പൂമുഖം LITERATUREകഥ കമ്മ്യൂണിസ്റ്റ് ഹാജ്യാര്

കമ്മ്യൂണിസ്റ്റ് ഹാജ്യാര്

“അല്ല, ജലീൽ രാജി വെക്കേണ്ടി വരുമോ ?”

അയാൾ ചോദ്യം കേട്ടതും ഫോൺ ചെവിയിൽ നിന്നും അല്പം അകത്തിപ്പിടിച്ച് ഒന്നാലോചിച്ചു. മൊബൈൽ ഫോൺ ലൗഡ് സ്പീക്കറിലാക്കിയിട്ടാണ് ദുബൈയിലുള്ള മകനോട് സംസാരിക്കുക പതിവ്. മക്കയിൽ പോയി ഹജ്ജ് ചെയ്തതിന് ശേഷമാണ് സഖാവ് എന്ന വിളിപ്പേര് മാറി കമ്മ്യൂണിസ്റ്റ് ഹാജ്യാര് ആയത്. ശരീരം പഴയത് പോലെ ഇപ്പോൾ സ്വന്തം നിയന്ത്രണത്തിലല്ല. ശരീരത്തിലെ ഓരോരോ ഇന്ദ്രിയങ്ങളും നിർജീവാവസ്ഥയിലാണ് . ചെവിക്ക് മാത്രമാണ് അല്പം ജീവൻ ബാക്കിയുള്ളത്. എല്ലാ ദിവസത്തിൻറെയും ചില നേരങ്ങളിൽ പുകസയുടെ വായനശാലയിൽ പോയി മാതൃഭൂമിയും ദേശാഭിമാനിയും വായിക്കുമായിരുന്ന അയാൾ ശരീരത്തിൻറെ ഒരു ഭാഗം തളർന്ന് പോയതിൽ പിന്നെയാണ് വീട്ടിൽ മുഴുവൻ സമയക്വാറൻറൈനിൽ കഴിഞ്ഞ് കൂടേണ്ടി വന്നത്. വായനശാലയിലും അങ്ങാടിയിലെ പീടികവരാന്തയിലും പള്ളിക്കോലായിലുമിരുന്ന് രാഷ്ട്രീയം മിണ്ടിക്കൊണ്ടിരുന്ന അയാൾക്ക് വീട്ടിലെ ഈ എകാന്തവാസം മാറ്റിയെടുക്കാനാവാത്ത വിരസതയാണ് സമ്മാനിച്ചത്. ഏകാന്തതയോളം ഭീകരമായ ഒരു ശിക്ഷ മറ്റൊന്നില്ലെന്ന് അയാൾ തിരിച്ചറിഞ്ഞ നാളുകൾ. അയാളെ പെറ്റ് വീണത് തന്നെ ചുവന്ന പതാകയിലാണെന്ന് തോന്നും, രാഷ്ട്രീയപ്പറച്ചിൽ കേട്ടാൽ.

ഇടത് ഭാഗം ചാരിയിരുന്ന് വലത് കൈ നിലത്ത് അമർത്തിപ്പിടിച്ചാണ് അയാൾ രാഷ്ട്രീയം പറഞ്ഞുതുടങ്ങുക പതിവെങ്കിലും, ആ വർത്തമാനം, അമ്പത്തേഴിലെ ഈയെമ്മെസ് മന്ത്രിസഭയുടെ ചരിത്രത്തിൽ കാലുവെച്ച് അച്യുതമേനോൻ മന്ത്രിസഭയിലൂടെ നായനാരുടെ തോളിൽ കയറി,വീയെസ്സിലൂടെ പിണറായിയിൽ തടഞ്ഞു നിൽക്കും. വലത് കമ്യൂണിസ്റ്റാണെങ്കിലും അച്യുതമേനോനോടുള്ള ഇഷ്ടത്തിന് ഒട്ടും കുറവുമില്ല. കമ്യൂണിസ്റ്റിൽ അല്പമൊരു ഇഷ്ടക്കുറവ് വീയെസ്സിനോട് മാത്രമാണ്. കമ്യൂണിസ്റ്റ്പാർട്ടി പിളർന്നപ്പോൾ ഏകേജിയോടും ഈയെമ്മെസ്സിനോടുമൊപ്പം മെമ്പർഷിപ്പെടുക്കാതെത്തന്നെ പാർട്ടിക്കാരനായതാണ്. പാർട്ടീന്ന് പോയിട്ടും രാഘവനോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല. കൂത്ത് പറമ്പിൽ അഞ്ച് പേർ രക്തസാക്ഷികളായിരുന്നിട്ടും അങ്ങനെ തന്നെ. ഇന്നോളം അരിവാൾ ചുറ്റിക നക്ഷത്രത്തിനല്ലാതെ വോട്ട് രേഖപ്പെടുത്തിയിട്ടുമില്ല. ഒരു മുസ്ലീംnകമ്മ്യൂണിസ്റ്റായാൽ , ദീനുൽ ഇസ്ലാമിൽ നിന്നും പുറത്താണെന്ന് പ്രചരിച്ചോണ്ടിരുന്ന കാലത്താണ് അയാൾ സ്രാമ്പിക്കോലായയിലിരുന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വാദിച്ചോണ്ടിരുന്നത്.

എഴുപതാം വയസ്സിലും , വീര്യം ഒട്ടും ചോരാതെ, വലത് പക്ഷത്തെ എതിർത്തും കമ്മ്യൂണിസ്റ്റ്പാർട്ടിയെ പുകഴ്ത്തിയും നടക്കുന്നതിനിടയിലാണ് , ഒരു രാത്രി അയാളുടെ ശരീരത്തിൻറെ ഒരു ഭാഗംnപതിയെ തളർന്ന് തുടങ്ങിയത്. ആ തളർച്ച ഏകാന്തതയുടെ ശിഷ്ടമാണ് അയാൾക്ക് സമ്മാനിച്ചത്. ഏകാന്തതയുടെ ഈ വിരസതയ്ക്ക് ഇടയ്ക്ക് മാത്രം ലഭിക്കുന്ന ഒരു മോചനമാണ് മകൻ ദുബൈയിൽ നിന്നും ഫോൺ ചെയ്ത് രാഷ്ട്രീയം പറയുന്നത്. വീട്ടിൽ വരുന്ന പത്രങ്ങളിൽ നിന്നും രാഷ്ട്രീയം വായിച്ചെടുത്ത അയാൾ , കാഴ്ചയുടെ അവസാന തരിയും മായുന്നത് വരെ പത്രക്കടലാസിലെ അവസാനത്തെ അക്ഷരവും പെറുക്കിയെടുത്തു.

കണ്ണ് പൂർണ്ണമായും ഇരുട്ട് നിറഞ്ഞതോടെ , രാഷ്ട്രീയ വാർത്തകൾ അറിയാതെ ഏറെ അസ്വസ്ഥനാകുന്നത് കണ്ടാണ് , ഭാര്യയുടെ ശുപാർശയിൽ മകൻ ഒരു ഫിലിപ്സ് റേഡിയോ , ദുബൈയിൽ നിന്നും കൊടുത്തയച്ചത്. കാലങ്ങൾക്കപ്പുറം അയാൾ കർണ്ണാടകയിലായിരുന്നപ്പോൾ മകന് വാങ്ങിക്കൊണ്ടു വന്ന റേഡിയോയും ഫിലിപ്സ് ആയിരുന്നു എന്നത് കാലത്തിൻറെ യാദൃച്ഛികത മാത്രം. അന്ന് പക്ഷേ, തെരഞ്ഞെടുപ്പ് കാലത്തും മാസപ്പിറവി അറിയാനും മാത്രമായിരുന്നു അയാൾ റേഡിയോ കേട്ടിരുന്നത്. ഇന്ന്, അയാൾക്ക് പുറം ലോകത്തേക്ക് എത്തി നോക്കാനുള്ള ഏക ദ്വാരമാണ് ഈ റേഡിയോ. അയാളുടെ ക്വാറൻറൈൻറെ ഏഴാം വർഷമാണ് ലോകം വാതിലടച്ച് താഴിട്ടത്. മനുഷ്യരായ മനുഷ്യരെയെല്ലാം വീട്ടിനകത്ത് തളച്ചിടുന്ന ലോക് ഡൗൺ. എവിടുന്നോ വന്ന് ആരുടെയോ മൂക്കിൽ കയറിയ കൊറോണ വൈറസ്‌ ആണ് ഇങ്ങനെ ലോകത്തെ നിശ്ചലമാക്കി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വിവാഹത്തിൻറെ രണ്ട് പതിറ്റാണ്ട് പൂർത്തിയായിട്ടും അനപത്യതയുടെ ഒറ്റയാക്കലിൽ ജീവിതം ആഘോഷമാക്കി മാറ്റുന്ന മരുമകൾ ഐഷക്കുട്ടിയെ വീട്ടിൽ കണ്ട് തുടങ്ങിയതും ഈ കൊറോണക്കാലത്താണ്. കമ്പ്യൂട്ടർ ക്ലാസ്സ്, ഫാഷൻ ഡിസൈനിംഗ്, ഡ്രൈവിങ്ങ് ലൈസൻസ്, എന്നിങ്ങനെ കാരണങ്ങൾ പലതായി വിഭജിച്ച് ഒറ്റയാൾ തടിയായി വീട്ടിൽനിന്നിറങ്ങി നടന്നോണ്ടിരുന്ന ഐഷക്കുട്ടി , അല്ലാത്തപ്പോഴൊക്കെ, പതീസമേതയായി ദുബൈയിൽ കറങ്ങിനടക്കുകയായിരുന്നു. നഷ്ടങ്ങളുടെയും വീട്ടിലിരിക്കലിൻറെയും ഭാരമാണ് ലോക് ഡൗൺ കാലം ഐഷക്കുട്ടിക്ക് നൽകിയതെങ്കിൽ , അയാൾക്കത് നേട്ടങ്ങളുടെ നാൾവഴികളാണ്. കുടിശ്ശികയുള്ള വാർദ്ധക്യ പെൻഷൻ അരപ്പട്ടയിൽ വന്ന് നിറഞ്ഞതും ഐഷക്കുട്ടിയെ വീട്ടിൽ തന്നെ കിട്ടിയതുമാണ് ആ ഇരട്ട നേട്ടങ്ങൾ. കുഞ്ഞാലിക്കുട്ടിവാദിയായ ഐഷക്കുട്ടിയെ പിണറായിവാദിയായ അയാൾ, അമ്പത്തേഴിലെ ഈയെമ്മെസ് മന്ത്രിസഭയുടെ ചരിത്രം പറഞ്ഞ് സദാ തോൽപിച്ച് കൊണ്ടിരുന്നു.

എമ്മെല്ലെ സ്ഥാനം രാജി വെച്ച് ഡെല്ലീലോട്ട് പോയ കുഞ്ഞാലിക്കുട്ടി സാഹിബ് , പിന്നേം തിരിച്ച് കേരളത്തിലോട്ട് വരുന്നത് , കേരളം സ്തംഭിച്ച് നിൽക്കുന്നത് കണ്ടിട്ടാണെന്നാണ് ഐഷക്കുട്ടിയുടെ വാദം. അതല്ല, ഹിന്ദിയും ഇംഗ്ലീഷും അറിയാതെ , മിണ്ടാൻ പറ്റാത്ത നിസ്സഹായതയിലാണ് കേരളത്തിലേക്ക് തിരികെ ടിക്കറ്റെടുത്തതെന്നും പറഞ്ഞ് അയാൾ അവളെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. ചൈനീസ് പട്ടാളം ഇന്ത്യൻ ജവാന്മാർക്ക് നേരെ വെടിയുതിർക്കുന്നത് പോലെയാണ് അയാൾ അവൾക്ക് നേരെ പ്രകോപനത്തിൻറെ എതിർ രാഷ്ട്രീയംപറയാറ്.‘ചോറ് വെന്ത് കഞ്ഞിയായിപ്പോകുമെന്ന്’ പറഞ്ഞ് അവൾ അടുക്കളയിലേക്ക് രക്ഷപ്പെട്ടോടുന്ന പതിവിനെ ‘തോറ്റോടൽ’എന്ന് അയാൾ നാമകരണം ചെയ്യുമെങ്കിലും അടുക്കള സ്ത്രീകൾക്ക് ഒരഭയകേന്ദ്രമാകുന്നതെങ്ങനെയെന്ന് വാർദ്ധക്യത്തിൻറെ അവശതയിൽ തിരിച്ചറിയുകയായിരുന്നു. എന്നാൽ പക്ഷേ, എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഓട്ടോറിക്ഷയിൽ കയറ്റി ബൂത്തിൽ കൊണ്ട് പോയി, അയാളുടെ ഓപ്പൺ വോട്ട് , അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ രേഖപ്പെടുത്തി , പിന്നെമാത്രം സ്വന്തം വോട്ട് ‘കോണി’അടയാളത്തിലും രേഖപ്പെടുത്തുകയെന്നത് ഐഷക്കുട്ടിയുടെ രാഷ്ട്രീയ സത്യസന്ധതയാണ്. ഈയൊരു രാഷ്ട്രീയ സാഹോദര്യം സമൂഹത്തിൽ നിറഞ്ഞിരുന്നെങ്കിൽ രക്തസാക്ഷിപ്പട്ടിക ഇത്ര നീണ്ടതാകുമായിരുന്നില്ലല്ലോയെന്ന് അവൾ കുണ്ഠിതപ്പെടാറുണ്ട്.

“ഇല്ല, ജലീൽ രാജി വെക്കില്ല “ കുറച്ച് നേരത്തെ മൗനത്തിൽ പൊതിഞ്ഞ ആലോചനയ്ക്ക് ശേഷം ഒരു പ്രവചനം പോലെ ഹാജ്യാര് മകനോട് ഫോണിൽ പറഞ്ഞു. അയാളുടെ രാഷ്ട്രീയപ്രവചനങ്ങളൊക്കെ നൂറ്റിക്ക് നൂറും പുലരുന്നതായിരിക്കുമെന്ന് മകനറിയാമായിരുന്നു. അതിൻറെ നേർസാക്ഷ്യമാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന ഇന്തോ ചീന അതിർത്തി സംഘർഷം. ഇരുപത്തിയെന്ന് ജവാന്മാർ അതിർത്തിയിൽ മരിച്ച് വീണ ദിവസവും ഇതേ പോലെ ഫോൺ ചെയ്ത് ചോദിച്ചതാണ്.

“ഉപ്പാ, ഇന്ത്യാ ചൈന യുദ്ധമുണ്ടാകുമോ ? വിമാനം നിന്ന് പോകുമോ ?”

ഒന്നും രണ്ടും ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധത്തിനും അറുപത്തിരണ്ടിലെ ചൈനാ യുദ്ധത്തിനും മുംബൈയിലെ തെരുവിൽ യൗവ്വനത്തിൻറെ ഉശിരിൽ സാക്ഷ്യം വഹിച്ച അയാൾ തീർത്ത് പറഞ്ഞു. “ ഇല്ല, യുദ്ധമുണ്ടാകില്ല. “ ഫോൺ മറ്റേ ചെവിയിലേക്ക് മാറ്റിപ്പിടിച്ച് കൊണ്ട് തുടർന്നു. ”ചൈന ചതിയന്മാരാണ്. ചൈനയുടെ ചതിയെ ഇന്ത്യക്ക് ഭയമില്ലാതില്ല. അറുപത്തിരണ്ടിലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ. ഇപ്പോഴത്തെ ഇന്ത്യക്ക് കരുത്തുണ്ട്. എന്നാലോ ചൈനയോട് കളിക്കാൻ ഇന്ത്യയ്ക്ക് ഒരു മടിയുമുണ്ട്.” മലയായി വന്നത് മഞ്ഞായി ഉരുകിയൊലിച്ചത് പോലെ, ഇരുപത്തൊന്ന് പേരുടെ രക്തം ഉണങ്ങി വരണ്ട് മണ്ണ് ചുവന്ന് പോയി.

മാറ്റമില്ലാത്തൊരു പ്രവചനമാണ് അയാൾ ഇപ്പോൾ നടത്തിയിരിക്കുന്നതും.

ജലീൽ രാജി വെക്കേണ്ടി വരൂല്ലാന്ന്.

“കുറ്റം ചെയ്യാത്തോല്ക്ക് ധൈര്യം കൂടുതലാ”

അങ്ങനെയും കൂട്ടിച്ചേർത്ത് ഫോൺ ഐഷക്കുട്ടിയുടെ കൈയിൽ മാറ്റിക്കൊടുത്തപ്പോഴാണ് ഒരു സംശയം അയാളെ വലവീശിപ്പിടിച്ചത്. രാജി വെക്കേണ്ടി വരുമോ ? അത്ര കണ്ട് കേന്ദ്രം ശല്യപ്പെടുത്തുന്നുണ്ട്. പോരാത്തതിന് ഇവിടെയുള്ള പഹയന്മാരും.

‘അങ്ങനെ പേടിക്കുന്നോനൊന്നുമല്ല പിണറായി.’ മനസ്സ് ഇങ്ങനെയുള്ള ആലോചനകളുടെ സംഘർഷ ഭൂമിയായിരിക്കുന്നതിനിടയിലാണ്, ഐഷക്കുട്ടി പറഞ്ഞത്.

“ നമുക്ക് കോഴ്യേളെ വാങ്ങി പോറ്റ്യാലോ ? നല്ല പൈശ കിട്ടും ”

അകമേ ചിരിച്ചെങ്കിലും ചിരിയുടെ ഭാവം പുറത്തേക്ക് വിടാതെ, ഗൗരവത്തിൽ തന്നെ അയാൾ പറഞ്ഞു.

“കോഴ്യേളെ ഇപ്പോ പട്ട്യേള് പിടിച്ചോണ്ട് പോവ്വാണ്.” അയാളുടെ ബാല്യത്തിലും യൗവ്വനത്തിലുമൊക്കെ കുറുക്കന്മാരായിരുന്നു അങ്ങനെ ചെയ്തിരുന്നതെങ്കിൽ , ഇപ്പോൾ പക്ഷേ, ആസ്ഥാനം നായ്ക്കൾ കയ്യേറിയിരിക്കുകയാണ്.

ഡൽഹിയിൽ കോൺഗ്രസ്സിൻറെ സ്ഥാനത്ത് ബീജേപി കയറിയത് പോലെ . രണ്ടായാലും കോഴിയുടെ ജീവന് ഭീഷണി തന്നെ. കുറുക്കന്മാർ പകലിറങ്ങുന്നത് അപൂർവ്വമാണ്. ചുറ്റു പാടും നോക്കി, ആരും കാണുന്നില്ലെന്നുറപ്പ് വരുത്തി പതുങ്ങിപ്പതുങ്ങിയാണ് രാത്രി പോലും മാളം വിട്ട് പുറത്തിറങ്ങുന്നത്. ബാബരി മസ്ജിദിനെ കോൺഗ്രസ്സ് പതിയെ പതിയെ രാമജന്മഭൂമിയാക്കിയത് പോലെ.

എന്നാലോ നായ്ക്കളാകട്ടെ, നിറഞ്ഞ ധാർഷ്ട്യത്തോടെ പകൽ വെളിച്ചത്തിൽ തന്നെയാണ് , ഇത് ഞങ്ങളുടെ പൈതൃക സ്വത്താണെന്ന ഭാവത്തിൽ കോഴികളെ പിടിച്ചോണ്ട് പോകുന്നത്. ചോദ്യം ചെയ്താലോ , മനുഷ്യരെ തന്നെയും കടിച്ച് തിന്നും എന്ന മട്ടാണ്. ഒരു മാതിരി കർസേവകർ പട്ടാപകൽ പള്ളി പൊളിച്ചത് പോലെ. നായ്ക്കളുടെ ഈ ധാർഷ്ട്യ കാലത്ത് ന്യൂനപക്ഷങ്ങളായ കോഴികളെ എങ്ങനെയാണ് വളർത്തേണ്ടതെന്ന് രണ്ട് പേരും കൂലങ്കുഷമായി ആലോചിച്ചു.

കോഴികളെ പകൽ സമയത്ത് വല കൊണ്ട് പൊതിഞ്ഞ് വെക്കാമെന്നും ആ വലക്കൂട് ഹാജ്യാരുടെ മുറിയുടെ തൊട്ടടുത്തായിരിക്കണമെന്നും , കോഴികളുടെ അസാധാരണ കരച്ചിൽ കേട്ടാൽ ഐഷക്കുട്ടിയെ വിളിക്കാമെന്നുമുള്ള ധാരണയിൽ , സർക്കാർ വക ലഭിച്ച വാർദ്ധക്യ പെൻഷനിൽ ബാക്കിയായ രണ്ടായിരം രൂപ , അരപ്പട്ടയിൽ നിന്നും വലിച്ചെടുത്ത് അയാൾ ഐഷക്കുട്ടിക്ക് കൊടുത്തു. ഒറ്റപ്പോക്കിന് നാലഞ്ച് പുണ്യകേന്ദ്രങ്ങൾ കയറിറങ്ങി ആഴ്ചകൾ തീർത്ത് വരുന്ന അർകാമുദ്ദീനോടാണ് ഐഷക്കുട്ടി ആദ്യമായി കോഴിക്കേൽപിച്ചത്. ഈ നീണ്ട പോക്ക് കഴിഞ്ഞ് തിരികെ വരുമ്പോൾ അർകാമുദ്ദീൻറെ തലയിലും കൈയ്യിലും പേറ്റ് നോവെത്തിയ രണ്ട് സഞ്ചികളുണ്ടാകും. ചിലപ്പോഴൊക്കെ അതിൽ നിന്നും കൊകൊകൊ എന്ന് പരക്കം പായാൻ തിടുക്കം കൂട്ടുന്ന ശബ്ദവും കേൾക്കാറുണ്ട്. ആളുകൾ അർകാമുദ്ദീന് നേർച്ചയിടുന്നതാണ്. അർക്കാമുദ്ദീന് ഒരു കോഴിയെ കൊടുത്താൽ ചുരങ്ങ് പിടിച്ച ജീവിതങ്ങളൊക്കെ നേരെയാകുമൊന്നൊരു വിശ്വാസം മറ്റിടങ്ങളിലൊക്കെ ആരോ പറഞ്ഞിറക്കിയിട്ടുണ്ട്. ചിലതൊക്കെ വില പറഞ്ഞ് വിൽക്കുകയും മറ്റ് ചിലതിൽ മസാല തേച്ച്, അർകാമുദ്ദീൻറെ കെട്യോൾ , വിറകിൽ ഊതിക്കത്തിക്കുന്ന തീയിൽ ശുദ്ധി വരുത്തി വയറ്റിലേക്ക് കയറ്റിവിടും. ഐഷക്കുട്ടിക്ക് പക്ഷേ, രണ്ട് നാടൻ പിടക്കോഴികളേയും ഒരു പൂവൻ കോഴിയേയും അർകാമുദ്ദീൻ അധികം വൈകാതെ തന്നെ സംഘടിപ്പിച്ച് കൊടുത്തു. അയാളുടെ മുറിയുടെ ജന്നലിനോട് ചേർന്നുള്ള ഇടമുറ്റത്ത് , വലകെട്ടി പകൽ സമയത്തും രാത്രികാലങ്ങളിൽ ഉറപ്പുള്ള മരക്കൂട്ടിലും പോറ്റാൻ തുടങ്ങിയതിൻറെ നാലാം നാളാണ് , സുന്ദരനായ ഒരു ചെറുപ്പക്കാരൻ നായ മുൻവഴിയിലൂടെ നടന്ന് പോയതും ‘കൊ,കൊ,കൊ’ എന്ന കരച്ചിൽ കേട്ട് തല ചെരിച്ച് ഏന്തി നോക്കിയതും.

ഐഷക്കുട്ടി ആകെ പരിഭ്രാന്തയായി. ആകുലപ്പെട്ടു. വേവലാതിയോടെ ഹാജ്യാരോട് പറഞ്ഞു.

“എന്ത് ചെയ്യും ? “ നിസ്സഹായതയോടെ വീടിനകത്താണെങ്കിലും എല്ലാ പരാതിയും പരിഭവങ്ങളും അവൾ അയാളോട് തന്നെയാണ് ഇപ്പോഴും പങ്ക് വെക്കുന്നത്. ഒരു ആശ്വാസ കേന്ദ്രം. ഇനിയുള്ള നാളുകൾ കോഴിയെ മരക്കൂട്ടിൽ നിന്നും പുറത്തിറക്കുമ്പോൾ കാവലിരിക്കുക തന്നെ. അങ്ങനെയാണവൾ , മരക്കൂട്ടിൽ നിന്നും വൈകുന്നേരങ്ങളിൽ മാത്രം കോഴികളെ പുറത്തിറക്കാനും , ചുറ്റും സംരക്ഷണ വലയം തീർത്ത് , അവയെ കൊത്തിത്തിന്നാൻ വിടാനും തുടങ്ങിയത്.

ന്യൂനപക്ഷങ്ങളെ കമ്മ്യൂണിസ്റ്റ്കാർ സംരക്ഷിക്കുന്നത് പോലെയാണ് ഇതിനെ അയാൾ വരാന്തയിൽനിന്നും നോക്കിക്കണ്ടത്. അവളോട് ഏറ്റുമുട്ടാനുള്ള ധൈര്യമില്ലായ്മ കൊണ്ടോ, അതോ ആവശ്യത്തിന് അംഗബലമില്ലാത്തത് കൊണ്ടോ , ഒന്ന് രണ്ട് തവണ അത് വഴിയേ പോയ സുന്ദരൻ നായ തല താഴ്ത്തിയിട്ടാണ് പോയത്. അത് ചാരപ്രവർത്തനത്തിന് വന്നതാണെന്നും ഉടനെ തന്നെ കൂടുതൽ പട്ടിസേനയുമായി സുന്ദരൻ വരുമെന്നും അയാൾ അവളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.

മുമ്പന്നെത്തേയും പോലെ അയാളുടെ പ്രവചനം ഫലിക്കാൻ അധിക ദിവസം വേണ്ടി വന്നില്ല.

പിറ്റേന്ന് പകൽ കറുത്തിരുണ്ട് പോകാൻ നേരമാകുമ്പോഴേക്കും പട്ടികളുടെ അംഗസംഖ്യ ശതഗുണിതങ്ങളായി വർദ്ധിച്ച് അവൾക്ക് നേരെ പാഞ്ഞടുത്തു. അവയിൽ ചിലത് നായ്ക്കുറുക്കന്മാരായിരുന്നു. കോൺഗ്രസ്സിൽ നിന്നും രാജി വെച്ച് ബീജേപിയിലേക്ക് ചേക്കേറിയ എമ്മെല്ലെമാരെപ്പോലെയുള്ള സങ്കരയിനങ്ങൾ. അവളാകട്ടെ കോഴികളുടെ സംരക്ഷണം വലിച്ചെറിഞ്ഞ് അട്ടഹസിച്ച് അയാളുടെ മുറിയിൽ കയറി വാതിലടച്ചു. അയാൾ അപ്പോഴേക്കും കക്കൂസിലേക്ക് പോകാനുപയോഗിക്കുന്ന വാക്കർ ഒരു മാരകായുധമെന്ന പോലെ കൈയ്യിലെടുത്ത് ഒരു പോരാളിയെപ്പോലെ തല നിവർത്തി നിന്നു. അവൾ അപ്പോഴേക്കും നായ്ക്കളുടെ കുരവിളിയിൽ ഭയന്ന് അയാൾക്ക് പിറകെ ഒളിച്ചിരുന്നു. ആരും സംരക്ഷിക്കാനില്ലാതെ അനാഥമാക്കപ്പെട്ട കോഴികൾ , ഓടിക്കിതച്ച് മരക്കൂട്ടിലേക്ക് കയറിയെങ്കിലും , സുന്ദരൻ നായയും ഗോവിന്ദച്ചാമിയെപ്പോലെ രണ്ട് കൈയും മടക്കി കോഴിക്കൂട്ടിലേക്ക് പാഞ്ഞ് കയറി. ആളോരം വണ്ണമുള്ള വേറൊരെണ്ണം പിറകെയും. കോഴികൾ പക്ഷേ, അപ്പോഴേക്കും കൂടിൻറെ മേൽക്കൂര തകർത്ത് , ആകാശത്തേക്ക് ചിറകടിച്ചുയർന്ന്, പട്ടികൾക്ക് മേലെ വട്ടമിട്ട് പറക്കുകയായിരുന്നു.

വര : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like