പൂമുഖം POLITICS ന്യൂയോര്‍ക്കില്‍ പുതുയുഗപ്പിറവി?

ന്യൂയോര്‍ക്കില്‍ പുതുയുഗപ്പിറവി?

മംദാനിയുടെ പ്രസംഗത്തിന്റെ സ്വതന്ത്ര മലയാള വിവർത്തനം

എന്റെ സുഹൃത്തുക്കളേ, നന്ദി. ഇന്ന് നമ്മുടെ നഗരത്തിനുമുകളിൽ സൂര്യൻ അസ്തമിച്ചിരിക്കാം, പക്ഷേ യൂജിൻ ഡെബ്സ് പറഞ്ഞത് പോലെ, “മനുഷ്യകുലത്തിനായി ഒരു നല്ല ദിവസത്തിന്റെ പുലരി ഞാൻ കാണുന്നു.”

വർഷങ്ങളായി ന്യൂയോർക്കിലെ തൊഴിലാളികളോട് അധികാരം അവരുടെ കൈകളിൽ അല്ലെന്ന് സമ്പന്നരും സ്വാധീനമുള്ളവരും പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. ഗോഡൗണിൽ പെട്ടികൾ ഉയർത്തി വിരലുകൾ പൊട്ടിയവർ, ഡെലിവറി ബൈക്കിന്റെ ഹാൻഡിലുകൾ പിടിച്ച് കൈകൾ തേഞ്ഞവർ,അടുക്കളയിലെ പൊള്ളലുകളേറ്റു വിരൽ കരിഞ്ഞവർ -ഈ കൈകളൊന്നും ഇതുവരെ അധികാരം കയ്യാളാൻ അനുവദിക്കപ്പെട്ടിട്ടില്ല..എന്നാൽ കഴിഞ്ഞ 12 മാസങ്ങളിൽ, നിങ്ങൾ അതിലേറെ മഹത്തായ ഒന്നിനെ തേടാൻ ധൈര്യം കാണിച്ചു. ഇന്ന്, എല്ലാ പ്രതിബന്ധങ്ങളും മറികടന്ന്, നാം അത് കയ്യെത്തി പ്പിടിച്ചിരിക്കുന്നു. ഭാവി നമ്മുടെ കൈകളിലാണ്.

എന്റെ സുഹൃത്തുക്കളേ, നാം ഒരു രാഷ്ട്രീയ വംശാവലിയെ തകർത്തിരിക്കുന്നു. ആൻഡ്രൂ കുവോമോയ്ക്ക് സ്വകാര്യ ജീവിതത്തിൽ എല്ലാ ആശംസകളും. പക്ഷേ ഇന്ന് രാത്രി, അദ്ദേഹത്തിന്റെ പേര് അവസാനമായിട്ടാവും ഞാൻ ഉച്ചരിക്കുക. കുറച്ച് പേരുടെ മാത്രം രാഷ്ട്രീയത്തിൽ നിന്ന് പലർക്കും വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയത്തിലേക്ക് നമ്മൾ വഴി തിരിയുമ്പോൾ.

ന്യൂയോർക്ക്, ഇന്ന് നിങ്ങൾ ഒരു മാറ്റത്തിനുള്ള ജനവിധി നൽകിയിരിക്കുന്നു. ഒരു പുതിയ രാഷ്ട്രീയത്തിനുള്ള ജനവിധി. നമുക്ക് സാധ്യമാവുന്ന ഒരു നഗരമാക്കാനുള്ള ജനവിധി. അതിനായി പ്രവർത്തിക്കുന്ന സർക്കാർ ഉണ്ടാക്കുവാനുള്ള ജനവിധി. ജനുവരി 1-ന് ഞാൻ ന്യൂയോർക്ക് നഗരത്തിന്റെ മേയറായി സത്യപ്രതിജ്ഞ ചെയ്യും. അതിന് കാരണം നിങ്ങളാണ്. അതുകൊണ്ട്, മറ്റെന്തിനും മുമ്പ്, ഞാൻ പറയേണ്ടത്: നന്ദി. നല്ല ഭാവിയുടെ വാഗ്ദാനം പഴയകാലത്തിന്റെ അവശിഷ്ടമാണെന്ന ധാരണ തള്ളിക്കളഞ്ഞ, അടുത്ത തലമുറ ന്യൂയോർക്കുകാരേ നന്ദി.

ഇതുവഴി ഒരു പുതിയ നേതൃത്വത്തിന്റെ കാലഘട്ടം ആരംഭിക്കാമെന്ന് നിങ്ങൾ തെളിയിച്ചു. ഞങ്ങൾ നിങ്ങള്ക്കായി പോരാടും, കാരണം ഞങ്ങൾ നിങ്ങളാണ്. സ്റ്റൈൻവേയിൽ പറയുന്നതുപോലെ, “അനാ മിങ്കും വാ അലൈകും.”

നമ്മുടെ നഗരത്തിന്റെ രാഷ്ട്രീയം പലപ്പോഴും മറന്നുപോയവരേ നന്ദി, അവർ ഈ പ്രസ്ഥാനത്തെ സ്വന്തമാക്കി. യെമനി ബൊഡേഗ ഉടമകൾ, മെക്സിക്കൻ അമ്മുമ്മമാർ, സെനഗൽ ടാക്സി ഡ്രൈവർമാർ, ഉസ്ബെക് നഴ്സുമാർ, ട്രിനിഡാഡിയൻ ലൈൻ കുക്കുകൾ, എത്യോപ്യൻ അമ്മമാർ—അതെ, അമ്മമാർ.
കെൻസിങ്ടൺ, മിഡ്‌വുഡ്, ഹണ്ട്സ് പോയിന്റ് എന്നിവിടങ്ങളിലെ ഓരോ ന്യൂയോർക്കുകാരനും അറിയണം: ഈ നഗരം നിങ്ങളുടെ നഗരമാണ്, ഈ ജനാധിപത്യം നിങ്ങളുടേതുമാണ്.

ഈ പ്രചാരണം വെസ്‌ലി പോലുള്ള ആളുകളെക്കുറിച്ചാണ്—ഞാൻ എൽംഹർസ്റ്റ് ആശുപത്രിക്ക് പുറത്തു കണ്ട ഓർഗനൈസർ- പെൻസിൽവേനിയയിൽ താമസിക്കുന്ന, വാടക വളരെ കൂടുതലായതിനാൽ ദിവസവും രണ്ട് മണിക്കൂർ യാത്ര ചെയ്യുന്ന ഒരാൾ.
ബി‌എക്‌സ്33 ബസിൽ വർഷങ്ങൾക്കുമുമ്പ് കണ്ട സ്ത്രീയെക്കുറിച്ചാണ്, അവൾ പറഞ്ഞത്: “ഞാൻ ന്യൂയോർക്ക് ഇഷ്ടപ്പെട്ടിരുന്നു, ഇപ്പോൾ അത് ഞാൻ താമസിക്കുന്ന സ്ഥലം മാത്രമാണ്.

സിറ്റി ഹാളിന് പുറത്തു 15 ദിവസത്തെ നിരാഹാര സമരത്തിൽ പങ്കെടുത്ത റിച്ചാർഡ് എന്ന ടാക്സി ഡ്രൈവറെക്കുറിച്ചാണ്.ഇപ്പോഴും ആഴ്ചയിൽ ഏഴ് ദിവസം കാബ് ഓടിക്കേണ്ടിവരുന്നയാൾ. സഹോദരാ, ഇപ്പോൾ നാം സിറ്റി ഹാളിലാണ്. ഈ വിജയം അവർക്കും നിങ്ങള്ക്കും ഉള്ളതാണ്.

100,000-ത്തിലധികം സന്നദ്ധപ്രവർത്തകർ ഈ പ്രചാരണം ഒരു അപ്രതിരോധ്യ ശക്തിയാക്കി.നിങ്ങളാൽ, നാം ഈ നഗരത്തെ വീണ്ടും തൊഴിലാളികൾക്ക് സ്നേഹിക്കുകയും ജീവിക്കുകയും ചെയ്യാവുന്ന സ്ഥലമാക്കും.നിങ്ങൾ രാഷ്ട്രീയത്തിലെ നിരാശയെ ഇല്ലാതാക്കി. ഇപ്പോൾ, ഞാൻ നിങ്ങളോട് അവസാന അഭ്യർത്ഥന നടത്തുന്നു: ന്യൂയോർക്ക് നഗരമേ, ഈ നിമിഷം നിങ്ങൾ നിശ്വസിക്കുക. നാം തോൽവിയുടെ പ്രതീക്ഷയിൽ ശ്വാസം പിടിച്ചു നിന്നു, പലപ്പോഴും ശ്വാസം മുട്ടി, ശ്വാസം വിടാൻ കഴിയാതെ.
ഇന്ന്, നാം പുനർജനിച്ച നഗരത്തിന്റെ വായു ശ്വസിക്കുന്നു. നമ്മുടെ പ്രചാരണ സംഘത്തിന് നന്ദി.നിങ്ങൾ വിശ്വസിച്ചപ്പോഴും മറ്റാരും വിശ്വസിച്ചില്ല.നിങ്ങൾക്ക് ഇപ്പോൾ ഉറങ്ങാം. എന്റെ മാതാപിതാക്കൾക്ക്— നിങ്ങൾ എന്നെ ഇന്നത്തെ മനുഷ്യനാക്കി. എന്റെ ഭാര്യ രാമയ്ക്ക്—ഹയാതി—ഈ നിമിഷത്തിലും എല്ലാ നിമിഷത്തിലും എന്റെ കൂടെ നിന്നതിന് നന്ദി. ഓരോ ന്യൂയോർക്കുകാരനും—നിങ്ങൾ എനിക്ക് വിശ്വാസം പകർന്നു നൽകിയതിന് നന്ദി.

എല്ലാ ന്യൂയോർക്കുകാരോടും നിങ്ങൾ എനിക്ക് വോട്ടു ചെയ്താലും, എതിരാളികളിലൊരാൾക്കായാലും, അല്ലെങ്കിൽ നിലവിലുള്ള രാഷ്ട്രീയത്തിൽ നിരാശയായി വോട്ടു ചെയ്യാതെ നിന്നാലും, നിങ്ങളുടെ വിശ്വാസത്തിന് യോഗ്യനാണെന്ന് തെളിയിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. ഓരോ രാവും ഞാൻ എഴുന്നേൽക്കുന്നത് ഒരു ലക്ഷ്യത്തോടെയാണ് — ന്യൂയോർക്കിനെ ഇന്നലെക്കാൾ മെച്ചപ്പെട്ട നഗരമാക്കാൻ.

ഈ ദിവസം ഒരിക്കലും വരില്ലെന്ന് കരുതിയവരും ഉണ്ട്. ഓരോ തിരഞ്ഞെടുപ്പും പഴയതിന്റെ ആവർത്തനമാവുമെന്ന് ഭയപ്പെട്ടവരും.നമുക്കു പരിമിതമായ ഒരു ഭാവി മാത്രമേ വിധിക്കപ്പെട്ടിട്ടുള്ളു എന്നും, ഓരോ തിരഞ്ഞെടുപ്പും പഴയ അവസ്ഥയിലേക്കുള്ള മറ്റൊരു കാൽവയ്പ്പാകുമെന്നും അവർ ഹതാശരായി.ഇന്നത്തെ രാഷ്ട്രീയത്തെ ചിലർ അത്രയും ക്രൂരമായ ഒന്നായി കാണുന്നു. പ്രതീക്ഷയുടെ ജ്വാല ഇനി തെളിയില്ലെന്ന് അവർ കരുതി. ന്യൂയോർക്ക്, ആ ഭയങ്ങൾക്ക് നമ്മൾ മറുപടി നൽകിയിരിക്കുന്നു.

ഇന്നത്തെ രാത്രി നാം അസന്നിഗ്ദ്ധമായ ശബ്ദത്തിൽ സംസാരിച്ചു. പ്രത്യാശ ഇപ്പോഴും ജീവിക്കുന്നു. പ്രത്യാശ എന്നത് ഒരു തീരുമാനമാണ്.ആയിരക്കണക്കിന് ന്യൂയോർക്കുകാർ ദിവസേന എടുത്ത ഒരു തീരുമാനം. സന്നദ്ധ പ്രവർത്തനത്തിലൂടെയും അക്രാമകമായ പരസ്യങ്ങൾ അതിജീവിച്ചും, അവർ പ്രത്യാശ തിരഞ്ഞെടുത്തു. ദേവാലയങ്ങളിലും, ജിമ്മുകളിലും, കമ്മ്യൂണിറ്റി സെന്ററുകളിലും ഒരുമിച്ച് നിൽക്കുമ്പോൾ, ജനാധിപത്യത്തിന്റെ രേഖയിൽ നാം നമ്മുടെ പേരുകൾ എഴുതി.

വോട്ടുകൾ ഒറ്റയ്ക്കായി രേഖപ്പെടുത്തിയെങ്കിലും, പ്രത്യാശ കൂട്ടായ്മയായി തിരഞ്ഞെടുത്തു. അധിനിവേശത്തിനെതിരെ പ്രത്യാശ, പണാധിപത്യത്തെയും ചെറുകാഴ്ചകളെയും എതിർക്കുന്ന പ്രത്യാശ നിരാശയെ മറികടക്കുന്ന പ്രത്യാശ. അസാധ്യമായത് സാധ്യമാക്കാമെന്ന് വിശ്വസിക്കാൻ ന്യൂയോർക്കുകാർ സന്നദ്ധരായതുകൊണ്ടാണ് നാം ജയിച്ചത്. ഇനിമേൽ രാഷ്ട്രീയമെന്നത് നമ്മിൽനിന്ന് വേറിട്ടൊരു ശക്തി നമ്മോടു ചെയ്യുന്നതല്ല — അത് നാം സ്വയം ചെയ്യുന്നതാണ്.

നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ, ജവഹർലാൽ നെഹ്രുവിന്റെ വാക്കുകൾ എന്റെ മനസ്സിൽ മുഴങ്ങുന്നു:

“ചരിത്രത്തിൽ അപൂർവ്വമായാണ് ഒരു നിമിഷം വരുന്നത് — പഴയതിൽനിന്ന് പുതുതിലേക്കു കടക്കുമ്പോൾ, ഒരു കാലഘട്ടം അവസാനിക്കുമ്പോൾ, ദീർഘനാളായി അടിച്ചമർത്തപ്പെട്ടിരുന്ന ഒരു രാജ്യത്തിന്റെ ആത്മാവ് തന്റെ സ്വരമുയർത്തുമ്പോൾ.”

ഇന്ന് രാത്രി നാം പഴയതിൽ നിന്ന് പുതുതിലേക്കു കടന്നിരിക്കുന്നു. അതിനാൽ ഈ പുതിയ യുഗം എന്ത് നൽകും, ആർക്ക് വേണ്ടി നൽകും എന്നതിനെക്കുറിച്ച് വ്യക്തതയോടെയും തെറ്റായി വ്യാഖ്യാനിക്കാനാവാത്ത ഉറച്ച വിശ്വാസത്തോടെയും നമുക്ക് ഇപ്പോൾ സംസാരിക്കാം. ഇത് ഒരു പുതിയ യുഗമായിരിക്കും. നേതാക്കളിൽ നിന്ന് ന്യൂയോർക്കുകാർ പ്രതീക്ഷിക്കുന്നത്, ഭയപ്പെടുന്ന കാര്യങ്ങൾക്ക് മറുപടിയായി നിരത്തുന്ന കാരണങ്ങളുടെ പട്ടികയല്ല, മറിച്ച് നാം നേടാനിരിക്കുന്നതിനെ കുറിച്ചുള്ള ധീരമായ ഒരു ദർശനമായിരിക്കും.

ആ ദർശനത്തിന്റെ ഹൃദയത്തിൽ ഉണ്ടാകും-, ഈ നഗരത്തിൽ ഫിയോറല്ലോ ലാ ഗാർഡിയയുടെ കാലം മുതൽ കാണാനില്ലാതായ ചിലത്. ജീവിതച്ചെലവ് പ്രശ്നത്തെ നേരിടാൻ ഉതകുന്ന പദ്ധതികൾ. രണ്ട് ദശലക്ഷത്തിലധികം വാടകക്കാരുടെ വാടക സ്ഥിരപ്പെടുത്തുക, ബസുകൾ വേഗതയോടുകൂടിയവയും സൗജന്യവുമാക്കുക, കുട്ടികളുടെ പരിപാലനസൗകര്യം നഗരത്തിലുടനീളം നടപ്പാക്കുക എന്നിവ അതിൽ ഉൾപ്പെടുന്നു.

ഈ ദിവസം വർഷങ്ങൾക്കിപ്പുറം എത്ര വൈകിയാണ് വന്നതെന്നതാകും നമുക്ക് ഇപ്പോഴുള്ള ഖേദം.ഈ പുതിയ യുഗം നിത്യമായ പുരോഗതിയുടേതായിരിക്കും. നാം ആയിരക്കണക്കിന് പുതിയ അധ്യാപകരെ നിയമിക്കും. വിണ്ടുകിടക്കുന്ന അധികാരഘടനകളിൽ നിന്നുള്ള മാലിന്യങ്ങൾ കുറയ്ക്കും. വർഷങ്ങളായി മങ്ങിപ്പോയ NYCHA വീടുകളുടെ ഇടനാഴികളിൽ വെളിച്ചം വീണ്ടും തെളിയാൻ നാം അഹോരാത്രം പരിശ്രമിക്കും.

സുരക്ഷയും നീതിയും കൈകോർത്ത് മുന്നേറും. കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ പോലീസുമായും, മാനസികാരോഗ്യ പ്രതിസന്ധിയും ഭവനരഹിതത്വവും നേരിടാൻ കമ്മ്യൂണിറ്റി സേഫ്റ്റി വകുപ്പ് രൂപീകരിച്ചും നിലവാരമേറിയ പ്രവർത്തനം ഇനി പ്രതീക്ഷിക്കാം.നാം സ്വയം സൃഷ്ടിക്കുന്ന ഈ പുതിയ യുഗത്തിൽ, ഭിന്നതയും വിദ്വേഷവും വിതച്ച് നമ്മെ തമ്മിൽ ഏറ്റുമുട്ടിക്കാനുള്ള ശ്രമങ്ങളെ നാം അനുവദിക്കില്ല.

ഇരുണ്ട രാഷ്ട്രീയത്തിന്റെ ഈ നിമിഷത്തിൽ, ന്യൂയോർക്കാകും പ്രകാശം ചുരത്തുക.ഇവിടെ നാം വിശ്വസിക്കുന്നത്, നമുക്ക് പ്രിയപ്പെട്ടവർക്കായി നിലകൊള്ളുന്നതിലാണ്.നിങ്ങൾ ഒരു കുടിയേറ്റക്കാരനായാലും, ട്രാൻസ് സമൂഹത്തിലെ അംഗമായാലും, ഡൊണാൾഡ് ട്രംപ് ഫെഡറൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട അനേകം കറുത്ത വനിതകളിൽ ഒരാളായാലും, അല്ലെങ്കിൽ ഭക്ഷ്യവില താഴാനുള്ള പ്രതീക്ഷയിൽ ഇപ്പോഴും കാത്തിരിക്കുന്ന ഏകയായ അമ്മയായാലും, അരികിനോട് ചേർന്നുനിൽക്കുന്ന മനുഷ്യനായാലും, നിങ്ങളുടെ പോരാട്ടം ഞങ്ങളുടേതുമാണ്.

യൂദ ന്യൂയോർക്കുകാരുടെ വശം ഉറച്ചുനിൽക്കുന്ന, ആന്റിസെമിറ്റിസത്തിന്റെ ശാപത്തിനെതിരെ പോരാടുന്നതിൽ ഒരിക്കലും പിന്നോട്ടില്ലാത്ത ഒരു സിറ്റി ഹാൾ നാം പണിയും.ഈ നഗരത്തിലെ അഞ്ചു ബറോകളിൽ മാത്രമല്ല, അധികാരത്തിന്റെ നടപ്പുരകളിലും തങ്ങളുടേതായ സ്ഥാനം മുസ്ലിം ജനങ്ങൾക്കുണ്ടെന്ന ആത്മവിശ്വാസം അവർക്ക് ഉണ്ടാകട്ടെ.

ഇനി ന്യൂയോർക്കിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പിൽ ജയിക്കാനാകില്ല.ഈ പുതിയ യുഗം കരുതലിനെയും കഴിവിനെയും തമ്മിൽ വിരോധികളായി കാണാതെ, ഇരുവരെയും ഒരുമിപ്പിക്കുന്നതായിരിക്കും. സർക്കാരിന് പരിഹരിക്കാൻ വളരെ വലുതായ പ്രശ്നങ്ങളൊന്നുമില്ലെന്നും, ശ്രദ്ധിക്കാനുള്ളത് വളരെ ചെറുതായ ആശങ്കകളൊന്നുമല്ലെന്നും നാം തെളിയിക്കും. വർഷങ്ങളായി, സിറ്റി ഹാളിലുള്ളവർ സഹായം നൽകിയത് തങ്ങളെ തിരിച്ച് സഹായിക്കാൻ കഴിയുന്നവർക്കാണ്. പക്ഷേ ജനുവരി 1 മുതൽ, എല്ലാവർക്കും സഹായകരമായ ഒരു നഗരഭരണകൂടത്തെ നാം രൂപപ്പെടുത്തും. ഇപ്പോൾ, പലർക്കും ഞങ്ങളുടെ സന്ദേശം തെറ്റായ വിവരങ്ങളുടെ കണ്ണാടിയിലൂടെയാണ് കേൾക്കാൻ കഴിഞ്ഞത് എന്നത് എനിക്ക് അറിയാം.

വാസ്തവത്തെ തന്നെ പുനർനിർവചിച്ച്, ഈ പുതിയ യുഗം അവർക്കു ഭയപ്പെടേണ്ട ഒന്നാണെന്ന് അയൽക്കാരെ വിശ്വസിപ്പിക്കാൻ കോടിക്കണക്കിന് ഡോളറുകൾ ചെലവഴിക്കപ്പെട്ടു. പലപ്പോഴും കോടീശ്വരവർഗം മണിക്കൂറിന് 30 ഡോളർ സമ്പാദിക്കുന്നവരെ, അവരുടെ ശത്രുക്കൾ മണിക്കൂറിന് 20 ഡോളർ മാത്രം സമ്പാദിക്കുന്നവരാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ജനങ്ങൾ തമ്മിൽ ഏറ്റുമുട്ടി നില്ക്കട്ടെ എന്നതാണ് അവരുടെ ആഗ്രഹം. അങ്ങനെ അവർക്ക് തകർന്നുപോയ ഈ സംവിധാനത്തെ പുനർനിർമ്മിക്കുന്ന നമ്മുടെ ശ്രമങ്ങളിൽ നിന്നു നമ്മെ മാറ്റിനിർത്താനാകും.ഇനി അവരെ കളിയുടെ നിയമങ്ങൾ നിശ്ചയിക്കാൻ നാം അനുവദിക്കില്ല. അവരും നമ്മുടെ അതേ നിയമങ്ങൾ പാലിച്ചുകൊണ്ട് കളിക്കട്ടെ.

നാം ഒരുമിച്ച് മാറ്റത്തിന്റെ ഒരു തലമുറയെ വരവേൽക്കും. ഈ ധീരമായ പുതിയ ദിശയെ നാം സ്വീകരിക്കുകയാണെങ്കിൽ, അതിൽ നിന്ന് ഓടി രക്ഷപ്പെടാതെ സമ്പന്നാധിപത്യത്തിനും ഏകാധിപത്യത്തിനും എതിരായി പ്രതികരിക്കാൻ നമുക്ക് കഴിയും. അവർ ആഗ്രഹിക്കുന്ന യോജിപ്പ് കൊണ്ടല്ല, അവർ ഭയപ്പെടുന്ന ശക്തിയാൽ നാം പ്രതികരിക്കണം.

അവസാനമായി, ഡൊണാൾഡ് ട്രംപ് വഞ്ചിച്ച ഒരു രാജ്യത്തിന്, എങ്ങനെ അദ്ദേഹത്തെ തോൽപ്പിക്കാമെന്ന് കാണിച്ചു കൊടുക്കാൻ കഴിവുള്ളവർ ഉണ്ടായത് അദ്ദേഹത്തെ സൃഷ്‌ടിച്ച ഇതേ നഗരമാണ്. ഒരു ഏകാധിപതിയെ ഭയപ്പെടുത്താനുള്ള ഏറ്റവും ശക്തമായ മാർഗം,അയാളെ അധികാരം പിടിക്കാൻ അനുവദിച്ചിരുന്ന സാഹചര്യങ്ങളെയെല്ലാം തകർക്കുന്നതാണ്. ഇതിലൂടെ നാം ട്രംപിനെ മാത്രമല്ല, തുടർന്നു വരാനിരിക്കുന്നയാളെയും തടയും.

അതുകൊണ്ട്, ഡൊണാൾഡ് ട്രംപ്, താങ്കൾ കാണുന്നുണ്ടെന്ന് എനിക്ക് അറിയാം. എനിക്കൊന്നേ പറയാനുള്ളൂ. ശബ്ദം കൂട്ടുക! ഞങ്ങളുടെ നഗരത്തിലെ ഡൊണാൾഡ് ട്രംപുകൾ അവരുടെ വാടകക്കാരെ ചൂഷണം ചെയ്യുന്നതിൽ അത്യന്തം ഉൽസുകരാണെന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ ആ വാടകയുടമകളെ നമ്മൾ ചുമതലാ ബോധമുള്ളവരാക്കും.

ട്രമ്പിനെപ്പോലെയുള്ള കോടീശ്വരന്മാർ നികുതി വെട്ടിച്ച് രക്ഷപ്പെടാനും, നികുതി ഇളവുകൾ ചൂഷണം ചെയ്യാനും സഹായിച്ച അഴിമതിയുടെ സംസ്കാരത്തെ അവസാനിപ്പിക്കും.യൂണിയനുകളുടെ ഒപ്പം നിൽക്കും, തൊഴിൽ സംരക്ഷണങ്ങൾ വിപുലീകരിക്കും. കാരണം, ട്രംപിനും നമുക്കും ഒരുപോലെ അറിയാം, തൊഴിലാളികൾക്ക് ഉരുക്കു പോലെയുള്ള അവകാശങ്ങൾ ലഭിക്കുമ്പോൾ, അവരെ ചൂഷണം ചെയ്യാൻ നോക്കുന്ന മേലാളന്മാർ വളരെ ചെറുതായിത്തീരും. ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും.കുടിയേറ്റക്കാർ പണിത, അവരുടെ ശക്തിയിൽ പ്രവർത്തിക്കുന്ന, ഇന്നത്തെ രാത്രിമുതൽ, ഒരു കുടിയേറ്റക്കാരൻ നയിക്കുന്ന നഗരമായി.

അതുകൊണ്ട് കേൾക്കൂ, പ്രസിഡന്റ് ട്രംപ്, ഞങ്ങളെല്ലാവരിലേക്കും എത്താൻ, താങ്കൾ എല്ലാവരിലൂടെയും കടന്നുപോകേണ്ടിവരും. ഇനി 58 ദിവസങ്ങൾക്കുശേഷം, നാം സിറ്റി ഹാളിൽ പ്രവേശിക്കും. പ്രതീക്ഷകൾ വലിയവയായിരിക്കും. നാം അതിന് സജ്ജരായി നിലകൊള്ളും. എല്ലാവർക്കും തിളങ്ങുന്ന ഒരു നഗരം പണിയാം. ധീരമായ ഒരു പുതിയ വഴിക്കായി നാം മുന്നേറണം.

അവസാനമായി പറയുമ്പോൾ, പരമ്പരാഗത ബുദ്ധിയനുസരിച്ച് ഞാൻ ഒരു ‘പൂർണ്ണ സ്ഥാനാർഥി’യല്ലെന്ന് നിങ്ങളോട് പലരും പറയും.ഞാൻ ചെറുപ്പക്കാരനാണ്, പ്രായം കൂട്ടാനുള്ള എന്റെ ശ്രമങ്ങൾക്കിടയിലും. ഞാൻ മുസ്ലീമാണ്.ഞാൻ മറ്റെല്ലാറ്റിനും മുകളിൽ ഒരു ജനാധിപത്യ സോഷ്യലിസ്റ്റാണ്. ഇതിൽ ഒന്നിനും ഞാൻ ക്ഷമ ചോദിക്കാൻ തയ്യാറല്ല. എങ്കിലും, ഇന്ന് രാത്രി നമ്മെ പഠിപ്പിക്കുന്നത് എന്തെന്നാൽ ഈ മാമൂൽ ചിന്തകൾ നമ്മെ പിന്നാക്കം നിർത്തി എന്നതാണത്. നാം അതീവ ജാഗ്രതയുടെ യാഗപീഠത്തിൽ തല കുനിച്ചു, അതിന് നാം വൻ വില കൊടുക്കുകയും ചെയ്തു.

വളരെയധികം തൊഴിലാളികൾക്ക് നമ്മുടെ പാർട്ടിയിൽ തങ്ങളെന്താണെന്ന് തിരിച്ചറിയാൻ പോലും കഴിയുന്നില്ല, മറ്റുള്ളവരിൽ പലരും തങ്ങളെ പിന്നിലാക്കിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരങ്ങൾ തേടി വലതുപക്ഷത്തിലേക്ക് നോക്കുകയാണവർ. ഇടത്തരം എന്ന നിലവാരത്തെ അഥവാ മധ്യമത്വത്തെ നാം നമ്മുടെ ഭൂതകാലത്തിലുപേക്ഷിക്കും. ഇനി മുതൽ, ഡെമോക്രാറ്റുകൾ മഹത്തായ കാര്യങ്ങൾ ചെയ്യാൻ ആ ർജവമുള്ളവരാണെന്നു തെളിയിക്കാൻ ചരിത്രപുസ്തകം തുറക്കേണ്ട സാഹചര്യമുണ്ടാകില്ല. നമ്മുടെ മഹത്വം ഒരു ആകൃതിയില്ലാത്ത ആശയം ആയിരിക്കില്ല. അത് അനുഭവവേദ്യമായിരിക്കും.

മാസംതോറും ഒന്നാം തീയതി എഴുന്നേറ്റ്, കഴിഞ്ഞ മാസത്തേക്കാൾ വാടക ഉയർന്നിട്ടില്ലെന്ന് അറിയുന്ന ഓരോ വാടകതാമസക്കാരനും അതിന്റെ ഫലമനുഭവിക്കുമല്ലോ. താൻ ജീവിതം മുഴുവൻ പരിശ്രമിച്ച് സ്വന്തമാക്കിയ വീട്ടിൽതന്നെ തുടരാൻ കഴിയുന്ന, കുട്ടികളുടെ പരിപാലന ചെലവ് അവരെ ലോങ് ഐലൻഡിലേക്കു തള്ളിയിട്ടില്ലാത്തതിനാൽ, സ്വന്തം കൊച്ചുമക്കൾ അടുത്ത് താമസിക്കുന്ന ഓരോ പിതാമഹനും അതിന്റെ ഫലമനുഭവിക്കും. തന്റെ യാത്രാസമയത്ത് സുരക്ഷിതത്വം അനുഭവിക്കുന്ന, ബസ് വേഗത്തിൽ ഓടുന്നതിനാൽ ജോലിയിൽ സമയത്ത് എത്താൻ കുട്ടിയെ സ്കൂളിൽ ഇറക്കിവെച്ച് ഓടേണ്ടിവരാത്ത ഒറ്റ അമ്മയ്ക്കും അത് അനുഭവിക്കാം.പ്രഭാതത്തിൽ ന്യൂയോർക്കുകാർ പത്രങ്ങൾ തുറന്ന് വിജയത്തിന്റെ തലക്കെട്ടുകൾ കാണുമ്പോൾ- അഴിമതിയുടേതല്ല -അതും അനുഭവമാവും. എന്നാൽ അതിലുപരി, ഓരോ ന്യൂയോർക്കുകാരനും അവർ സ്നേഹിക്കുന്ന ഈ നഗരം ഒടുവിൽ തങ്ങളെ സ്നേഹിക്കുമ്പോൾ അതിന്റെ മഹത്വം അനുഭവിക്കും.

ഒരുമിച്ച്, ന്യൂയോർക്ക്, നാം സ്ഥിരപ്പെടുത്തും … [വാടകയെ]
ഒരുമിച്ച്, ന്യൂയോർക്ക്, നാം ബസുകൾ വേഗത്തിനൊപ്പം.. [സൗജന്യവുമാക്കും!]
ഒരുമിച്ച്, ന്യൂയോർക്ക്, നാം ഉറപ്പാക്കും…[കുട്ടികളുടെ പരിപാലനം!]
നാം ഒരുമിച്ച് ഉച്ചരിച്ച വാക്കുകളും, ഒരുമിച്ച് സ്വപ്നം കണ്ട സ്വപ്നങ്ങളും, നാം ഒരുമിച്ച് നടപ്പാക്കുന്ന പരിപാടിയാകട്ടെ.
ന്യൂയോർക്ക്, ഈ ശക്തി നിനക്കാണ്.

ഈ നഗരം നിനക്കാണ്.

നന്ദി.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.