും എന്റെ സ്വന്തം കണ്ണുകൊണ്ട് കാണുന്നതാണ്.

അപ്പോൾ ഞങ്ങളുടെ സംഘത്തിലെ ഒരു ഇന്ത്യക്കാരൻ അയാളെ തടഞ്ഞു പറഞ്ഞു:
‘യുക്തിയുള്ള ഒരു മനുഷ്യൻ ഇങ്ങനെ വിഡ്ഢിത്തം പറയുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു. എങ്ങനെയാണ് ഒരു അഗ്‌നിഗോളം വെള്ളത്തിലേക്ക് ഇറങ്ങിയാലും അത് അണയാതെ പോകുന്നത്? സൂര്യൻ തീഗോളമല്ല, അത് ദേവൻ എന്ന് അറിയപ്പെടുന്ന ദൈവമാണ്, സുവർണ്ണ പർവ്വതമായ മേരുവിന് ചുറ്റും നിരന്തരം രഥത്തിൽ സഞ്ചരിക്കുന്നു. ചിലപ്പോൾ ദുഷ്ടസർപ്പങ്ങളായ രാഗുവും കേതുവും ദേവനെ ആക്രമിച്ച് വിഴുങ്ങുന്നു: അപ്പോൾ ഭൂമി ഇരുണ്ടു കിടക്കും. എന്നാൽ നമ്മുടെ പുരോഹിതന്മാർ ദേവനെ മോചിപ്പിക്കാൻ പ്രാർത്ഥിക്കുകയും തുടർന്ന് മോചിപ്പിക്കപ്പെടുകയും ചെയ്യുന്നു. സ്വന്തം ദ്വീപിന് അപ്പുറത്തേക്ക് പോയിട്ടില്ലാത്ത നിങ്ങളെപ്പോലുള്ള അജ്ഞരായ ആളുകൾക്ക് മാത്രമേ അവരുടെ രാജ്യത്തിന് മാത്രമായിട്ടാണ് സൂര്യൻ പ്രകാശിക്കുന്നത് എന്നു സങ്കൽപ്പിക്കാൻ കഴിയൂ.

അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു ഈജിപ്റ്റുകാരനായ കപ്പലുടമ തന്റെ ഊഴം വന്നപ്പോൾ സംസാരിച്ചു;
‘ഇല്ല, നിങ്ങളും തെറ്റാണ്. സൂര്യൻ ഒരു ദേവതയല്ല, ഇന്ത്യയ്ക്കും അതിന്റെ സ്വർണ്ണ പർവതത്തിനും ചുറ്റും മാത്രം സഞ്ചരിക്കുന്നതുമല്ല. ഞാൻ കരിങ്കടലിലും അറേബ്യയുടെ തീരങ്ങളിലും ധാരാളം കപ്പൽ സഞ്ചാരം നടത്തിയിട്ടുണ്ട്, മഡഗാസ്‌കറിലേക്കും ഫിലിപ്പീൻസിലേക്കും പോയിട്ടുണ്ട്. സൂര്യൻ ഭൂമിയെ മുഴുവൻ പ്രകാശിപ്പിക്കുന്നു, ഇന്ത്യ മാത്രമല്ല. ഇത് ഒരു പർവതത്തെ ചുറ്റിപ്പറ്റിയല്ല, അങ്ങു കിഴക്ക്, ജപ്പാൻ ദ്വീപുകൾക്കപ്പുറത്താണ് അതു ഉദിക്കുന്നത്, അങ്ങു പടിഞ്ഞാറ് ഇംഗ്ലണ്ട് ദ്വീപുകൾക്കപ്പുറത്ത്, അസ്തമിക്കകയും ചെയ്യുന്നു. അതുകൊണ്ടാണ് ജപ്പാൻകാർ തങ്ങളുടെ രാജ്യത്തെ ‘നിപ്പോൺ’ എന്ന് വിളിക്കുന്നത്, അതായത് ‘സൂര്യന്റെ ജനനം’. എനിക്ക് ഇത് നന്നായി അറിയാം, കാരണം ഞാൻ തന്നെ ഒരുപാട് കണ്ടിട്ടുണ്ട്, മാത്രവുമല്ല, കടലിന്റെ അറ്റം വരെ കപ്പലിൽ കയറി സഞ്ചരിച്ചിട്ടുള്ള എന്റെ മുത്തച്ഛനിൽ നിന്ന് കൂടുതൽ കേട്ടിട്ടുമുണ്ട്.

അയാൾ തുടരുമായിരുന്നു, പക്ഷേ അതിനിടയക്ക്, ഞങ്ങളുടെ കപ്പലിൽ നിന്നുള്ള ഒരു ഇംഗ്ലീഷ് നാവികൻ അയാളെ തടസ്സപ്പെടുത്തിയിയിരുന്നില്ലെങ്കിൽ.
ഇംഗ്ലീഷുകാരൻ ഒരു വടി എടുത്ത്, മണലിൽ വൃത്തങ്ങൾ വരച്ച്, ആകാശത്ത് സൂര്യൻ എങ്ങനെ സഞ്ചരിക്കുന്നുവെന്നും ലോകം ചുറ്റി സഞ്ചരിക്കുന്നുവെന്നും വിശദീകരിക്കാൻ ശ്രമിച്ചു. എന്നാൽ അത് വ്യക്തമായി വിശദീകരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല, കപ്പലിന്റെ പൈലറ്റിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു:
‘എന്നേക്കാൾ കൂടുതൽ ഈ മനുഷ്യന് ഇതിനെക്കുറിച്ച് അറിയാം. അദ്ദേഹത്തിന് അത് ശരിയായി വിശദീകരിക്കാൻ കഴിയും.’
ബുദ്ധിമാനായ പൈലറ്റ് അയാളോടു സംസാരിക്കാൻ ആവശ്യപ്പെടുന്നത് വരെ നിശബ്ദനായി സംസാരം ശ്രദ്ധിച്ചിച്ചിരിക്കുകയായിരുന്നു. ഇപ്പോൾ എല്ലാവരും അയാളുടെ നേരെ തിരിഞ്ഞു, അയാൾ പറഞ്ഞു:
‘നിങ്ങൾ എല്ലാവരും പരസ്പരം തെറ്റിദ്ധരിപ്പിക്കുകയും നിങ്ങളെത്തന്നെ വഞ്ചിക്കുകയും ചെയ്യുന്നു. സൂര്യൻ ഭൂമിയെ ചുറ്റുന്നില്ല, പക്ഷേ ഭൂമി സൂര്യനെ ചുറ്റുന്നു, അത് സ്വയം കറങ്ങിക്കൊണ്ടാണ് ചുറ്റുന്നത്. ഓരോ ഇരുപത്തിനാല് മണിക്കൂറിലും ജപ്പാനും ഫിലിപ്പൈൻസും നമ്മൾ ഇപ്പോൾ ഇരിക്കുന്ന ഈ സുമാത്രയും മാത്രമല്ല, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, കൂടാതെ പല ദേശങ്ങളും സൂര്യനു നേരെ തിരിയുന്നു. സൂര്യൻ ഏതെങ്കിലും ഒരു പർവതത്തിനോ, ഒരു ദ്വീപിനോ, ഒരു കടലിനോ ഒരു ഭൂമിക്കോ വേണ്ടി മാത്രമല്ല, മറ്റു ഗ്രഹങ്ങൾക്കും നമ്മുടെ ഭൂമിക്കും വേണ്ടി മാത്രമോ പോലുമല്ല, മറിച്ച് നമ്മുടെ ഭൂമിക്കും ഒപ്പം മറ്റു ഗ്രഹങ്ങൾക്കും കൂടി വേണ്ടിയാണ് പ്രകാശിക്കുന്നത്. നിങ്ങളുടെ സ്വന്തം കാലിനടിയിലെ നിലത്തേക്ക് തന്നെ നോക്കി ഇരിക്കുന്നതിനു പകരം നിങ്ങൾ ആകാശത്തേക്ക് നോക്കുകയാണെങ്കിൽ, നിങ്ങൾക്കെല്ലാവർക്കും ഇത് മനസ്സിലാകും, അപ്പോൾ പിന്നെ സൂര്യൻ നിങ്ങൾക്കുവേണ്ടിയോ നിങ്ങളുടെ രാജ്യത്തിന് മാത്രമാണു പ്രകാശിക്കുന്നതെന്നു കരുതുകയുമില്ല.’

ലോകത്തിലൂടെ ധാരാളം സഞ്ചരിക്കുകയും മുകളിലെ ആകാശത്തേക്ക് വളരെയധികം നോക്കുകയും ചെയ്ത ബുദ്ധിമാനായ പൈലറ്റ് അങ്ങനെ പറഞ്ഞു നിര്‍ത്തി.

‘അതിനാൽ വിശ്വാസത്തിന്റെ കാര്യങ്ങളിൽ,’ കൺഫ്യൂഷ്യസിന്റെ വിദ്യാർത്ഥിയായ ചൈനാക്കാരൻ തുടർന്നു, ‘അഹങ്കാരമാണ് മനുഷ്യർക്കിടയിൽ തെറ്റും അഭിപ്രായവ്യത്യാസവും ഉണ്ടാക്കുന്നത്. സൂര്യനെപ്പോലെ, ദൈവത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഓരോ മനുഷ്യനും തന്റേതായ ഒരു പ്രത്യേക ദൈവം, അല്ലെങ്കിൽ സ്വന്തം നാടിന് ഒരു പ്രത്യേക ദൈവമെങ്കിലും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ലോകത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത അവനെ സ്വന്തം ക്ഷേത്രങ്ങളിൽ ഒതുക്കാനാണ് ഓരോ രാജ്യവും ആഗ്രഹിക്കുന്നത്.

‘എല്ലാ മനുഷ്യരെയും ഒരു വിശ്വാസത്തിലും ഒരു മതത്തിലും ഒന്നിപ്പിക്കാൻ ദൈവം തന്നെ പണിത ക്ഷേത്രവുമായി ഏതെങ്കിലും ക്ഷേത്രത്തെ താരതമ്യം ചെയ്യാൻ കഴിയുമോ?

‘ദൈവത്തിന്റെ സ്വന്തം ലോകമായ ഈ ക്ഷേത്രത്തിന്റെ മാതൃകയിലാണ് എല്ലാ മനുഷ്യക്ഷേത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ജ്ഞാനസ്‌നാനത്തൊട്ടികളും, മേൽക്കൂരയും വിളക്കുകളും ചിത്രങ്ങളും ശിൽപങ്ങളും ലിഖിതങ്ങളും നിയമപുസ്തകങ്ങളും വഴിപാടുകളും ബലിപീഠങ്ങളും പുരോഹിതന്മാരും ഉണ്ട്. എന്നാൽ ഏത് ക്ഷേത്രത്തിലാണ് സമുദ്രം പോലെയുള്ള ഒരു ജ്ഞാനസ്‌നാനത്തൊട്ടി ഉണ്ടാവുക? ആകാശം പോലൊരു നിലവറ? സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ ഇവ പോലെയുള്ള വിളക്കുകൾ? അതോ ജീവിച്ചിരിക്കുന്ന, സ്നേഹമുള്ള, പരസ്പരം സഹായിക്കുന്ന മനുഷ്യരുമായി താരതമ്യപ്പെടുത്തേണ്ട ഏതെങ്കിലും കണക്കുകൾ ഉണ്ടോ? മനുഷ്യന്റെ സന്തോഷത്തിനായി ദൈവം വാരിവിതറിയ അനുഗ്രഹങ്ങൾ എന്ന് മനസ്സിലാക്കാൻ എളുപ്പമുള്ള തരത്തിലുള്ള ദൈവത്തിന്റെ നന്മയുടെ രേഖകൾ എവിടെയാണ്? ഓരോ മനുഷ്യനും അവന്റെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതുപോലെ വ്യക്തമായ നിയമപുസ്തകം എവിടെയാണ്?
സ്‌നേഹമുള്ള പുരുഷന്മാരും സ്ത്രീകളും പരസ്പരം ചെയ്യുന്ന ആത്മത്യാഗത്തിന് തുല്യമായ ത്യാഗങ്ങൾ എന്താണുള്ളത്? ദൈവം തന്നെ ത്യാഗം സ്വീകരിക്കുന്ന ഒരു നല്ല മനുഷ്യന്റെ ഹൃദയത്തോട് ഉപമിക്കുന്നത് ഏത് യാഗപീഠത്തെയാണ്?

‘ദൈവത്തെക്കുറിച്ചുള്ള ഒരു മനുഷ്യന്റെ സങ്കൽപ്പം എത്ര ഉയർന്നതാണോ അത്രത്തോളം അയാൾ അവനെ അറിയും. അവൻ ദൈവത്തെ എത്ര നന്നായി അറിയുന്നുവോ അത്രയധികം അവൻ ദൈവത്തിലേക്ക് അടുക്കും, അവന്റെ നന്മയും കരുണയും മനുഷ്യനോടുള്ള സ്‌നേഹവും അനുകരിക്കും.
അതിനാൽ, സൂര്യന്റെ മുഴുവൻ പ്രകാശവും ലോകത്തെ നിറയ്ക്കുന്നത് കാണുന്നവൻ, തന്റെ വിഗ്രഹത്തിൽ അതേ പ്രകാശത്തിന്റെ ഒരു കിരണത്തെ കാണുന്ന അന്ധവിശ്വാസിയായ ഒരുവനെ കുറ്റപ്പെടുത്തുകയോ നിന്ദിക്കുകയോ ചെയ്യരുത്. അന്ധനായതും സൂര്യനെ ഒട്ടും കാണാൻ കഴിയാത്തതുമായ അവിശ്വാസിയെപ്പോലും അവൻ നിന്ദിക്കരുത്.’
കൺഫ്യൂഷ്യസിന്റെ ശിഷ്യനായ ചൈനാക്കാരൻ അങ്ങനെ പറഞ്ഞു; കോഫി ഹൗസിൽ സന്നിഹിതരായിരുന്നവരെല്ലാം നിശ്ശബ്ദരായി.

കറുപ്പ്- Opium – വേദനസംഹാരിയായ ഔഷധമായിട്ടും ഉപയോഗിച്ചിരുന്നു.
Fettish tree – ദൈവചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്ന മരം.


ലിയോ ടോൾസ്‌റ്റോയ്, 1893.
മലയാളം പരിഭാഷ : ശ്രീലത എസ്
വര : വർഷ മേനോൻ
കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like